വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Sunday, April 26, 2009

ലക്ഷംപേര്‍ പട്ടിണിയില്‍


ലങ്ക: ലക്ഷംപേര്‍ പട്ടിണിയില്‍

കൊളംബോ: ശ്രീലങ്കയില്‍ പുലികളുടെ അവസാന മടകളും ലക്ഷ്യമിട്ട് സൈന്യം ആക്രമണം തുടരുമ്പോള്‍ യുദ്ധമേഖലയില്‍ ശേഷിക്കുന്ന തമിഴ്വംശജര്‍ മുഴുപ്പട്ടിണിയിലേക്ക്. യുദ്ധം കൊടുമ്പിരിക്കൊണ്ട 'യുദ്ധരഹിതമേഖല'യില്‍ ഇനിയും അരലക്ഷത്തോളംപേര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. യുദ്ധമേഖലയില്‍ 1.67 ലക്ഷം തമിഴ്വംശജരുണ്ടെന്നും ഇവര്‍ മുഴുപ്പട്ടിണിയുടെ വക്കിലാണെന്നും എല്‍ടിടിഇ വെളിപ്പെടുത്തി.

വെടിനിര്‍ത്തണമെന്ന ഇന്ത്യയുടെ അഭ്യര്‍ഥന ശ്രീലങ്കന്‍ സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. ശനിയാഴ്ചയും യുദ്ധരഹിതമേഖലയില്‍ കനത്ത ബോംബിങ്ങുണ്ടായി. അതിനിടെ, പ്രശ്നപരിഹാരത്തിനുള്ള ഇന്ത്യയുടെ ശ്രമത്തെ അമേരിക്ക സ്വാഗതംചെയ്യുന്നെന്ന് സ്റേറ്റ് ഡിപ്പാര്‍ട്മെന്റ് വക്താവ് റോബര്‍ട്ട് വുഡ് പറഞ്ഞു. വംശീയപ്രശ്നം സൈനികമാര്‍ഗത്തിലൂടെ പരിഹരിക്കാനാകില്ലെന്നും യുദ്ധത്തില്‍നിന്ന് ലങ്കന്‍സര്‍ക്കാരും പുലികളും പിന്മാറണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. ഇപ്പോഴത്തെ നില തുടരുന്നത് അനുരഞ്ജനത്തിനും ഐക്യത്തിനുമുള്ള ഭാവിസാധ്യതയെ ഇല്ലാതാക്കുമെന്നും ബറാക് ഒബാമ സ്ഥാനമേറ്റശേഷം ലങ്കന്‍പ്രശ്നത്തില്‍ വൈറ്റ്ഹൌസ് ആദ്യമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

തങ്ങളുടെ നിയന്ത്രണത്തിലുള്ള മേഖലയില്‍ കരമാര്‍ഗവും കടല്‍വഴിയും ഭക്ഷണമെത്തിക്കുന്നത് മാസങ്ങളായി സൈന്യം തടയുകയാണെന്ന് ശനിയാഴ്ച 'തമിഴ്നെറ്റി'ല്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ എല്‍ടിടിഇ ആരോപിച്ചു. ഈ നില തുടര്‍ന്നാല്‍ സുഡാനിലെ ദാര്‍ഫറിനു സമാനമായ ദുരന്തമാകും പുതുക്കുടിയിരുപ്പില്‍ ഉണ്ടാവുക. യുഎന്‍ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകള്‍ മഹാദുരന്തം ഒഴിവാക്കാന്‍ അടിയന്തരമായി ഇടപെടണമെന്നും എല്‍ടിടിഇ ആവശ്യപ്പെട്ടു. ഭക്ഷണവും മരുന്നും നിഷേധിച്ച സര്‍ക്കാര്‍നടപടി അന്താരാഷ്ട്രനിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും വംശഹത്യയാണ് ഇപ്പോള്‍ നടക്കുന്നതെന്നും എല്‍ടിടിഇ കുറ്റപ്പെടുത്തി. എന്നാല്‍, ഏറിയാല്‍ 15,000 പേര്‍ മാത്രമേ യുദ്ധമേഖലയില്‍ ഉള്ളൂവെന്ന് പിടിയിലായ പുലിനേതാക്കളുടെ മൊഴി ഉദ്ധരിച്ച് ലങ്കന്‍ സര്‍ക്കാര്‍ വാദിക്കുന്നു.

പ്രശ്നത്തിന്റെ രൂക്ഷത കണക്കിലെടുത്ത് മനുഷ്യാവകാശ സമിതിയുടെ തലവന്‍ ജോ ഹോംസിനെ ഐക്യരാഷ്ട്രസഭ കൊളംബോയിലേക്ക് അയച്ചു. യുദ്ധമേഖലയില്‍ മാനുഷിക സഹായം എത്തിക്കുന്നതു സംബന്ധിച്ച് അദ്ദേഹം ലങ്കന്‍സര്‍ക്കാരുമായി ചര്‍ച്ചചെയ്യും. യുഎന്‍ തീരുമാനത്തെ പുലികള്‍ സ്വാഗതംചെയ്തു. അതിനിടെ, പുലിത്തലവന്‍ പ്രഭാകരന്‍ തലനാരിഴയ്ക്കാണ് തങ്ങളുടെ കണ്ണില്‍നിന്ന് രക്ഷപ്പെട്ടതെന്ന് സൈന്യം വെളിപ്പെടുത്തി. മാര്‍ച്ച് 29നും 31നുമിടെ ഒരുദിവസം പ്രഭാകരനും മുതിര്‍ന്ന പുലിനേതാക്കളും പുതുക്കുടിയിരുപ്പ്-ഇര്‍നമലൈ റോഡിലൂടെ കടന്നുപോയിരുന്നു.

ഈ മേഖല മുഴുവന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാകുന്നതിന് കേവലം രണ്ടുദിവസംമുമ്പായിരുന്നു ഇതെന്ന് 58-ാം ഡിവിഷന്റെ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ശാവേന്ദ്ര സില്‍വ പറഞ്ഞു. പുലികളില്‍നിന്ന് പിടിച്ചെടുത്ത മേഖല സന്ദര്‍ശിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സൈന്യം അനുമതി നല്‍കി. പുതുക്കുടിയിരുപ്പുവഴി കടന്നുപോയ അഭയാര്‍ഥികളുമായി സംസാരിക്കാനും അവസരം നല്‍കി. പട്ടിണിയുടെ വക്കിലെത്തിനില്‍ക്കുന്നതിന്റെ ദൈന്യതയും അവശതയും അവരുടെ മുഖങ്ങളില്‍ പ്രകടമായിരുന്നു. '

ദേശാഭിമാനി

കലാമണ്ഡലം കേശവന്‍ അരങ്ങൊഴിഞ്ഞു

കലാമണ്ഡലം കേശവന്‍ അരങ്ങൊഴിഞ്ഞു
കലാമണ്ഡലം കേശവന്‍ അരങ്ങൊഴിഞ്ഞു

കൊച്ചി:കലാ-സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന കലാമണ്ഡലം കേശവന്‍ (73) അരങ്ങൊഴിഞ്ഞു. കഥകളിമേളവിദ്വാന്‍, കവി, നടന്‍ തുടങ്ങി ഒട്ടേറെ മേഖലകളില്‍ വ്യക്തിമുദ്രപതിച്ച അദ്ദേഹം ശനിയാഴ്‌ച രാവിലെ 5.15നാണ്‌ അന്തരിച്ചത്‌.

ഹൃദയാഘാതത്തെ തുടര്‍ന്ന്‌ രണ്ട്‌ ദിവസമായി ആസ്‌പത്രിയിലായിരുന്നു. മൃതദേഹം രാവിലെ 11 മണിയോടെ ഇടപ്പള്ളി പോണേക്കര റോഡിലെ 'മേളം' വീട്ടില്‍ നിന്ന്‌ പൊതുദര്‍ശനത്തിനായി ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിലെത്തിച്ചു. തുടര്‍ന്ന്‌ വീട്ടിലെത്തിച്ച മൃതദേഹം രാത്രി ഇടപ്പള്ളി പൊതുശ്‌മശാനത്തില്‍ പൂര്‍ണ ഔദ്യോഗികബഹുമതികളോടെ സംസ്‌കരിച്ചു.


മേളപ്പദം തനിയാവര്‍ത്തനപ്രകാരം രംഗത്ത്‌ അവതരിപ്പിച്ച്‌ ശ്രദ്ധേയനായ കേശവന്‍ 12 ആട്ടക്കഥകളും രചിച്ചിട്ടുണ്ട്‌. കഥകളിവേഷം, നാടകം, നൃത്തനാടകം, ബാലസാഹിത്യം എന്നിവയിലെല്ലാം പ്രതിഭ തെളിയിച്ച കലാമണ്ഡലം കേശവനെ കൂടുതല്‍ ജനപ്രിയനാക്കിയത്‌ സിനിമയാണ്‌. 'കഥാനായകനി'ലെ നായകതുല്യമായ വേഷവും വാനപ്രസ്ഥം, മാറാട്ടം തുടങ്ങിയ സിനിമകളിലെ അഭിനയവും അദ്ദേഹത്തിന്റെ പ്രശസ്‌തി കൂട്ടി. ഒട്ടേറെ സീരിയലുകളിലും വേഷമിട്ടു.

കവിതാസമാഹാരവും ബാലസാഹിത്യവും നൃത്തഗീതികളുമെല്ലാമുള്‍പ്പെടെ 30ലേറെ ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്‍േറതായി പുറത്തുവന്നിട്ടുണ്ട്‌.

നിലയങ്ങോട്‌ പാര്‍വതിയാണ്‌ ഭാര്യ. മക്കള്‍: സുരേഷ്‌ (എന്‍ജിനീയര്‍, ഫാക്ട്‌), ശശിധരന്‍ (അസോസിയേറ്റ്‌ പ്രൊഫസര്‍, അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി, ആനന്ദ്‌, ഗുജറാത്ത്‌). സുധ (ബിഎസ്‌എന്‍എല്‍). മരുമക്കള്‍: മല്ലിക, ജയശ്രീ, രാജഗോപാല്‍ (റിട്ട. സംഗീത അധ്യാപകന്‍). പാലക്കാട്‌ ജില്ലയിലെ പെരിങ്ങോട്‌ നീട്ടിയത്ത്‌ വീട്ടില്‍ കുറുങ്കാട്ട്‌ മനയ്‌ക്കല്‍ വാമനന്‍ നമ്പൂതിരിയുടെയും ജാനകി അമ്മയുടെയും മകനായി 1936 മെയ്‌ 18നാണ്‌ കലാമണ്ഡലം കേശവന്റെ ജനനം. ഒന്‍പതാം വയസ്സില്‍ അമ്മാവനായ നീട്ടിയത്ത്‌ ഗോവിന്ദന്‍ നായരുടെ കീഴില്‍ തായമ്പക അഭ്യസിച്ചാണ്‌ കലാരംഗത്തേക്ക്‌ കടക്കുന്നത്‌. മൂത്തമന കേശവന്‍ നമ്പൂതിരി, കലാമണ്ഡലം കൃഷ്‌ണന്‍കുട്ടി പൊതുവാള്‍, കലാമണ്ഡലം അച്ചുണ്ണി പൊതുവാള്‍ എന്നിവരുടെ കീഴിലെല്ലാം കഥകളിമേളം അഭ്യസിച്ചിട്ടുണ്ട്‌. 1954ലാണ്‌ കലാമണ്ഡലത്തില്‍ പഠനത്തിന്‌ ചേരുന്നത്‌.

