വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Thursday, April 29, 2010

ലയനം ജൂണില്‍; ജോസഫ് ഗ്രൂപ്പ് പിളര്‍പ്പിലേക്ക്

ലയനം ജൂണില്‍; ജോസഫ് ഗ്രൂപ്പ് പിളര്‍പ്പിലേക്ക്

(മാധ്യമം ദിനപ്പത്രം)

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മാണി ^ജോസഫ് ലയനനീക്കത്തിന് ശക്തിപകര്‍ന്ന് മന്ത്രി പി.ജെ. ജോസഫ് ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍നിന്ന് വിട്ടുനിന്നു. 30ന് ചേരുന്ന ജോസഫ് ഗ്രൂപ്പിന്റെ സംസ്ഥാന സമിതി ലയനം സംബന്ധിച്ച് അന്തിമതീരുമാനമെടുക്കും. അതില്‍ അംഗീകാരം കിട്ടിയാല്‍ തൊട്ടടുത്ത ദിവസം അദ്ദേഹം രാജിവെക്കുമെന്നാണ് സൂചന. ജൂണ്‍ ആറിന് കോട്ടയത്ത് ലയനസമ്മേളനം നടത്താനാണ് ലക്ഷ്യമിടുന്നത്.

അതേസമയം ലയനനീക്കം ജോസഫ് ഗ്രൂപ്പില്‍ പൊട്ടിത്തെറിക്ക് വഴിവെച്ചു. പി.സി. തോമസ്, സ്കറിയാ തോമസ്, വി. സുരേന്ദ്രന്‍പിള്ള എന്നിവരുടെ നേതൃത്വത്തില്‍ ഒരുസംഘം ലയനത്തിനില്ലെന്നും ഇടതുമുന്നണിയില്‍ നിലനില്‍ക്കുമെന്നും വ്യക്തമാക്കിയോടെ പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുകയാണ്. നാലോളം ജില്ലാ പ്രസിഡന്റുമാര്‍ ഒപ്പമുണ്ടെന്ന് അവര്‍ അവകാശപ്പെടുന്നു.
ഇടതുമുന്നണിയില്‍ നിലനില്‍ക്കുകയും മന്ത്രിസ്ഥാനം വഹിക്കുകയും ചെയ്യുന്നതിനിടെ എതിര്‍മുന്നണിയിലേക്ക് ചേക്കേറാന്‍ നടത്തിയ ചര്‍ച്ചകള്‍ ജോസഫ് ഗ്രൂപ്പിന്റെ ഇടതുമുന്നണിയിലെ നിലനില്‍പ് പ്രതിസന്ധിയിലാക്കി. അതേസമയം ജോസഫ് ഗ്രൂപ്പിനെ എടുക്കുന്നതിനെ കൈയടിച്ച് പ്രോല്‍സാഹിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറായില്ല. മുന്നണി വിടല്‍ തീരുമാനം അങ്ങാടിപ്പാട്ടായതിനെ തുടര്‍ന്ന് ഇടത് മുന്നണിയില്‍ പ്രതിസന്ധിയിലായ ജോസഫിന്റെ കടുത്ത അവകാശവാദങ്ങളെ തല്ലിക്കെടുത്തും വിധമാണ് കെ.എം. മാണിയുടെ പ്രതികരണം. നേതൃത്വത്തില്‍ ചര്‍ച്ച തുടങ്ങിയിട്ടില്ലെന്നും ലയനം നടന്നാല്‍ സ്വാഗതം ചെയ്യുമെന്നുമാണ് മാണി പ്രതികരിച്ചത്.

ലയനനീക്കങ്ങളുടെ ഭാഗമായി മുന്‍കൂട്ടിയെടുത്ത തീരുമാനപ്രകാരമാണ് പി.ജെ. ജോസഫ് മന്ത്രിസഭാ യോഗത്തില്‍നിന്ന് വിട്ടുനിന്നത്. പങ്കെടുക്കില്ലെന്ന കാര്യം മുഖ്യമന്ത്രിയെ അറിയിക്കുക പോലും ചെയ്തില്ല. സ്വന്തം മുന്നണിയില്‍ നിന്ന് എതിര്‍ചേരിയുമായി ചര്‍ച്ച നടത്തിയ ജോസഫിനെ മുന്നണിയില്‍ പിടിച്ചുനിര്‍ത്താനുള്ള ഒരു ശ്രമവും ഇതുവരെ ഉണ്ടായിട്ടില്ല. ആരെയും ബലംപ്രയോഗിച്ച് മുന്നണിയില്‍ നിര്‍ത്തില്ലെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ വ്യക്തമാക്കി. ജനതാദളിലെ വീരേന്ദ്രകുമാര്‍ പക്ഷം മുന്നണി വിട്ടപ്പോള്‍ തടയാന്‍ ശ്രമിച്ച മുഖ്യമന്ത്രി ജോസഫിന്റെ കാര്യത്തില്‍ അശേഷം ആകുലത പ്രകടിപ്പിച്ചില്ല.

ജോസഫ് ഗ്രൂപ്പിന്റെ ലയനം നടന്നാല്‍ മൂന്ന് എം.എല്‍.എമാര്‍ കൂടി നിയമസഭയില്‍ മാണിക്ക് ലഭിക്കും. ജോസഫിന് പുറമെ ടി.യു. കുരുവിളയും മോന്‍സ് ജോസഫുമാണ് പ്രതിപക്ഷത്തെത്തുക. നാലാമത്തെ എം.എല്‍.എയായ വി. സുരേന്ദ്രന്‍ പിള്ള ഇടതുമുന്നണിയില്‍ തുടരും. ലയനത്തിന്റെ ആദ്യനീക്കങ്ങളില്‍ ജോസഫിനോടൊപ്പം നില്‍ക്കുമെന്ന സൂചനയാണ് സുരേന്ദ്രന്‍പിള്ളയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കിയതെങ്കിലും ബുധനാഴ്ച രാവിലെയോടെ അദ്ദേഹം ഇടതുമുന്നണിയില്‍ നിലനില്‍ക്കുമെന്ന് അറിയിക്കുകയായിരുന്നു.
മുന്നണിയില്‍ നിലനിന്നാല്‍ മന്ത്രിസ്ഥാനം ലഭിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ജോസഫിനെ എതിര്‍ക്കുന്ന പി.സി. തോമസ് കേരള കോണ്‍ഗ്രസിന് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് ആവര്‍ത്തിച്ച് പറയുകയും ചെയ്യുന്നുണ്ട്.

കേരള കോണ്‍ഗ്രസിലെ ലയന നീക്കം യു.ഡി.എഫിലെ മറ്റ് കക്ഷികളെയൊന്നും സന്തോഷിപ്പിച്ചിട്ടില്ല. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും അല്‍പം തെളിച്ച് തന്നെ ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്.
ഇടതിലെ ഏതെങ്കിലും കക്ഷിയെ പിടിക്കേണ്ട കാര്യം ഇപ്പോള്‍ യു.ഡി.എഫിനില്ലെന്നും ലയനമോ സഹകരണമോ വഴി പുതിയ കക്ഷികള്‍ വന്നുവെന്ന് കരുതി കൂടുതല്‍ സീറ്റ് കൊടുക്കില്ലെന്നും അവര്‍ പറയുന്നു. ലയനത്തിന് അവര്‍ക്ക് പൂര്‍ണ മനസ്സില്ല. മാത്രമല്ല ജോസഫിനെതിരായ നിലപാടുമായി പി.ടി. തോമസ് എം.പിയും യൂത്ത് കോണ്‍ഗ്രസുമൊക്കെ രംഗത്തുവന്നിട്ടുണ്ട്. ആര്‍.ബാലകൃഷ്ണപിള്ളയെ പോലെയുള്ള ചെറുകക്ഷികള്‍ ജോസഫ് മന്ത്രിസ്ഥാനത്ത് തുടരുന്നതിനെ ചോദ്യംചെയ്തിട്ടുണ്ട്.
യു.ഡി.എഫ് കൂട്ടായി ചര്‍ച്ച ചെയ്യുമെന്ന തന്ത്രപരമായ സമീപനമാണ് ലീഗ് പ്രകടിപ്പിച്ചിരിക്കുന്നത്. മാണി ഗ്രൂപ്പ് മുന്നണിയിലെ രണ്ടാം സ്ഥാനക്കാരാകാനുള്ള നീക്കം സൂക്ഷ്മതയോടെയാണ് മുസ്ലിം ലം ലീഗ് നിരീക്ഷിക്കുന്നത്.

വിദ്യാഭ്യാസ നിയമം: സ്വാശ്രയ അനുകൂല വ്യവസ്ഥക്ക് കേരളത്തിന്റെ പിന്തുണ

വിദ്യാഭ്യാസ നിയമം: സ്വാശ്രയ അനുകൂല വ്യവസ്ഥക്ക് കേരളത്തിന്റെ പിന്തുണ

(വാർത്ത-മാധ്യമം ദിനപ്പത്രം)

തിരുവനന്തപുരം: കേന്ദ്രം നടപ്പാക്കിയ വിദ്യാഭ്യാസ അവകാശ നിയമത്തിലെ സ്വാശ്രയ സ്കൂളുകള്‍ക്ക് അനുകൂലമായ വ്യവസ്ഥക്ക് കേരളത്തിന്റെ പിന്തുണ. ഈ വ്യവസ്ഥ അംഗീകരിക്കില്ലെന്നും കേരളം പുതിയ മാനദണ്ഡങ്ങള്‍ വെക്കുമെന്നും നേരത്തേ നടത്തിയ പ്രഖ്യാപനങ്ങള്‍ വിഴുങ്ങിയാണ് സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിച്ചത്. ഇന്നലെ നടന്ന സര്‍വകക്ഷി യോഗത്തില്‍ ഈ വ്യവസ്ഥ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ തടയാനാവശ്യമായ ചട്ടങ്ങള്‍ കേരളത്തില്‍ വേണ്ടെന്നാണ് ധാരണയായത്. സര്‍ക്കാറിന്റെ പൂര്‍ണ പിന്തുണയോടെയാണ് തീരുമാനം.

ഒരു അണ്‍എയ്ഡഡ് സ്കൂള്‍, അവിടെ പ്രവേശിപ്പിക്കുന്ന മൊത്തം കുട്ടികളില്‍ സമീപ വാസികളായ പാവപ്പെട്ട 25 ശതമാനം കുട്ടികളെ പ്രവേശിപ്പിക്കണമെന്നും ഇവരുടെ ഫീസ് സര്‍ക്കാര്‍ നല്‍കണമെന്നുമാണ് നിയമത്തിലെ വ്യവസ്ഥ. ഇത് കേരളത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും പൊതു വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുമെന്നും സ്വാശ്രയ രീതിയില്‍ പ്രവര്‍ത്തിക്കുന്ന അണ്‍എയ്ഡഡ് സ്കൂളുകളുടെ വളര്‍ച്ചക്ക് സഹായകരമാകുമെന്നുമാണ് വിദ്യാഭ്യാസ വിചക്ഷണര്‍ വിലയിരുത്തിയത്. വിദ്യാഭ്യാസ മന്ത്രിയും പലതവണ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. കുട്ടികളെ കിട്ടാതെ ബുദ്ധിമുട്ടുന്ന കേരളത്തിലെ അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ കുട്ടികളെ എത്തിച്ചുകൊടുക്കുന്നതാണ് ഈ വ്യവസ്ഥ എന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇതെല്ലാം അവഗണിച്ചാണ് ഇപ്പോള്‍ ഈ വ്യവസ്ഥ അതേപടി നടപ്പാക്കാന്‍ വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം തീരുമാനിച്ചത്. ഇത് നടപ്പാക്കുന്നതുമൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത കേന്ദ്രം വഹിക്കണമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം.

ഇതുമൂലം കേരളത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്ന അധ്യാപകരുടെ എണ്ണം വര്‍ധിക്കുമെന്ന് വിലയിരുത്തിയ യോഗം ഇതിന്റെ ബാധ്യതയും കേന്ദ്രം വഹിക്കണമെന്ന് ആവശ്യപ്പെടാന്‍ തീരുമാനിച്ചു. ഫലത്തില്‍ അണ്‍എയ്ഡഡ് സ്കൂളുകളെ സഹായിക്കുന്നതായി മാറി കേരള തീരുമാനം. സാമ്പത്തിക നഷ്ടം കേന്ദ്രത്തോട് ആവശ്യപ്പെടുമ്പോള്‍ ഇത് നടപ്പാക്കുന്നതുമൂലം സ്കൂള്‍ സ്കൂള്‍ അടച്ചുപൂട്ടല്‍ പോലുള്ളവയുണ്ടാക്കുന്ന സാമൂഹ്യ നഷ്ടം ആരു നികത്തുമെന്ന ചോദ്യത്തിന് വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി മറുപടി പറഞ്ഞില്ല.

