വിദ്യാഭ്യാസ നിയമം: സ്വാശ്രയ അനുകൂല വ്യവസ്ഥക്ക് കേരളത്തിന്റെ പിന്തുണ
(വാർത്ത-മാധ്യമം ദിനപ്പത്രം)
തിരുവനന്തപുരം: കേന്ദ്രം നടപ്പാക്കിയ വിദ്യാഭ്യാസ അവകാശ നിയമത്തിലെ സ്വാശ്രയ സ്കൂളുകള്‍ക്ക് അനുകൂലമായ വ്യവസ്ഥക്ക് കേരളത്തിന്റെ പിന്തുണ. ഈ വ്യവസ്ഥ അംഗീകരിക്കില്ലെന്നും കേരളം പുതിയ മാനദണ്ഡങ്ങള്‍ വെക്കുമെന്നും നേരത്തേ നടത്തിയ പ്രഖ്യാപനങ്ങള്‍ വിഴുങ്ങിയാണ് സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിച്ചത്. ഇന്നലെ നടന്ന സര്‍വകക്ഷി യോഗത്തില്‍ ഈ വ്യവസ്ഥ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ തടയാനാവശ്യമായ ചട്ടങ്ങള്‍ കേരളത്തില്‍ വേണ്ടെന്നാണ് ധാരണയായത്. സര്‍ക്കാറിന്റെ പൂര്‍ണ പിന്തുണയോടെയാണ് തീരുമാനം.
ഒരു അണ്‍എയ്ഡഡ് സ്കൂള്‍, അവിടെ പ്രവേശിപ്പിക്കുന്ന മൊത്തം കുട്ടികളില്‍ സമീപ വാസികളായ പാവപ്പെട്ട 25 ശതമാനം കുട്ടികളെ പ്രവേശിപ്പിക്കണമെന്നും ഇവരുടെ ഫീസ് സര്‍ക്കാര്‍ നല്‍കണമെന്നുമാണ് നിയമത്തിലെ വ്യവസ്ഥ. ഇത് കേരളത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും പൊതു വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുമെന്നും സ്വാശ്രയ രീതിയില്‍ പ്രവര്‍ത്തിക്കുന്ന അണ്‍എയ്ഡഡ് സ്കൂളുകളുടെ വളര്‍ച്ചക്ക് സഹായകരമാകുമെന്നുമാണ് വിദ്യാഭ്യാസ വിചക്ഷണര്‍ വിലയിരുത്തിയത്. വിദ്യാഭ്യാസ മന്ത്രിയും പലതവണ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. കുട്ടികളെ കിട്ടാതെ ബുദ്ധിമുട്ടുന്ന കേരളത്തിലെ അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ കുട്ടികളെ എത്തിച്ചുകൊടുക്കുന്നതാണ് ഈ വ്യവസ്ഥ എന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇതെല്ലാം അവഗണിച്ചാണ് ഇപ്പോള്‍ ഈ വ്യവസ്ഥ അതേപടി നടപ്പാക്കാന്‍ വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം തീരുമാനിച്ചത്. ഇത് നടപ്പാക്കുന്നതുമൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത കേന്ദ്രം വഹിക്കണമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം.
ഇതുമൂലം കേരളത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്ന അധ്യാപകരുടെ എണ്ണം വര്‍ധിക്കുമെന്ന് വിലയിരുത്തിയ യോഗം ഇതിന്റെ ബാധ്യതയും കേന്ദ്രം വഹിക്കണമെന്ന് ആവശ്യപ്പെടാന്‍ തീരുമാനിച്ചു. ഫലത്തില്‍ അണ്‍എയ്ഡഡ് സ്കൂളുകളെ സഹായിക്കുന്നതായി മാറി കേരള തീരുമാനം. സാമ്പത്തിക നഷ്ടം കേന്ദ്രത്തോട് ആവശ്യപ്പെടുമ്പോള്‍ ഇത് നടപ്പാക്കുന്നതുമൂലം സ്കൂള്‍ സ്കൂള്‍ അടച്ചുപൂട്ടല്‍ പോലുള്ളവയുണ്ടാക്കുന്ന സാമൂഹ്യ നഷ്ടം ആരു നികത്തുമെന്ന ചോദ്യത്തിന് വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി മറുപടി പറഞ്ഞില്ല.
