വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.
Showing posts with label ഭൂസമരം. Show all posts
Showing posts with label ഭൂസമരം. Show all posts

Monday, January 21, 2013

ചരിത്രംകുറിച്ച ഭൂസമരം

ചരിത്രംകുറിച്ച ഭൂസമരം

എം വി ഗോവിന്ദന്‍

(ദേശാഭിമാനി, 2013 ജനുവരി 18)

കേരളത്തിന്റെ സമരചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്ത ഭൂസമരം വിജയമായി. കര്‍ഷക കര്‍ഷക തൊഴിലാളി പ്രസ്ഥാനവും ആദിവാസി ക്ഷേമസമിതിയും പട്ടികജാതി ക്ഷേമസമിതിയും സംയുക്തമായി രൂപീകരിച്ച ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പുതുവര്‍ഷപ്പുലരിയില്‍ സംസ്ഥാനത്തെ ഭൂരഹിതര്‍ മിച്ചഭൂമികളിലേക്ക് പ്രവേശിച്ചു. പതിനാല് ജില്ലയില്‍ ഓരോ കേന്ദ്രങ്ങള്‍. സമരത്തില്‍ പങ്കെടുത്ത് അറസ്റ്റുവരിക്കാനും ജയിലില്‍ പോകാനും തയ്യാറായി മുന്നോട്ടുവന്ന സമരവളന്റിയര്‍മാരുടെ ഇച്ഛാശക്തിക്ക് മുന്നില്‍ യുഡിഎഫ് സര്‍ക്കാര്‍ പതറി. അഭൂതപൂര്‍വമായിരുന്നു ഭൂസമരത്തിന് ലഭിച്ച ജനപിന്തുണ. വലതുപക്ഷ ഭരണകൂടവും ഇടതുതീവ്രവാദ സംഘടനകളും അരാഷ്ട്രീയവാദികളും ചില ആക്ഷന്‍ഗ്രൂപ്പുകളും വലതുപക്ഷ മാധ്യമങ്ങളും അടങ്ങുന്ന കൂട്ടായ്മ, ചരിത്രപരമായ ഭൂസമരത്തെ ഇകഴ്ത്തിക്കാട്ടുന്നതിന് പരമാവധി പരിശ്രമിച്ചു. സമരത്തിന്റെ വാര്‍ത്തകളും ചിത്രങ്ങളും കൊടുക്കേണ്ട എന്ന് തീരുമാനിച്ച മാധ്യമങ്ങള്‍ക്ക് ഈ വര്‍ഗസമരവീര്യത്തെ കണ്ടില്ലെന്നു നടിക്കാന്‍ സാധിച്ചില്ല.

പത്തുദിവസം പിന്നിട്ടപ്പോള്‍ സമരകേന്ദ്രങ്ങള്‍ പതിനാലില്‍ നിന്ന് 129 ആയി വര്‍ധിച്ചു. ദിവസവും ഭൂമിയില്‍ കയറി കുടില്‍ കെട്ടി താമസിക്കുന്നവരുടെ എണ്ണം കൂടിവന്നു. അവര്‍ക്ക് സംരക്ഷണവലയം തീര്‍ത്ത് ഐക്യദാര്‍ഢ്യവുമായി അണിനിരക്കുന്ന സഖാക്കളുടെ എണ്ണവും കൂടിവന്നു. സമരമുന്നേറ്റത്തില്‍ പന്തികേട് മണത്തപ്പോഴാണ് യുഡിഎഫ് സര്‍ക്കാര്‍ റവന്യൂമന്ത്രി അടൂര്‍ പ്രകാശിനെ ഒന്നാംഘട്ട ചര്‍ച്ചയ്ക്ക് നിയോഗിച്ചത്. ആ ചര്‍ച്ചയില്‍ ഭൂസംരക്ഷണ സമിതി മുന്നോട്ടുവച്ച എല്ലാ കാര്യങ്ങളും ചര്‍ച്ചചെയ്യാന്‍ റവന്യൂ മന്ത്രിക്ക് പരിമിതിയുണ്ടായിരുന്നു. ആ ചര്‍ച്ചയുടെ മധ്യത്തില്‍ അദ്ദേഹം മുഖ്യമന്ത്രിയെ ബന്ധപ്പെട്ടതിന്റെ ഭാഗമായാണ് ജനുവരി 16ന് ചര്‍ച്ചയ്ക്ക് തയ്യാറാവാമോ എന്ന് സമരസമിതി നേതാക്കളോട് അഭ്യര്‍ഥിച്ചത്. അങ്ങനെയാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടന്നത്.

സംസ്ഥാനത്തെ ഭൂപ്രശ്നവും കേരളത്തിന്റെ ചരിത്രവും തമ്മില്‍ വളരെയേറെ ബന്ധമുണ്ട്. ഇവിടെ നിലനിന്ന ഫ്യൂഡല്‍ക്രമത്തിന്റെ അടിസ്ഥാന സവിശേഷത ജാതിജന്മിനാടുവാഴിത്ത വ്യവസ്ഥ ആയിരുന്നു എന്നതാണ്. സവര്‍ണമേധാവിത്വവും നാടുവാഴിത്തവും അഭേദ്യമായി കെട്ടുപിണഞ്ഞു കിടന്നു. കൊളോണിയല്‍ കാലഘട്ടമായപ്പോഴേക്കും ഭൂമിയിന്മേല്‍ പരിപൂര്‍ണ സ്വത്തവകാശം ഉള്ള ഭൂപ്രഭുക്കന്മാരും രൂപംകൊണ്ടു. ജാതിജന്മിനാടുവാഴി കൂട്ടുകെട്ട് കൊളോണിയല്‍ ഭരണകൂടത്തിന്റെ സംരക്ഷണത്തോടെ കര്‍ഷക ജനസാമാന്യത്തിന്റെ മിച്ചാധ്വാനത്തെ പരമ്പരാഗതമായ രീതികളിലൂടെയും അല്ലാതെയും കരസ്ഥമാക്കി. അത്തരമൊരു സമൂഹത്തിലാണ് സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നവോത്ഥാനത്തിന്റെ ധാരകള്‍ ഉണ്ടാവുന്നത്. തുടര്‍ന്ന് ദേശീയ പ്രസ്ഥാനത്തിന്റെ സ്വാധീനവും അതിന്റെ സമാന്തരവും തുടര്‍ച്ചയുമായി വന്ന കമ്യൂണിസ്റ്റുപ്രസ്ഥാനത്തിന്റെ മുന്നേറ്റവും ചേര്‍ന്നാണ് ജന്മിത്ത ചൂഷണത്തിന്റെ അടിവേരറുത്തത്.

