വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Friday, March 13, 2009

വേണം, വോട്ടര്‍ക്ക്‌ കൂടുതല്‍ അവകാശങ്ങള്‍

മാത്ര്‌ഭൂമിയിൽനിന്ന്‌

ജസ്റ്റിസ്‌ വി.ആര്‍. കൃഷ്‌ണയ്യര്‍

തിരഞ്ഞെടുപ്പ്‌, രാജ്യത്തിന്റെ ഭാവിഭാഗധേയം നിര്‍ണയിക്കുന്ന പ്രക്രിയയും ജനാധിപത്യത്തിന്റെ ആധാരശിലയുമായി മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കുള്ള പങ്കാളിത്തവും പ്രാതിനിധ്യവും മെച്ചപ്പെടുന്നത്‌ തികച്ചും സ്വാഗതാര്‍ഹം. രാജ്യത്തെ സംബന്ധിച്ചിടത്തോളം അത്രയേറെ പ്രാധാന്യം കൈവരിച്ച പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളും കാലവിളംബവും തട്ടിപ്പും അഴിമതിയുമൊക്കെ ഒഴിവാക്കാന്‍ കൂടുതല്‍ നടപടികള്‍ അനിവാര്യമാകുന്നു. അതുമായി ബന്ധപ്പെട്ട്‌ ചില നിര്‍ദേശങ്ങളാണ്‌ ഇവിടെഅവതരിപ്പിക്കുന്നത്‌.

പാകിസ്‌താനില്‍ സിയാ ഭരണകൂടത്തിന്റെ പതനത്തിനുശേഷം ബേനസീര്‍ഭൂട്ടോ മത്സരിച്ച പൊതുതിരഞ്ഞെടുപ്പുകാലമാണ്‌ ഓര്‍മ വരുന്നത്‌. അന്താരാഷ്ട്ര തിരഞ്ഞെടുപ്പ്‌ നിരീക്ഷകനായി അവിടം സന്ദര്‍ശിക്കാന്‍ എനിക്ക്‌ അവസരം ലഭിച്ചു. മറ്റു രാജ്യങ്ങളില്‍നിന്നുള്ള പ്രമുഖരും എനിക്കൊപ്പമുണ്ടായിരുന്നു. പാക്‌ തിരഞ്ഞെടുപ്പില്‍നിന്ന്‌ നമ്മള്‍ പഠിക്കുകയും പകര്‍ത്തുകയും ചെയ്യേണ്ട രണ്ടു കാര്യങ്ങള്‍ ഇപ്പോഴും എന്റെ മനസ്സിലുണ്ട്‌. അതിലൊന്ന്‌ പോളിങ്‌ ബൂത്തുകളിലെ ക്രമസമാധാനച്ചുമതല പ്രദേശിക പോലീസിനു പകരം സൈനികര്‍ക്കായിരുന്നു എന്നതാണ്‌. അവരെ തിരഞ്ഞെടുപ്പ്‌ കേന്ദ്രങ്ങള്‍ക്ക്‌ അല്‌പമകലെ വിന്യസിച്ചു. എന്തുകൊണ്ട്‌ പോലീസിനു പകരം പട്ടാളം? പോലീസായാല്‍ പ്രാദേശിക രാഷ്ട്രീയനേതാക്കള്‍ക്ക്‌ എളുപ്പത്തില്‍ സ്വാധീനിക്കാം; പട്ടാളമായാല്‍ ആ പ്രശ്‌നമില്ല എന്നായിരുന്നു മറുപടി.

