വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Wednesday, March 11, 2009

പാക്‌ ജനാധിപത്യം ഭീഷണിയില്‍

പാക്‌ ജനാധിപത്യം ഭീഷണിയില്‍

മാതൃഭൂമി മുഖപ്രസംഗം

പാകിസ്‌താനിലെ സംഭവവികാസങ്ങള്‍, അവിടെ ജനാധിപത്യവും സമാധാനവും പുലരണമെന്നാഗ്രഹിക്കുന്നവര്‍ക്കെല്ലാം ആശങ്കയുണ്ടാക്കുന്നതാണ്‌. മാര്‍ച്ച്‌ 16-നകം രാജ്യത്ത്‌ ക്രമസമാധാനവും സ്ഥിരതയും കൊണ്ടുവരാന്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ സ്ഥാനമൊഴിയണമെന്ന്‌ പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരിക്ക്‌ സൈനിക മേധാവി ജനറല്‍ അഷ്‌ഫാഖ്‌ കയാനി മുന്നറിയിപ്പു നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്‌.

പാകിസ്‌താനില്‍ സൈന്യം വീണ്ടും അധികാരം കൈയടക്കുന്നതിന്റെ സൂചനയാണ്‌ കയാനിയുടെ അന്ത്യശാസനമെന്ന്‌ കരുതപ്പെടുന്നു. അമേരിക്കന്‍സന്ദര്‍ശനം കഴിഞ്ഞ്‌ തിരിച്ചെത്തിയ ഉടന്‍ വിളിച്ചുചേര്‍ത്ത ഉന്നതസൈനികരുടെ യോഗത്തില്‍, പാകിസ്‌താനിലെ സ്ഥിതിഗതികളില്‍ അമേരിക്കയ്‌ക്കുള്ള ആശങ്കയെക്കുറിച്ച്‌ കയാനി അറിയിക്കുകയുണ്ടായി. അതിനാല്‍ പുതിയ നീക്കത്തിനു പിന്നില്‍ അമേരിക്കയാണെന്ന്‌ സംശയമുയര്‍ന്നിരിക്കുന്നു.

രാജ്യത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലല്ല, രാഷ്ട്രീയ എതിരാളിയായ നവാസ്‌ ഷെരീഫിനെതിരെ നടപടികള്‍ എടുക്കുന്നതിലാണ്‌ താത്‌പര്യമെന്നതാണ്‌ സര്‍ദാരിക്കെതിരെ ഉയര്‍ന്നിരിക്കുന്ന പ്രധാന ആരോപണം. അത്‌ അടിസ്ഥാനരഹി തമല്ലെന്ന്‌ തോന്നിപ്പിക്കുന്ന പല നീക്കങ്ങളും അദ്ദേഹത്തി ന്റെ ഭാഗത്തു നിന്നുണ്ടായി.

നവാസ്‌ ഷെരീഫിനെയും സഹോദരന്‍ ഷഹബാസ്‌ ഷെരീഫിനെയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന്‌ പാകിസ്‌താന്‍ സുപ്രീംകോടതി വിലക്കിയിരുന്നു. ഷഹബാസ്‌ ഷെരീഫിനെ അയോഗ്യനാക്കുക വഴി പഞ്ചാബ്‌ പ്രവിശ്യയില്‍ സര്‍ദാരി ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയത്‌ വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കി. നവാസ്‌ ഷെരീഫിനെതിരെ സുപ്രീംകോടതി വിധി വന്നതിനുപിന്നില്‍ സര്‍ദാരിയാണെന്നാരോപിച്ച്‌ നവാസിന്റെ അനുകൂലികള്‍ രാജ്യമെമ്പാടും നടത്തുന്ന പ്രക്ഷോഭവും പാകിസ്‌താനിലെ ക്രമസമാധാന നിലയെ കാര്യമായി ബാധിച്ചിട്ടുണ്ട്‌.
പര്‍വെസ്‌ മുഷറഫ്‌ പ്രസിഡന്റായിരുന്നപ്പോള്‍ പുറത്താക്കിയ സുപ്രീംകോടതി ജഡ്‌ജ ിമാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട്‌ അഭിഭാഷകരും ഷെരീഫിന്റെ അനുയായികളും ഇസ്‌ലാമാബാദില്‍ മാര്‍ച്ച്‌ 16-ന്‌ റാലി നടത്താന്‍ നിശ്ചയിച്ചിരിക്കുകയാണ്‌. കഴിഞ്ഞവര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ പര്‍വെസ്‌ മുഷറഫിന്‌ പാക്‌ ജനത കനത്ത തിരിച്ചടി നല്‍കിയെങ്കിലും അവരുടെ ഹിതം മാനിച്ച്‌ ജനാധിപത്യം രൂഢമൂലമാക്കുന്നതിന്‌ ഐക്യത്തോടെ പ്രവര്‍ത്തിക്കാന്‍, സര്‍ദാരി നയിക്കുന്ന പി.പി.പിക്കും നവാസ്‌ ഷെരീഫിന്റെ പി.എം.എല്‍.എന്നിനും കഴിഞ്ഞില്ല.

