വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Wednesday, March 11, 2009

ഒറീസ, നവീന്‍ പട്നായിക് ; മാതൃഭൂമി ലേഖനങ്ങള്‍

എന്തും സംഭവിക്കാം

കാഴ്‌ചയ്‌ക്കപ്പുറം

ടി.വി.ആര്‍. ഷേണായ്‌

ബിജു ജനതാദളിന്റെ കൂറുമാറ്റം ഒരടിയല്ല എന്ന്‌ ശഠിച്ചു കൊണ്ട്‌ ബി.ജെ.പി.ക്ക്‌്‌്‌ ആരെയും പറ്റിക്കാനാവില്ല. പക്ഷേ, രാഷ്ട്രീയം,ബിസ്‌മാര്‍ക്കിന്റെ വചനം ഉദ്ധരിക്കുകയാണെങ്കില്‍ സാധ്യതയുടെ കലയാണ്‌. പൊതുതിരഞ്ഞെടുപ്പിനുശേഷം എന്തും സംഭവിക്കാം

'ഓ, കിഴക്ക്‌ കിഴക്കാണ്‌ , പടിഞ്ഞാറ്‌ പടിഞ്ഞാറും ആ ചരടൊരിക്കലും കൂട്ടിമുട്ടില്ല' എന്ന്‌ പണ്ട്‌ കിപ്ലിങ്ങ്‌ പാടിയതുപോലെയാണ്‌ ബി.ജെ.പി.യുടെ ദുരവസ്ഥ.
ഇന്ത്യയുടെ തീരദേശ ഭൂപടം നോക്കിയാല്‍ ഞാന്‍ പറയുന്നത്‌ മനസ്സിലാകും. തീരദേശത്തുള്ള സംസ്ഥാനങ്ങളേതൊക്കെയാണ്‌? ഗുജറാത്ത്‌, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, കേരള തുടങ്ങിയവരാണ്‌ അറബിക്കടലിന്റെ തീരത്തെങ്കില്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്തുള്ളത്‌ ബംഗാളും ഒറീസ്സയും ആന്ധ്രപ്രദേശും തമിഴ്‌നാടുമാണ്‌.

ഇപ്പോഴത്തെ കാര്യങ്ങളുടെ കിടപ്പനുസരിച്ച്‌്‌ ബി.ജെ.പി. ക്ക്‌ കിഴക്കന്‍ തീരത്തെ സംസ്ഥാനങ്ങളിലൊന്നും ഒരൊറ്റ സഖ്യകക്ഷിയില്ല. അഞ്ച്‌ വര്‍ഷം മുമ്പ്‌്‌, കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിന്റെ കാലത്തെ സ്ഥിതി വെച്ച്‌ ഇന്നത്തെ കാര്യം കഷ്‌ടമാണ്‌. 2004-ല്‍ ബി.ജെ.പി.ക്ക്‌ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സും ഒറീസ്സയില്‍ ബിജു ജനതാദളും ആന്ധ്രനപ്രദേശില്‍ തെലുങ്കുദേശവും തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം. കെ. യുമുണ്ടായിരുന്നു.

ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ്‌ തന്ത്രങ്ങളെ മുഴുവന്‍ അലങ്കോലത്തിലാക്കിയെന്ന്‌ തോന്നിപ്പിച്ചുകൊണ്ട്‌ അതില്‍ ഓരോ കക്ഷിയും എന്‍.ഡി.എ. വിട്ടുപോയ്‌ക്കഴിഞ്ഞിരിക്കുന്നു.
ഇനി അറബിക്കടലിന്റെ തീരത്തെ സംസ്ഥാനങ്ങള്‍ നോക്കുക. ഗുജറാത്തിലും കര്‍ണാടകയിലും ബി .ജെ.പി.സര്‍ക്കാറുകളാണുള്ളത്‌. മഹാരാഷ്ട്രയിലും ഗോവയിലും അത്‌ പ്രധാന കക്ഷിയുമാണ്‌. കേരളമൊഴിച്ച്‌ മറ്റിടങ്ങളിലൊക്കെ
ബി.ജെ.പി. അനേകം സീറ്റുകള്‍ നേടാനിടയുണ്ട്‌ - കിഴക്കന്‍ തീരത്ത്‌ നിന്നും കടകവിരുദ്ധമായ കാഴ്‌ച.
'ചരടൊരിക്കലും കൂട്ടിമുട്ടില്ല' എന്ന തത്ത്വം ബി.ജെ.പി.ക്ക്‌ മാത്രം ബാധകമാണെന്നും കൂടി കൂട്ടിച്ചേര്‍ക്കണം.