പഠനശേഷം 1963ല്‍ ഫാക്ടിന്റെ കഥകളി സ്‌കൂളില്‍ ചെണ്ട അധ്യാപകനായി. 1994ല്‍ ഫാക്ടില്‍ നിന്ന്‌ വിരമിച്ചു. ചുനങ്ങാട്ട്‌ കലാസദനം, തൃപ്പൂണിത്തുറ ആര്‍.എല്‍.വി. സ്‌കൂള്‍ എന്നിവിടങ്ങളിലും അധ്യാപകനായിരുന്നിട്ടുണ്ട്‌. അധ്യാപനത്തിനൊപ്പം അദ്ദേഹത്തിന്‌ താല്‌പര്യമുള്ള മേഖലയായിരുന്നു കഥകളിവേഷവും നാടകവും. കീചകന്‍, ദുര്യോധനന്‍, നരസിംഹം, ധര്‍മപുത്രര്‍ തുടങ്ങിയ വേഷങ്ങള്‍ അരങ്ങില്‍ അവതരിപ്പിച്ചിട്ടുണ്ട്‌. സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം, സംഗീതനാടക അക്കാദമി എന്നിവയുടേതുള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്‌.മാത്ര്‌ഭൂമി

Thursday, April 16, 2009

തിരിച്ചറിയല്‍ കാര്‍ഡില്ലെങ്കിലും വോട്ട് ചെയ്യാം

തിരിച്ചറിയല്‍ കാര്‍ഡില്ലെങ്കിലും വോട്ട് ചെയ്യാം

തിരു: തെരഞ്ഞെടുപ്പു കമീഷന്റെ തിരിച്ചറിയല്‍ കാര്‍ഡില്ലെങ്കിലും വോട്ടര്‍പട്ടികയില്‍ പേരുള്ളവര്‍ക്ക് മറ്റ് തിരിച്ചറിയല്‍ രേഖകളുണ്ടെങ്കില്‍ വോട്ട് ചെയ്യാം. ഇതിനായി ഫോട്ടോ പതിച്ച 13 രേഖകള്‍ക്ക് തെരഞ്ഞെടുപ്പു കമീഷന്‍ അംഗീകാരം നല്‍കി.

ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, പാസ്പോര്‍ട്ട്, കേന്ദ്ര-സംസ്ഥാന-പൊതുമേഖല-പബ്ളിക് കമ്പനികള്‍ നല്‍കുന്ന സര്‍വീസ് കാര്‍ഡ്, ബാങ്ക്- പോസ്റ് ഓഫീസ് പാസ്ബുക്ക്, കിസാന്‍ പാസ്ബുക്ക്, പെന്‍ഷന്‍ ബുക്ക്, പട്ടയം, എസ്സി-എസ്ടി- ഒബിസി സര്‍ട്ടിഫിക്കറ്റ്, സ്വാതന്ത്യ്രസമരസേനാനി കാര്‍ഡ്, വികലാംഗ സര്‍ട്ടിഫിക്കറ്റ്, തൊഴില്‍ രേഖകള്‍, ആയുധ ലൈസന്‍സ്, സ്വത്ത് സംബന്ധമായ രേഖകള്‍ തുടങ്ങിയവയാണ് തെരഞ്ഞെടുപ്പു കമീഷന്‍ അംഗീകരിച്ചത്

Monday, April 13, 2009

ഗസ്റ്റു ബുക്ക്‌

നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ രേഖപ്പെടുത്തുക

Friday, April 10, 2009

2009 ഏപ്രില്‍- ഡയറി, വാര്‍ത്തകള്‍

വിവാഹം

കൈതോട്‌ ഏപ്രിൽ 26 : മർഹബയിൽ വച്ച്‌ വട്ടപ്പാറ അൻഷയുടെ താത്തിയുടെ വിവാഹം.
വരൻ തലവിള സ്വദേശി.

ലൈബ്രറി കൌൺസിൽ എക്സിക്യൂട്ടീവ്‌: കടകംപള്ളി പങ്കെടുത്തു

ആറ്റിങ്ങൽ, ഏപ്രിൽ 25 : ചിറയിൻകീഴ് താലൂക്ക്‌ ലബ്രറി കൌൺസിൽ എക്സി. കമ്മിറ്റീ നടന്നു കൌൺസിൽ ജില്ലാ പ്രസിഡെന്റ്‌ കടകമ്പള്ളി സുരേന്ദ്രൻ പങ്കെടുത്തു.

തട്ടത്തുമല മറവക്കുഴി എം.ആർ.എ മന്ദിരം ഉദ്ഘാടനം


തട്ടത്തുമല, ഏപ്രിൽ 23: തട്ടത്തുമല മറവക്കുഴി റെസിഡെൻസ്‌ അസോസിയേഷൻ (എം.ആർ.എ) സ്വന്തമയി സ്ഥലം വാങ്ങി സ്വന്തമായി നിർമ്മിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം 2009-ഏപ്രിൽ 23-ആം തീയതി രാവിലെ 9-30-ന് എ.ഇബ്രാഹിം കുഞ്ഞ്‌ സാർ നിർവഹിച്ചു.

എം.ആർ.എ പ്രസിഡെന്റ്‌ സി.ബി. അപ്പു അദ്ധ്യക്ഷത വഹിച്ചു. എം. ആർ.എ രക്ഷാധികാരി ഭാർഗ്ഗവൻ സാർ പതാക ഉയർത്തി. എക്സി. കമ്മിറ്റീ അംഗം ഷൈലാ ഫാൻസിയും സംസാരിച്ചു. എം.ആർ,എ സെക്രട്ടറി സലിം, മറ്റ്‌ എക്സി. കമ്മിറ്റീ അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. തുടർന്ന്‌ കുട്ടികളുടെ കലാപരിപാടികൾ നടന്നു. വൈകുന്നേരം സാംസ്കാരിക സമ്മേളനവും അവാർഡു ദാനവും മറ്റും നടന്നു. പായസ സദ്യയും ഉണ്ടായിരുന്നു.

വൈകുന്നേരം സാംസ്കാരിക സമ്മേളനം ബേബി ഹരീന്ദ്രദാസ് (ഫ്രാക്ക്‌) ഉദ്ഘാടനം ചെയ്തു. കിളിമാനൂർ മസൂദ്, പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തു മെംബർ ജി.എൽ. അജീഷ്, കിളിമാനൂർ ഗ്രാമ പഞ്ചായത്തു മെംബർമാരായ കെ. ജി. പ്രിൻസ്, ശ്രീലത, മോഹനൻ നായർ(ഫ്രാക്ക് ), എസ്.എ.ഖലാം, എസ്. ലാബറുദീൻ, , ഗിരീശൻ (തട്ടത്തുമല സൌത്ത് റെസി. അസോസിയേഷൻ പ്രതിനിധി), കബീർ (റിപ്പോർട്ട് അവതരണം), ജി. കെ നായർ(സ്വാഗതം), പള്ളം ബാബു(ക്ര്‌തജ്ഞത), ), അബ്ദുൽ അസീസ്, മുതലായവർ സംസാരിച്ചു. രക്ഷാധികാരി ഭാർഗ്ഗവൻ സാറിനെ ചടങ്ങിൽ പൊന്നാട അണിയിച്ച്‌ ആദരിച്ചു.

തെരഞ്ഞെടുക്കപ്പെട്ട നിർദ്ധനരായ ഏതാനും എം.ആർ.എ കുടുംബാംഗങ്ങൾക്ക്‌ അരിക്കിറ്റുകൾ വിതരണം ചെയ്തു. 2007- മാർച്ച്‌, 2008 മാർച്ച് എന്നീ വർഷങ്ങളിലെ എസ്‌എസ്‌.എൽ.സി പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്കു വാങ്ങിയ എം.ആർ.എ അംഗ കുടുംബങ്ങളിലുള്ള കുട്ടികൾക്ക്‌ അവാർഡുകൾ നൽകി. കലാമത്സര വിജയികൾക്കു സമ്മാനദാനവും നടന്നു.

കൂടാതെ കഴിഞ്ഞ ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ അത്തപ്പൂക്കള മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും പ്രോത്സാഹന സമ്മാനങ്ങളും നൽകി.
ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള വിവിധ നറുക്കെടുപ്പുകളും അവയ്ക്കുള്ള സമ്മാനങ്ങളും നൽകി.

ഫോട്ടോകൾ എടുത്തതു പ്രതാപൻ (ശ്രീലക്ഷ്മി സ്റ്റുഡിയോ).

കൂടുതലും പഴയകുന്നുമ്മേൽ പഞ്ചായത്തിൽ ഉൾപ്പെട്ട ഈ റെസിഡെൻഷ്യൽ മേഖല തൊട്ടു കിടക്കുന്ന കിളിമാനൂർ പഞ്ചായത്തിലോട്ടു കൂടി വ്യാപിച്ചതാണ്. കൊല്ല, ജില്ലയിലെ നിലമേൽ പഞ്ചായത്തിലെ ചില പ്രദേശങ്ങളും ഇതിനോടു ചേർന്നു കിടക്കുന്നു. എം.ആർ.എയുടെയുടെ ആസ്ഥാന മന്ദിരം നിർമ്മിച്ചിരിയ്ക്കുന്നത് മറവക്കുഴി മേൽ കൈലാസംകുന്നു താഴെയായിട്ടാണ്.

മരണം

വാസുദേവൻ പിള്ള സാറിന്റെ അമ്മ

തട്ടത്തുമല, ഏപ്രിൽ 22: തട്ടത്തുമല ശ്രീ. ആർ വാസുദേവൻ പിള്ള സാറിന്റെ അമ്മ മരണപ്പെട്ടു. ശവസംസ്കാരം വൈകുന്നേരം വാസുദേവൻ പിള്ള സാറിന്റെ വീട്ടു വളപ്പിൽ നടന്നു. വിവിധ രാഷ്ട്രീയ-സാമൂഹ്യ- സാംസ്കാരിക നേതാക്കൾ ഉൾപ്പെടെ മരണവീട്ടിൽ എത്തി അന്തിമോപചാരം അർപ്പിച്ചു.

എം.ആർ.എ മന്ദിരം ഉദ്ഘാടനം

തട്ടത്തുമല, ഏപ്രിൽ 20: തട്ടത്തുമല മറവക്കുഴി റെസിഡെൻസ്‌ അസോസിയേഷൻ (എം.ആർ.എ) സ്വന്തമയി സ്ഥലം വാങ്ങി സ്വന്തമായി നിർമ്മിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം 2009-ഏപ്രിൽ 23-ആം തീയതി രാവിലെ 9-30-ന് എ.ഇബ്രാഹിം കുഞ്ഞ്‌ സാർ ഉദ്ഘാടനം ചെയ്യും. തുടർന്ന്‌ കുട്ടികളുടെ കലാപരിപാടികൾ നടക്കും. വൈകുന്നേരം സാംസ്കാരിക സമ്മേളനവും അവാർഡു ദാനവും മറ്റും നടക്കും.

തെരഞ്ഞെടുക്കപ്പെട്ട നിർദ്ധനരായ എം.ആർ.എ കുടുംബാംഗങ്ങൾക്ക്‌ അരിക്കിറ്റുകൾ വിതരണം ചെയ്യും. 2007- മാർച്ച്‌, 2008 മാർച്ച് എന്നീ വർഷങ്ങളിലെ എസ്‌എസ്‌.എൽ.സി പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്കു വാങ്ങിയ എം.ആർ.എ അംഗ കുടുംബങ്ങളിലുള്ള കുട്ടികൾക്ക്‌ അവാർഡുകൾ നൽകുന്നതാണ്.

