വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Wednesday, June 5, 2013

ആശങ്കയോടെ ഒരധ്യയനവര്‍ഷം

ആശങ്കയോടെ ഒരധ്യയനവര്‍ഷം

എം ഷാജഹാന്‍
Posted on: 02-Jun-2013 11:21 PM
Posted on: 02-Jun-2013 11:21 PM

Posted on: 02-Jun-2013 11:21 PM
Posted on: 02-Jun-2013 11:21 PM
 ദേശാഭിമാനി, 2013 ജൂൺ 3
Posted on: 02-Jun-2013 11:21 PMദേശാഹിമാനി,
Posted on: 02-Jun-2013 11:21 PM
Posted on: 02-Jun-2013 11:21 PM
Posted on: 02-Jun-2013 11:21 PM
Posted on: 02-Jun-2013 11:21 PM

രണ്ടുവര്‍ഷത്തെ യുഡിഎഫ് ഭരണത്തിന്റെ കെടുതി ഏറ്റവും കൂടുതല്‍ ബാധിച്ചത് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെയാണ്. പൊതുവിദ്യാഭ്യാസ മേഖലയുടെ സര്‍വനാശം കണ്ടേ അടങ്ങൂവെന്ന വാശിയിലാണ് സര്‍ക്കാര്‍. സ്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന മികവുകളെ തകര്‍ക്കുക എന്നത് പ്രധാന അജന്‍ഡയായി മാറി. 40 ലക്ഷം കുട്ടികള്‍, രണ്ടുലക്ഷത്തോളം അധ്യാപകര്‍, എഇഒ ഓഫീസ് മുതല്‍ പൊതുവിദ്യാഭ്യാസ വകുപ്പുവരെയുള്ള ശക്തമായ ഭരണസംവിധാനങ്ങള്‍, ഐടി@സ്കൂള്‍, എസ്എസ്എ, ആര്‍എംഎസ്എ, സീമാറ്റ്, എസ്സിഇആര്‍ടി തുടങ്ങിയ അനുബന്ധ അക്കാദമിക സ്ഥാപനങ്ങള്‍ ഇതെല്ലാം കേരളത്തിലെ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ മികവുകളാണ്. ഇത്രയും വിപുലവും ശക്തവുമായ സംവിധാനത്തെ തകര്‍ക്കുന്ന സര്‍ക്കാര്‍നയം പൊതുവിദ്യാഭ്യാസത്തെ കടുത്ത പ്രതിസന്ധിയിലെത്തിച്ചു. കേരളത്തിലെ വിദ്യാഭ്യാസമേഖല അതിസങ്കീര്‍ണമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നത്.

അധ്യയനവര്‍ഷം ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളൊന്നും ഇതുവരെയും നടത്തിയിട്ടില്ല. ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ മുതല്‍ ഡെപ്യൂട്ടി ഡയറക്ടര്‍വരെയുള്ള തസ്തികകളില്‍ പ്രൊമോഷനുള്ള പ്രാഥമിക നടപടികള്‍പോലും ആരംഭിച്ചിട്ടില്ല. ഇതിന്റെ ഫലമായി 250 ഹൈസ്കൂളില്‍ ഹെഡ്മാസ്റ്റര്‍മാരില്ല. 20 ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ തസ്തികയും അഞ്ചു ഡെപ്യൂട്ടിഡയറക്ടര്‍ തസ്തികയും ഒഴിഞ്ഞുകിടക്കുന്നു. അക്കാദമിക് ചുമതലയുള്ള അഡീഷണല്‍ ഡിപിഐയുടെ തസ്തികയില്‍ ഒരുവര്‍ഷമായി ആളില്ല. 100 ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ പ്രിന്‍സിപ്പല്‍മാരില്ല. പ്രിന്‍സിപ്പല്‍ നിയമനത്തിനുള്ള സീനിയോറിറ്റി ലിസ്റ്റുപോലും പ്രസിദ്ധീകരിച്ചിട്ടില്ല. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ആര്‍എംഎസ്എ, എസ്എസ്എ എന്നിവിടങ്ങളില്‍ ഡയറക്ടര്‍മാരില്ലാതായിട്ട് ഒരുവര്‍ഷത്തിലേറെയായി. ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞവര്‍ഷം ആറു മാസത്തോളം പൊതുവിദ്യാഭ്യാസ വകുപ്പിന് പൂര്‍ണ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിപോലും ഇല്ലാത്ത അവസ്ഥയുണ്ടായി. ഐടി@സ്കൂള്‍ ഡയറക്ടര്‍ നിയമനവും പിരിച്ചുവിടലും അത്യന്തം അപമാനകരമായ അവസ്ഥയിലെത്തിനില്‍ക്കുന്നു.

