വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Friday, November 23, 2012

പി.ഗോവിന്ദപ്പിള്ള അന്തരിച്ചു

പി.ഗോവിന്ദപ്പിള്ള അന്തരിച്ചു

മാർക്സിസ്റ്റ് സൈദ്ധാന്തികൻ പി.ഗോവിന്ദപ്പിള്ള (പി.ജി) അന്തരിച്ചു. മാർക്സിസ്റ്റ് സൈദ്ധാന്തിക രംഗത്ത്  ഇ.എം.എസിന് തൊട്ടടുത്ത സ്ഥാനമാണ് അദ്ദേഹത്തിനു കല്പിക്കാവുന്നത്. സഞ്ചരിക്കുന്ന വിജ്ഞാന ഭണ്ഡാരമായിരുന്നു പി.ജി. അറിവിന്റെ  ഭാരം സദാ തലയിലേറ്റി നടന്നിരുന്ന അദ്ദേഹം പക്ഷെ യാതൊരു തലക്കനമോ ബുദ്ധിജീവി ജാഡകളോ ഒരിക്കലും  ഒരിക്കലും പ്രകടിപ്പിച്ചിരുന്നില്ല. നിഷ്കളങ്കമായ ചിരിയും സ്നേഹമയമായ  പെരുമാറ്റവും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. സാംസ്കാരിക കേരളത്തിനാകെയും സി.പി.ഐ.എമ്മിനും ഇടതുപക്ഷപ്രസ്ഥാനങ്ങൾക്കും പ്രത്യേകിച്ചും ഒരു വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം.  തന്റെ എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും രാഷ്ട്രീയ പ്രവർത്തനത്തിലൂടെയും  വിശ്വമാനവികതയുടെ മഹത്തായ  സന്ദേശമാണ് പ്രചരിപ്പിച്ചിരുന്നത്. അദ്ദേഹം കേവലം ഒരു ചാരുകസേരബുദ്ധിജീവി മാത്രമായി ഒത്തുങ്ങാൻ ഇഷ്ടപ്പെട്ടിരുന്നില്ല. സംസ്ഥാന നിയമസഭാംഗമായും സി.പി.ഐ.എമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗമായും കേരള ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാനുമൊക്കെയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വായന ഒരു ലഹരിയായി കൊണ്ടു നടന്ന പി.ജി അതിലൂടെ താൻ നേടുന്ന അറിവുകൾ എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും ജനസമക്ഷം പങ്കുവച്ചുകൊണ്ടിരുന്നു. നിരവധി അമൂല്യമായ ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചു. ബുദ്ധിജിവികളുടെയും രാഷ്ട്രീയ നേതാക്കളുടെയും സാധാരണക്കാരുടെയും   റഫറൻസ് ഗ്രന്ഥങ്ങളാണ് പി.ജിയുടെ പുസ്തകങ്ങൾ. അദ്ദേഹത്തിന്റെ ഓരോ ലേഖനങ്ങളും പ്രഭാഷണങ്ങളും ക്ലാസ്സുകളും മാത്രമല്ല അദ്ദേഹത്തിന്റെ കൂടെ ചെലവഴിക്കുന്ന ഏതു സന്ദർഭവും     ഓരോ “സർവ്വകലാശാലകൾ“  തന്നെയായിരുന്നു. എഴുത്തിൽ പുസ്തകങ്ങളുടെ എണ്ണപ്പെരുപ്പം  അദ്ദേഹം സൃഷ്ടിച്ചിരുന്നില്ല. എന്നാൽ അദ്ദേഹം  എഴുതിയ പുസ്തകങ്ങൾ ഓരോന്നും എക്കാലത്തും  വിലമതിക്കാനാകാത്ത ബൌദ്ധിക സ്വത്തുക്കളായിരിക്കും. പി.ജിയ്ക്ക് പകരം പി.ജി മാത്രം. സഖാവ് പി.ജിയുടെ അഭാവം നമ്മുടെ സാംസ്കാരിക ലോകത്തിന്  വലിയൊരു നഷ്ടം തന്നെയായിരിക്കും. സാംസ്കാരിക കേരളത്തിന്റെ അഭിമാനമായ മാർക്സിസ്റ്റ് ആചാര്യന്, ആ മഹാ പണ്ഡിതന്, ആ സാംസ്കാരിക പ്രതിഭയ്ക്ക് എന്റെയും   ആദരാഞ്‌ജലികൾ
ദേശാഭിമാനി വാർത്ത ചുവടെ


