വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Wednesday, July 31, 2013

സ്വയംഭരണ കോളേജും കേരളസമൂഹവും

സ്വയംഭരണ കോളേജും കേരളസമൂഹവും

വി കാര്‍ത്തികേയന്‍നായര്‍

ദേശാഭിമാനി :30-Jul-2013 11:53 PM

കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് നിരവധി പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്. അതില്‍ ഒടുവിലത്തേതാണ് സ്വയംഭരണകോളേജുകള്‍. നിലവിലുള്ള കോളേജുകളില്‍ ചിലതിനെ സ്വയംഭരണകോളേജുകളായി മാറ്റുന്നതിന്റെ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന സര്‍ക്കാര്‍ ഉത്തരവ് പ്രസിദ്ധീകരിച്ചുകഴിഞ്ഞു. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ തുടങ്ങി പ്രൊഫഷണല്‍ കോളേജുകളിലേക്കും സര്‍ക്കാര്‍ കോളേജുകളില്‍ തുടങ്ങി സഹായിത (എയ്ഡഡ്) കോളേജുകളിലേക്കും സ്വാശ്രയകോളേജുകളിലേക്കും വ്യാപിക്കുന്നതായിരിക്കും ഈ സമ്പ്രദായമെന്ന് അനുമാനിക്കാന്‍ കഴിയും.

പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും തയ്യാറാക്കുന്നവര്‍തന്നെ അത് പഠിപ്പിക്കുകയും പഠിപ്പിക്കുന്നവര്‍തന്നെ പരീക്ഷ നടത്തുകയും മൂല്യനിര്‍ണയം നടത്തുകയും അവര്‍ ശുപാര്‍ശചെയ്യുന്നവര്‍ക്ക് സര്‍വകലാശാലാബിരുദം നല്‍കുകയും ചെയ്യുന്ന സമ്പ്രദായം പ്രത്യക്ഷത്തില്‍ ജനാധിപത്യപരമായി തോന്നാം. അതിനൊരു മറുവശമുണ്ട്. പാഠ്യപദ്ധതി തയ്യാറാക്കുന്നവരുടെ അറിവിന്റെ പരിധിയായിരിക്കും പഠിതാവിന്റെ നിലവാരത്തിന്റെ അതിര്‍ത്തി നിര്‍ണയിക്കുന്നത്. അതിരുകളില്ലാത്ത അറിവിന്റെ ലോകത്തേക്കുപോകാന്‍ പഠിതാവിന് വിലക്കുകളുണ്ടാവും. അത്തരത്തില്‍ അറിവന്വേഷിക്കുന്നവര്‍ അഹങ്കാരികളായും നിഷേധികളായും വിധിക്കപ്പെട്ട് ക്രൂശിക്കപ്പെട്ടേക്കാം. അതെന്തായാലും സ്വയംഭരണകോളേജുകള്‍ കേരളത്തിന്റെ ജനാധിപത്യബോധത്തിന് പരിധിയേര്‍പ്പെടുത്തുന്നവയാകും എന്ന കാര്യത്തില്‍ സംശയംവേണ്ട. ഇന്ത്യയിലും കേരളത്തിലും കോളനി ഭരണത്തിന്റെ ആശീര്‍വാദത്തോടെ നടപ്പാക്കിയ പാശ്ചാത്യവിദ്യാഭ്യാസം മാനസികമായ അടിമത്തം ഉല്‍പ്പാദിപ്പിച്ചതോടൊപ്പം സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ ഉജ്വലനായകന്മാരെയും സൃഷ്ടിച്ചു. റാംമോഹന്‍റോയി മുതല്‍ ജവാഹര്‍ലാല്‍നെഹ്റുവരെയുള്ളവര്‍ അതിന്റെ സന്തതികളാണ്. വിവേചനത്തിനും അനീതിക്കും അടിച്ചമര്‍ത്തലിനും ചൂഷണത്തിനും എതിരായ മൂല്യബോധമാണ് പാശ്ചാത്യവിദ്യാഭ്യാസം ഇവരില്‍ ഉല്‍പ്പാദിപ്പിച്ചത്. കേരളത്തിലെ സാമൂഹ്യപരിഷ്കരണപ്രസ്ഥാനങ്ങളും ഇതിന് സമാന്തരമായി ഇതേ മൂല്യങ്ങള്‍തന്നെയാണ് ഉല്‍പ്പാദിപ്പിച്ചത്. വിമര്‍ശനചിന്ത, അന്വേഷണബുദ്ധി, യുക്തിബോധം, സമത്വബോധം, ജനാധിപത്യവീക്ഷണം എന്നീ മനോഭാവങ്ങളിലൂടെയാണ് അവ പ്രകടിതമായത്. അതുകൊണ്ടാണ് ഭരണഘടനയുടെ ആമുഖത്തില്‍ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി, മതനിരപേക്ഷത, സോഷ്യലിസം എന്നീ തത്വങ്ങള്‍ ഉള്‍പ്പെടുത്തി നാം അംഗീകരിച്ചത്.

സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള നാലുപതിറ്റാണ്ടുകാലത്ത് കേരളത്തില്‍ വിദ്യാലയങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായി. സ്കൂള്‍ വിദ്യാഭ്യാസമേഖലയില്‍ പതിനായിരങ്ങളില്‍നിന്ന് ലക്ഷങ്ങളിലേക്കും ഉന്നതവിദ്യാഭ്യാസമേഖലയില്‍ ആയിരങ്ങളില്‍നിന്ന് പതിനായിരങ്ങളിലേക്കും വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചു. വിദ്യാലയങ്ങളിലും കലാലയങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് ജനാധിപത്യവേദികള്‍ നിയമപരമായി അംഗീകരിക്കപ്പെട്ടു. അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ജനാധിപത്യപരമായി സംഘടനകളുണ്ടാക്കാനും അനുവാദം കിട്ടി. ഇതെല്ലാം സാധ്യമായത് സമൂഹം പൊതുവില്‍ ജനാധിപത്യവല്‍ക്കരിക്കപ്പെട്ടതുകൊണ്ടാണ്. ജനാധിപത്യവല്‍ക്കരണം ഉല്‍പ്പാദിപ്പിച്ച രാഷ്ട്രീയബോധമാണ് ഭരണ-പ്രതിപക്ഷമുന്നണികളിലെ രാഷ്ട്രീയപാര്‍ടികളെ നയിക്കുന്നത്. ചുരുക്കത്തില്‍ കേരളത്തിലെ വിദ്യാഭ്യാസമാണ് ജനാധിപത്യബോധത്തെയും രാഷ്ട്രീയധാരണകളെയും സൃഷ്ടിച്ചത്. ഈ ജനാധിപത്യബോധത്തിന് അപചയമുണ്ടാകുന്നത് രണ്ടുപതിറ്റാണ്ടുകള്‍ക്കുമുമ്പുമുതലാണ്. എന്തെന്നാല്‍ അന്നുമുതലാണ് കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് സ്വാശ്രയസ്ഥാപനങ്ങള്‍ ആരംഭിക്കുന്നത്. സ്കൂള്‍ വിദ്യാഭ്യാസരംഗത്ത് അതിനുമുമ്പുതന്നെ സ്വാശ്രയ സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അത് വ്യാപകമാകുന്നതും പ്രൊഫഷണല്‍ മേഖലയിലും ആര്‍ട്സ് ആന്‍ഡ് സയന്‍സ് മേഖലയിലും സ്വാശ്രയസ്ഥാപനങ്ങള്‍ ആരംഭിക്കുന്നത് 1991മുതലാണ്. പ്രൊഫഷണല്‍രംഗത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതിന്റെ പത്തിരട്ടിയാണ് സ്വാശ്രയം. ആര്‍ട്സ് ആന്‍ഡ് സയന്‍സ് മേഖലയില്‍ സര്‍ക്കാര്‍ കോളേജുകള്‍ നാല്‍പതും സഹായിത (എയ്ഡഡ്) കോളേജുകള്‍ 152ഉം സ്വാശ്രയം 181ഉം ആണ്. ഈ കോളേജുകളിലെല്ലാം പഠിക്കുന്നത് കേരളീയരുടെ മക്കള്‍തന്നെയാണ്. എന്നാല്‍, കോളേജുകളിലെ അന്തരീക്ഷത്തില്‍ മൗലികമായ അന്തരമുണ്ട്.

