ലാഹോറും മുംബൈയും കാട്ടിത്തരുന്നത്
കുല്‍ദീപ് നയ്യാര്‍
( മാതൃഭൂമി ലേഖനം )
ഫിബ്രവരി അവസാനം ലാഹോറില്‍ സൗഹൃദസന്ദര്‍ശനം നടത്തിയ ഇന്ത്യന്‍ പൗരസംഘത്തില്‍ ഞാനുമുണ്ടായിരുന്നു. 2008 മാര്‍ച്ചിലാണ് അതിനു മുമ്പ് ഞാന്‍ ലാഹോറില്‍ പോയത്. ഇതിനിടയില്‍ വലിയ മാറ്റങ്ങളൊന്നും അവിടെ ഉണ്ടായതായി എനിക്കു തോന്നിയില്ല. എങ്കിലും ഒരു വ്യത്യാസം എനിക്ക് അനുഭവപ്പെട്ടു. ഭയത്തിന്റെ ഒരന്തരീക്ഷം നിലനില്‍ക്കുന്നു. ഭീകരരെയും ഭീകരാക്രമണങ്ങളെയും കുറിച്ചുള്ള ഭയമായിരുന്നു അത്. ഹോട്ടലുകളിലേക്കും സര്‍ക്കാറാപ്പീസുകളിലേക്കുമുള്ള പ്രവേശനം കര്‍ശനമായി നിയന്ത്രിച്ചിരുന്നു. വാഹനങ്ങളും വ്യക്തികളും സൂക്ഷ്‌മ പരിശോധനയ്‌ക്കു വിധേയരായി.
ഏതു നിമിഷവും എന്തും സംഭവിക്കാമെന്ന ഭീതിയിലായിരുന്നു നഗരമെങ്ങും. എങ്കിലും ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനു നേരേ നടന്ന ഭീകരാക്രമണം ലാഹോറിലെ ജനങ്ങളെ ഞെട്ടിക്കുകതന്നെ ചെയ്‌തു.
രാജ്യത്തിന്റെ താലിബാന്‍വത്‌കരണമാണ് പാക് ജനതയെ ഇപ്പോള്‍ ഏറ്റവുമധികം അലട്ടിക്കൊണ്ടിരിക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. സ്വാത്‌താഴ്‌വര ഉള്‍പ്പെട്ട മലാകന്ദ് ഡിവിഷന്‍ താലിബാന് വിട്ടുകൊടുത്തതിനെ ജമാഅത്തെ ഇസ്‌ലാമി ഒഴിച്ചുള്ള രാഷ്ട്രീയ പാര്‍ട്ടികളൊന്നും അനുകൂലിച്ചിട്ടില്ല. വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയുടെ തലസ്ഥാനമായ പെഷവാറിന്റെ നിയന്ത്രണം എപ്പോള്‍ വേണമെങ്കിലും താലിബാന്‍ പിടിച്ചെടുത്തേക്കുമെന്ന് ജനങ്ങള്‍ പറയുന്നു.
പാകിസ്‌താന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദി അമേരിക്കയാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ പണം കിട്ടുന്നതുകൊണ്ട് അമേരിക്കയോട് പാക് സര്‍ക്കാര്‍ വിധേയത്വം തുടര്‍ന്നുകൊണ്ടേയിരിക്കുമെന്ന് അവര്‍ക്കറിയാം. ഭീകരത അമേരിക്കയുടെ നയത്തിന്റെ പരിണത ഫലമാണെന്നും പാക്‌ജനത കരുതുന്നു.