ജന്മിത്ത മുതലാളിത്ത ഭൂപ്രഭുക്കള്‍ അന്യരുടെ വിയര്‍പ്പുകൊണ്ട് സുഖിക്കുന്ന ചൂഷകരാണ്. കര്‍ഷക ജനസാമാന്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണ് ഇവരുടെ ലക്ഷ്യങ്ങള്‍. ഭൂരഹിതരായ കര്‍ഷക തൊഴിലാളികള്‍ക്കും ആവശ്യത്തിന് ഭൂമിയില്ലാത്ത കൃഷിക്കാര്‍ക്കും ലഭിക്കേണ്ടുന്ന ഭൂമിയാണ് ചൂഷകവര്‍ഗം കൈയടക്കിയത്. അത്തരത്തില്‍ ഭൂപ്രഭുക്കന്മാരുടെ കൈയിലുള്ള ഭൂമി മുഴുവന്‍ പിടിച്ചെടുത്ത് കര്‍ഷകത്തൊഴിലാളികള്‍ക്കും കൃഷിക്കാര്‍ക്കും വിതരണംചെയ്യുക എന്നതിലാണ് വിപ്ലവകരമായ ഭൂപരിഷ്കരണത്തിന്റെ ഊന്നല്‍. വര്‍ഗപരമായ ഈ കാഴ്ചപ്പാടിനെ പ്രാവര്‍ത്തികമാക്കാനാണ് ഇ എം എസിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ പ്രയത്നിച്ചത്. ഭൂപരിഷ്കരണത്തിന്റെ വഴികളിലൂടെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ മുന്നേറിയപ്പോള്‍ ജന്മിത്വ ഭൂപ്രഭുത്വത്തെ ഇല്ലാതാക്കുന്നതിന് സാധിച്ചു എന്നത് നേട്ടമാണ്. 57ല്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കുടിയൊഴിപ്പിക്കല്‍ ഓഡിനന്‍സ് പ്രഖ്യാപിച്ചു. അന്ന് 7.5 ലക്ഷം ഏക്കര്‍ ഭൂമി മിച്ചമുള്ളതായി കണക്കാക്കി. അത് കൃഷിക്കാര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും വിതരണംചെയ്യാന്‍ ഭൂപരിഷ്കരണ നിയമമടക്കമുള്ള നടപടികളുമായി മുന്നോട്ടുപോവുമ്പോഴാണ് 1959 ജൂലൈ 31ന് ഇ എം എസ് മന്ത്രിസഭ അധികാരത്തില്‍നിന്ന് പോയത്. പിന്നീട് 1967 മാര്‍ച്ച് ആറിനാണ് ഇ എം എസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തില്‍ വന്നത്. ആ സര്‍ക്കാര്‍ ഭൂപരിഷ്കരണ നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ 7.5 ലക്ഷത്തില്‍നിന്ന് രണ്ടു ലക്ഷത്തോളമായി മിച്ചഭൂമിയുടെ വിസ്തൃതി കുറഞ്ഞത് മനസിലാക്കി. കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍നിന്ന് പോയ ഇടവേളയില്‍ പത്ത് ലക്ഷത്തോളം ഭൂമി കൈമാറ്റമാണ് സംസ്ഥാനത്ത് നടന്നത്. ഇഷ്ടദാനാധാരങ്ങള്‍ വഴി ബിനാമികളുടെ പേരില്‍ ഭൂമി നിലനിര്‍ത്തിയ ഭൂപ്രഭുക്കന്മാരുടെ നടപടി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ 1957 ഡിസംബര്‍ 18 മുതല്‍ സംസ്ഥാനത്ത് നടന്ന എല്ലാ ഭൂമികൈമാറ്റവും മരവിപ്പിക്കാനുള്ള നിയമനിര്‍മാണം നടപ്പാക്കി കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയ്ക്ക് വിടാന്‍ കമ്യൂണിസ്റ്റ് മന്ത്രിസഭ തയ്യാറായി. തുടര്‍ന്ന് 1969ല്‍ കാര്‍ഷിക ഭൂപരിഷ്കരണ ഭേദഗതി നിയമം നടപ്പാക്കിയാണ് മന്ത്രിസഭ രാജിവയ്ക്കുന്നത്. തുടര്‍ന്ന് അധികാരത്തില്‍ വന്ന കുറുമുന്നണി മന്ത്രിസഭ ഭൂപരിഷ്കരണ നിയമം നടപ്പാക്കാന്‍ ഒരുവിധ ഇടപെടലുകളും സ്വമനസ്സാലേ നടത്തിയില്ല. 69ല്‍ കൊണ്ടുവന്ന ഭൂപരിഷ്കരണ ഭേദഗതി നിയമത്തെ പരാജയപ്പെടുത്താനും ഫ്യൂഡല്‍ വ്യവസ്ഥിതിയെ സംരക്ഷിക്കാനും ബൂര്‍ഷ്വാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചു. കേരള നിയമസഭ പാസാക്കിയ നിയമത്തിന് പ്രസിഡന്റിന്റെ അംഗീകാരം നല്‍കാതെ നീട്ടിക്കൊണ്ടുപോകുന്നതിന് കോണ്‍ഗ്രസ് പാര്‍ടിയും കൂട്ടാളികളും നടത്തിയ പരിശ്രമങ്ങള്‍ ചരിത്രത്തിലുണ്ട്. ആ സാഹചര്യത്തിലാണ് ഭൂപരിഷ്കരണ ഭേദഗതി നിയമപ്രകാരമുള്ള ഭൂരഹിതന്റെ ഭൂമിയിലുള്ള അവകാശം സ്ഥാപിക്കാനും അത് സംരക്ഷിക്കാനും ആഹ്വാനം നല്‍കി എ കെ ജിയുടെയും ഇ എം എസിന്റെയും നേതൃത്വത്തില്‍ കര്‍ഷക കര്‍ഷക തൊഴിലാളികള്‍ പോരാട്ടത്തിനിറങ്ങിയത്. ആലപ്പുഴ അറവുകാട് ക്ഷേത്രമൈതാനിയില്‍ 1969 ഡിസംബര്‍ 14ന് ചേര്‍ന്ന മഹാസമ്മേളനം ചരിത്രമായി മാറി. അഞ്ചുലക്ഷത്തിലേറെ പേര്‍ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആലപ്പുഴയിലെത്തി. 'ക്രിയാത്മകമായ ഒരു സമരത്തിന് രൂപം നല്‍കാനാണ് നാം ഇന്നിവിടെ സമ്മേളിക്കുന്നത്. ഈ സമ്മേളനം എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കുന്നതോടെ കേരളത്തിലെ കാര്‍ഷികരംഗത്ത് വലിയ പരിവര്‍ത്തനം വരും. സംഘടിതമായ മുന്നേറ്റംകൊണ്ട് സ്വയം നടപ്പാക്കുക അല്ലാതെ ഭൂപരിഷ്കരണ ഭേദഗതി നിയമം അനുവദിക്കുന്ന അവകാശം സ്ഥാപിക്കാന്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ല. അതുകൊണ്ട് സമരത്തിലധിഷ്ഠിതമായ ഒരു പരിപാടിക്ക് രൂപം നല്‍കാന്‍ നാം നിര്‍ബന്ധിതരായിരിക്കുന്നു'&ൃറൂൗീ;എന്ന് ആമുഖമായി പറഞ്ഞാണ് എ കെ ജി മുന്‍കൂട്ടി തയ്യാറാക്കിയ രേഖ മഹാസമ്മേളനത്തില്‍ അവതരിപ്പിച്ചത്. സര്‍ക്കാര്‍ നടപ്പാക്കിയാലും ഇല്ലെങ്കിലും ഭൂപരിഷ്കരണ ഭേദഗതി നിയമം നടപ്പായതായി കണക്കാക്കി ഭൂമിയില്‍ അവകാശം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് 1970 ജനുവരി ഒന്നുമുതല്‍ സമരം തുടങ്ങിയതും ആ സമരച്ചൂടില്‍ ഉരുകിപ്പോയ സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായതും ചരിത്രമാണ്. ഈ സമരത്തിന്റെ ഭാഗമായി കേരളത്തിലങ്ങോളമിങ്ങോളം 18 സഖാക്കളാണ് രക്തസാക്ഷിത്വം വരിച്ചത്. കേരളത്തില്‍ സമഗ്രമായ കാര്‍ഷിക പരിഷ്കരണ നടപടികള്‍ ആവിഷ്കരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇടതുപക്ഷ സര്‍ക്കാരുകള്‍ വിവിധ സന്ദര്‍ഭങ്ങളില്‍ നിയമനിര്‍മാണങ്ങള്‍ നടത്തിയത്. കര്‍ശനമായ ഭൂപരിധി വകുപ്പുകള്‍ കേരളത്തിലെ ഭൂനിയമത്തിന്റെ സവിശേഷതയായിരുന്നു. ഇങ്ങനെ നിര്‍ണയിച്ചിരുന്ന മിച്ചഭൂമി എന്തുകൊണ്ട് ഭൂരഹിതര്‍ക്ക് ലഭ്യമായില്ല എന്നത് ഒരു നീണ്ടകഥയാണ്. കേന്ദ്രസര്‍ക്കാര്‍ ഭൂനിയമം നടപ്പാക്കുന്നതില്‍ സൃഷ്ടിച്ച കാലവിളംബവും വിമോചനസമരവും പി ടി ചാക്കോയുടെ ബില്ലു മുതല്‍ കെ എം മാണിയുടെ ഇഷ്ടദാനബില്ലുവരെ നീളുന്ന വെള്ളം ചേര്‍ക്കല്‍ വിദ്യയും എല്ലാംകൂടി ഈ നാട്ടിലെ പാവപ്പെട്ട കൃഷിക്കാര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും ലഭ്യമാകേണ്ടിയിരുന്ന കൃഷിഭൂമി ഇല്ലാതാക്കി. ഏറ്റെടുത്ത് വിതരണംചെയ്യാന്‍ കഴിഞ്ഞ തുച്ഛമായ മിച്ചഭൂമിയൊഴിച്ചാല്‍ ഇവര്‍ക്ക് ഭൂപരിഷ്കരണം മൂലം ലഭിച്ച ഭൂമി കുടികിടപ്പവകാശം മാത്രമായി ചുരുങ്ങി. ഇതിനു കാരണക്കാരായ കോണ്‍ഗ്രസ് പാര്‍ടിയെയും അവരുടെ സര്‍ക്കാരിനെയും തൊലിയുരിച്ചു കാണിക്കുന്നതിനു പകരം തീവ്ര ഇടതുപക്ഷക്കാരും ദളിത് ആക്ടിവിസ്റ്റുകള്‍ എന്ന് അവകാശപ്പെടുന്നവരും ചില അരാഷ്ട്രീയ ബുദ്ധിജീവികളും ഇടതുപക്ഷ പ്രസ്ഥാനങ്ങളെ കരിതേയ്ക്കുന്നതിന് ഭൂസമരത്തിന്റെ കാലാവസ്ഥയെ ഉപയോഗിച്ചു. മാധ്യമങ്ങള്‍ അതിന് കൂട്ടുനിന്നു. ഈ ഭൂസമരം നാട്ടിന്‍പുറങ്ങളിലാണ് സംഘടിപ്പിക്കപ്പെട്ടത്. മിച്ചഭൂമികളിലേറെയും അവിടെയായിരുന്നു. കുറച്ചു കാലമായി മാര്‍ക്സിസ്റ്റ് പാര്‍ടിക്കെതിരായും വര്‍ഗബഹുജന സംഘടനകളെ ലക്ഷ്യംവച്ചും അക്രമങ്ങള്‍ സംഘടിപ്പിക്കുന്ന മേല്‍ സൂചിപ്പിച്ച വിഭാഗം, തൊഴിലാളി വര്‍ഗ വിഭാഗം ഈ പ്രസ്ഥാനത്തില്‍നിന്ന് ചോര്‍ന്നുപോവുന്നെന്ന് വ്യാപകമായി പ്രചരിപ്പിച്ചു വരുന്നുണ്ട്. അവരുടെ പ്രചാരണം വെറുതെയാണെന്ന് ഭൂസമരം വിളിച്ചുപറഞ്ഞു. ചെങ്കൊടിയേന്തിയ തൊഴിലാളികള്‍ മിച്ചഭൂമിയില്‍ പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങള്‍ചാനലുകളില്‍ വന്നു. കുത്തകപ്പത്രങ്ങള്‍വരെ തൊഴിലാളിമുന്നേറ്റത്തിന്റെ ഫോട്ടോകള്‍ പ്രസിദ്ധീകരിക്കാന്‍ നിര്‍ബന്ധിതരായി. അതിശക്തമായ പ്രക്ഷോഭങ്ങള്‍ ഇനി സംഘടിപ്പിക്കാന്‍ സാധിക്കില്ലെന്ന് ആണയിടുന്ന തീവ്ര വലതുപക്ഷത്തിന്റെ നാവിറങ്ങിപ്പോവുന്ന രീതിയിലുള്ള പ്രക്ഷോഭമായി മാറി ഭൂസമരം.

