വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Thursday, April 1, 2010

കണ്ണടയ്ക്കുക! ഇവിടെ പരീക്ഷ നടക്കുകയാണ്‌

കണ്ണടയ്ക്കുക! ഇവിടെ പരീക്ഷ നടക്കുകയാണ്‌

മാതൃഭൂമി ലേഖനം

പഠിച്ചില്ലെങ്കില്‍ പരീക്ഷയ്ക്കു തോല്‍ക്കുമെന്നത്
പഴയ വിശ്വാസമാണ്.
പഠിക്കാതെയും ജയിക്കാനുള്ള സൂത്രങ്ങള്‍ മനസ്സിലാക്കാത്ത
പാവങ്ങളാണ് തോറ്റുപോകുന്നത്;
പരീക്ഷയിലും ജീവിതത്തിലും



കേരളത്തിലെ ചില സര്‍വകലാശാലകളിലെങ്കിലും ഇന്ന് പരീക്ഷയ്ക്ക് തോല്‍ക്കുന്നവര്‍ ശുദ്ധഗതിക്കാര്‍ മാത്രം. ജയിക്കാനുള്ള സൂത്രവാക്യങ്ങളൊന്നും മനഃപാഠമാക്കാത്ത മണ്ടന്മാരെന്ന് അവരെ വിളിക്കാം.
പരീക്ഷാഹാളില്‍ മേല്‍നോട്ടം വഹിക്കുന്ന അധ്യാപകന്‍ സീറ്റിലിരുന്ന് കണ്ണടയ്ക്കുന്നത് കോപ്പിയടിക്കാനുള്ള സിഗ്‌നലാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാത്തവന്‍ തോല്‍ക്കാതെന്തു ചെയ്യും? അവിടെ കണ്ണു തുറന്നിരിക്കാനല്ല, കണ്ണടച്ച് മയക്കം നടിക്കാനാണ് അധ്യാപകന്റെ നിയോഗമെന്ന് തീരുമാനിക്കുകയെങ്കിലും വേണ്ടേ?

കോപ്പിയടി പിടിച്ച അധ്യാപകനെ മാതൃകാപരമായി പരീക്ഷാജോലികളില്‍ നിന്ന് 'ഡീബാര്‍' ചെയ്ത കേരള സര്‍വകലാശാലയുടെ നടപടിയെപ്പറ്റി കേട്ടറിയാത്തവന്‍ കൊണ്ടറിയുകയേ ഉള്ളൂ! കോപ്പിയടിച്ചിട്ടും പാസ്സ് മാര്‍ക്ക് നേടാനാകാത്തവര്‍ 'പുനര്‍മൂല്യനിര്‍ണയ'മെന്ന അത്ഭുത രോഗശാന്തി ശുശ്രൂഷയെപ്പറ്റിയെങ്കിലും അറിഞ്ഞിരിക്കണം!
സ്വാശ്രയ കോളേജുകളുടെ എണ്ണം പെരുകിയതോടെ കേരളത്തിലെ നാലു പ്രധാന അഫിലിയേറ്റിങ് സര്‍വകലാശാലകളുടെ പരീക്ഷാനടത്തിപ്പ് താളംതെറ്റിയിരിക്കയാണ്. അത്തരം കോളേജുകളിലെ പരീക്ഷാനടത്തിപ്പില്‍ സര്‍വകലാശാലകള്‍ക്ക് യാതൊരു നിയന്ത്രണവുമില്ല.

സ്വന്തം കോളേജില്‍ മാനേജ്‌മെന്റ് പരീക്ഷാകേന്ദ്രം ഒരുക്കുന്നു. അതേ കോളേജിലെ അധ്യാപകരെത്തന്നെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നു. പേരിന് ഒരു എക്‌സ്റ്റേണല്‍ എക്‌സാമിനറുമുണ്ടാകും. അദ്ദേഹത്തെ വേണ്ടവിധത്തില്‍ സന്തോഷിപ്പിക്കാന്‍ മാനേജ്‌മെന്റുകള്‍ക്കറിയാം. തടസ്സങ്ങളൊക്കെ നീക്കി, പഴയകാലത്തെ പോലെ കുട്ടികള്‍ക്ക് ഉത്തരമെഴുതിയ തുണ്ടു കടലാസുകള്‍ ഒളിപ്പിച്ചു കൊണ്ടുവരേണ്ട ബുദ്ധിമുട്ടുപോലുമില്ല. പുസ്തകം തന്നെ തുറന്നെഴുതാം!