കലാമത്സര വിജയികൾക്കു സമ്മാനദാനവും നടക്കും.
കൂടാതെ കഴിഞ്ഞ ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ അത്തപ്പൂക്കള മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നതായിരിയ്ക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള വിവിധ നറുക്കെടുപ്പുകളും അവയ്ക്കുള്ള സമ്മാനങ്ങളും നൽകുന്നതായിരിയ്ക്കും.

കൂടുതലും പഴയകുന്നുമ്മേൽ പഞ്ചായത്തിൽ ഉൾപ്പെട്ട ഈ റെസിഡെൻഷ്യൽ മേഖല തൊട്ടു കിടക്കുന്ന കിളിമാനൂർ പഞ്ചായത്തിലോട്ടു കൂടി വ്യാപിച്ചതാണ്. കൊല്ല, ജില്ലയിലെ നിലമേൽ പഞ്ചായത്തിലെ ചില പ്രദേശങ്ങളും ഇതിനോടു ചേർന്നു കിടക്കുന്നു. എം.ആർ.എയുടെയുടെ ആസ്ഥാന മന്ദിരം നിർമ്മിച്ചിരിയ്ക്കുന്നത് മറവക്കുഴി മേൽ കൈലാസംകുന്നു താഴെയായിട്ടാണ്.

മത പ്രഭാഷണം

വട്ടപ്പാറ, ഏപ്രിൽ 20: തട്ടത്തുമല വട്ടപ്പാറ മുസ്ലിം ജമാ-അത്തു പള്ളിയുടെ ആഭിമുഖ്യത്തിൽ വട്ടപ്പാറ ജംഗ്‌ഷനിൽ ഏപ്രിൽ 19,20,21 തീയതികളിൽ ചിറയിൻകീഴ്‌ നൌഷാദ് ബാഖവിയുടെ മതപ്രഭാഷണം നടക്കുന്നു.

വിവാഹിതരായി

തട്ടത്തുമല, ഏപ്രിൽ 19: തട്ടത്തുമല വല്ലൂർ കിഴക്കുംകര പുത്തൻ വീട്ടിൽ പരേതനായ ശ്രീ. വേലുപ്പിള്ളയുടെയും ജെ. ദേവകിഅമ്മയുടെടെയും മകൻ വിനിലും, ആയൂർ തോട്ടത്തറ സുരേഷ് വിലാസത്തിൽ പരേതനായ ശ്രീ. സദാശിവന്റേയും ശ്രീമതി. എൻ. ചെല്ലമ്മയുടെയും മകൾ ബിനിയും 2009 ഏപ്രിൽ 19 ഞായറാഴ്ച്ച വധൂഗ്‌ര്ഹത്തിൽ വച്ച്‌ വിവാഹിതരായി.

2009 ഏപ്രിൽ 16- ലോക്സഭാ ഇലക്ഷൻ

തട്ടത്തുമല, ഏപ്രിൽ 16 വ്യാഴം :ലോക്സഭാ തെരഞ്ഞെടുപ്പ്‌ ഒന്നാം ഘട്ടം. കേരളം അടക്കം ഏതാനും സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നു.പിണറായി
വിജയൻ പ്രസംഗിച്ചു

കിളിമാനൂർ, ഏപ്രിൽ 10:പർളമെന്റ്‌ തെരഞ്ഞെടുപ്പ്‌ പ്രചരണാർത്ഥം വൈകിട്ടു മൂന്നു മണിയ്ക്ക്‌ കിളിമാനൂരിൽ നടന്ന എൽ.ഡി.എഫ് പൊതുയൊഗം ഉദ്ഘാടനം ചെയ്തുകൊണ്ട്‌ സി.പി.ഐ (എം)സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ സംസാരിച്ചു. എൻ.രാജൻ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു.അശ്വമേധം ഫെയിം ജി.എസ്.പ്രദീപും പ്രസംഗിച്ചു.

രാജേഷിന്റെ മ്ര്‌തുദേഹം സംസ്കരിച്ചു

തട്ടത്തുമല, ഏപ്രിൽ 7: ദുബായിയിൽ വച്ചു മരണം വരിച്ച തട്ടത്തുമല കുന്നിൽ വീട്ടിൽ രജേഷിന്റെ മ്ര്‌തുദേഹം ഇന്നു പുലർച്ചെ തിരുവനന്തപുരം വിമാനതാവളത്തിൽ വച്ച്‌ ഏറ്റുവാങ്ങി തട്ടത്തുമലയിൽ പരേതന്റെ വീട്ടിലേയ്ക്കു കൊണ്ടുവന്നു. രാവിലെ എട്ടു മണിവരെ പൊതു ദർശനത്തിനു വച്ച ശേഷം സംസ്കരിച്ചു. ഭാര്യയും ഒരു കൈക്കുഞും ഉണ്ട്‌. തട്ടത്തുമല ന്യൂസ്റ്റാർ പാരലൽ കോളേജിൽ അദ്ധ്യാപകൻ ആയിരുന്നു.

തട്ടത്തുമലയിൽ സ്വീകരണം നൽകി


തട്ടത്തുമല,ഏപ്രിൽ 6: ആറ്റിങ്ങൽ പാർളമെന്റു മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ..സമ്പത്തിനു തട്ടത്തുമല ലക്ഷം വീടു കോളനി ജംഗ്ഷനിൽ സ്വീകരണം നൽകി. പതിനൊന്നു മണിയ്ക്കാണു സ്വീകരണം വച്ചിരുന്നതെങ്കിലും എത്തിയപ്പോൾ ഏതാണ്ടു മൂന്നു മണിയായി. തട്ടത്തുമല ജംഗ്ഷനിലാണു സ്വീകരണം തീരുമാനിച്ചിരുന്നതെങ്കിലും ലക്ഷം വീടു ജംഗ്ഷനിലേയ്ക്കു മാറ്റി വയ്ക്കുകയാണുണ്ടാ‍യത്‌. നല്ല സ്വീകരണാം ആയിരുന്നു.

ജി.ബാലചന്ദ്രനു തട്ടത്തുമലയിൽ സ്വീകരണം


തട്ടത്തുമല,ഏപ്രിൽ 6: ആറ്റിങ്ങൽ പാർളമെന്റു മണ്ഡലത്തിലെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊ.ജി. ബാലചന്ദ്രനു തട്ടത്തുമല ജംഗ്ഷനിൽ സ്വീകരണം നൽകി. വൈകുന്നേരം 5-30-നാണു സ്വീകരണം വച്ചിരുന്നതെങ്കിലും എത്തിയത്‌ രാത്രി ഏതാണ്ട്‌ ഒൻപതു മണി സമയത്താണ്. നല്ല സ്വീകരണാം ആയിരുന്നു

തോട്ടയ്ക്കായ്ട്‌ ശശിയ്ക്ക്‌ തട്ടത്തുമലയിൽ സ്വീകരണം നൽകി

തട്ടത്തുമല,ഏപ്രിൽ 4: ആറ്റിങ്ങൽ പാർളമെന്റു മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി തോട്ടയ്ക്കാടു ശശിയ്ക്കു് തട്ടത്തുമല ജംഗ്ഷനിൽ സ്വീകരണം നൽകി.
ഏതാണ്ട്‌ ഉച്ച സമയത്തായിരുന്നു സ്വീകരണം.

രാജാ രവിവര്‍മ്മ

http://upload.wikimedia.org/wikipedia/commons/1/11/Raja_Ravi_Varma.jpg
രാജാ രവിവര്‍മ്മ
ജനനം: 1848 ഏപ്രില്‍ 29 ,കിളിമാനൂര്‍
മരണം: 1906 ഒക്ടോബര്‍ 2, കിളിമാനൂര്‍

രാജാ രവിവര്‍മ്മ(ചിത്രമെഴുത്തു കോയി തമ്പുരാന്‍ (ഏപ്രില്‍ 29, 1848 - ഒക്ടോബര്‍ 2, 1906): രാജാക്കന്മാര്‍ക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാര്‍ക്കിടയിലെ രാജാവുമായിരുന്നു. ചിത്രമെഴുത്ത്‌ യൂറോപ്യന്മാരുടെ കലയാണെന്ന് സാമാന്യജനം വിചാരിച്ചിരുന്ന കാലത്ത്‌, സ്വന്തം ചിത്രങ്ങളിലൂടെ ചിത്രകലയുടെ ഉന്നമനത്തിനും വരകളിലെ വേഷവിധാനത്തിലൂടെ സാംസ്കാരികോന്നമനത്തിനും അദ്ദേഹം വഴിതെളിച്ചു.

കുട്ടിക്കാലം

എഴുമാവില്‍ നീലകണ്ഠന്‍ ഭട്ടതിരിപ്പാടിന്റെയും ഉമാ അംബാഭായി തമ്പുരാട്ടിയുടേയും പുത്രനായി 1848 ഏപ്രില്‍ 29ന്‌ കിളിമാനൂര്‍ കൊട്ടാരത്തില്‍ ജനിച്ചു. പൂരൂരുട്ടാതി നാളില്‍ ജനിച്ച കുട്ടിക്ക്‌ പുരാണകഥകളോടായിരുന്നു കുട്ടിക്കാലത്തേ താല്‍പര്യം. കുട്ടിക്ക്‌ രണ്ടു മൂന്ന് വയസ്സായപ്പോള്‍ തന്നെ കിളിമാനൂര്‍ കൊട്ടാരത്തിന്റെ ചുവരുകള്‍ ചിത്രങ്ങള്‍ കൊണ്ട്‌ നിറഞ്ഞു തുടങ്ങി. ആ കരിക്കട്ടച്ചിത്രങ്ങളുടെ തനിമ കണ്ടറിഞ്ഞ മാതുലനും സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ആസ്ഥാന ചിത്രകാരനും ആയിരുന്ന രാജരാജവര്‍മ്മ കുട്ടിയിലെ പ്രതിഭ കണ്ടെത്തുകയും ഉടന്‍ തന്നെ ചിത്രകല പഠിപ്പിക്കുവാന്‍ ആരംഭിക്കുകയും ചെയ്തു. ഒരിക്കല്‍ ഗുരുവും മാതുലനുമായിരുന്ന രാജരാജവര്‍മ്മ പകുതി വരച്ചിട്ടു പോയ ഒരു ചിത്രം ഗുരു മനസ്സില്‍ കണ്ടതുപോലെ തന്നെ രവിവര്‍മ്മ പൂര്‍ത്തിയാക്കി വച്ചു. പ്രകൃതി പ്രതിഭാസങ്ങളെയും ഈ ലോകത്തിലെ എല്ലാ ചരാചരങ്ങളെയും മനസ്സില്‍ ഒപ്പിയെടുക്കുകയും അവയെ ചിത്രത്തില്‍ പകര്‍ത്തുകയും ചെയ്യുക കൊച്ചുരവിവര്‍മ്മയ്ക്ക്‌ സന്തോഷം പകരുന്ന കാര്യമായിരുന്നു. കഥകളി സംഗീതത്തിലും കച്ചകെട്ടിയാടുന്നതിലും താളം പിടിക്കുന്നതിലുമെല്ലാം കഴിവു തെളിയിച്ച ആ വ്യക്തിത്വം അങ്ങനെ ബഹുമുഖപ്രതിഭയായി വളരാന്‍ തുടങ്ങി

യൗവനം.