ഈ സമരത്തില്‍ 2,39,334 സഖാക്കളാണ് പങ്കെടുത്തത്. ഇതില്‍ ഒരുലക്ഷത്തില്‍പ്പരം പേര്‍ ഭൂമിയില്‍ പ്രവേശിച്ച് കുടില്‍ കെട്ടി താമസിച്ച സമരവളന്റിയര്‍മാരായിരുന്നു. സമരത്തിന്റെ രണ്ടാം ഘട്ടം ആറുദിവസം പിന്നിട്ടപ്പോള്‍ 5653 കുടിലുകളാണ് മിച്ചഭൂമിയില്‍ ഉയര്‍ന്നത്. ചരിത്രം ആവശ്യപ്പെട്ടാല്‍ ഏത് സമരത്തിനും ജനങ്ങള്‍ അണിനിരക്കും എന്നതിന്റെ ഉദാഹരണമായി മാറി ഭൂസമരം. ഈ സമരത്തിന്റെ ഭാഗമായുണ്ടായ മറ്റൊരു ഗുണം ആട്ടില്‍തോലണിഞ്ഞ ചില ചെന്നായ്ക്കളെ തിരിച്ചറിയാന്‍ സാധിച്ചു എന്നതാണ്. വലതുപക്ഷക്കാരേക്കാള്‍ വലിയ വലതുപക്ഷ വാദങ്ങള്‍ പുറത്തെടുത്ത് സമരത്തിനെതിരെ അണിനിരന്ന തീവ്ര ഇടതുപക്ഷക്കാരാണ് അവര്‍. അവര്‍ ഭൂസമരത്തിന്റെ ആവശ്യകതയെയും അതിന്റെ വര്‍ഗസ്വഭാവത്തെയും കാണാന്‍ തയ്യാറായില്ല. വലതുപക്ഷത്തേക്കാള്‍ വലിയ വലതുഭക്തി പ്രകടിപ്പിച്ച് അവര്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലെ സ്ഥാനം ഉറപ്പിച്ചു. ഭൂസമരം ആരംഭിക്കുന്നതിനു മുമ്പ് ഭൂസംരക്ഷണ സമിതിയുടെ നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് ഭൂസമരത്തിന്റെ ആവശ്യകതയും മുദ്രാവാക്യത്തിന്റെ പ്രസക്തിയും ധരിപ്പിച്ചു. പിന്നീട് സമരം തുടങ്ങിയതിന് ശേഷമാണ് സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് റവന്യൂമന്ത്രിയുമായും ജനുവരി 16ന് മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തിയത്. ഭൂസമരത്തിന്റെ മുദ്രാവാക്യങ്ങള്‍ മുന്നില്‍വച്ച് നടത്തിയ ചര്‍ച്ചയില്‍ മിച്ചഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണംചെയ്യാന്‍ ധാരണയായി. ഭൂരഹിതരായ ആദിവാസികള്‍ക്ക് ഒരേക്കര്‍വരെ ഭൂമി നല്‍കുന്നതിനും ഭൂപ്രദേശങ്ങളുടെ ലഭ്യതയും നല്‍കുന്ന സ്ഥലവും പരിഗണിച്ച് ഭൂരഹിതരായ മറ്റുള്ളവര്‍ക്ക് മൂന്ന് സെന്റുമുതല്‍ കൂടുതല്‍ അളവില്‍ ഭൂമി വിതരണംചെയ്യുമെന്നും നെല്‍വയല്‍ നികത്താന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും ഭൂമാഫിയ വാങ്ങിക്കൂട്ടിയ ഏക്കര്‍ കണക്കിന് ഭൂമിയെപ്പറ്റി പരിശോധിച്ച് അവയും ഏറ്റെടുക്കുന്ന പ്രക്രിയ ആരംഭിക്കുമെന്നും തീരുമാനത്തിലെത്തി.

