വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.
Showing posts with label സി.കെ.ചന്ദ്രപ്പന്‍. Show all posts
Showing posts with label സി.കെ.ചന്ദ്രപ്പന്‍. Show all posts

Thursday, March 22, 2012

സ.സി.കെ ചന്ദ്രപ്പന് ആദരാഞ്‌ജലികൾ!

സ.സി.കെ ചന്ദ്രപ്പന് ആദരാഞ്‌ജലികൾ!

സി.പി.ഐ സംസ്ഥാന സെക്രട്ടറി സ.സി.കെ.ചന്ദ്രപ്പൻ അന്തരിച്ചു. പ്രിയ സഖാവിന് ആദരാഞ്‌ജലികൾ!

ദേശാഭിമാനി റിപ്പോർട്ട് ചുവടെ

തിരുവനന്തപുരം: പ്രമുഖ കമ്യൂണിസ്റ്റും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ സി കെ ചന്ദ്രപ്പന്‍ അന്തരിച്ചു. 76 വയസായിരുന്നു. അര്‍ബുദബാധിതനായി സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പകല്‍ പന്ത്രണ്ടേകാലോടെയാണ് അന്ത്യം. മരണസമയത്ത് ഭാര്യ ബുലുറോയിയും സിപിഐയുടെ ഉന്നതനേതാക്കളും സമീപത്തുണ്ടായിരുന്നു. മൂന്നരമുതല്‍ തിരുവനന്തപുരത്ത് സംസ്ഥാനകമ്മറ്റി ഓഫീസായ എംഎന്‍ മന്ദിരത്തില്‍ പൊതുദര്‍ശനത്തിനുവെക്കും. വെള്ളിയാഴ്ച രാവിലെ ഏഴിന് ചേര്‍ത്തല വയലാര്‍വീട്ടിലേക്ക് കൊണ്ടുപോകും. പൊതുദര്‍ശനത്തിനുശേഷം സംസ്കാരം അന്ന് വൈകിട്ട് നാലിന് ആലപ്പുഴ വലിയ ചുടുകാട്ടില്‍ .

ഫെബ്രുവരിയില്‍ കൊല്ലത്തുചേര്‍ന്ന സംസ്ഥാനസമ്മേളനത്തില്‍ ചന്ദ്രപ്പന്‍ സെക്രട്ടറിയായി തുടര്‍ന്നു. പിറവം തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പൊതുയോഗത്തിലാണ് അവസാനമായി പൊതുവേദിയില്‍ സംസാരിച്ചത്. അസുഖബാധിതനായിരുന്നുവെങ്കിലും അവസാനംവരെ കര്‍മനിരതനായിരുന്നു. വിദ്യാര്‍ഥിയായിരിക്കെ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായിരുന്നു. 1958-62ല്‍ എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയായി. 62-64ല്‍ എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായും 65-78 കാലയളവില്‍ അഖിലേന്ത്യാ പ്രസിഡന്റായും ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. അതോടെ പ്രവര്‍ത്തനം ഡല്‍ഹിയില്‍ കേന്ദ്രീകരിച്ചു.

സിപിഐ കേന്ദ്ര സെക്രട്ടറിയറ്റ് അംഗവും അഖിലേന്ത്യാ കിസാന്‍സഭ ദേശീയ പ്രസിഡന്റുമാണ്. 1970 മുതല്‍ സിപിഐ ദേശീയ കൗണ്‍സില്‍ അംഗമാണ്. നിരവധി യുവജനസമരങ്ങള്‍ക്ക് നേതൃത്വം നല്‍കി പലവട്ടം ജയില്‍വാസം അനുഷ്ഠിച്ചു. ഡല്‍ഹി തിഹാര്‍ ജയിലിലും കല്‍ക്കത്ത പ്രസിഡന്‍സി ജയിലിലും തടവില്‍ കഴിഞ്ഞിട്ടുണ്ട്. 1971ല്‍ തലശ്ശേരിയില്‍നിന്നും 1977ല്‍ കണ്ണൂരില്‍നിന്നും 2004ല്‍ തൃശൂരില്‍നിന്നും പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1991ല്‍ ചേര്‍ത്തലയില്‍നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

1936 നവംബര്‍ 10ന് പുന്നപ്ര വയലാര്‍ സമരനായകന്‍ വയലാര്‍ സ്റ്റാലിന്‍ എന്നറിയപ്പെടുന്ന ചിരപ്പന്‍ചിറയില്‍ സി കെ കുമാരപണിക്കരുടെയും അമ്മുകുട്ടി അമ്മയുടെയും അഞ്ചു മക്കളില്‍ മൂന്നാമനായി ആലപ്പുഴയിലെ വയലാറില്‍ ജനിച്ചു. ജന്മി കുടുംബത്തില്‍ ജനിച്ചെങ്കിലും സമ്പന്നത നല്‍കിയ സൗഭാഗ്യങ്ങളെ ഉപേക്ഷിച്ച് തൊഴിലാളി വര്‍ഗത്തിന്റെ മുന്‍നിര പോരാളിയായി സമരമുഖത്തിറങ്ങിയ കുമാരപ്പണിക്കരുടെ മകന് വിപ്ലവവീര്യം രക്തത്തില്‍ അലിഞ്ഞതായിരുന്നു. പഠിക്കുന്ന കാലത്ത് പൊതുപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു.

