വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Tuesday, April 27, 2010

വര്‍ക്കല ശ്രദ്ധേയനായ പാര്‍ലമെന്റേറിയന്‍


വര്‍ക്കല ശ്രദ്ധേയനായ പാര്‍ലമെന്റേറിയന്‍

പി കരുണാകരന്‍ എംപി

ദേശാഭിമാനി

സിപിഐ എം നേതാവും മുന്‍ എംപിയുമായ വര്‍ക്കല രാധാകൃഷ്ണന്റെ വേര്‍പാട് അദ്ദേഹത്തെ പരിചയമുള്ളവരെയെല്ലാം വല്ലാതെ വേദനിപ്പിച്ചു. പതിനാലാം ലോക്സഭയില്‍ അഞ്ചു വര്‍ഷവും അടുത്തടുത്ത സീറ്റിലാണ് ഞങ്ങള്‍ ഇരുന്നത്. അദ്ദേഹത്തിന് കേള്‍വിക്കുറവുള്ളതുകൊണ്ട് പലപ്പോഴും സഭയില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് സഖാവിനോട് കൂടുതല്‍ ശബ്ദത്തില്‍ പറയയേണ്ടിവരികയോ അല്ലെങ്കില്‍ അദ്ദേഹം ചോദിക്കുകയോ ചെയ്തിരുന്നു. സഭയില്‍ വര്‍ക്കലയുടെ സാന്നിധ്യം എപ്പോഴും ശ്രദ്ധേയമായിരുന്നു.

രാവിലെ 9.30ന് സഭയിലെത്തുന്ന വര്‍ക്കല രാത്രി സഭാനടപടികള്‍ തീര്‍ന്നശേഷമാണ് സഭ വിട്ടിറങ്ങുക. പാര്‍ലമെന്ററി പ്രവര്‍ത്തനം അദ്ദേഹത്തിന് ഹരമായിരുന്നു. സഭാനടപടികള്‍ സംബന്ധിച്ച എല്ലാ കാര്യവും അറിയുന്ന ആളായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കും ഒരേപോലെ വര്‍ക്കലയോട് ആദരവും ചിലപ്പോള്‍ ഭയവുമായിരുന്നു. ഒരു തയ്യാറെടുപ്പുമില്ലാതെ ഏത് വിഷയത്തെക്കുറിച്ചും പാര്‍ലമെന്റില്‍ സംസാരിക്കും.

പലപ്പോഴും ബില്ലുകളുടെ ചര്‍ച്ചയില്‍ വര്‍ക്കലതന്നെയാണ് പങ്കെടുക്കാറ്. പല ബില്ലും അവതരിപ്പിക്കുന്ന സമയത്തുതന്നെ അതിന്റെ ഭരണഘടനാപരവും സാങ്കേതികവുമായ കുറവുകള്‍ ചൂണ്ടിക്കാട്ടി എതിര്‍ത്തിട്ടുമുണ്ട്. വിമര്‍ശത്തിന്റെ കൂരമ്പുകള്‍ മന്ത്രിമാര്‍ക്കും ഗവമെന്റിനുമെതിരെ തൊടുത്തുവിടുന്ന വര്‍ക്കല അതുകഴിഞ്ഞാല്‍ ചിരിച്ചുകൊണ്ട് അവരുടെ കൈപിടിച്ച് കുലുക്കുന്നതുകണ്ട് സഭയില്‍ പൊട്ടിച്ചിരി ഉയരാറുണ്ട്. ഭരണപക്ഷത്തുനിന്നായാലും പ്രതിപക്ഷത്തുനിന്നായാലും സഭാ നടപടികളുടെ സംശയദൂരീകരണത്തിന് പലപ്പോഴും വര്‍ക്കലയെയാണ് അവര്‍ സമീപിക്കാറ്.

പ്രിവിലേജ് കമ്മിറ്റി അംഗമെന്ന നിലയില്‍ വര്‍ക്കലയുടെ സേവനം കമ്മിറ്റിയുടെ ചെയര്‍മാനുതന്നെ പലപ്പോഴും അനിവാര്യമായിരുന്നു. വിവരാവകാശബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ അതിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത വര്‍ക്കല ബില്ലിലെ ഒട്ടേറെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടി. ബില്‍ സ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വന്നപ്പോള്‍ വര്‍ക്കല ഇടപെട്ടതിന്റെ ഫലമായാണ് നിയമത്തില്‍ ഇന്നുകാണുന്ന മാറ്റങ്ങള്‍ വന്നത്. സഭയില്‍ത്തന്നെ പ്രധാനമന്ത്രിയും വകുപ്പുമന്ത്രിയും വര്‍ക്കലയുടെ പേരെടുത്തു പറഞ്ഞ് പ്രശംസിച്ചിരുന്നു.

ചില മന്ത്രിമാര്‍ നേരത്തെ നോട്ടീസ് നല്‍കാതെ സഭയില്‍ ബില്ലവതരിപ്പിക്കുന്ന സമീപനത്തെ വര്‍ക്കല വിമര്‍ശിക്കുകയും മന്ത്രിമാര്‍ പ്രയാസപ്പെടുകയും ഉണ്ടായിട്ടുണ്ട്. സഭയില്‍ എല്ലാ അംഗങ്ങളും അറിയുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നയാളായിരുന്നു വര്‍ക്കല. സഭാനടപടികളില്‍ ഇടപെടുന്നതുപോലെതന്നെ മറ്റ് അംഗങ്ങളുമായി സൌഹൃദം പുലര്‍ത്തുന്നതിലും അദ്ദേഹത്തിന്റെ സമീപനം മാതൃകാപരമാണ്. മിക്കവരും 'അണ്ണന്‍' എന്നാണ് വര്‍ക്കലയെ വിളിക്കാറ്. പല മന്ത്രിമാരും 'അണ്ണന്‍' എന്ന് അഭിസംബോധന ചെയ്യാറുണ്ട്. സഭയില്‍ പാര്‍ടിയുടെ സമയമുണ്ടെങ്കിലും ഇല്ലെങ്കിലും ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കണമെന്നു തോന്നിയാല്‍ വര്‍ക്കല സംസാരിക്കും. സഭാധ്യക്ഷന് അതിന് വഴങ്ങുകയേ നിവൃത്തിയുള്ളൂ.

