വര്‍ക്കല രാധാകൃഷ്ണന്‍ അന്തരിച്ചു
മലയാള മനോരമ
തിരുവനന്തപുരം: മുന്‍ എംപിയും കേരള നിയമസഭ സ്പീക്കറുമായിരുന്ന സിപിഎം നേതാവ് വര്‍ക്കല രാധാകൃഷ്ണന്‍ (83) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. സംസ്ക്കാരം ഇന്നു വൈകിട്ട് 9.30 ന് വര്‍ക്കലയിലെ കുടുംബ വീട്ടുവളപ്പില്‍ നടക്കും. പ്രഭാത സവാരിക്കിടെ ലോറിയിടിച്ചു പരുക്കേറ്റ അദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായി തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രി എട്ടുമണിയോടെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലെ വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. അപകടത്തില്‍ വാരിയെല്ലുകള്‍ തകര്‍ന്ന് ശ്വാസകോശ ത്തിനു ക്ഷതമേറ്റതാണു സ്ഥിതി കൂടുതല്‍ വഷളാക്കിയത്. കഴിഞ്ഞ
വ്യാഴാഴ്ച വഴുതക്കാടിനു സമീപമാണ് അപകടമുണ്ടായത്.
അന്‍പത് വര്‍ഷത്തിലധികം നീണ്ട പൊതു പ്രവര്‍ത്തന ചരിത്രമാണ് വര്‍ക്കല രാധാകൃഷ്ണന്റേത്. രാജ്യം കണ്ട മികച്ച പാര്‍ലമെന്റേറിയ ന്മാരില്‍ ഒരാളുമായിരുന്നു വര്‍ക്കല രാധാകൃഷ്ണന്‍. ഇ.എം.എസിന്റെ രാഷ്ട്രീയകാര്യ സെക്രട്ടറിയും നിയമസഭാ സ്പീക്കറും ലോക്സഭയില്‍ ഒരു യഥാര്‍ഥ പാര്‍ലമെന്റേറിയനായും ഒക്കെ വെട്ടിത്തിളങ്ങുമ്പോഴും നാട്ടുകാര്‍ക്ക് അവരുടെ സ്വന്തം അണ്ണനായിരുന്നു വര്‍ക്കല രാധാകൃഷ്ണന്‍.
1927 ഓഗസ്റ്റ് 21 ന് വര്‍ക്കലയില്‍ ആര്‍.വാസുദേവന്റെയും ജി. ദാക്ഷായണിയുടെയും മകനായി ജനിച്ച രാധാകൃഷ്ണന്‍ നിയമപഠന ത്തിന് ശേഷം അറിയപ്പെടുന്ന വക്കീലായി. പിന്നീടാണ് പൊതുരംഗത്ത് സജീവമായത്. അടിയന്തരാവസ്ഥക്കാലത്ത് വിചാരണയില്ലാതെ തടവില്‍ കഴിഞ്ഞവര്‍ക്ക് വേണ്ടി വര്‍ക്കല രാധാകൃഷ്ണന്‍ നടത്തിയ നിയമ പോരാട്ടങ്ങള്‍ ശ്രദ്ധേയമായി. അഭിഭാഷക വൃത്തിക്കൊപ്പം രാഷ്ട്രീയത്തിലും വര്‍ക്കല രാധാകൃഷണന്‍ സജീവമായി. 1953 മുതല്‍ 1962 വരെ വര്‍ക്കല പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു.
1967 ല്‍ ഇ.എം.എസ് രണ്ടാമത് മുഖ്യമന്ത്രിയായപ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിതനായി. 1980 മുതല്‍ തുടര്‍ച്ചയായി നാല് തിരഞ്ഞെടുപ്പുകളില്‍ വര്‍ക്കല മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായി . 1987 മുതല്‍ 1991 വരെ നിയമസഭാ സ്പീക്കറായി പ്രവര്‍ത്തിച്ച കാലഘട്ടം കേരളത്തിന്റെ നിയമനിര്‍മാണ ചരിത്രത്തിലും വര്‍ക്കലയുടെ വ്യക്തി ജീവിത്തതിലും ഒരുപോലെ പ്രധാനപ്പെട്ട കാലയളവായിരുന്നു. നിയമ നിര്‍മാണങ്ങളുടെ കാര്യത്തില്‍ സ്പീക്കര്‍ എന്ന നിലയില്‍ വര്‍ക്കല നടത്തിയ ഇടപെടലുകളും സഭ നിയന്ത്രിച്ചു കൊണ്ടുപോകുന്നതില്‍ പുലര്‍ത്തിയ കാര്യക്ഷമതയും ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.
ആര്‍. ബാലകൃഷ്ണപിളളയെ കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യനാക്കിയതും വര്‍ക്കല രാധാകൃഷ്ണന്‍ സ്പീക്കറായിരുന്ന സമയത്താണ്. പൊതുപ്രവര്‍ത്തക അഴിമതി നിരോധന നിയമം പാസാക്കുന്നതിന് വേണ്ടി 1987 ഡിസംബര്‍ 12 ന് തുടങ്ങിയ നിയമസഭാ നടപടികള്‍ പിറ്റെ ദിവസം പുലര്‍ച്ചെ 4.30 വരെ നീണ്ടതും വര്‍ക്കല സ്പീക്കറായിരുന്ന കാലത്തെ മറ്റൊരു ചരിത്രസംഭവമാണ്. 1998 ല്‍ 12-ാം ലോക്സഭയില്‍ ചിറയിന്‍കീഴില്‍ നിന്ന് വിജയിച്ചു. പിന്നീട് തുടര്‍ച്ചയായി രണ്ടു തവണകൂടി വിജയിച്ച് ഹാട്രിക് പൂര്‍ത്തിയാക്കി.
ലോക്സഭയില്‍ സമര്‍ഥമായ ഇടപെടലുകള്‍കൊണ്ടും പാര്‍ലമെന്ററി ചട്ടങ്ങളിലെ അഗാധമായ അറിവുകൊണ്ടും വര്‍ക്കല രാധാകൃഷ്ണന്റെ സാന്നിധ്യം വേറിട്ട് നില്‍ക്കുന്നതായിരുന്നു. 2009 ല്‍ ഒരിക്കല്‍ കൂടി സ്ഥാനാര്‍ഥിത്വം ആഗ്രഹിച്ചിരുന്നെങ്കിലും പാര്‍ട്ടി അത് അനുവദിച്ചില്ല. പാര്‍ലമെന്ററി രംഗത്ത് ഉന്നത സ്ഥാനങ്ങളിലെത്തിയെങ്കിലും പാര്‍ട്ടി തലത്തില്‍ അര്‍ഹമായ അംഗീകാരം ലഭിക്കാതിരുന്നത് വര്‍ക്കല രാധാകൃഷ്ണന്റെ സ്വകാര്യ ദുഖങ്ങളില്‍ ഒന്നായിരുന്നു. പരേതയായ പ്രൊഫ. സൌദാമിനിയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.
No comments:
Post a Comment