രണ്ടാമത്തെ കാര്യമായിരുന്നു കൂടുതല്‍ ശ്രദ്ധേയം. അഞ്ചുമണിയോടെ വോട്ടെടുപ്പ്‌ അവസാനിച്ചു. അപ്പോള്‍ പോളിങ്‌സ്റ്റേഷനിലെ റിട്ടേണിങ്‌ ഓഫീസര്‍ എന്നോട്‌ പറഞ്ഞു-''വോട്ടെണ്ണല്‍ ഇവിടെത്തന്നെ ഏഴു മണിക്ക്‌ തുടങ്ങും.'' ഏഴുമണിയോടെ സ്ഥാനാര്‍ഥികളുടെയെല്ലാം പ്രതിനിധികള്‍ വോട്ടെടുപ്പ്‌ കേന്ദ്രത്തില്‍ അണിനിരന്നു. അവരുടെ നിര്‍ദേശങ്ങളും തടസ്സവാദങ്ങളുമൊക്കെ റിട്ടേണിങ്‌ ഓഫീസര്‍ ശ്രദ്ധാപൂര്‍വം കേട്ടു. ഫലം സ്ഥാനാര്‍ഥികളെ നേരിട്ട്‌ ഔദ്യോഗികമായി അറിയിക്കും. വോട്ടെണ്ണലിന്റെ ഈ വികേന്ദ്രീകരണത്തിലൂടെ തിരഞ്ഞെടുപ്പ്‌ഫലം പെട്ടെന്നുതന്നെ രാജ്യത്തിന്‌ അറിയാന്‍ കഴിയുന്നു. കാര്യമായ സംഘര്‍ഷങ്ങള്‍ക്കോ ഊഹാപോഹങ്ങള്‍ക്കോ അവസരം നല്‍കുന്നുമില്ല. സ്ഥാനാര്‍ഥിയുടെ വിജയത്തെക്കുറിച്ച്‌ സംശയങ്ങളില്ല. പോളിങ്‌സ്റ്റേഷനില്‍ ക്രമക്കേടിന്‌ അവസരമില്ല. വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക്‌ ബാലറ്റ്‌ പെട്ടി കൊണ്ടുപോകുമ്പോള്‍ നടന്നേക്കാവുന്ന തട്ടിപ്പിനും സാധ്യതയില്ല. പോളിങ്‌സ്റ്റേഷനിലെ സജ്ജീകരണങ്ങള്‍ വോട്ടെണ്ണലിനും വിനിയോഗിക്കാന്‍ കഴിയുന്നതിനാല്‍ അത്‌ അനായാസ പ്രക്രിയയായി മാറുന്നു.

പഴയ സോവിയറ്റ്‌ യൂണിയനിലെ തിരഞ്ഞെടുപ്പാണ്‌ എന്റെ ഓര്‍മയിലുള്ള മറ്റൊരു കാര്യം. അവിടത്തെ ഓരോ വലിയ ആസ്‌പത്രിയിലും വലിയ ജയിലിലും ചെറിയ പോളിങ്‌സ്റ്റേഷന്‍ പ്രവര്‍ത്തിക്കും. നമ്മുടെ രാജ്യത്താകട്ടെ അവശനിലയില്‍ ആസ്‌പത്രിയില്‍ കഴിയുന്നവര്‍ക്ക്‌ വോട്ടുചെയ്യാന്‍ കഴിയാറില്ല. എന്നാല്‍ ആസ്‌പത്രിക്കകത്തുതന്നെ പോളിങ്‌സ്റ്റേഷന്‍ പ്രവര്‍ത്തിച്ചാല്‍ അത്‌ സാധിക്കും. അതുപോലെ സംസ്ഥാനങ്ങളിലെ സെന്‍ട്രല്‍ ജയിലുകളില്‍ വോട്ടവകാശമുള്ള നൂറുകണക്കിന്‌ വിചാരണത്തടവുകാരുണ്ടാകും. വിചാരണയ്‌ക്കുശേഷം വെറുതെ വിടാന്‍ ഇടയുണ്ടെങ്കിലും അവര്‍ക്ക്‌ വോട്ടുചെയ്യാന്‍ കഴിയാറില്ല. ജയിലിനകത്ത്‌ ഒരു പോളിങ്‌ബൂത്ത്‌ പ്രവര്‍ത്തിച്ചാല്‍ ഈ തടവുകാര്‍ക്കും നിയമം വാഗ്‌ദാനം ചെയ്യുന്ന വോട്ടവകാശം വിനിയോഗിക്കാനാവും. സ്വന്തം പ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള അവരുടെ അവകാശം നിഷേധിക്കാന്‍ പാടില്ല.

