വെറുപ്പിന്റെ രാഷ്ട്രീയവും വിദ്വേഷപ്രചാരണവും
by ഡോ. വി ശിവദാസന്‍ on 15-September-2014
ഡോ. വി ശിവദാസന്‍, ദേശാഭിമാനി, on 16 -September-2014
അധ്യാപകദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗം ഇന്ത്യയിലെ സ്കൂള്‍വിദ്യാര്‍ഥികളെയാകെ കേള്‍പ്പിക്കാന്‍ ശ്രമമുണ്ടായി. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ധാര്‍മിക വിദ്യാഭ്യാസത്തെക്കുറിച്ച് പറയുകയുണ്ടായി. ഏതുതരത്തിലുള്ള ധാര്‍മികതയെക്കുറിച്ചാണ് ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞതെന്നാണ് ജനങ്ങളാകെ സംശയിക്കുന്നത്. അദ്ദേഹത്തിന്റെ അവതാരികയോടുകൂടി പ്രസിദ്ധീകരിക്കപ്പെട്ട പാഠപുസ്തകങ്ങളിലെ ധാര്‍മികതയാണോ അത് എന്നതാണ് ചോദ്യം. ഗുജറാത്തിലെ സ്കൂളുകളില്‍ പഠിപ്പിക്കാന്‍ നരേന്ദ്രമോഡി മുഖ്യമന്ത്രിയായിരിക്കെ തയ്യാറാക്കിയ പാഠപുസ്തകങ്ങളിലെ ധാര്‍മികതയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പരിശോധിക്കപ്പെടേണ്ടതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ്. ദീനാനാഥ് ബത്രയെന്ന ആര്‍എസ്എസുകാരന്‍ തയ്യാറാക്കിയ എട്ട് പുസ്തകമാണ് ഗുജറാത്ത് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. 2007ലാണ് ഇവ പ്രസിദ്ധീകരിച്ചത്. എന്നാല്‍, ഇന്നുവരെ ഒരു ദേശീയപത്രവും അതിന്റെ ഉള്ളടക്കത്തിലെ അപകടകരമായ കാഴ്ചപ്പാടുകള്‍ ജനങ്ങള്‍ക്കുമുന്നിലെത്തിക്കാന്‍ തയ്യാറായിട്ടില്ല. ധാര്‍മികവിദ്യാഭ്യാസത്തിനായി തയ്യാറാക്കിയ എല്ലാ പുസ്തകങ്ങള്‍ക്കും അവതാരികയെഴുതിയത് മോഡിയാണ്. അവയിലൊന്നും മനുഷ്യന്റെ വേദനകള്‍ക്കും പ്രയാസങ്ങള്‍ക്കും സ്ഥാനംനല്‍കുന്ന ധാര്‍മികബോധത്തെ കാണാനാകില്ല.
ബത്രയുടെ പുസ്തകത്തിലെന്നതുപോലെ അവതാരകന്റെ വാക്കിലും പ്രവൃത്തിയിലും പരസ്പരസ്നേഹത്തിന്റെ ധാര്‍മികബോധമല്ല നിറഞ്ഞുനില്‍ക്കുന്നത്; ഏതെങ്കിലുമൊരു വിഭാഗത്തോടുള്ള വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ധാര്‍മികബോധമാണ്. ബത്രയുടെ പുസ്തകത്തില്‍, എങ്ങനെയാണ് ഒരു മാതൃകാ സൊസൈറ്റി രൂപപ്പെടുത്തുകയെന്നതിന് പല നിലയിലുള്ള നിര്‍ദേശങ്ങളുണ്ട്. അദ്ദേഹം പറയുന്നത്, യുവാക്കള്‍ എല്ലാ ദിവസവും ആര്‍എസ്എസ് ശാഖ സന്ദര്‍ശിക്കണം; നല്ലൊരു സൗഹൃദവലയം ഉണ്ടായാല്‍മാത്രം പോരാ, തെറ്റില്ലാത്തവരാകണമെങ്കില്‍ സന്യാസിമാരുടെയും പണ്ഡിതന്മാരുടെയും കമ്പനിവേണം. ആര്‍എസ്എസ് ശാഖയില്‍ എല്ലാ ദിവസവും പോയാല്‍ അവരുടെ ജീവിതത്തില്‍ അത് അത്ഭുതകരമായ മാറ്റത്തിന് കാരണമായിത്തീരും. ഗാന്ധിജിയെ കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് നിരോധിക്കപ്പെട്ട സംഘടനയാണ് ആര്‍എസ്എസ്. ഗാന്ധിജിയുടെ ശരീരത്തിലേറ്റ വെടിയുണ്ടകള്‍ തറച്ചത് രാജ്യത്തിന്റെ ഹൃദയത്തിലായിരുന്നു. അത്തരത്തിലൊരു സംഘടനയുടെ ശാഖയില്‍ പോയിട്ടാണത്രേ വിദ്യാര്‍ഥികള്‍ ധാര്‍മികബോധം ആര്‍ജിക്കേണ്ടത്!