സ്വാതിതിരുനാളിനെ തുടര്‍ന്ന് തിരുവിതാംകൂറിന്റെ ഭരണാധികാരിയായ ആയില്യംതിരുനാളിന്റെ അടുത്ത്‌ മാതുലന്‍ രാജരാജവര്‍മ്മയുമൊത്ത്‌ രവിവര്‍മ്മ എത്തി. കേവലം പതിനാല് വയസ്സുമാത്രമുണ്ടായിരുന്ന രവിവര്‍മ്മയുടെ ചിത്രങ്ങള്‍ കണ്ട്‌ സന്തുഷ്ടനായ ആയില്യം തിരുനാള്‍ മഹാരാജാവ്‌ തിരുവനന്തപുരത്ത്‌ താമസിക്കാനും, ചിത്രമെഴുത്ത്‌ കൂടുതല്‍ പരിശീലിക്കാനും, എണ്ണച്ചായ ചിത്രരചന പുതിയതായി പഠിക്കാനും രവിവര്‍മ്മയോടു കല്‍പ്പിച്ചു. നിര്‍ദ്ദേശം ശിരസാവഹിച്ച രവിവര്‍മ്മ തിരുവനന്തപുരത്ത്‌ മൂടത്തുമഠത്തില്‍ താമസമുറപ്പിച്ചു. സ്വാതിതിരുന്നാളിന്റെ കാലത്ത്‌ തഞ്ചാവൂരില്‍ നിന്നെത്തിയ ചിത്രകാരന്മാര്‍ വരച്ചചിത്രങ്ങള്‍ തന്റെ ആദ്യപാഠങ്ങളാക്കി. ആയില്യംതിരുനാളിന്റെ പ്രത്യേക താല്‍പ്പര്യത്തില്‍ വിദേശത്തുനിന്നും സ്വദേശത്തുനിന്നും എത്തിയ അപൂര്‍വ്വ ചിത്രരചനാ പാഠപുസ്തകങ്ങളും രവിവര്‍മ്മക്ക്‌ സഹായകമായി. കൂടാതെ തിരുവനന്തപുരം വലിയകൊട്ടാരത്തില്‍ രവിവര്‍മ്മക്കായി ചിത്രശാലയും ഒരുങ്ങി.

അക്കാലത്ത്‌ തിരുവിതാംകൂറില്‍ എണ്ണച്ചായ ചിത്രങ്ങള്‍ വരക്കുന്ന ഏക ചിത്രകാരന്‍ മധുര സ്വദേശിയായ രാമസ്വാമി നായ്ക്കര്‍ ആയിരുന്നു. അദ്ദേഹത്തിനടുത്ത്‌ ശിഷ്യനാകാന്‍ താത്പര്യം പ്രകടിപ്പിച്ച രവിവര്‍മ്മക്ക്‌ പാഠങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ നായ്ക്കര്‍ക്ക്‌ സമ്മതമല്ലായിരുന്നു. രവിവര്‍മ്മയില്‍ നായ്ക്കര്‍ ഒരു എതിരാളിയെ ദര്‍ശിച്ചതായിരുന്നു കാരണം. ഇതു രവിവര്‍മ്മയില്‍ മത്സരബുദ്ധിയും എണ്ണച്ചായ ചിത്രങ്ങള്‍ എങ്ങനെയും പഠിക്കണമെന്ന വാശിയും ഉണര്‍ത്തി. അദ്ദേഹം കൊട്ടാരത്തിലെ വിദേശ എണ്ണച്ചായ ചിത്രങ്ങള്‍ നോക്കി സ്വയം പഠിക്കാന്‍ ആരംഭിച്ചു. സ്വയം ചായക്കൂട്ടുകള്‍ നിര്‍മ്മിക്കാനും അദ്ദേഹം ശീലിച്ചു. മറ്റൊരു ചിത്രകാരനായിരുന്ന അറുമുഖം പിള്ളയും രവിവര്‍മ്മക്ക്‌ പ്രോത്സാഹനമേകി. 1866-ല്‍ മാവേലിക്കര രാജകുടുംബത്തില്‍നിന്നും റാണി ലക്ഷ്മിബായ്‌ തമ്പുരാട്ടിയുടെ സഹോദരി പൂരൂരുട്ടാതി തിരുനാള്‍ തമ്പുരാട്ടിയെ വിവാഹം ചെയ്തു. 1868-ല്‍ ആയില്യം തിരുന്നാളിനെ മുഖം കാണിക്കാനെത്തിയ തിയോഡര്‍ ജാന്‍സന്‍ എന്ന എണ്ണച്ചായ ചിത്രകാരനും തന്റെ ചിത്രങ്ങളുടെ സാങ്കേതികവശം രവിവര്‍മ്മക്കു പറഞ്ഞുകൊടുക്കാന്‍ വിമുഖത കാണിച്ചു. എന്നാല്‍ ഏതാനം സമയം ചിത്രങ്ങളില്‍ ശ്രദ്ധിച്ചിരുന്ന രവിവര്‍മ്മക്ക്‌ അത്‌ വളരെ എളുപ്പം മനസ്സിലാക്കാന്‍ കഴിഞ്ഞു.

പ്രശസ്തിയിലേക്ക്‌

രവിവര്‍മ്മ എണ്ണച്ചായത്തില്‍ വരച്ച ബക്കിങ്ങ്‌ഹാം പ്രഭുവിന്റെ ഛായാ ചിത്രം മദ്രാസ്‌ ഗവണ്‍മന്റ്‌ ആസ്ഥാനത്ത്‌ സ്ഥാപിച്ചതോടെ രവിവര്‍മ്മ പ്രശസ്തിയിലേക്ക്‌ ഉയര്‍ന്നു. നിരന്തര പ്രയത്നങ്ങളിലൂടെ രവിവര്‍മ്മ ഉയരങ്ങള്‍ കീഴടക്കികൊണ്ടിരുന്നു. 'മൂടത്തു മഠത്തില്‍ ചെന്നാല്‍ ദേവകന്യകമാരെ കാണാം' എന്ന് ജനങ്ങള്‍ പറയാന്‍ തുടങ്ങി. കടുത്ത ദേവീ ഭക്തനായിരുന്ന അദ്ദേഹത്തിനെ തീണ്ടലും തൊടീലും ഒന്നും ബാധിച്ചിരുന്നില്ല. സദാചാരനിഷ്ടയിലും ബദ്ധശ്രദ്ധനായിരുന്നു. 1871-ല്‍ മഹാരാജാവില്‍ നിന്ന് അദ്ദേഹത്തിന്‌ വീരശൃംഖല ലഭിച്ചു, കൂടാതെ ആസ്ഥാന ചിത്രകാരനായി അവരോധിക്കപെടുകയും ചെയ്തു. 1873-ല്‍ മദ്രാസില്‍ നടന്ന കലാപ്രദര്‍ശനത്തില്‍ പല യൂറോപ്പ്യന്‍ ചിത്രകാരന്മാരുടെ ചിത്രങ്ങളേയും പിന്തള്ളി രവിവര്‍മ്മയുടെ 'മുല്ലപ്പൂ ചൂടിയ നായര്‍ വനിതക്ക്‌' ഒന്നാം സമ്മാനമായ സുവര്‍ണ്ണമുദ്ര ലഭിച്ചതോടെ അദ്ദേഹത്തിന്റെ പ്രസിദ്ധി കടല്‍ കടന്നും പരക്കാന്‍ തുടങ്ങി. അതേകൊല്ലം തന്നെ വിയന്നയില്‍ നടന്ന ലോകകലാ പ്രദര്‍ശനത്തിലും ഇതേ ചിത്രത്തിനു സമ്മാനം ലഭിച്ചു. ഇതോടെ ഇന്ത്യയിലേയും വിദേശത്തേയും പത്രങ്ങള്‍ രവിവര്‍മ്മയുടെ പ്രതിഭയെ പ്രകീര്‍ത്തിച്ച്‌ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

1874-ല്‍ മദ്രാസില്‍ നടന്ന കലാപ്രദര്‍ശനത്തില്‍ 'തമിഴ്സ്ത്രീയുടെ ഗാനാലാപനം' എന്ന ചിത്രം ഒന്നാം സമ്മാനത്തിനര്‍ഹമായി, അതോടു കൂടി രവിവര്‍മ്മയുടെ പ്രശസ്തി വീണ്ടു ഉയരങ്ങളിലേക്കെത്തി. 1876-ല്‍ മദ്രാസില്‍ നടന്ന ചിത്രപ്രദര്‍ശനത്തിലേക്ക്‌ രവിവര്‍മ്മ തന്റെ 'ശകുന്തളയുടെ പ്രേമലേഖനം' എന്ന ചിത്രം അയച്ചു. ചിത്രകലയിലെ വിസ്മയമായി ആ ചിത്രം വാഴ്ത്തപ്പെട്ടു. പലരും എന്തു വിലകൊടുത്തും ആ ചിത്രം വാങ്ങാന്‍ ശ്രമിച്ചിരുന്നെങ്കിലും ബക്കിങ്ങ്‌ഹാം പ്രഭു അതു നേരത്തേ തന്നെ വാങ്ങിയിരുന്നു. ഈ ചിത്രം കണ്ട സര്‍ മോണിയര്‍ വില്യംസ്‌ തന്റെ അഭിജ്ഞാന ശാകുന്തളത്തിന്റെ ഇംഗ്ലീഷ്‌ തര്‍ജ്ജമക്ക്‌ മുഖചിത്രമായി ചേര്‍ക്കാന്‍ അനുവാദം തേടി. അങ്ങനെ 28 വയസ്സ്‌ തികയും മുമ്പെ ലോക പ്രശസ്ത ചിത്രകാരനായി രവിവര്‍മ്മ മാറിയിരുന്നു. ഏകാന്തമായ കലാസഞ്ചാരമൊന്നും ആ മഹാനായ കലാകാരന്‌ പഥ്യമല്ലായിരുന്നു. ചിത്രമെഴുതുമ്പോള്‍ ആശ്രിതരും വിശിഷ്ടവ്യക്തികളും സാധാരണക്കാരും എല്ലാമായി അനേകം പേര്‍ കാഴ്ചക്കാരായി ഉണ്ടാകും. അക്കൂടെ തന്നെ സംസാരിക്കാനും പുരാണപാരായണം ചെയ്യുവാനും എല്ലാം അദ്ദേഹത്തിനു സാധിച്ചിരുന്നു.

ഭാരതപര്യടനം

1879 മുതല്‍ ഗ്രന്ഥകാരനും ചിത്രകാരനുമൊക്കെ ആയിരുന്ന അനുജന്‍ സി.രാജരാജവര്‍മ്മ ആയിരുന്നു രവിവര്‍മ്മയുടെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത്‌. കലക്കു വേണ്ടി ജീവിതം പഠിക്കാന്‍ അവര്‍ ഇന്ത്യ മുഴുവന്‍ അലഞ്ഞു നടന്നു. ഒട്ടനവധി ഭാഷകള്‍ പഠിക്കുകയും ചെയ്തു. 1880-ല്‍ പൂനെയില്‍ നടന്ന ചിത്രപ്രദര്‍ശനത്തിലും രവിവര്‍മ്മക്ക്‌ ഒന്നാംസ്ഥാനം ലഭിച്ചു. ബറോഡ്‌ രാജാവിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ ചിത്രകാരന്‍ എന്ന നിലയില്‍ പ്രത്യേക അതിഥിയായി, ആര്‍ക്കും തന്നെ ലഭിച്ചിട്ടില്ലായിരുന്ന സ്ഥാനമായിരുന്നു അത്‌ പുതുക്കോട്ട, മൈസൂര്‍, ഭവനഗര്‍, ജയ്‌പൂര്‍, ആള്‍വാര്‍, ഗ്വാളിയോര്‍, ഇന്‍ഡോര്‍ മുതലായ നാട്ടുരാജ്യങ്ങളുടെയും ആതിഥ്യം സ്വീകരിച്ച്‌ അദ്ദേഹം ചിത്രങ്ങള്‍ വരച്ചു. ആക്കാലത്ത്‌ രവിവര്‍മ്മക്കു വരുന്ന കത്തുകള്‍ കൈകാര്യം ചെയ്യുന്നതിനായ്‌ കിളിമാനൂരില്‍ ഒരു തപാല്‍ കാര്യാലയം തുറക്കേണ്ടി വന്നു. 1890-ല്‍ രവിവര്‍മ്മയുടെ 14 ചിത്രങ്ങള്‍ തിരുവന്തപുരത്ത്‌ പ്രദര്‍ശനത്തിനു വച്ചു. ചിത്രങ്ങള്‍ കാണാന്‍ പോവുക കേരളത്തിനു തന്നെ ഒരു പുതിയ കാര്യമായിരുന്നു.

