ബിജെപി അധ്യക്ഷപദവിയിലേക്ക് ആനയിക്കപ്പെട്ട അമിത്ഷാ, തന്റെ സ്ഥാനാരോഹണച്ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍, ഭാരതത്തിലെ രാഷ്ട്രീയരംഗത്ത് കോണ്‍ഗ്രസിന്റെ നയങ്ങളുടെ ഒരു വലയം നിലനില്‍ക്കുന്നുവെന്നും അതിനെ തൂത്തെറിയുകയാണ് ബിജെപിയുടെ അടിയന്തരലക്ഷ്യമെന്നും പ്രഖ്യാപിച്ചു. കേവലം 44 സീറ്റിലൊതുങ്ങിയ കോണ്‍ഗ്രസ് പല സംസ്ഥാനങ്ങളിലും ബിജെപിക്ക് രാഷ്ട്രീയ എതിരാളിപോലുമല്ല. കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വമാകട്ടെ അമിത്ഷായുടെ പ്രഖ്യാപനത്തോട് പ്രതികരിച്ചതുമില്ല.
ദേശീയ സ്വാതന്ത്ര്യ സമരകാലംമുതല്‍ രാജ്യം പിന്തുടര്‍ന്ന ചില രാഷ്ട്രീയമൂല്യങ്ങളുണ്ട്. ഇന്ത്യയുടെ ഭരണഘടന, ഇന്ത്യന്‍ രാഷ്ട്രീയ ദേശീയത, സോവിയറ്റ് റഷ്യയില്‍നിന്ന് പകര്‍ന്നുകിട്ടിയ പഞ്ചവത്സര പദ്ധതി, ക്ഷേമരാഷ്ട്രസങ്കല്‍പ്പം, പൊതുമേഖല, മതനിരപേക്ഷത ഇവയൊക്കെ അതിന്റെ ഭാഗമാണ്. ഇവയില്‍ പലതിനെയും കൈയൊഴിയുകയോ, വെള്ളംചേര്‍ക്കുകയോ ചെയ്യുന്നതിനും കോണ്‍ഗ്രസ്തന്നെ നേതൃത്വം നല്‍കിയെന്നതാണ് യാഥാര്‍ഥ്യം. എന്നിരിക്കലും, ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയുടെ അടിത്തറയായി ഈ മൂല്യങ്ങള്‍ പ്രവര്‍ത്തിക്കുന്നു. അതിനെ തകര്‍ക്കണമെന്നാണ് അമിത്ഷാ ആഹ്വാനംചെയ്യുന്നത്. കോണ്‍ഗ്രസ് പാര്‍ടിയോടുള്ള രാഷ്ട്രീയ യുദ്ധമായല്ല, മറിച്ച് ഫാസിസം ബൂര്‍ഷ്വാ ലിബറിസത്തെപ്പോലും വച്ചുപൊറുപ്പിക്കുകയില്ല എന്നതിന്റെ ഇന്ത്യന്‍ പ്രയോഗമെന്ന നിലയ്ക്കാണ് ഈ വിഷയം ഉയര്‍ന്നുവരുന്നത്.