പി.ഗോവിന്ദപ്പിള്ള അന്തരിച്ചു
Posted on: 22-Nov-2012 11:23 PM
തിരു: മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനും ദേശാഭിമാനിയുടെ മുന്‍ മുഖ്യപത്രാധിപരുമായിരുന്ന പി ഗോവിന്ദപിള്ള (86) അന്തരിച്ചു. ആറുപതിറ്റാണ്ടിലധികം കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന പി ജി വ്യാഴാഴ്ച രാത്രി പതിനൊന്നോടെ തിരുവന്തപുരം കിംസ് ആശുപത്രിയിലാണ് അന്തരിച്ചത്. നവംബര്‍ 14 നാണു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഫിലോസഫി പ്രൊഫസറായിരുന്ന എം ജെ രാജമ്മയാണ് ഭാര്യ. മക്കള്‍: എം ജി രാധാകൃഷ്ണന്‍ (സ്പെഷ്യല്‍ കറസ്പോണ്ടന്റ്, ഇന്ത്യാ ടുഡേ), ആര്‍ പാര്‍വതി ദേവി (മാധ്യമപ്രവര്‍ത്തക). മരുമക്കള്‍: എ ജയശ്രീ (സൈന്റിസ്റ്റ്, എല്‍പിഎസ്സി, ഐഎസ്ആര്‍ഒ, തിരുവനന്തപുരം), വി ശിവന്‍കുട്ടി എംഎല്‍എ.

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് പുല്ലുവഴി കാപ്പിള്ളി കുടുംബത്തില്‍ 1926 മാര്‍ച്ച് 25നാണ് പി ജി ജനിച്ചത്. അഛന്‍ എം എന്‍ പരമേശ്വരന്‍പിള്ള. അമ്മ: കെ പാറുക്കുട്ടി. ഉയര്‍ന്ന മാര്‍ക്കോടെ ഇന്റര്‍മീഡിയറ്റ് പാസായ അദ്ദേഹം യൂണിയന്‍ ക്രിസ്ത്യന്‍ കോളേജ്, ആലുവ യുസി കോളേജ്, മുംബൈ സെന്റ് സേവിയേഴ്സ് കോളേജ് എന്നിവിടങ്ങളിലായി ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇക്കണോമിക്സില്‍ ബിരുദം നേടി. 1946ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായി. 1953ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗമായ അദ്ദേഹം സമിതിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. 25ാം വയസില്‍ പെരുമ്പാവൂരില്‍നിന്ന് തിരുകൊച്ചി നിയമസഭയിലേക്കും 57ലും 67ലും കേരള നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1965ല്‍ തടവില്‍ കഴിയുമ്പോള്‍ മത്സരിച്ചു ജയിച്ചെങ്കിലും നിയമസഭാ ചേര്‍ന്നില്ല. 1998ല്‍ മുകുന്ദപുരം ലോകസഭാ മണ്ഡലത്തില്‍ മത്സരിച്ചു.

പാര്‍ടി പിളര്‍പ്പിനുശേഷം സിപിഐ എമ്മില്‍ ഉറച്ചുനിന്ന പിജി 1964 മുതല്‍ 83 വരെ ദേശാഭിമാനി ദിനപത്രത്തിന്റേയും വാരികയുടേയും മുഖ്യ പത്രാധിപരായിരുന്നു. പ്രസ് അക്കാദമി ചെയര്‍മാന്‍, ജേര്‍ണല്‍ ഓഫ് ആര്‍ട് ആന്റ് ഐഡിയാസ് ത്രൈമാസികയുടെ പത്രാധിപസമിതി അംഗം. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍, സി ഡിറ്റിന്റെ സ്ഥാപക ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള കാലിക്കറ്റ് സര്‍വകലാശാലകളുടെ ഭരണ സമിതിയിലും ബോര്‍ഡ് ഓഫ് സ്റ്റഡീസിലും ഫാക്കല്‍റ്റികളിലും അംഗമായിരുന്നു.

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. വീര ചരിതയായ വിയറ്റ്നാം, ഇസങ്ങള്‍ക്കിപ്പുറം, വിപ്ലവപ്രതിഭ, മാര്‍ക്സും മൂലധനവും, സ്വാതന്ത്ര്യത്തിന്റെ സാര്‍വദേശീയത, സാഹിത്യം അധോഗതിയും പുരോഗതിയും, ചരിത്രശാസ്ത്രം പുതിയ മാനങ്ങള്‍, മഹാഭാരതം മുതല്‍ മാര്‍ക്സിസം വരെ, കേരള നവോത്ഥാനം ഒരു മാര്‍ക്സിസ്റ്റ് വീക്ഷണം, ആഗോളവല്‍ക്കരണം സംസ്കാരം മാധ്യമം, ഇ എം എസും മലയാള സാഹിത്യവും എന്നിവയാണ് പ്രധാന കൃതികള്‍. നിരവധി കൃതികള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ അദ്ദേഹം ഇ എം എസ് സമ്പൂര്‍ണ കൃതികളുടെ എഡിറ്റാണ്. കേരള സാഹിത്യ അക്കാദമി പുരസ്കാരം, സ്വദേശാഭിമാനി പുരസ്കാരം, ശങ്കരനാരായണന്‍തമ്പി പുരസ്കാരം, പ്രസ് അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

