വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Thursday, April 2, 2009

കോഗ്രസ് ഇന്ത്യക്ക് എന്തുചെയ്തു ?

ദേശാഭിമാനി ലേഖനം

പിണറായി വിജയന്‍

യുപിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തി വോട്ടുചോദിക്കാന്‍ മടിക്കുന്ന കേരളത്തിലെ യുഡിഎഫിന്റെ പാപ്പരത്തം ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസത്തെ കുറിപ്പ് അവസാനിപ്പിച്ചത്. കോഗ്രസിന് തെരഞ്ഞെടുപ്പുവിഷയമായി അവതരിപ്പിക്കാന്‍ തക്കതായ കാര്യങ്ങള്‍ യുപിഎ ഗവമെന്റ് രാജ്യത്തിന് ചെയ്തിട്ടില്ല എന്നുകൂടിയാണ് അവരുടെ ഈ സമീപനത്തിന്റെ അര്‍ഥം. എന്നാല്‍, യുപിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യാതിരിക്കാന്‍ ഇടതുപക്ഷത്തിനാവില്ല. സിപിഐ എമ്മിന്റെ പ്രകടനപത്രികയില്‍ "കോഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ ഭരണം സമൂഹത്തിലെ വേര്‍തിരിവ് വര്‍ധിപ്പിക്കുന്നതിനിടയാക്കി.

സമ്പന്നര്‍ അതിസമ്പന്നരായി മാറിയപ്പോള്‍ ദരിദ്രര്‍ കൂടുതല്‍ ദാരിദ്യ്രം അനുഭവിക്കുന്ന സ്ഥിതിയിലായി'' എന്ന് വ്യക്തമാക്കുന്നു. തെറ്റായ നയസമീപനങ്ങളാണ് യുപിഎയെ ഇന്നത്തെ ദയനീയാവസ്ഥയിലെത്തിച്ചത്. കോഗ്രസ് തെരഞ്ഞെടുപ്പുപരാജയത്തിലേക്ക് നീങ്ങുന്ന കക്ഷിയാണ്. ഏതര്‍ഥത്തിലെടുത്താലും ഇന്ന് മന്‍മോഹന്‍ സിങ് ഗവമെന്റ് ലോക്സഭയില്‍ ന്യൂനപക്ഷവുമാണ്. രാജിവച്ച് കെയര്‍ടേക്കര്‍ പദവിയില്‍ തുടരാനേ അര്‍ഹതയുള്ളൂ. ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍തന്നെ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടതാണ്. അന്ന് കോഴപ്പണംകൊടുത്തും ജനാധിപത്യത്തെ അവഹേളിച്ചും ഉണ്ടാക്കിയെടുത്ത കൃത്രിമ ഭൂരിപക്ഷവും ഇന്ന് നഷ്ടമായിരിക്കുന്നു. ലാലുപ്രസാദ് യാദവും മുലായംസിങ്ങും പട്ടാളി മക്കള്‍ കക്ഷിയും എംഡിഎംകെയുമൊന്നും ഇന്ന് യുപിഎയുടെ കൂടെയില്ല. കോഗ്രസിന്റെ നൂറ്റമ്പതും ഡിഎംകെ, എന്‍സിപി, ജെഎംഎം, നാഷണല്‍ കോഫറന്‍സ്, ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗ് എന്നിവരുടെയെല്ലാമായ നാല്‍പ്പതോളം സീറ്റും ചേര്‍ത്താല്‍ ലോക്സഭയിലെ കേവലഭൂരിപക്ഷമായ 272ന് അടുത്തെത്താനാകില്ല.