കോണ്‍ഗ്രസ്സിന്‌ ഇരു തീരത്തും നല്ല പ്രാതിനിധ്യമുണ്ട്‌. ഈ സംസ്ഥാനങ്ങളില്‍ മിക്കതിലും ഒന്നുകില്‍ അവര്‍ ട്രഷറി ബെഞ്ചുകളിലാണ്‌, അല്ലെങ്കില്‍ മുഖ്യപ്രതിപക്ഷമാണ്‌. (പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും സ്ഥിതി അല്‍പ്പം സങ്കീര്‍ണമാണ്‌ എങ്കിലും പൊതുവേ പറഞ്ഞാല്‍ അവിടെയും അതാണ്‌ സത്യം).

2004-ല്‍ ബി.ജെ.പി.യുടെ കൂട്ടാളികളായിരുന്ന കക്ഷികളൊക്കെ ഇന്നെവിടെയാണ്‌? തൃണമൂല്‍കോണ്‍ഗ്രസ്‌ കോണ്‍ഗ്രസ്സിന്റെ കൂട്ടാളിയാണ്‌. തെലുഗുദേശവും എ. ഐ.എ.ഡി.എം.കെ.യും ബിജുജനതാദളുമെല്ലാം സി.പി. എമ്മിന്റെ ഒപ്പമാണ്‌. ഒരുപക്ഷേ, പുനരുജ്ജീവിപ്പിക്കപ്പെട്ട മൂന്നാം മുന്നണിയുടെ ഭാഗമെന്ന നിലയില്‍.

കേരളം മുതല്‍ പശ്ചിമ ബംഗാള്‍ വരെ തൊട്ടു ചേര്‍ന്നുകിടക്കുന്ന സംസ്ഥാനങ്ങളുടെ നിരയിലൊരിടത്തും ബി.ജെ.പി. ക്ക്‌ സീറ്റുകള്‍ നേടാന്‍ ഒരു ചാന്‍സുമില്ലെന്നാണ്‌, അല്ലെങ്കില്‍ വളരെ ചെറിയ ചാന്‍സേ ഉള്ളൂവെന്നാണിതിന്‌ അര്‍ഥം. (കേരളത്തിലാണെങ്കില്‍ ലോക്‌സഭാ സീറ്റ്‌ പോയിട്ട്‌ ഒരു അസംബ്ലി മണ്ഡലത്തില്‍ ബി.ജെ.പി.ജയിച്ച ചരിത്രമില്ല.) ബംഗാളില്‍ 42 ലോക്‌സഭാ സീറ്റുകളുണ്ട്‌. ഒറീസ്സയില്‍ 21-ഉം ആന്ധ്രയില്‍ 42-ഉം തമിഴ്‌നാട്ടില്‍ 39-ഉം കേരളത്തില്‍ 20ഉം സീറ്റുകളുണ്ട്‌. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെ ഒരു സീറ്റും കൂടി കൂട്ടത്തില്‍ കൂട്ടാം.
ബി.ജെ.പി. ഈ 165 സീറ്റുകള്‍ ഉപേക്ഷിക്കുകയാണെന്നാണോ ഇതിന്റെ അര്‍ഥം?

