ലയനം ജൂണില്‍; ജോസഫ് ഗ്രൂപ്പ് പിളര്‍പ്പിലേക്ക്
(മാധ്യമം ദിനപ്പത്രം)
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മാണി ^ജോസഫ് ലയനനീക്കത്തിന് ശക്തിപകര്‍ന്ന് മന്ത്രി പി.ജെ. ജോസഫ് ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍നിന്ന് വിട്ടുനിന്നു. 30ന് ചേരുന്ന ജോസഫ് ഗ്രൂപ്പിന്റെ സംസ്ഥാന സമിതി ലയനം സംബന്ധിച്ച് അന്തിമതീരുമാനമെടുക്കും. അതില്‍ അംഗീകാരം കിട്ടിയാല്‍ തൊട്ടടുത്ത ദിവസം അദ്ദേഹം രാജിവെക്കുമെന്നാണ് സൂചന. ജൂണ്‍ ആറിന് കോട്ടയത്ത് ലയനസമ്മേളനം നടത്താനാണ് ലക്ഷ്യമിടുന്നത്.
അതേസമയം ലയനനീക്കം ജോസഫ് ഗ്രൂപ്പില്‍ പൊട്ടിത്തെറിക്ക് വഴിവെച്ചു. പി.സി. തോമസ്, സ്കറിയാ തോമസ്, വി. സുരേന്ദ്രന്‍പിള്ള എന്നിവരുടെ നേതൃത്വത്തില്‍ ഒരുസംഘം ലയനത്തിനില്ലെന്നും ഇടതുമുന്നണിയില്‍ നിലനില്‍ക്കുമെന്നും വ്യക്തമാക്കിയോടെ പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുകയാണ്. നാലോളം ജില്ലാ പ്രസിഡന്റുമാര്‍ ഒപ്പമുണ്ടെന്ന് അവര്‍ അവകാശപ്പെടുന്നു.
ഇടതുമുന്നണിയില്‍ നിലനില്‍ക്കുകയും മന്ത്രിസ്ഥാനം വഹിക്കുകയും ചെയ്യുന്നതിനിടെ എതിര്‍മുന്നണിയിലേക്ക് ചേക്കേറാന്‍ നടത്തിയ ചര്‍ച്ചകള്‍ ജോസഫ് ഗ്രൂപ്പിന്റെ ഇടതുമുന്നണിയിലെ നിലനില്‍പ് പ്രതിസന്ധിയിലാക്കി. അതേസമയം ജോസഫ് ഗ്രൂപ്പിനെ എടുക്കുന്നതിനെ കൈയടിച്ച് പ്രോല്‍സാഹിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറായില്ല. മുന്നണി വിടല്‍ തീരുമാനം അങ്ങാടിപ്പാട്ടായതിനെ തുടര്‍ന്ന് ഇടത് മുന്നണിയില്‍ പ്രതിസന്ധിയിലായ ജോസഫിന്റെ കടുത്ത അവകാശവാദങ്ങളെ തല്ലിക്കെടുത്തും വിധമാണ് കെ.എം. മാണിയുടെ പ്രതികരണം. നേതൃത്വത്തില്‍ ചര്‍ച്ച തുടങ്ങിയിട്ടില്ലെന്നും ലയനം നടന്നാല്‍ സ്വാഗതം ചെയ്യുമെന്നുമാണ് മാണി പ്രതികരിച്ചത്.
ലയനനീക്കങ്ങളുടെ ഭാഗമായി മുന്‍കൂട്ടിയെടുത്ത തീരുമാനപ്രകാരമാണ് പി.ജെ. ജോസഫ് മന്ത്രിസഭാ യോഗത്തില്‍നിന്ന് വിട്ടുനിന്നത്. പങ്കെടുക്കില്ലെന്ന കാര്യം മുഖ്യമന്ത്രിയെ അറിയിക്കുക പോലും ചെയ്തില്ല. സ്വന്തം മുന്നണിയില്‍ നിന്ന് എതിര്‍ചേരിയുമായി ചര്‍ച്ച നടത്തിയ ജോസഫിനെ മുന്നണിയില്‍ പിടിച്ചുനിര്‍ത്താനുള്ള ഒരു ശ്രമവും ഇതുവരെ ഉണ്ടായിട്ടില്ല. ആരെയും ബലംപ്രയോഗിച്ച് മുന്നണിയില്‍ നിര്‍ത്തില്ലെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ വ്യക്തമാക്കി. ജനതാദളിലെ വീരേന്ദ്രകുമാര്‍ പക്ഷം മുന്നണി വിട്ടപ്പോള്‍ തടയാന്‍ ശ്രമിച്ച മുഖ്യമന്ത്രി ജോസഫിന്റെ കാര്യത്തില്‍ അശേഷം ആകുലത പ്രകടിപ്പിച്ചില്ല.