ഭൂസംരക്ഷണ സമിതിയുടെ കൈയിലുള്ള ഇത്തരം ഭൂമിയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിക്ക് കൈമാറാനും ധാരണയായി. 15 ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശം വയ്ക്കുന്ന സ്വകാര്യ ഭൂ ഉടമസ്ഥരെക്കുറിച്ചുള്ള പരാതി അതത് ജില്ലാകലക്ടര്‍മാര്‍ക്ക് നല്‍കിയാല്‍ അവര്‍ പരിശോധിച്ച് നടപടിയെടുക്കുന്നതിന് നിര്‍ദേശം നല്‍കും. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം കര്‍ശനമായി നടപ്പാക്കും. നെല്‍വയലുകള്‍ ക്രയവിക്രയം ചെയ്യുമ്പോള്‍ തുടര്‍ന്നും നെല്‍കൃഷി നടത്താന്‍ താല്‍പ്പര്യമുള്ളവര്‍ക്കു മാത്രമേ വില്‍ക്കാന്‍ പാടുള്ളു എന്ന നിയമ നിര്‍മാണം നടത്താനുള്ള നടപടി സ്വീകരിക്കും. ഭൂമി തരിശിടാന്‍ അനുവദിക്കാത്ത രീതിയില്‍ ഇടപെടലുകള്‍ നടത്തും. പരിസ്ഥിതിക്ക് ഹാനികരമായ വിധം പ്രകൃതിദത്തമായ ഭൂഘടന മാറ്റുന്ന തരത്തിലുള്ള ഭൂപരിവര്‍ത്തനങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കും. തോട്ടം ഭൂമിയുടെ അഞ്ച് ശതമാനം ടൂറിസം ഉള്‍പ്പെടെയുള്ള മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്ന വ്യവസ്ഥ അഞ്ച് ശതമാനത്തിലെ പത്ത് ശതമാനമായി പുനര്‍നിര്‍ണയിക്കും. അവിടെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ സ്ഥാപിക്കാന്‍ പാടില്ലെന്ന സമരസമിതിയുടെ നിര്‍ദേശവും സര്‍ക്കാര്‍ അംഗീകരിച്ചു. ഭൂരഹിതരായി ഇനിയും ബാക്കിയുള്ളവര്‍ ഭൂമിക്കുവേണ്ടി അപേക്ഷ നല്‍കുന്നതിനുള്ള സമയം ഫെബ്രുവരി 15 വരെയാക്കി നിജപ്പെടുത്തി. ഭൂസമരം തീര്‍ത്തും സമാധാനപരമായിരുന്നു എന്ന് ചര്‍ച്ചയില്‍ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സമരത്തിന്റെ ഭാഗമായി എടുത്ത എല്ലാ കേസുകളും പിന്‍വലിക്കാനും ധാരണയായി.