ഇക്കഴിഞ്ഞ മാര്‍ച്ച് 24ന് നടന്ന കാലിക്കറ്റ് സര്‍വകലാശാലയുടെ ഡിഗ്രി പരീക്ഷയ്ക്ക് മലപ്പുറത്തെ ഒരു തീരദേശ കോളേജില്‍ എക്‌സ്റ്റേണല്‍ അധ്യാപകന്‍ വന്നതേയില്ല. ആ കോളേജിലെ കുട്ടികള്‍ക്കൊപ്പം പ്രൈവറ്റ് രജിസ്‌ട്രേഷന്‍കാരും പരീക്ഷയെഴുതുന്നുണ്ടായിരുന്നു. സമയം തീരാന്‍ അര മണിക്കൂര്‍ ബാക്കിയുള്ളപ്പോള്‍ പ്രിന്‍സിപ്പല്‍ ഹാളിലെത്തി. ''വലിയ ബഹളമുണ്ടാക്കാതെ എന്തെങ്കിലുമൊക്കെ നോക്കി എഴുതി''ക്കോളാന്‍ അനുവാദം നല്‍കി. സംഭവം പുറത്താരോടും പറയേണ്ടെന്ന് പ്രൈവറ്റ് രജിസ്‌ട്രേഷന്‍കാരോട് പ്രത്യേകം ഓര്‍മിപ്പിക്കുകയും ചെയ്തു.

മറ്റൊരു കോളേജില്‍ കോപ്പിയടി പിടിച്ച അധ്യാപകനെ പരീക്ഷയ്ക്കുശേഷം കുട്ടികള്‍ വളഞ്ഞു ഭീഷണിപ്പെടുത്തി. അധ്യാപകന്‍ മാനേജര്‍ക്ക് പരാതി നല്‍കി. മനേജരാകട്ടെ അധ്യാപകനെ അനുനയിപ്പിച്ച് പരാതി പിന്‍വലിപ്പിച്ചു. മാത്രമല്ല ഈ അധ്യാപകനെ ഭാവിയില്‍ പരീക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കേണ്ടെന്ന് പ്രിന്‍സിപ്പലിനും ഉപദേശം നല്‍കി.

കേരള സര്‍വകലാശാലയിലെ ഒരു സ്വാശ്രയ എന്‍ജിനീയറിങ് കോളേജിലെ കൂട്ട കോപ്പിയടി മൂല്യനിര്‍ണയ വേളയില്‍ പിടിക്കപ്പെട്ടപ്പോള്‍ സര്‍വകലാശാലാ അധികൃതര്‍ തന്നെ ഞെട്ടിപ്പോയി. ഈ കോളേജിലെ ഒരു ബ്രാഞ്ചിലെ ഭൂരിഭാഗം കുട്ടികളും ഒരേ രീതിയിലുള്ള തെറ്റായ ഉത്തരമെഴുതിയതാണ് പ്രശ്‌നമായത്. അവിടത്തെ തന്നെ അധ്യാപകന്‍ പരീക്ഷാമുറിയിലെത്തി പറഞ്ഞുകൊടുത്തതാണ് ഈ തെറ്റായ ഉത്തരമെന്നതാണ് കഥയിലെ ആന്റിക്ലൈമാക്‌സ്.