സ്വാശ്രയകോളേജുകളില്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും ജനാധിപത്യാവകാശങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. ജനാധിപത്യത്തിന് വിലക്കേര്‍പ്പെടുത്തിയ അടിയന്തരാവസ്ഥക്കാലത്തെ സാഹചര്യമാണ് കോളേജുകളിലുള്ളത്. മേല്‍പറഞ്ഞ മൂന്നുകൂട്ടര്‍ക്കും മാനേജ്മെന്റിനെ ഭയമാണ്. വിദ്യാര്‍ഥികളുടെ ഭാവി പരീക്ഷയെയും ബിരുദത്തെയും ആശ്രയിച്ചാണിരിക്കുന്നത് എന്നതിനാല്‍ അവര്‍ ജനാധിപത്യബോധത്തെ സ്വമനസ്സുകളില്‍തന്നെ അലസിപ്പിക്കുന്നു. അധ്യാപകരും ജീവനക്കാരും പിരിച്ചുവിടല്‍ ഭീഷണിയെന്ന വജ്രായുധത്തിനുമുമ്പില്‍ സംഘടനാബോധത്തെയും സമരബോധത്തെയും അലസിപ്പിക്കുന്നു. ചുരുക്കത്തില്‍ ഈ ജനാധിപത്യശൂന്യത രാഷ്ട്രീയ നപുംസകങ്ങളെയാണ് സൃഷ്ടിക്കുന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള നാലുപതിറ്റാണ്ടുകാലംകൊണ്ട് മുഴുവന്‍ കേരളീയരുടെയും മനസ്സില്‍ ഊട്ടിയുറപ്പിച്ച അടിച്ചമര്‍ത്തലിനും ചൂഷണത്തിനുമെതിരായ മൂല്യബോധം കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകാലംകൊണ്ട് ഹോമിക്കപ്പെട്ടു. ഇക്കാലയളവില്‍ ബിരുദധാരികളായി പുറത്തുവന്ന യുവ ജനതയില്‍ ചെറിയ വിഭാഗം കേരളത്തില്‍തന്നെ ടെക്നോപാര്‍ക്കുപോലുള്ള തൊഴില്‍ശാലകളില്‍ സാമാന്യം മെച്ചപ്പെട്ട ശമ്പളത്തിലും എന്നാല്‍, അങ്ങേയറ്റം ചൂഷണാത്മകമായ സാഹചര്യത്തിലും പണിയെടുക്കുന്നുണ്ട്. ഇത്തരം സാഹചര്യത്തില്‍ പണിയെടുക്കേണ്ടിവന്ന നേഴ്സുമാരുടെ സമരം ആനുഷംഗിക പരാമര്‍ശമര്‍ഹിക്കുന്നുണ്ടെങ്കിലും വിസ്തരിക്കുന്നില്ല. ടെക്നോപാര്‍ക്കുകളില്‍ ജോലിചെയ്യുന്ന യുവജനത അമിതാധ്വാനം ചെയ്യേണ്ടിവന്നിട്ടും പ്രതിഷേധിക്കുന്നില്ല. എന്തെന്നാല്‍ പ്രതിഷേധം എന്നത് അവരുടെ ബോധത്തിലില്ല. കൗമാരപ്രായത്തില്‍തന്നെ അവരുടെ ജനാധിപത്യബോധത്തെ അലസിപ്പിച്ചു. അവിടെ നിര്‍ബാധം നടക്കുന്നത് ചൂഷണമാണ്. ഈ ബിരുദധാരികള്‍ പഠിച്ചതും ബിരുദമെടുത്തതും സര്‍വകലാശാലകള്‍ നിശ്ചയിച്ച പാഠ്യപദ്ധതിയനുസരിച്ചാണ്. പക്ഷേ, ആ പാഠ്യപദ്ധതി വിനിമയംചെയ്ത സാഹചര്യമാണ് ജനാധിപത്യബോധമില്ലാത്ത ബിരുദധാരികളെ ഉല്‍പ്പാദിപ്പിച്ചതും ചൂഷണത്തിനെതിരെ പൊരുതാന്‍ കരുത്തില്ലാത്തവരാക്കിയതും. അതായത് സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സമരരഹിതവും രാഷ്ട്രീയമുക്തവുമായ ഒരു കേരളത്തിന്റെ നിര്‍മിതിക്ക് സഹായകരമാണെന്ന് പദ്ധതി ആസൂത്രണംചെയ്തവര്‍ക്ക് ബോധ്യമായി. അതിനാല്‍ അത് സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലേക്കും വ്യാപിപ്പിക്കാനുള്ള മാര്‍ഗമാണ് സ്വയംഭരണകോളേജുകള്‍. സ്വാശ്രയകോളേജുകള്‍ ഉല്‍പ്പാദിപ്പിച്ചത് ജനാധിപത്യബോധമില്ലാത്ത ഒരു സമൂഹത്തെയാണെങ്കില്‍ സ്വയംഭരണകോളേജുകള്‍ ഉല്‍പ്പാദിപ്പിക്കുന്നത് വിജ്ഞാനവിരുദ്ധതയും യുക്തിരാഹിത്യവും ജാതി-മതാന്ധതയും വര്‍ഗീയതയും ബോധമണ്ഡലത്തെ ഭരിക്കുന്ന യുവതലമുറയെയായിരിക്കും. സ്വയംഭരണകോളേജുകളിലെ പഠനവകുപ്പുകളിലെ അധ്യാപകരാണ് പാഠ്യപദ്ധതി തയ്യാറാക്കുന്നത്. ശരാശരി പത്തില്‍താഴെ അധ്യാപകരായിരിക്കും ഓരോ വകുപ്പിലും ഉണ്ടാവുക. അവരുടെ വിജ്ഞാനമാണ് പാഠ്യപദ്ധതിയായി പുറത്തുവരുന്നത്. ഇതുവരെ അവര്‍ക്കറിയാത്ത പാഠഭാഗങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉണ്ടായിരുന്നാല്‍ ആത്മാര്‍ഥയുള്ളവര്‍ അതൊക്കെ തേടിപ്പിടിച്ച് വായിച്ച് പഠിപ്പിക്കുമായിരുന്നു. സര്‍വകലാശാലകള്‍ തയ്യാറാക്കുന്ന പാഠ്യപദ്ധതിക്ക് അധ്യാപകരുടെ പരിമിതി അവരെ ബോധ്യപ്പെടുത്താന്‍ കഴിയുമായിരുന്നു. അത് പഠിതാവിന് ഗുണകരമായിരുന്നു. എന്നാലിപ്പോള്‍ അതില്ലാതാവുന്നു. സാമൂഹികശാസ്ത്ര-ഭാഷാവിഷയങ്ങളിലൂടെ ജാതി-മതാന്ധതയും വര്‍ഗീയതയും കടന്നുവരാന്‍ സാധ്യത കൂടുതലാണ്. പത്താംക്ലാസിലെ സാമൂഹികശാസ്ത്രം പാഠപുസ്തകത്തിലെ ചില ഭാഗങ്ങള്‍ ജാതി-മതസംഘടനകളുടെ നിര്‍ബന്ധത്തിനു വഴങ്ങി നീക്കം ചെയ്തിട്ട് അധികകാലമായില്ല. അത്തരം സംഘടനകള്‍ നടത്തുന്ന കോളേജുകള്‍ക്ക് സ്വയംഭരണപദവി കിട്ടിയാല്‍ പഠനവകുപ്പുകളിലെ അധ്യാപകര്‍ ആരുടെ നിര്‍ദേശപ്രകാരമായിരിക്കും പാഠ്യപദ്ധതി തയ്യാറാക്കുക? ആ നിര്‍ദേശങ്ങളെ അവഗണിക്കാന്‍ അധ്യാപകന് ആര്‍ജവമുണ്ടാകുമോ?

ചില മതാന്ധര്‍ക്ക് ഹിതകരമല്ലാത്ത ചോദ്യങ്ങളുണ്ടാക്കിയ അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റി എഴുതാനുള്ള ശേഷി ഇല്ലാതാക്കിയപ്പോള്‍ മാനേജ്മെന്റ് അയാളെ ജോലിയില്‍നിന്ന് പിരിച്ചുവിട്ട് ജീവിക്കാനുള്ള അവസരംതന്നെ നിഷേധിക്കുകയായിരുന്നു. ആ അനുഭവം മുന്നിലുള്ളപ്പോള്‍ എത്ര അധ്യാപകര്‍ ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന സിദ്ധാന്തങ്ങളെ പരിപോഷിപ്പിക്കുന്ന പാഠ്യപദ്ധതിയുണ്ടാക്കാന്‍ ധൈര്യപ്പെടും. ഏതെങ്കിലും സര്‍ക്കാര്‍ കോളേജിലെ ഒരു പഠനവകുപ്പ് തയ്യാറാക്കുന്ന ഇസ്ലാമികചരിത്രത്തിലെയോ ഹൈന്ദവചരിത്രത്തിലെയോ ക്രൈസ്തവചരിത്രത്തിലെയോ ജ്യോതിഷത്തിലെയോ ചില പാഠ ഭാഗങ്ങള്‍ ഭരണഘടനയിലെ ആമുഖത്തില്‍ പറയുന്ന തത്വങ്ങള്‍ക്ക് വിരുദ്ധമായാല്‍പോലും അതിനെ ചോദ്യംചെയ്യാന്‍ പൊതുസമൂഹത്തിന് കഴിയാതെവരികയും ജാതി-മത സംഘടനകളുടെ സമ്മര്‍ദത്തിനുവഴങ്ങി സര്‍ക്കാരിന് അതിനെ അംഗീകരിക്കേണ്ടതായും വരും.