തിരഞ്ഞെടുപ്പു കഴിഞ്ഞ്‌ മൂന്നാഴ്‌ചയോളം നീണ്ട രാഷ്ട്രീയാനിശ്ചിതത്വത്തിനു ശേഷമാണ്‌ കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപവത്‌കരിക്കാന്‍ ഇരു കക്ഷികളും ധാരണയിലെത്തിയത്‌. എന്നാല്‍ മുഷറഫ്‌ പുറത്താക്കിയ ജഡ്‌ജ ിമാരെ തിരിച്ചെടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ രണ്ടു മാസം കഴിഞ്ഞപ്പോള്‍ പി.എം.എല്‍.എന്‍. പിണങ്ങിപ്പിരിഞ്ഞു. ഇത്‌ മന്ത്രിസഭയെക്കുറിച്ചുള്ള ജനങ്ങളുടെ പ്രതീക്ഷയ്‌ക്ക്‌ മങ്ങലേല്‌പിച്ചു.

രാജ്യം വന്‍ പ്രശ്‌നങ്ങള്‍ നേരിടുമ്പോഴാണ്‌ സര്‍ദാരി പ്രസിഡന്റ്‌ സ്ഥാനത്തെത്തുന്നത്‌. പാകിസ്‌താന്‍ രാഷ്ട്രീയത്തില്‍ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിട്ടുള്ളയാളാണ്‌ സര്‍ദാരി. പുതിയ പ്രതിച്ഛായയോടെ നീങ്ങാന്‍ സര്‍ദാരിക്കു കഴിയുമെന്ന്‌ ചിലരെങ്കിലും പ്രതീക്ഷിച്ചിരുന്നുവെങ്കിലും അത്‌ അസ്ഥാനത്തായി. സര്‍ദാരിയുടെ കാര്യക്ഷമതയില്ലായ്‌മ അനുദിനമെന്നോണം തെളിഞ്ഞുവന്നു. പാകിസ്‌താന്റെ മണ്ണില്‍ ഭീകരത വളരാന്‍ അനുവദിക്കുകയില്ലെന്ന്‌ സര്‍ദാരി പ്രഖ്യാപിച്ചിരുന്നെങ്കിലും അക്കാര്യത്തില്‍ കാര്യമായൊന്നും ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഏറ്റവുമൊടുവില്‍ ലാഹോറില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ്‌ താരങ്ങള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണം പാകിസ്‌താനിലെ സ്ഥിതിവിശേഷം ആഗോള സമൂഹത്തിനുതന്നെ കടുത്ത ഭീഷണിയാണെന്ന്‌ ഓര്‍മിപ്പിക്കുന്നു.

ഭീകരതയടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ സര്‍ക്കാരില്‍ നിന്ന്‌ അടിയന്തര നടപടികളുണ്ടായേ മതിയാകൂ. അതേസമയം പ്രശ്‌നങ്ങളുടെ പേരില്‍ അവിടത്തെ ജനാധിപത്യ ഭരണകൂടം അട്ടിമറിക്കപ്പെടരുത്‌. സൈന്യത്തിന്റെ അന്ത്യശാസനമുണ്ടായ സാഹചര്യത്തില്‍ അവിടത്തെ സര്‍ക്കാരിന്റെയും രാഷ്ട്രീയകക്ഷികളുടെയും ഉത്തരവാദിത്വം വര്‍ധിച്ചിരിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായ ജനവിധിയുടെ അന്തസ്സത്തയനുസരിച്ച്‌ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും ജനാധിപത്യത്തിനെതിരെ ഉയരുന്ന ഭീഷണികളെ നേരിടാനും പാകിസ്‌താന്‍ഭരണകൂടത്തിനും രാഷ്ട്രീയകക്ഷികള്‍ക്കും കഴിയുമോ എന്നാണ്‌ ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്‌.

കേട്ടതും കേള്‍ക്കേണ്ടതും » ക്ലാസ്സിഫൈഡ്‌സ്‌ » കാര്‍ട്ടൂണ്‍ »
മുഖപ്രസംഗം »

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്