വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Thursday, March 12, 2009

മൂന്നാം മുന്നണി

ദേശാഭിമാനി ലേഖനം

വി എസ് അച്യുതാനന്ദന്‍


ദേശീയ രാഷ്ട്രീയത്തിലെ രണ്ട് പ്രബല മുന്നണിയും അന്തഃഛിദ്രത്തെ നേരിടുകയാണ്. യുപിഎ ഒരു മുന്നണിയായി ഇപ്പോഴും നിലവിലുണ്ടെന്നോ തെരഞ്ഞെടുപ്പില്‍ അവര്‍ ഒറ്റക്കെട്ടായി മത്സരിക്കുമെന്നോ ഉറപ്പില്ല. എന്‍ഡിഎയിലാകട്ടെ വിശ്വാസവോട്ടെടുപ്പ് ഘട്ടത്തില്‍ ആരംഭിച്ച ശൈഥില്യം മൂര്‍ധന്യത്തിലെത്തിയിരിക്കുന്നു. എന്നാല്‍, കോഗ്രസ്-ഐ, ബിജെപി ഇതരകക്ഷികളുടേതായ, മതനിരപേക്ഷ ജനാധിപത്യകക്ഷികളുടേതായ മൂന്നാം മുന്നണി അതിവേഗം രൂപപ്പെട്ടുവരുന്ന ചിത്രവും തെളിഞ്ഞുവരികയാണ്. സാമ്പത്തിക പരമാധികാരം, സ്വതന്ത്രവിദേശ നയം, മതനിരപേക്ഷ ജനാധിപത്യം, സാമ്രാജ്യത്വ വിരോധം എന്നീ തത്വങ്ങളിലൂന്നിക്കൊണ്ടാണ് മൂന്നാം മുന്നണി രൂപംകൊള്ളുന്നത്.

അമേരിക്കന്‍ ആധിപത്യത്തിന് പൂര്‍ണമായി കീഴടങ്ങി ആണവകരാറില്‍ ഒപ്പിടുകയും ഇന്ത്യയുടെ സാമ്പത്തിക പരമാധികാരവും സ്വതന്ത്ര വിദേശനയവും അടിയറവയ്ക്കുകയുമാണ് യുപിഎ സര്‍ക്കാര്‍ ചെയ്തത്. ഈ രാഷ്ട്രീയ പശ്ചാത്തലത്തില്‍ യുപിഎയ്ക്കുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചു. ആണവകരാറില്‍ ഒപ്പിടുന്നതില്‍നിന്നും സാമ്രാജ്യത്വത്തിന് രാജ്യത്തെ അടിയറവയ്ക്കുന്നതില്‍നിന്നും സര്‍ക്കാരിനെ തടയുന്നതിന് വിശ്വാസവോട്ട് പരാജയപ്പെടുത്തേണ്ടതുണ്ടായിരുന്നു. ഇടതുപക്ഷത്തിന്റെ ആഹ്വാനം ശരിവച്ചുകൊണ്ട് ആന്ധ്രപ്രദേശിലെ ടിഡിപിയും ഉത്തര്‍പ്രദേശിലെ ബിഎസ്പിയും തമിഴ്നാട്ടിലെ എഐഎഡിഎംകെയും ദേവഗൌഡയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ എസും അടക്കമുള്ള പ്രബലകക്ഷികള്‍ വിശ്വാസവോട്ടിനെതിരെ മുന്നോട്ടുവന്നു.

