വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Wednesday, July 31, 2013

സ്വയംഭരണ കോളേജും കേരളസമൂഹവും

സ്വയംഭരണ കോളേജും കേരളസമൂഹവും

വി കാര്‍ത്തികേയന്‍നായര്‍

ദേശാഭിമാനി :30-Jul-2013 11:53 PM

കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് നിരവധി പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്. അതില്‍ ഒടുവിലത്തേതാണ് സ്വയംഭരണകോളേജുകള്‍. നിലവിലുള്ള കോളേജുകളില്‍ ചിലതിനെ സ്വയംഭരണകോളേജുകളായി മാറ്റുന്നതിന്റെ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന സര്‍ക്കാര്‍ ഉത്തരവ് പ്രസിദ്ധീകരിച്ചുകഴിഞ്ഞു. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ തുടങ്ങി പ്രൊഫഷണല്‍ കോളേജുകളിലേക്കും സര്‍ക്കാര്‍ കോളേജുകളില്‍ തുടങ്ങി സഹായിത (എയ്ഡഡ്) കോളേജുകളിലേക്കും സ്വാശ്രയകോളേജുകളിലേക്കും വ്യാപിക്കുന്നതായിരിക്കും ഈ സമ്പ്രദായമെന്ന് അനുമാനിക്കാന്‍ കഴിയും.

പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും തയ്യാറാക്കുന്നവര്‍തന്നെ അത് പഠിപ്പിക്കുകയും പഠിപ്പിക്കുന്നവര്‍തന്നെ പരീക്ഷ നടത്തുകയും മൂല്യനിര്‍ണയം നടത്തുകയും അവര്‍ ശുപാര്‍ശചെയ്യുന്നവര്‍ക്ക് സര്‍വകലാശാലാബിരുദം നല്‍കുകയും ചെയ്യുന്ന സമ്പ്രദായം പ്രത്യക്ഷത്തില്‍ ജനാധിപത്യപരമായി തോന്നാം. അതിനൊരു മറുവശമുണ്ട്. പാഠ്യപദ്ധതി തയ്യാറാക്കുന്നവരുടെ അറിവിന്റെ പരിധിയായിരിക്കും പഠിതാവിന്റെ നിലവാരത്തിന്റെ അതിര്‍ത്തി നിര്‍ണയിക്കുന്നത്. അതിരുകളില്ലാത്ത അറിവിന്റെ ലോകത്തേക്കുപോകാന്‍ പഠിതാവിന് വിലക്കുകളുണ്ടാവും. അത്തരത്തില്‍ അറിവന്വേഷിക്കുന്നവര്‍ അഹങ്കാരികളായും നിഷേധികളായും വിധിക്കപ്പെട്ട് ക്രൂശിക്കപ്പെട്ടേക്കാം. അതെന്തായാലും സ്വയംഭരണകോളേജുകള്‍ കേരളത്തിന്റെ ജനാധിപത്യബോധത്തിന് പരിധിയേര്‍പ്പെടുത്തുന്നവയാകും എന്ന കാര്യത്തില്‍ സംശയംവേണ്ട. ഇന്ത്യയിലും കേരളത്തിലും കോളനി ഭരണത്തിന്റെ ആശീര്‍വാദത്തോടെ നടപ്പാക്കിയ പാശ്ചാത്യവിദ്യാഭ്യാസം മാനസികമായ അടിമത്തം ഉല്‍പ്പാദിപ്പിച്ചതോടൊപ്പം സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ ഉജ്വലനായകന്മാരെയും സൃഷ്ടിച്ചു. റാംമോഹന്‍റോയി മുതല്‍ ജവാഹര്‍ലാല്‍നെഹ്റുവരെയുള്ളവര്‍ അതിന്റെ സന്തതികളാണ്. വിവേചനത്തിനും അനീതിക്കും അടിച്ചമര്‍ത്തലിനും ചൂഷണത്തിനും എതിരായ മൂല്യബോധമാണ് പാശ്ചാത്യവിദ്യാഭ്യാസം ഇവരില്‍ ഉല്‍പ്പാദിപ്പിച്ചത്. കേരളത്തിലെ സാമൂഹ്യപരിഷ്കരണപ്രസ്ഥാനങ്ങളും ഇതിന് സമാന്തരമായി ഇതേ മൂല്യങ്ങള്‍തന്നെയാണ് ഉല്‍പ്പാദിപ്പിച്ചത്. വിമര്‍ശനചിന്ത, അന്വേഷണബുദ്ധി, യുക്തിബോധം, സമത്വബോധം, ജനാധിപത്യവീക്ഷണം എന്നീ മനോഭാവങ്ങളിലൂടെയാണ് അവ പ്രകടിതമായത്. അതുകൊണ്ടാണ് ഭരണഘടനയുടെ ആമുഖത്തില്‍ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി, മതനിരപേക്ഷത, സോഷ്യലിസം എന്നീ തത്വങ്ങള്‍ ഉള്‍പ്പെടുത്തി നാം അംഗീകരിച്ചത്.

സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള നാലുപതിറ്റാണ്ടുകാലത്ത് കേരളത്തില്‍ വിദ്യാലയങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായി. സ്കൂള്‍ വിദ്യാഭ്യാസമേഖലയില്‍ പതിനായിരങ്ങളില്‍നിന്ന് ലക്ഷങ്ങളിലേക്കും ഉന്നതവിദ്യാഭ്യാസമേഖലയില്‍ ആയിരങ്ങളില്‍നിന്ന് പതിനായിരങ്ങളിലേക്കും വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചു. വിദ്യാലയങ്ങളിലും കലാലയങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് ജനാധിപത്യവേദികള്‍ നിയമപരമായി അംഗീകരിക്കപ്പെട്ടു. അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ജനാധിപത്യപരമായി സംഘടനകളുണ്ടാക്കാനും അനുവാദം കിട്ടി. ഇതെല്ലാം സാധ്യമായത് സമൂഹം പൊതുവില്‍ ജനാധിപത്യവല്‍ക്കരിക്കപ്പെട്ടതുകൊണ്ടാണ്. ജനാധിപത്യവല്‍ക്കരണം ഉല്‍പ്പാദിപ്പിച്ച രാഷ്ട്രീയബോധമാണ് ഭരണ-പ്രതിപക്ഷമുന്നണികളിലെ രാഷ്ട്രീയപാര്‍ടികളെ നയിക്കുന്നത്. ചുരുക്കത്തില്‍ കേരളത്തിലെ വിദ്യാഭ്യാസമാണ് ജനാധിപത്യബോധത്തെയും രാഷ്ട്രീയധാരണകളെയും സൃഷ്ടിച്ചത്. ഈ ജനാധിപത്യബോധത്തിന് അപചയമുണ്ടാകുന്നത് രണ്ടുപതിറ്റാണ്ടുകള്‍ക്കുമുമ്പുമുതലാണ്. എന്തെന്നാല്‍ അന്നുമുതലാണ് കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് സ്വാശ്രയസ്ഥാപനങ്ങള്‍ ആരംഭിക്കുന്നത്. സ്കൂള്‍ വിദ്യാഭ്യാസരംഗത്ത് അതിനുമുമ്പുതന്നെ സ്വാശ്രയ സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അത് വ്യാപകമാകുന്നതും പ്രൊഫഷണല്‍ മേഖലയിലും ആര്‍ട്സ് ആന്‍ഡ് സയന്‍സ് മേഖലയിലും സ്വാശ്രയസ്ഥാപനങ്ങള്‍ ആരംഭിക്കുന്നത് 1991മുതലാണ്. പ്രൊഫഷണല്‍രംഗത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതിന്റെ പത്തിരട്ടിയാണ് സ്വാശ്രയം. ആര്‍ട്സ് ആന്‍ഡ് സയന്‍സ് മേഖലയില്‍ സര്‍ക്കാര്‍ കോളേജുകള്‍ നാല്‍പതും സഹായിത (എയ്ഡഡ്) കോളേജുകള്‍ 152ഉം സ്വാശ്രയം 181ഉം ആണ്. ഈ കോളേജുകളിലെല്ലാം പഠിക്കുന്നത് കേരളീയരുടെ മക്കള്‍തന്നെയാണ്. എന്നാല്‍, കോളേജുകളിലെ അന്തരീക്ഷത്തില്‍ മൗലികമായ അന്തരമുണ്ട്.