ഏപ്രില്‍ 24 നാണ് എസ്എസ്എല്‍സി ഫലം പ്രസിദ്ധീകരിച്ചത്. ജൂണ്‍ ആദ്യവാരമായിട്ടും ഏകജാലക പ്രവേശന നടപടികള്‍ ആരംഭിച്ചിട്ടില്ല. നാലേമുക്കാല്‍ ലക്ഷത്തോളം കുട്ടികള്‍ സിബിഎസ്ഇയുടെ ഫലപ്രഖ്യാപനംവരെ പ്രവേശന നടപടികള്‍ക്കായി കാത്തിരിക്കേണ്ട ഗതികേടിലാണ്. ബോര്‍ഡ് പരീക്ഷയെഴുതിയ രണ്ടായിരത്തോളം കുട്ടികള്‍ക്കു വേണ്ടിയാണ് എസ്എസ്എല്‍സി പാസായ കുട്ടികളോട് സര്‍ക്കാര്‍ ഈ ക്രൂരത കാട്ടിയത്. പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി ജൂണ്‍ മൂന്നിന് ക്ലാസ് തുടങ്ങിയിരുന്ന ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ ജൂണ്‍മാസം മുഴുവന്‍ പഠനം മുടങ്ങുന്ന സ്ഥിതിവിശേഷമാണ്. കോടതിയില്‍പോലും സിബിഎസ്ഇ മാനേജ്മെന്റുകളുമായി സര്‍ക്കാര്‍ നടത്തിയ ഒത്തുകളിയുടെ ഫലമായി ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ പഠനം തുടക്കത്തിലേ പിഴച്ചു. രക്ഷിതാക്കള്‍ ഉള്‍പ്പെടെ കെഎസ്ടിഎ നേതാക്കള്‍ കേസ്കൊടുത്തതുകൊണ്ടാണ് കോടതിവിധി നമ്മുടെ കുട്ടികള്‍ക്കനുകൂലമായത്. വിദ്യാഭ്യാസ അവകാശനിയമം പ്രതിലോമകരമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്