സര്‍വകലാശാല നിശ്ചയിച്ച വ്യവസ്ഥകളനുസരിച്ച് നടത്തുന്ന പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കും റാങ്കും വാഗ്ദാനംചെയ്ത് പ്രലോഭിപ്പിച്ച് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകനും പ്രലോഭനത്തിന് വഴങ്ങിയ വിദ്യാര്‍ഥിനിയും ഒരു യാഥാര്‍ഥ്യമായിരിക്കെ സ്വയംഭരണകോളേജുകളിലെ അധ്യാപക-വിദ്യാര്‍ഥിബന്ധവും പഠനവും പരീക്ഷയും ഫലപ്രഖ്യാപനവും എങ്ങനെയായിരിക്കുമെന്ന് ഊഹിക്കാന്‍പോലും സാധിക്കില്ല.

സ്വാശ്രയകോളേജുകള്‍ അരാഷ്ട്രീയതയാണ് ഉല്‍പ്പാദിപ്പിച്ചത്. സ്വയംഭരണകോളേജുകള്‍ ജാതി-മതാന്ധതയും വര്‍ഗീയതയും കൂടുതലായി ഉല്‍പ്പാദിപ്പിക്കും. ഇതുരണ്ടുമാണ് ചൂഷകര്‍ക്കാവശ്യം. അവരതില്‍ വിജയിച്ചുവരികയാണ് എന്നതാണ് വാസ്തവം. സമരത്തെ അടിച്ചമര്‍ത്തുകയും പ്രലോഭനങ്ങളിലൂടെ പിന്തിരിപ്പിക്കുകയുംചെയ്യുന്നത് പേരുദോഷമുണ്ടാക്കുമെന്നതിനാല്‍ സമരശേഷിയില്ലാത്തവരെ ഉല്‍പ്പാദിപ്പിക്കുന്നതാണ് അഭികാമ്യം. വാണിജ്യാടിസ്ഥാനത്തില്‍ വന്‍തോതില്‍ പാലുല്‍പ്പാദിപ്പിക്കുന്ന മുതലാളിത്തരാജ്യങ്ങളിലെ ചില ഫാമുകളില്‍ പിറന്നുവീണ് ഏതാനും ദിവസം കഴിയുമ്പോള്‍തന്നെ പശുക്കുട്ടികളുടെ കൊമ്പുവളരുന്ന ഭാഗം തുരന്നെടുത്ത് വീര്യമുള്ള മരുന്നുനല്‍കി മുറിവുണക്കും. കൊമ്പില്ലാതെ വളരുന്ന ഇത്തരം പശുക്കള്‍ കൂട്ടത്തില്‍ മറ്റൊന്നിനെ കുത്തി മുറിവേല്‍പ്പിക്കുകയില്ല. മോഴകളായി ജീവിച്ച് ഉടമസ്ഥന് ധാരാളം പാല്‍ നല്‍കി സായൂജ്യമടയുന്നു. മോഴകളെ ഉല്‍പ്പാദിപ്പിക്കുന്നതാണ് സ്വയംഭരണകോളേജുകളും.

Sunday, July 28, 2013

ഹെപ്പറ്റൈറ്റിസിനെ അറിയുക

ഹെപ്പറ്റൈറ്റിസിനെ അറിയുക

ഡോ. കെ ആര്‍ വി കുമാര്‍

ദേശാഭിമാനി ലേഖനം, 27-Jul-2013 10:43 PM

ജൂലൈ 28; ലോക ഹെപ്പറ്റൈറ്റിസ് ദിനം. വേള്‍ഡ് ഹെപ്പറ്റൈറ്റിസ് അലയന്‍സ് എന്ന സംഘടന 2007 മുതലാണ് ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കാന്‍ തുടങ്ങിയത്. ഹെപ്പറ്റൈറ്റിസ് ബി, സി ഇവയെപ്പറ്റിയുള്ള അവബോധം വളര്‍ത്താനും മുന്‍കരുതലുകള്‍ എടുക്കാനും രോഗനിര്‍ണയം, ചികിത്സ എന്നിവ പ്രോത്സാഹിപ്പിക്കാനുമാണിത്. "ഇതാണ് ഹെപ്പറ്റൈറ്റിസ്. നിങ്ങള്‍ അതിനെ അറിയുക, നേരിടുക", എന്നതാണ് 2013ലെ സന്ദേശം. രോഗബാധയ്ക്കെതിരെ മുന്‍കരുതലുകള്‍ എടുക്കാന്‍ പ്രോത്സാഹിപ്പിക്കുക, ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധ കുത്തിവയ്പിന്റെ സമൂഹത്തിലെ വ്യാപ്തി കൂട്ടുക, ചികിത്സയ്ക്കുള്ള കൂടുതല്‍ അവസരങ്ങള്‍ സര്‍ക്കാര്‍ മേഖലയില്‍ ലഭ്യമാക്കുക എന്നിവയാണ് ദിനാചരണത്തിന്റെ ഉദ്ദേശങ്ങള്‍. ഹെപ്പറ്റൈറ്റിസ് ബിയോ സിയോ ബാധിച്ചിട്ടുണ്ടോ എന്നത് നാം അറിഞ്ഞിരിക്കേണ്ടതാണ്. കാരണം നേരത്തെ അറിഞ്ഞ് ചികിത്സിച്ചാല്‍ സിറോസിസ് (കരള്‍ വീക്കം) എന്ന മഹാവ്യാധിയെയും അതുമൂലമുണ്ടാകാവുന്ന കരളിലെ ക്യാന്‍സറിനെയും ഒരുപരിധിവരെ തടയാനാകും. കരള്‍വീക്കമുള്ള രോഗികളുടെ എണ്ണം ഇന്ന് വര്‍ധിക്കുകയാണ്.