ഇത്തരം പരാതികള്‍ കൂടിവന്നപ്പോള്‍ സ്വാശ്രയ കോളേജുകളിലെ പരീക്ഷാ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കാന്‍ സെക്ഷന്‍ ഓഫീസര്‍ തസ്തികയിലുള്ള ഒരു ഉദ്യോഗസ്ഥനെ വീതം അയയ്ക്കാന്‍ കേരള സര്‍വകലാശാല തീരുമാനിച്ചു. പരീക്ഷാ നടത്തിപ്പ് ക്രമത്തിലായിരുന്നുവെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഒരു വര്‍ഷത്തിനിടെ ഒരു സ്വാശ്രയ കോളേജില്‍നിന്നും ഒരു പരാതിയും സര്‍വകലാശാലാ അധികൃതര്‍ക്ക് ലഭിച്ചില്ല. മേല്‍നോട്ടത്തിന് ചെല്ലുന്ന സര്‍വകലാശാലാ പ്രതിനിധിയെ കോളേജുകാര്‍ 'കാണേണ്ടപോലെ' കാണും.

മധ്യതിരുവിതാംകൂറിലെ ഒരു സ്വാശ്രയ എന്‍ജിനീയറിങ് കോളേജില്‍ വ്യാപകമായ കോപ്പിയടി നടക്കുന്നുവെന്നറിഞ്ഞാണ് മഹാത്മാഗാന്ധി സര്‍വകലാശാലയിലെ പരീക്ഷാ കണ്‍ട്രോളറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് തന്നെ പരിശോധനയ്‌ക്കെത്തിയത്. പക്ഷേ, എന്ത് ഫലം. കണ്‍ട്രോളറേയും കൂട്ടരെയും പ്രിന്‍സിപ്പലും മറ്റും ചേര്‍ന്ന് തടഞ്ഞുവെച്ചു. അവരെ അകത്തേക്ക് വിട്ടില്ല. താന്‍ പരീക്ഷാ കണ്‍ട്രോളറാണെന്ന് പറഞ്ഞപ്പോള്‍ തെളിവുണ്ടോ എന്നായി ചോദ്യം. പരിശോധന നടത്താനാകാതെ സ്‌ക്വാഡ് മടങ്ങി. കണ്‍ട്രോളര്‍ മേലധികാരികള്‍ക്ക് നടന്നതെല്ലാം റിപ്പോര്‍ട്ട് ചെയ്തു. കാര്യങ്ങള്‍ പന്തിയല്ലെന്ന് കണ്ട കോളജ് അധികൃതര്‍ ഒരു ഉന്നത രാഷ്ട്രീയ നേതാവിന്റെ സഹായം തേടി. അദ്ദേഹത്തിന്റെ മധ്യസ്ഥതയില്‍ കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കി. പ്രിന്‍സിപ്പലിനെ സ്ഥാനത്തുനിന്ന് മാറ്റി. (അദ്ദേഹം അതേ കോളേജില്‍ മറ്റൊരു ഉന്നത തസ്തികയില്‍ തുടരുന്നുവെന്നത് അനുബന്ധ കഥ).