അടിസ്ഥാനപരമായി, വ്യത്യസ്ത ചിന്താഗതികള്‍ക്കെതിരായുള്ള വിദ്വേഷത്തിന്റെയും ആയുധപരിശീലനത്തിന്റെയും കേന്ദ്രങ്ങളാണ് അവ. ഗുജറാത്തുള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും സംഘപരിവാറിന്റെ സ്വാധീനമേഖലകളില്‍ വിദ്യാലയത്തോട് ചേര്‍ന്ന് ആര്‍എസ്എസ് ശാഖകള്‍ നടത്തുന്നുണ്ടെന്നത് വസ്തുതയാണ്. നാനാത്വത്തില്‍ ഏകത്വമെന്നതാണ് ഇന്ത്യയുടെ മുഖമുദ്ര. നാനാത്വത്തെ തകര്‍ക്കുകയെന്നാല്‍ രാഷ്ട്രനിര്‍മാണമല്ല, രാഷ്ട്രത്തിന്റെ അപനിര്‍മാണമാണ്.ഇംഗ്ലീഷ് വിദ്യാഭ്യാസം ഹിന്ദുക്കളുടെ വാക്കുകളെ മോശമാക്കിയെന്നു പറയുന്ന പുസ്തകം ഇന്ത്യയിലെ ചിന്തകന്മാരെയാകെ അധിക്ഷേപിക്കുന്നുണ്ട്. അസഹിഷ്ണുതാപരമായ പ്രയോഗങ്ങളാണ് അതില്‍ നിറഞ്ഞുനില്‍ക്കുന്നത്. മാര്‍ക്സിന്റെയും മെക്കാളെയുടെയും മക്കളെന്നാണ് അതില്‍ അവരെയാകെ വിശേഷിപ്പിക്കുന്നത്. മാര്‍ക്സിന്റെ ഏതെങ്കിലും കണ്ടെത്തലുകളെ വിമര്‍ശനാത്മകമായി വിലയിരുത്തുകയല്ല, മറിച്ച് അധിക്ഷേപിക്കുകയാണ് അതില്‍ ചെയ്യുന്നത്.
വിദ്വേഷത്തിന്റെ രാഷ്ട്രീയക്കാര്‍ ചോദ്യംചെയ്യലുകളെ ഇഷ്ടപ്പെടുകയില്ല. അന്ധവിശ്വാസജടിലമായ പ്രസ്താവനകളെ ചോദ്യമായും ഉത്തരമായുമെല്ലാം രൂപപ്പെടുത്തുക മാത്രമാണ് അവരെപ്പോഴും ചെയ്യുക. അവരുടെ രാഷ്ട്രീയാധികാര സ്ഥാപനത്തിന് ചോദ്യങ്ങളുടെയും സംവാദങ്ങളുടെയും വളര്‍ച്ച തടസ്സമാകും. അതുകൊണ്ടാണ് മാര്‍ക്സ് ലോകത്തിനുമുമ്പാകെ അവതരിപ്പിച്ച വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനെ അവര്‍ ഭയക്കുന്നത്. എക്കാലത്തും ലോകത്തിലെ ഫാസിസ്റ്റ് രാഷ്ട്രീയക്കാരുടെ വക്താക്കളും പ്രയോക്താക്കളും മാര്‍ക്സിനോടും മാര്‍ക്സിസ്റ്റ് ദര്‍ശനത്തോടും യുദ്ധം പ്രഖ്യാപിച്ചിരുന്നു. ജപ്പാനില്‍ പോയവേളയില്‍ പ്രധാനമന്ത്രി പറഞ്ഞത് ജാപ്പനീസ് ഭാഷ ഓണ്‍ലൈനായി പഠിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നാണ്. അദ്ദേഹത്തിന്റെ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ രചയിതാവും അവരുടെ വിദ്യാഭ്യാസ വിചക്ഷണനുമായ ആള്‍ വിദേശഭാഷകള്‍ പഠിപ്പിക്കുന്നതിനെ വിലക്കാനാണ് നിര്‍ദേശിക്കുന്നത്.
