വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Saturday, March 7, 2009

എ.പി അബ്ദുള്ളക്കുട്ടി എം.പിയെ പുറത്താക്കി

എ.പി അബ്ദുള്ളക്കുട്ടി എം.പിയെ പുറത്താക്കി

മാത്ര്‌ഭൂമിയിൽനിന്ന്‌

കണ്ണൂര്‍: എ.പി അബ്ദുള്ളക്കുട്ടി എം.പിയെ സി.പി.എമ്മില്‍ നിന്ന്‌
പുറത്താക്കി. സി.പി.എമ്മിന്റെ പ്രഖ്യാപിതനയങ്ങള്‍ക്കും നിലപാടിനും വിരുദ്ധമായി പരസ്യമായ അഭിപ്രായ പ്രകടനം നടത്തിയെന്നാരോപിച്ചാണ്‌ നടപടി. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടേതാണ്‌ തീരുമാനം.

തുടര്‍ച്ചയായ അച്ചടക്കലംഘനങ്ങള്‍ അബ്ദുള്ളക്കുട്ടി നടത്തിയെന്നും വര്‍ഗ ശത്രുക്കള്‍ക്കൊപ്പം ചേര്‍ന്ന്‌ അദ്ദേഹം പ്രവര്‍ത്തിച്ചുവെന്നും ജില്ലാകമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സസ്‌പെന്‍ഷന്‍ കാലാവധിയില്‍ തിരിച്ചുവരാനുള്ള അവസരം അബ്ദുള്ളക്കുട്ടി നഷ്‌ടമാക്കിയെന്നും പാര്‍ട്ടി ആരോപിക്കുന്നു.

ഇതേ കാരണത്താല്‍ ജനവരി 17 ന്‌ അബ്ദുള്ളക്കുട്ടിയെ ഒരുവര്‍ഷത്തേക്ക്‌ പാര്‍ട്ടിയില്‍നിന്ന്‌ സസ്‌പെന്‍ഡ്‌ചെയ്‌തിരുന്നു. എന്നാല്‍ സസ്‌പെന്‍ഷന്‍ നടപടികള്‍ക്ക്‌ ശേഷവും പാര്‍ട്ടി വിരുദ്ധ നിലപാടുകള്‍ അദ്ദേഹം തുടരുകയായിരുന്നു.

അബ്ദുള്ളക്കുട്ടി ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനമാണ്‌ പാര്‍ട്ടിയെ പെട്ടന്ന്‌ നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചത്‌.

പാര്‍ട്ടിക്കകത്ത്‌ ഒരു അംഗീകാരവുമില്ലെങ്കില്‍ എംപിക്ക്‌ പ്രവര്‍ത്തിക്കാന്‍ പറ്റില്ലെന്നും യുവ എംപിമാരെ ഫലപ്രദമായി ഉപയോഗിക്കാന്‍ സിപിഎമ്മിനു കഴിയുന്നില്ലന്നും അബ്ദുള്ളക്കുട്ടി ഇന്നലെ ആരോപിച്ചിരുന്നു.

കോണ്‍ഗ്രസിലാണെങ്കില്‍ എംഎല്‍എമാരെ കെപിസിസി യോഗത്തിനും എംപിമാരെ എഐസിസി യോഗത്തിനും ക്ഷണിക്കുന്ന പതിവുണ്ട്‌. ഇത്‌ മാതൃകാപരമാണന്നും അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു.

വികസനകാര്യത്തില്‍ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ മാതൃകയാക്കണമെന്ന എ.പി.അബ്ദുള്ളക്കുട്ടിയുടെ പ്രസ്‌താവന വിവാദമായിനെത്തുടര്‍ന്നാണ്‌ ആദ്യം സസ്‌പെന്‍ഷന്‍ ഉണ്ടായത്‌.

നേരത്തെ ഹര്‍ത്താല്‍ വിരുദ്ധ പ്രസ്‌താവനയുടെപേരിലും മതാനുഷുാനങ്ങളുടെ പേരിലും അബ്ദുള്ളക്കുട്ടിയുടെ നടപടി വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ പാര്‍ട്ടിയുടെ ശാസനയും അച്ചടക്കനടപടിയും അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു.

പാര്‍ട്ടി തന്നെ നിരന്തരം അവഗണിച്ചു: അബ്ദുള്ളക്കുട്ടി

കണ്ണൂര്‍: പാര്‍ട്ടി തന്നെ നിരന്തരം അവഗണിക്കുകയായിരുന്നുവെന്ന്‌ എ.പി അബ്ദുള്ളക്കുട്ടി എം.പി. വയറുനിറയെ ഭക്ഷണം വാങ്ങിത്തന്ന്‌ പീഡിപ്പിക്കുന്ന പിതാവിനെപ്പോലെയാണ്‌ പാര്‍ട്ടി, താന്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എം.പിയായി രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ കച്ചവടക്കാരനാണന്ന ആരോപണം പറഞ്ഞ്‌ ഏരിയാ കമ്മറ്റിയില്‍ നിന്ന്‌ ലോക്കല്‍ കമ്മറ്റിയിലേക്ക്‌ തരം താഴ്‌ത്തി. ഇപ്പോള്‍ അംഗത്വം പുതുക്കേണ്ട സമയമായപ്പോള്‍ നാറാത്ത്‌ ബ്രാഞ്ച്‌ കമ്മറ്റിയില്‍ നിന്ന്‌ പുതുക്കാനാണ്‌ ആവശ്യപ്പെട്ടത്‌. ഒന്നോ രണ്ടോ നേതാക്കള്‍ക്ക്‌ ഇഷ്ടമില്ലാത്തതു കൊണ്ട്‌ തന്നെ പുകച്ചു പുറത്തുചാടിക്കുകയായിരുന്നു. ഇതില്‍ വളരെയേറെ ഖേദമുണ്ട്‌. അദ്ദേഹം പറഞ്ഞു.

വാർത്ത മാത്ര്‌ഭൂമിയിനിന്ന്‌

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്