കോപ്പിയടിച്ച് പിടിക്കപ്പെട്ടാല്‍ കേരള സര്‍വകലാശാലയില്‍ മുമ്പ് മൂന്നുവര്‍ഷം നഷ്ടപ്പെടുമായിരുന്നു. എന്നാല്‍, അതേപ്പറ്റി ആക്ഷേപം ഉയര്‍ന്നപ്പോള്‍ മൂന്നുവര്‍ഷമെന്നത് ആദ്യപടിയായി മൂന്നു ചാന്‍സ് എന്നാക്കിക്കുറച്ചു. ഇപ്പോള്‍ അതിലും വെള്ളം ചേര്‍ത്തു. കോപ്പിയടിക്കാര്‍ക്കായി സര്‍വകലാശാല അദാലത്ത് നടത്തും. സിന്‍ഡിക്കേറ്റിന്റെ അച്ചടക്കസമിതിക്കു മുമ്പാകെ കുട്ടികള്‍ രക്ഷാകര്‍ത്താക്കളോടൊപ്പം ഹാജരായി മാപ്പ് എഴുതിക്കൊടുത്താല്‍ മതി. പിടിക്കപ്പെട്ട ചാന്‍സ് മാത്രം റദ്ദാക്കി നല്‍കും.
കണ്ണൂര്‍ സര്‍വകലാശാലയില്‍ ഉത്തരക്കടലാസുകള്‍ കാണാതാകുന്നത് പതിവു സംഭവമായിരിക്കയാണ്. മൂന്നുമാസത്തിനിടെ രണ്ട് കേസുകളുണ്ടായി. 2009 മാര്‍ച്ചില്‍ നടത്തിയ രണ്ടാംവര്‍ഷ ബിരുദം പാര്‍ട്ട് രണ്ട് ഹിന്ദി പരീക്ഷയുടെ മൂല്യനിര്‍ണയം നടത്താത്ത 15 ഉത്തരക്കടലാസുകളാണ് ഏറ്റവുമൊടുവില്‍ കാണാതായത്. പരീക്ഷാവിഭാഗത്തില്‍ നടത്തിയ തിരച്ചിലില്‍ അതില്‍ ആറെണ്ണം ഒരു സെക്ഷന്‍ ഓഫീസറുടെ മേശയ്ക്കുള്ളില്‍ നിന്ന് കണ്ടെത്തി. ഒമ്പതെണ്ണം ഇനിയും കിട്ടാനുണ്ട്.

സംഭവത്തെത്തുടര്‍ന്ന് രണ്ട് സെക്ഷന്‍ ഓഫീസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. പരീക്ഷാ കണ്‍ട്രോളറടക്കം 10 ഉദ്യോഗസ്ഥര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസും നല്‍കി. പരീക്ഷാ കണ്‍ട്രോളര്‍ സ്വയം അവധിയില്‍ പോയിരിക്കയാണിപ്പോള്‍. അന്വേഷണത്തിന് മൂന്നംഗ സിന്‍ഡിക്കേറ്റ് ഉപസമിതിയെ വി.സി. പ്രൊഫ. പി.കെ. മൈക്കിള്‍ തരകന്‍ നിയോഗിച്ചിരിക്കയാണ്.
പുറം ഏജന്‍സിയെക്കൊണ്ട് സംഭവം അന്വേഷിപ്പിക്കണമെന്നും സംവിധാനത്തിലെ തകരാറുകൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നതെന്നുമായിരുന്നു അവരുടെ ശുപാര്‍ശയിലുള്ളത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഷനില്‍ കഴിഞ്ഞവരെ തിരിച്ചെടുക്കുകയും ചെയ്തു!

ആദ്യതവണ ജയിക്കാന്‍ കഴിയാത്തവര്‍ക്ക് അടുത്ത അവസരംവരെ കാത്തിരിക്കാതെ കടന്നുകൂടാനുള്ള കുറുക്കുവഴിയാണ് പുനര്‍മൂല്യനിര്‍ണയം അഥവാ റീവാലുവേഷന്‍. നീതിന്യായ സംവിധാനത്തെവരെ ഇതിനായി ചിലര്‍ സമര്‍ഥമായി ഉപയോഗപ്പെടുത്തുന്നു.
കേരള സര്‍വകലാശാലയ്ക്കു കീഴിലെ പ്രശസ്തമായ എന്‍ജിനീയറിങ് കോളേജില്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം കിട്ടിയ, പഠിത്തത്തില്‍ മിടുക്കിയായ പെണ്‍കുട്ടിയുടെ കഥ നോക്കുക. നഗരജീവിതം ഈ കുട്ടിയുടെ താളം തെറ്റിച്ചപ്പോള്‍ സെമസ്റ്റര്‍ പരീക്ഷകളില്‍ അവള്‍ പിന്നാക്കം പോയി. ഒരു പേപ്പറില്‍ തോല്‍ക്കുകയും ചെയ്തു. തോറ്റ വാര്‍ത്തയുമായി വീട്ടിലേക്ക് പോകാനും വയ്യ. ഹോസ്റ്റലില്‍ തുടര്‍ന്ന് താമസിച്ചുകൊണ്ട് റീവാലുവേഷന് അപേക്ഷ നല്‍കുന്നു.

