ഇടതുമുന്നണി ഉലയുന്നു |
വന്നാല്‍ 20 സീറ്റിലും മത്സരിക്കുമെന്ന് സി.പി.ഐ. വയനാട് വേണ്ടിസീറ്റില്‍ സി.പി.എം. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചില്ല ജനതാദള്‍ മന്ത്രിയെ പിന്‍വലിച്ചേക്കും തിരുവനന്തപുരം: പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ സി.പി.ഐ. നിശ്ചയിച്ച സ്ഥാനാര്‍ഥിക്ക് പകരം മറ്റ് സ്ഥാനാര്‍ഥികളുമായി സി.പി.എം. മുന്നോട്ടുപോയാല്‍ 20 ലോക്‌സഭാ മണ്ഡലങ്ങളിലും സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു. പൊന്നാനിയില്‍ എ.പി. കുഞ്ഞാമുവിനെയാണ് സി.പി.ഐ. സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ജില്ലാ സെക്രട്ടറി അഡ്വ. പി. രാമചന്ദ്രന്‍നായര്‍, തൃശ്ശൂരില്‍ ജില്ലാ സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ സി.എന്‍. ജയദേവന്‍, മാവേലിക്കരയില്‍ ആര്‍.എസ്. അനില്‍ എന്നിവരാണ് സി.പി.ഐ. സ്ഥാനാര്‍ഥികള്‍. പൊന്നാനിയില്‍ സ്വന്തം നിലയ്‌ക്ക് പൊതു സ്വതന്ത്രനെ നിശ്ചയിച്ച സി.പി.എം. തീരുമാനത്തിനെതിരെ സി.പി.ഐ. രംഗത്തുവന്നതിന് പുറമെ തങ്ങളുടെ കൈവശമുള്ള കോഴിക്കോട് സീറ്റ് പിടിച്ചെടുക്കാനുള്ള സി.പി.എം. നീക്കത്തെ ചെറുക്കാന്‍ ജനതാദളും തീരുമാനിച്ചിട്ടുണ്ട്. 20 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനുള്ള സി.പി.ഐയുടെ തീരുമാനവും കോഴിക്കോട് സീറ്റ് ലഭിച്ചില്ലെങ്കില്‍ മന്ത്രിയെ പിന്‍വലിക്കാനുള്ള ജനതാദളിന്റെ തീരുമാനവും ഇടതുമുന്നണിയെ ഉലയ്‌ക്കുകയാണ്. ഈ രണ്ട് പാര്‍ട്ടികളും തീരുമാനങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ അത് നടപ്പാക്കാനുള്ള ഒരുക്കത്തിലാണ്. ഇന്നത്തെ നിലയിലുള്ള ഇടതുമുന്നണി കേരളത്തില്‍ രൂപംകൊണ്ട 1980 മുതല്‍ മൂന്നു പതിറ്റാണ്ടു നീണ്ട ചരിത്രത്തില്‍ ഇതുവരെ നേരിടാത്ത പ്രതിസന്ധിയാണ് ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്നത്. സി.പി.ഐയ്‌ക്ക് നാല് ലോക്‌സഭാ സീറ്റാണ് കഴിഞ്ഞ എല്‍.ഡി.എഫ്. യോഗത്തിലെ സീറ്റ് വിഭജനത്തില്‍ ലഭിച്ചതെന്നും പൊന്നാനി, തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂര്‍ എന്നീ സീറ്റുകളില്‍ സി.പി.ഐ. നിശ്ചയിക്കുന്ന സ്ഥാനാര്‍ഥികളെ ഇടതുമുന്നണി സ്ഥാനാര്‍ഥികളായി അംഗീകരിക്കണമെന്നുമാണ് സി.പി.ഐയുടെ നിലപാട്. ഇത് അംഗീകരിച്ചില്ലെങ്കില്‍ 20 ലോക്‌സഭാ മണ്ഡലങ്ങളിലും സി.പി.ഐ. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രികകള്‍ സമര്‍പ്പിക്കും. മറ്റ് മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ അതത് ജില്ലാ കമ്മിറ്റികള്‍ക്ക് സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ അടിയന്തര നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഘടകകക്ഷികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ തയ്യാറാക്കി നിര്‍ത്തുമെങ്കിലും സംസ്ഥാന നേതൃത്വം നിര്‍ദേശിക്കുന്നതിനനുസരിച്ച് മാത്രം പത്രിക നല്‍കിയാല്‍ മതിയെന്നും സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. പൊന്നാനി സീറ്റ് സംബന്ധിച്ച് സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ കടുത്ത തീരുമാനം കൈക്കൊണ്ടതോടെ വ്യാഴാഴ്‌ച ചേരുന്ന ഇടതുമുന്നണി യോഗം അതി നിര്‍ണായകമാകുകയാണ്. പൊന്നാനിയില്‍ സി.പി.ഐ. നിശ്ചയിച്ച എ.പി. കുഞ്ഞാമുവിന് പകരം സി.പി.എം. ഹുസൈന്‍ രണ്ടത്താണിയെ രംഗത്തിറക്കി സൗഹൃദമത്സരത്തിന് കോപ്പുകൂട്ടിയാല്‍ ഇടതുമുന്നണി തകര്‍ച്ചയെ നേരിടേണ്ടിവരുമെന്നാണ് സി.പി.ഐ. നല്‍കുന്ന മുന്നറിയിപ്പ്. ആദ്യഘട്ടമെന്ന നിലയിലാണ് മുഴുവന്‍ സീറ്റിലും സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനുള്ള തീരുമാനം. ഇതുകൊണ്ടും സി.പി.എം. വഴങ്ങുന്നില്ലെങ്കില്‍ സി.പി.ഐ. മന്ത്രിമാരെയും പാര്‍ട്ടിയുടെ ബോര്‍ഡ്/കോര്‍പ്പറേഷന്‍ ചെയര്‍മാന്‍മാരെയും രാജിവെപ്പിക്കാനും സി.പി.ഐ. തീരുമാനിച്ചിട്ടുണ്ട്. വ്യാഴാഴ്‌ചത്തെ എല്‍.ഡി.എഫ്. യോഗത്തില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ഇടതുമുന്നണിയുടെ തുടര്‍ന്നുള്ള തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി സഹകരിക്കേണ്ടെന്നും സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. പക്ഷേ, സംസ്ഥാന കൗണ്‍സില്‍ കൈക്കൊണ്ട ഈ കടുത്ത തീരുമാനങ്ങള്‍ തല്‍ക്കാലം ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. ബുധനാഴ്‌ച ചേര്‍ന്ന സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സി.പി.എം. നിലപാടുകള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. കൊല്ലം, ആലപ്പുഴ, ഇടുക്കി, കോട്ടയം എന്നീ ജില്ലകളില്‍നിന്നുള്ള അംഗങ്ങളായിരുന്നു കടുത്ത വിമര്‍ശനം നടത്തിയത്. പാര്‍ട്ടിക്ക് നല്ല ശക്തിയുള്ള കൊല്ലം പാര്‍ലമെന്റ് സീറ്റില്‍ അവകാശം ഉന്നയിക്കാതിരുന്ന സി.പി.ഐ. നേതൃത്വത്തെയും കൊല്ലം ജില്ലയില്‍നിന്നുള്ളവര്‍ വിമര്‍ശിച്ചു. പൊന്നാനിയില്‍ പൊതുസമ്മതരായ വ്യക്തികളെ സ്ഥാനാര്‍ഥികളാക്കാന്‍ തങ്ങള്‍ സമീപിച്ചപ്പോള്‍ അവരെ നിരുത്സാഹപ്പെടുത്തുന്ന സമീപനം മലപ്പുറത്തെ സി.പി.എം. നേതൃത്വം സ്വീകരിച്ചതായി അവിടെനിന്നുള്ള അംഗങ്ങള്‍ പറഞ്ഞു. കോഴിക്കോട് സി.പി.