മലയാള മനോരമ വാർത്ത ചുവടെ

പി.ഗോവിന്ദപ്പിള്ള അന്തരിച്ചു

തിരുവനന്തപുരം. പ്രമുഖ മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍ പി.ഗോവിന്ദപ്പിള്ള(86) അന്തരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ച് ദിവസങ്ങളായി വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.

പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ 1926 മാര്‍ച്ച് 25നു ജനിച്ച പി.ഗോവിന്ദപ്പിള്ള  ആലുവ യുസി കോളജില്‍ പഠിക്കുമ്പോള്‍ പി. കൃഷ്ണപിള്ളയുടെ സ്വാധീനവലയത്തില്‍പ്പെട്ടു കമ്യൂണിസ്റ്റുകാരനായി. വിദ്യാഭ്യാസകാലത്തു ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ടു നാലുതവണ ജയില്‍വാസം അനുഭവിച്ചു. ജയില്‍വാസക്കാലം ഹിന്ദി, തമിഴ്, കന്നട ഭാഷകള്‍ പഠിക്കാന്‍ വിനിയോഗിച്ചു. എതല്‍ ലിലിയന്‍ വോയ്നിച്ചിന്റെ 'കാട്ടുകടന്നല്‍ പരിഭാഷപ്പെടുത്തിയതു ജയില്‍വാസത്തിനിടയ്ക്കാണ്. 1951ല്‍ ഇരുപത്താറാം വയസില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി തിരുകൊച്ചി നിയമസഭയിലേക്കു ജയിച്ചു. 1953 മുതല്‍ സിപിഐ സംസ്ഥാന കമ്മിറ്റി അംഗം. പാര്‍ട്ടിയിലെ പിളര്‍പ്പിനുശേഷം സിപിഎം സംസ്ഥാന കമ്മിറ്റിയില്‍.

സംസ്ഥാന രൂപീകരണത്തിനുശേഷം 1957ല്‍ നടന്ന ആദ്യതിരഞ്ഞെടുപ്പില്‍ത്തന്നെ പെരുമ്പാവൂരില്‍നിന്ന് നിയമസഭയിലേക്കു വിജയിച്ചു. 1960ല്‍ മല്‍സരിച്ചു തോറ്റു. 1964ലും 67ലും പെരുമ്പാവൂരിനെ നിയമസഭയില്‍ പ്രതിനിധീകരിച്ചു.

ന്യൂ ഏജ് പത്രാധിപസമിതി അംഗം, ദേശാഭിമാനി മുഖ്യപത്രാധിപര്‍, കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു.

'മാര്‍ക്സിസ്റ്റ് സൌന്ദര്യശാസ്ത്രം; ഉദ്ഭവവും വളര്‍ച്ചയും എന്ന പഠനഗ്രന്ഥത്തിന് 1988ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ഇ എം എസിന്റെ സമ്പൂര്‍ണ കൃതികളുടെ നൂറു വാല്യങ്ങളുള്ള സമാഹാരം പ്രസിദ്ധപ്പെടുത്തിയതിന്റെ ജനറല്‍ എഡിറ്ററായി പ്രവര്‍ത്തിച്ചു.

എം. എന്‍. ഗോവിന്ദന്‍നായരുടെ അനന്തരവളും റിട്ട. ഫിലോസഫി പ്രഫസറുമായ രാജമ്മയാണു ഭാര്യ. മക്കളായ എം.ജി. രാധാകൃഷ്ണനും പാര്‍വതിയും പത്രപ്രവര്‍ത്തനരംഗത്തു സജീവം. സിപിഎം. നേതാവും തിരുവനന്തപുരം മുന്‍ മേയറുമായ വി. ശിവന്‍കുട്ടി മരുമകന്‍.

