വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Saturday, March 14, 2009

അനുയായികളില്ലെങ്കില്‍ ചിഹ്നം നഷ്‌ടപ്പെടും

അനുയായികളില്ലെങ്കില്‍
ചിഹ്നം നഷ്‌ടപ്പെടും

നിയമവേദി
ജി. ഷഹീദ്‌
മാതൃഭൂമി ലേഖനം

''രാഷ്ട്രീയ പാര്‍ട്ടിക്ക്‌ അനുയായികള്‍ വേണം. വേണ്ടത്ര അനുയായികള്‍ ഇല്ലാത്ത പാര്‍ട്ടികളെക്കുറിച്ച്‌ ചിന്തിക്കാന്‍പോലും കഴിയില്ല.''
പാര്‍ട്ടിക്ക്‌ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ചിഹ്നങ്ങളെക്കുറിച്ച്‌ ഉയര്‍ന്ന തര്‍ക്കങ്ങള്‍ പരിശോധിച്ചുകൊണ്ടാണ്‌ സുപ്രീംകോടതിയുടെ ഈ അഭിപ്രായം. തന്റെ പാര്‍ട്ടിയുടെ ചിഹ്നം പിന്‍വലിച്ചുകൊണ്ട്‌ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവാണ്‌ ജനതാപാര്‍ട്ടി പ്രസിഡന്റ്‌ ഡോ. സുബ്രഹ്മണ്യന്‍സ്വാമി സുപ്രീംകോടതിയില്‍ ചോദ്യം ചെയ്‌തത്‌.
1996-ലെ തിരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടിയുടെ പ്രകടനം പാടേ നിരാശാജനകമായിരുന്നു. വോട്ടിങ്‌ ശതമാനത്തില്‍നിന്ന്‌ പാര്‍ട്ടിക്ക്‌ അനുയായികളോ അടിത്തറയോ ഇല്ലെന്ന്‌ സ്ഥിരീകരിച്ചു. രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ നല്‍കിയിരുന്ന ദേശീയ അംഗീകാരം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ പിന്‍വലിച്ചു. പാര്‍ട്ടിയുടെ ചിഹ്നവും നഷ്‌ടപ്പെട്ടു. 2000-ത്തില്‍ ജനതാപാര്‍ട്ടിയുടെ ചിഹ്നം ആന്ധ്രയിലെ തെലുങ്ക്‌ രാഷ്ട്ര സമിതിക്ക്‌ മത്സരിക്കാനുള്ള ചിഹ്നമായി ലഭിച്ചു. ഇതു തികച്ചും ജനാധിപത്യവിരുദ്ധ നടപടിയാണെന്നാണ്‌ ഡോ. സുബ്രഹ്മണ്യന്‍സ്വാമിയുടെ വാദം.
തിരഞ്ഞെടുപ്പു ചിഹ്നം രാഷ്ട്രീയ പാര്‍ട്ടിക്ക്‌ അനുവദിച്ചുകിട്ടിയാല്‍ അത്‌ പാര്‍ട്ടിയുടെ സ്വത്താണെന്നും തിരഞ്ഞെടുപ്പു കമ്മിഷന്‌ അതു പിന്‍വലിക്കാന്‍ കഴിയില്ലെന്നുമുള്ള ഡോ. സുബ്രഹ്മണ്യന്‍സ്വാമിയുടെ വാദം സുപ്രീംകോടതി തള്ളിക്കളഞ്ഞു. ''തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയുടെ പ്രകടനം നിരാശാജനകമായാല്‍ അനുയായികള്‍ ഇല്ലെന്ന്‌ തെളിയിക്കപ്പെടും. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ചിഹ്നം പിന്‍വലിക്കാന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‌ അവകാശമുണ്ടായിരിക്കുമെന്ന്‌ സുപ്രീംകോടതി പറഞ്ഞു. അതിനാല്‍ ചിഹ്നം പാര്‍ട്ടിയുടെ സ്വത്താണെന്നും അതു പിന്‍വലിക്കാന്‍ കമ്മീഷന്‌ അധികാരമില്ലെന്നുമുള്ള വാദം നിരസിക്കപ്പെട്ടു. ബുദ്ധിപരമായ കൂടിയാലോചനകള്‍ നടത്തിയിട്ടാകാം ചിഹ്നം തിരഞ്ഞെടുക്കുന്നത്‌. എന്നാല്‍ അതു ബൗദ്ധികസ്വത്തായി കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി വിശദീകരിച്ചു.
ഒരു ചക്രത്തിനുള്ളില്‍ കലപ്പയേന്തിയ കര്‍ഷകന്‍ നില്‍ക്കുന്നതാണ്‌ 20 വര്‍ഷമായി പാര്‍ട്ടിയുടെ ചിഹ്നം. അതു പിന്‍വലിച്ചുകൊണ്ട്‌ മറ്റേതെങ്കിലും പാര്‍ട്ടിക്ക്‌ ഉപയോഗിക്കാനുള്ള സ്വതന്ത്ര ചിഹ്നമായി അതിനെ മാറ്റാന്‍ കഴിയില്ലെന്നും അദ്ദേഹം വാദിച്ചു. ഭാവിയില്‍ ജനതാപാര്‍ട്ടിക്ക്‌ അനുയായികള്‍ ഉണ്ടാകില്ലെന്ന്‌ കരുതാന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‌ കഴിയുമോ? രാഷ്ട്രീയ കാലാവസ്ഥ മാറി വരില്ലെന്നുണ്ടോ? അതിനാല്‍ ചിഹ്നം പിന്‍വലിച്ചാലും അതു തല്‍ക്കാലം മരവിപ്പിച്ചുവെച്ചാല്‍ മതിയെന്നും മറ്റു പാര്‍ട്ടികള്‍ക്ക്‌ നല്‍കരുതെന്നുമായിരുന്നു ഡോ. സ്വാമിയുടെ അഭ്യര്‍ഥന. പക്ഷേ, അതൊന്നും സുപ്രീംകോടതി സ്വീകരിച്ചില്ല.
കേസിലെ സാഹചര്യങ്ങള്‍ വിലിയരുത്തിക്കൊണ്ട്‌ പാര്‍ട്ടിയിലെ പിളര്‍പ്പ്‌ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്തി ചിഹ്നം പാര്‍ട്ടികള്‍ ഉപയോഗിക്കുന്നത്‌ സംബന്ധിച്ച്‌ തീരുമാനം എടുക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷനാണ്‌ നിയമപ്രകാരം പൂര്‍ണ അധികാരമെന്ന്‌ സുപ്രീംകോടതി വ്യക്തമാക്കി. ചിഹ്നത്തിന്റെ കാര്യത്തില്‍ കമ്മീഷനെ വീണ്ടും സ്വാമിക്ക്‌ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചു. ''തിരഞ്ഞെടുപ്പില്‍ പാര്‍ട്ടികളുടെ പ്രകടനം മോശമായാല്‍ ചിഹ്നം നഷ്‌ടപ്പെടുമെന്ന്‌ നിലവിലുള്ള ചട്ടങ്ങള്‍ വ്യക്തമാക്കുന്നു''- സുപ്രീംകോടതി ഓര്‍മിപ്പിച്ചു.