ഇന്ത്യയില്‍ 42.5 ദശലക്ഷം ആളുകള്‍ ഹെപ്പറ്റൈറ്റിസ് ബി ബാധിതരാണ്. ഒരുലക്ഷത്തിലേറെ പേര്‍ ഇന്ത്യയില്‍ ഓരോ വര്‍ഷവും ഹെപ്പറ്റൈറ്റിസ് ബി അണുബാധമൂലം മരിക്കുന്നു. ഓരോ വര്‍ഷവും ജനിക്കുന്ന 25 ദശലക്ഷം കുഞ്ഞുങ്ങളില്‍ ഒരു ദശലക്ഷത്തിലധികം പേര്‍ക്കും ഈ രോഗബാധയുണ്ട്. കേരളത്തില്‍ പലതരം ഹെപ്പറ്റൈറ്റിസ് ബാധിതരായ ഇരുപതുലക്ഷം പേര്‍ ജീവിക്കുന്നുണ്ട്്. ഇതില്‍ എട്ടുലക്ഷത്തോളം പേര്‍ക്ക് കരള്‍മാറ്റ ശസ്ത്രക്രിയ വേണ്ടിവരുന്നതാണ്. ഹെപ്പറ്റൈറ്റിസ് രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ പ്രത്യേക രോഗലക്ഷണമൊന്നുമില്ലാതെ തന്നെ വളരെക്കാലം നിലനില്‍ക്കുകയും പിന്നീട് സിറോസിസ് അഥവാ കരള്‍വീക്കം എന്ന രോഗത്തിന് കാരണമാവുകയുംചെയ്യും. സിറോസിസ് രോഗിക്ക് ക്രമേണ രക്തം ഛര്‍ദിക്കല്‍, വയറ്റില്‍ നീരുവയ്ക്കല്‍, ബോധക്ഷയം, പലതരം അണുബാധ, കരളിലെ ക്യാന്‍സര്‍ എന്നീ പ്രത്യാഘാതങ്ങള്‍ നേരിടുകയും അകാലത്തില്‍ മരണപ്പെടുകയുംചെയ്യുന്നു. കരള്‍വീക്കം അതിന്റെ പൂര്‍ണാവസ്ഥയിലെത്തിയാല്‍ കരള്‍ മാറ്റിവയ്ക്കുന്ന ചികിത്സമാത്രമേ ഫലപ്രദമാവൂ. നിലവിലെ അവസ്ഥയില്‍ ഈ ചികിത്സയ്ക്ക് 25 മുതല്‍ 30 ലക്ഷം രൂപവരെയാണ് ചെലവ്. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിനും അപ്പുറമാണ് ഈ തുക. അനുയോജ്യമായ കരള്‍ ലഭിക്കുക എന്നതും വളരെ പ്രയാസകരമാണ്. അതിനാല്‍ ഹെപ്പറ്റൈറ്റിസ് രോഗനിര്‍ണയവും ചികിത്സയും യഥാസമയം ചെയ്യേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ഹെപ്പറ്റൈറ്റിസ് ബിയോ സിയോ ഇല്ല എന്നുറപ്പുവരുത്താനും ശ്രദ്ധിക്കണം. അഥവാ ഉണ്ടെങ്കില്‍ ആ രോഗത്തെ ചികിത്സിച്ച് ഭേദപ്പെടുത്താന്‍ വ്യഗ്രത കാണിക്കണം.

ഹെപ്പറ്റൈറ്റിസിന്റെ സാധാരണ കാരണങ്ങള്‍ എ,ബി,സി,ഡി എന്നീ ഇനം വൈറസുകളാണ്. ഹെപ്പറ്റൈറ്റിസ് ബി ആന്‍ഡ് സി ഈ രണ്ടുതരം വൈറസുകള്‍ വളരെക്കാലം രക്തത്തില്‍ കാണപ്പെടുകയും ഭാവിയില്‍ സിറോസിസ്, കരള്‍ അര്‍ബുദം ഇവയുണ്ടാക്കുകയും ചെയ്യുന്നു. ഈ അണുബാധയ്ക്ക് ഏറ്റവും സാധ്യത (ഹൈ റിസ്ക്) ഉള്ളവര്‍?

1. രോഗബാധിതരുമായി അടുത്ത സമ്പര്‍ക്കം/ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍

2. സ്വവര്‍ഗാനുരാഗികളായ പുരുഷന്മാര്‍

3. ഒന്നിലധികം ലൈംഗിക പങ്കാളികളുള്ളവര്‍

4. മയക്കുമരുന്ന് കുത്തിവയ്പെടുക്കുന്നവര്‍

5. രോഗബാധിതരായ അമ്മമാരുടെ കുഞ്ഞുങ്ങള്‍

6. ആരോഗ്യപ്രവര്‍ത്തകര്‍

7. ഡയാലിസിസ് രോഗികള്‍

ഹെപ്പറ്റൈറ്റിസ് ബി, സി തടയാനുള്ള മാര്‍ഗം

1. ഹൈ റിസ്ക് ആള്‍ക്കാരില്‍ രോഗനിര്‍ണയത്തിനായി നടത്തുന്ന സ്ക്രീനിങ് ടെസ്റ്റുകള്‍.