എന്തുകൊണ്ട്, ജനങ്ങളും കൂടെനിന്ന കക്ഷികളും കോഗ്രസിനെ കൈവിടേണ്ടിവരുന്നു എന്ന് ചിന്തിക്കാനുള്ള വിവേകം കാട്ടാതെ, പറ്റിയ തെറ്റുകള്‍ മൂടിവച്ച് വീണ്ടും തെറ്റുകളിലേക്ക് പോകാനുള്ള സമീപനമാണ് കോഗ്രസിന്റേത്. നവലിബറല്‍ സാമ്പത്തിക നയങ്ങളില്‍നിന്ന് അണുവിട വ്യതിചലിക്കാന്‍ തയാറല്ലെന്നതാണ് കോഗ്രസിന്റെ പ്രകടനപത്രികയിലെ സമീപനം. കഴിഞ്ഞ അഞ്ചുവര്‍ഷം ആ നയങ്ങള്‍ തുടര്‍ന്നപ്പോള്‍ രാജ്യത്ത് തലതിരിഞ്ഞ വളര്‍ച്ചയാണുണ്ടായത്. ആ വളര്‍ച്ച നാട്ടിലെ ജനജീവിതം മെച്ചപ്പെടുത്തുന്നതല്ല. കാര്‍ഷിക പ്രതിസന്ധി, വിലക്കയറ്റം, തൊഴിലില്ലായ്മ, വേതനം വെട്ടിക്കുറയ്ക്കല്‍ എന്നിവയെല്ലാം രൂക്ഷമാവുകയാണുണ്ടായത്. വര്‍ഗീയശക്തികള്‍ വിഘടനപരവും അക്രമാസക്തവുമായ നടപടികള്‍ തുടര്‍ന്നു. സമാന്തരമായി ഭീകരാക്രമണങ്ങള്‍ വ്യാപകമായി. ആണവകരാറില്‍ ഒപ്പിട്ടും അമേരിക്കയുമായി തന്ത്രപരമായ സഖ്യത്തിലേര്‍പ്പെട്ടും സ്വതന്ത്ര വിദേശനയത്തെ തകര്‍ത്തും തങ്ങളുടെതന്നെ പൊതുമിനിമം പരിപാടിയെ വഞ്ചിക്കാനാണവര്‍ തയ്യാറായത്. കൈക്കൂലിയോടും അഴിമതിയോടുമുള്ള പൊരുത്തപ്പെടലും പൊതുസ്ഥാപനങ്ങളെ ദുരുപയോഗംചെയ്യലും പതിവാക്കി. ഏറ്റവുമൊടുവില്‍ വന്ന ഇസ്രയേല്‍ മിസൈല്‍ ഇടപാട് യുപിഎ സര്‍ക്കാരിന്റെ ഹീനമായ മുഖമാണ് അനാവരണം ചെയ്തത്. അറുനൂറ് കോടിയുടെ അഴിമതി ആരോപണമാണ് തുടക്കത്തില്‍ വന്നതെങ്കില്‍, ഇപ്പോള്‍ ഇസ്രയേലി കമ്പനിയുടെ ഒരുഉദ്യോഗസ്ഥന്‍ തന്നെ, കമീഷന്‍ തുക തൊള്ളായിരം കോടിയാണെന്നാണ് വെളിപ്പെടുത്തിയത്.

രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങളില്‍പ്പോലും വെള്ളംചേര്‍ത്താണ് ഇത്തരം അഴിമതി നടത്തുന്നത്. ഒരുകാലത്ത് 'ഗരീബി ഹഠാവോ' എന്ന മുദ്രാവാക്യം മുഴക്കിയ കോഗ്രസ് ഇന്ന് അതിസമ്പന്നരെ തടിച്ചുകൊഴുപ്പിക്കാനുള്ള വ്യഗ്രതയിലാണ്. 2008 വരെയുള്ള നാലുവര്‍ഷം 8.6 ശതമാനം വളര്‍ച്ച കൈവരിച്ചെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇന്നാട്ടിലെ പാവപ്പെട്ട ജനങ്ങളുടെ ജീവിതം മെച്ചപ്പെട്ടു എന്നതല്ല ഈ വളര്‍ച്ചയുടെ ഫലം. ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 ആളുകളില്‍ നാലുപേരും ഇന്ത്യക്കാരാണിന്ന്. ശതകോടീശ്വരന്മാര്‍ വളരുന്നത് നാടിന്റെ വളര്‍ച്ചയല്ല. നമ്മുടെ രാജ്യത്തിന് വളര്‍ച്ചയ്ക്കാവശ്യമായ നിരവധി അനുകൂല സാഹചര്യങ്ങളുണ്ട്. പ്രകൃതിവിഭവത്തിനും വിദഗ്ധമനുഷ്യശേഷിക്കും ശാസ്ത്ര സാങ്കേതികശേഷിക്കും ഇവിടെ ക്ഷാമമില്ല. അയല്‍രാജ്യമായ ചൈന ഇതെല്ലാം ഉപയോഗിച്ചാണ് വളര്‍ച്ചയില്‍ ലോകമാതൃക സൃഷ്ടിക്കുന്നത്. ലോകത്തിലെ ഏറ്റവും മോശപ്പെട്ട മാനവ വികസന സൂചികകളുള്ള സമൂഹമാണിന്ന് ഇന്ത്യയിലേത്. ഇന്ത്യയെ എങ്ങനെയാണ് ഇവിടത്തെ മുതലാളിത്തം അധഃപതിപ്പിച്ചത് എന്നതിന്റെ രേഖാചിത്രം പ്രകടനപത്രികയില്‍ സിപിഐ എം വരച്ചുകാട്ടുന്നുണ്ട്്.