നിയമത്തിലെ ഈ വ്യവസ്ഥ കേരളത്തിന് പ്രതികൂലമാണെന്ന് ഇതുസംബന്ധിച്ച് പഠിച്ച പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയും വിലയിരുത്തിയിരുന്നു. ഇതനുസരിച്ച് ഇതിന്റെ പ്രത്യാഘാതം തടയാന്‍ ആവശ്യമായ വ്യവസ്ഥകള്‍ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്താനും കമ്മിറ്റി തീരുമാനിച്ചിരുന്നു. കേരളത്തില്‍ അണ്‍ എയ്ഡഡ് സ്കൂളുകളുടെ ഒരു കിലോമിറ്റര്‍ ചുറ്റളവില്‍ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാലയങ്ങള്‍ ഇല്ലെങ്കില്‍ മാത്രം അണ്‍എയ്ഡഡില്‍ പ്രവേശിപ്പിക്കപ്പെടുന്ന 25 ശതമാനത്തിന്റെ ഫീസ് സര്‍ക്കാര്‍ നല്‍കിയാല്‍ മതിയെന്നായിരുന്നു കമ്മിറ്റി നിര്‍ദേശിച്ച വ്യവസ്ഥ. പൊതുവെ സ്വീകരിക്കപ്പെട്ട ഈ നിര്‍ദേശം ഇതോടെ അട്ടിമറിക്കപ്പെട്ടു.

ഈ വ്യവസ്ഥ പാവപ്പെട്ടവര്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി തന്നെയാണ് യോഗത്തില്‍ ആവശ്യപ്പെട്ടത്. സി.പി.എം പ്രതിനിധികളടക്കം ഇതിനെ പിന്തുണച്ചു. ഇതോടെ കേരളത്തിലെ ഉപസമിതിയുടെ നിര്‍ദേശം സര്‍ക്കാര്‍ തന്നെ തള്ളിക്കളയുകയായിരുന്നു. ഇങ്ങനെ പഠിപ്പിക്കുന്നവരുടെ ഉപരിപഠനം എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന കാര്യത്തിലും ധാരണയുണ്ടായില്ല. കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നിയമത്തില്‍ ആവശ്യമായ മാറ്റം വരുത്താന്‍ കേന്ദ്രം അനുവദിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഈ പ്രസ്താവനക്ക് പോലും പ്രസക്തിയില്ലാതാക്കുന്നതായി യോഗ തീരുമാനം. ഫലത്തില്‍, കേരളത്തില്‍ വ്യാപകമായി എതിര്‍ക്കപ്പെടുകയും കേരളം സ്വന്തം നിലയില്‍ തിരുത്താന്‍ തീരുമാനിക്കുകയും ചെയ്ത നിയമത്തിലെ വ്യവസ്ഥ നടപ്പാക്കുന്നതിലാണ് സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ സുപ്രധാന സമവായമുണ്ടാക്കിയത്.


സര്‍വകക്ഷി സംഘം ദല്‍ഹിക്ക്

തിരുവനന്തപുരം: കേന്ദ്രവിദ്യാഭ്യാസ നിയമം നടപ്പാക്കുമ്പോള്‍ കേരളത്തില്‍ ആവശ്യമായ ഭേദഗതികള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണും. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഇന്നലെ നടന്ന സര്‍വകക്ഷിയോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. പ്രവേശനപ്രായം ആറുവയസ്സാക്കുന്നതിന് ഒരുവര്‍ഷം സാവകാശം നല്‍കുക, എല്‍.പി യു.പി ഘടനാമാറ്റമടക്കം നിയമം നടപ്പാക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കേന്ദ്ര സഹായം ആവശ്യപ്പെടുക, അണ്‍എയ്ഡഡ് സ്കൂളിലെ നിര്‍ബന്ധിത പ്രവേശനത്തിന് ആവശ്യമായ ചെലവുകളും ഇതുമൂലം സംരക്ഷിത അധ്യാപകരുണ്ടായാല്‍ വരുന്ന അധിക ചെലവുകളും കേന്ദ്രം വഹിക്കുക എന്നീ ആവശ്യങ്ങളും സര്‍വകക്ഷി സംഘം ഉന്നയിക്കും. അണ്‍എയ്ഡഡ് സ്കൂളിലെ നിര്‍ബന്ധിത പ്രവേശം എന്ന വ്യവസ്ഥ പരമാവധി ഉപയോഗപ്പെടുത്താനും യോഗം തീരുമാനിച്ചതായി പിന്നീട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി എം.എ ബേബി അറിയിച്ചു.

എന്‍.പി ജിഷാര്‍

Tuesday, April 27, 2010

വര്‍ക്കല ശ്രദ്ധേയനായ പാര്‍ലമെന്റേറിയന്‍


വര്‍ക്കല ശ്രദ്ധേയനായ പാര്‍ലമെന്റേറിയന്‍

പി കരുണാകരന്‍ എംപി

ദേശാഭിമാനി

സിപിഐ എം നേതാവും മുന്‍ എംപിയുമായ വര്‍ക്കല രാധാകൃഷ്ണന്റെ വേര്‍പാട് അദ്ദേഹത്തെ പരിചയമുള്ളവരെയെല്ലാം വല്ലാതെ വേദനിപ്പിച്ചു. പതിനാലാം ലോക്സഭയില്‍ അഞ്ചു വര്‍ഷവും അടുത്തടുത്ത സീറ്റിലാണ് ഞങ്ങള്‍ ഇരുന്നത്. അദ്ദേഹത്തിന് കേള്‍വിക്കുറവുള്ളതുകൊണ്ട് പലപ്പോഴും സഭയില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് സഖാവിനോട് കൂടുതല്‍ ശബ്ദത്തില്‍ പറയയേണ്ടിവരികയോ അല്ലെങ്കില്‍ അദ്ദേഹം ചോദിക്കുകയോ ചെയ്തിരുന്നു. സഭയില്‍ വര്‍ക്കലയുടെ സാന്നിധ്യം എപ്പോഴും ശ്രദ്ധേയമായിരുന്നു.

രാവിലെ 9.30ന് സഭയിലെത്തുന്ന വര്‍ക്കല രാത്രി സഭാനടപടികള്‍ തീര്‍ന്നശേഷമാണ് സഭ വിട്ടിറങ്ങുക. പാര്‍ലമെന്ററി പ്രവര്‍ത്തനം അദ്ദേഹത്തിന് ഹരമായിരുന്നു. സഭാനടപടികള്‍ സംബന്ധിച്ച എല്ലാ കാര്യവും അറിയുന്ന ആളായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കും ഒരേപോലെ വര്‍ക്കലയോട് ആദരവും ചിലപ്പോള്‍ ഭയവുമായിരുന്നു. ഒരു തയ്യാറെടുപ്പുമില്ലാതെ ഏത് വിഷയത്തെക്കുറിച്ചും പാര്‍ലമെന്റില്‍ സംസാരിക്കും.

പലപ്പോഴും ബില്ലുകളുടെ ചര്‍ച്ചയില്‍ വര്‍ക്കലതന്നെയാണ് പങ്കെടുക്കാറ്. പല ബില്ലും അവതരിപ്പിക്കുന്ന സമയത്തുതന്നെ അതിന്റെ ഭരണഘടനാപരവും സാങ്കേതികവുമായ കുറവുകള്‍ ചൂണ്ടിക്കാട്ടി എതിര്‍ത്തിട്ടുമുണ്ട്. വിമര്‍ശത്തിന്റെ കൂരമ്പുകള്‍ മന്ത്രിമാര്‍ക്കും ഗവമെന്റിനുമെതിരെ തൊടുത്തുവിടുന്ന വര്‍ക്കല അതുകഴിഞ്ഞാല്‍ ചിരിച്ചുകൊണ്ട് അവരുടെ കൈപിടിച്ച് കുലുക്കുന്നതുകണ്ട് സഭയില്‍ പൊട്ടിച്ചിരി ഉയരാറുണ്ട്. ഭരണപക്ഷത്തുനിന്നായാലും പ്രതിപക്ഷത്തുനിന്നായാലും സഭാ നടപടികളുടെ സംശയദൂരീകരണത്തിന് പലപ്പോഴും വര്‍ക്കലയെയാണ് അവര്‍ സമീപിക്കാറ്.

പ്രിവിലേജ് കമ്മിറ്റി അംഗമെന്ന നിലയില്‍ വര്‍ക്കലയുടെ സേവനം കമ്മിറ്റിയുടെ ചെയര്‍മാനുതന്നെ പലപ്പോഴും അനിവാര്യമായിരുന്നു. വിവരാവകാശബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ അതിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത വര്‍ക്കല ബില്ലിലെ ഒട്ടേറെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടി. ബില്‍ സ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വന്നപ്പോള്‍ വര്‍ക്കല ഇടപെട്ടതിന്റെ ഫലമായാണ് നിയമത്തില്‍ ഇന്നുകാണുന്ന മാറ്റങ്ങള്‍ വന്നത്. സഭയില്‍ത്തന്നെ പ്രധാനമന്ത്രിയും വകുപ്പുമന്ത്രിയും വര്‍ക്കലയുടെ പേരെടുത്തു പറഞ്ഞ് പ്രശംസിച്ചിരുന്നു.

ചില മന്ത്രിമാര്‍ നേരത്തെ നോട്ടീസ് നല്‍കാതെ സഭയില്‍ ബില്ലവതരിപ്പിക്കുന്ന സമീപനത്തെ വര്‍ക്കല വിമര്‍ശിക്കുകയും മന്ത്രിമാര്‍ പ്രയാസപ്പെടുകയും ഉണ്ടായിട്ടുണ്ട്. സഭയില്‍ എല്ലാ അംഗങ്ങളും അറിയുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നയാളായിരുന്നു വര്‍ക്കല. സഭാനടപടികളില്‍ ഇടപെടുന്നതുപോലെതന്നെ മറ്റ് അംഗങ്ങളുമായി സൌഹൃദം പുലര്‍ത്തുന്നതിലും അദ്ദേഹത്തിന്റെ സമീപനം മാതൃകാപരമാണ്. മിക്കവരും 'അണ്ണന്‍' എന്നാണ് വര്‍ക്കലയെ വിളിക്കാറ്. പല മന്ത്രിമാരും 'അണ്ണന്‍' എന്ന് അഭിസംബോധന ചെയ്യാറുണ്ട്. സഭയില്‍ പാര്‍ടിയുടെ സമയമുണ്ടെങ്കിലും ഇല്ലെങ്കിലും ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കണമെന്നു തോന്നിയാല്‍ വര്‍ക്കല സംസാരിക്കും. സഭാധ്യക്ഷന് അതിന് വഴങ്ങുകയേ നിവൃത്തിയുള്ളൂ.

പതിനാലാം ലോക്സഭയില്‍ സ്പീക്കറായിരുന്ന സോമനാഥ് ചാറ്റര്‍ജിയുമായി വര്‍ക്കല പലപ്പോഴും ഇടഞ്ഞിരുന്നു. ചിലപ്പോള്‍ സംസാരിക്കാന്‍ സമയം കിട്ടാതിരുന്നാലും നടപടിക്രമങ്ങളില്‍ പാളിച്ച കണ്ടാലും വര്‍ക്കല തരിമ്പും വിട്ടുകൊടുക്കില്ല. കേരളത്തിന്റെ ഭക്ഷ്യപ്രശ്നം, പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം എന്നീ കാര്യങ്ങള്‍ കേരളത്തിലെ എംപിമാരുടെ സമ്മര്‍ദത്തിന്റെ ഫലമായി പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കു വന്നപ്പോള്‍, ക്ഷുഭിതനായ വര്‍ക്കലയെയാണ് സഭയില്‍ കണ്ടത്. റെയില്‍വേ ബജറ്റില്‍ കേരളം അവഗണിക്കപ്പെട്ടപ്പോള്‍ റെയില്‍വേ ബജറ്റ് പ്രസംഗം നടത്തിക്കൊണ്ടിരുന്ന ലാലുപ്രസാദിന്റെ അടുത്തുചെന്ന് സംസാരിച്ച പ്രത്യേകതയും വര്‍ക്കലയ്ക്കുണ്ട്. തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുന്ന കാര്യം അദ്ദേഹം പലതവണ പാര്‍ലമെന്റില്‍ ഉന്നയിച്ചു. ഇതിനുവേണ്ടി പാര്‍ലമെന്റിനു മുന്നില്‍ ഒറ്റയ്ക്ക് പ്ളക്കാര്‍ഡുമേന്തി സമരംചെയ്തു.