അങ്ങിനെയെങ്കില്‍, ഡല്‍ഹിയില്‍ അധികാരം തിരിച്ചുപിടിക്കാന്‍ എത്രമാത്രം സാധ്യതയുണ്ട്‌?
ബിജു ജനതാദളിന്റെ കൂറുമാറ്റം ഒരടിയല്ല എന്ന്‌ ശഠിച്ചുകൊണ്ട്‌ ബി.ജെ.പി.ക്ക്‌ ആരെയും പറ്റിക്കാനാവില്ല. പക്ഷേ, രാഷ്ട്രീയം, ബിസ്‌മാര്‍ക്കിന്റെ വചനം ഉദ്ധരിക്കുകയാണെങ്കില്‍ സാധ്യതയുടെ കലയാണ്‌. പൊതുതിരഞ്ഞെടുപ്പിനുശേഷം എന്തും സംഭവിക്കാം.

2004-ല്‍ ഉണ്ടായിരുന്ന എന്‍.ഡി.എ.യില്‍ നിന്ന്‌ വിട്ടുപോയ കക്ഷികളെപ്പറ്റി ഒന്നുകൂടി നോക്കാം. തെലുങ്കുദേശവും ബിജു ജനതാദളും പ്രാഥമികമായും ആത്യന്തികമായും പ്രാദേശികകക്ഷികളാണ്‌. അവരവരുടെ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സാണവരുടെ ശത്രു. 1989-'90-ലും പിന്നീട്‌ 1996-'97-ലും ചെയ്‌തതുപോലെ ഡല്‍ഹിയിലൊരു ഗവണ്മന്റുണ്ടാക്കാന്‍ അവര്‍ കോണ്‍ഗ്രസ്സിന്റെ പിന്തുണ സ്വീകരിക്കുമായിരിക്കും. പക്ഷേ, അവര്‍ കോണ്‍ഗ്രസ്സ്‌ മന്ത്രിസഭയ്‌ക്ക്‌ പിന്തുണ നല്‍കില്ല, അത്‌ ആത്മഹത്യാപരമായിരിക്കും.

ബംഗാളില്‍ മമതാബാനര്‍ജി ഇടതുമുന്നണിക്കെതിരെ പോരാടിയാണ്‌ തന്റെ അടിത്തറ പണിതിരിക്കുന്നത്‌; ഡല്‍ഹിയില്‍ സി.പി.എമ്മുമായി ചേരുന്ന കോണ്‍ഗ്രസ്സിനെ അവര്‍ക്ക്‌ പിന്തുണയ്‌ക്കാനാകുമോ?

തമിഴ്‌നാട്ടില്‍ ജയലളിത അവരുടെ സാധ്യതകളെല്ലാം തുറന്നിട്ടിരിക്കുകയാണ്‌. പണ്ട്‌ ചെയ്‌തിട്ടുള്ളതുപോലെ ബി.ജെ. പി.യുടെ കൂടെയോ കോണ്‍ഗ്രസ്സിന്റെ ഒപ്പമോ ചേരാം - അല്ലെങ്കില്‍ മൂന്നാം മുന്നണിയില്‍ തുടരാം. അവര്‍ ആരുടെ ഒപ്പം ചേര്‍ന്നാലും അക്കൂട്ടരുടെ എതിരാളികള്‍ക്ക്‌ ഡി.എം.കെ. യുടെ പിന്തുണ ഉറപ്പാണ്‌.