അധ്യാപക വിദ്യാര്‍ഥി അനുപാതം കുറയ്ക്കാനുള്ള നിര്‍ദേശത്തെ ഗുണകരമായി പ്രയോജനപ്പെടുത്താന്‍ കഴിയുന്ന സംസ്ഥാനമാണ് കേരളം. ഇത് മുന്നില്‍കണ്ടാണ് സബ്റൂളുകള്‍ തയ്യാറാക്കി വിജ്ഞാപനംചെയ്ത കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒന്നുമുതല്‍ 10 വരെ അനുപാതം 1:30 ആക്കി കുറയ്ക്കാന്‍ നിര്‍ദേശം നല്‍കാന്‍ ചീഫ്സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. എന്നാല്‍, 2013 മെയ് മൂന്നിന് നിയമം നടപ്പാക്കാനുള്ള ഉത്തരവിലൂടെ അനുപാതം കുറയ്ക്കാനുള്ള തീരുമാനംതന്നെ ഈ സര്‍ക്കാര്‍ ഉപേക്ഷിച്ചു. ഒന്നുമുതല്‍ 4 വരെ 1:30 ഉം 5 മുതല്‍ 8 വരെ 1:35 ഉം എന്ന് പറയുന്നുണ്ടെങ്കിലും രണ്ടാമതുമുതലുള്ള ഡിവിഷനുകള്‍ കണക്കാക്കുന്നത് പഴയതുപോലെയാണ് എന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഫലത്തില്‍ 1:45 എന്ന അനുപാതംതന്നെ തുടരും. നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ വിവിധ ക്ലാസുകളിലെ കുട്ടികളെ ഒരുമിച്ച് കണക്കാക്കിയാണ് തസ്തിക നിര്‍ണയിക്കുന്നത്. ചുരുക്കത്തില്‍ ക്ലാസടിസ്ഥാനത്തില്‍ പഠിക്കാനുള്ള കുട്ടികളുടെ അവകാശം എടുത്തുകളയാനും ഭിന്നതല പഠനകേന്ദ്രമായി സ്കൂളുകളെ തരംതാഴ്ത്താനും സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. കേരളം ആര്‍ജിച്ച ഗുണപരമായ എല്ലാ നേട്ടങ്ങളും ഈ തീരുമാനത്തിലൂടെ തകിടംമറിയും. ഒന്നുമുതല്‍ എട്ടുവരെ കുട്ടികള്‍ക്ക് പഠിക്കാന്‍ സൗകര്യമുള്ള സ്ഥാപനത്തെയാണ് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ആക്ടിലും ഷെഡ്യൂളിലും സ്കൂള്‍ എന്നു നിര്‍വചിച്ചിരിക്കുന്നത്. നിലവിലുള്ള സ്കൂളുകളുടെ ഘടന മാറ്റാന്‍ നിയമത്തില്‍ ഒരിടത്തും നിഷ്കര്‍ഷിച്ചിട്ടില്ല. മാത്രമല്ല, എട്ടാംതരംവരെ പഠിക്കാന്‍ സ്കൂളുകളില്ലെങ്കില്‍ നിലവിലുള്ള സ്കൂളുകളെ അപ്ഗ്രേഡ് ചെയ്യാം എന്നുവരെ നിയമത്തില്‍ പറയുന്നു. ഈ വസ്തുതകള്‍ മറച്ചുവച്ചാണ് സ്കൂളുകളുടെ പേര് മാറ്റാനുള്ള തീരുമാനമെടുത്തത്. വിദ്യാഭ്യാസ അവകാശ നിയമത്തില്‍ പറയുന്ന കാര്യങ്ങള്‍ അരനൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നടപ്പാക്കിയ കേരളത്തില്‍ നിയമം യാന്ത്രികമായി നടപ്പാക്കിയാല്‍ ഉണ്ടാകുന്ന കുഴപ്പങ്ങള്‍ തുടക്കത്തിലേ ചൂണ്ടിക്കാണിച്ചതാണ്. കൊട്ടിഘോഷിച്ച വിദ്യാഭ്യാസ പാക്കേജിനെക്കുറിച്ച് സര്‍ക്കാരിന് ഇപ്പോള്‍ മിണ്ടാട്ടമില്ല. മാനേജര്‍മാര്‍ക്ക് പണുമുണ്ടാക്കാനുള്ള മാര്‍ഗമാക്കി പാക്കേജിനെ മാറ്റി. 1:1 എന്ന വ്യവസ്ഥ ലംഘിച്ച് നിയമനം നടത്തിയ 3800 അധ്യാപകര്‍ക്ക് പാക്കേജിന്റെ പേരില്‍ സര്‍ക്കാര്‍ നിയമനാംഗീകാരം നല്‍കി. ആയിരം കോടി രൂപയുടെ അഴിമതിയാണ് മാനേജര്‍മാര്‍ ഇതിലൂടെ നടത്തിയത്. ടീച്ചേഴ്സ് ബാങ്കെന്ന പ്രഖ്യാപനം വലിയൊരു തട്ടിപ്പായിരുന്നു. ബാങ്കില്‍ പേര് വന്നിട്ടും ശമ്പളം കിട്ടാത്തവര്‍ നിരവധിയാണ്. സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ തസ്തിക അന്തരീക്ഷത്തിലാക്കി. 5835 കലകായിക അധ്യാപകരെ പാര്‍ട്ട് ടൈം ആയി നിയമിക്കാനുളള അവസരം ഇല്ലാതാക്കി. എസ്എസ്എ മുഖേന നല്‍കിയ കോടിക്കണക്കിന് രൂപ നിലവിലുള്ളവര്‍ക്ക് ശമ്പളം നല്‍കാന്‍ പൂള്‍ചെയ്തു. ഫലത്തില്‍ 5835 പേരുടെ പുതിയ നിയമനം സര്‍ക്കാര്‍ നഷ്ടപ്പെടുത്തി.