പതിനാലാം ലോക്സഭയില്‍ സ്പീക്കറായിരുന്ന സോമനാഥ് ചാറ്റര്‍ജിയുമായി വര്‍ക്കല പലപ്പോഴും ഇടഞ്ഞിരുന്നു. ചിലപ്പോള്‍ സംസാരിക്കാന്‍ സമയം കിട്ടാതിരുന്നാലും നടപടിക്രമങ്ങളില്‍ പാളിച്ച കണ്ടാലും വര്‍ക്കല തരിമ്പും വിട്ടുകൊടുക്കില്ല. കേരളത്തിന്റെ ഭക്ഷ്യപ്രശ്നം, പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം എന്നീ കാര്യങ്ങള്‍ കേരളത്തിലെ എംപിമാരുടെ സമ്മര്‍ദത്തിന്റെ ഫലമായി പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കു വന്നപ്പോള്‍, ക്ഷുഭിതനായ വര്‍ക്കലയെയാണ് സഭയില്‍ കണ്ടത്. റെയില്‍വേ ബജറ്റില്‍ കേരളം അവഗണിക്കപ്പെട്ടപ്പോള്‍ റെയില്‍വേ ബജറ്റ് പ്രസംഗം നടത്തിക്കൊണ്ടിരുന്ന ലാലുപ്രസാദിന്റെ അടുത്തുചെന്ന് സംസാരിച്ച പ്രത്യേകതയും വര്‍ക്കലയ്ക്കുണ്ട്. തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുന്ന കാര്യം അദ്ദേഹം പലതവണ പാര്‍ലമെന്റില്‍ ഉന്നയിച്ചു. ഇതിനുവേണ്ടി പാര്‍ലമെന്റിനു മുന്നില്‍ ഒറ്റയ്ക്ക് പ്ളക്കാര്‍ഡുമേന്തി സമരംചെയ്തു.

തിരുവനന്തപുരത്തെ രണ്ട് എംപിമാരായിരുന്ന വര്‍ക്കലയും പന്ന്യനും ഇക്കാര്യത്തില്‍ ഇണപിരിയാത്ത കൂട്ടുകാരായിരുന്നു. മന്ത്രിയായാലും എംപിയായാലും പത്രപ്രവര്‍ത്തകരായാലും പേരുവിളിച്ച് ആധികാരികമായി സംസാരിക്കാനുള്ള അര്‍ഹത തന്റെ പ്രവര്‍ത്തനത്തിലൂടെ നേടിയെടുത്ത നേതാവാണ് വര്‍ക്കല. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ഉറ്റ സുഹൃത്തുകൂടിയാണ് വര്‍ക്കല. പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയാല്‍ കഴിയുംവരെ അതില്‍ത്തന്നെ മുഴുകി സമയം ചെലവഴിക്കുന്ന വര്‍ക്കലയെ പല അംഗങ്ങളും അത്ഭുതത്തോടെയാണ് നോക്കിനിന്നിട്ടുള്ളത്. തുടര്‍ച്ചയായി മൂന്നു തവണ പാര്‍ലമെന്റിലേക്ക് വിജയിച്ച അദ്ദേഹം നാലു തവണ സംസ്ഥാന നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

സംസ്ഥാന നിയമസഭാ സ്പീക്കറായും എം എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. തിരുവനന്തപുരത്തെ അറിയപ്പെടുന്ന ക്രിമിനല്‍ വക്കീല്‍കൂടിയായിരുന്നു അദ്ദേഹം. പാര്‍ടി പ്രവര്‍ത്തകര്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും 'അണ്ണന്‍' എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹത്തെ ജനങ്ങള്‍ ആദരിച്ചു, സ്നേഹിച്ചു. കെ ജിയുമായും കുടുംബാംഗങ്ങളുമായും വളരെയടുത്ത ബന്ധം പുലര്‍ത്തിയ വര്‍ക്കല പലപ്പോഴും അവരുമൊത്തുള്ള കാലത്തിന്റെ അനുഭവങ്ങള്‍ പറയുമായിരുന്നു.

സുശീല ഗോപാലന്റെ സഹപാഠിയായിരുന്നു വര്‍ക്കലയുടെ ഭാര്യ. വീടുമായി അദ്ദേഹത്തിന് വൈകാരികമായ അടുപ്പമുണ്ടായിരുന്നു. കെ ജിയുടെ മകള്‍ ലൈലയെക്കുറിച്ച് പലപ്പോഴും അന്വേഷിക്കുകയും നേരിട്ടു കാണുമ്പോള്‍ കുസൃതി പറയുകയും ചെയ്തിരുന്ന സ്നേഹസമ്പന്നനായിരുന്നു അദ്ദേഹം. നിഷ്കളങ്കമായ രാഷ്ട്രീയജീവിതവും ഗഹനമായ പഠനവും കൈമുതലായുണ്ടായിരുന്ന ശക്തനായ പാര്‍ലമെന്റേറിയനായ വര്‍ക്കലയുടെ നിര്യാണം പാര്‍ടിക്കും മറ്റ് ജനാധിപത്യശക്തികള്‍ക്കും തീരാനഷ്ടമാണ്.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്