വോട്ടര്‍ക്ക്‌ ഒരു സ്ഥാനാര്‍ഥിയെക്കുറിച്ചോ അല്ലെങ്കില്‍ എല്ലാ സ്ഥാനാര്‍ഥികളെയും പറ്റിയോ തീരെ മതിപ്പില്ലാതെ വരികയും നീതിയുക്തമായി വോട്ടവകാശം വിനിയോഗിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാവുകയും ചെയ്യാം. അത്തരം സന്ദര്‍ഭത്തില്‍ താന്‍ വോട്ട്‌ നല്‍കാന്‍ താത്‌പര്യപ്പെടുന്ന ആളെ നിര്‍ദേശിക്കാനുള്ള അവകാശം വോട്ടര്‍ക്കുണ്ടാകണം. ഇതും സോവിയറ്റ്‌ യൂണിയനില്‍ നേരത്തേ നിലവിലുണ്ടായിരുന്നതാണ്‌.
നേരത്തേ പറഞ്ഞതിന്‌ സമാനമായ ചില നിര്‍ദേശങ്ങള്‍ സംസ്ഥാന നിയമ പരിഷ്‌കരണ കമ്മീഷന്‍ മുന്നോട്ട്‌ വെച്ചിട്ടുണ്ട്‌. കേരള പഞ്ചായത്തീരാജ്‌ നിയമം, കേരള മുനിസിപ്പാലിറ്റീസ്‌ നിയമം എന്നിവയിലെ ചില ഭേദഗതി നിര്‍ദേശങ്ങളാണ്‌ അവ. അറസ്റ്റിലായി ജയിലില്‍ വിചാരണത്തടവിലിരിക്കുന്നവര്‍, പോലീസിന്റെയോ മറ്റേതെങ്കിലും അന്വേഷണ ഏജന്‍സിയുടെയോ കസ്റ്റഡിയില്‍ കഴിയുന്നവര്‍, ആസ്‌പത്രിയില്‍ ചികിത്സയിലുള്ളവര്‍ തുടങ്ങിയവരെ വീട്ടില്‍നിന്ന്‌ താത്‌കാലികമായി വിട്ടുനില്‍ക്കുന്നവരായി കണക്കാക്കണമെന്നാണ്‌ അതില്‍ പ്രധാനം. 'പോലീസിന്റെ നിയമാനുസൃത കസ്റ്റഡിയില്‍ കഴിയുന്നവര്‍' എന്നതിന്‌ ബദലായി 'അധാര്‍മിക വൃത്തി ഉള്‍പ്പെടെയുള്ള കുറ്റത്തിന്‌ ഒരു വര്‍ഷത്തിലേറെയായി' എന്നത്‌ നിയമത്തിന്റെ വകുപ്പില്‍ ഉള്‍പ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്‌.