സ്വാശ്രയകോളേജുകളില്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും ജനാധിപത്യാവകാശങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. ജനാധിപത്യത്തിന് വിലക്കേര്‍പ്പെടുത്തിയ അടിയന്തരാവസ്ഥക്കാലത്തെ സാഹചര്യമാണ് കോളേജുകളിലുള്ളത്. മേല്‍പറഞ്ഞ മൂന്നുകൂട്ടര്‍ക്കും മാനേജ്മെന്റിനെ ഭയമാണ്. വിദ്യാര്‍ഥികളുടെ ഭാവി പരീക്ഷയെയും ബിരുദത്തെയും ആശ്രയിച്ചാണിരിക്കുന്നത് എന്നതിനാല്‍ അവര്‍ ജനാധിപത്യബോധത്തെ സ്വമനസ്സുകളില്‍തന്നെ അലസിപ്പിക്കുന്നു. അധ്യാപകരും ജീവനക്കാരും പിരിച്ചുവിടല്‍ ഭീഷണിയെന്ന വജ്രായുധത്തിനുമുമ്പില്‍ സംഘടനാബോധത്തെയും സമരബോധത്തെയും അലസിപ്പിക്കുന്നു. ചുരുക്കത്തില്‍ ഈ ജനാധിപത്യശൂന്യത രാഷ്ട്രീയ നപുംസകങ്ങളെയാണ് സൃഷ്ടിക്കുന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള നാലുപതിറ്റാണ്ടുകാലംകൊണ്ട് മുഴുവന്‍ കേരളീയരുടെയും മനസ്സില്‍ ഊട്ടിയുറപ്പിച്ച അടിച്ചമര്‍ത്തലിനും ചൂഷണത്തിനുമെതിരായ മൂല്യബോധം കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകാലംകൊണ്ട് ഹോമിക്കപ്പെട്ടു. ഇക്കാലയളവില്‍ ബിരുദധാരികളായി പുറത്തുവന്ന യുവ ജനതയില്‍ ചെറിയ വിഭാഗം കേരളത്തില്‍തന്നെ ടെക്നോപാര്‍ക്കുപോലുള്ള തൊഴില്‍ശാലകളില്‍ സാമാന്യം മെച്ചപ്പെട്ട ശമ്പളത്തിലും എന്നാല്‍, അങ്ങേയറ്റം ചൂഷണാത്മകമായ സാഹചര്യത്തിലും പണിയെടുക്കുന്നുണ്ട്. ഇത്തരം സാഹചര്യത്തില്‍ പണിയെടുക്കേണ്ടിവന്ന നേഴ്സുമാരുടെ സമരം ആനുഷംഗിക പരാമര്‍ശമര്‍ഹിക്കുന്നുണ്ടെങ്കിലും വിസ്തരിക്കുന്നില്ല. ടെക്നോപാര്‍ക്കുകളില്‍ ജോലിചെയ്യുന്ന യുവജനത അമിതാധ്വാനം ചെയ്യേണ്ടിവന്നിട്ടും പ്രതിഷേധിക്കുന്നില്ല. എന്തെന്നാല്‍ പ്രതിഷേധം എന്നത് അവരുടെ ബോധത്തിലില്ല. കൗമാരപ്രായത്തില്‍തന്നെ അവരുടെ ജനാധിപത്യബോധത്തെ അലസിപ്പിച്ചു. അവിടെ നിര്‍ബാധം നടക്കുന്നത് ചൂഷണമാണ്. ഈ ബിരുദധാരികള്‍ പഠിച്ചതും ബിരുദമെടുത്തതും സര്‍വകലാശാലകള്‍ നിശ്ചയിച്ച പാഠ്യപദ്ധതിയനുസരിച്ചാണ്. പക്ഷേ, ആ പാഠ്യപദ്ധതി വിനിമയംചെയ്ത സാഹചര്യമാണ് ജനാധിപത്യബോധമില്ലാത്ത ബിരുദധാരികളെ ഉല്‍പ്പാദിപ്പിച്ചതും ചൂഷണത്തിനെതിരെ പൊരുതാന്‍ കരുത്തില്ലാത്തവരാക്കിയതും. അതായത് സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സമരരഹിതവും രാഷ്ട്രീയമുക്തവുമായ ഒരു കേരളത്തിന്റെ നിര്‍മിതിക്ക് സഹായകരമാണെന്ന് പദ്ധതി ആസൂത്രണംചെയ്തവര്‍ക്ക് ബോധ്യമായി. അതിനാല്‍ അത് സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലേക്കും വ്യാപിപ്പിക്കാനുള്ള മാര്‍ഗമാണ് സ്വയംഭരണകോളേജുകള്‍. സ്വാശ്രയകോളേജുകള്‍ ഉല്‍പ്പാദിപ്പിച്ചത് ജനാധിപത്യബോധമില്ലാത്ത ഒരു സമൂഹത്തെയാണെങ്കില്‍ സ്വയംഭരണകോളേജുകള്‍ ഉല്‍പ്പാദിപ്പിക്കുന്നത് വിജ്ഞാനവിരുദ്ധതയും യുക്തിരാഹിത്യവും ജാതി-മതാന്ധതയും വര്‍ഗീയതയും ബോധമണ്ഡലത്തെ ഭരിക്കുന്ന യുവതലമുറയെയായിരിക്കും. സ്വയംഭരണകോളേജുകളിലെ പഠനവകുപ്പുകളിലെ അധ്യാപകരാണ് പാഠ്യപദ്ധതി തയ്യാറാക്കുന്നത്. ശരാശരി പത്തില്‍താഴെ അധ്യാപകരായിരിക്കും ഓരോ വകുപ്പിലും ഉണ്ടാവുക. അവരുടെ വിജ്ഞാനമാണ് പാഠ്യപദ്ധതിയായി പുറത്തുവരുന്നത്. ഇതുവരെ അവര്‍ക്കറിയാത്ത പാഠഭാഗങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉണ്ടായിരുന്നാല്‍ ആത്മാര്‍ഥയുള്ളവര്‍ അതൊക്കെ തേടിപ്പിടിച്ച് വായിച്ച് പഠിപ്പിക്കുമായിരുന്നു. സര്‍വകലാശാലകള്‍ തയ്യാറാക്കുന്ന പാഠ്യപദ്ധതിക്ക് അധ്യാപകരുടെ പരിമിതി അവരെ ബോധ്യപ്പെടുത്താന്‍ കഴിയുമായിരുന്നു. അത് പഠിതാവിന് ഗുണകരമായിരുന്നു. എന്നാലിപ്പോള്‍ അതില്ലാതാവുന്നു. സാമൂഹികശാസ്ത്ര-ഭാഷാവിഷയങ്ങളിലൂടെ ജാതി-മതാന്ധതയും വര്‍ഗീയതയും കടന്നുവരാന്‍ സാധ്യത കൂടുതലാണ്. പത്താംക്ലാസിലെ സാമൂഹികശാസ്ത്രം പാഠപുസ്തകത്തിലെ ചില ഭാഗങ്ങള്‍ ജാതി-മതസംഘടനകളുടെ നിര്‍ബന്ധത്തിനു വഴങ്ങി നീക്കം ചെയ്തിട്ട് അധികകാലമായില്ല. അത്തരം സംഘടനകള്‍ നടത്തുന്ന കോളേജുകള്‍ക്ക് സ്വയംഭരണപദവി കിട്ടിയാല്‍ പഠനവകുപ്പുകളിലെ അധ്യാപകര്‍ ആരുടെ നിര്‍ദേശപ്രകാരമായിരിക്കും പാഠ്യപദ്ധതി തയ്യാറാക്കുക? ആ നിര്‍ദേശങ്ങളെ അവഗണിക്കാന്‍ അധ്യാപകന് ആര്‍ജവമുണ്ടാകുമോ?