തിരുവനന്തപുരത്തെ രണ്ട് എംപിമാരായിരുന്ന വര്‍ക്കലയും പന്ന്യനും ഇക്കാര്യത്തില്‍ ഇണപിരിയാത്ത കൂട്ടുകാരായിരുന്നു. മന്ത്രിയായാലും എംപിയായാലും പത്രപ്രവര്‍ത്തകരായാലും പേരുവിളിച്ച് ആധികാരികമായി സംസാരിക്കാനുള്ള അര്‍ഹത തന്റെ പ്രവര്‍ത്തനത്തിലൂടെ നേടിയെടുത്ത നേതാവാണ് വര്‍ക്കല. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ഉറ്റ സുഹൃത്തുകൂടിയാണ് വര്‍ക്കല. പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയാല്‍ കഴിയുംവരെ അതില്‍ത്തന്നെ മുഴുകി സമയം ചെലവഴിക്കുന്ന വര്‍ക്കലയെ പല അംഗങ്ങളും അത്ഭുതത്തോടെയാണ് നോക്കിനിന്നിട്ടുള്ളത്. തുടര്‍ച്ചയായി മൂന്നു തവണ പാര്‍ലമെന്റിലേക്ക് വിജയിച്ച അദ്ദേഹം നാലു തവണ സംസ്ഥാന നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

സംസ്ഥാന നിയമസഭാ സ്പീക്കറായും എം എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. തിരുവനന്തപുരത്തെ അറിയപ്പെടുന്ന ക്രിമിനല്‍ വക്കീല്‍കൂടിയായിരുന്നു അദ്ദേഹം. പാര്‍ടി പ്രവര്‍ത്തകര്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും 'അണ്ണന്‍' എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹത്തെ ജനങ്ങള്‍ ആദരിച്ചു, സ്നേഹിച്ചു. കെ ജിയുമായും കുടുംബാംഗങ്ങളുമായും വളരെയടുത്ത ബന്ധം പുലര്‍ത്തിയ വര്‍ക്കല പലപ്പോഴും അവരുമൊത്തുള്ള കാലത്തിന്റെ അനുഭവങ്ങള്‍ പറയുമായിരുന്നു.

സുശീല ഗോപാലന്റെ സഹപാഠിയായിരുന്നു വര്‍ക്കലയുടെ ഭാര്യ. വീടുമായി അദ്ദേഹത്തിന് വൈകാരികമായ അടുപ്പമുണ്ടായിരുന്നു. കെ ജിയുടെ മകള്‍ ലൈലയെക്കുറിച്ച് പലപ്പോഴും അന്വേഷിക്കുകയും നേരിട്ടു കാണുമ്പോള്‍ കുസൃതി പറയുകയും ചെയ്തിരുന്ന സ്നേഹസമ്പന്നനായിരുന്നു അദ്ദേഹം. നിഷ്കളങ്കമായ രാഷ്ട്രീയജീവിതവും ഗഹനമായ പഠനവും കൈമുതലായുണ്ടായിരുന്ന ശക്തനായ പാര്‍ലമെന്റേറിയനായ വര്‍ക്കലയുടെ നിര്യാണം പാര്‍ടിക്കും മറ്റ് ജനാധിപത്യശക്തികള്‍ക്കും തീരാനഷ്ടമാണ്.

Monday, April 26, 2010

വര്‍ക്കല രാധാകൃഷ്ണന്‍ അന്തരിച്ചു


വര്‍ക്കല രാധാകൃഷ്ണന്‍ അന്തരിച്ചു

ദേശാഭിമാനി

തിരു: കേരള നിയമസഭാ മുന്‍ സ്പീക്കറും മുന്‍ ലോക്സഭാംഗവും സിപിഐ എം നേതാവുമായ വര്‍ക്കല രാധാകൃഷ്ണന്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ്് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ പത്തരയ്ക്കായിരുന്നു അന്ത്യം. നിയമസഭയിലും ജില്ലയിലെ മറ്റുകേന്ദ്രങ്ങളിലും പൊതുദര്‍ശനത്തിന് വച്ചശേഷം മൃതദേഹം രാത്രി വര്‍ക്കലയിലെ കുടുംബ വീട്ടുവളപ്പില്‍ സംസ്കരിച്ചു.

പുലര്‍ച്ചെ നടക്കാനിറങ്ങിയ വര്‍ക്കലയെ കഴിഞ്ഞ വ്യാഴാഴ്ച വഴുതക്കാട് വിമന്‍സ് കോളേജിന് മുമ്പില്‍ മിനിലോറി ഇടിച്ചുവീഴ്ത്തുകയായിരുന്നു. വാരിയെല്ലിലും തോളിലും പൊട്ടലുണ്ടാകുകയും ശ്വാസകോശത്തിന് ക്ഷതമേല്‍ക്കുകയും ചെയ്തു. ഉടന്‍തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍കൂടിയായതോടെ നില അതീവ ഗുരുതരമായി. ഞായറാഴ്ച വൈകിട്ട് ശ്വാസതടസ്സവും ഹൃദയാഘാതവും ഉണ്ടായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് നില കൂടുതല്‍ മോശമായത്.

സിപിഐ എം തിരുവനന്തപുരം ജില്ലാകമ്മറ്റി അംഗമായിരുന്നു. വര്‍ക്കലയില്‍നിന്ന് നാലുതവണ തുടര്‍ച്ചയായി നിയമസഭയിലേക്കും ചിറയിന്‍കീഴില്‍നിന്ന് മൂന്നുതവണ ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ മികവുതെളിയിച്ച അദ്ദേഹത്തിന് നിയമസഭയുടെയും പാര്‍ലമെന്റിന്റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് അഗാധമായ അറിവുണ്ടായിരുന്നു. നിയമനിര്‍മാണപ്രക്രിയയില്‍ പ്രശംസനീയമായ സംഭാവനകള്‍ നല്‍കി. അഭിഭാഷകനായും വര്‍ക്കല കഴിവ് തെളിയിച്ചു. ആഴത്തിലുള്ള നിയമപരിജ്ഞാനം പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ തിളങ്ങാന്‍ സഹായകമായി. 1980ലാണ് അദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1996വരെ നിയമസഭാംഗമായിരുന്നു. 1987-91 കാലയളവില്‍ നായനാര്‍ മന്ത്രിസഭയുടെ കാലത്ത് സ്പീക്കറായി. 1998, 99, 2004 വര്‍ഷങ്ങളില്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1967ല്‍ എം എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയായി.

ഭാര്യ: പരേതയായ പ്രൊഫ. സൌദാമിനി. മക്കള്‍: പ്രൊഫ. ആര്‍കെ ജയശ്രീ (എറണാകുളം മഹാരാജാസ് കോളേജ്), പ്രൊഫ. ആര്‍ കെ ശ്രീലത (വര്‍ക്കല എസ് എന്‍ കോളേജ് ), ആര്‍ കെ ഹരി (മാനേജര്‍, എച്ച്ഡിഎഫ്സി, മുംബൈ). മരുമക്കള്‍: അശോകന്‍ (ഫാക്ട് ചെയര്‍മാന്‍), വിമല്‍പ്രകാശ് (ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍) , ജീന (എന്‍ജിനിയര്‍, മുംബൈ). വര്‍ക്കല മുണ്ടയില്‍ ചാന്നാന്‍വിളാകത്ത് വീട്ടില്‍ വി ആര്‍ വാസുദേവന്റെയും ജി ദാക്ഷായണിയുടെയും മകനായി 1927 ആഗസ്റ്റ് 21നാണ് വര്‍ക്കല ജനിച്ചത്.

കേരള സര്‍വകലാശാലയില്‍നിന്ന് ബിഎയും ബിഎല്ലും പാസായശേഷം അഭിഭാഷകനായി. വിദ്യാര്‍ഥിയായിരിക്കെത്തന്നെ കമ്യൂണിസ്റ്റ് പാര്‍ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച അദ്ദേഹം കോളേജ് വിട്ടശേഷം മുഴുവന്‍സമയ പ്രവര്‍ത്തകനായി. പൊതുപ്രവര്‍ത്തനത്തിലൂടെ എല്ലാവരുടെയും ആദരവ് നേടിയ അദ്ദേഹം അടുത്തറിയുന്നവര്‍ക്കെല്ലാം അണ്ണനായിരുന്നു. നിയമസഭയുടെയും ലോക്സഭയുടെയും പ്രധാന കമ്മിറ്റികളുടെ ചെയര്‍മാനായി അദ്ദേഹം നീണ്ടകാലം പ്രവര്‍ത്തിച്ചു.

വര്‍ക്കല രാധാകൃഷ്ണന്‍ അന്തരിച്ചു

വര്‍ക്കല രാധാകൃഷ്ണന്‍ അന്തരിച്ചു

മലയാള മനോരമ

തിരുവനന്തപുരം: മുന്‍ എംപിയും കേരള നിയമസഭ സ്പീക്കറുമായിരുന്ന സിപിഎം നേതാവ് വര്‍ക്കല രാധാകൃഷ്ണന്‍ (83) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. സംസ്ക്കാരം ഇന്നു വൈകിട്ട് 9.30 ന് വര്‍ക്കലയിലെ കുടുംബ വീട്ടുവളപ്പില്‍ നടക്കും. പ്രഭാത സവാരിക്കിടെ ലോറിയിടിച്ചു പരുക്കേറ്റ അദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായി തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രി എട്ടുമണിയോടെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലെ വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. അപകടത്തില്‍ വാരിയെല്ലുകള്‍ തകര്‍ന്ന് ശ്വാസകോശ ത്തിനു ക്ഷതമേറ്റതാണു സ്ഥിതി കൂടുതല്‍ വഷളാക്കിയത്. കഴിഞ്ഞ

വ്യാഴാഴ്ച വഴുതക്കാടിനു സമീപമാണ് അപകടമുണ്ടായത്.

അന്‍പത് വര്‍ഷത്തിലധികം നീണ്ട പൊതു പ്രവര്‍ത്തന ചരിത്രമാണ് വര്‍ക്കല രാധാകൃഷ്ണന്റേത്. രാജ്യം കണ്ട മികച്ച പാര്‍ലമെന്റേറിയ ന്മാരില്‍ ഒരാളുമായിരുന്നു വര്‍ക്കല രാധാകൃഷ്ണന്‍. ഇ.എം.എസിന്റെ രാഷ്ട്രീയകാര്യ സെക്രട്ടറിയും നിയമസഭാ സ്പീക്കറും ലോക്സഭയില്‍ ഒരു യഥാര്‍ഥ പാര്‍ലമെന്റേറിയനായും ഒക്കെ വെട്ടിത്തിളങ്ങുമ്പോഴും നാട്ടുകാര്‍ക്ക് അവരുടെ സ്വന്തം അണ്ണനായിരുന്നു വര്‍ക്കല രാധാകൃഷ്ണന്‍.

1927 ഓഗസ്റ്റ് 21 ന് വര്‍ക്കലയില്‍ ആര്‍.വാസുദേവന്റെയും ജി. ദാക്ഷായണിയുടെയും മകനായി ജനിച്ച രാധാകൃഷ്ണന്‍ നിയമപഠന ത്തിന് ശേഷം അറിയപ്പെടുന്ന വക്കീലായി. പിന്നീടാണ് പൊതുരംഗത്ത് സജീവമായത്. അടിയന്തരാവസ്ഥക്കാലത്ത് വിചാരണയില്ലാതെ തടവില്‍ കഴിഞ്ഞവര്‍ക്ക് വേണ്ടി വര്‍ക്കല രാധാകൃഷ്ണന്‍ നടത്തിയ നിയമ പോരാട്ടങ്ങള്‍ ശ്രദ്ധേയമായി. അഭിഭാഷക വൃത്തിക്കൊപ്പം രാഷ്ട്രീയത്തിലും വര്‍ക്കല രാധാകൃഷണന്‍ സജീവമായി. 1953 മുതല്‍ 1962 വരെ വര്‍ക്കല പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു.