എം. എടുത്തു തിരുവനന്തപുരം: കോഴിക്കോട് അടക്കം 14 ലോക്‌സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടികയ്‌ക്ക് സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗീകാരം നല്‍കി. കോഴിക്കോട്ട് ഡി.വൈ.എഫ്.ഐ. നേതാവ് അഡ്വ. റിയാസ് മുഹമ്മദാണ് സി.പി.എം. സ്ഥാനാര്‍ഥി. ഇപ്പോള്‍ ജനതാദളിന്റെ കൈവശമുള്ള കോഴിക്കോട് ഏറ്റെടുക്കുന്നതിന് പകരമായി അവര്‍ക്ക് നല്‍കാന്‍ നീക്കിവെച്ചിരിക്കുന്ന വയനാട് സീറ്റില്‍ സി.പി.എം. സ്ഥാനാര്‍ഥിയെ നിശ്ചയിച്ചിട്ടില്ല. കോഴിക്കോട് സീറ്റിലെ സ്ഥാനാര്‍ഥിത്വത്തിന് സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗീകാരം നല്‍കിയതുവഴി ജനതാദളില്‍നിന്നും ആ സീറ്റ് പിടിച്ചെടുക്കുന്നതിനുള്ള സി.പി.എം. നേതൃത്വത്തിന്റെ തീരുമാനത്തിനും സി.പി.എം. സംസ്ഥാന സമിതിയുടെ അംഗീകാരം ലഭിച്ചിരിക്കുകയാണ്. പി. കരുണാകരന്‍ (കാസര്‍കോട്), കെ.കെ.രാഗേഷ് (കണ്ണൂര്‍), പി.സതീദേവി (വടകര), എം.ബി.രാജേഷ് (പാലക്കാട്), ടി.കെ.ഹംസ (മലപ്പുറം), യു.പി. ജോസഫ് (ചാലക്കുടി), പി.കെ.ബിജു (ആലത്തൂര്‍), സിന്ധുജോയി (എറണാകുളം), കെ.സുരേഷ് കുറുപ്പ് (കോട്ടയം), ഡോ.കെ.എസ്. മനോജ് (ആലപ്പുഴ), അഡ്വ. അനന്തഗോപന്‍ (പത്തനംതിട്ട), എ.സമ്പത്ത് (ആറ്റിങ്ങല്‍), പി. രാജേന്ദ്രന്‍ (കൊല്ലം) എന്നിവരാണ് മറ്റ് സി.പി.എം. സ്ഥാനാര്‍ഥികള്‍. ഇവരില്‍ പി.കരുണാകരന്‍, പി.സതീദേവി, ടി.കെ.ഹംസ, കെ.സുരേഷ്‌കുറുപ്പ്, പി.രാജേന്ദ്രന്‍, ഡോ.കെ.എസ്.മനോജ് എന്നിവര്‍ സിറ്റിങ് എം.പി.മാരാണ്. 'കാമ്പസ് റിക്രൂട്ടുമെന്റ് ' സ്ഥാനാര്‍ഥി പട്ടികയ്‌ക്ക് അംഗീകാരം നല്‍കുന്നതിനായി നടന്ന ചര്‍ച്ചയില്‍ പട്ടികയില്‍ മിക്കവരും കാമ്പസ് റിക്രൂട്ടുമെന്റുകളാണെന്ന വിമര്‍ശനം ഉയര്‍ന്നു. എസ്.എഫ്.ഐ.ക്കാര്‍ക്ക് അധിക പ്രാതിനിധ്യം നല്‍കുന്ന പട്ടികയാണെന്നും ട്രേഡ് യൂണിയന്‍ അടക്കം പല വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം ഇല്ലെന്നുമായിരുന്നു വിമര്‍ശനം. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരാണ് രൂക്ഷമായ വിമര്‍ശനം നടത്തിയത്. പിണറായിയുടെ നേതൃത്വത്തിലുള്ള നവകേരള മാര്‍ച്ചില്‍ സഹകരിക്കാതിരുന്നതിന്റെ പേരില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെതിരെ ബുധനാഴ്‌ചയും സംസ്ഥാന സമിതിയില്‍ വിമര്‍ശനം തുടര്‍ന്നു. |
പകർത്തിവയ്പുകൾ
ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.
Thursday, March 12, 2009
ഇടതുമുന്നണി ഉലയുന്നു -മാത്ര്‌ഭൂമി വാർത്ത
Subscribe to:
Post Comments (Atom)
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്
No comments:
Post a Comment