കോണ്‍ഗ്രസ്സിന്‌ കിഴക്കന്‍ തീരത്തായാലും പടിഞ്ഞാറന്‍ തീരത്തായാലും പ്രചാരണം നിസ്സാരമായെടുക്കാനാവില്ല. ബി.ജെ.പി. 'നിര്‍ദയ നിലപാട്‌' എടുക്കുമെന്ന്‌ കരുതുകയാണെങ്കില്‍ ശക്തികേന്ദ്രങ്ങളില്‍ ശ്രദ്ധയൂന്നി, കാത്തിരിക്കാം - തെലുങ്കുദേശത്തിന്റെയും ബിജു ജനതാദളിന്റെയും തലയില്‍ കോണ്‍ഗ്രസ്‌ വിരുദ്ധനയങ്ങള്‍ ഉദിച്ചുയരാന്‍ വേണ്ടി. അല്ലെങ്കില്‍ തൃണമൂലിന്റെ തലയില്‍ ഇടതുവിരുദ്ധവികാരം ഉയരാന്‍.
നമ്മുടെ ജനാധിപത്യത്തെപ്പറ്റിയുള്ള ദുഃഖകരമായ വിലയിരുത്തലാവാം, എന്നാലും പൊതുതിരഞ്ഞെടുപ്പ്‌ ഗവണ്മന്റ്‌ രൂപവത്‌കരണത്തിലെ ആദ്യഭാഗം മാത്രമാണ്‌. പാര്‍ട്ടി നേതാക്കന്മാര്‍ -പ്രത്യേകിച്ചും പ്രാദേശികശക്തികളുടെ നേതാക്കന്മാര്‍ - തിരഞ്ഞെടുപ്പിന്‌ ശേഷം സ്വന്തംനില വിലയിരുത്തിക്കഴിയുമ്പോള്‍ മാത്രമേ രണ്ടാം ഘട്ടം ഉണ്ടാകൂ.

വലതു നിന്ന്‌ ഇടത്തോട്ട്‌, ബി.ജെ.പി.യില്‍ നിന്ന്‌ സി.പി.എമ്മിലേക്ക്‌ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തിരിയാന്‍ നവീന്‍ പട്‌നായിക്കിന്‌ എളുപ്പമായിരുന്നു. ഇത്രയും 'മെയ്യഭ്യാസം' ഉള്ള നമ്മുടെ നേതാക്കള്‍ കിഴക്കും പടിഞ്ഞാറും സംഗമിക്കാ മെന്ന്‌ കാണിക്കാന്‍ തങ്ങളുടെ മികച്ച കഴിവു തന്നെ പുറത്തെടുക്കും.

പട്‌നായിക്കിന്റെ പാഠം

കേവിയെസ്‌


''ഞങ്ങളാണ്‌ നിങ്ങളെ അധികാരത്തിലേറ്റിയത്‌. ഞങ്ങള്‍ പറയുന്നതു കേട്ടാല്‍ മതി. അല്ലെങ്കില്‍ അതിന്റെ ഫലമറിയും.'' ഒറീസ്സ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനു മുന്നില്‍ ഒരു സംഘപരിവാര്‍ നേതാവ്‌ ഉയര്‍ത്തിയ ഭീഷണിയാണിത്‌. കന്ധമാലിലെ കലാപത്തിനിടയിലായിരുന്നു ഈ കൂടിക്കാഴ്‌ച. വി.എച്ച്‌.പി. നേതാവ്‌ പ്രവീണ്‍ തൊഗാഡിയയുടെ കന്ധമാല്‍ സന്ദര്‍ശന പരിപാടിയില്‍ മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ കാര്യങ്ങള്‍ നേരിട്ട്‌ ധരിപ്പിക്കാനെത്തിയതായിരുന്നു പരിവാര നായകന്‍; കൂടെ സംസ്ഥാനത്തെ ബി.ജെ.പിക്കാരായ രണ്ട്‌ മന്ത്രിമാരും പാര്‍ട്ടി നേതാക്കളുമുണ്ടായിരുന്നുവത്രെ.
തൊഗാഡിയയുടെ സന്ദര്‍ശനം മുഖ്യമന്ത്രി ഒഴിവാക്കിച്ചു എന്നത്‌ വേറെ കാര്യം.