നിയമത്തിലെ ഈ വ്യവസ്ഥ കേരളത്തിന് പ്രതികൂലമാണെന്ന് ഇതുസംബന്ധിച്ച് പഠിച്ച പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയും വിലയിരുത്തിയിരുന്നു. ഇതനുസരിച്ച് ഇതിന്റെ പ്രത്യാഘാതം തടയാന്‍ ആവശ്യമായ വ്യവസ്ഥകള്‍ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്താനും കമ്മിറ്റി തീരുമാനിച്ചിരുന്നു. കേരളത്തില്‍ അണ്‍ എയ്ഡഡ് സ്കൂളുകളുടെ ഒരു കിലോമിറ്റര്‍ ചുറ്റളവില്‍ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാലയങ്ങള്‍ ഇല്ലെങ്കില്‍ മാത്രം അണ്‍എയ്ഡഡില്‍ പ്രവേശിപ്പിക്കപ്പെടുന്ന 25 ശതമാനത്തിന്റെ ഫീസ് സര്‍ക്കാര്‍ നല്‍കിയാല്‍ മതിയെന്നായിരുന്നു കമ്മിറ്റി നിര്‍ദേശിച്ച വ്യവസ്ഥ. പൊതുവെ സ്വീകരിക്കപ്പെട്ട ഈ നിര്‍ദേശം ഇതോടെ അട്ടിമറിക്കപ്പെട്ടു.
ഈ വ്യവസ്ഥ പാവപ്പെട്ടവര്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി തന്നെയാണ് യോഗത്തില്‍ ആവശ്യപ്പെട്ടത്. സി.പി.എം പ്രതിനിധികളടക്കം ഇതിനെ പിന്തുണച്ചു. ഇതോടെ കേരളത്തിലെ ഉപസമിതിയുടെ നിര്‍ദേശം സര്‍ക്കാര്‍ തന്നെ തള്ളിക്കളയുകയായിരുന്നു. ഇങ്ങനെ പഠിപ്പിക്കുന്നവരുടെ ഉപരിപഠനം എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന കാര്യത്തിലും ധാരണയുണ്ടായില്ല. കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നിയമത്തില്‍ ആവശ്യമായ മാറ്റം വരുത്താന്‍ കേന്ദ്രം അനുവദിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഈ പ്രസ്താവനക്ക് പോലും പ്രസക്തിയില്ലാതാക്കുന്നതായി യോഗ തീരുമാനം. ഫലത്തില്‍, കേരളത്തില്‍ വ്യാപകമായി എതിര്‍ക്കപ്പെടുകയും കേരളം സ്വന്തം നിലയില്‍ തിരുത്താന്‍ തീരുമാനിക്കുകയും ചെയ്ത നിയമത്തിലെ വ്യവസ്ഥ നടപ്പാക്കുന്നതിലാണ് സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ സുപ്രധാന സമവായമുണ്ടാക്കിയത്.
സര്‍വകക്ഷി സംഘം ദല്‍ഹിക്ക്
തിരുവനന്തപുരം: കേന്ദ്രവിദ്യാഭ്യാസ നിയമം നടപ്പാക്കുമ്പോള്‍ കേരളത്തില്‍ ആവശ്യമായ ഭേദഗതികള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണും. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഇന്നലെ നടന്ന സര്‍വകക്ഷിയോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. പ്രവേശനപ്രായം ആറുവയസ്സാക്കുന്നതിന് ഒരുവര്‍ഷം സാവകാശം നല്‍കുക, എല്‍.പി യു.പി ഘടനാമാറ്റമടക്കം നിയമം നടപ്പാക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കേന്ദ്ര സഹായം ആവശ്യപ്പെടുക, അണ്‍എയ്ഡഡ് സ്കൂളിലെ നിര്‍ബന്ധിത പ്രവേശനത്തിന് ആവശ്യമായ ചെലവുകളും ഇതുമൂലം സംരക്ഷിത അധ്യാപകരുണ്ടായാല്‍ വരുന്ന അധിക ചെലവുകളും കേന്ദ്രം വഹിക്കുക എന്നീ ആവശ്യങ്ങളും സര്‍വകക്ഷി സംഘം ഉന്നയിക്കും. അണ്‍എയ്ഡഡ് സ്കൂളിലെ നിര്‍ബന്ധിത പ്രവേശം എന്ന വ്യവസ്ഥ പരമാവധി ഉപയോഗപ്പെടുത്താനും യോഗം തീരുമാനിച്ചതായി പിന്നീട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി എം.എ ബേബി അറിയിച്ചു.
എന്‍.പി ജിഷാര്‍
No comments:
Post a Comment