അതിനുമുമ്പ് പല ഘട്ടത്തിലും സ്വീകരിച്ച രാഷ്ട്രീയനിലപാടുകള്‍ പിശകായിരുന്നെന്ന് സ്വയം വിലയിരുത്തിക്കൊണ്ട് യുപിഎയ്ക്കും എന്‍ഡിഎയ്ക്കും ബദലായി പുതിയൊരു പ്ളാറ്റ്ഫോമുണ്ടാക്കുക എന്ന ലക്ഷ്യത്തിലേക്ക് അവര്‍ എത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് എന്ന ഏക അജന്‍ഡയിലൂടെയല്ല, മറിച്ച് രാജ്യം നേരിടുന്ന വെല്ലുവിളി നേരിടുക എന്ന ദേശാഭിമാന പ്രചോദിത കര്‍മത്തിലൂടെയാണ് യുപിഎ ഇതര, എന്‍ഡിഎ ഇതര പ്ളാറ്റ്ഫോം രൂപപ്പെടാന്‍ തുടങ്ങിയത്. അത് മൂന്നാം മുന്നണി എന്ന മൂര്‍ത്തരൂപത്തില്‍ ഇനിയും എത്തിക്കഴിഞ്ഞിട്ടില്ലെങ്കിലും അതിലേക്കാണ് പുരോഗമിക്കുന്നത്. വര്‍ഷങ്ങളായി ഒറീസയില്‍ ബിജെപിയുടെ സഹായത്തോടെ ഭരണം നടത്തുന്ന ബിജു ജനതാദള്‍ എന്‍ഡിഎ വിടാനും ഇടതുപക്ഷ മതനിരപേക്ഷ പാര്‍ടികളുമായി ചേര്‍ന്നുനില്‍ക്കാനും സന്നദ്ധമായിരിക്കുന്നുവെന്നതാണ് ദേശീയതലത്തില്‍ മുന്നണി രാഷ്ട്രീയത്തിലെ ഏറ്റവും ഒടുവിലത്തെ സംഭവം.

ബിജെപിയുടെ എതിര്‍പ്പിനെ അതിജീവിച്ച് ഇടതുപക്ഷത്തിന്റെകൂടി പിന്‍ബലത്തോടെ വിശ്വാസവോട്ട് നേടിക്കഴിഞ്ഞിരിക്കുകയാണ് ഒറീസ മുഖ്യമന്ത്രി നവീന്‍ പട്നായിക്. അപ്പോഴാണ് ഇങ്ങ് കേരളത്തില്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും കൂട്ടരും ഒരു ചോദ്യവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. സംഘപരിവാര്‍ ക്രിസ്ത്യാനികള്‍ക്കെതിരെ അഴിഞ്ഞാടിയ ഒറീസയിലെ ഭരണകക്ഷിയുമായി ചേര്‍ന്നു നില്‍ക്കാന്‍ ഇടതുപക്ഷത്തിന് ലജ്ജയില്ലേ എന്നതാണ് ചോദ്യം. മലയാള മനോരമ പോലെ യുഡിഎഫിന്റെ പ്രചാരണവിഭാഗവും അതേ ചോദ്യമുന്നയിക്കുന്നു. ദേശീയ തലത്തില്‍ എന്‍ഡിഎ തകരുന്നതില്‍ സന്തോഷിക്കയല്ല, മറിച്ച് ബിജെപിയോട് ബിജു ജനതാദള്‍ വിടപറയുന്നതിന്റെ വിഷമമാണ് ഉമ്മന്‍ചാണ്ടിക്കും കൂട്ടുകാര്‍ക്കും.

ദേശീയരാഷ്ട്രീയത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ ധ്രുവീകരണം കോഗ്രസിനെയും മറ്റ് നിക്ഷിപ്ത താല്‍പ്പര്യക്കാരെയും അമ്പരപ്പിക്കുന്നത് സ്വാഭാവികമാണ്. ആ അമ്പരപ്പിന്റെ തികട്ടലാണ് നവീന്‍ പട്നായിക്കിനോടുള്ള നിലപാട് വ്യക്തമാക്കണമെന്ന പ്രസ്താവനകളില്‍ അടങ്ങിയിട്ടുള്ളത്. നവീന്‍ പട്നായിക്കിനോടുള്ള നിലപാട് സിപിഐ എം വ്യക്തമാക്കിയിട്ടുള്ളതാണ്. ഒറീസയില്‍ സംഘപരിവാറിനോടൊപ്പം ചേര്‍ന്ന് നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജുജനതാദള്‍ ഭരണം നടത്തിയത് ഏറ്റവും തെറ്റും നിര്‍ഭാഗ്യകരവുമായിരുന്നു. മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച ഉന്നതനായ നേതാവായിരുന്നു ബിജു പട്നായിക്. അദ്ദേഹത്തിന്റെ മരണശേഷം ബിജു പട്നായിക്കിന്റെ അനുയായികളെ ബിജെപിയുമായുള്ള സഖ്യത്തില്‍ അണിചേര്‍ക്കുക വഴി നവീന്‍ പട്നായിക് വലിയ തെറ്റാണ് ചെയ്തത്. കന്ദമലിലും മറ്റും സംഘപരിവാര്‍ മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരെ വേട്ടയാടിയപ്പോള്‍ അത് തടയാന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ഫലപ്രദമായി ഇടപെടാന്‍ നവീന്‍ പട്നായിക്കിന് കഴിഞ്ഞില്ല. എന്നാല്‍, വൈകിയാണെങ്കിലും കാര്യങ്ങള്‍ തിരിച്ചറിയുകയും ബിജെപിയുമായി ബന്ധം വിടര്‍ത്താന്‍ തയ്യാറാവുകയുംചെയ്തു.