വിവിധ വിഷയങ്ങളിലായി ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ച ഇദ്ദേഹം മികച്ച വായനക്കാരനും വിവിധ വിഷയങ്ങളില്‍ പണ്ഡിതനുമായിരുന്നു. 30,000 പുസ്തകങ്ങളുള്ള സ്വകാര്യ ലൈബ്രറി സ്വന്തമായിരുന്നു. കൈരളി ടെലിവിഷനില്‍ അവതരിപ്പിച്ച 'വിദേശം പരിപാടി വിജ്ഞാനത്തിലും വീക്ഷണത്തിലുമുള്ള പുതുമകൊണ്ട് വലിയ ശ്രദ്ധ പിടിച്ചുപറ്റി.
കമ്യൂണിസ്റ്റ് സൈദ്ധാന്തികനും ആശയ പ്രചാരകനുമായിരിക്കുമ്പോഴും പാര്‍ട്ടിനയങ്ങളുമായി പൊരുത്തപ്പെടുത്താന്‍ പി.ഗോവിന്ദപ്പിള്ളയ്ക്കു പലപ്പോഴും കഴിയാതെ വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ മൂര്‍ച്ചയുള്ള ആ നാവും തൂലികയും പലതവണ പാര്‍ട്ടി ശാസനയും നടപടിയും ഏറ്റുവാങ്ങി.

സൈലന്റ് വാലി വിവാദത്തില്‍ സിപിഎം നയത്തിനു വിരുദ്ധമായി ശാസ്ത്ര സാഹിത്യ പരിഷത്തിനോടൊപ്പം നിന്നു പദ്ധതിയെ എതിര്‍ത്ത പിജി, പാര്‍ട്ടിയുടെ അപ്രീതിക്കു പാത്രമായെങ്കിലും നിക്ഷ്പക്ഷമതികളുടെ പ്രശംസ നേടി.

അടിയന്തരാവസ്ഥക്കാലത്തു നക്സലൈറ്റ് നേതാവായ കെ. വേണുവിനെ വീട്ടില്‍ ഒളിവില്‍ പാര്‍പ്പിച്ചു എന്ന കുറ്റത്തിനും പാര്‍ട്ടി വിമര്‍ശനം ഏറ്റുവാങ്ങി. അടിയന്തരാവസ്ഥയില്‍ ജയില്‍വാസത്തില്‍നിന്നു രക്ഷപ്പെടാന്‍ പിജി തന്ത്രം മെനഞ്ഞതായും പാര്‍ട്ടി കുറ്റപ്പെടുത്തുകയുണ്ടായി. കര്‍ണാടകയില്‍ നാടന്‍പാട്ടു ഗവേഷണത്തിന് അദ്ദേഹം പോയതിനെപ്പറ്റിയായിരുന്നു ആരോപണം. അതേച്ചൊല്ലിയുണ്ടായ വിവാദത്തില്‍ സംസ്ഥാന കമ്മിറ്റി അംഗത്വം നഷ്ടപ്പെട്ടു.

ചൈനയിലെ ടിയനന്‍മെന്‍ സ്ക്വയറില്‍ സ്വാതന്ത്യ്രദാഹികളായ യുവജനങ്ങളെ ഡെങ് സിയാവോ പിങ്ങിന്റെ സൈന്യം കൂട്ടക്കൊല ചെയ്തപ്പോള്‍ അതിനെതിരെ തൂലിക ചലിപ്പിക്കാന്‍ ഇദ്ദേഹം ധൈര്യംകാട്ടി. അതിനും പാര്‍ട്ടിയുടെ ശാസന നേരിടേണ്ടി വന്നു.
മന്നത്തു പത്മനാഭനെ വര്‍ഗീയവാദിയെന്നു വിശേഷിപ്പിച്ചതും വന്‍ ഒച്ചപ്പാടു സൃഷ്ടിച്ചിരുന്നു. 1999ല്‍  ദേശാഭിമാനിയുടെ ഞായറാഴ്ച പതിപ്പിലായിരുന്നു വിവാദ ലേഖനം വന്നത്. സംസ്ഥാനമെമ്പാടും പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നു പാര്‍ട്ടിയും ദേശാഭിമാനിയും വിവാദ പരാമര്‍ശം തങ്ങളുടെ അഭിപായമല്ലെന്നു പിജിയെ തള്ളിപ്പറഞ്ഞു. ഭാഷാപോഷിണിയില്‍ വന്ന അഭിമുഖത്തിലെ ഇ എം എസിനെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ പിജിയെ സംസ്ഥാന കമ്മിറ്റിയില്‍നിന്നു പുറത്താക്കിയിരുന്നു. ഈ പ്രശ്നത്തില്‍ ഇഎംഎസ് സമ്പൂര്‍ണകൃതികളുടെ എഡിറ്റര്‍ സ്ഥാനത്തുനിന്നും നീക്കിയിരുന്നു.