1967 ല്‍ ഇ.എം.എസ് രണ്ടാമത് മുഖ്യമന്ത്രിയായപ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിതനായി. 1980 മുതല്‍ തുടര്‍ച്ചയായി നാല് തിരഞ്ഞെടുപ്പുകളില്‍ വര്‍ക്കല മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായി . 1987 മുതല്‍ 1991 വരെ നിയമസഭാ സ്പീക്കറായി പ്രവര്‍ത്തിച്ച കാലഘട്ടം കേരളത്തിന്റെ നിയമനിര്‍മാണ ചരിത്രത്തിലും വര്‍ക്കലയുടെ വ്യക്തി ജീവിത്തതിലും ഒരുപോലെ പ്രധാനപ്പെട്ട കാലയളവായിരുന്നു. നിയമ നിര്‍മാണങ്ങളുടെ കാര്യത്തില്‍ സ്പീക്കര്‍ എന്ന നിലയില്‍ വര്‍ക്കല നടത്തിയ ഇടപെടലുകളും സഭ നിയന്ത്രിച്ചു കൊണ്ടുപോകുന്നതില്‍ പുലര്‍ത്തിയ കാര്യക്ഷമതയും ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.

ആര്‍. ബാലകൃഷ്ണപിളളയെ കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യനാക്കിയതും വര്‍ക്കല രാധാകൃഷ്ണന്‍ സ്പീക്കറായിരുന്ന സമയത്താണ്. പൊതുപ്രവര്‍ത്തക അഴിമതി നിരോധന നിയമം പാസാക്കുന്നതിന് വേണ്ടി 1987 ഡിസംബര്‍ 12 ന് തുടങ്ങിയ നിയമസഭാ നടപടികള്‍ പിറ്റെ ദിവസം പുലര്‍ച്ചെ 4.30 വരെ നീണ്ടതും വര്‍ക്കല സ്പീക്കറായിരുന്ന കാലത്തെ മറ്റൊരു ചരിത്രസംഭവമാണ്. 1998 ല്‍ 12-ാം ലോക്സഭയില്‍ ചിറയിന്‍കീഴില്‍ നിന്ന് വിജയിച്ചു. പിന്നീട് തുടര്‍ച്ചയായി രണ്ടു തവണകൂടി വിജയിച്ച് ഹാട്രിക് പൂര്‍ത്തിയാക്കി.

ലോക്സഭയില്‍ സമര്‍ഥമായ ഇടപെടലുകള്‍കൊണ്ടും പാര്‍ലമെന്ററി ചട്ടങ്ങളിലെ അഗാധമായ അറിവുകൊണ്ടും വര്‍ക്കല രാധാകൃഷ്ണന്റെ സാന്നിധ്യം വേറിട്ട് നില്‍ക്കുന്നതായിരുന്നു. 2009 ല്‍ ഒരിക്കല്‍ കൂടി സ്ഥാനാര്‍ഥിത്വം ആഗ്രഹിച്ചിരുന്നെങ്കിലും പാര്‍ട്ടി അത് അനുവദിച്ചില്ല. പാര്‍ലമെന്ററി രംഗത്ത് ഉന്നത സ്ഥാനങ്ങളിലെത്തിയെങ്കിലും പാര്‍ട്ടി തലത്തില്‍ അര്‍ഹമായ അംഗീകാരം ലഭിക്കാതിരുന്നത് വര്‍ക്കല രാധാകൃഷ്ണന്റെ സ്വകാര്യ ദുഖങ്ങളില്‍ ഒന്നായിരുന്നു. പരേതയായ പ്രൊഫ. സൌദാമിനിയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.

വര്‍ക്കല രാധാകൃഷ്ണന്‍

വര്‍ക്കല രാധാകൃഷ്ണന്‍

ദേശാഭിമാനി മുഖപ്രസംഗം

ബഹുമുഖപ്രതിഭ എന്ന വിശേഷണം സര്‍വാത്മനാ യോജിക്കുന്ന നേതാവായിരുന്നു വര്‍ക്കല രാധാകൃഷ്ണന്‍. പാര്‍ലമെന്റേറിയന്‍, നിയമജ്ഞന്‍, ഭരണാധികാരി, പ്രഭാഷകന്‍, ഹൃദയാലുവായ പൊതുപ്രവര്‍ത്തകന്‍-ഇങ്ങനെ ശത്രുക്കളുടെപോലും ആദരംനേടിയ ഒട്ടേറെ കഴിവുകള്‍ ആ വ്യക്തിത്വത്തില്‍ സമ്മേളിച്ചിരുന്നു. അരനൂറ്റാണ്ടുമുമ്പ് വര്‍ക്കല പഞ്ചായത്ത് പ്രസിഡന്റായതുമുതല്‍ എക്കാലത്തും ജനങ്ങളുടെ പ്രതിനിധിയായി പൊതുരംഗത്ത് വര്‍ക്കല നിറഞ്ഞുനിന്നു. എംഎല്‍എ,
എംപി, സ്പീക്കര്‍ എന്നീനിലകളില്‍ വര്‍ക്കലയോളം തുടര്‍ച്ചയായ പാരമ്പര്യമുള്ളവര്‍ വിരളം.

വിശ്രമമില്ലാത്തതായിരുന്നു വര്‍ക്കലയുടെ പാര്‍ലമെന്ററി ജീവിതം. മറുപക്ഷത്തിന് അലോസരം സൃഷ്ടിച്ചുകൊണ്ട് ജനങ്ങളുടെ പ്രശ്നങ്ങളും നിയമനിഷേധങ്ങളും നിരന്തരം അദ്ദേഹം ഉന്നയിച്ചു. ഉന്നയിക്കുന്ന കാര്യങ്ങള്‍ക്ക് വ്യക്തമായ മറുപടി കിട്ടണമെന്ന് ശഠിച്ചു. സിപിഐ എമ്മിന്റെ നേതാവെന്ന നിലയിലും കര്‍ഷക സംഘം, അഭിഭാഷക സംഘടന തുടങ്ങിയ മുന്നണികളിലൂടെയും ജനങ്ങളുമായി എന്നും ഇടപഴകാനും ജനകീയ പ്രശ്നങ്ങള്‍ക്കായി പോരാടാനുമാണ് ആ ജീവിതം വിനിയോഗിക്കപ്പെട്ടത്.

കോടതികളില്‍ അനാദൃശമായ പ്രകടനം കാഴ്ചവച്ച അഭിഭാഷകനായിരുന്നു വര്‍ക്കല. 1967ല്‍ മുഖ്യമന്ത്രി ഇ എം എസിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയോഗിക്കപ്പെട്ടപ്പോള്‍, ഔചിത്യബോധത്തോടെയും ധീരമായും ഭരണയന്ത്രം തിരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ജനങ്ങളില്‍നിന്ന് ലഭിക്കുന്ന പരാതികളും പൊടുന്നനെ ഉണ്ടാകുന്ന പ്രശ്നങ്ങളും ചടുലമായും അവധാനതയോടെയുമാണ് വര്‍ക്കല കൈകാര്യം ചെയ്തിരുന്നത്. എംപി എന്ന നിലയില്‍ രാജ്യമാകെ തന്നെ ശ്രദ്ധിക്കുംവിധമുള്ള ഇടപെടലുകളാണദ്ദേഹം നടത്തിയത്.

എപത്തി മൂന്നാം വയസ്സില്‍, അപകടത്തില്‍ പെട്ട് വിടപറയുന്നത് നാടിന്റെ സ്നേഹഭാജനമായ നേതാവാണ്. വര്‍ക്കല രാധാകൃഷ്ണന്റെ വിയോഗത്തില്‍ അഗാധമായ വ്യസനം ഞങ്ങള്‍ പങ്കുവയ്ക്കുന്നു.

Wednesday, April 21, 2010

സത്യം തെളിഞ്ഞു എല്‍ഡിഎഫ് നേതാക്കള്‍

സത്യം തെളിഞ്ഞു എല്‍ഡിഎഫ് നേതാക്കള്‍

ദേശാഭിമാനിയിൽനിന്ന്

ലാവ്ലിന്‍ കേസില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് ഒരു അടിസ്ഥാനവുമില്ലെന്ന് സിബിഐ കോടതിയില്‍ വെളിപ്പെടുത്തിയതോടെ കേസ് തന്നെ അപ്രസക്തമായിരിക്കയാണെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു. രാഷ്ട്രീയഹത്യക്കുവേണ്ടി സിബിഐയെ കോഗ്രസ് ദുരുപയോഗിക്കുകയായിരുന്നുവെന്നും തെളിഞ്ഞു. വെളിയം ലാവ്ലിന്‍ കേസില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെയുള്ള ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സിബിഐ അന്വേഷണത്തില്‍ തെളിഞ്ഞത് സന്തോഷകരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും അത് അന്വേഷണത്തിന് വിടുകയും ചെയ്യുന്ന നടപടി നിര്‍ഭാഗ്യകരമാണ്. ചന്ദ്രചൂഡന്‍ കണ്ണൂര്‍: ലാവ്ലിന്‍ കേസില്‍ കേന്ദ്രസര്‍ക്കാര്‍ സിബിഐയെ ഉപയോഗിച്ച് അധികാരദുര്‍വിനിയോഗമാണ് നടത്തിയതെന്ന് ആര്‍എസ്പി ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ. ടി ജെ ചന്ദ്രചൂഡന്‍ പറഞ്ഞു. ലാവ്ലിന്‍ കേസിലൂടെ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കള്ളനെന്നും കൊള്ളക്കാരനെന്നും ആക്ഷേപിച്ചു. അന്വേഷണം നടത്തിയ സിബിഐ ഇപ്പോള്‍ പറയുന്നത് തെളിവൊന്നും കിട്ടിയില്ല എന്നാണ്. കേരളത്തെ സ്നേഹിക്കുന്ന നടപടികള്‍ സ്വീകരിച്ചതിന്റെ പേരിലാണ് പിണറായിയെ കൈക്കൂലിക്കാരന്‍ എന്ന് വിളിച്ചത്. സ്വകാര്യമായോ പാര്‍ടിക്കുവേണ്ടിയോ അദ്ദേഹം സമ്പാദ്യമുണ്ടാക്കിയില്ല എന്നാണ് ഇപ്പോള്‍ വ്യക്തമായത്. നേതാവിനെ ആക്രമിച്ച് വകവരുത്തിയാല്‍ പ്രസ്ഥാനത്തെയും തകര്‍ക്കാം. നേതാവിന് പ്രാപ്തികൂടിയാല്‍ അകത്തുനിന്നും പുറത്തുനിന്നും തകര്‍ക്കാനുള്ള ശ്രമങ്ങളുണ്ടാകും. സിബിഐയെക്കൊണ്ട് സിപിഐ എമ്മിന്റെ പൊക്കിളിനുകീഴില്‍ ചവിട്ടിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. എന്നിട്ടും തകര്‍ക്കാനായില്ല- ചന്ദ്രചൂഡന്‍ പറഞ്ഞു. പി ജെ ജോസഫ് ലാവ്ലിന്‍ കേസുമായി ഇനിയും മുന്നോട്ടുപോകുന്നതില്‍ അര്‍ഥമില്ലെന്ന് കേരള കോഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് പറഞ്ഞു. പിണറായി കുറ്റക്കാരനല്ലെന്ന സിബിഐ വെളിപ്പെടുത്തലോടെ വിവാദങ്ങളും അവസാനിപ്പിക്കാം. തെറ്റിദ്ധാരണയുണ്ടായിരുന്നവര്‍ ഇനിയെങ്കിലും അതു മാറ്റണം. കടന്നപ്പള്ളി ലാവ്ലിന്‍ കേസില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം നീതിയുക്തമായിരുന്നു എന്നതിന്റെ തെളിവാണ് സിബിഐയുടെ പുതിയ നിലപാടെന്ന് കോഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമായിരുന്നെന്നും ഇതോടെ തെളിഞ്ഞു. രാഷ്ട്രീയഹത്യക്കുവേണ്ടി സിബിഐപോലുള്ള ഏജന്‍സികളെ ആയുധമാക്കുന്ന ഹീനശ്രമങ്ങള്‍ അധികാരികള്‍ ഉപേക്ഷിക്കണം. ലാവ്ലിന്‍ കേസിന്റെ പേരില്‍ ഒച്ചപ്പാടുണ്ടാക്കി നടന്ന പ്രതിപക്ഷം സിബിഐയുടെ ഇപ്പോഴത്തെ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ എന്തുപറയുന്നു എന്നറിയാന്‍ താല്‍പ്പര്യമുണ്ട്. പ്രൊഫ. എന്‍ എം ജോസഫ് ഒടുവില്‍ സിബിഐ സത്യം വെളിപ്പെടുത്തിയിരിക്കുന്നുവെന്ന് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എന്‍ എം ജോസഫ് പറഞ്ഞു. പിണറായി കുറ്റക്കാരനല്ലെന്നും പണമിടപാട് നടന്നിട്ടില്ലെന്നും സിബിഐ കണ്ടെത്തി.