ഈ സംഭവം കേരളത്തിലെ സംഘപരിവാറില്‍ പോലും പറഞ്ഞുകേട്ടിരുന്നു, 'ഒറീസ്സ്‌സ മുഖ്യമന്ത്രിയെ നിലയ്‌ക്കു നിര്‍ത്തി' എന്ന മട്ടില്‍. നവീന്‍ പട്‌നായിക്‌ അന്ന്‌ മിണ്ടിയില്ല. എന്നാല്‍ ഏതൊരു രാഷ്ട്രീയ നേതാവിനും സഹിക്കുവാന്‍ കഴിയുന്നതിന്‌ പരിധിയില്ലേ ? അവസരം കിട്ടിയപ്പോള്‍ പട്‌നായിക്‌ ആയുധം പ്രയോഗിച്ചു. ബി.ജെ.പി. അതോടെ നടുക്കടലിലായി. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും എല്‍.കെ.അദ്വാനിക്കുമുണ്ടായിരുന്ന സര്‍വ പ്രതീക്ഷകളും ഒറീസ്സയിലെ ബി.ജെ.പി-ബി.ജെ.ഡി. വേര്‍പിരിയല്‍ തകര്‍ത്തു കഴിഞ്ഞു. എന്‍.ഡി.എ.യ്‌ക്ക്‌ സാധ്യത തീരെ ഇല്ലാതായി എന്ന തോന്നലുണ്ടാവാന്‍ അത്‌ വഴിവെച്ചു.

അതുമാത്രമല്ല അവരുടെ പ്രശ്‌നം. ചെറിയ പ്രാദേശിക പാര്‍ട്ടികള്‍ ഓരോന്നും ഇനി വിലപേശാന്‍ തുടങ്ങും. കരുത്തനായ പ്രധാനമന്ത്രി എന്ന മട്ടില്‍ അദ്വാനിയെ അവതരിപ്പിച്ചവര്‍ തുടക്കത്തിലേ പ്രതിരോധത്തിലാവുന്ന കാഴ്‌ചയാണ്‌ കാണുന്നത്‌. ഇതൊക്കെ സംഭവിച്ചത്‌ ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും നേതൃത്വത്തിലെ ചിലരുടെ പിടിപ്പുകേടും ധാര്‍ഷ്‌ട്യവും കൊണ്ടാണ്‌ എന്നതാണ്‌ വസ്‌തുത. എല്‍.കെ.അദ്വാനിയെപ്പോലുള്ള ഒരു വലിയ നേതാവ്‌ ഇതിനിടയില്‍ അപമാനിതനാവുന്നു.






രാജ്യത്തെ മികവുറ്റ ഭരണാധികാരികളില്‍ ഒരാളായി നവീന്‍ പട്‌നായിക്‌ മാറിയിരുന്നു. പത്തുവര്‍ഷം മുമ്പ്‌ അദ്ദേഹം ഒറീസ്സ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുമ്പോള്‍ അതായിരുന്നില്ല സ്ഥിതി. കേന്ദ്രമന്ത്രി എന്ന നിലയ്‌ക്കുള്ള കുറച്ചുകാലത്തെ ഭരണപരിചയം മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. അപ്പോഴും പ്രാദേശിക ഭാഷയില്‍ അനായാസേന സംസാരിക്കാനുള്ള പ്രയാസം പട്‌നായിക്കിനെ വിഷമിപ്പിച്ചു.

പ്രതിയോഗികള്‍ അത്‌ വിവാദമാക്കുകയും ചെയ്‌തു. എന്നാല്‍ അഞ്ചു വര്‍ഷം കൊണ്ട്‌ അദ്ദേഹം ഭരണമികവ്‌ പ്രകടമാക്കി. മുഖ്യമന്ത്രി എന്ന നിലയ്‌ക്ക്‌ ഒരു ദശാബ്‌ദം പൂര്‍ത്തിയാക്കുമ്പോള്‍ ബിജു പട്‌നായിക്കിന്റെ ഈ മകന്‍ മികച്ച ഭരണകര്‍ത്താവ്‌ എന്ന നിലയ്‌ക്കു മാത്രമല്ല നവീന ഒറീസ്സയുടെ സ്രഷ്‌ടാവ്‌ എന്ന നിലയിലും ഒരു ജനകീയ രാഷ്ട്രീയ നേതാവ്‌ എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു.
ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം അദ്ദേഹത്തിനുണ്ടാക്കാന്‍ കഴിഞ്ഞു. അടുത്തിടെ ഒറീസ്സയെക്കുറിച്ച്‌ ചില സ്വതന്ത്ര ഏജന്‍സികള്‍ നടത്തിയ സര്‍വേയിലും അത്‌ പ്രകടമായിരുന്നു.