ജോസഫ് ഗ്രൂപ്പിന്റെ ലയനം നടന്നാല്‍ മൂന്ന് എം.എല്‍.എമാര്‍ കൂടി നിയമസഭയില്‍ മാണിക്ക് ലഭിക്കും. ജോസഫിന് പുറമെ ടി.യു. കുരുവിളയും മോന്‍സ് ജോസഫുമാണ് പ്രതിപക്ഷത്തെത്തുക. നാലാമത്തെ എം.എല്‍.എയായ വി. സുരേന്ദ്രന്‍ പിള്ള ഇടതുമുന്നണിയില്‍ തുടരും. ലയനത്തിന്റെ ആദ്യനീക്കങ്ങളില്‍ ജോസഫിനോടൊപ്പം നില്‍ക്കുമെന്ന സൂചനയാണ് സുരേന്ദ്രന്‍പിള്ളയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കിയതെങ്കിലും ബുധനാഴ്ച രാവിലെയോടെ അദ്ദേഹം ഇടതുമുന്നണിയില്‍ നിലനില്‍ക്കുമെന്ന് അറിയിക്കുകയായിരുന്നു.
മുന്നണിയില്‍ നിലനിന്നാല്‍ മന്ത്രിസ്ഥാനം ലഭിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ജോസഫിനെ എതിര്‍ക്കുന്ന പി.സി. തോമസ് കേരള കോണ്‍ഗ്രസിന് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് ആവര്‍ത്തിച്ച് പറയുകയും ചെയ്യുന്നുണ്ട്.
കേരള കോണ്‍ഗ്രസിലെ ലയന നീക്കം യു.ഡി.എഫിലെ മറ്റ് കക്ഷികളെയൊന്നും സന്തോഷിപ്പിച്ചിട്ടില്ല. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും അല്‍പം തെളിച്ച് തന്നെ ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്.
ഇടതിലെ ഏതെങ്കിലും കക്ഷിയെ പിടിക്കേണ്ട കാര്യം ഇപ്പോള്‍ യു.ഡി.എഫിനില്ലെന്നും ലയനമോ സഹകരണമോ വഴി പുതിയ കക്ഷികള്‍ വന്നുവെന്ന് കരുതി കൂടുതല്‍ സീറ്റ് കൊടുക്കില്ലെന്നും അവര്‍ പറയുന്നു. ലയനത്തിന് അവര്‍ക്ക് പൂര്‍ണ മനസ്സില്ല. മാത്രമല്ല ജോസഫിനെതിരായ നിലപാടുമായി പി.ടി. തോമസ് എം.പിയും യൂത്ത് കോണ്‍ഗ്രസുമൊക്കെ രംഗത്തുവന്നിട്ടുണ്ട്. ആര്‍.ബാലകൃഷ്ണപിള്ളയെ പോലെയുള്ള ചെറുകക്ഷികള്‍ ജോസഫ് മന്ത്രിസ്ഥാനത്ത് തുടരുന്നതിനെ ചോദ്യംചെയ്തിട്ടുണ്ട്.
യു.ഡി.എഫ് കൂട്ടായി ചര്‍ച്ച ചെയ്യുമെന്ന തന്ത്രപരമായ സമീപനമാണ് ലീഗ് പ്രകടിപ്പിച്ചിരിക്കുന്നത്. മാണി ഗ്രൂപ്പ് മുന്നണിയിലെ രണ്ടാം സ്ഥാനക്കാരാകാനുള്ള നീക്കം സൂക്ഷ്മതയോടെയാണ് മുസ്ലിം ലം ലീഗ് നിരീക്ഷിക്കുന്നത്.
No comments:
Post a Comment