Thursday, April 1, 2010

ഇന്ത്യന്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനം

ദേശാഭിമാനി ലേഖനം

ഇന്ത്യന്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനം


ജോസഫ് തോമസ് പ്രസിഡന്റ്, എഫ്എസ്എംഐ

അറിവ്, ചരിത്രപരമായി, സ്വതന്ത്രമായിരുന്നു. സമൂഹം വര്‍ഗങ്ങളായി വിഭജിക്കപ്പെട്ടതോടെയാണ്, അറിവിന്റെ കുത്തകവല്‍ക്കരണത്തിനും വളച്ചുകെട്ടലിനുമുള്ള ശ്രമം ആരംഭിച്ചത്. അതോടൊപ്പംതന്നെ അറിവിന്റെ സ്വാതന്ത്യ്രത്തിനുള്ള, ജനകീയവല്‍ക്കരണത്തിനുള്ള സമരവും തുടങ്ങിയിരുന്നു. ജനാധിപത്യ വികാസത്തിനൊപ്പം അറിവിന്റെ ജനകീയവല്‍ക്കരണവും നടക്കുന്നു. എന്നാല്‍, ജനാധിപത്യം ആണയിടുന്ന ഇന്നത്തെ മുതലാളിത്ത സമൂഹത്തിലും ജനാധിപത്യം ആഴത്തില്‍ വേരോടാത്തതുകൊണ്ടുതന്നെ, അറിവിന്റെ വ്യാപനവും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കഴിഞ്ഞിട്ടില്ല. ആ പരിമിതിയോടെയെങ്കിലും പരമ്പരാഗത വിജ്ഞാനത്തിന്റെ സങ്കേതങ്ങള്‍ ഒട്ടേറെ വ്യാപിച്ചുവരുന്നതും അതിലൂടെ ജനാധിപത്യാവകാശങ്ങള്‍ ഉപയോഗിക്കാന്‍ കൂടുതല്‍ കൂടുതല്‍ ജനവിഭാഗങ്ങള്‍ പ്രാപ്തരാകുന്നതും ചൂഷകവര്‍ഗങ്ങളെ ഒട്ടൊന്നുമല്ല അലട്ടിയത്. ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ പുതിയ കമ്പോളങ്ങള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ പുതിയ ചരക്കുകളിലേക്കും എത്തി. സേവനങ്ങള്‍ ചരക്കുകളാക്കപ്പെട്ടു. അവയില്‍ കുത്തകാവകാശം സ്ഥാപിക്കാന്‍ പുതിയ സ്വത്തുടമസ്ഥതാ നിയമങ്ങള്‍ ആവശ്യമായി വന്നു. അതാണ്, ബൌദ്ധിക സ്വത്തവകാശ നിയമങ്ങളിലേക്കും സോഫ്റ്റ്വെയറിന്റെ അടക്കം കുത്തകവല്‍ക്കരണത്തിലേക്കും നയിച്ചത്. അസംസ്കൃതവസ്തുക്കള്‍ ലഭിക്കുന്നിടത്തോ കൂലി കുറഞ്ഞിടത്തോ കമ്പോളത്തിനടുത്തോ ഏതാണ് കൂടുതല്‍ ലാഭകരമെന്നു നോക്കി അവിടെ ഉല്‍പ്പാദനം സംഘടിപ്പിക്കുക, കമ്പോളവും ഉല്‍പ്പാദനകേന്ദ്രവുമടക്കം സര്‍വപ്രവര്‍ത്തനങ്ങളും വിവര ശൃംഖലവഴി സമന്വയിപ്പിച്ചുകൊണ്ട് വിറ്റഴിയപ്പെടുന്നവ മാത്രം ഉല്‍പ്പാദിപ്പിക്കുന്നതിലൂടെ സ്റോക്ക് കുറച്ച്, മൂലധനനിക്ഷേപം കുറച്ചും ക്ളാസിക്കല്‍ മുതലാളിത്തഘട്ടത്തിലെ വന്‍കിട ഉല്‍പ്പാദനകേന്ദ്രങ്ങള്‍ക്ക് പകരം വികേന്ദ്രീകൃത ഉല്‍പ്പാദന യൂണിറ്റുകള്‍ സംഘടിപ്പിച്ചും പലപ്പോഴും പുറംപണി നല്‍കിക്കൊണ്ടും സ്ഥിരം തൊഴില്‍ ഒഴിവാക്കിയും പകരം കുറഞ്ഞ കൂലിക്ക് കരാര്‍ തൊഴിലും കുടിത്തൊഴിലും ഏര്‍പ്പെടുത്തിയും അതിലൂടെയൊക്കെ തൊഴിലാളികളുടെ സംഘാടന സാധ്യതയും സംഘടിതശേഷിയും കുറച്ചും കൂലി കുറച്ചും തൊഴില്‍ സമയം കൂട്ടിയും ലാഭം ഉയര്‍ത്താന്‍ മൂലധനശക്തികളെ പ്രാപ്തമാക്കി. സോഫ്റ്റ്വെയര്‍ കുത്തകവല്‍ക്കരണത്തിന്റെ ദൂഷ്യഫലങ്ങള്‍ എല്ലാ മേഖലയിലും പ്രകടമാണ്. വിവരം ഉപയോഗിക്കുന്ന എല്ലാ മേഖലകളിലും സോഫ്റ്റ്വെയറിന് ഉപയോഗസാധ്യത ഉണ്ടെന്നതും ഉപയോഗിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മേല്‍ക്കൈ നേടാനാകുമെന്നതും മത്സരാധിഷ്ഠിതമായ ഇന്നത്തെ സമൂഹത്തില്‍ സോഫ്റ്റ്വെയറിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. സോഫ്റ്റ്വെയര്‍ കുത്തകവല്‍ക്കരണം, പക്ഷേ, നേരിട്ട് ബാധിച്ചത് അത് നാളിതുവരെ കൈകാര്യം ചെയ്തിരുന്ന സോഫ്റ്റ്വെയര്‍ പ്രൊഫഷണലുകളെയാണ്. തങ്ങളുടെ കമുന്നില്‍ തങ്ങളുപയോഗിച്ചിരുന്ന പണിയായുധങ്ങള്‍ പിടിച്ചുപറിക്കപ്പെട്ടപ്പോള്‍ സാങ്കേതിക വൈദഗ്ധ്യത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സോഫ്റ്റ്വെയര്‍ പ്രൊഫഷണലുകളുടെ പ്രതികരണം തീക്ഷ്ണമായത് സ്വാഭാവികം. അവര്‍ സ്വകാര്യസ്വത്തിന്റെ പുതിയ രൂപത്തിനെതിരെ പൊതുസ്വത്തിന്റെ പുതിയ രൂപം സൃഷ്ടിച്ചു. പ്രൊപ്രൈറ്ററി സോഫ്റ്റ്വെയറിന് പകരം സ്വതന്ത്ര സോഫ്റ്റ്വെയര്‍. ജയില്‍ സമാനമായ കോര്‍പറേറ്റ് സ്ഥാപനങ്ങളിലെ കൂലിക്കെടുത്ത പരിമിതമായ തലച്ചോറുകള്‍ സൃഷ്ടിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്ന പ്രൊപ്രൈറ്ററി സോഫ്റ്റ്വെയറുകളാണ് കുത്തകകളുടേത്. ആഗോള വിവര വിനിമയ ശൃംഖലയില്‍ കോര്‍ത്തിണക്കപ്പെട്ട സോഫ്റ്റ്വെയര്‍ പ്രൊഫഷണലുകള്‍ സ്വതന്ത്രമായ ചുറ്റുപാടില്‍ സ്വന്തം താല്‍പ്പര്യത്തില്‍ സ്വന്തം ജീവിതമാര്‍ഗത്തിനായി ഉണ്ടാക്കുന്നവയാണ് സ്വതന്ത്ര സോഫ്റ്റ്വെയര്‍. അവര്‍ അതിന്റെ ഉടമസ്ഥത സമൂഹത്തിന് വിട്ടുകൊടുക്കുന്നു. ബൌദ്ധിക സ്വത്തവകാശമല്ല, തങ്ങളുടെ ബൌദ്ധിക സ്വത്താണ്; സ്വതന്ത്ര സോഫ്റ്റ്വെയര്‍ വികസിപ്പിക്കുന്നവരുടെ വരുമാനമാര്‍ഗം. സമൂഹത്തില്‍നിന്ന് അവര്‍ വിജ്ഞാനം എടുക്കുന്നു. അതുപയോഗിച്ച്, അതിനോട് പുതിയ മൂല്യം കൂട്ടിച്ചേര്‍ത്ത് പുതിയവ ഉല്‍പ്പാദിപ്പിക്കുന്നു. അവര്‍ ഉല്‍പ്പാദിപ്പിച്ച പുതിയ സമ്പത്ത്, കൂട്ടിച്ചേര്‍ക്കപ്പെട്ട പുതിയ മൂല്യം, അവര്‍ക്ക് വരുമാനം ഉറപ്പാക്കുന്നു. അവര്‍ പുതിയ ഉല്‍പ്പന്നത്തിന്റെ നിര്‍മാണരീതി സമൂഹവുമായി പങ്കുവയ്ക്കുന്നു. പ്രൊപ്രൈറ്ററി സോഫ്റ്റ്വെയര്‍ ഉടമകളെപ്പോലെ അവരത് രഹസ്യമായി സൂക്ഷിച്ച് സമൂഹത്തെ തുടര്‍ച്ചയായി കൊള്ളയടിക്കുന്നില്ല. അതുകൊണ്ട് സമൂഹത്തിന്റെ സഹായം അവര്‍ക്കും കിട്ടുന്നു. കുറവുകള്‍ ആദ്യം കാണുന്നതോ, ആദ്യം അറിയുന്നതോ, ആദ്യം കഴിയുന്നതോ ആയ ആള്‍ തന്നെ പരിഹരിക്കുന്നു. അങ്ങനെ സ്വതന്ത്ര സോഫ്റ്റ്വെയര്‍ വേഗത്തില്‍ മെച്ചപ്പെടുന്നു. വൈറസ് ബാധയില്ല. ഉയര്‍ന്ന വിവരസുരക്ഷ. തുടര്‍ച്ചയായ പ്രവര്‍ത്തനം ഉറപ്പ്, പ്രൊപ്രൈറ്ററി സോഫ്റ്റ്വെയറുകളേക്കാള്‍ സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ മികച്ചതായതില്‍, പ്രൊപ്രൈറ്ററി സോഫ്റ്റ്വെയറുകളുടെ നാളുകള്‍ എണ്ണപ്പെട്ടതില്‍ അതിശയമില്ല. ഒരു പഠനമനുസരിച്ച് ഇന്നത്തെ നിരക്കില്‍ സ്വതന്ത്ര സോഫ്റ്റ്വെയറുകളുടെ ഉപയോഗം വര്‍ധിക്കുകയും പ്രൊപ്രൈറ്ററി സോഫ്റ്റ്വെയറുകളുടെ ഉപയോഗം കുറയുകയും ചെയ്താല്‍ ഈ വര്‍ഷം അവ ഒപ്പമെത്തുകയും 2017 ആവുമ്പോഴേക്കും പ്രൊപ്രൈറ്ററി സോഫ്റ്റ്വെയറുകള്‍ രംഗം ഒഴിയുകയുംചെയ്യും. സാമൂഹ്യോടമസ്ഥതയുടെ മേന്മ വെളിപ്പെടുത്തുന്ന മാതൃകയാണ് സ്വതന്ത്ര സോഫ്റ്റ്വെയറും അതിന്റെ നിയമ ചട്ടക്കൂടായ ജനറല്‍ പബ്ളിക് ലൈസന്‍സും. ഈ പ്രസ്ഥാനത്തിന് രൂപം കൊടുക്കുകയും അതിന്റെ നിയമാവലി രൂപപ്പെടുത്തുകയും ചെയ്തു എന്നത് (1985) റിച്ചാര്‍ഡ് എം സ്റാള്‍മാനും സഹപ്രവര്‍ത്തകരും സമൂഹത്തിന് നല്‍കിയ മഹത്തായ സംഭാവനയാണ്. യൂണിക്സിന് സമാനമായ ലിനക്സിന്റെ മൂലരൂപം സൃഷ്ടിച്ചുകൊണ്ടും (1991) അത് സമൂഹത്തിന് സമര്‍പ്പിച്ചുകൊണ്ടും ഫിന്‍ലന്‍ഡുകാരനായ തൊഴിലാളിയുടെ മകന്‍ ലിനസ് ടോര്‍വാള്‍ഡ് ഈ പ്രസ്ഥാനത്തിന്റെ പ്രായോഗികസാധ്യത തെളിയിച്ചു. വിജയം ഉറപ്പാക്കി. അറിവിന്റെ ഇതര മേഖലകളിലേക്ക് ഈ കാഴ്ചപ്പാട് വ്യാപിച്ചുവരുന്നു. ഓപ്പ ഹാര്‍ഡ്വെയര്‍, ഓപ്പ സ്റാന്‍ഡേര്‍ഡ്സ്, ഓപ്പ അക്സസ് ജേര്‍ണല്‍സ്, ക്രിയേറ്റീവ് കോമസ് തുടങ്ങി ഒട്ടേറെ പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ട് വികാസത്തിന്റെ പല ഘട്ടങ്ങളിലാണിന്നുള്ളത്. പൊതുസ്വത്തായിരുന്ന ഭൂമി വളച്ചുകെട്ടി സ്വകാര്യസ്വത്താക്കിയതുപോലെ, മധ്യകാലഘട്ടത്തിലെ കൈത്തൊഴിലുകാരുടെ സ്വന്തമായിരുന്ന തൊഴിലുപകരണങ്ങള്‍ ഫാക്ടറി മുതലാളിമാര്‍ കൈയടക്കിയതുപോലെ, സോഫ്റ്റ്വെയര്‍ കൈയടക്കാനുള്ള ആധുനിക സാമ്രാജ്യത്വ കുത്തകകളുടെ ശ്രമമാണ് ഇവിടെ പരാജയപ്പെട്ടത്. ഈ തിരിച്ചടി മുതലാളിത്ത കുഴപ്പം മൂര്‍ച്ഛിപ്പിക്കുന്നതിനുള്ള കാരണങ്ങളിലൊന്നുകൂടിയാണ്. ലോക മുതലാളിത്ത സാമ്പത്തികക്രമം അതിഗുരുതരമായ പ്രതിസന്ധി നേരിടുകയാണ്. ഒരു തകര്‍ച്ചയുടെ വക്കിലാണത്. ഇത് ഉല്‍പ്പാദനോപാധികളുടെ സാമൂഹ്യോടമസ്ഥതയിലൂന്നിയുള്ള എല്ലാവര്‍ക്കും തുല്യമായ അവസരങ്ങള്‍ ഉറപ്പാക്കുന്ന സാമ്പത്തിക ക്രമം സാധ്യമാണെന്നും അത് കൂടുതല്‍ കൂടുതല്‍ അടിയന്തരവും അനിവാര്യവുമായിക്കൊണ്ടിരിക്കുന്നു എന്നും വെളിപ്പെടുത്തുന്നു. സ്വതന്ത്ര സോഫ്റ്റ്വെയറിലേക്ക് മാറിയാല്‍ ഇന്ത്യയില്‍നിന്നുള്ള വിഭവം പാഴാകുന്നത് ഒഴിവാക്കാം. ഇന്ത്യന്‍ കമ്പോളം വികസിക്കുന്നതിനിടയാക്കും. ചെറുകിട സംരംഭകരുടെ ബിസിനസ് സാധ്യതകളും വരുമാന സാധ്യതകളും വര്‍ധിക്കും. ഇന്ത്യന്‍ സേവനദാതാക്കളുടെ ലാഭം ഉയര്‍ത്തും. ഇന്ന് ആഗോള കുത്തകകളുമായുള്ള മത്സരത്തില്‍ പിന്തള്ളപ്പെട്ടുപോകുന്ന അവസ്ഥയില്‍നിന്ന് നമ്മുടെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് അവര്‍ക്കും ഏറ്റവും മികച്ച വിവരവിനിമയ സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള മാനേജ്മെന്റ് സംവിധാനം ലഭ്യമാക്കാം. ദുര്‍വഹമായ ചെലവുമൂലം ഇന്നവര്‍ക്കത് അപ്രാപ്യമാണ്. നമ്മുടെ കുട്ടികള്‍ക്ക് സോഫ്റ്റ്വെയറില്‍ യഥാര്‍ഥ അറിവ് നേടാന്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപകരിക്കും. സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ അലകള്‍ ഇന്ത്യയിലും ആഞ്ഞടിച്ചു. 1990കളുടെ അവസാനപാദത്തില്‍ തന്നെ ചെറുചെറു ഗ്രൂപ്പുകള്‍ രൂപീകരിക്കപ്പെട്ടു. തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ചും എറണാകുളത്ത് ജനകീയാസൂത്രണ പ്രോജക്ടുമായി ബന്ധപ്പെട്ടും പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ നടന്നു. എറണാകുളത്ത് 2000 ജൂലൈയില്‍ ഒഎസ്എസ് എന്ന സ്വതന്ത്ര സോഫ്റ്റ്വെയര്‍ മാത്രം ഉപയോഗിക്കുന്ന പ്രൊഫഷണലുകളുടെ വ്യവസായ സഹകരണസംഘം സ്ഥാപിതമായി. 2001ല്‍ തിരുവനന്തപുരത്ത് റിച്ചാര്‍ഡ് മാത്യു സ്റാള്‍മാന്‍ പങ്കെടുത്ത യോഗത്തില്‍വച്ച് എഫ്എസ്എഫ് ഇന്ത്യ സ്ഥാപിതമായി. കേരള സര്‍വകലാശാലയില്‍ ആദ്യത്തെ ഇ എം എസ് അനുസ്മരണ പ്രഭാഷണം നടത്തിയത് സ്റാള്‍മാന്‍ ആയിരുന്നു. ആന്ധ്രയില്‍ സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ തെലുങ്ക് പ്രാദേശികവല്‍ക്കരണ രംഗത്ത് സ്വേച്ഛ എന്ന സ്ഥാപനം നിലവില്‍വന്നു. സ്വതന്ത്ര മലയാളം കംപ്യൂട്ടിങ് എന്ന കൂട്ടായ്മ കേരളത്തിലും നിലവില്‍വന്നു. കര്‍ണാടകത്തില്‍ കര്‍ണാടക സ്വതന്ത്ര സോഫ്റ്റ്വെയര്‍ മൂവ്മെന്റ് സ്ഥാപിതമായി. ബംഗാളിലും മഹാരാഷ്ട്രയിലും ഡല്‍ഹിയിലും രാജസ്ഥാനിലും മറ്റ് പല സംസ്ഥാനങ്ങളിലും കൂട്ടായ്മകള്‍ രൂപപ്പെട്ടു. ലിനക്സ് യൂസര്‍ ഗ്രൂപ്പുകള്‍ പ്രധാന പട്ടണങ്ങളിലെല്ലാം സജീവമായി. സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനം ഇത്തരത്തില്‍ വികേന്ദ്രീകൃതമായി മുന്നേറുകതന്നെയാണ്. അവയ്ക്ക് ഒരധികാരകേന്ദ്രത്തിന്റെ ആവശ്യമില്ല. പരസ്പരബന്ധം ഇന്റര്‍നെറ്റിലൂടെ നിലനില്‍ക്കുന്നുണ്ട്. പല ഇന്റര്‍നെറ്റ് ഗ്രൂപ്പുകളും വിവിധ ചെറു ഗ്രൂപ്പുകളുടെ വിപുലമായ കൂട്ടായ്മ സൃഷ്ടിക്കുന്നുണ്ട്. പക്ഷേ, ഇവ ഏറെയും പ്രാദേശിക ചെറുകൂട്ടായ്മകളായോ സൈബര്‍ രംഗത്ത് മാത്രമായോ ഒതുങ്ങുകയാണ്. സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ പ്രായോഗിക സാധ്യതകള്‍ അതുപയോഗിച്ച് തുടങ്ങാത്ത വലിയൊരു ജനവിഭാഗത്തിലേക്കെത്തിക്കാന്‍ ആവശ്യമായത്ര ഇടപെടല്‍ശേഷി അവയ്ക്കില്ല. ഇന്നും നമ്മുടെ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ വളരെ പിറകിലാണ്. കേരളം മാത്രമാണ് ഐടി @ സ്കൂള്‍, വൈദ്യുതി വകുപ്പിലെ ഒരുമ, സ്പേസിന്റെ ഇന്‍സൈറ്റ്, മലയാളം കംപ്യൂട്ടിങ്, സി-ഡിറ്റിന്റെ മലയാളം പ്രോജക്ടുകള്‍, കാറ്റ്ഫോസ് തുടങ്ങിയവയിലൂടെ മുന്നേറ്റം കുറിച്ചിട്ടുള്ളത്. ഐടി @ സ്കൂള്‍ പദ്ധതി സ്വതന്ത്ര സോഫ്റ്റ്വെയറിലേക്ക് മാറ്റപ്പെട്ടത് സ്കൂള്‍ അധ്യാപകരുടെ സമരസംഘടനയായ കെഎസ്ടിഎ നടത്തിയ സമരത്തിന്റെ ഫലമായാണ്. വൈദ്യുതിവകുപ്പില്‍ തൊഴിലാളി സംഘടനകളുടെ മുന്‍കൈയിലാണ് ഒരുമ രൂപപ്പെട്ടത്. പ്രാദേശിക പദ്ധതികള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളുടെ കുത്തക പ്രീണനത്തിന്റെ ഭാഗമായ ഭീഷണി നിലനില്‍ക്കുകയാണ്. അത് സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രോജക്ടുകള്‍ക്ക് മാത്രമല്ല, ഐകെഎം അടക്കമുള്ളവയ്ക്കും ബാധകമാണ്. ജെഎന്‍യുആര്‍എം തുടങ്ങിയ കേന്ദ്രപദ്ധതികളിലൂടെ കോര്‍പറേഷനുകളുടെ ഇ-ഭരണ പദ്ധതികള്‍, പ്രൊപ്രൈറ്ററി പ്ളാറ്റ്ഫോമുകള്‍ ഉപയോഗിക്കുകയും സേവനങ്ങളുടെ രഹസ്യം സൂക്ഷിച്ച് കുത്തകലാഭം എടുക്കുകയും ചെയ്യുന്ന ബഹുരാഷ്ട്ര കമ്പനികളിലേക്ക് കൈമാറപ്പെടുകയാണ്. പ്രാദേശിക ശാക്തീകരണം ഉറപ്പാക്കാന്‍ ഐകെഎം അടക്കം സ്വതന്ത്ര സോഫ്റ്റ്വെയറിലേക്ക് മാറുകയും കേന്ദ്ര ഏജന്‍സികളുടെ കുത്തകാനുകൂല പദ്ധതികള്‍ക്ക് ജനകീയ-പ്രാദേശിക ബദലുകള്‍ ഉയര്‍ത്തപ്പെടുകയുമാണ് വേണ്ടത്. അതിനാകട്ടെ, സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ മാത്രമേ കഴിയുകയുള്ളൂ. സ്വത