ഒറീസ്സയില്‍ അടുത്തിടെയുണ്ടായ കലാപം പക്ഷേ, നവീന്‍ പട്‌നായിക്കിനെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. സംഘപരിവാറിലെ ചിലര്‍ കാട്ടിക്കൂട്ടിയ വികൃതികളുടെ പാപഭാരം പേറാന്‍ അദ്ദേഹവും നിര്‍ബന്ധിതനായി. ഇത്തരം വഴിപിഴച്ച പോക്കില്‍ നിന്ന്‌ ബി.ജെ.പിയെ കരകയറ്റാനാവുമെന്ന്‌ ആദ്യമൊക്കെ ചിന്തിച്ചിരിക്കണം. പക്ഷേ, അവര്‍ ഒന്നിനു പിറകെ ഒന്നെന്ന വണ്ണം പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാനിറങ്ങിപ്പുറപ്പെട്ടു. അതുകൊണ്ടുതന്നെയാണ്‌ കഴിഞ്ഞ തവണത്തെയത്ര സീറ്റ്‌ ബി.ജെ.പിക്ക്‌ നല്‍കാനാവില്ലെന്ന നിലപാട്‌ ബി.ജെ.ഡി. സ്വീകരിച്ചത്‌.

സ്വയം തെറ്റിപ്പോകുന്നെങ്കില്‍ പോകട്ടെ എന്ന തന്ത്രം. സാധാരണ നിലയ്‌ക്ക്‌, ദേശീയതലത്തിലുള്ള ബി.ജെ.പിയുടെ നേതാക്കളില്‍ ആരെങ്കിലും ഇടപെടുമെന്നും കാര്യങ്ങള്‍ തുറന്നുപറഞ്ഞ്‌ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നുമാവാം ഒറീസ്സ മുഖ്യമന്ത്രി കരുതിയത്‌. പക്ഷേ, ഇവിടെ ബി.ജെ.പിക്കു വേണ്ടി ചര്‍ച്ചയ്‌ക്കു പോയത്‌ പത്രപ്രവര്‍ത്തകനായ ഒരു രാജ്യസഭാംഗം - ചന്ദന്‍മിത്ര. ആ കൂടിയാലോചന തീര്‍ന്നയുടനെ ബി.ജെ.പി. ഒറീസ്സ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയായിരുന്നു.

അതിഗൗരവമുള്ള ഒരു പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയുന്ന ഒരാള്‍ ഇന്ന്‌ ബി.ജെ.പി. നേതൃത്വത്തില്‍ ഇല്ലാത്ത സ്ഥിതിയായിരിക്കുന്നു. എന്തിനും ഏതിനും ഒരു എല്‍.കെ.അദ്വാനി. പിന്നെയും കുറെ നേതാക്കളുണ്ട്‌. ബി.ജെ.പിയില്‍ അവര്‍ വലിയവരാവാം ; ബി.ജെപിക്കാര്‍ ബഹുമാനിക്കുന്നുമുണ്ടാവാം. പക്ഷേ, ബഹുജന മനസ്സില്‍ അവര്‍ക്ക്‌ വലിയ സ്ഥാനമൊന്നുമില്ല. ബി.ജെ.പി. അധ്യക്ഷന്‍ രാജ്‌നാഥ്‌സിങ്‌ മുതലുള്ളവരുടെ കാര്യമാണിത്‌. മറ്റു കക്ഷിനേതാക്കള്‍ പലരും അദ്ദേഹത്തേക്കാള്‍ എത്രയോ ഉയരത്തിലാണ്‌ നിലകൊള്ളുന്നത്‌. ഇത്തരമൊരവസ്ഥയില്‍ ബി.ജെ.പി. മുന്‍പൊരിക്കലും ചെന്നെത്തിയിട്ടുണ്ടെന്ന്‌ തോന്നുന്നില്ല. ഈ ദയനീയാവസ്ഥയുടെ പരിണതഫലമാണ്‌ ഒറീസ്സയിലെ തിരിച്ചടി.