ഇന്ത്യന്‍ രാഷ്ട്രീയ ദേശീയതയും സംഘപരിവാര്‍ മുന്നോട്ടുവയ്ക്കുന്ന സാംസ്കാരിക ദേശീയതയും ഇവിടെ മുഖാമുഖം നില്‍ക്കുകയാണ്. ആഗോളവല്‍ക്കരണകാലത്ത്, ദേശീയതകളെയും ദേശീയരാഷ്ട്രങ്ങളെയും സാമ്രാജ്യത്വം ആക്രമണവിധേയമാക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയ ദേശീയതയെ തകര്‍ത്ത് സാംസ്കാരിക ദേശീയതയ്ക്കുവേണ്ടി വാദിക്കുന്ന ആര്‍എസ്എസ് അധികാരത്തിന്റെ കടിഞ്ഞാണ്‍ കൈയിലെടുത്തത് സ്വാമ്രാജ്യത്വത്തെ കണക്കറ്റ് സന്തോഷിപ്പിക്കുന്നുണ്ട്. നരേന്ദ്രമോഡിയും ബറാക് ഒബാമയും തമ്മിലുള്ള സൗഹൃദം ഈ താല്‍പ്പര്യങ്ങളുടെ മേളനംമൂലമാണ് വികസിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനേക്കാള്‍, അമേരിക്കയ്ക്കു സ്വീകാര്യത ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന ഒരു ഭരണകൂടത്തോടാണ്. ഇസ്രയേലിനെപ്പോലെ ആശ്രയിക്കാവുന്ന മറ്റൊരു സുഹൃത്തായി ഇന്ത്യയിലെ മോഡിഭരണത്തെ കാണാന്‍ അമേരിക്കയ്ക്ക് ഉത്സാഹമുണ്ട്.മോഡിക്ക് ഒരവസരം കൊടുത്താല്‍ എന്താണ് കുഴപ്പമെന്ന നിഷ്കളങ്കതയില്‍ ബിജെപിക്കൊപ്പം നിലകൊണ്ടവരുണ്ട്. കോണ്‍ഗ്രസിന്റെ അഴിമതിവാഴ്ചയോടുള്ള മനംമടുപ്പും ഗുജറാത്ത് മോഡല്‍ വികസനത്തെപ്പറ്റിയുള്ള വായ്ത്താരികളും ഗ്രാമങ്ങളെപ്പോലും പ്രകമ്പിതമാക്കിയ പ്രചാരണ കൗശലങ്ങളും ഒരു വിഭാഗം വോട്ടര്‍മാരെ തങ്ങള്‍ക്കനുകൂലമാക്കാന്‍ ബിജെപിക്ക് സാധിച്ചു.
നരേന്ദ്രമോഡി സര്‍ക്കാരിന്റെ നൂറുദിന ചെയ്തികള്‍ കൊണ്ടുതന്നെ അവരിലൊരു വിഭാഗം വ്യാമോഹ വിമുക്തരായിട്ടുണ്ട്. എന്നാല്‍, ആര്‍എസ്എസ് മുന്നോട്ടുവയ്ക്കുന്ന സാംസ്കാരിക ദേശീയത ഇന്ത്യയിലെ പൗരസമൂഹത്തെ വര്‍ഗീയവല്‍ക്കരിച്ച് വിഭജിക്കാനുള്ള ഗൂഢപദ്ധതിയാണ്.നാം അല്ലെങ്കില്‍ നമ്മുടെ രാഷ്ട്രസ്വത്വം നിര്‍വചിക്കപ്പെടുന്നു എന്ന ലഘുലേഖയില്‍ എം എസ് ഗോള്‍വാള്‍ക്കര്‍ ഇങ്ങനെയെഴുതി. "ഹിന്ദുസ്ഥാനിലെ വിദേശ വംശജര്‍ ഹിന്ദു സംസ്കാരവും ഭാഷയും സ്വീകരിക്കണം, ഹിന്ദുമതത്തെ ആദരിക്കണം, ഭക്തിപൂര്‍വം അതിനെ കാണാനും പഠിക്കണം. ഹിന്ദുമതത്തെയും സംസ്കാരത്തെയും അതായത് ഹിന്ദു രാഷ്ട്രത്തിന്റെ മഹത്വത്തെ ഉയര്‍ത്തിപ്പിടിക്കാത്ത ഒരാശയഗതിയും അവര്‍ വച്ചുപുലര്‍ത്തരുത്. അങ്ങനെ വേറിട്ട തങ്ങളുടെ അസ്തിത്വം ഉപേക്ഷിച്ച് അവര്‍ ഹിന്ദുവംശത്തില്‍ അലിഞ്ഞുചേരണം. അല്ലാത്ത പക്ഷം അവര്‍ ഒന്നും അവകാശപ്പെടാതെ, ഒരു തരം ആനുകൂല്യമോ പ്രത്യേക പരിഗണനയോ അര്‍ഹിക്കാതെ, പൗരാവകാശങ്ങള്‍പോലും അര്‍ഹിക്കാതെ ഹിന്ദുരാഷ്ട്രത്തിന് പൂര്‍ണമായും കീഴ്പ്പെട്ട് ജീവിക്കണം'.ആര്‍എസ്എസിന്റെ ഇപ്പോഴത്തെ തലവന്‍ മോഹന്‍ ഭഗവത്, ഇന്ത്യക്കാരെന്നാല്‍ ഹിന്ദുക്കളെന്നാണ് അര്‍ഥമാക്കേണ്ടതെന്നു പറയുമ്പോള്‍, തന്റെ മുന്‍ഗാമിയുടെ വിചാരധാരയെ അണുവിട വ്യത്യാസമില്ലാതെ പിന്‍തുടരുകമാത്രമാണ് ചെയ്യുന്നത്.