സ്വതന്ത്ര ഇന്ത്യയിലെ തലമുറ ജനിക്കുന്നതിനുമുമ്പ് ജാപ്പനീസ് ഭാഷാപഠനത്തിന് പ്രത്യേക പഠനവകുപ്പ് ആരംഭിച്ച സര്‍വകലാശാലയുള്ള രാജ്യമാണ് ഇന്ത്യ. പൗരസ്ത്യവും പാശ്ചാത്യവുമായ അറിവിന്റെയും ഭാഷയുടെയും കേന്ദ്രമായാണ് വിശ്വഭാരതി സ്ഥാപിക്കപ്പെട്ടത്. ഇന്ത്യയുടെ ദേശീയഗാനത്തിന്റെ രചയിതാവായ വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറാണ് അതിന്റെ സ്ഥാപകനെന്നത് മറക്കാതിരിക്കുക. ശാസ്ത്രബോധത്തിനും യുക്തിചിന്തയ്ക്കുംപകരം അന്ധവിശ്വാസങ്ങളെ സിലബസുകളുടെ ഭാഗമാക്കുന്നവര്‍ മാര്‍ക്സിസ്റ്റുകാരെ എതിര്‍ത്തില്ലെങ്കിലാണ് അത്ഭുതം. ഗുജറാത്തിലെ പാഠപുസ്തകത്തിലെ വീക്ഷണം എത്രമാത്രം പ്രതിലോമകരമാണെന്ന് നോക്കുക. ജന്മദിനത്തിന് കേക്ക് മുറിക്കുന്നതും വിളക്ക് കത്തിക്കുന്നതുമൊന്നും ഭാരതീയമായ രീതിയല്ല, അതൊക്കെ പാശ്ചാത്യരീതികളാണ്. അവയൊന്നിലും പങ്കെടുക്കാന്‍ പാടില്ലെന്നൊക്കെയാണ് കല്‍പ്പനകള്‍. അന്നേദിവസം ഗായത്രിമന്ത്രവുമായി ചെലവഴിക്കണമെന്നാണ് ബദല്‍നിര്‍ദേശം. രാമയണത്തിലെ രാമന്‍ ഉപയോഗിച്ച പുഷ്പകവിമാനമാണ് ലോകത്തിലാദ്യത്തെ വിമാനമെന്ന് വിദ്യാര്‍ഥികളെ പഠിപ്പിക്കണമെന്നാണ് നിര്‍ദേശിക്കുന്നത്. ബത്രയുടെ പുസ്തകത്തില്‍ പറയുന്നത് ദേശീയമല്ലാത്ത വാക്കുകളും പാഠഭാഗങ്ങളും പാഠപുസ്തകങ്ങളില്‍നിന്ന് നീക്കംചെയ്യണമെന്നാണ്. ദേശീയമേത്, വിദേശീയമേത് എന്നതിന്റെയൊക്കെ പട്ടിക തയ്യാറാക്കാന്‍ ഇയാളെത്തന്നെ സര്‍ക്കാര്‍ ഭാവിയില്‍ ചുമതലപ്പെടുത്തികൂടെന്നില്ല.