ഭൂസമരം വിജയിക്കുമ്പോള്‍, അത് പഴയകാല ഭൂസമരത്തെക്കുറിച്ചുള്ള ഓര്‍മകളിലൂന്നി നിന്നുള്ള പുതുകാല പ്രയോഗമായി മാറി എന്നതില്‍ സംശയമില്ല. ഭൂസമരത്തിന്റെ ഭാഗമായി എത്തിച്ചേര്‍ന്ന ധാരണയില്‍ നിന്ന് പിന്നോക്കം പോകാനോ അതില്‍ വെള്ളം ചേര്‍ക്കാനോ ശ്രമിച്ചാല്‍ അതിനെ ശക്തമായി നേരിടാന്‍ കൂടിയാണ് എല്ലാ തലങ്ങളിലുമുള്ള ഭൂസംരക്ഷണ സമിതിയെ നിലനിര്‍ത്തുന്നത്. പാവങ്ങളുടെ കൂടെ, നിരാലംബരുടെ കൂടെ, ആദിവാസികളും ദളിതരുമടങ്ങുന്ന ദുര്‍ബല ജനവിഭാഗങ്ങളുടെ കൂടെ ഈ നാട്ടിലെ തൊഴിലാളിവര്‍ഗ പ്രസ്ഥാനം മാത്രമേയുള്ളു എന്നതിന്റെ തെളിവുകൂടിയായി ഭൂസമരം. കേരളത്തിന്റെ പൊതുവായ വികസനം എത്തിപ്പെടാത്ത വിഭാഗങ്ങള്‍ക്ക് അവ എത്തിക്കുന്നതിനുള്ള പോരാട്ടത്തിന്റെ ഭാഗമായിരുന്നു ഈ മുന്നേറ്റം. ഭൂസമരം ഒരു വര്‍ഗസമര പ്രയോഗമായിരുന്നു. ഭൂമിയെ ലാഭാധിഷ്ഠിതമായി നോക്കിക്കാണുന്ന കാഴ്ചപ്പാടിന് പകരം വരുംതലമുറയ്ക്ക് കൂടി ജീവിക്കാനുതകുന്ന വിധത്തില്‍ മണ്ണിനെ നിലനിര്‍ത്താനുള്ള തൊഴിലാളിവര്‍ഗത്തിന്റെ വര്‍ഗസമരം.

Tuesday, January 1, 2013

ഭൂസമരം അതിജീവനത്തിനായി

ഭൂസമരം അതിജീവനത്തിനായി

കോടിയേരി ബാലകൃഷ്ണന്‍

(ദേശാഭിമാനിയിൽ നിന്ന്)

ഭൂപരിഷ്കരണ നിയമം അട്ടിമറിക്കുന്നതിനെതിരെ 2013 ജനുവരി ഒന്നുമുതല്‍ കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും ആദിവാസി പട്ടികജാതി ജനവിഭാഗങ്ങളും പ്രത്യക്ഷ സമരത്തിനിറങ്ങുകയാണ്. സമരത്തില്‍ പങ്കെടുക്കുന്ന ഒരു ലക്ഷത്തിലേറെ വളന്റിയര്‍മാരെ റിക്രൂട്ട് ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഭൂപരിഷ്കരണം അട്ടിമറിച്ച് അനധികൃതമായി കൈവശം വയ്ക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ലെങ്കില്‍ അത്തരം ഭൂമിയില്‍ ഭൂരഹിതരെ അണിനിരത്തി കുടില്‍കെട്ടി താമസിച്ചുള്ള സമരം തുടങ്ങി വിവിധ രൂപത്തിലുള്ള പ്രക്ഷോഭ പരിപാടികളാണ് സമരസമിതി പ്രഖ്യാപിച്ചിട്ടുള്ളത്. 1970കള്‍ക്ക് ശേഷം കേരളത്തിലെ കാര്‍ഷികമേഖലയില്‍ നടക്കുന്ന ഏറ്റവും ശക്തമായ ഭൂസമരമായിരിക്കും ഇത്.