രാഷ്ട്രീയകക്ഷികള്‍ അഴിമതി നടത്തുന്നതും സ്ഥാനാര്‍ഥികള്‍ പണവും പേശീബലവും മാഫിയാശക്തിയുമുപയോഗിച്ച്‌ തിരഞ്ഞെടുപ്പ്‌ വിജയം സ്വന്തമാക്കുന്നതും പഴങ്കഥകളല്ല. അത്തരം സാഹചര്യത്തില്‍ വോട്ടര്‍മാര്‍ നിരാശപ്പെടാതിരിക്കാന്‍ എന്താണ്‌ വഴി? ബാലറ്റ്‌കടലാസില്‍ നല്‍കിയ സ്ഥാനാര്‍ഥി പട്ടികയില്‍ ഒരുത്തനും കൊള്ളില്ലെന്ന്‌ തോന്നിയാല്‍ എന്തു ചെയ്യും? തനിക്ക്‌ യോഗ്യനെന്നു തോന്നുന്ന ഒരാളുടെ പേര്‌ ചേര്‍ത്ത്‌ വോട്ട്‌ ചെയ്യാന്‍ ബാലറ്റ്‌പേപ്പറില്‍ പ്രത്യേക സ്ഥലം അനുവദിച്ച്‌ ഇതിന്‌ പരിഹാരം കാണാം. അത്ര എളുപ്പമാവില്ലെങ്കിലും വോട്ടര്‍ക്ക്‌ സ്വന്തം താത്‌പര്യാനുസരണം സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ഇതുവഴി സാധിക്കും. രാഷ്ട്രീയപ്പാര്‍ട്ടികള്‍ നിര്‍ത്തുന്ന ചീമുട്ടകള്‍ക്ക്‌ വോട്ടു ചെയ്യാന്‍ അയാള്‍ നിര്‍ബന്ധിതനാവുകയില്ല. അഴിമതിയും മാഫിയ സംഘങ്ങളുടെ സമ്മര്‍ദവും ഒരു പരിധിവരെ ഒഴിവാക്കാനും കഴിയും. മാധ്യമങ്ങളിലൂടെയും മറ്റുമുള്ള ശക്തമായ പ്രചാരണം വഴി ഈ പദ്ധതി പ്രാവര്‍ത്തികമാക്കാനും 'കുറ്റമറ്റ തിരഞ്ഞെടുപ്പ്‌' എന്ന സങ്കല്‌പം യാഥാര്‍ഥ്യമാക്കുന്നതിലേക്ക്‌ നയിക്കാനും കഴിയും.
ഈ നിര്‍ദേശങ്ങളെല്ലാം ദേശീയതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയും പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്തുകയും വേണം. മറ്റു രാജ്യങ്ങളില്‍ തൃപ്‌തികരമായി നടക്കുന്നുവെന്ന്‌ ബോധ്യപ്പെട്ടസംവിധാനങ്ങളെക്കുറിച്ചുള്ള നിര്‍ദേശങ്ങളാണ്‌ ഇവിടെ അവതരിപ്പിച്ചത്‌. അതില്‍ കഴമ്പുണ്ടെന്നു തന്നെയാണ്‌ എന്റെ വിശ്വാസം. ഇപ്പോഴുള്ളതിനേക്കാള്‍ മികച്ച രീതിയില്‍ മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്യുന്നതിലൂടെ വേണം ജനാധിപത്യ ഭരണയന്ത്രം ചലിക്കേണ്ടത്‌. ഇവിടെ അവതരിപ്പിച്ച നിര്‍ദേശങ്ങളുടെ ലക്ഷ്യവും അതുതന്നെ.