മാത്രമല്ല, മതനിരപേക്ഷജനാധിപത്യ ശക്തികളുടേതായ മൂന്നാം ബദലില്‍ അണിചേരാനുള്ള സന്നദ്ധത സൂചിപ്പിക്കുകയുംചെയ്തു. വൈകിയാണെങ്കിലും ബിജെപിയോട് വിടപറയാനുള്ള നവീന്റെ നടപടി ധീരമാണ്. അധികാരത്തില്‍ വീണ്ടും തിരിച്ചെത്താനുള്ള വര്‍ഗീയശക്തികളുടെ ശ്രമത്തിന് കടുത്ത തിരിച്ചടിയാണത്. ഒറീസയില്‍ ന്യൂനപക്ഷവേട്ട നടത്തുന്ന സംഘപരിവാര്‍ശക്തികള്‍ക്കുള്ള കടുത്ത അടിയുമാണത്. കോഗ്രസ്-ബിജെപി ഇതരകക്ഷികളുടെ ഇടതുപക്ഷ-മതനിരപേക്ഷ ജനാധിപത്യപാര്‍ടികളുടെ ഐക്യം ശക്തിപ്പെടുത്താനും അതുവഴി മൂന്നാം മുന്നണി രൂപപ്പെടാനും പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയം നേടാനുമുള്ള മുന്നേറ്റത്തില്‍ വലിയൊരു ചുവട്വയ്പുമാണത്. കോഗ്രസ് ഐയും അവരെ പിന്താങ്ങുന്ന മാധ്യമങ്ങളുമെല്ലാം ഇതിനെ ആക്ഷേപിക്കുന്നത് അപഹാസ്യമാണ്. ബിജെപിയെയും അവരുടെ നേതൃത്വത്തിലുള്ള മുന്നണിയെയും പരാജയപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇടതുപക്ഷത്തിന്റെ നയം. ആ നയം അനുസരിച്ചാണ് പതിനാലാം ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം യുപിഎയെ അധികാരത്തിലെത്തിക്കാന്‍ പിന്തുണ നല്‍കിയത്. ബിജെപി മുന്നണിയെ ശിഥിലമാക്കാതിരിക്കലല്ല, അവരുടെ ശക്തി നിലനിര്‍ത്തലല്ല, രാജ്യതാല്‍പ്പര്യം.