1957ല്‍ അധികാരത്തില്‍ വന്ന ഇ എം എസ് സര്‍ക്കാരാണ് എല്ലാവിധ കുടിയൊഴിപ്പിക്കലും നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. അതിലൂടെ കുടിയാന്മാര്‍ക്ക് ഭൂമിയുടെ അവകാശം ലഭിക്കുന്നതിനും കുടികിടപ്പുകാര്‍ക്ക് കുടികിടപ്പവകാശം ലഭ്യമാകുന്നതിനും പട്ടികജാതി ജനവിഭാഗങ്ങള്‍ക്കും മറ്റു പിന്നോക്ക ജനവിഭാഗങ്ങള്‍ക്കും ഭൂമിയുടെ ഉടമാവകാശം ലഭിക്കുന്നതിനുമുള്ള നിയമ നടപടികള്‍ക്ക് തുടക്കംകുറിച്ചു. 1959ല്‍ കേരളഭൂപരിഷ്കരണ ബില്‍ നിയമസഭ പാസാക്കി പ്രസിഡന്റിന്റെ അംഗീകാരത്തിന് അയച്ചു. കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആ ബില്ലിന് അംഗീകാരം കൊടുക്കാതെ തിരിച്ചയക്കുകയും 1959 ജൂലൈ 31ന് ഇ എം എസ് സര്‍ക്കാരിനെ പിരിച്ചുവിടുകയുമാണ് ചെയ്തത്. തുടര്‍ന്ന് സംസ്ഥാനത്ത് അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍, ഭൂപരിഷ്കരണ നിയമത്തെ വികലമാക്കിയുള്ള ബില്ലവതരിപ്പിച്ച് പാസാക്കുകയും മിച്ചഭൂമി തിരിമറി നടത്തുന്നതിനുള്ള അന്തരീക്ഷം ഒരുക്കുകയും ചെയ്തു. 1957ലും 60നുമിടയില്‍ നടന്ന 10 ലക്ഷം കൈമാറ്റങ്ങളടക്കം ഭൂപരിധി വ്യവസ്ഥയെ അട്ടിമറിക്കാന്‍ നടത്തിയിട്ടുള്ള നടപടികള്‍ക്കെല്ലാം നിയമപ്രാബല്യം നല്‍കുകയാണ് ആര്‍ ശങ്കര്‍ മന്ത്രിസഭ ചെയ്തത്. ഇഷ്ടദാന വ്യവസ്ഥ ഉപയോഗിച്ച് ഭൂമി തിരിമറിചെയ്യുന്നതിന് അന്നത്തെ സര്‍ക്കാര്‍ കൂട്ടുനിന്നു. പിന്നീട് വന്ന ഇ എം എസ് സര്‍ക്കാരാണ് ഇതിന് മാറ്റം വരുത്തിയത്.

1967ലെ ഇ എം എസ് സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്കരണ നിയമഭേദഗതി വഴി 28 ലക്ഷം കുടിയാന്മര്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശവും 5.3 ലക്ഷം പേര്‍ക്ക് കുടികിടപ്പവകാശവും ലഭിച്ചു. 2,99,569 കുടുംബത്തിന് ഭൂമിയുടെ പട്ടയം സ്വന്തമായി. ഇതില്‍ 58,923 കുടുംബം പട്ടികജാതി വിഭാഗത്തില്‍ പെട്ടവരായിരുന്നു. ഭൂപരിഷ്കരണ നടപടിയുടെ ഭാഗമായി ജന്മിത്വഭൂപ്രഭുത്വം ഇല്ലാതാക്കി. കര്‍ഷക ജനസാമാന്യത്തിന്റെ വരുമാനത്തെ ഗണ്യമായി ഉയര്‍ത്തുന്നതിനും ജാതിമേധാവിത്വത്തിന്റെ അടിത്തറ ഇളക്കുന്നതിനും ഇത് സഹായകമായി. സാമൂഹ്യമായ ഉച്ചനീചത്വം ഒരു പരിധിവരെ കുറയ്ക്കുന്നതിനും ഭൂപരിഷ്കരണ നിയമഭേദഗതി നിമിത്തമായി. ഇതിന് നേതൃത്വം നല്‍കിയ ഇ എം എസ് സര്‍ക്കാരിനെ അട്ടിമറിച്ച് 1969ല്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ രൂപംകൊണ്ട് സര്‍ക്കാര്‍ ഭൂപരിഷ്കരണ നിയമത്തില്‍ പ്രതിലോമകരങ്ങളായ നിരവധി ഭേദഗതികള്‍ വരുത്തി. 1980ല്‍ ഇ കെ നായനാര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതുവരെ മിച്ചഭൂമി തിരിമറി നടത്തുന്നതിനും കാര്‍ഷിക ഭൂപരിഷ്കരണ നടപടികളെ തകര്‍ക്കുന്നതിനുമാണ് കോണ്‍ഗ്രസ് ശ്രമിച്ചത്.

ഭൂപരിഷ്കരണ നിയമംവഴി ഇ എം എസ് സര്‍ക്കാര്‍ ലക്ഷ്യമിട്ടകാര്യങ്ങള്‍ പൂര്‍ണതയിലെത്താതെ പോയതിനുകാരണം ഇടയ്ക്കിടെ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ വഴിവിട്ട ഇടപെടലുകളായിരുന്നു. 1959ല്‍ 7.5 ലക്ഷം ഏക്കര്‍ മിച്ചഭൂമി ഉണ്ട് എന്ന് കണക്കാക്കിയ സ്ഥാനത്ത് ഒന്നര ലക്ഷത്തോളം ഏക്കര്‍ഭൂമി മാത്രമാണ് ഏറ്റെടുക്കാന്‍ സാധിച്ചത്. അവശേഷിക്കുന്ന ഭൂമിയെല്ലാം തിരിമറി നടത്താനും കോടതിയില്‍ കേസുകളിലൂടെ ചോദ്യംചെയ്യാനുമുള്ള അവസരമാണ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ സൃഷ്ടിച്ചത്. 57ന് ശേഷമുള്ള 55 വര്‍ഷത്തിനിടയില്‍ 20 വര്‍ഷം മാത്രമാണ് ഇടതു സര്‍ക്കാരുകള്‍ കേരളം ഭരിച്ചത്. 35 വര്‍ഷം ഭരണം നടത്തിയ വലതുപക്ഷ സര്‍ക്കാരിന്റെ ബോധപൂര്‍വമായ ഇടപെടലുകളാണ് ഭൂപരിഷ്കരണംവഴി ലഭ്യമാകേണ്ട നേട്ടങ്ങള്‍ പട്ടികജാതി വര്‍ഗ ജനവിഭാഗങ്ങള്‍ക്ക് നഷ്ടമാക്കിയത്.