ചേര്‍ത്തല ബോയ്സ് ഹൈസ്കൂളിലും തൃപ്പൂണിത്തുറയിലുമായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. ചേര്‍ത്തല ഗവ. ബോയ്സ് ഹൈസ്കൂളില്‍ എ കെ ആന്റണിയുടെയും വയലാര്‍ രവിയുടെയും സീനിയറായിരുന്നു. മഹാരാജാസില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ഥി ഫേഡറേഷന്റെ നേതൃസ്ഥാനത്തെത്തി. രാഷ്ട്രീയക്കാരനായതിനാല്‍ അവിടെ പഠനം നിഷേധിക്കപ്പെട്ടു. തുടര്‍ന്ന് ചിറ്റൂര്‍ ഗവ. കോളേജില്‍ ബിരുദപഠനം. അക്കാലത്ത് ഗോവന്‍ വിമോചന സമരത്തില്‍ പങ്കെടുത്തു. കൂടെയുണ്ടായിരുന്ന രണ്ട് സഖാക്കള്‍ കൊല്ലപ്പെട്ടു. ഒടുവില്‍ ഗോവ ഇന്ത്യയുടെതായി. പിന്നീട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എം എ ഇക്കണോമിക്സിനു ചേര്‍ന്നെങ്കിലും വിമോചനസമരത്തിനെതിരായ സമരങ്ങളില്‍ സജീവമായതോടെ പഠനം മുടങ്ങി. അതോടെ മുഴുവന്‍ സമയരാഷ്ട്രീയപ്രവര്‍ത്തകനായി മാറി.

1996ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചേര്‍ത്തലയില്‍നിന്ന് എ കെ ആന്റണിയോടും 1987ല്‍ വയലാര്‍ രവിയോടും പരാജയപ്പെട്ടു. മികച്ച പാര്‍ലമെന്റേറിയനായിരുന്നു ചന്ദ്രപ്പന്‍ . കെടിഡിസി ചെയര്‍മാന്‍ , കേരഫെഡ് ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. ലോക്സഭയില്‍ ഹോം അഫയേഴ്സ്, വുമണ്‍ എംപവേര്‍സ് കമ്മറ്റി, ഹ്യൂമന്‍ ഡവലപ്പ്മെന്റ് കമ്മറ്റി, കമ്മറ്റി ഓഫ് കൊമേഴ്സ് എന്നീ കമ്മറ്റികളില്‍ അംഗമായിരുന്നു. പ്രഭാത് ബുക്ക് ഹൗസിന്റെ മാനേജിങ് ഡയറക്ടറാണ്. ബംഗാളിയും അഖിലേന്ത്യാ വര്‍ക്കിങ് വുമന്‍സ് നേതാവുമായ ബുലുറോയ് ചൗധരിയാണ് ഭാര്യ. സഹോദരങ്ങള്‍ : പരേതനായ സി കെ രാജപ്പന്‍ , പരേതനായ സി കെ കൃഷ്ണപ്പന്‍ , സി കെ വേലപ്പന്‍ , ലക്ഷ്മിക്കുട്ടി.

Saturday, February 11, 2012

സി കെ ചന്ദ്രപ്പന്‍ സിപിഐ സംസ്ഥാന സെക്രട്ടറി

സി കെ ചന്ദ്രപ്പന്‍ സിപിഐ സംസ്ഥാന സെക്രട്ടറി

ദേശാഭിമാനി
Posted on: 11-Feb-2012 02:26 PM

കൊല്ലം: സി കെ ചന്ദ്രപ്പനെ സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. നാലുദിവസമായി കൊല്ലത്തു നടന്ന സംസ്ഥാന സമ്മേളനം ഏകകണ്ഠമായാണ് ചന്ദ്രപ്പനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. രണ്ട് വര്‍ഷം മുന്‍പ് വെളിയം ഭാര്‍ഗവന്‍ സെക്രട്ടറി പദം ഒഴിഞ്ഞതോടെയാണ് ചന്ദ്രപ്പന്‍ സിപിഐ സെക്രട്ടറിയായി ചുമതലയേറ്റത്. 89അംഗ സംസ്ഥാ സമിതിയെയും കണ്‍ട്രോള്‍ കമ്മീഷനെയും സമ്മേളനം തെരഞ്ഞെടുത്തു.

മുന്‍ എംപിയും 75കാരനുമായ ചന്ദ്രപ്പന്‍ ആലപ്പുഴ വയലാര്‍ സ്വദേശിയും പുന്നപ്രവയലാര്‍ സമരത്തിന് നേതൃത്വംകൊടുത്ത സി കെ കുമാരപ്പണിക്കരുടെ മകനുമാണ്.

ചുവപ്പ്സേന പരേഡ്, ബഹുജനറാലി, പൊതുസമ്മേളനം തുടങ്ങിയ പരിപാടികളോടെ ശനിയാഴ്ച വൈകീട്ട് സമ്മേളനം സമാപിക്കും.
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്