വര്‍ഗീയ ശക്തികളായ എന്‍ഡിഎയെ തകര്‍ക്കലും ക്ഷയിപ്പിക്കലുമാണ് മതനിരപേക്ഷതയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ജനങ്ങളുടെയാകെ താല്‍പ്പര്യം. ആ രാഷ്ട്രീയം മനസിലാകാത്തതുകൊണ്ടും മതനിരപേക്ഷ രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ലാത്തതുകൊണ്ടും അന്ധമായ ഇടതുപക്ഷവിരോധം കൊണ്ടുമാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും നവീന്‍ പട്നായിക്കിനോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ സിപിഐ എമ്മിനെ ആക്ഷേപിക്കുന്നത്. ബിഎസ്പി ഒരു കാലത്ത് ബിജെപിക്കൊപ്പം നിന്നിരുന്നതാണ്. പിന്നീട് കേന്ദ്രത്തില്‍ ഭരണത്തിനുവേണ്ടി ബിഎസ്പിയുടെ പിന്തുണ സ്വീകരിക്കാന്‍ കോഗ്രസ് ഐക്ക് മടിയുണ്ടായോ? നാഷണല്‍ കോഫറന്‍സ് എന്‍ഡിഎക്കൊപ്പം നിന്നതാണ് - ഇപ്പോള്‍ ആ പാര്‍ടി യുപിഎയുടെ ഭാഗമല്ലേ. തെലുങ്കുദേശം പാര്‍ടിയും എഐഎഡിഎംകെയുമെല്ലാം മുമ്പ് ബിജെപിയുമായി സഹകരിച്ചതാണ്. ഇനിയും ആ പാര്‍ടികള്‍ ബിജെപിയുടെ ഒപ്പംതന്നെ നിന്നുകൊള്ളണം എന്നതാണ് ഉമ്മന്‍ചാണ്ടിയും മറ്റും പറയുന്നത് കേട്ടാല്‍ തോന്നുക. മുമ്പ് ചെയ്തുപോയ കാര്യങ്ങള്‍ പുതിയ പശ്ചാത്തലത്തില്‍ സ്വയംവിമര്‍ശനപരമായി പരിശോധിക്കുകയും പിശകുകള്‍ തിരുത്തി കാലഘട്ടത്തിന്റെ ആവശ്യാനുസൃതം സാമ്രാജ്യത്വ വിരുദ്ധവും ജനാധിപത്യ - മതനിരപേക്ഷ സംരക്ഷണത്തിന് ഉതകുന്നതുമായ നിലപാടിലെത്തുക - അതാണ് കരണീയമായിട്ടുള്ളത്.

ബിജു ജനതാദള്‍ സ്വീകരിച്ച നിലപാട് ധീരമാണ് എന്ന് വിശേഷിപ്പിക്കുന്നത് ഇതുകൊണ്ടാണ്. ഇതുകൊണ്ടായില്ല, അമേരിക്കയുമായുള്ള ആണവകരാറിനെ ന്യായീകരിക്കുകയും യുപിഎയില്‍ത്തന്നെ നിലകൊള്ളുകയുംചെയ്ത നിരവധി ജനാധിപത്യ-മതനിരപേക്ഷകക്ഷികളുണ്ട്. ലാലുപ്രസാദ് യാദവിന്റെയും രാംവിലാസ് പാസ്വാന്റെയുമെല്ലാം പാര്‍ടികളുണ്ട്. തെരഞ്ഞെടുപ്പിനുശേഷം അത്തരം പാര്‍ടികള്‍ യുപിഎക്കൊപ്പംതന്നെ ഉണ്ടാകുമെന്ന് ഉറപ്പിക്കാന്‍ കഴിയുമോ? ഇപ്പോള്‍ തെളിയുന്ന ചിത്രം ഇതാണ് - എന്‍ഡിഎയും യുപിഎയും തകര്‍ന്നുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു മത്സരിച്ചാല്‍ത്തന്നെ നിലവിലുള്ള ഘടകക്ഷികള്‍ എല്ലാം തെരഞ്ഞെടുപ്പിനുശേഷം ഒരു മുന്നണിയില്‍ത്തന്നെയുണ്ടാകുമോ എന്ന കാര്യം അനിശ്ചിതം. എന്നാല്‍, ഇടതുപക്ഷ-മതനിരപേക്ഷ കക്ഷികളുടെ നേതൃത്വത്തില്‍ ഒരു മൂന്നാംമുന്നണി രൂപപ്പെട്ടുകഴിഞ്ഞിട്ടില്ലെങ്കില്‍പ്പോലും പുതിയ പുതിയ കക്ഷികള്‍ അതിലേക്ക് ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അതിന്റെ ജനകീയാടിത്തറ അന്നന്ന് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു. വരുന്നത് മൂന്നാം മുന്നണിയുടെ കാലമാണ്. അതില്‍ യുഡിഎഫും ബിജെപിയും വെപ്രാളപ്പെട്ടിട്ട് കാര്യമില്ല.