ആയില്യം തിരുന്നാള്‍ മഹാരാജാവിനെ തുടര്‍ന്ന് ഭരണം ഏറ്റെടുത്ത ശ്രീമൂലം തിരുന്നാളിന്റെ പ്രോത്സാഹനക്കുറവിനെ തുടര്‍ന്ന് രവിവര്‍മ്മ മുംബയിലേക്ക്‌ മാറി. ബറോഡ രാജാവ്‌ തന്റെ സ്വന്തം ചെലവില്‍ രവിവര്‍മ്മയുടെ പ്രദര്‍ശനം അവിടെ നടത്തി. ആയിരങ്ങളാണ്‌ അത്‌ കാണാനെത്തിയത്‌, അന്ന് വിറ്റഴിഞ്ഞ ചിത്രങ്ങളുടെ കോപ്പികളുടെ എണ്ണം ലക്ഷത്തോടടുത്തു വരും. അക്കാലത്ത്‌ രവിവര്‍മ്മ, വ്യവസായി ആയിരുന്ന ഗോവര്‍ദ്ധനദാസ്‌ മക്കന്‍ജിയുമായി ചേര്‍ന്ന് മുംബൈയില്‍ ചിത്രമുദ്രണ അച്ചുകൂടം(lithographic press) സ്ഥാപിച്ചു. 1893-ല്‍ ഷിക്കാഗോവില്‍ നടന്ന ലോകമേളയില്‍ മലബാര്‍ മനോഹരി, അച്ഛന്‍ അതാ വരുന്നു,വധു തുടങ്ങി പത്ത്‌ ചിത്രങ്ങള്‍ അയച്ചിരുന്നു, അവിടെയും രവിവര്‍മ്മക്കായിരുന്നു ഒന്നാം സ്ഥാനം, ഷിക്കഗോവില്‍ ഭാരതം നേടിയ രണ്ടു വിജയങ്ങളില്‍ ഒന്നായിരുന്നു അത്‌, അതേ മേളയില്‍ പ്രഭാഷണത്തില്‍ അസാമാന്യ വിജയം നേടിയ സ്വാമി വിവേകാനന്ദന്‍ ആയിരുന്നു മറ്റേയാള്‍. 1897-ല്‍ മുംബൈയില്‍ പ്ലേഗ്‌ പടര്‍ന്നു പിടിച്ചതോടെ തിരുവനന്തപുരത്തെത്തിയ രവിവര്‍മ്മ പങ്കുകാരന്‌ നഷ്ടമുണ്ടാകാതിരുക്കാന്‍ മുദ്രണാലയം വിറ്റു. 1904-ല്‍ ബ്രിട്ടീഷ്‌ ഭരണകൂടം 'കേസരി ഹിന്റ്‌' എന്ന മറ്റാര്‍ക്കും നല്‍കാത്ത ബഹുമതി രവിവര്‍മ്മക്ക്‌ നല്‍കി.

അവസാന കാലം

1904 നവംബറില്‍ അനുജന്‍ രാജരാജവര്‍മ്മ മരിച്ചു, ഇത്‌ രവിവര്‍മ്മയെ അപ്രതീക്ഷിതമായി തളര്‍ത്തി. എങ്കിലും അദ്ദേഹം നേരത്തേ ഏറ്റിരുന്ന ചിത്രങ്ങളുടെ രചനയില്‍ മുഴുകി. 1906 ആയപ്പോഴേക്കും പ്രമേഹ രോഗബാധിതനായിരുന്ന രവിവര്‍മ്മയുടെ നില മോശത്തിലായി, 1906 സപ്തംബറില്‍ രവിവര്‍മ്മ രോഗശ്ശയ്യയില്‍ എന്ന് ഇന്ത്യയിലേയും വിദേശത്തേയും പത്രങ്ങളിലെല്ലാം വാര്‍ത്ത വന്നു. ലോകമെമ്പാടു നിന്നും, ആരാധകരും മിത്രങ്ങളും അദ്ദേഹത്തെ കാണാനായി എത്തിക്കൊണ്ടിരുന്നു. ഒക്റ്റോബര്‍ രണ്ടിന്‌ അദ്ദേഹം ശാന്തനായി മരണത്തെ പുല്‍കി. അഴകും തന്മയത്വവും സമന്വയിപ്പിച്ച്‌ അദ്ദേഹം വരച്ച ചിത്രങ്ങള്‍ ഭാരതസങ്കല്‍പ്പങ്ങള്‍ക്ക്‌ ചിത്രസാക്ഷാത്കാരം നല്‍കി, ഭാരത പുരാണങ്ങള്‍ക്കും കാവ്യങ്ങള്‍ക്കും കാഴ്ചാനുഭൂതി നല്‍കി, രവിവര്‍മ്മ എന്ന ചിത്രകാരന്റെ പ്രസക്തിയും ഇതായിരുന്നു.

സ്വാധീനങ്ങള്‍

മഹാരാഷ്ട്രയിലെ വനിതകളുടെ വേഷമായിരുന്ന സാരിയെ ഇന്ത്യന്‍ വേഷം എന്ന നിലയിലേക്ക് വളര്‍ന്നത് രവിവര്‍മ്മയുടെ ചിത്രങ്ങളിലെ സ്ത്രീകള്‍ സാ‍രിയുടുത്തിരുന്നവരായതു കൊണ്ടാണ് എന്ന് ഒട്ടുമിക്ക ചരിത്രകാരന്മാരും ഉറച്ചു വിശ്വസിക്കുന്നു.

കലകളില്‍

ആധുനിക ഇന്ത്യന്‍ ചിത്രകലാശൈലി രാജാ രവിവര്‍മ്മയുടെ ചിത്രീകരണ ശൈലി പിന്തുടരുന്നു. 1950 കളില്‍ കഥകളിയെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ക്കിടയില്‍ കലാമണ്ഡലം രാമന്‍‌കുട്ടി നായര്‍ പരശുരാമനുള്ള വേഷം പുതുക്കി നിശ്ചയിച്ചത് രവിവര്‍മ്മയുടെ ചിത്രങ്ങളെ ആസ്പദമാക്കിയാണ്. 1960-കളില്‍ മോഹിനിയാട്ടത്തിന്റെ പുനരുദ്ധാരണ കാലത്തും രവിവര്‍മ്മയുടെ ചിത്രങ്ങളിലെ മലയാളിപെണ്‍കുട്ടികളുടെ വസ്ത്രധാരണ ശൈലിയെ മോഹിനിയാട്ടത്തിലേക്ക് വ്യത്യസ്ത അളവില്‍ പകര്‍ത്തിയിട്ടുണ്ട്. ഗുരു സത്യഭാമയെ പോലുള്ളവര്‍ ഭരതനാട്യത്തിലും ഇത്തരമൊരു മാറ്റം തുടങ്ങി വച്ചു.


പ്രധാനചിത്രങ്ങള്‍

* അച്ഛന്‍ അതാ വരുന്നു
* ദക്ഷിണേന്ത്യയിലെ കുറവര്‍
* വിളക്കേന്തിയ വനിത
* നിലാവത്തിരിക്കുന്ന സുന്ദരി
* മുല്ലപ്പൂ ചൂടിയ നായര്‍ വനിത
* ദര്‍ഭമുന കൊണ്ട ശകുന്തള
* ഹംസദമയന്തീ സംവാദം
* അമ്മകോയീതമ്പുരാന്‍
* മലബാര്‍ മനോഹരി
* കിണറ്റിന്‍ കരയില്‍
* പ്രതീക്ഷ
* നിരാശാജനകമായ വാര്‍ത്ത
* വധു
* വിവാഹ വേദിയിലേക്ക്‌


അതാ അച്ഛന്‍ വരുന്നു,
ഒരു രവിവര്‍മ്മ ചിത്രം,
ഈ ചിത്രത്തില്‍ പുത്രവതിയായ
മകളെ തന്നെയാണ്‌ രവിവര്‍മ്മ
മാതൃകയാക്കിയിരിക്കുന്നത്‌.


നിരാശാജനകമായ വാര്‍ത്ത


ദര്‍ഭമുന ഖോന്റ്റ് ശകുന്തള,
രവിവര്‍മ്മയുടെ ഏറ്റവും
പ്രശസ്തമാ‍യ രചനകളിലൊന്ന്.

ഹംസത്തോട്‌ നളനെപ്പറ്റി ചോദിക്കുന്ന ദമയന്തി

അര്‍ജ്ജുനനും സുഭദ്രയും

ദത്താത്രേയന്‍

ശകുന്തള


പാല്‍ക്കുടമേന്തിയ ഉത്തരേന്ത്യന്‍ വനിത


ശന്തനുവും സത്യവതിയുംജടായുവധം


Malayalam wikipedia

Thursday, April 2, 2009

കോഗ്രസ് ഇന്ത്യക്ക് എന്തുചെയ്തു ?

ദേശാഭിമാനി ലേഖനം

പിണറായി വിജയന്‍

യുപിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തി വോട്ടുചോദിക്കാന്‍ മടിക്കുന്ന കേരളത്തിലെ യുഡിഎഫിന്റെ പാപ്പരത്തം ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസത്തെ കുറിപ്പ് അവസാനിപ്പിച്ചത്. കോഗ്രസിന് തെരഞ്ഞെടുപ്പുവിഷയമായി അവതരിപ്പിക്കാന്‍ തക്കതായ കാര്യങ്ങള്‍ യുപിഎ ഗവമെന്റ് രാജ്യത്തിന് ചെയ്തിട്ടില്ല എന്നുകൂടിയാണ് അവരുടെ ഈ സമീപനത്തിന്റെ അര്‍ഥം. എന്നാല്‍, യുപിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യാതിരിക്കാന്‍ ഇടതുപക്ഷത്തിനാവില്ല. സിപിഐ എമ്മിന്റെ പ്രകടനപത്രികയില്‍ "കോഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ ഭരണം സമൂഹത്തിലെ വേര്‍തിരിവ് വര്‍ധിപ്പിക്കുന്നതിനിടയാക്കി.