2. പ്രതിരോധ കുത്തിവയ്പ്: ഹെപ്പറ്റൈറ്റിസ് ബിക്കെതിരെ ഫലപ്രദമായ കുത്തിവയ്പ് ലഭ്യമാണ്. എല്ലാ കുഞ്ഞുങ്ങളും ഹൈ റിസ്ക് ആള്‍ക്കാരും നിര്‍ബന്ധമായും ഈ കുത്തിവയ്പ് എടുക്കണം. എന്നാല്‍, ഹെപ്പറ്റൈറ്റിസ് സിക്കെതിരെ കുത്തിവയ്പ് ലഭ്യമല്ല. വാക്സിനെടുക്കാത്തവര്‍ വ്യക്തിസുരക്ഷയിലുള്ള ഉപാധികള്‍ (ഗര്‍ഭനിരോധന ഉറ ഉപയോഗിച്ചുള്ള ലൈംഗിക ബന്ധം, മറ്റുള്ളവരുമായി സൂചികള്‍ പങ്കുവയ്ക്കാതിരിക്കുക, രോഗബാധിതരുമായി ബ്രഷ്, ബ്ലേഡ്, നഖംവെട്ടി പോലെയുള്ളവ പങ്കുവയ്ക്കാതിരിക്കുക) സ്വീകരിക്കേണ്ടതാണ്.

3. ഒന്നര ദശാബ്ദം മുമ്പുവരെ ഹെപ്പറ്റൈറ്റിസിന് ഫലപ്രദമായ മരുന്നുകള്‍ ലഭ്യമായിരുന്നില്ല. എന്നാല്‍, ഈ മേഖലയിലുള്ള ആശ്രാന്തപരിശ്രമങ്ങളുടെയും പഠനങ്ങളുടെയും ഫലമായി ഈ വൈറസുകളുടെ ഉന്മൂലനാശത്തിന് ഉതകുന്ന മരുന്നുകള്‍ ഇപ്പോള്‍ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.

85 ശതമാനംവരെ രോഗനിവാരണം ഇപ്പോള്‍ സാധ്യമാണ്. പത്തുവര്‍ഷത്തിനുള്ളില്‍ ഇവയുടെ വിലയിലും ഗണ്യമായ കുറവു വന്നിട്ടുണ്ട്. കുറഞ്ഞ നിരക്കില്‍ ഇവ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ന്യായവില ഫാര്‍മസിയില്‍നിന്ന് ലഭ്യമാണ്. ഹെപ്പറ്റൈറ്റിസ് എ, ഇ ഈ രണ്ടുതരം ഹെപ്പറ്റൈറ്റിസുകളുടെ പ്രത്യേകത ഒരുപാടുപേരെ ഒരുമിച്ച് ബാധിക്കാന്‍ സാധ്യതയുണ്ടെന്നതാണ്. കേരളത്തിലെ ഇപ്പോഴത്തെ ഭക്ഷ്യവിഷബാധയുടെ നിരക്ക് വച്ചുനോക്കുമ്പോള്‍ ഇതിന് വളരെയധികം പ്രാധാന്യമുണ്ട്. കാരണം മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഇവ പകരുന്നത്. മഞ്ഞപ്പിത്തം, വയറുവേദന, പനി, ഛര്‍ദില്‍, വയറിളക്കം ഇവയാണ് ലക്ഷണങ്ങള്‍. മുന്‍കാലങ്ങളില്‍ കുഞ്ഞുങ്ങളെയാണ് ഇത് കൂടുതല്‍ ബാധിച്ചിരുന്നത് വീര്യം കുറഞ്ഞ രീതിയിലുള്ള മഞ്ഞപ്പിത്തമായി വരുകയും ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രതിരോധം ഇവര്‍ക്കു കൈവരുകയുംചെയ്യുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ പൊതുവെയുള്ള ശുചിത്വബോധത്തിന്റെ ഫലമായി കുഞ്ഞുങ്ങളില്‍ രോഗബാധ കുറഞ്ഞിട്ടുണ്ട്. എന്നാല്‍, വീടുവിട്ട് ദൂരദേശങ്ങളില്‍ പോകുകയും അവിടങ്ങളിലെ വൃത്തിയില്ലാത്ത ആഹാരം കഴിക്കുകയും വഴി യുവാക്കള്‍ക്ക് കൂടുതലും അണുബാധ കാണുന്നുണ്ട്. പ്രായം കൂടുന്തോറും രോഗത്തിന്റെ തീവ്രതയും കൂടിവരുന്നു. കുത്തിവയ്പ് വഴി ഇരുപത്തഞ്ചുവര്‍ഷം വരെ ഹെപ്പറ്റൈറ്റിസ് എ തടയാവുന്നതാണ്. വ്യക്തിശുചിത്വം, ഭക്ഷണ ശുചിത്വം ഇവ പാലിക്കുന്നതും രോഗബാധ തടയാന്‍ സഹായിക്കും. കരള്‍രോഗ ചികിത്സ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കരള്‍രോഗ വിഭാഗത്തില്‍ ലഭ്യമാണ്. എല്ലാ അത്യാധുനിക ചികിത്സാ സംവിധാനങ്ങളോടും കൂടിയ സൂപ്പര്‍ സ്പെഷ്യാലിറ്റി കെട്ടിടത്തിലാണ് ഇപ്പോള്‍ കരള്‍ രോഗവിഭാഗം പ്രവര്‍ത്തിക്കുന്നത്. ഉന്നതഗുണനിലവാരമുള്ള കിടത്തി ചികിത്സ ഇവിടെ ലഭ്യമാണ്.

(തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഗാസ്ട്രോ എന്‍ടറോളജി വിഭാഗം മേധാവിയാണ് ലേഖകന്‍ )

ഭരണം മാറിയിട്ടും മഅദനി ജയിലില്‍ തന്നെ

ഭരണം മാറിയിട്ടും മഅദനി ജയിലില്‍ തന്നെ

ദേശാഭിമാനി മുഖപ്രസംഗം, 2013 ജൂലായ് 27
Posted on: 26-Jul-2013 10:41 PM

Posted on: 26-Jul-2013 10:41 PM
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടു. 36 ശതമാനം വോട്ടു നേടിയാണെങ്കിലും കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരാന്‍ കഴിഞ്ഞു. എന്നാല്‍, സര്‍ക്കാരിന്റെ ഹിന്ദുത്വ അജന്‍ഡയില്‍ മാറ്റമില്ലെന്നാണ് അനുഭവത്തില്‍നിന്നു മനസ്സിലാക്കാന്‍ കഴിയുന്നത്. പിഡിപി നേതാവ് അബ്ദുള്‍നാസര്‍ മഅ്ദനിയെ മുസ്ലിം തീവ്രവാദം ആരോപിച്ചാണ് ബിജെപി സര്‍ക്കാരിന്റെ പൊലീസ് അറസ്റ്റുചെയ്ത് ജയിലിലടച്ചത്. 2008 ജൂലൈ 25നു ബംഗളൂരുവിലുണ്ടായ ഒരു ബോംബു സ്ഫോടനത്തില്‍ പങ്കാളിയാണെന്നാരോപിച്ചായിരുന്നു അറസ്റ്റ്. കൊല്ലത്തെ വീട്ടില്‍നിന്നാണ് അറസ്റ്റുചെയ്തത്. ജയിലില്‍ മതിയായ ചികിത്സപോലും നിഷേധിച്ചു. വിദഗ്ധ ചികിത്സ നല്‍കണമെന്ന് മനുഷ്യസ്നേഹമുള്ള സകലരും ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കളും മുസ്ലിംലീഗ് നേതാക്കളും ബംഗളൂരുവില്‍ ജയിലില്‍ മഅ്ദനിയെ കണ്ടു. മതിയായ ചികിത്സ ലഭ്യമാക്കണമെന്ന് ബിജെപി സര്‍ക്കാരിന്റെ മുമ്പില്‍ ആവശ്യമുന്നയിച്ചു. സിപിഐ എം നേതാക്കള്‍ തുടക്കത്തില്‍ തന്നെ ഇടപെട്ടു. മുന്‍മന്ത്രി എം എ ബേബി മഅ്ദനിയെ ജയിലില്‍ പോയി കണ്ടു. ചികിത്സാസൗകര്യം ലഭ്യമാക്കുന്ന സ്ഥിതിയുണ്ടായി. മഅ്ദനിക്ക് ജാമ്യം നിഷേധിക്കുകയാണുണ്ടായത്. ബിജെപി ഭരണം മാറിയാല്‍ മഅ്ദനിയുടെ കാര്യത്തില്‍ മനുഷ്യത്വപരമായ നിലപാട് ഏവരും പ്രതീക്ഷിച്ചതാണ്. അതുണ്ടായില്ല എന്നത് നിര്‍ഭാഗ്യകരമാണ്.

മഅ്ദനിയുടെ ജാമ്യാപേക്ഷ കോടതിയില്‍ പരിഗണനയ്ക്ക് വന്നപ്പോള്‍ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനുവേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് ദൊരൈരാജു ശക്തിയായി എതിര്‍ക്കുകയാണ് ചെയ്തത്. മാത്രമല്ല, വിദഗ്ധ ചികിത്സ നിഷേധിക്കുന്ന നിലപാടും സ്വീകരിച്ചു. മഅ്ദനിയെ ജാമ്യത്തില്‍ വിട്ടാല്‍ കേസിലെ ഒളിവിലുള്ള പ്രതികളുമായി ബന്ധം സ്ഥാപിക്കുമെന്നും തെളിവ് നശിപ്പിക്കുമെന്നുമുള്ള പതിവുവാദം കോടതിയില്‍ പറഞ്ഞു. മഅ്ദനിയോടൊപ്പം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ നാലു പ്രതികള്‍ ഏതോ ശത്രുരാജ്യത്ത് ഒളിവില്‍ കഴിയുകയാണെന്നാണ് അഭിഭാഷകന്‍ ബോധിപ്പിച്ചത്. ഇന്ത്യയുടെ ശത്രുരാജ്യം ഏതാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വെളിപ്പെടുത്തിയതായി കണ്ടില്ല. മഅ്ദനി പൂര്‍ണ ആരോഗ്യവാനാണെന്നും രോഗം പെരുപ്പിച്ചു കാണിക്കുകയാണെന്നും വിദഗ്ധ ചികിത്സ ആവശ്യമില്ലെന്നും അദ്ദേഹം വാദിച്ചു. മഅ്ദനി വായിക്കുകയും എഴുതുകയും ചെയ്യുന്നുണ്ട്, കാഴ്ചക്കുറവില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. മഅ്ദനിയുടെ ഒരു കാല് നഷ്ടപ്പെട്ടതാണെന്ന വസ്തുതപോലും അഭിഭാഷകന്‍ ഓര്‍ത്തില്ല. കോണ്‍ഗ്രസിന്റെ നഗ്നമായ വഞ്ചനയുടെ ചരിത്രം ഒരിക്കല്‍കൂടി ആവര്‍ത്തിക്കുകയായിരുന്നു. ഹിന്ദുവോട്ടില്‍ കണ്ണുവച്ചാണ് ബിജെപി സ്വീകരിച്ച അതേനയം മഅ്ദനിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് വ്യക്തം. വഞ്ചന ആവര്‍ത്തിച്ചപ്പോള്‍ പഴയ അനുഭവം ഓര്‍ക്കാതിരിക്കാന്‍ വയ്യ.