കേരള കൌമുദി വാർത്ത ചുവടെ 

പി.ഗോവിന്ദപ്പിള്ള അന്തരിച്ചു

തിരുവനന്തപുരം: മാർക്‌സിസ്റ്റ് സൈദ്ധാന്തികൻ പി. ഗോവിന്ദപ്പിള്ള(86) അന്തരിച്ചു. കുറച്ചുദിവസമായി വാർദ്ധക്യ സഹജമായ അസുഖം നിമിത്തം ചികിത്‌സയിലായിരുന്നു. ആറുപതിറ്റാണ്ടിലധികം കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന പി.ഗോവിന്ദപ്പിള്ള(പി ജി)​ വ്യാഴാഴ്ച രാത്രി പതിനൊന്നേ കാലോടെ തിരുവന്തപുരം കിംസ് ആശുപത്രിയിലാണ് അന്തരിച്ചത്.

പി.ജിയുടെ ഭൗതിക ശരീരം വെള്ളിയാഴ്ച രാവിലെ 11 മുതൽ 12 മണിവരെ എ.കെ.ജി സെന്രറിലും 12 മണി മുതൽ വി.ജെ.ടി ഹാളിലും പൊതു ദർശനത്തിനുവയ്ക്കും. വൈകിട്ട് നാല് മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ സംസ്കാരിക്കും.

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് പുല്ലുവഴി കാപ്പിള്ളി കുടുംബത്തില്‍ 1926 മാര്‍ച്ച് 25നാണ് പി ജി ജനിച്ചത്. അഛന്‍ എം എന്‍ പരമേശ്വരന്‍പിള്ള. അമ്മ: കെ പാറുക്കുട്ടി. യൂണിയന്‍ ക്രിസ്ത്യന്‍ കോളേജ്, ആലുവ യുസി കോളേജ്, മുംബൈ സെന്റ് സേവിയേഴ്സ് കോളേജ് എന്നിവിടങ്ങളിലായി ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.  1946ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. 1953ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമായ അദ്ദേഹം സമിതിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. 25ാം വയസില്‍ പെരുമ്പാവൂരില്‍നിന്ന് തിരുകൊച്ചി നിയമസഭയിലേക്കും 1957ലും 1967ലും കേരള നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.   പാര്‍ട്ടി പിളര്‍പ്പിനുശേഷം സിപിഐ എമ്മില്‍ ഉറച്ചുനിന്ന പിജി 1964 മുതല്‍ 83 വരെ ദേശാഭിമാനി ദിനപത്രത്തിന്റേയും വാരികയുടേയും മുഖ്യ പത്രാധിപരായിരുന്നു.

വീര ചരിതയായ വിയറ്റ്നാം, ഇസങ്ങള്‍ക്കിപ്പുറം, വിപ്ലവപ്രതിഭ, മാര്‍ക്സും മൂലധനവും, സ്വാതന്ത്ര്യത്തിന്റെ സാര്‍വദേശീയത, സാഹിത്യം അധോഗതിയും പുരോഗതിയും, ചരിത്രശാസ്ത്രം പുതിയ മാനങ്ങള്‍, മഹാഭാരതം മുതല്‍ മാര്‍ക്സിസം വരെ, കേരള നവോത്ഥാനം ഒരു മാര്‍ക്സിസ്റ്റ് വീക്ഷണം, ആഗോളവല്‍ക്കരണം സംസ്കാരം മാധ്യമം, ഇ എം എസും മലയാള സാഹിത്യവും എന്നിവയാണ് പി.ജിയുടെ പ്രധാന കൃതികള്‍.

കേരള സാഹിത്യ അക്കാദമി പുരസ്കാരം, സ്വദേശാഭിമാനി പുരസ്കാരം, ശങ്കരനാരായണന്‍തമ്പി പുരസ്കാരം, പ്രസ് അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഫിലോസഫി പ്രൊഫസറായിരുന്ന എം ജെ രാജമ്മയാണ് ഭാര്യ. മക്കള്‍: എം ജി രാധാകൃഷ്ണന്‍ (സ്പെഷ്യല്‍ കറസ്പോണ്ടന്റ്, ഇന്ത്യാ ടുഡേ), ആര്‍ പാര്‍വതി ദേവി (മാധ്യമപ്രവര്‍ത്തക). മരുമക്കള്‍: എ ജയശ്രീ (സൈന്റിസ്റ്റ്, എല്‍പിഎസ്സി, ഐഎസ്ആര്‍ഒ, തിരുവനന്തപുരം), വി ശിവന്‍കുട്ടി എംഎല്‍എ.
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്