സമ്പന്നര്‍ അതിസമ്പന്നരായി മാറിയപ്പോള്‍ ദരിദ്രര്‍ കൂടുതല്‍ ദാരിദ്യ്രം അനുഭവിക്കുന്ന സ്ഥിതിയിലായി'' എന്ന് വ്യക്തമാക്കുന്നു. തെറ്റായ നയസമീപനങ്ങളാണ് യുപിഎയെ ഇന്നത്തെ ദയനീയാവസ്ഥയിലെത്തിച്ചത്. കോഗ്രസ് തെരഞ്ഞെടുപ്പുപരാജയത്തിലേക്ക് നീങ്ങുന്ന കക്ഷിയാണ്. ഏതര്‍ഥത്തിലെടുത്താലും ഇന്ന് മന്‍മോഹന്‍ സിങ് ഗവമെന്റ് ലോക്സഭയില്‍ ന്യൂനപക്ഷവുമാണ്. രാജിവച്ച് കെയര്‍ടേക്കര്‍ പദവിയില്‍ തുടരാനേ അര്‍ഹതയുള്ളൂ. ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍തന്നെ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടതാണ്. അന്ന് കോഴപ്പണംകൊടുത്തും ജനാധിപത്യത്തെ അവഹേളിച്ചും ഉണ്ടാക്കിയെടുത്ത കൃത്രിമ ഭൂരിപക്ഷവും ഇന്ന് നഷ്ടമായിരിക്കുന്നു. ലാലുപ്രസാദ് യാദവും മുലായംസിങ്ങും പട്ടാളി മക്കള്‍ കക്ഷിയും എംഡിഎംകെയുമൊന്നും ഇന്ന് യുപിഎയുടെ കൂടെയില്ല. കോഗ്രസിന്റെ നൂറ്റമ്പതും ഡിഎംകെ, എന്‍സിപി, ജെഎംഎം, നാഷണല്‍ കോഫറന്‍സ്, ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗ് എന്നിവരുടെയെല്ലാമായ നാല്‍പ്പതോളം സീറ്റും ചേര്‍ത്താല്‍ ലോക്സഭയിലെ കേവലഭൂരിപക്ഷമായ 272ന് അടുത്തെത്താനാകില്ല.

എന്തുകൊണ്ട്, ജനങ്ങളും കൂടെനിന്ന കക്ഷികളും കോഗ്രസിനെ കൈവിടേണ്ടിവരുന്നു എന്ന് ചിന്തിക്കാനുള്ള വിവേകം കാട്ടാതെ, പറ്റിയ തെറ്റുകള്‍ മൂടിവച്ച് വീണ്ടും തെറ്റുകളിലേക്ക് പോകാനുള്ള സമീപനമാണ് കോഗ്രസിന്റേത്. നവലിബറല്‍ സാമ്പത്തിക നയങ്ങളില്‍നിന്ന് അണുവിട വ്യതിചലിക്കാന്‍ തയാറല്ലെന്നതാണ് കോഗ്രസിന്റെ പ്രകടനപത്രികയിലെ സമീപനം. കഴിഞ്ഞ അഞ്ചുവര്‍ഷം ആ നയങ്ങള്‍ തുടര്‍ന്നപ്പോള്‍ രാജ്യത്ത് തലതിരിഞ്ഞ വളര്‍ച്ചയാണുണ്ടായത്. ആ വളര്‍ച്ച നാട്ടിലെ ജനജീവിതം മെച്ചപ്പെടുത്തുന്നതല്ല. കാര്‍ഷിക പ്രതിസന്ധി, വിലക്കയറ്റം, തൊഴിലില്ലായ്മ, വേതനം വെട്ടിക്കുറയ്ക്കല്‍ എന്നിവയെല്ലാം രൂക്ഷമാവുകയാണുണ്ടായത്. വര്‍ഗീയശക്തികള്‍ വിഘടനപരവും അക്രമാസക്തവുമായ നടപടികള്‍ തുടര്‍ന്നു. സമാന്തരമായി ഭീകരാക്രമണങ്ങള്‍ വ്യാപകമായി. ആണവകരാറില്‍ ഒപ്പിട്ടും അമേരിക്കയുമായി തന്ത്രപരമായ സഖ്യത്തിലേര്‍പ്പെട്ടും സ്വതന്ത്ര വിദേശനയത്തെ തകര്‍ത്തും തങ്ങളുടെതന്നെ പൊതുമിനിമം പരിപാടിയെ വഞ്ചിക്കാനാണവര്‍ തയ്യാറായത്. കൈക്കൂലിയോടും അഴിമതിയോടുമുള്ള പൊരുത്തപ്പെടലും പൊതുസ്ഥാപനങ്ങളെ ദുരുപയോഗംചെയ്യലും പതിവാക്കി. ഏറ്റവുമൊടുവില്‍ വന്ന ഇസ്രയേല്‍ മിസൈല്‍ ഇടപാട് യുപിഎ സര്‍ക്കാരിന്റെ ഹീനമായ മുഖമാണ് അനാവരണം ചെയ്തത്. അറുനൂറ് കോടിയുടെ അഴിമതി ആരോപണമാണ് തുടക്കത്തില്‍ വന്നതെങ്കില്‍, ഇപ്പോള്‍ ഇസ്രയേലി കമ്പനിയുടെ ഒരുഉദ്യോഗസ്ഥന്‍ തന്നെ, കമീഷന്‍ തുക തൊള്ളായിരം കോടിയാണെന്നാണ് വെളിപ്പെടുത്തിയത്.

രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങളില്‍പ്പോലും വെള്ളംചേര്‍ത്താണ് ഇത്തരം അഴിമതി നടത്തുന്നത്. ഒരുകാലത്ത് 'ഗരീബി ഹഠാവോ' എന്ന മുദ്രാവാക്യം മുഴക്കിയ കോഗ്രസ് ഇന്ന് അതിസമ്പന്നരെ തടിച്ചുകൊഴുപ്പിക്കാനുള്ള വ്യഗ്രതയിലാണ്. 2008 വരെയുള്ള നാലുവര്‍ഷം 8.6 ശതമാനം വളര്‍ച്ച കൈവരിച്ചെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇന്നാട്ടിലെ പാവപ്പെട്ട ജനങ്ങളുടെ ജീവിതം മെച്ചപ്പെട്ടു എന്നതല്ല ഈ വളര്‍ച്ചയുടെ ഫലം. ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 ആളുകളില്‍ നാലുപേരും ഇന്ത്യക്കാരാണിന്ന്. ശതകോടീശ്വരന്മാര്‍ വളരുന്നത് നാടിന്റെ വളര്‍ച്ചയല്ല. നമ്മുടെ രാജ്യത്തിന് വളര്‍ച്ചയ്ക്കാവശ്യമായ നിരവധി അനുകൂല സാഹചര്യങ്ങളുണ്ട്. പ്രകൃതിവിഭവത്തിനും വിദഗ്ധമനുഷ്യശേഷിക്കും ശാസ്ത്ര സാങ്കേതികശേഷിക്കും ഇവിടെ ക്ഷാമമില്ല. അയല്‍രാജ്യമായ ചൈന ഇതെല്ലാം ഉപയോഗിച്ചാണ് വളര്‍ച്ചയില്‍ ലോകമാതൃക സൃഷ്ടിക്കുന്നത്. ലോകത്തിലെ ഏറ്റവും മോശപ്പെട്ട മാനവ വികസന സൂചികകളുള്ള സമൂഹമാണിന്ന് ഇന്ത്യയിലേത്. ഇന്ത്യയെ എങ്ങനെയാണ് ഇവിടത്തെ മുതലാളിത്തം അധഃപതിപ്പിച്ചത് എന്നതിന്റെ രേഖാചിത്രം പ്രകടനപത്രികയില്‍ സിപിഐ എം വരച്ചുകാട്ടുന്നുണ്ട്്.

-23 കോടി ആളുകള്‍ പോഷകാഹാര ദാരിദ്യ്രം അനുഭവിക്കുന്നു. -സ്ത്രീകളില്‍ പകുതിയിലേറെയും വിളര്‍ച്ചബാധിതര്‍. -മൂന്നു വയസ്സില്‍ താഴെ പ്രായമുള്ള 40 ശതമാനം കുട്ടികളും ഭാരക്കുറവുള്ളവര്‍. -2,19,000 പാര്‍പ്പിടവും കുടിക്കാന്‍ ശുദ്ധജലം ലഭ്യമല്ലാത്തവ. -39 ശതമാനം പ്രായപൂര്‍ത്തിയായ ആളുകളും നിരക്ഷരര്‍. -77 ശതമാനം ആളുകളും പ്രതിദിനം 20 രൂപയില്‍ താഴെമാത്രം ചെലവഴിച്ച് ജീവിക്കുന്നവര്‍. സംഘടിത വ്യവസായ മേഖലയിലെ കൂലിയുടെ വിഹിതം ലോകത്തില്‍ ഏറ്റവും കുറഞ്ഞ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഈ അവസ്ഥയ്ക്ക് ആരാണുത്തരവാദി? ഇടതുപക്ഷമല്ല. സ്വാതന്ത്യ്ര ലബ്ധിക്കുശേഷം ഏറ്റവുമേറെക്കാലം നാടുഭരിച്ച കോഗ്രസാണ്. ഇടതുപക്ഷം സംസ്ഥാന ഭരണത്തിലിരുന്നിടങ്ങളില്‍, ഇത്തരം ദയനീയാവസ്ഥ പരിഹരിക്കാനുള്ള ബോധപൂര്‍വമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ആ ഇടപെടല്‍കൊണ്ടാണ് മേല്‍പ്പറഞ്ഞ അഖിലേന്ത്യാ തലത്തിലുള്ള കണക്കുകള്‍ കേരളീയര്‍ക്ക് കൌതുകകരവും അവിശ്വസനീയവുമായി തോന്നുന്നത്്. ഇടതുപക്ഷത്തെ എല്ലാ അര്‍ഥത്തിലും എതിര്‍ക്കണമെന്ന തീരുമാനത്തിലേക്ക് കോഗ്രസ് എത്തിച്ചേരുന്നതിന്റെ രഹസ്യവും ഇതുതന്നെയാണ്.

ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളില്‍ അതിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയുമായി വിരുദ്ധശക്തികള്‍ രംഗത്തുവരുന്നതും മറ്റൊന്നുംകൊണ്ടല്ല. അതിന്റെ ഭാഗമായി മാത്രമേ ഇന്ന് കേരളത്തിലെ ഇടതുപക്ഷ വിരുദ്ധരാകെ നടത്തുന്ന ആക്രമണത്തെ കാണേണ്ടതുള്ളൂ. രാജ്യത്തെ തകര്‍ക്കാനൊരുമ്പെടുകയും വളര്‍ച്ചയെ പുറകോട്ടുവലിക്കുകയും നവലിബറല്‍-സാമ്രാജ്യാനുകൂല നയങ്ങള്‍ തുടരുകയുംചെയ്യുന്ന കോഗ്രസിനെ ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടുന്നതിന് ഇത്തരം ആക്രമണങ്ങളൊന്നും തടസ്സമാകില്ല. കോഗ്രസ് ഇന്ത്യക്ക് എന്തുചെയ്തു എന്ന ചോദ്യം ജനങ്ങളുടെ മനസ്സില്‍നിന്ന് മായ്ച്ചുകളയാന്‍ പര്യാപ്തമല്ല ആ പാര്‍ടിയുടെ രക്ഷപ്പെടല്‍തന്ത്രങ്ങളൊന്നും.

നേട്ടങ്ങള്‍ ഒറ്റനോട്ടത്തില്‍

ദേശാഭിമാനി ലേഖനം

വി എസ് അച്യുതാനന്ദന്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട ചര്‍ച്ചാ വിഷയം ദേശീയപ്രശ്നങ്ങളും കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളും നടപടികളുമാണ്. എന്നാല്‍, തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ഭരണവും ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുക സ്വാഭാവികമാണ്. പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വന്നപ്പോള്‍ കേരളത്തില്‍ യുഡിഎഫ് പറഞ്ഞത് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പ് എന്നാണ്. പ്രചാരണരംഗത്ത് മുന്‍ യുഡിഎഫ് ഗവമെന്റിന്റെ അഞ്ചുവര്‍ഷ ഭരണവും എല്‍ഡിഎഫ് ഗവമെന്റിന്റെ 34 മാസത്തെ ഭരണവും താരതമ്യം ചെയ്യപ്പെടുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതും സ്വാഗതാര്‍ഹമായ കാര്യമാണ്.