*************

കുഷ്‌ഠരോഗം , ക്ഷയം എന്നിവ ചികിത്സിച്ച്‌ ഭേദമാക്കാനുള്ള ആധുനിക രീതിയും ഗവേഷണവും നിലനില്‍ക്കെ, ഈ രോഗികളെ പ്രതികൂലമായി ബാധിക്കുന്ന നിയമങ്ങള്‍ നീക്കുന്ന കാര്യം സംസ്ഥാന നിയമസഭകള്‍ പരിഗണിക്കുന്നത്‌ അഭികാമ്യമായിരിക്കുമെന്ന്‌ സുപ്രീംകോടതി പറഞ്ഞു.
കുഷ്‌ഠവും ക്ഷയവുമുള്ളവരെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും ഔദ്യോഗിക പദവികള്‍ വഹിക്കുന്നതിനും വിലക്ക്‌ കല്‌പിക്കുന്ന നിയമം ഒറീസ്സയിലുണ്ട്‌. അങ്ങനെ ജയിച്ച രണ്ടുപേരെ അയോഗ്യരാക്കിയ തിരഞ്ഞെടുപ്പു ട്രൈബ്യൂണലിന്റെ ഉത്തരവ്‌ ഒറീസ്സാ ഹൈക്കോടതി ശരിവെച്ചു. അതിനെതിരെ കൗണ്‍സിലര്‍മാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. മറ്റുള്ളവരുടെ താത്‌പര്യങ്ങള്‍കൂടി മാനിച്ചുകൊണ്ടാണ്‌ രോഗികളെ മത്സരത്തില്‍നിന്ന്‌ ഒഴിച്ചുനിര്‍ത്തിയിട്ടുള്ളത്‌. രോഗം മറച്ചുവെച്ചാണ്‌ രണ്ടുപേര്‍ മത്സരിച്ചു ജയിച്ചത്‌. മത്സരിച്ച സമയത്ത്‌ രണ്ടുപേരും രോഗവിമുക്തരായിരുന്നില്ലെന്ന്‌ ട്രൈബ്യൂണലും ഹൈക്കോടതിയും കണ്ടെത്തിയത്‌ സുപ്രീംകോടതി ശരിവെച്ചു. ഇരുവരെയും അയോഗ്യരാക്കി.
ആധുനിക ചികിത്സാരീതിയുടെ പശ്ചാത്തലത്തില്‍, വിദഗ്‌ധ പഠനസംഘങ്ങളുടെയും കേന്ദ്ര സര്‍ക്കാറിന്റെയും ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ കുഷ്‌ഠരോഗികളെ പ്രതികൂലമായി ബാധിക്കുന്ന നിയമങ്ങള്‍ പല സംസ്ഥാനങ്ങളും നീക്കം ചെയ്‌തിട്ടുണ്ടെന്ന്‌ സുപ്രീംകോടതി പറഞ്ഞു. ഒറീസ്സാ സര്‍ക്കാറും ഇക്കാര്യം ഗൗരവമായി പരിഗണിക്കണം.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്