കണ്ണടയ്ക്കുക! ഇവിടെ പരീക്ഷ നടക്കുകയാണ്‌

കണ്ണടയ്ക്കുക! ഇവിടെ പരീക്ഷ നടക്കുകയാണ്‌

മാതൃഭൂമി ലേഖനം

പഠിച്ചില്ലെങ്കില്‍ പരീക്ഷയ്ക്കു തോല്‍ക്കുമെന്നത്
പഴയ വിശ്വാസമാണ്.
പഠിക്കാതെയും ജയിക്കാനുള്ള സൂത്രങ്ങള്‍ മനസ്സിലാക്കാത്ത
പാവങ്ങളാണ് തോറ്റുപോകുന്നത്;
പരീക്ഷയിലും ജീവിതത്തിലുംകേരളത്തിലെ ചില സര്‍വകലാശാലകളിലെങ്കിലും ഇന്ന് പരീക്ഷയ്ക്ക് തോല്‍ക്കുന്നവര്‍ ശുദ്ധഗതിക്കാര്‍ മാത്രം. ജയിക്കാനുള്ള സൂത്രവാക്യങ്ങളൊന്നും മനഃപാഠമാക്കാത്ത മണ്ടന്മാരെന്ന് അവരെ വിളിക്കാം.
പരീക്ഷാഹാളില്‍ മേല്‍നോട്ടം വഹിക്കുന്ന അധ്യാപകന്‍ സീറ്റിലിരുന്ന് കണ്ണടയ്ക്കുന്നത് കോപ്പിയടിക്കാനുള്ള സിഗ്‌നലാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാത്തവന്‍ തോല്‍ക്കാതെന്തു ചെയ്യും? അവിടെ കണ്ണു തുറന്നിരിക്കാനല്ല, കണ്ണടച്ച് മയക്കം നടിക്കാനാണ് അധ്യാപകന്റെ നിയോഗമെന്ന് തീരുമാനിക്കുകയെങ്കിലും വേണ്ടേ?