ചില മതാന്ധര്‍ക്ക് ഹിതകരമല്ലാത്ത ചോദ്യങ്ങളുണ്ടാക്കിയ അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റി എഴുതാനുള്ള ശേഷി ഇല്ലാതാക്കിയപ്പോള്‍ മാനേജ്മെന്റ് അയാളെ ജോലിയില്‍നിന്ന് പിരിച്ചുവിട്ട് ജീവിക്കാനുള്ള അവസരംതന്നെ നിഷേധിക്കുകയായിരുന്നു. ആ അനുഭവം മുന്നിലുള്ളപ്പോള്‍ എത്ര അധ്യാപകര്‍ ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന സിദ്ധാന്തങ്ങളെ പരിപോഷിപ്പിക്കുന്ന പാഠ്യപദ്ധതിയുണ്ടാക്കാന്‍ ധൈര്യപ്പെടും. ഏതെങ്കിലും സര്‍ക്കാര്‍ കോളേജിലെ ഒരു പഠനവകുപ്പ് തയ്യാറാക്കുന്ന ഇസ്ലാമികചരിത്രത്തിലെയോ ഹൈന്ദവചരിത്രത്തിലെയോ ക്രൈസ്തവചരിത്രത്തിലെയോ ജ്യോതിഷത്തിലെയോ ചില പാഠ ഭാഗങ്ങള്‍ ഭരണഘടനയിലെ ആമുഖത്തില്‍ പറയുന്ന തത്വങ്ങള്‍ക്ക് വിരുദ്ധമായാല്‍പോലും അതിനെ ചോദ്യംചെയ്യാന്‍ പൊതുസമൂഹത്തിന് കഴിയാതെവരികയും ജാതി-മത സംഘടനകളുടെ സമ്മര്‍ദത്തിനുവഴങ്ങി സര്‍ക്കാരിന് അതിനെ അംഗീകരിക്കേണ്ടതായും വരും.