ബ്രിട്ടീഷ് അധിനിവേശത്തോടെയും സ്വാതന്ത്ര്യസമരത്തിന്റെ വികാസത്തോടെയും അധികാരങ്ങളും പദവിയും നഷ്ടമായ ജന്മിമാരും നാടുവാഴികളും തങ്ങളുടെ വര്യേണവര്‍ഗ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സൃഷ്ടിച്ചെടുത്ത പ്രത്യയശാസ്ത്രമാണത്. തങ്ങളുടെ താല്‍പ്പര്യങ്ങളുടെ സംരക്ഷകരായി കോര്‍പറേറ്റുകള്‍ ഇവരെ കണ്ടെത്തിയത് ഭാരതീയ ജനസമൂഹത്തിന്റെ മതാത്മകതയുടെ സാധ്യതകള്‍ കണ്ടറിഞ്ഞുതന്നെയാണ്. നാവോത്ഥാനവും സ്വാതന്ത്ര്യസമരവും സാമ്പത്തിക മേഖലയിലെ പോരാട്ടങ്ങളും അധഃസ്ഥിത ജനതയെ അടിത്തട്ടില്‍നിന്ന് ഉയര്‍ത്തിക്കൊണ്ടുവന്നപ്പോള്‍ അവരെ ഹിന്ദുക്കളെന്ന് അംഗീകരിച്ച് പാട്ടിലാക്കാനാണ് വരേണ്യവര്‍ഗ താല്‍പ്പര്യങ്ങളെ ഒളിപ്പിച്ചുവച്ച് ആര്‍എസ്എസ് ശ്രമിക്കുന്നത്.
മതങ്ങളെ വോട്ടുബാങ്കായും അധികാരത്തിലേക്കുള്ള ചവിട്ടുപടിയായും കാണുന്ന കോണ്‍ഗ്രസിന്റെ അവസാരവാദ രാഷ്ട്രീയം മിക്കയിടങ്ങളിലും ചെലവാകാതെ പോകുന്നു. വര്‍ഗീയതയോട് സന്ധിചെയ്തും പ്രീണനം നടത്തിയും കോണ്‍ഗ്രസ് അധികാരമാസ്വദിക്കുമ്പോള്‍ അത് ഹിന്ദുത്വത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നവര്‍ക്ക് സഹായകരമാകുകയും ചെയ്യുന്നു. പ്രമാണിവര്‍ഗം തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി നടത്തുന്ന രാഷ്ട്രീയ ചൂതാട്ടം ന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പിനെത്തന്നെ അപകടകരമാക്കുന്നു. പാഠപുസ്തകങ്ങളിലെ വര്‍ഗീയവല്‍ക്കരണവും ഇതിഹാസങ്ങളെ അടിസ്ഥാനമാക്കിയ ചരിത്രനിര്‍മിതിയും, ഫാസിസം ആശയമേഖലയില്‍ എത്രത്തോളം മുന്നേറിയെന്നതിന്റെ തെളിവാണ്. ബിജെപിയുടെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തുന്ന അനുഭവവുമാണിത്.