മുന്നോക്ക, പിന്നോക്ക ജനവിഭാഗത്തില്‍പ്പെട്ടവരും വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവരുമായ മൂന്നു ലക്ഷത്തോളം കുടുംബം ഇപ്പോഴും ഒരുതുണ്ട് ഭൂമിപോലും കൈവശമില്ലാത്തവരാണ്. ഇവര്‍ക്കെല്ലാം ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടിയാണ് 200611ലെ വി എസ് സര്‍ക്കാര്‍ തുടക്കംകുറിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഭാഗമായി 25,500 ആദിവാസി കുടുംബത്തിന് 30,000 ഏക്കര്‍ഭൂമി വിതരണംചെയ്തു. അവശേഷിക്കുന്ന ഭൂമിയില്ലാത്ത പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുന്നതിനായി പൊന്നിന്‍ വിലയ്ക്ക് ഭൂമി ഏറ്റെടുക്കാന്‍ 50 കോടി രൂപ അനുവദിച്ചു. കേന്ദ്ര വനാവകാശ നിയമപ്രകാരം 6800 കുടുംബത്തിന് ഭൂമി നല്‍കി. 2011ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നോട്ടുവച്ച പ്രകടനപത്രികയില്‍, ഭൂരഹിതരായ എല്ലാവര്‍ക്കും ഭൂമി നല്‍കുന്നതിനുള്ള ക്രിയാത്മകമായ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഭൂമിയും വീടും വെള്ളവും വെളിച്ചവും റോഡ് സൗകര്യവും എല്ലാവര്‍ക്കും ലഭ്യമാക്കത്തക്ക വിധത്തിലുള്ള പദ്ധതിയാണ് എല്‍ഡിഎഫ് പ്രഖ്യാപിച്ചത്. എന്നാല്‍, അധികാരത്തില്‍വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭൂരഹിതര്‍ക്ക് വേണ്ടി സംസാരിക്കുകയും ഭൂമിവാങ്ങി കൂട്ടുന്നവരെ സഹായിക്കുകയുമാണ് ചെയ്യുന്നത്. കേരളത്തിലെ ഭൂവ്യവസ്ഥയില്‍ മുതലാളിത്ത കേന്ദ്രീകരണം നടത്താനാണ് യുഡിഎഫ് പരിശ്രമിക്കുന്നത്. ധനമൂലധന ശക്തികള്‍ കേരളത്തിലെ ഭൂമി കൈവശമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഇതുവഴി നാട്ടിന്‍പുറങ്ങളിലെ വര്‍ഗബന്ധങ്ങളില്‍ത്തന്നെ മാറ്റങ്ങള്‍ വരും. ജന്മിത്വ ഭൂപ്രഭുത്വത്തിനു പകരം മുതലാളിത്ത ഭൂപ്രഭുത്വം സ്ഥാപിക്കപ്പെടും.

ഭൂപരിഷ്കരണ നിയമപ്രകാരം ഒരു കുടുംബത്തിന് പരമാവധി 15 ഏക്കര്‍ ഭൂമി മാത്രമേ കൈവശംവയ്ക്കാന്‍ പാടുള്ളൂ. എന്നാല്‍, പലരും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടുകയാണ്. ഇങ്ങനെയുള്ള അനധികൃത ഭൂമി കണ്ടെത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങളെല്ലാം യുഡിഎഫ് സര്‍ക്കാര്‍ ഉപേക്ഷിച്ചു. 15 ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശം വയ്ക്കുന്നവരുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം. അനധികൃതമായി കൈവശംവയ്ക്കുന്ന തോട്ടഭൂമികളും പിടിച്ചെടുക്കണം. പാട്ടത്തിനെടുത്ത ഭൂമിയില്‍ തോട്ടക്കൃഷി ചെയ്യാതെ മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് കണ്ടെത്തണം. അവ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറായാല്‍ കേരളത്തില്‍ ഭൂരഹിതരായിട്ടുള്ള എല്ലാവര്‍ക്കും ഭൂമി ലഭ്യമാക്കാന്‍ സാധിക്കും. രണ്ടും മൂന്നും സെന്റിലായി കോളനികളില്‍ തളച്ചിടപ്പെട്ട കുടുംബങ്ങള്‍ക്ക് സൈ്വര്യമായി താമസിക്കാനുള്ള സ്ഥലവും വീടും നല്‍കാന്‍ കഴിയും. ഇതിനുള്ള നടപടി സ്വീകരിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പകരം ഭൂപരിഷ്കരണനിയമത്തില്‍ ഭേദഗതി വരുത്തി തോട്ടംഭൂമിയില്‍ അഞ്ചുശതമാനം ടൂറിസം ഉള്‍പ്പെടെയുള്ള ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കി. ഇതിന്റെ ഭാഗമായി ഒരു ലക്ഷത്തോളം ഏക്കര്‍ ഭൂമിയാണ് റിയല്‍ എസ്റ്റേറ്റുകാരുടെ കൈവശം എത്താന്‍ പോകുന്നത്. 15 ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശംവയ്ക്കുന്നവര്‍ക്ക് ഭൂപരിധി നിയമത്തില്‍ ഇളവ് ലഭിക്കുന്നതിന് കാഷ്യു എസ്റ്റേറ്റുകള്‍ ഭൂപരിധി നിയമത്തില്‍നിന്ന് ഒഴിവാക്കി നിയമഭേദഗതി ചെയ്തു. ഇതിന്റെ ഫലമായി ഒരു ഹെക്ടര്‍ ഭൂമിയില്‍ 150 കശുമാവിന്‍ തൈ വച്ചുപിടിപ്പിച്ച് ഭൂപരിധി നിയമത്തെ മറികടക്കാന്‍ ഭൂഉടമകള്‍ക്ക് സാധിക്കും. ഈ നിയമ ഭേദഗതി റദ്ദാക്കാനാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ തുടര്‍ച്ചയായി ഇടപെടുന്നത്. എന്നാല്‍, പ്രഖ്യാപിത നടപടികളുമായി മുന്നോട്ടുപോകുമെന്ന ധിക്കാരപരമായ സമീപനമാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുന്നതിന് 2008ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നു. ആ നിയമത്തിനു വിരുദ്ധമായി 2005ന് മുമ്പ് വയല്‍ നികത്തി കരഭൂമിയാക്കിയതിനെല്ലാം അംഗീകാരം നല്‍കി യുഡിഎഫ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. അതോടെ ഏകദേശം 50,000 ഏക്കര്‍ ഭൂമി റിയല്‍ എസ്റ്റേറ്റുകാരുടെ കൈവശം എത്തും. അവശേഷിക്കുന്ന നെല്‍വയലുകള്‍ ഇതിന്റെ മറവില്‍ വ്യാപകമായി നികത്തുക എന്നതാണ് ഭൂമാഫിയയുടെ ലക്ഷ്യം.