ഇന്ത്യയിലെ മനുഷ്യസമ്പത്തിന്റെ പാതിയും സ്‌ത്രീകളാണ്‌. ലിംഗസമത്വവും സ്‌ത്രീ ശാക്തീകരണവുമൊക്കെ രാജ്യഭരണത്തില്‍ യാഥാര്‍ഥ്യമാകണമെങ്കില്‍ എല്ലാ രാഷ്ട്രീയകക്ഷികളും തിരഞ്ഞെടുപ്പില്‍ പാതി സീറ്റ്‌ സ്‌ത്രീകള്‍ക്കായി മാറ്റിവെക്കണം. നീതിന്യായ, നിയമനിര്‍മാണ, ഉദ്യോഗസ്ഥ സംവിധാനങ്ങളില്‍ സ്‌ത്രീ-പുരുഷ അനുപാതത്തില്‍ കാര്യമായ ഏറ്റക്കുറച്ചിലാണ്‌ ഇപ്പോള്‍ നിലവിലുള്ളത്‌. ഈ ലിംഗസമത്വം അവസാനിപ്പിക്കാന്‍ തിരഞ്ഞെടുപ്പുകമ്മീഷന്‍ ഫലപ്രദമായി ഇടപെടണം. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഓരോ പാര്‍ട്ടിയുടെയും സ്ഥാനാര്‍ഥിപ്പട്ടികയില്‍ പാതി പേരും സ്‌ത്രീകളാവണമെന്ന്‌ കമ്മീഷന്‍ നിബന്ധന വെക്കണം. അതല്ലെങ്കില്‍ വനിതാ സംവരണ മണ്ഡലങ്ങള്‍ പ്രഖ്യാപിക്കണം. വനിതകള്‍ക്ക്‌ മാത്രം മത്സരിക്കാവുന്ന മണ്ഡലങ്ങള്‍ വ്യാപകമായാല്‍ സമത്വവാദം ഒരു പരിധിവരെ സാക്ഷാത്‌കരിക്കാനാവും. കുടുംബാസൂത്രണവും ഗര്‍ഭപാത്രം നീക്കുന്ന ശസ്‌ത്രക്രിയയുമൊക്കെ ഭര്‍ത്താവിന്റെ അനുമതി ഇല്ലാതെ തന്നെ നടത്താന്‍ സ്‌ത്രീകള്‍ക്ക്‌ സ്വാതന്ത്ര്യം ലഭിക്കും. ഗര്‍ഭധാരണത്തിനും കുഞ്ഞുങ്ങള്‍ വേണ്ടെന്നു വെക്കുന്നതിനുമൊക്കെയുള്ള സൗകര്യങ്ങള്‍ സൗജന്യമായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തണം. ഈ രംഗത്ത്‌ പുരുഷമേധാവിത്വം സങ്കീര്‍ണമായ അവസ്ഥയിലാണ്‌. ലൈംഗിക ബന്ധത്തിനുള്ള അവകാശത്തില്‍ സ്വാതന്ത്ര്യം നേടിയാലേ സ്‌ത്രീകള്‍ പൂര്‍ണ സ്വാതന്ത്ര്യം കൈവരിക്കുകയുള്ളൂ എന്നായിരുന്നു ലെനിന്റെ വാദം. ഇതിന്‌ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത്‌ അല്‌പം പ്രയാസകരമായിരിക്കാം. എന്നാല്‍ സ്‌ത്രീസ്വാതന്ത്ര്യം ഗൗരവമായിട്ടെടുക്കുന്നുണ്ടെങ്കില്‍ ലക്ഷ്യം സാക്ഷാത്‌കരിക്കാന്‍ ആവശ്യമായ നിയമനിര്‍മാണം നടത്തിയേ തീരൂ.

സോവിയറ്റ്‌ തിരഞ്ഞെടുപ്പ്‌ നിയമത്തില്‍ നിന്ന്‌ മറ്റൊന്നുകൂടി നമുക്ക്‌ കടമെടുക്കാം. വമ്പന്‍ അഴിമതി നടത്തിയെന്നോ വര്‍ഗീയത കുത്തിപ്പൊക്കിയെന്നോ തെളിയുന്ന ജനപ്രതിനിധിയെ തിരിച്ചു വിളിക്കാനുള്ള അവകാശമാണത്‌. ശക്തമായ നിയമങ്ങളും വകുപ്പുകളും നിലനിന്നിരുന്ന സോവിയറ്റ്‌ യൂണിയനില്‍ ജനപ്രതിനിധികളെ അങ്ങനെ തിരിച്ചുവിളിക്കാന്‍ കഴിഞ്ഞിരുന്നു. ഇന്ത്യയില്‍ അഴിമതിയും വര്‍ഗീയതയും മറ്റും തിരഞ്ഞെടുപ്പില്‍ ശീലം പോലെയായിക്കഴിഞ്ഞു. തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളാകട്ടെ ആരെയും പേടിക്കാതെ തരികിടകള്‍ക്ക്‌ മുതിരുകയും ചെയ്യുന്നു. നമ്മുടെ ജനപ്രതിനിധി നിയമത്തില്‍ ഇത്തരക്കാരെ തിരിച്ചുവിളിക്കാനുള്ള അവകാശം എന്തുകൊണ്ട്‌ ഉള്‍പ്പെടുത്തുന്നില്ല എന്നതിന്‌ നീതീകരണമില്ല. ഇക്കാര്യത്തില്‍ ദേശീയ തലത്തില്‍ ചര്‍ച്ച നടക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പഞ്ചായത്ത്‌ മുതല്‍ പാര്‍ലമെന്റ്‌ വരെ ജനപ്രതിനിധികളെ തിരിച്ചു വിളിക്കാനുള്ള അവകാശം വോട്ടര്‍ക്ക്‌ ലഭിച്ചേ തീരൂ.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്