കേന്ദ്രഭരണവും കേന്ദ്ര സര്‍ക്കാരിന്റെ നയസമീപനങ്ങളും നിശിതമായി വിചാരണ ചെയ്യുന്നതിനൊപ്പം സംസ്ഥാന ഭരണനേട്ടങ്ങള്‍ വിലയിരുത്തപ്പെടണം. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാവും കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് എന്ന് പറഞ്ഞ യുഡിഎഫുകാര്‍ ഇപ്പോള്‍ ഇതേക്കുറിച്ച് മിണ്ടുന്നില്ല. കാരണം കഴിഞ്ഞ 34 മാസത്തിനിടയില്‍ വികസന-ക്ഷേമരംഗങ്ങളില്‍ കൈവരിച്ച അഭൂതപൂര്‍വമായ നേട്ടങ്ങള്‍ ജനങ്ങളുടെ അനുഭവത്തിലുള്ളതാണ്. അതേക്കുറിച്ച് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചാല്‍ വിലപ്പോവില്ല തന്നെ. വികസന-ക്ഷേമരംഗങ്ങളില്‍ കഴിഞ്ഞ 34 മാസത്തിനിടയില്‍ എല്‍ഡിഎഫ് ഗവമെന്റ് ഉണ്ടാക്കിയ നേട്ടങ്ങള്‍ ഒറ്റനോട്ടത്തില്‍ പരിശോധിച്ചാല്‍ത്തന്നെ എന്തുകൊണ്ട് യുഡിഎഫ് വിവാദങ്ങളുടെ പിറകെമാത്രം പോകുന്നുവെന്ന് വ്യക്തമാകും.

കടക്കെണി കാരണമുള്ള കര്‍ഷക ആത്മഹത്യ ഇല്ലാതാക്കി. കര്‍ഷക പെന്‍ഷന്‍ പദ്ധതി, പലിശരഹിത വായ്പ, നെല്ലിന് സംഭരണവില 11 രൂപ. നെല്ലുല്‍പ്പാദനം ആറര ലക്ഷം ടണ്ണില്‍നിന്ന് പത്ത് ലക്ഷം ടണ്ണായി വര്‍ധിപ്പിക്കാനും പഴം, പച്ചക്കറി, പാല്‍, മുട്ട, പയറുവര്‍ഗങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനും 1313 കോടി രൂപ ചെലവില്‍ ഭക്ഷ്യസുരക്ഷാ കര്‍മപദ്ധതി. ഐടി രംഗത്ത് വന്‍മുന്നേറ്റം. തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കിന്റെ വികസനം, പുതുതായി ടെക്നോസിറ്റി, കൊച്ചിയില്‍ ഇന്‍ഫോപാര്‍ക്കിന്റെ വികസനം, കോഴിക്കോട് സൈബര്‍ പാര്‍ക്ക്, കുണ്ടറ, ചേര്‍ത്തല, അമ്പലപ്പുഴ, കൊരട്ടി (തൃശൂര്‍), എരമം (കണ്ണൂര്‍), ചീമേനി (കാസര്‍കോട്) എന്നിവിടങ്ങളില്‍ പുതിയ ഐടി പാര്‍ക്ക് ആരംഭിക്കാന്‍ നടപടി. സ്മാര്‍ട്സിറ്റി പദ്ധതി തുടങ്ങാന്‍ നടപടി. ടെക്നോപാര്‍ക്കിലും ഇന്‍ഫോ പാര്‍ക്കിലുമായി പുതുതായി അമ്പതോളം കമ്പനി വന്നു.

ഐടി രംഗത്ത് തൊഴിലവസരം ഇരട്ടിയായി. അടുത്ത മൂന്നുവര്‍ഷത്തിനകം ഐടി മേഖലയില്‍ രണ്ട് ലക്ഷം തൊഴിലവസരം. ടൂറിസം മേഖലയില്‍ കേരളം പ്രധാന ഡെസ്റിനേഷനായി. ടൂറിസ്റുകളുടെ എണ്ണത്തിലും ടൂറിസത്തില്‍നിന്നുള്ള വരുമാനത്തിലും 25 ശതമാനത്തിന്റെ വര്‍ധന. പൂട്ടിക്കിടന്ന വ്യവസായശാലകള്‍ തുറന്നു. പൂട്ടിയ തോട്ടങ്ങള്‍ തുറന്നു. ലാഭത്തിലുള്ള പൊതുമേഖലാ വ്യവസായങ്ങളുടെ എണ്ണം 12ല്‍ നിന്ന് 30ല്‍ എത്തിച്ചു. കേന്ദ്ര പൊതുമേഖലയുമായി ചേര്‍ന്ന് സംയുക്ത സംരംഭങ്ങള്‍. പാലക്കാട് കോച്ച് ഫാക്ടറി അനുവദിപ്പിച്ചു. ഫാക്ടറി സ്ഥാപിക്കാന്‍ ആയിരം ഏക്കര്‍ സ്ഥലം ഫാസ്റ് ട്രാക്കില്‍ ഏറ്റെടുക്കുന്നു. വല്ലാര്‍പാടം പദ്ധതിയുടെ തടസ്സങ്ങള്‍ നീക്കി. ആവശ്യമായ ഭൂമി, മാതൃകാപരമായ പുനരധിവാസ പദ്ധതി നടപ്പാക്കി അക്വയര്‍ ചെയ്തു നല്‍കി. എല്‍എന്‍ജി ടെര്‍മിനല്‍ പദ്ധതിയുടെ തടസ്സങ്ങള്‍ നീക്കി. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ടെര്‍മിനല്‍ സ്ഥാപിക്കാന്‍ എല്ലാ ഒരുക്കവും പൂര്‍ത്തിയാക്കി. കണ്ണൂര്‍ വിമാനത്താവളത്തിന് അനുമതി നേടി. ഭൂമി അക്വിസിഷന്‍ പുരോഗമിക്കുന്നു.

നിര്‍മാണപ്രവൃത്തി ഈ വര്‍ഷം തുടങ്ങുന്നു. കൊല്ലം - കോട്ടപ്പുറം ദേശീയപാത പൂര്‍ത്തീകരിച്ച് കമീഷന്‍ ചെയ്തു. കോവളത്തുനിന്ന് നീലേശ്വരംവരെ ജലപാത സുഗമമാക്കല്‍ പ്രവൃത്തി പുരോഗമിക്കുന്നു. ദേശീയപാതകള്‍ നാലുവരിയാക്കുന്നതിനുള്ള നടപടിക്ക് അംഗീകാരം. മലയോര ഹൈവേ നിര്‍മാണത്തിന് ഈ വര്‍ഷം തുടക്കം. ഓരോ മണ്ഡലത്തിലും രണ്ട് കോടി രൂപയുടെ മരാമത്ത് പ്രവൃത്തിഅടങ്ങുന്ന വിഷന്‍ 2010 പദ്ധതി. റെയില്‍വേ ഓവര്‍ബ്രിഡ്ജുകളുടെ നിര്‍മാണം സമയബന്ധിതമായി തീര്‍ക്കാന്‍ 200 കോടി രൂപയുടെ പദ്ധതി. മത്സ്യത്തൊഴിലാളികളുടെ കടങ്ങള്‍ക്ക് മൊറട്ടോറിയം. മത്സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസ നിയമം. മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് പലിശരഹിത വായ്പ. ട്രോളിങ് നിരോധനകാലത്ത് സൌജന്യ റേഷന്‍. സമ്പൂര്‍ണ ഭവനപദ്ധതി. ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൌജന്യ ആരോഗ്യ സുരക്ഷാ പദ്ധതി. രണ്ട് ജില്ലയില്‍ നടപ്പാക്കാന്‍ ആവിഷ്കരിച്ച കേന്ദ്ര - സംസ്ഥാന സംയുക്ത പദ്ധതിയാണിത്. ഈ പദ്ധതി എല്ലാ ജില്ലയിലും നടപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പ്രതിവര്‍ഷം മുപ്പതിനായിരം രൂപയുടെ ചികിത്സാസഹായം.

പ്രീമിയം സര്‍ക്കാര്‍ അടയ്ക്കുന്നു. ക്ഷേമപെന്‍ഷനുകള്‍ 100 - 120 രൂപയായിരുന്നത് 250 രൂപയാക്കി. ഒരു ക്ഷേമനിധിയിലും അംഗങ്ങളല്ലാത്ത പാവപ്പെട്ടവര്‍ക്ക് 100 രൂപ അലവന്‍സ്. ക്ഷേമപെന്‍ഷനുകള്‍ കുടിശ്ശിക തീര്‍ത്തു നല്‍കി. കള്ള് ചെത്ത് തൊഴിലാളി പെന്‍ഷന്‍ 500 രൂപയാക്കി. പത്ത് ലക്ഷത്തില്‍പ്പരം വരുന്ന അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷനും ചികിത്സാ സഹായവുമെല്ലാമടങ്ങിയ സമഗ്ര ക്ഷേമനിധി. രണ്ട് ലക്ഷം വരുന്ന ചെറുകിട തോട്ടംതൊഴിലാളികള്‍ക്ക് ക്ഷേമനിധി. കൃഷിക്കാര്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും പെന്‍ഷന്‍. മുപ്പത് ലക്ഷത്തില്‍പ്പരം വരുന്ന പ്രവാസി മലയാളികള്‍ക്കായി വിപുലമായ ക്ഷേമപദ്ധതി. എല്ലാ ജില്ലയിലും കലക്ടറേറ്റില്‍ നോര്‍ക്കാ സെല്‍. പ്രവാസികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്. തിരിച്ചു വരുന്ന പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതി. സ്പെയ്സ് ടെക്നോളജി ഇന്‍സ്റിറ്റ്യൂട്ട്, ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ റിസര്‍ച്ച്, കേന്ദ്ര സര്‍വകലാശാല എന്നിവ നേടിയെടുക്കുകയും അടിസ്ഥാന സൌകര്യങ്ങള്‍ ലഭ്യമാക്കുകയും ചെയ്തു.

13 പുതിയ ഐടിഐ, സഹകരണ അക്കാദമിയുടെയും ഐഎച്ച്ആര്‍ഡിയുടെയും കീഴില്‍ പുതുതായി നിരവധി ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍. തൊഴില്‍ പരിശീലനത്തിനായി ഫിനിഷിങ് സ്കൂളുകള്‍. പുതിയ മാവേലി സ്റോറുകള്‍, സപ്ളൈകോ ഷോറൂമുകള്‍, കസ്യൂമര്‍ഫെഡ് സ്റോറുകള്‍, അരിക്കടകള്‍ - പൊതുവിതരണ സമ്പ്രദായം വിപുലപ്പെടുത്തുകയും ശക്തിപ്പെടുത്തുകയുംചെയ്തു. അരിക്കടകളില്‍ 14 രൂപയ്ക്ക് പുഴുക്കലരിയും 13.50 ന് പച്ചരിയും. ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് റേഷനരി വില കിലോവിന് രണ്ട് രൂപയാക്കി. പരിധിയില്ലാതെ സബ്സിഡി നല്‍കി നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്തി. ക്രമസമാധാനനിലയില്‍ രാജ്യത്ത് ഒന്നാംസ്ഥാനം കേരളത്തിന്. ജനമൈത്രി പൊലീസ് സംവിധാനം നടപ്പാക്കി മാതൃക സൃഷ്ടിച്ചു. വെള്ളാനയായിരുന്ന കെഎസ്ആര്‍ടിസിയെ അഴിമതിയില്‍നിന്നും ധൂര്‍ത്തില്‍നിന്നും മോചിപ്പിച്ചു. ആയിരം പുതിയ ബസ് നിരത്തിലിറക്കി. കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണ പാക്കേജ് നടപ്പാക്കി.

