വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Monday, April 26, 2010

വര്‍ക്കല രാധാകൃഷ്ണന്‍

വര്‍ക്കല രാധാകൃഷ്ണന്‍

ദേശാഭിമാനി മുഖപ്രസംഗം

ബഹുമുഖപ്രതിഭ എന്ന വിശേഷണം സര്‍വാത്മനാ യോജിക്കുന്ന നേതാവായിരുന്നു വര്‍ക്കല രാധാകൃഷ്ണന്‍. പാര്‍ലമെന്റേറിയന്‍, നിയമജ്ഞന്‍, ഭരണാധികാരി, പ്രഭാഷകന്‍, ഹൃദയാലുവായ പൊതുപ്രവര്‍ത്തകന്‍-ഇങ്ങനെ ശത്രുക്കളുടെപോലും ആദരംനേടിയ ഒട്ടേറെ കഴിവുകള്‍ ആ വ്യക്തിത്വത്തില്‍ സമ്മേളിച്ചിരുന്നു. അരനൂറ്റാണ്ടുമുമ്പ് വര്‍ക്കല പഞ്ചായത്ത് പ്രസിഡന്റായതുമുതല്‍ എക്കാലത്തും ജനങ്ങളുടെ പ്രതിനിധിയായി പൊതുരംഗത്ത് വര്‍ക്കല നിറഞ്ഞുനിന്നു. എംഎല്‍എ,
എംപി, സ്പീക്കര്‍ എന്നീനിലകളില്‍ വര്‍ക്കലയോളം തുടര്‍ച്ചയായ പാരമ്പര്യമുള്ളവര്‍ വിരളം.

വിശ്രമമില്ലാത്തതായിരുന്നു വര്‍ക്കലയുടെ പാര്‍ലമെന്ററി ജീവിതം. മറുപക്ഷത്തിന് അലോസരം സൃഷ്ടിച്ചുകൊണ്ട് ജനങ്ങളുടെ പ്രശ്നങ്ങളും നിയമനിഷേധങ്ങളും നിരന്തരം അദ്ദേഹം ഉന്നയിച്ചു. ഉന്നയിക്കുന്ന കാര്യങ്ങള്‍ക്ക് വ്യക്തമായ മറുപടി കിട്ടണമെന്ന് ശഠിച്ചു. സിപിഐ എമ്മിന്റെ നേതാവെന്ന നിലയിലും കര്‍ഷക സംഘം, അഭിഭാഷക സംഘടന തുടങ്ങിയ മുന്നണികളിലൂടെയും ജനങ്ങളുമായി എന്നും ഇടപഴകാനും ജനകീയ പ്രശ്നങ്ങള്‍ക്കായി പോരാടാനുമാണ് ആ ജീവിതം വിനിയോഗിക്കപ്പെട്ടത്.

കോടതികളില്‍ അനാദൃശമായ പ്രകടനം കാഴ്ചവച്ച അഭിഭാഷകനായിരുന്നു വര്‍ക്കല. 1967ല്‍ മുഖ്യമന്ത്രി ഇ എം എസിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയോഗിക്കപ്പെട്ടപ്പോള്‍, ഔചിത്യബോധത്തോടെയും ധീരമായും ഭരണയന്ത്രം തിരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ജനങ്ങളില്‍നിന്ന് ലഭിക്കുന്ന പരാതികളും പൊടുന്നനെ ഉണ്ടാകുന്ന പ്രശ്നങ്ങളും ചടുലമായും അവധാനതയോടെയുമാണ് വര്‍ക്കല കൈകാര്യം ചെയ്തിരുന്നത്. എംപി എന്ന നിലയില്‍ രാജ്യമാകെ തന്നെ ശ്രദ്ധിക്കുംവിധമുള്ള ഇടപെടലുകളാണദ്ദേഹം നടത്തിയത്.

എപത്തി മൂന്നാം വയസ്സില്‍, അപകടത്തില്‍ പെട്ട് വിടപറയുന്നത് നാടിന്റെ സ്നേഹഭാജനമായ നേതാവാണ്. വര്‍ക്കല രാധാകൃഷ്ണന്റെ വിയോഗത്തില്‍ അഗാധമായ വ്യസനം ഞങ്ങള്‍ പങ്കുവയ്ക്കുന്നു.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്