അദ്ദേഹം ഗുജറാത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയുടേതെന്ന പേരില്‍ ഒരു മാപ്പും തയ്യാറാക്കി കൊടുത്തിട്ടുണ്ട്. അതില്‍ ബര്‍മ, ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാന്‍ ഇവയെല്ലാം ഉള്‍പ്പെടുത്തിയാണ് വരച്ചിരിക്കുന്നത്. ഇന്ത്യ മറ്റ് രാജ്യങ്ങളെ ആക്രമിച്ച് കീഴ്്പ്പെടുത്തേണ്ടതാണെന്ന് ഒരു സന്ദേശം അതിലുണ്ട്. അയല്‍രാജ്യങ്ങളുമായി സമാധാനപരമായ സഹവര്‍ത്തിത്വം കാംക്ഷിക്കുന്ന രാജ്യമാണ് ഇന്ത്യ. നമ്മുടെ വിദേശനയത്തിന്റെ കാതലാണ് അത്. അയല്‍രാജ്യങ്ങളുമായും അവിടത്തെ ജനങ്ങളുമായും നല്ല ബന്ധം കാംക്ഷിക്കുന്ന ഒരു സര്‍ക്കാരും ഇത്തരത്തിലുള്ള പാഠഭാഗങ്ങള്‍ സ്കൂളുകളില്‍ പഠിപ്പിക്കാനും പ്രചരിപ്പിക്കാനും അനുവദിക്കില്ല. എന്നാല്‍, ഇവയെല്ലാം ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വര്‍ഷങ്ങളായി പഠിപ്പിക്കുകയാണ്. ഇന്ത്യയിലാദ്യമായാണ് ഒരു പ്രധാനമന്ത്രി രാജ്യത്തെ മുഴുവന്‍ കുട്ടികളും തന്റെ പ്രസംഗം കേള്‍ക്കണമെന്ന് വാശിപിടിക്കുന്നതും അതിനുവേണ്ടി സര്‍ക്കാര്‍സംവിധാനങ്ങളെയാകെ ഉപയോഗപ്പെടുത്തുന്നതും. അദ്ദേഹം പ്രസംഗിച്ചത് ഹിന്ദിയിലായിരുന്നു. ഭൂരിപക്ഷം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയതും ഹിന്ദിയില്‍ത്തന്നെ. ദക്ഷിണേന്ത്യയിലെയും ഹിന്ദിയിതര സംസ്ഥാനങ്ങളിലെയും ഭൂരിപക്ഷം കുട്ടികള്‍ക്കും മനസ്സിലാകുന്ന ഭാഷയല്ലത്. എന്നിട്ടും കുട്ടികളെ എന്തിനാണ് നിര്‍ബന്ധപൂര്‍വം സ്ക്രീനിനുമുന്നിലിരുത്തിയത്?
വിദ്വേഷത്തിന്റെ രാഷ്ട്രീയത്തെയും അതിന്റെ പ്രതിരൂപമായ മോഡിയെയും പ്രച്ഛനവേഷത്തില്‍ കുട്ടികള്‍ക്കുമുന്നില്‍ അവതരിപ്പിക്കുകയായിരുന്നു ലക്ഷ്യം. രാജ്യത്തെ ആയിരക്കണക്കായ വിദ്യാലയങ്ങള്‍ അടിസ്ഥാന സൗകര്യക്കുറവിന്റെ പ്രയാസം അനുഭവിക്കുകയാണ്. വൈദ്യുതിപോലും ഇല്ലാത്തവയാണ് അത്തരം സ്കൂളുകള്‍. അവിടങ്ങളിലെ അടിസ്ഥാനസൗകര്യ വികസനത്തിനുവേണ്ടി മോഡിസര്‍ക്കാര്‍ എന്തുചെയ്യുന്നു എന്നാണ് വിദ്യാര്‍ഥികള്‍ക്കും ബഹുജനങ്ങള്‍ക്കും അറിയേണ്ടത്. വിദ്യാഭ്യാസമേഖലയുടെ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള ചുമതലകള്‍ സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും മുകളില്‍ കെട്ടിവയ്ക്കാനാണ് മോഡിയുടെ ശ്രമം. അദ്ദേഹത്തിന്റെ പ്രസംഗത്തിലും പ്രതികരണത്തിലും പല വിഷയങ്ങളും ബോധപൂര്‍വം അവഗണിക്കുകയായിരുന്നു. സര്‍ക്കാര്‍പദ്ധതിയിലൂടെ കിട്ടിയ സ്കൂളിലെ വിഷാംശം കലര്‍ന്ന ഉച്ചഭക്ഷണം കഴിച്ച് മരിക്കേണ്ടിവന്ന കുട്ടികളെക്കുറിച്ച് അദ്ദേഹം പരാമര്‍ശിക്കുകപോലുമുണ്ടായില്ല. മോഡിയുടെ പ്രസംഗം കേള്‍പ്പിക്കുന്നതിനുവേണ്ടി ആയിരക്കണക്കായ ടിവി സ്ക്രീനുകളാണ് രാജ്യത്തിന്റെ വിവിധഭാഗങ്ങളിലൊരുക്കിയത്. വിദ്യാലയങ്ങളിലെ അടിയന്തരാവശ്യം കക്കൂസും മൂത്രപ്പുരയുമാണ്. അല്ലാതെ നരേന്ദ്രമോഡിയുടെ മുഖംകാണിക്കാനുള്ള സ്ക്രീനുകളല്ല. അക്കാര്യം മനസ്സിലാക്കാനുള്ള സാമാന്യബോധം സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസവകുപ്പുകളെങ്കിലും കാണിക്കേണ്ടതായിരുന്നു. പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍പ്പിക്കാന്‍ റേഡിയോയും ടിവി സ്ക്രീനുമൊരുക്കാന്‍ കോടിക്കണക്കിനു രൂപയാണ് ചെലവഴിച്ചത്.