സര്‍വകലാശാല നിശ്ചയിച്ച വ്യവസ്ഥകളനുസരിച്ച് നടത്തുന്ന പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കും റാങ്കും വാഗ്ദാനംചെയ്ത് പ്രലോഭിപ്പിച്ച് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകനും പ്രലോഭനത്തിന് വഴങ്ങിയ വിദ്യാര്‍ഥിനിയും ഒരു യാഥാര്‍ഥ്യമായിരിക്കെ സ്വയംഭരണകോളേജുകളിലെ അധ്യാപക-വിദ്യാര്‍ഥിബന്ധവും പഠനവും പരീക്ഷയും ഫലപ്രഖ്യാപനവും എങ്ങനെയായിരിക്കുമെന്ന് ഊഹിക്കാന്‍പോലും സാധിക്കില്ല.

സ്വാശ്രയകോളേജുകള്‍ അരാഷ്ട്രീയതയാണ് ഉല്‍പ്പാദിപ്പിച്ചത്. സ്വയംഭരണകോളേജുകള്‍ ജാതി-മതാന്ധതയും വര്‍ഗീയതയും കൂടുതലായി ഉല്‍പ്പാദിപ്പിക്കും. ഇതുരണ്ടുമാണ് ചൂഷകര്‍ക്കാവശ്യം. അവരതില്‍ വിജയിച്ചുവരികയാണ് എന്നതാണ് വാസ്തവം. സമരത്തെ അടിച്ചമര്‍ത്തുകയും പ്രലോഭനങ്ങളിലൂടെ പിന്തിരിപ്പിക്കുകയുംചെയ്യുന്നത് പേരുദോഷമുണ്ടാക്കുമെന്നതിനാല്‍ സമരശേഷിയില്ലാത്തവരെ ഉല്‍പ്പാദിപ്പിക്കുന്നതാണ് അഭികാമ്യം. വാണിജ്യാടിസ്ഥാനത്തില്‍ വന്‍തോതില്‍ പാലുല്‍പ്പാദിപ്പിക്കുന്ന മുതലാളിത്തരാജ്യങ്ങളിലെ ചില ഫാമുകളില്‍ പിറന്നുവീണ് ഏതാനും ദിവസം കഴിയുമ്പോള്‍തന്നെ പശുക്കുട്ടികളുടെ കൊമ്പുവളരുന്ന ഭാഗം തുരന്നെടുത്ത് വീര്യമുള്ള മരുന്നുനല്‍കി മുറിവുണക്കും. കൊമ്പില്ലാതെ വളരുന്ന ഇത്തരം പശുക്കള്‍ കൂട്ടത്തില്‍ മറ്റൊന്നിനെ കുത്തി മുറിവേല്‍പ്പിക്കുകയില്ല. മോഴകളായി ജീവിച്ച് ഉടമസ്ഥന് ധാരാളം പാല്‍ നല്‍കി സായൂജ്യമടയുന്നു. മോഴകളെ ഉല്‍പ്പാദിപ്പിക്കുന്നതാണ് സ്വയംഭരണകോളേജുകളും.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്