3 comments:

കടത്തുകാരന്‍/kadathukaaran said...

യു ഡി എഫും ബി ജെ പിയും അതില്‍ വെപ്രാളപ്പെട്ടിട്ട് കാര്യമില്ല എന്ന താങ്കളുടെ അവസാന വാചകത്തില്‍ നിന്ന് തന്നെ തുടങ്ങട്ടെ, വെപ്രാളം യു ഡി എഫിലോ ബിജെപിയിലോ അല്ല മറിച്ച് ഇങ്ങ് കേരളത്തിലെ ഇടതുപക്ഷത്തിലാണത്. ദേശീയ തലത്തില്‍ ഒരു പുതിയ മൂന്നാം മുന്നണിക്ക് വേണ്ടി അഹോരാത്രം ഇടതു നേതാക്കള്‍ പണിയെടുക്കുമ്പോള്‍ ഇങ്ങ് കേരളത്തില്‍ നല്ല നിലയില്‍ നടന്നു പോന്നിരുന്ന ഒരു മുന്നണിക്ക് ശവക്കുഴി തോണ്ടുകയാണീ കുട്ടി സഖാക്കളെന്നെന്തേ താങ്കള്‍ മറന്നു?

ആണവക്കരാര്‍ രാജ്യതാത്പര്യത്തിലൂന്നി തന്നെയാണ്‍ നടത്തുന്നത്,. അതിന്‍ ഇടതുപക്ഷ രാജ്യദ്രോഹികളുടെ സര്‍ട്ടിഫിക്കറ്റ് ഇവിടെ ആരും ആവശ്യപ്പെടുന്നില്ല, ഇനിയും അത് മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ കാത്തിരിക്കുക, ഇപ്പോഴുള്ളതിന്‍റെ അമ്പതു ശതമാനമാണ്‍ ഇടതുപക്ഷത്തിന്‍റെ പിന്തുണ നഷ്ടമാകാന്‍ പോകുന്നതെന്ന അറിവ് താങ്കളെ പോലുള്ളവരെ വിറളി പിടിപ്പിക്കും. ബി എസ് പി യൊക്കെ ആണവക്കരാറിനോടുള്ള എതിര്‍പ്പുകൊണ്ട് പര്‍ലമെന്‍റില്‍ ഇടതുപക്ഷത്തോടൊപം നിന്നു എന്ന് താങ്കളുടെ അഭിപ്രായ പ്രകടനം ശുദ്ധ വങ്കത്തരമാണ്‍ സുഹൃത്തേ.. എസ് പി യുപി എക്കൊപ്പം നിന്നു എന്ന് ഒറ്റക്കാരണമാണ്‍ ബി എസ് പി ഇടതുപക്ഷ ബിജെപി കൂട്ടുകെട്ടിനോടോപ്പം നില്‍ക്കാന്‍ കാരണം.

ബി ജെ ഡിയെ പിന്താങ്ങാന്‍ കാണിച്ച് ഇടതുപക്ഷ വിവരമില്ലായ്മയെ താങ്കള്‍ പിന്താങ്ങുമ്പോള്‍ താങ്കളുടെ ചിന്താ ശക്തി ഒരു പാര്‍ട്ടിക്ക് പണയം വെച്ചതിന്‍ ബാഹ്യരൂപമായി മാത്രമേ അതിനെ സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. തൃണമൂല്‍കോണ്‍ഗ്രസ്സ് കോണ്‍ഗ്രസ്സ് സഖ്യത്തെ വര്‍ഗ്ഗീയ കൂട്ടുകെട്ടായി പ്രഖ്യാപിച്ച ഇടതുകള്‍ക്ക് ബെ ജെ ദി ഇടത് ബന്ധത്തില്‍ അപാകത് കാണാന്‍ കഴിയാതെ പോയത് രാഷ്ട്രീയ അന്ധത ഒന്നുകൊണ്ട് മാത്രമാണ്. തൃണമൂല്‍ കോണ്‍ഗ്രസ്സുകാര്‍ ബെ ജെ പിയുമായി സഹകരിച്ചു എന്ന് കാരണത്താലാണ്‍ ഈ നിലപാടെന്നായിരുന്നെങ്കില്‍ എന്തേ സ്വന്തം രണ്ട് മന്തുകാലും മണ്ണില്‍ പൂഴ്ത്തി വെച്ചു? കോണ്‍ഗ്രസ്സിന്‍റെ കാര്യം വിട് നമ്മളല്ലെ മതേതരത്തത്തിന്‍റെ ഹോള്‍സെയില്‍ ഡിലേഴ്സ്...? അതുകൊണ്ടാണല്ലോ നമ്മള്‍ക്കിവിടെ എ പി സുന്നിയുടെ സ്ഥാനാര്‍ത്ഥിയേയും പി ഡി പിയുടെ സ്ഥാനാര്‍ത്തിയേയും പിന്തങ്ങേണ്ടി വരുന്നതും ഇടതുപക്ഷ പാര്‍ട്ടികളെ തെരുവിലിട്ട് ചീത്തപറയേണ്ടിയും വരുന്നത്..