പട്‌നായിക്കിന്റെ മനസ്സില്‍ ചിന്തകള്‍ പലതായിരുന്നിരിക്കണം. ഒറീസ്സയില്‍ അധികാരം നിലനിര്‍ത്തുക എന്നതാണ്‌ പ്രധാനം. ഇന്നത്തെ നിലയ്‌ക്ക്‌ ബി.ജെ.പി.യുടെ സഹായമുണ്ടെങ്കില്‍ അത്‌ സാധ്യമാണ്‌. പക്ഷേ, കന്ധമാല്‍ പോലുള്ള സംഭവങ്ങള്‍ മൂലമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാം. ബി.ജെ.പിയെ ഒഴിവാക്കിയാല്‍ പിന്നെയുള്ളത്‌ കോണ്‍ഗ്രസ്സും ഇടതുപക്ഷവും എന്‍.സി.പി.യുമാണ്‌.

കോണ്‍ഗ്രസ്സുമായി സഖ്യത്തിന്‌ സാധ്യതയേയില്ല. ഇടതുപക്ഷ പാര്‍ട്ടികളും എന്‍.സി.പിയും അത്ര വലിയ ശക്തിയൊന്നുമല്ലതാനും. എന്നിട്ടും നവീന്‍ പട്‌നായിക്‌ തേടിയത്‌ അവസാനത്തെ മാര്‍ഗമാണ്‌ ; ഇടതുപക്ഷവുമായുള്ള കൂട്ടുകെട്ട്‌. മതേതരത്വ പ്രതിച്ഛായ തന്നെയാണ്‌ അത്തരമൊരു നിലപാടെടുക്കാന്‍ ഒറീസ്സ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതെന്ന്‌ വ്യക്തം. എന്‍.ഡി.എ. പ്രത്യേകിച്ച്‌ ബി.ജെപി. മനസ്സിലാക്കേണ്ട കാര്യമാണിത്‌. മതേതര നിലപാട്‌ സ്വീകരിക്കുന്നു എന്ന്‌ പ്രഖ്യാപിച്ചാല്‍ മാത്രം പോരാ, മതേതരമാണെന്ന്‌ ജനങ്ങളെ, ചുരുങ്ങിയ പക്ഷം സഖ്യകക്ഷികളെയെങ്കിലും

ബോധ്യപ്പെടുത്താന്‍ അവര്‍ക്ക്‌ കഴിയണമായിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌ ദിവസങ്ങളേ ബാക്കിയുള്ളൂ. കരുത്തു കാട്ടാനുള്ള തത്രപ്പാടിലാണ്‌ ബി.ജെ.പി. 2004-ല്‍ കിട്ടിയത്ര സീറ്റ്‌ അവര്‍ക്ക്‌ ഇത്തവണ ഉണ്ടാവില്ലെന്ന ധാരണ സര്‍വവ്യാപിയായുണ്ട്‌. അത്തരമൊരവസ്ഥയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നു. അതിനിടയിലാണ്‌ കഴിഞ്ഞ പതിനൊന്നു വര്‍ഷമായി കൂടെ കഴിഞ്ഞുപോന്ന ഒരാള്‍ വഴിപിരിഞ്ഞത്‌. ഒറീസ്സ മുഖ്യമന്ത്രിയുടെ വിഷമം മനസ്സിലാക്കാന്‍ എന്‍.ഡി.എ.യ്‌ക്ക്‌ കഴിഞ്ഞില്ല ; ബി.ജെ.പി.ക്ക്‌ തീരെ മനസ്സിലായതേയില്ല.ആരും എന്തും സഹിച്ച്‌ കൂടെ നില്‍ക്കുമെന്ന്‌ അവരൊക്കെ കരുതിയെന്നര്‍ഥം.