ഇനിയാണ് ബുദ്ധി പ്രവര്‍ത്തിക്കേണ്ടത്. സഹപാഠികളുടെ സഹായത്തോടെ ഒരു പ്രശസ്തമായ കമ്പനിയുടെ ലെറ്റര്‍പാഡില്‍ അവിടെ ജോലിക്കുള്ള വ്യാജ നിയമന ഉത്തരവ് കമ്പ്യൂട്ടര്‍ സഹായത്തോടെ തയ്യാറാക്കി. ജോലിക്ക് ചേര്‍ന്നാല്‍ ഒരാഴ്ചയ്ക്കകം മാര്‍ക്ക്‌ലിസ്റ്റ് ഹാജരാക്കണമെന്ന് അതില്‍ പറയുന്നുണ്ട്. ഈ ഉത്തരവുമായി കുട്ടി കോടതിയിലേക്കു പോകുന്നു.
ജോലി ലഭിച്ചതിനാല്‍ പുനര്‍മൂല്യനിര്‍ണയം ഉടന്‍ നടത്തിത്തരണമെന്ന് വക്കീല്‍ വാദിച്ചുകൊള്ളും. സര്‍വകലാശാലയുടെ അഭിഭാഷകന്‍ വലിയ എതിര്‍പ്പൊന്നും ഇത്തരം കേസുകളില്‍ പ്രകടിപ്പിക്കില്ല. കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചുകഴിഞ്ഞാല്‍ പിന്നെ സഹായിക്കാന്‍ സര്‍വകലാശാലയില്‍ ആള്‍ക്കാരുണ്ട്. ജയം ഉറപ്പാക്കുന്ന അധ്യാപകന്റെ പക്കല്‍ കുട്ടിയുടെ ഉത്തരക്കടലാസ് എത്തിച്ചുകൊടുക്കപ്പെടും. അതിനുള്ള പ്രതിഫലം നല്‍കണമെന്നു മാത്രം.

പുനര്‍മൂല്യനിര്‍ണയം 45 ദിവസത്തിനകം ചെയ്യണമെന്നാണ് ചട്ടം. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞാലും ഫലം വരില്ല. അതിനാലാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് സര്‍വകലാശാല തന്നെ കാരണമാകുന്നത്. പുനര്‍മൂല്യനിര്‍ണയത്തിന് സാധാരണയായി അധ്യാപകരെ സര്‍വകലാശാലയിലേക്ക് വിളിച്ചുവരുത്തി കേന്ദ്രീകൃത മാതൃകയിലാണ് ചെയ്യുക. അപ്പോള്‍ ഒരു കുട്ടിയുടെ ഉത്തരക്കടലാസ് കണ്ടുപിടിക്കുക എളുപ്പമല്ല. കോടതിവഴി ഒറ്റപ്പെട്ട കേസുകളില്‍ അനുകൂല ഉത്തരവ് നേടുന്നവര്‍ക്ക് ഈ കടമ്പയും മറികടക്കാന്‍ കഴിയും.
എം.ജി. സര്‍വകലാശാലയുടെ 2008 ജനവരിയിലെ എം.എസ്‌സി. ഊര്‍ജതന്ത്രം പരീക്ഷയുടെ ക്വാണ്ടം മെക്കാനിക്‌സ് രണ്ടാംപേപ്പറിന് 12 കുട്ടികള്‍ക്ക് ലഭിച്ച മാര്‍ക്ക് തീരെ കുറവായിരുന്നു. 75ല്‍ 12 മുതല്‍ 19 വരെ മാര്‍ക്ക് നേടിയ അഞ്ച് കുട്ടികള്‍ക്ക് പുനര്‍മൂല്യനിര്‍ണയത്തിലൂടെ കിട്ടിയ മാര്‍ക്കുകള്‍ അമ്പരിപ്പിക്കുന്നതും. തോറ്റവരൊക്കെ ജയിച്ചു. ആദ്യ മൂല്യനിര്‍ണയത്തില്‍ 15 മാര്‍ക്ക് കിട്ടിയ കുട്ടിക്ക് 39 മാര്‍ക്ക്, 19 മാര്‍ക്കുകാരന് 44. രണ്ട് അധ്യാപകരെക്കൊണ്ട് പുനര്‍മൂല്യനിര്‍ണയം നടത്തിയപ്പോഴാണ് ഈ സ്ഥിതി. പുനര്‍മൂല്യനിര്‍ണയത്തില്‍ അസ്വാഭാവികമായ തലത്തില്‍ മാര്‍ക്ക് നല്‍കിയ രണ്ടധ്യാപകരോട് ഇതേത്തുടര്‍ന്ന് സിന്‍ഡിക്കേറ്റ് വിശദീകരണം തേടിയിരിക്കയാണ്.