സമയമില്ല കൂടുതല്‍ പിന്നീടാകാം

ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
ഇ.എ.സജിം തട്ടത്തുമല said...

എന്റെ വായനശാലയിൽ (http://vayanapuram.blogspot.com) തിരക്കിട്ട്‌ വന്ന്‌ സഖാവ്‌ വി.എസ്‌ അച്യുതാനന്ദന്റെ ലേഖനത്തോട്‌ പ്രതികരിച്ചിട്ടു പോയ കടത്ത്കാരാ, പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം. പ്രതികരണത്തിന് നന്ദി!

എങ്കിലും കമ്മ്യൂണിസ്റ്റുകളെ രാജ്യദ്രോഹികൾ എന്നു വിളിയ്ക്കുന്നിടം വരെ താങ്കളുടെ മനോവ്യാപാരം എത്തിച്ചേർന്നത്‌ അന്ധമയ കമ്മ്യൂണിസ്റ്റു വിരോധത്തിന്റെ തിമിരം ഒന്നുകൊണ്ടു മാത്രമാണെന്നു് എല്ലാ രാഷ്ട്രീയ കഷികളേയും ജനാധിപത്യത്തെ ശക്ത്തിപ്പെടുത്തുന്ന പ്രധാന ഉപാധികൾ എന്നനിലയിൽ ബഹുമാനിയ്ക്കുന്ന ഈയുള്ളവനു പറയേണ്ടിവന്നതിൽ തെല്ലും ഖേദിയ്ക്കുന്നില്ലെന്ന്‌ അറിയിക്കട്ടെ!

ഇത്രയും ശക്തമായി താങ്കൾ പ്രതികരിച്ചെങ്കിലും ആ കമ്മ്യൂണിസ്റ്റുകൾ രാജ്യദ്രോഹികളാണെന്ന പ്രയോഗം മാത്രമേ ഈയുള്ളവനെ അലോസരപ്പെടുത്തിയിട്ടുള്ളു എന്നും അറിയിക്കട്ടെ. മറ്റ്‌ പല അഭിപ്രായങ്ങളോടും വിയോജിപ്പുണ്ടെങ്കിലും തീരെ അലോസരം ഇല്ല.വിരുദ്ധ അഭിപ്രായങ്ങളോടു സഹിഷ്ണുത പുലർത്താനുള്ള ജനാധിപത്യ മര്യാദ തീർച്ചയായും ഉണ്ട്‌.

പിന്നെ ഏകകഷി ഭരണം കൊണ്ടാടിയിരുന്ന കോൺഗ്രസ്സ് താങ്കളുടെ ദ്ര്‌ഷ്ടിയിലെ രാജ്യദ്രോഹികളായ കമ്മ്യൂണിസ്റ്റുകളുടെ പിന്തുണയിൽ കുറച്ചുകാ‍ലമെങ്കിലും ഭരിയ്ക്കേണ്ടി വന്നതും, ഇനി ഒരിയ്ക്കലും ഒറ്റയ്ക്കു ള്ള ഭരമണം സ്വപ്നം കാണാൻ പോലും കഴിയാത്ത വിധം കോൺഗ്രസ്സ് ദുർബ്ബലപ്പെട്ടതും കോൺഗ്രസ്സിന്റെ തുടർച്ചയായുള്ള രാജ്യഭരണം കൊണ്ടുടായ നേട്ടമാണല്ലോ, അല്ലേ സുഹ്ര്‌ത്തേ?