ഒറീസ്സയിലെ പ്രശ്‌നം അവിടെ ഒതുങ്ങില്ലെന്നതാണ്‌ പ്രത്യേകത. ബി.ജെപി. മുന്‍പൊരിക്കലുമുണ്ടാവാത്ത വിധം പ്രതിരോധത്തിലാവുകയാണ്‌. എന്‍.ഡി.എയിലെ ഘടകകക്ഷികള്‍ ഓരോരുത്തരായി ഇനി അദ്വാനിക്കു മേല്‍ സമ്മര്‍ദതന്ത്രങ്ങള്‍ പ്രയോഗിക്കും. മഹാരാഷ്ട്രയിലെ ശിവസേന പലകുറി പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചു. സീറ്റ്‌ ധാരണയായ ശേഷവും അവര്‍ കൂടുതല്‍ മണ്ഡലങ്ങള്‍ ആവശ്യപ്പെട്ടു. ബി.ജെ.ഡിയെ പോലെയുള്ള മറ്റൊരു പഴയ സഖ്യകക്ഷിയായ ജനതാദള്‍-യുവും കടുംപിടിത്തത്തിലാണ്‌. ബിഹാറില്‍ 2004-ല്‍ മത്സരിച്ചത്ര സീറ്റിന്‌ ഇത്തവണ ബി.ജെ.പിക്ക്‌ അര്‍ഹതയില്ലെന്നാണ്‌ നിതീഷ്‌ കുമാര്‍ പറയുന്നത്‌. സ്വാഭാവികമായും അവിടെയെല്ലാം ബി.ജെ.പിക്ക്‌ ഇനി കീഴടങ്ങുക മാത്രമാണ്‌ പോംവഴി.

ഹരിയാണയിലെ ഒാംപ്രകാശ്‌ ചൗത്താലയും മറ്റും എന്തും ചെയ്യാന്‍ തയ്യാറുള്ളവരാണെന്നതും ഓര്‍ക്കുക. 2004-ല്‍ കൂടെയുണ്ടായിരുന്ന തൃണമൂല്‍ കോണ്‍നഗ്രസ്സും ജയലളിതയും നേരത്തേ വേര്‍പിരിഞ്ഞിരുന്നു. ആന്ധ്രയിലെ ടി.ഡിപി.യും വളരെ അകന്നുകഴിഞ്ഞു, അതിനു പിന്നാലെയാണ്‌ ഒറീസ്സ സംഭവം. എ.ജി.പിയും ഐ.എന്‍.എല്‍.ഡിയും കൂടെവന്നുവെങ്കിലും പോയതിനൊന്നും പരിഹാരമല്ലത്‌. ഒറീസ്സയില്‍ തനിച്ച്‌ മത്സരിക്കാനാണ്‌ ബി.ജെ.പിയുടെ തീരുമാനം. ആ സംസ്ഥാനം ഇനി ബി.ജെ.പിയുടെ കണക്കില്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും സ്ഥിതിയിലാവുമെന്നര്‍ഥം. ഇതൊക്കെ കൂട്ടിവായിക്കുമ്പോള്‍, അദ്വാനിയുടെ സ്ഥിതി മോശമായിരിക്കുന്നു എന്നേ ആര്‍ക്കും പറയാന്‍ കഴിയൂ.

എവിടെയാണ്‌ യഥാര്‍ഥ പ്രശ്‌നം ? ബി.ജെ.പി. കാര്യഗൗരവത്തോടെ ചിന്തിക്കണം. എ.ബി.വാജ്‌പേയിയുടെയും പ്രമോദ്‌ മഹാജന്റെയുമൊക്കെ കാലത്ത്‌ ഈ അവസ്ഥ വന്നുചേരില്ലായിരുന്നു. അന്നൊക്കെ അദ്വാനി അവര്‍ക്കൊപ്പമുണ്ടായിരുന്നു. പക്ഷേ, ഇന്നിപ്പോള്‍ അദ്വാനിക്കൊപ്പം അങ്ങനെ ഒരാളുമില്ല. എല്ലാവരും മറ്റാരെയൊക്കെയോ നോക്കി ഭയന്ന്‌ കഴിയുന്നു. ഒരു വലിയ പ്രസ്ഥാനത്തിന്റെ ദയനീയ ചിത്രമാണിവിടെ അനാവരണം ചെയ്യപ്പെടുന്നത്‌.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്