-23 കോടി ആളുകള്‍ പോഷകാഹാര ദാരിദ്യ്രം അനുഭവിക്കുന്നു. -സ്ത്രീകളില്‍ പകുതിയിലേറെയും വിളര്‍ച്ചബാധിതര്‍. -മൂന്നു വയസ്സില്‍ താഴെ പ്രായമുള്ള 40 ശതമാനം കുട്ടികളും ഭാരക്കുറവുള്ളവര്‍. -2,19,000 പാര്‍പ്പിടവും കുടിക്കാന്‍ ശുദ്ധജലം ലഭ്യമല്ലാത്തവ. -39 ശതമാനം പ്രായപൂര്‍ത്തിയായ ആളുകളും നിരക്ഷരര്‍. -77 ശതമാനം ആളുകളും പ്രതിദിനം 20 രൂപയില്‍ താഴെമാത്രം ചെലവഴിച്ച് ജീവിക്കുന്നവര്‍. സംഘടിത വ്യവസായ മേഖലയിലെ കൂലിയുടെ വിഹിതം ലോകത്തില്‍ ഏറ്റവും കുറഞ്ഞ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഈ അവസ്ഥയ്ക്ക് ആരാണുത്തരവാദി? ഇടതുപക്ഷമല്ല. സ്വാതന്ത്യ്ര ലബ്ധിക്കുശേഷം ഏറ്റവുമേറെക്കാലം നാടുഭരിച്ച കോഗ്രസാണ്. ഇടതുപക്ഷം സംസ്ഥാന ഭരണത്തിലിരുന്നിടങ്ങളില്‍, ഇത്തരം ദയനീയാവസ്ഥ പരിഹരിക്കാനുള്ള ബോധപൂര്‍വമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ആ ഇടപെടല്‍കൊണ്ടാണ് മേല്‍പ്പറഞ്ഞ അഖിലേന്ത്യാ തലത്തിലുള്ള കണക്കുകള്‍ കേരളീയര്‍ക്ക് കൌതുകകരവും അവിശ്വസനീയവുമായി തോന്നുന്നത്്. ഇടതുപക്ഷത്തെ എല്ലാ അര്‍ഥത്തിലും എതിര്‍ക്കണമെന്ന തീരുമാനത്തിലേക്ക് കോഗ്രസ് എത്തിച്ചേരുന്നതിന്റെ രഹസ്യവും ഇതുതന്നെയാണ്.

ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളില്‍ അതിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയുമായി വിരുദ്ധശക്തികള്‍ രംഗത്തുവരുന്നതും മറ്റൊന്നുംകൊണ്ടല്ല. അതിന്റെ ഭാഗമായി മാത്രമേ ഇന്ന് കേരളത്തിലെ ഇടതുപക്ഷ വിരുദ്ധരാകെ നടത്തുന്ന ആക്രമണത്തെ കാണേണ്ടതുള്ളൂ. രാജ്യത്തെ തകര്‍ക്കാനൊരുമ്പെടുകയും വളര്‍ച്ചയെ പുറകോട്ടുവലിക്കുകയും നവലിബറല്‍-സാമ്രാജ്യാനുകൂല നയങ്ങള്‍ തുടരുകയുംചെയ്യുന്ന കോഗ്രസിനെ ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടുന്നതിന് ഇത്തരം ആക്രമണങ്ങളൊന്നും തടസ്സമാകില്ല. കോഗ്രസ് ഇന്ത്യക്ക് എന്തുചെയ്തു എന്ന ചോദ്യം ജനങ്ങളുടെ മനസ്സില്‍നിന്ന് മായ്ച്ചുകളയാന്‍ പര്യാപ്തമല്ല ആ പാര്‍ടിയുടെ രക്ഷപ്പെടല്‍തന്ത്രങ്ങളൊന്നും.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്