വയലുകള്‍ നികത്തുന്നതും കുന്നുകളും മലകളും ഇടിച്ചുനിരത്തുന്നതും തോട്ടംഭൂമിയില്‍ റിസോര്‍ട്ടുകള്‍ പണിയുന്നതും വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കാന്‍ പോകുന്നത്. പാട്ടക്കാലാവധി കഴിഞ്ഞതും പാട്ടവ്യവസ്ഥ ലംഘിച്ചതുമായ തോട്ടങ്ങള്‍ നിലവിലുള്ള തൊഴിലാളികളെ സംരക്ഷിച്ചുകൊണ്ട് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കോടതിയിലുള്ള കേസുകളെല്ലാം ഉടമകള്‍ക്കുവേണ്ടി തോറ്റുകൊടുക്കുന്നു. ഇത്തരത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നിലപാടുകളും നടപടിക്രമങ്ങളും ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് സ്വന്തമായ ആവാസകേന്ദ്രങ്ങളില്ലാത്ത സ്ഥിതിയിലേക്ക് കേരളത്തെ എത്തിക്കും. നിര്‍ദിഷ്ട ഭൂവിനിയോഗ ഭേദഗതി ബില്‍ നിയമമാക്കിയാല്‍ ഏത് കൃഷിഭൂമിയും വ്യവസായടൂറിസം ആവശ്യങ്ങള്‍ക്കായി സര്‍ക്കാരിന് ഏറ്റെടുത്ത് വ്യവസായ സംരംഭകര്‍ക്ക് ഏല്‍പ്പിക്കാന്‍ കഴിയും. ഈ പശ്ചാത്തലത്തിലാണ് ഭൂപരിഷ്കരണത്തിന്റെ കടമകള്‍ പൂര്‍ത്തീകരിക്കുന്നതിനും ഭൂപരിഷ്കരണത്തെ അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങളെ ചെറുക്കുന്നതിനും സംഘടിതമായ ജനകീയ സമരം കേരളത്തില്‍ ആരംഭിക്കുന്നത്.

ഭൂരഹിതര്‍ക്ക് സമയബന്ധിതമായി ഭൂമി നല്‍കുക, ഭൂവിതരണത്തില്‍ പട്ടികജാതിവിഭാഗത്തിന് മുന്‍ഗണന നല്‍കുക, പട്ടികവര്‍ഗകുടുംബത്തിന് ഒരേക്കര്‍ ഭൂമിയെങ്കിലും നല്‍കുക, കെട്ടിക്കിടക്കുന്ന മിച്ചഭൂമിക്കേസ് തീര്‍ക്കാന്‍ പ്രത്യേക കോടതികളെ ചുമതലപ്പെടുത്തുക, പാട്ടവ്യവസ്ഥ ലംഘിച്ചതും പാട്ടക്കാലാവധി കഴിഞ്ഞതുമായ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് തൊഴിലാളികളെ സംരക്ഷിക്കുക, എസ്റ്റേറ്റ് ഉടമകള്‍ അനധികൃതമായി കൈവശംവച്ച ഭൂമിയും കൃഷിചെയ്യാതെ കൈവശംവച്ച തോട്ടഭൂമിയും ഏറ്റെടുക്കുക, നാമമാത്രഭൂമിയില്‍ കൃഷിചെയ്ത് ഉപജീവനം നടത്തുന്ന കര്‍ഷകര്‍ക്ക് ഭൂമിക്ക് പട്ടയം നല്‍കുക, 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തടസംരക്ഷണനിയമം കര്‍ശനമായി നടപ്പാക്കുക, വയല്‍നികത്തല്‍ തടയുക, നെല്ലിന് താങ്ങുവിലയും കൃഷിക്ക് സബ്സിഡിയും ഉറപ്പാക്കുക, ഭൂമി തരിശ്ശിടാതിരിക്കുക, പരിസ്ഥിതിയെ ഹനിക്കുംവിധം ഭൂഘടന മാറ്റാതിരിക്കുക, കശുവണ്ടിത്തോട്ടങ്ങളെ പ്ലാന്റേഷന്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഭൂപരിഷ്കരണ നിയമഭേദഗതി റദ്ദാക്കുക, ബിനാമിപ്പേരില്‍ റിയല്‍എസ്റ്റേറ്റ് കച്ചവടക്കാരും കോര്‍പറേറ്റുകളും വാങ്ങിയ ഭൂമി മിച്ചഭൂമിയായി കണക്കാക്കി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഭൂപ്രക്ഷോഭത്തിലൂടെ ഉന്നയിക്കുന്നത്. ഈ പ്രക്ഷോഭം ആധുനിക കേരളത്തില്‍ നടക്കുന്ന ഒരു വര്‍ഗസമരമാണ്. പരിസ്ഥിതി സംരക്ഷണവും ഇന്നത്തെ കാലഘട്ടത്തില്‍ ഏറ്റെടുക്കേണ്ട ഒരു പ്രധാനപ്പെട്ട സാമൂഹ്യ ഉത്തരവാദിത്തമാണെന്ന തിരിച്ചറിവും ഭൂപ്രക്ഷോഭത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കും. ഭൂസമരത്തിന്റെ പ്രചാരണാര്‍ഥം ഡിസംബര്‍ 10ന് കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് സംഘടിപ്പിക്കുന്ന പ്രചാരണ ജാഥയിലൂടെയും ഇതിന്റെ ഭാഗമായി വില്ലേജ് അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന പദയാത്രകള്‍ വഴിയും കേരളത്തിലെ ജനങ്ങളിലാകെ സമരസന്ദേശം എത്തിക്കാനാണ് സമരസമിതി തീരുമാനിച്ചിട്ടുള്ളത്. ഈ സമരം അതിജീവനത്തിനായുള്ള സമരമാണ്. ഭാവിതലമുറയെ വിനാശത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടുന്നതിനെതിരായ ഈ ഭൂസമരം ഐതിഹാസിക വിജയമാക്കാന്‍ മണ്ണിനെയും മനുഷ്യരെയും സ്നേഹിക്കുന്ന എല്ലാവരും അണിചേരേണ്ടതുണ്ട്.
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്