പരീക്ഷാഹാളിലുള്ള ഉദാരീകരണം മൂല്യനിര്‍ണയത്തിലുമുണ്ട്. അണ്‍എയ്ഡഡ് കോളേജുകളിലെ അധ്യാപകര്‍ പരസ്​പര ധാരണയോടെ മൂല്യനിര്‍ണയം നടത്തുന്നു. ഗുണഭോക്താക്കള്‍ അവരുടെ കോളേജുകളിലെ കുട്ടികള്‍ തന്നെ! അണ്‍എയ്ഡഡ് കോളേജ് അധ്യാപകരുടെ സഹായമില്ലാതെ മൂല്യനിര്‍ണയം അസാധ്യമാണെന്നാണ് കാലിക്കറ്റ് സര്‍വകലാശാലാ പരീക്ഷാ കണ്‍ട്രോളര്‍ വി. രാജഗോപാലന്‍ പറഞ്ഞത്. ''സര്‍വകലാശാലയ്ക്കുകീഴില്‍ 21 നഴ്‌സിങ് കോളേജുകളുണ്ട്. ഇതില്‍ 19ഉം സ്വാശ്രയമേഖലയിലും. രണ്ട് സര്‍ക്കാര്‍ കോളേജുകളിലെ അധ്യാപകരെക്കൊണ്ട് 21 കോളേജുകളിലെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്താന്‍ എങ്ങനെ സാധിക്കും?'' ചോദ്യം ന്യായം തന്നെ.

പക്ഷേ, ഇത്തരം 'കെണി'കളില്‍പ്പെട്ടുപോകുന്ന കോളേജ് അധ്യാപകര്‍ സമൂഹത്തോടും നാളത്തെ തലമുറയോടും ചില ഉത്തരങ്ങള്‍ പറയാന്‍കൂടി ബാധ്യസ്ഥരാണ്.

അതേക്കുറിച്ച് നാളെ.

തയ്യാറാക്കിയത്: കെ.ജി. മുരളീധരന്‍, അനീഷ് ജേക്കബ്,
വി.യു. മാത്യുക്കുട്ടി, രതീഷ് രവി