കെഎസ്ആര്‍ടിസി ബസ് സ്റാന്‍ഡുകള്‍ നവീകരിക്കാന്‍ ബൃഹത്തായ പദ്ധതി. ധര്‍മാശുപത്രികള്‍ കാര്യക്ഷമമാക്കി. ആവശ്യാനുസരണം ഡോക്ടര്‍മാരെയും നേഴ്സുമാരെയും നിയമിച്ചു. മരുന്നുകള്‍ സൌജന്യമായി ലഭ്യമാക്കി. കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളുടെ നിലവാരമുയര്‍ത്തി. ജനകീയ ആരോഗ്യനയം നടപ്പാക്കുന്നു. പുതുതായി രണ്ട് നേഴ്സിങ് കോളേജ് തുടങ്ങി. ദേവസ്വം നിയമനങ്ങള്‍ പിഎസ്സിക്കു വിട്ടു. മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ചു. മലബാറിലെ ക്ഷേത്രജീവനക്കാരുടെ വേതനം ഗണ്യമായി വര്‍ധിപ്പിച്ചു. ശബരിമല തീര്‍ഥാടകര്‍ക്ക് മികവുറ്റ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തി. കുടിവെള്ള വിതരണപദ്ധതികള്‍ ത്വരിതപ്പെടുത്തി. ജപ്പാന്‍ കുടിവെള്ള വിതരണപദ്ധതിയുടെ നിര്‍മാണപ്രവൃത്തി പൂര്‍ത്തീകരണത്തിലേക്ക്. മുടങ്ങിക്കിടന്ന നാല്‍പ്പതില്‍പ്പരം പദ്ധതി നബാര്‍ഡിന്റെ സഹായത്തോടെ പുനരാരംഭിച്ചു. ജലനിധി പദ്ധതിയില്‍പ്പെടുത്തി 110 പഞ്ചായത്തില്‍ ജലവിതരണ പദ്ധതി. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ കേരളത്തിലെ മുസ്ളിം ജനവിഭാഗത്തിന്റെ ക്ഷേമത്തിനായി നടപ്പാക്കേണ്ട പദ്ധതികള്‍ സംബന്ധിച്ച് പാലോളി കമ്മിറ്റി ശുപാര്‍ശചെയ്ത കാര്യങ്ങള്‍ നടപ്പാക്കി. ന്യൂനപക്ഷ ക്ഷേമത്തിനായി സെക്രട്ടറിയറ്റില്‍ സെല്‍ തുടങ്ങി. ന്യൂനപക്ഷ ക്ഷേമത്തിന് പ്രത്യേക വകുപ്പ് തുടങ്ങാന്‍ തീരുമാനിച്ചു.

മുസ്ളിം പെകുട്ടികള്‍ക്ക് സ്കോളര്‍ഷിപ്, ഹോസ്റല്‍ സ്റൈപെന്‍ഡ്, മത്സര പരീക്ഷാ പരിശീലനത്തിന് പ്രത്യേക സംവിധാനം. തിരുവനന്തപുരം വിമാനത്താവളത്തില്‍ പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍. എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് യൂണിറ്റ്. നികുതിപിരിവ് വര്‍ധിച്ചു. നികുതിചോര്‍ച്ച തടഞ്ഞു. അഴിമതി രഹിത വാളയാര്‍പദ്ധതി മാതൃക സൃഷ്ടിച്ചു. ജീവനക്കാര്‍ക്ക് ഡിഎ യഥാവസരം നല്‍കി റെക്കോഡ് സൃഷ്ടിച്ചു. പ്രകൃതി - പരിസ്ഥിതി സംരക്ഷണത്തില്‍ പ്രത്യേകശ്രദ്ധ. മാലിന്യമുക്ത കേരളപദ്ധതി നടപ്പാക്കി. നദി സംരക്ഷണപദ്ധതി നടപ്പാക്കുന്നു. സൈലന്റ് വാലി ബഫര്‍ സോ പ്രഖ്യാപിച്ചു. മൂന്നാറില്‍ നീലക്കുറിഞ്ഞി സാങ്ച്വറി. കടുത്ത വരള്‍ച്ചയും കേന്ദ്രം വൈദ്യുതിവിഹിതം വെട്ടിക്കുറച്ചതും കാരണം കടുത്ത വൈദ്യുതിക്ഷാമമുണ്ടായി. എന്നാല്‍, മറ്റ് സംസ്ഥാനങ്ങളിലേതുപോലെ മൂന്നും നാലും മണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. അരമണിക്കൂര്‍ ലോഡ്ഷെഡിങ് മാത്രം. പതിന്മടങ്ങ് വില നല്‍കി വൈദ്യുതി കൊണ്ടുവന്നതിനാലാണ് ലോഡ് ഷെഡിങ് നടപ്പാക്കുന്നത് ദീര്‍ഘകാലം വൈകിക്കാനും ഏര്‍പ്പെടുത്തിയപ്പോഴാകട്ടെ അരമണിക്കൂറില്‍ പരിമിതപ്പെടുത്താനും കഴിഞ്ഞത്.

എന്നിട്ടും പതിമൂന്ന് ലക്ഷം പുതിയ കണക്ഷന്‍ നല്‍കി. കാറ്റാടി വൈദ്യുതിനിലയം കമീഷന്‍ചെയ്തു. നേരിയമംഗലം പദ്ധതി കമീഷന്‍ചെയ്തു. പുതിയ 500 മെഗാവാട്ട് പദ്ധതിയുടെ പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തില്‍... ഇഎസ്ഐ പദ്ധതിയില്‍ ഒന്നര ലക്ഷത്തില്‍പ്പരം തൊഴിലാളികള്‍ക്ക് പുതുതായി അംഗത്വം. കൊല്ലത്ത് ഇഎസ്ഐ മെഡിക്കല്‍ കോളേജ്. പട്ടികജാതി - പട്ടികവര്‍ഗ ക്ഷേമപദ്ധതികളില്‍ അഭൂതപൂര്‍വമായ മുന്നേറ്റം. എസ്സി - എസ്ടി വികസന ഫണ്ട് ഏതാണ്ട് പൂര്‍ണമായും വിനിയോഗിച്ച് അക്കാര്യത്തില്‍ രാജ്യത്ത് ഒന്നാംസ്ഥാനം. ലംപ്സം ഗ്രാന്റും സ്റൈപെന്‍ഡും ഗണ്യമായി വര്‍ധിപ്പിച്ചു. ഹോസ്റലുകള്‍ നവീകരിച്ചു. പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് എംബിബിഎസ് പ്രവേശനം ഉറപ്പാക്കാന്‍ ചട്ടം കൊണ്ടുവന്നു. പട്ടികവര്‍ഗക്കാര്‍ക്ക് എല്ലാ തലത്തിലും സൌജന്യചികിത്സ. ആദിവാസി ഭൂവിതരണ പദ്ധതി പ്രകാരം ഏഴായിരത്തോളം കുടുംബത്തിന് ഒരേക്കര്‍ വീതം ഭൂമി നല്‍കി. ആദിവാസി വനാവകാശനിയമം നടപ്പാക്കി. എസ്സി - എസ്ടി വിഭാഗത്തില്‍ മുപ്പതിനായിരത്തോളം കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാന്‍ ധനസഹായം നല്‍കി. സര്‍ക്കാര്‍ഭൂമിയിലെ കൈയേറ്റമൊഴിപ്പിക്കുന്നതില്‍ വലിയ മുന്നേറ്റം. മൂന്നാറില്‍ പന്തീരായിരത്തില്‍പ്പരം ഏക്കര്‍ ഉള്‍പ്പെടെ സംസ്ഥാനത്താകെ പതിനായിരത്തോളം ഏക്കര്‍ ഭൂമി കൈയേറ്റക്കാരില്‍നിന്ന് വീണ്ടെടുത്തു. വീണ്ടെടുത്ത ഭൂമിയില്‍ കഴിയാവുന്നത്ര ഭൂരഹിതര്‍ക്ക് വിതരണംചെയ്യാന്‍ നടപടി തുടങ്ങി. കയര്‍മേഖലയില്‍ ആധുനികവല്‍ക്കരണത്തിന് തുടക്കംകുറിച്ചു. തൊഴിലാളികളുടെ വേതനവും പെന്‍ഷന്‍ ആനുകൂല്യങ്ങളും ഗണ്യമായി വര്‍ധിപ്പിച്ചു.

ഇടത്തട്ടുകാരുടെ ചൂഷണത്തില്‍നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ ക്രയവിലസ്ഥിരതാ പദ്ധതി നടപ്പാക്കി. തുറമുഖ നവീകരണത്തില്‍ വന്‍മുന്നേറ്റം. കൊല്ലം, ആലപ്പുഴ, പൊന്നാനി, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖ വികസന നടപടികള്‍ പുരോഗമിക്കുന്നു. തിരുവനന്തപുരത്തും മഞ്ചേശ്വരത്തും മാരിടൈം ഇന്‍സ്റിറ്റ്യൂട്ട്. സ്പോര്‍ട്സ് ക്വോട്ടാ നിയമനം 20ല്‍ നിന്ന് 50 ആക്കി വര്‍ധിപ്പിച്ചു. പൊലീസില്‍ സ്പോര്‍ട്സ് ക്വോട്ടാ നിയമനം പുനരാരംഭിച്ചു. കൊച്ചിയില്‍ മെട്രോ റെയില്‍ പദ്ധതിയും കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് കേന്ദ്രീകരിച്ച് സബര്‍ബന്‍ ട്രെയിന്‍ സര്‍വീസും ആരംഭിക്കാന്‍ ത്വരിതഗതിയില്‍ നടപടി. ഇ എം എസ് സമ്പൂര്‍ണ ഭവനപദ്ധതിക്ക് തുടക്കം കുറിച്ചു. മുഴുവന്‍ ഭവനരഹിത കുടുംബങ്ങള്‍ക്കും വീട് വയ്ക്കാന്‍ ഭൂമിയും ഭവനരഹിതരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീടും ലഭ്യമാക്കാന്‍ പദ്ധതി തുടങ്ങി. അയ്യായിരം കോടി രൂപയുടെ ബൃഹത്തായ പദ്ധതിയാണ് ഇതിനായി നടപ്പാക്കുന്നത്. മൂന്നുവര്‍ഷംകൊണ്ട് സമ്പൂര്‍ണ പാര്‍പ്പിട സംസ്ഥാനമായി കേരളം മാറും. ഇതിന്റെ ഭാഗമായി എല്ലാ ജില്ലയിലും ഭൂവിതരണ മേളയിലൂടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി. ഈ നേട്ടമെല്ലാം അനുഭവത്തിലുള്ള ജനങ്ങളെ കള്ളപ്രചാരണത്തിലൂടെ കബളിപ്പിക്കാമെന്നത് യുഡിഎഫിന്റെ വ്യാമോഹം മാത്രമാണ്.
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്