കോപ്പിയടി പിടിച്ച അധ്യാപകനെ മാതൃകാപരമായി പരീക്ഷാജോലികളില്‍ നിന്ന് 'ഡീബാര്‍' ചെയ്ത കേരള സര്‍വകലാശാലയുടെ നടപടിയെപ്പറ്റി കേട്ടറിയാത്തവന്‍ കൊണ്ടറിയുകയേ ഉള്ളൂ! കോപ്പിയടിച്ചിട്ടും പാസ്സ് മാര്‍ക്ക് നേടാനാകാത്തവര്‍ 'പുനര്‍മൂല്യനിര്‍ണയ'മെന്ന അത്ഭുത രോഗശാന്തി ശുശ്രൂഷയെപ്പറ്റിയെങ്കിലും അറിഞ്ഞിരിക്കണം!
സ്വാശ്രയ കോളേജുകളുടെ എണ്ണം പെരുകിയതോടെ കേരളത്തിലെ നാലു പ്രധാന അഫിലിയേറ്റിങ് സര്‍വകലാശാലകളുടെ പരീക്ഷാനടത്തിപ്പ് താളംതെറ്റിയിരിക്കയാണ്. അത്തരം കോളേജുകളിലെ പരീക്ഷാനടത്തിപ്പില്‍ സര്‍വകലാശാലകള്‍ക്ക് യാതൊരു നിയന്ത്രണവുമില്ല.

സ്വന്തം കോളേജില്‍ മാനേജ്‌മെന്റ് പരീക്ഷാകേന്ദ്രം ഒരുക്കുന്നു. അതേ കോളേജിലെ അധ്യാപകരെത്തന്നെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നു. പേരിന് ഒരു എക്‌സ്റ്റേണല്‍ എക്‌സാമിനറുമുണ്ടാകും. അദ്ദേഹത്തെ വേണ്ടവിധത്തില്‍ സന്തോഷിപ്പിക്കാന്‍ മാനേജ്‌മെന്റുകള്‍ക്കറിയാം. തടസ്സങ്ങളൊക്കെ നീക്കി, പഴയകാലത്തെ പോലെ കുട്ടികള്‍ക്ക് ഉത്തരമെഴുതിയ തുണ്ടു കടലാസുകള്‍ ഒളിപ്പിച്ചു കൊണ്ടുവരേണ്ട ബുദ്ധിമുട്ടുപോലുമില്ല. പുസ്തകം തന്നെ തുറന്നെഴുതാം!

ഇക്കഴിഞ്ഞ മാര്‍ച്ച് 24ന് നടന്ന കാലിക്കറ്റ് സര്‍വകലാശാലയുടെ ഡിഗ്രി പരീക്ഷയ്ക്ക് മലപ്പുറത്തെ ഒരു തീരദേശ കോളേജില്‍ എക്‌സ്റ്റേണല്‍ അധ്യാപകന്‍ വന്നതേയില്ല. ആ കോളേജിലെ കുട്ടികള്‍ക്കൊപ്പം പ്രൈവറ്റ് രജിസ്‌ട്രേഷന്‍കാരും പരീക്ഷയെഴുതുന്നുണ്ടായിരുന്നു. സമയം തീരാന്‍ അര മണിക്കൂര്‍ ബാക്കിയുള്ളപ്പോള്‍ പ്രിന്‍സിപ്പല്‍ ഹാളിലെത്തി. ''വലിയ ബഹളമുണ്ടാക്കാതെ എന്തെങ്കിലുമൊക്കെ നോക്കി എഴുതി''ക്കോളാന്‍ അനുവാദം നല്‍കി. സംഭവം പുറത്താരോടും പറയേണ്ടെന്ന് പ്രൈവറ്റ് രജിസ്‌ട്രേഷന്‍കാരോട് പ്രത്യേകം ഓര്‍മിപ്പിക്കുകയും ചെയ്തു.

മറ്റൊരു കോളേജില്‍ കോപ്പിയടി പിടിച്ച അധ്യാപകനെ പരീക്ഷയ്ക്കുശേഷം കുട്ടികള്‍ വളഞ്ഞു ഭീഷണിപ്പെടുത്തി. അധ്യാപകന്‍ മാനേജര്‍ക്ക് പരാതി നല്‍കി. മനേജരാകട്ടെ അധ്യാപകനെ അനുനയിപ്പിച്ച് പരാതി പിന്‍വലിപ്പിച്ചു. മാത്രമല്ല ഈ അധ്യാപകനെ ഭാവിയില്‍ പരീക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കേണ്ടെന്ന് പ്രിന്‍സിപ്പലിനും ഉപദേശം നല്‍കി.

കേരള സര്‍വകലാശാലയിലെ ഒരു സ്വാശ്രയ എന്‍ജിനീയറിങ് കോളേജിലെ കൂട്ട കോപ്പിയടി മൂല്യനിര്‍ണയ വേളയില്‍ പിടിക്കപ്പെട്ടപ്പോള്‍ സര്‍വകലാശാലാ അധികൃതര്‍ തന്നെ ഞെട്ടിപ്പോയി. ഈ കോളേജിലെ ഒരു ബ്രാഞ്ചിലെ ഭൂരിഭാഗം കുട്ടികളും ഒരേ രീതിയിലുള്ള തെറ്റായ ഉത്തരമെഴുതിയതാണ് പ്രശ്‌നമായത്. അവിടത്തെ തന്നെ അധ്യാപകന്‍ പരീക്ഷാമുറിയിലെത്തി പറഞ്ഞുകൊടുത്തതാണ് ഈ തെറ്റായ ഉത്തരമെന്നതാണ് കഥയിലെ ആന്റിക്ലൈമാക്‌സ്.

ഇത്തരം പരാതികള്‍ കൂടിവന്നപ്പോള്‍ സ്വാശ്രയ കോളേജുകളിലെ പരീക്ഷാ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കാന്‍ സെക്ഷന്‍ ഓഫീസര്‍ തസ്തികയിലുള്ള ഒരു ഉദ്യോഗസ്ഥനെ വീതം അയയ്ക്കാന്‍ കേരള സര്‍വകലാശാല തീരുമാനിച്ചു. പരീക്ഷാ നടത്തിപ്പ് ക്രമത്തിലായിരുന്നുവെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഒരു വര്‍ഷത്തിനിടെ ഒരു സ്വാശ്രയ കോളേജില്‍നിന്നും ഒരു പരാതിയും സര്‍വകലാശാലാ അധികൃതര്‍ക്ക് ലഭിച്ചില്ല. മേല്‍നോട്ടത്തിന് ചെല്ലുന്ന സര്‍വകലാശാലാ പ്രതിനിധിയെ കോളേജുകാര്‍ 'കാണേണ്ടപോലെ' കാണും.

മധ്യതിരുവിതാംകൂറിലെ ഒരു സ്വാശ്രയ എന്‍ജിനീയറിങ് കോളേജില്‍ വ്യാപകമായ കോപ്പിയടി നടക്കുന്നുവെന്നറിഞ്ഞാണ് മഹാത്മാഗാന്ധി സര്‍വകലാശാലയിലെ പരീക്ഷാ കണ്‍ട്രോളറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് തന്നെ പരിശോധനയ്‌ക്കെത്തിയത്. പക്ഷേ, എന്ത് ഫലം. കണ്‍ട്രോളറേയും കൂട്ടരെയും പ്രിന്‍സിപ്പലും മറ്റും ചേര്‍ന്ന് തടഞ്ഞുവെച്ചു. അവരെ അകത്തേക്ക് വിട്ടില്ല. താന്‍ പരീക്ഷാ കണ്‍ട്രോളറാണെന്ന് പറഞ്ഞപ്പോള്‍ തെളിവുണ്ടോ എന്നായി ചോദ്യം. പരിശോധന നടത്താനാകാതെ സ്‌ക്വാഡ് മടങ്ങി. കണ്‍ട്രോളര്‍ മേലധികാരികള്‍ക്ക് നടന്നതെല്ലാം റിപ്പോര്‍ട്ട് ചെയ്തു. കാര്യങ്ങള്‍ പന്തിയല്ലെന്ന് കണ്ട കോളജ് അധികൃതര്‍ ഒരു ഉന്നത രാഷ്ട്രീയ നേതാവിന്റെ സഹായം തേടി. അദ്ദേഹത്തിന്റെ മധ്യസ്ഥതയില്‍ കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കി. പ്രിന്‍സിപ്പലിനെ സ്ഥാനത്തുനിന്ന് മാറ്റി. (അദ്ദേഹം അതേ കോളേജില്‍ മറ്റൊരു ഉന്നത തസ്തികയില്‍ തുടരുന്നുവെന്നത് അനുബന്ധ കഥ).

കോപ്പിയടിച്ച് പിടിക്കപ്പെട്ടാല്‍ കേരള സര്‍വകലാശാലയില്‍ മുമ്പ് മൂന്നുവര്‍ഷം നഷ്ടപ്പെടുമായിരുന്നു. എന്നാല്‍, അതേപ്പറ്റി ആക്ഷേപം ഉയര്‍ന്നപ്പോള്‍ മൂന്നുവര്‍ഷമെന്നത് ആദ്യപടിയായി മൂന്നു ചാന്‍സ് എന്നാക്കിക്കുറച്ചു. ഇപ്പോള്‍ അതിലും വെള്ളം ചേര്‍ത്തു. കോപ്പിയടിക്കാര്‍ക്കായി സര്‍വകലാശാല അദാലത്ത് നടത്തും. സിന്‍ഡിക്കേറ്റിന്റെ അച്ചടക്കസമിതിക്കു മുമ്പാകെ കുട്ടികള്‍ രക്ഷാകര്‍ത്താക്കളോടൊപ്പം ഹാജരായി മാപ്പ് എഴുതിക്കൊടുത്താല്‍ മതി. പിടിക്കപ്പെട്ട ചാന്‍സ് മാത്രം റദ്ദാക്കി നല്‍കും.
കണ്ണൂര്‍ സര്‍വകലാശാലയില്‍ ഉത്തരക്കടലാസുകള്‍ കാണാതാകുന്നത് പതിവു സംഭവമായിരിക്കയാണ്. മൂന്നുമാസത്തിനിടെ രണ്ട് കേസുകളുണ്ടായി. 2009 മാര്‍ച്ചില്‍ നടത്തിയ രണ്ടാംവര്‍ഷ ബിരുദം പാര്‍ട്ട് രണ്ട് ഹിന്ദി പരീക്ഷയുടെ മൂല്യനിര്‍ണയം നടത്താത്ത 15 ഉത്തരക്കടലാസുകളാണ് ഏറ്റവുമൊടുവില്‍ കാണാതായത്. പരീക്ഷാവിഭാഗത്തില്‍ നടത്തിയ തിരച്ചിലില്‍ അതില്‍ ആറെണ്ണം ഒരു സെക്ഷന്‍ ഓഫീസറുടെ മേശയ്ക്കുള്ളില്‍ നിന്ന് കണ്ടെത്തി. ഒമ്പതെണ്ണം ഇനിയും കിട്ടാനുണ്ട്.

സംഭവത്തെത്തുടര്‍ന്ന് രണ്ട് സെക്ഷന്‍ ഓഫീസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. പരീക്ഷാ കണ്‍ട്രോളറടക്കം 10 ഉദ്യോഗസ്ഥര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസും നല്‍കി. പരീക്ഷാ കണ്‍ട്രോളര്‍ സ്വയം അവധിയില്‍ പോയിരിക്കയാണിപ്പോള്‍. അന്വേഷണത്തിന് മൂന്നംഗ സിന്‍ഡിക്കേറ്റ് ഉപസമിതിയെ വി.സി. പ്രൊഫ. പി.കെ. മൈക്കിള്‍ തരകന്‍ നിയോഗിച്ചിരിക്കയാണ്.
പുറം ഏജന്‍സിയെക്കൊണ്ട് സംഭവം അന്വേഷിപ്പിക്കണമെന്നും സംവിധാനത്തിലെ തകരാറുകൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നതെന്നുമായിരുന്നു അവരുടെ ശുപാര്‍ശയിലുള്ളത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഷനില്‍ കഴിഞ്ഞവരെ തിരിച്ചെടുക്കുകയും ചെയ്തു!