ശമ്പളം കിട്ടിയിരുന്ന കലകായിക അധ്യാപകരെ പ്രോജക്ടിലേക്ക് മാറ്റി തൊഴില്‍ സ്ഥിരത അട്ടിമറിച്ചു. 60 ദിവസത്തെ മില്ലെനിയം പരിശീലനം തുടങ്ങിയിടത്തുതന്നെ അവസാനിച്ചു. അധ്യാപകരും അക്കാദമിക സമൂഹവും തിരസ്കരിച്ച മാനേജ്മെന്റ് പരിശീലനം ആര്‍ക്കും വേണ്ടാതെയായി. ക്ലസ്റ്റര്‍ പരിശീലനംപോലും ഇല്ലാതായി. ഫലത്തില്‍ വിദ്യാഭ്യാസപാക്കേജിന്റെ പേരിലുണ്ടായ കോലാഹലങ്ങള്‍ അധ്യാപക സമൂഹത്തെ കബളിപ്പിക്കാനുള്ളതായിരുന്നുവെന്ന് വ്യക്തമായി. നിലവിലുണ്ടായിരുന്ന തൊഴില്‍ സംരക്ഷണംപോലും പാക്കേജിലൂടെ നഷ്ടമായി. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന മുദ്രാവാക്യം നടപ്പാക്കിയിരുന്ന വിദ്യാഭ്യാസ വകുപ്പ് ഇന്ന് അക്കാദമിക പ്രവര്‍ത്തനങ്ങളും താളംതെറ്റിക്കുന്ന തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

104 സ്കൂള്‍ പദ്ധതി പൂര്‍ണമായും ഉപേക്ഷിച്ചു. കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ നേട്ടങ്ങള്‍ തകര്‍ക്കുന്ന സ്ഥാപനമായി ഇന്ന് എസ്സിഇആര്‍ടി മാറി. അക്കാദമിക രംഗത്തെ മികവുള്ള മുഴുവന്‍പേരെയും പിരിച്ചുവിട്ടു. അക്കാദമിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് ധാരണയില്ലാത്തയാളെ ഡയറക്ടറാക്കി. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ പേരില്‍ എല്ലാവിധ അക്കാദമിക പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചു. സിലബസ് നവീകരണം, പാഠപുസ്തക നിര്‍മാണം, ഹയര്‍സെക്കന്‍ഡറി പാഠപുസ്തക പരിഷ്കാരം തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളും നിലച്ചു. സ്ഥലംമാറ്റം ആഗ്രഹിക്കുന്നവരുടെയും അഴിമതിക്കാരുടെയും താവളമായി എസ്സിഇആര്‍ടി മാറി. പൊതുവിദ്യാഭ്യാസത്തിന്റെ അഭിമാനമായിരുന്ന ഐടി@സ്കൂള്‍ തകര്‍ച്ചയുടെ ഘട്ടത്തിലാണ്. രണ്ടുവര്‍ഷമായി ഈ പ്രോജക്ടിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ഐടി അധിഷ്ഠിത വിദ്യാഭ്യാസം, ഓണ്‍ലൈന്‍ സ്ഥലംമാറ്റം, സമ്പൂര്‍ണ സ്കൂള്‍ മാനേജ്മെന്റ് സോഫ്റ്റ്വെയര്‍, ഇന്റര്‍നെറ്റ് സജ്ജീകരണങ്ങള്‍ എന്നിവയെല്ലാം ഭീഷണിയിലാണ്.