വിലക്ക് കോപ്പിയടി പിടിച്ച അധ്യാപകന്


തിരുവനന്തപുരം ഗവണ്‍മെന്റ് സംസ്‌കൃത കോളേജിലാണ് സംഭവം. എം.എ. ഹിസ്റ്ററി പരീക്ഷ നടക്കുകയാണ്. ഇന്‍വിജിലേറ്റര്‍ അതേ കോളേജിലെ അധ്യാപകന്‍ കെ. രവീന്ദ്രന്‍നായരാണ്. പരീക്ഷ തുടങ്ങി അല്പം കഴിഞ്ഞപ്പോള്‍ത്തന്നെ ഹാള്‍ടിക്കറ്റിന്റെ ഇരുവശത്തും പുസ്തകം പകര്‍ത്തിക്കൊണ്ടുവന്ന നാല് വിദ്യാര്‍ഥികളെ കൈയോടെ പിടികൂടി. അവരുടെ ഹാള്‍ടിക്കറ്റും പിടിച്ചെടുത്തു. പ്രിന്‍സിപ്പലിനും ചീഫ് സൂപ്രണ്ടിനും വിവരം കാണിച്ച് റിപ്പോര്‍ട്ട് നല്‍കി. പക്ഷേ, റിപ്പോര്‍ട്ട് മുകളിലേക്ക് പോയില്ല.
എന്നാല്‍, പരാതിക്കാരനായ അധ്യാപകന്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്ന മട്ടിലായിരുന്നു കോളേജ് അധികൃതര്‍. കുട്ടികള്‍ക്ക് സംഘടനയുടെ പിന്‍ബലവുമുണ്ട്. ഒടുവില്‍ സര്‍വകലാശാല ഒരു അന്വേഷണം നടത്തി. അതിലെ കണ്ടെത്തലാണ് ഞെട്ടിക്കുന്നത്. രവീന്ദ്രന്‍നായരുടെ റിപ്പോര്‍ട്ട് കളവാണ്. അദ്ദേഹത്തെ പരീക്ഷാജോലികളില്‍നിന്ന് മൂന്നുവര്‍ഷത്തേക്ക് ഡീബാര്‍ ചെയ്യാനും സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തു.
കോപ്പിയടി പിടിച്ച മഹാപാതകം ചെയ്ത രവീന്ദ്രന്‍നായര്‍ എന്ന അധ്യാപകന് ഇപ്പോഴും പരീക്ഷാഹാളില്‍ വിലക്കാണ്!



ലോഡ്ജ്മുറിയിലിരുന്നും പരീക്ഷ എഴുതാം


ലോഡ്ജ് മുറിയിലിരുന്ന് പരീക്ഷ എഴുതാന്‍ പറ്റുമോ? പറ്റുമെന്ന് അടുത്തിടെ കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന സംഭവം തെളിയിക്കുന്നു. ബി.കോം. അവസാന വര്‍ഷ സപ്ലിമെന്ററി പരീക്ഷയുടെ രണ്ടു പേപ്പറുകളാണ് നീലേശ്വരം സ്വദേശി ലിജുരാജ് കാഞ്ഞങ്ങാട് നെഹ്രു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിനു സമീപമുള്ള ലോഡ്ജിലിരുന്ന് എഴുതിയത്.കോളേജിലെ ക്ലര്‍ക്ക് പി.വി. ശങ്കരന്റെ സഹായത്തോടെയായിരുന്നു ഇത്. പരീക്ഷ തുടങ്ങുമ്പോള്‍ ശങ്കരന്‍ ചോദ്യക്കടലാസും ഉത്തരക്കടലാസും ലോഡ്ജ്മുറിയിലിരിക്കുന്ന ലിജുവിന് എത്തിച്ചുകൊടുക്കും. പരീക്ഷ കഴിഞ്ഞ് ഉത്തരക്കടലാസ് ബണ്ടിലാക്കുമ്പോള്‍ ഈ ഉത്തരക്കടലാസും അതില്‍ തിരുകും. വിദ്യാര്‍ഥിയില്‍നിന്ന് പണം വാങ്ങിയാണ് ക്ലര്‍ക്ക് ഇതിന് ഒത്താശ ചെയ്തതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.
തുടര്‍ന്ന് മാനേജ്‌മെന്റ് ക്ലര്‍ക്ക് ശങ്കരനെ സസ്‌പെന്‍ഡ് ചെയ്തു. ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്ത ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. ലിജുരാജ് ഇതിനിടെ ഗള്‍ഫിലേക്കും കടന്നു.സംഭവത്തെക്കുറിച്ച് പോലീസും സര്‍വകലാശാലയും മാനേജ്‌മെന്റും നടത്തുന്ന അന്വേഷണം ഇനിയും പൂര്‍ത്തിയായിട്ടില്ല.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്