വിദ്യാഭ്യാസം കേന്ദ്രത്തിന്റെമാത്രം പരിധിയില്‍ വരുന്ന വിഷയമല്ല. അത് സംസ്ഥാനങ്ങളുടെകൂടി അധികാരത്തില്‍ വരുന്നതാണ്. അതുകൊണ്ടുതന്നെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ കേന്ദ്രമാനവവിഭവശേഷിവകുപ്പില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണ്. പ്രത്യേകിച്ചും പ്രൈമറി വിദ്യാഭ്യാസമെന്നത് സംസ്ഥാന വിഷയമായി നില്‍ക്കുമ്പോള്‍. സംസ്ഥാനങ്ങള്‍ക്ക് അംഗീകരിക്കാനാകാത്ത വിഷയങ്ങള്‍ അവര്‍ക്കുമുകളില്‍ അടിച്ചേല്‍പ്പിക്കുന്നത് രാജ്യത്തിന്റെ ഫെഡറല്‍ഘടനയെ ക്ഷീണിപ്പിക്കും. സംസ്ഥാനങ്ങളോട് ഒരുവിധ കൂടിയാലോചനയും നടത്താതെ തീരുമാനങ്ങളുണ്ടാകുമ്പോള്‍ അതിനെതിരെ പ്രതികരിക്കാനുള്ള ഭരണഘടനാപരമായ ബാധ്യത നിര്‍വഹിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം.
ഒരു വിഭാഗത്തിന്റെ യുക്തിരഹിതമായ ഇടുങ്ങിയ ചിന്തകള്‍ വിദ്യാര്‍ഥികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന പ്രക്രിയയല്ല വിദ്യാഭ്യാസം. സാഹോദര്യം, ശാസ്ത്രചിന്ത, മതനിരപേക്ഷത തുടങ്ങിയ മൂല്യങ്ങള്‍ക്ക് തടസ്സംനില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനുള്ള അനുമതി സര്‍ക്കാര്‍ നല്‍കാന്‍ പാടില്ലാത്തതാണ്. സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള സ്ഥാപനങ്ങള്‍ മുഴുവനും ഇത്തരത്തിലുള്ളവയാണ്. പ്രാഥമികതലംമുതല്‍ ഉന്നതവിദ്യാഭ്യാസംവരെയുള്ള എല്ലാമേഖലയിലും അവര്‍ക്ക് വളരെയേറെ സ്വാധീനമുണ്ട്. അവയുണ്ടാക്കുന്ന മുറിവുകള്‍ വര്‍ഷങ്ങള്‍കൊണ്ടുപോലും പരിഹരിക്കാനാകാത്ത വേദനയ്ക്ക് കാരണമാകും. സ്വാകാര്യവല്‍ക്കരണനയമാണ് അത്തരം സംഘടനകള്‍ക്ക് കൂടുതലായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് സഹായകമായത്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസമേഖലയിലെ വര്‍ഗീയവല്‍ക്കരണത്തിനെതിരായ സമരമെന്നാല്‍ വിദ്യാഭ്യാസത്തിന്റെ വാണിജ്യവല്‍ക്കരണത്തിനെതിരായ സമരവുമാണ്.
No comments:
Post a Comment