ആദ്യതവണ ജയിക്കാന്‍ കഴിയാത്തവര്‍ക്ക് അടുത്ത അവസരംവരെ കാത്തിരിക്കാതെ കടന്നുകൂടാനുള്ള കുറുക്കുവഴിയാണ് പുനര്‍മൂല്യനിര്‍ണയം അഥവാ റീവാലുവേഷന്‍. നീതിന്യായ സംവിധാനത്തെവരെ ഇതിനായി ചിലര്‍ സമര്‍ഥമായി ഉപയോഗപ്പെടുത്തുന്നു.
കേരള സര്‍വകലാശാലയ്ക്കു കീഴിലെ പ്രശസ്തമായ എന്‍ജിനീയറിങ് കോളേജില്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം കിട്ടിയ, പഠിത്തത്തില്‍ മിടുക്കിയായ പെണ്‍കുട്ടിയുടെ കഥ നോക്കുക. നഗരജീവിതം ഈ കുട്ടിയുടെ താളം തെറ്റിച്ചപ്പോള്‍ സെമസ്റ്റര്‍ പരീക്ഷകളില്‍ അവള്‍ പിന്നാക്കം പോയി. ഒരു പേപ്പറില്‍ തോല്‍ക്കുകയും ചെയ്തു. തോറ്റ വാര്‍ത്തയുമായി വീട്ടിലേക്ക് പോകാനും വയ്യ. ഹോസ്റ്റലില്‍ തുടര്‍ന്ന് താമസിച്ചുകൊണ്ട് റീവാലുവേഷന് അപേക്ഷ നല്‍കുന്നു.

ഇനിയാണ് ബുദ്ധി പ്രവര്‍ത്തിക്കേണ്ടത്. സഹപാഠികളുടെ സഹായത്തോടെ ഒരു പ്രശസ്തമായ കമ്പനിയുടെ ലെറ്റര്‍പാഡില്‍ അവിടെ ജോലിക്കുള്ള വ്യാജ നിയമന ഉത്തരവ് കമ്പ്യൂട്ടര്‍ സഹായത്തോടെ തയ്യാറാക്കി. ജോലിക്ക് ചേര്‍ന്നാല്‍ ഒരാഴ്ചയ്ക്കകം മാര്‍ക്ക്‌ലിസ്റ്റ് ഹാജരാക്കണമെന്ന് അതില്‍ പറയുന്നുണ്ട്. ഈ ഉത്തരവുമായി കുട്ടി കോടതിയിലേക്കു പോകുന്നു.
ജോലി ലഭിച്ചതിനാല്‍ പുനര്‍മൂല്യനിര്‍ണയം ഉടന്‍ നടത്തിത്തരണമെന്ന് വക്കീല്‍ വാദിച്ചുകൊള്ളും. സര്‍വകലാശാലയുടെ അഭിഭാഷകന്‍ വലിയ എതിര്‍പ്പൊന്നും ഇത്തരം കേസുകളില്‍ പ്രകടിപ്പിക്കില്ല. കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചുകഴിഞ്ഞാല്‍ പിന്നെ സഹായിക്കാന്‍ സര്‍വകലാശാലയില്‍ ആള്‍ക്കാരുണ്ട്. ജയം ഉറപ്പാക്കുന്ന അധ്യാപകന്റെ പക്കല്‍ കുട്ടിയുടെ ഉത്തരക്കടലാസ് എത്തിച്ചുകൊടുക്കപ്പെടും. അതിനുള്ള പ്രതിഫലം നല്‍കണമെന്നു മാത്രം.

പുനര്‍മൂല്യനിര്‍ണയം 45 ദിവസത്തിനകം ചെയ്യണമെന്നാണ് ചട്ടം. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞാലും ഫലം വരില്ല. അതിനാലാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് സര്‍വകലാശാല തന്നെ കാരണമാകുന്നത്. പുനര്‍മൂല്യനിര്‍ണയത്തിന് സാധാരണയായി അധ്യാപകരെ സര്‍വകലാശാലയിലേക്ക് വിളിച്ചുവരുത്തി കേന്ദ്രീകൃത മാതൃകയിലാണ് ചെയ്യുക. അപ്പോള്‍ ഒരു കുട്ടിയുടെ ഉത്തരക്കടലാസ് കണ്ടുപിടിക്കുക എളുപ്പമല്ല. കോടതിവഴി ഒറ്റപ്പെട്ട കേസുകളില്‍ അനുകൂല ഉത്തരവ് നേടുന്നവര്‍ക്ക് ഈ കടമ്പയും മറികടക്കാന്‍ കഴിയും.
എം.ജി. സര്‍വകലാശാലയുടെ 2008 ജനവരിയിലെ എം.എസ്‌സി. ഊര്‍ജതന്ത്രം പരീക്ഷയുടെ ക്വാണ്ടം മെക്കാനിക്‌സ് രണ്ടാംപേപ്പറിന് 12 കുട്ടികള്‍ക്ക് ലഭിച്ച മാര്‍ക്ക് തീരെ കുറവായിരുന്നു. 75ല്‍ 12 മുതല്‍ 19 വരെ മാര്‍ക്ക് നേടിയ അഞ്ച് കുട്ടികള്‍ക്ക് പുനര്‍മൂല്യനിര്‍ണയത്തിലൂടെ കിട്ടിയ മാര്‍ക്കുകള്‍ അമ്പരിപ്പിക്കുന്നതും. തോറ്റവരൊക്കെ ജയിച്ചു. ആദ്യ മൂല്യനിര്‍ണയത്തില്‍ 15 മാര്‍ക്ക് കിട്ടിയ കുട്ടിക്ക് 39 മാര്‍ക്ക്, 19 മാര്‍ക്കുകാരന് 44. രണ്ട് അധ്യാപകരെക്കൊണ്ട് പുനര്‍മൂല്യനിര്‍ണയം നടത്തിയപ്പോഴാണ് ഈ സ്ഥിതി. പുനര്‍മൂല്യനിര്‍ണയത്തില്‍ അസ്വാഭാവികമായ തലത്തില്‍ മാര്‍ക്ക് നല്‍കിയ രണ്ടധ്യാപകരോട് ഇതേത്തുടര്‍ന്ന് സിന്‍ഡിക്കേറ്റ് വിശദീകരണം തേടിയിരിക്കയാണ്.

പരീക്ഷാഹാളിലുള്ള ഉദാരീകരണം മൂല്യനിര്‍ണയത്തിലുമുണ്ട്. അണ്‍എയ്ഡഡ് കോളേജുകളിലെ അധ്യാപകര്‍ പരസ്​പര ധാരണയോടെ മൂല്യനിര്‍ണയം നടത്തുന്നു. ഗുണഭോക്താക്കള്‍ അവരുടെ കോളേജുകളിലെ കുട്ടികള്‍ തന്നെ! അണ്‍എയ്ഡഡ് കോളേജ് അധ്യാപകരുടെ സഹായമില്ലാതെ മൂല്യനിര്‍ണയം അസാധ്യമാണെന്നാണ് കാലിക്കറ്റ് സര്‍വകലാശാലാ പരീക്ഷാ കണ്‍ട്രോളര്‍ വി. രാജഗോപാലന്‍ പറഞ്ഞത്. ''സര്‍വകലാശാലയ്ക്കുകീഴില്‍ 21 നഴ്‌സിങ് കോളേജുകളുണ്ട്. ഇതില്‍ 19ഉം സ്വാശ്രയമേഖലയിലും. രണ്ട് സര്‍ക്കാര്‍ കോളേജുകളിലെ അധ്യാപകരെക്കൊണ്ട് 21 കോളേജുകളിലെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്താന്‍ എങ്ങനെ സാധിക്കും?'' ചോദ്യം ന്യായം തന്നെ.

പക്ഷേ, ഇത്തരം 'കെണി'കളില്‍പ്പെട്ടുപോകുന്ന കോളേജ് അധ്യാപകര്‍ സമൂഹത്തോടും നാളത്തെ തലമുറയോടും ചില ഉത്തരങ്ങള്‍ പറയാന്‍കൂടി ബാധ്യസ്ഥരാണ്.

അതേക്കുറിച്ച് നാളെ.

തയ്യാറാക്കിയത്: കെ.ജി. മുരളീധരന്‍, അനീഷ് ജേക്കബ്,
വി.യു. മാത്യുക്കുട്ടി, രതീഷ് രവി


വിലക്ക് കോപ്പിയടി പിടിച്ച അധ്യാപകന്


തിരുവനന്തപുരം ഗവണ്‍മെന്റ് സംസ്‌കൃത കോളേജിലാണ് സംഭവം. എം.എ. ഹിസ്റ്ററി പരീക്ഷ നടക്കുകയാണ്. ഇന്‍വിജിലേറ്റര്‍ അതേ കോളേജിലെ അധ്യാപകന്‍ കെ. രവീന്ദ്രന്‍നായരാണ്. പരീക്ഷ തുടങ്ങി അല്പം കഴിഞ്ഞപ്പോള്‍ത്തന്നെ ഹാള്‍ടിക്കറ്റിന്റെ ഇരുവശത്തും പുസ്തകം പകര്‍ത്തിക്കൊണ്ടുവന്ന നാല് വിദ്യാര്‍ഥികളെ കൈയോടെ പിടികൂടി. അവരുടെ ഹാള്‍ടിക്കറ്റും പിടിച്ചെടുത്തു. പ്രിന്‍സിപ്പലിനും ചീഫ് സൂപ്രണ്ടിനും വിവരം കാണിച്ച് റിപ്പോര്‍ട്ട് നല്‍കി. പക്ഷേ, റിപ്പോര്‍ട്ട് മുകളിലേക്ക് പോയില്ല.
എന്നാല്‍, പരാതിക്കാരനായ അധ്യാപകന്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്ന മട്ടിലായിരുന്നു കോളേജ് അധികൃതര്‍. കുട്ടികള്‍ക്ക് സംഘടനയുടെ പിന്‍ബലവുമുണ്ട്. ഒടുവില്‍ സര്‍വകലാശാല ഒരു അന്വേഷണം നടത്തി. അതിലെ കണ്ടെത്തലാണ് ഞെട്ടിക്കുന്നത്. രവീന്ദ്രന്‍നായരുടെ റിപ്പോര്‍ട്ട് കളവാണ്. അദ്ദേഹത്തെ പരീക്ഷാജോലികളില്‍നിന്ന് മൂന്നുവര്‍ഷത്തേക്ക് ഡീബാര്‍ ചെയ്യാനും സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തു.
കോപ്പിയടി പിടിച്ച മഹാപാതകം ചെയ്ത രവീന്ദ്രന്‍നായര്‍ എന്ന അധ്യാപകന് ഇപ്പോഴും പരീക്ഷാഹാളില്‍ വിലക്കാണ്!ലോഡ്ജ്മുറിയിലിരുന്നും പരീക്ഷ എഴുതാം


ലോഡ്ജ് മുറിയിലിരുന്ന് പരീക്ഷ എഴുതാന്‍ പറ്റുമോ? പറ്റുമെന്ന് അടുത്തിടെ കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന സംഭവം തെളിയിക്കുന്നു. ബി.കോം. അവസാന വര്‍ഷ സപ്ലിമെന്ററി പരീക്ഷയുടെ രണ്ടു പേപ്പറുകളാണ് നീലേശ്വരം സ്വദേശി ലിജുരാജ് കാഞ്ഞങ്ങാട് നെഹ്രു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിനു സമീപമുള്ള ലോഡ്ജിലിരുന്ന് എഴുതിയത്.കോളേജിലെ ക്ലര്‍ക്ക് പി.വി. ശങ്കരന്റെ സഹായത്തോടെയായിരുന്നു ഇത്. പരീക്ഷ തുടങ്ങുമ്പോള്‍ ശങ്കരന്‍ ചോദ്യക്കടലാസും ഉത്തരക്കടലാസും ലോഡ്ജ്മുറിയിലിരിക്കുന്ന ലിജുവിന് എത്തിച്ചുകൊടുക്കും. പരീക്ഷ കഴിഞ്ഞ് ഉത്തരക്കടലാസ് ബണ്ടിലാക്കുമ്പോള്‍ ഈ ഉത്തരക്കടലാസും അതില്‍ തിരുകും. വിദ്യാര്‍ഥിയില്‍നിന്ന് പണം വാങ്ങിയാണ് ക്ലര്‍ക്ക് ഇതിന് ഒത്താശ ചെയ്തതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.
തുടര്‍ന്ന് മാനേജ്‌മെന്റ് ക്ലര്‍ക്ക് ശങ്കരനെ സസ്‌പെന്‍ഡ് ചെയ്തു. ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്ത ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. ലിജുരാജ് ഇതിനിടെ ഗള്‍ഫിലേക്കും കടന്നു.സംഭവത്തെക്കുറിച്ച് പോലീസും സര്‍വകലാശാലയും മാനേജ്‌മെന്റും നടത്തുന്ന അന്വേഷണം ഇനിയും പൂര്‍ത്തിയായിട്ടില്ല.
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്