2001ല്‍ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ യുഡിഎഫിന്റെ പ്രചാരണത്തിലെ മുഖ്യവ്യക്തി മഅ്ദനിയായിരുന്നു. മഅ്ദനിയെ കോയമ്പത്തൂര്‍ ജയിലിലടച്ചത് നായനാരാണെന്നായിരുന്നു പ്രചാരണം. മഅ്ദനിയുടെ ജയില്‍വാസത്തിന്റെ ദുരിതം വീടുവീടാന്തരം കയറി യുഡിഎഫുകാര്‍ പ്രചരിപ്പിച്ചു. മുസ്ലിം വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചാല്‍ എ കെ ആന്റണി മുഖ്യമന്ത്രിയാകുമെന്നും സത്യവാചകം ചൊല്ലി അധികാരമേറ്റെടുക്കുന്നതിനു മുമ്പ് കോയമ്പത്തൂര്‍ ജയിലില്‍നിന്ന് മഅ്ദനിയെ മോചിപ്പിച്ച് തിരുവനന്തപുരത്ത് കൊണ്ടുവന്ന് ആന്റണി തന്നെ മാലയിട്ട് സ്വീകരിക്കുന്നതാണെന്നും വോട്ടര്‍മാര്‍ക്കിടയില്‍ പരസ്യമായി പ്രചരിപ്പിച്ചു. ആന്റണി മുഖ്യമന്ത്രിയായെങ്കിലും മഅ്ദനിക്ക് മോചനമെന്നല്ല പരോള്‍പോലും ലഭിച്ചില്ല. കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്കുപോലും പരോള്‍ അനുവദിക്കാറുണ്ട്. തന്റെ അമ്മൂമ്മ മരിച്ചിട്ടുപോലും മഅ്ദനിക്ക് പരോള്‍ ലഭിച്ചില്ല. മഅ്ദനിയെ പരോളില്‍ വിട്ടാല്‍ ക്രമസമാധാനം തകരുമെന്ന വാദമാണ് കേരളത്തിലെ പൊലീസ് മേധാവി ഉന്നയിച്ചത്. പൊലീസ് സംരക്ഷണയില്‍ പോലും പരോള്‍ അനുവദിച്ചില്ല. നീണ്ട പത്തുവര്‍ഷത്തിലധികം വിചാരണ കൂടാതെ ജയിലില്‍ കഴിയേണ്ടിവന്നു. കേസ് വിചാരണ പൂര്‍ത്തിയായി വിധി കല്‍പ്പിച്ചപ്പോള്‍ മഅ്ദനി നിരപരാധിയാണെന്നു കണ്ട് കോടതി നിരുപാധികം വിട്ടയക്കുകയാണുണ്ടായത്. എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി തമിഴ്നാട് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് മഅ്ദനിക്ക് വിദഗ്ധ ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ടു. മഅ്ദനിയുടെ കൃത്രിമക്കാല്‍ കേടുവന്ന് ഉപയോഗശൂന്യമായിട്ടുപോലും മാറ്റാന്‍ അനുവദിച്ചിരുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശ്രമഫലമായി വിദഗ്ധ ചികിത്സ ലഭ്യമാക്കി. ജയില്‍മോചിതനായശേഷം തിരുവനന്തപുരത്ത് മഅ്ദനിക്ക് പൗരാവലി നല്‍കിയ സ്വീകരണയോഗത്തില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ പലരും പങ്കെടുത്തു. സ്വീകരണയോഗത്തില്‍ മഅ്ദനിയുടെ പ്രസംഗം ശ്രദ്ധേയമായിരുന്നു. താന്‍ തെറ്റുചെയ്തതായി അദ്ദേഹം പരസ്യമായി സമ്മതിച്ചു. തെറ്റ് ആവര്‍ത്തിക്കില്ലെന്നും തീവ്രവാദ ചിന്തപോലും സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഉപേക്ഷിച്ചെന്നും പരസ്യമായി പ്രഖ്യാപിച്ചു. അതിന് വിപരീതമായി എന്തെങ്കിലും സംഭവിച്ചതായി അറിവില്ല. എന്നിട്ടും മഅ്ദനിയെ വേട്ടയാടുന്നത് തുടരുകയാണ്.

സൂറത്ത്, മുംബൈ, ഡല്‍ഹി സ്ഫോടനങ്ങളിലും മഅ്ദനിക്കു പങ്കാളിത്തമുണ്ടെന്നാണ് ആരോപണം. ഞങ്ങള്‍ക്കൊന്നേ പറയാനുള്ളൂ; മഅ്ദനി തെറ്റുചെയ്തു എന്നതിന് മതിയായ തെളിവുണ്ടെങ്കില്‍ നിയമാനുസരണം ശിക്ഷ നല്‍കാം. എന്നാല്‍, സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഒരു പൗരനെ അറസ്റ്റുചെയ്ത് വിചാരണ കൂടാതെ അനിശ്ചിതകാലം ജയിലിലാക്കുന്നത് നഗ്നമായ മനുഷ്യാവകാശലംഘനമാണ്. ഇന്ത്യയില്‍ മതന്യൂനപക്ഷത്തില്‍പ്പെട്ടവരെ പിടികൂടി തീവ്രവാദം ആരോപിച്ച് അനിശ്ചിതകാലം ജയിലിലടയ്ക്കുന്നതായി ആക്ഷേപമുണ്ട്. ഇത് അംഗീകരിക്കാനാവില്ല. മഅ്ദനിക്ക് മനുഷ്യാവകാശം നിഷേധിക്കാന്‍ അനുവദിച്ചുകൂടാ.
Posted on: 26-Jul-2013 10:41 PM
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്