സി.പി.എമ്മുകാർക്ക്‌ ഭരണം കിട്ടിയ സംസ്ഥാനങ്ങളിലൊന്നും പിന്നീട്‌ എപ്പോഴെങ്കിലുമൊക്കെ ഭരണം തിരിച്ചു പിടിയ്ക്കാൻ പറ്റാത്തത്ര ദുർബ്ബലപ്പെട്ടു പോകാത്തത് വലിയ വീമ്പായിട്ടൊന്നും വിനയത്തിൽ വിശ്വാസം ഉള്ളതിനാൽ ഈള്ളവൻ ഘോഷിയ്ക്കുന്നുമില്ല.

ബ്.ജെ.ഡിയുമായി കൂട്ടു കൂടിയതിൽ ഒരു തെറ്റും ഇല്ല. വർഗീയ കഷികളുമായി ചേർന്നു നിൽക്കുന്ന ഏതൊരു കക്ഷിയേയും അവിടെനിന്നും അടർത്തിമാറ്റി കൊണ്ടുവരിക എന്നത്‌ ഇടതുപക്ഷത്തിന്റെ സ്വാഭാവിക കടമയാണ്. അത്‌ ത്ര്‌ണമൂൽ ആയാൽ പോലും.

ഒരു വേള വർഗീയ കക്ഷികളുടെ അധികാരലഭ്യത തടയാൻ കോൺഗ്രസ്സിനോടു പോലും ഇനിയും ഒരു വിട്ടു വീഴ്ച ചെയ്താലും അത്‌ ഒരു അദ്‌ഭുതം ഒന്നും ആയിരിയ്ക്കില്ല. പക്ഷെ അങ്ങനെ ഒരു ഗതികേടിൽ ഇനി ഇടതുപക്ഷം എത്തില്ലെന്ന പ്രത്യാശ തൽക്കാലം കൈവിടുന്നില്ല.

മന്തുകാലിനെക്കുറിച്ചൊക്കെ പറയുമ്പോൾ തിരിച്ചും അതൊക്കെ തന്നെയാണ് പറയാനുള്ളത്‌. കോൺഗ്രസ്സ് സർവ്വഗുണ സമ്പന്നമായിരുന്നെങ്കിൽ കോൺഗ്രസ്സിനും രാജ്യത്തിനു തന്നെയും ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ലല്ലോ.കാരണം കൂടുതൽ കാലം രജ്യം ഭരിച്ചത്‌ കോൺഗ്രസ്സ്‌ ആണല്ലോ!

മതേതരത്വത്തിന്റെ കാര്യം പരാമർശിച്ചിടത്ത്‌ ഞങ്ങൾ എങ്ങനെയോ ആകട്ടെ നിങ്ങൾ നന്നായാൽ മതി എന്നൊരു ധ്വനിയുണ്ട്‌. അത്‌ കമ്മ്യൂണിസ്റ്റുകാർക്കുള്ള ഒരു അംഗീകാരം തന്നെയാണ്.

പിന്നെ എന്റെ വായനശാലയിൽ ശേഖരിയ്ക്കുന്ന വാർത്തകളും ലേഖനങ്ങളും എല്ലാം ഇടതുചായ്‌വ്‌ ഉൾക്കൊള്ളുന്നവ മാത്രമായിരിയ്ക്കില്ലെന്നു കൂടി അറിയിക്കട്ടെ.വായനയ്ക്കു രാഷ്ട്രീയമില്ല. എന്നൽ വായിച്ചു കഴിയുമ്പോൾ രാഷ്റ്ട്രീയം ഉണ്ടായേക്കും.

അപ്പോ ശരി വീണ്ടും കാണാം.

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്