ആധുനിക വിദ്യാഭ്യാസത്തിന്റെ എല്ലാ മികവുകളും വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കാന്‍ കഴിയുംവിധമുള്ള മാറ്റങ്ങള്‍ക്ക് സ്കൂള്‍ മാനേജ്മെന്റ് രംഗത്ത് നേതൃത്വം കൊടുക്കാന്‍ ആവിഷ്കരിച്ച സ്ഥാപനമാണ് സീമാറ്റ്. താമസസൗകര്യം ഉള്‍പ്പെടെയുള്ള ഈ സ്ഥാപനം ഭാവനാപൂര്‍ണമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഇതിന്റെ ഇന്നത്തെ അവസ്ഥ ദയനീയമാണ്. കേന്ദ്രവിഹിതമായ കോടികള്‍ നഷ്ടപ്പെടുത്തുന്ന സംവിധാനമായി എസ്എസ്എയെ മാറ്റി. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നോഡല്‍ ഏജന്റാണ് ഈ പ്രോജക്ട്. ഡയറക്ടര്‍പോലും ഇല്ലാത്ത സ്ഥാപനമായി ഇത് മാറി. മന്ത്രിയോഫീസിലെ ആജ്ഞാനുവര്‍ത്തികള്‍ പ്രവര്‍ത്തിക്കുന്ന ലീഗോഫീസായിത്തീര്‍ന്നു ഈ സംവിധാനം. 540 കോടിയില്‍ 300 കോടിയും കഴിഞ്ഞ വര്‍ഷം നഷ്ടപ്പെടുത്തി. അംഗവൈകല്യമുള്ള കുട്ടികള്‍ക്കുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതില്‍പോലും കോടികളുടെ അഴിമതിയാണ് നടക്കുന്നത്. തദ്ദേശസ്ഥാപനങ്ങളില്‍നിന്ന് കിട്ടുന്ന പദ്ധതിവിഹിതം ദുരുപയോഗം ചെയ്യുന്ന സ്ഥാപനമായി എസ്എസ്എ മാറി. പൊതുവിദ്യാഭ്യാസ സംവിധാനങ്ങള്‍ മാത്രമല്ല അതിന്റെ ഉള്ളടക്കത്തെയും തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

രണ്ടുവര്‍ഷംകൊണ്ട് അണ്‍എക്കണോമിക് സ്കൂളുകളുടെ എണ്ണം 3300ല്‍ നിന്നും 4600 ആയി ഉയര്‍ന്നു. യുഐഡി പൂര്‍ത്തിയായി തസ്തിക നിര്‍ണയം നടക്കുമ്പോള്‍ പതിനായിരത്തിലധികം അധ്യാപകരുടെ തൊഴില്‍ നഷ്ടപ്പെടും. കേരളത്തിന്റെ സാമൂഹ്യമാറ്റത്തില്‍ നിര്‍ണായക പങ്കുവഹിച്ച പൊതുവിദ്യാഭ്യാസം നിലനില്‍ക്കേണ്ടത് പൊതുസമൂഹത്തിന്റെ ആവശ്യമാണ്. മാതൃഭാഷയ്ക്ക് കിട്ടിയ അംഗീകാരവും പൊതുവിദ്യാലയങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സിവില്‍ സര്‍വീസ് ഉള്‍പ്പെടെയുള്ള അഖിലേന്ത്യാ മത്സരപ്പരീക്ഷകളിലെയും എന്‍ട്രന്‍സ് പരീക്ഷകളിലെയും മുന്നേറ്റവും കാണാതെ നമുക്ക് മുന്നോട്ടുപോകാനാകില്ല. സാമൂഹ്യമായ എല്ലാ വിവേചനങ്ങള്‍ക്കും അതീതമായി പഠനസൗകര്യവും അവസരസമത്വവും സാമൂഹ്യനീതിയും നിലനില്‍ക്കുന്ന കേരളത്തിലെ പൊതുവിദ്യാലയങ്ങളെ തകര്‍ക്കുന്ന സര്‍ക്കാര്‍ നടപടികളെ ചെറുത്തു തോല്‍പ്പിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും യോജിച്ച് അണിനിരക്കേണ്ടതുണ്ട്്. (കെഎസ്ടിഎ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്