ഇസ്‌ലാമാബാദ് പിടിച്ചെടുക്കുന്നതില്‍ വിജയിക്കുന്നപക്ഷം താലിബാന്‍ ഇന്ത്യയിലേക്കും പടയോട്ടം നടത്തുമെന്ന് പാകിസ്‌താനികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒരേ സമയം താലിബാനെ പ്രോത്സാഹിപ്പിക്കുകയും യുദ്ധം ചെയ്യുകയുമെന്ന ഇരട്ടത്താപ്പു നയമാണ് മുന്‍ പ്രസിഡന്റ് പര്‍വെസ് മുഷറഫ് കൈക്കൊണ്ടതെന്നും ജനം തിരിച്ചറിയുന്നു. ജനറല്‍ സിയാവുള്‍ ഹഖിന്റെ കാലത്ത് അഫ്‌ഗാനിസ്‌താനിലെ സോവിയറ്റ് സ്വാധീനത്തിനെതിരെ പോരാടാനായി താലിബാനെ വളര്‍ത്തിയത് അമേരിക്കയാണെന്നും അവര്‍ക്കറിയാം.
സന്ദര്‍ശനത്തിനിടെ ഞാന്‍ മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ദീര്‍ഘസംഭാഷണം നടത്തുകയുണ്ടായി. പാകിസ്‌താനും ഇന്ത്യയും അഫ്‌ഗാനിസ്‌താനും ബംഗ്ലാദേശും ഭീകരതയ്‌ക്കെതിരെ സംയുക്ത നീക്കം നടത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. പാകിസ്‌താന്റെ സമസ്‌ത മേഖലകളിലും താലിബാന്‍ നുഴഞ്ഞുകയറിയതില്‍ അദ്ദേഹം അസ്വസ്ഥനാണ്. ആവര്‍ത്തിച്ചുള്ള സൈനിക വാഴ്‌ചകളാണ് പാകിസ്‌താനെ ഈ അവസ്ഥയിലെത്തിച്ചതെന്നാണ് നവാസിന്റെ പക്ഷം. മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് സംയുക്ത അന്വേഷണമെന്ന പാക് നിര്‍ദേശം തള്ളിയ ഇന്ത്യ ഭീകരതയ്‌ക്കെതിരെ സംയുക്ത നീക്കമെന്ന നവാസിന്റെ അഭിപ്രായം മാനിക്കുമോ എന്നു തീര്‍ത്തുപറയാനാവില്ല.
മുംബൈ സംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാത്തിടത്തോളം ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണം അസാധ്യമായിരിക്കുമെന്നാണ് എനിക്കു തോന്നുന്നത്. പാകിസ്‌താനിലെ ചില സൈനികോദ്യോഗസ്ഥര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് ഇന്ത്യ വിശ്വസിക്കുന്നതിനാല്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാണ്. പാക് പ്രസിഡന്റ് ആസിഫലി സര്‍ദാരിയുടെ ഭരണകൂടത്തിന് ഇക്കാര്യം സംബന്ധിച്ച് സൈന്യത്തോട് ഒരക്ഷരം ചോദിക്കാനാവില്ല. പാകിസ്‌താനില്‍ യഥാര്‍ഥ അധികാരം കൈയാളുന്നത് സൈന്യമാണ്.
ഫിബ്രവരി 22 മുതല്‍ 26 വരെ നീണ്ട പാക് സന്ദര്‍ശനത്തിനിടെ ലാഹോറിനു പുറമെ ഇസ്‌ലാമാബാദിലും ഞങ്ങളുടെ സംഘം പോവുകയുണ്ടായി. ഇരുരാജ്യങ്ങളും തമ്മിലുള്ള അകല്‍ച്ച കുറയ്‌ക്കാന്‍ നിരന്തരം ശ്രമം നടത്തുന്ന പാക് സിവില്‍ സമൂഹത്തിന്റെ കരങ്ങള്‍ ശക്തിപ്പെടുത്തുകയായിരുന്നു സന്ദര്‍ശനോദ്ദേശ്യം. മുംബൈ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പാകിസ്‌താന്‍ വേണ്ടത്ര ശുഷ്‌കാന്തി കാട്ടുന്നില്ലെന്ന വികാരം സര്‍ദാരി സര്‍ക്കാറിനെ അറിയിക്കുകയെന്ന ലക്ഷ്യവും ഞങ്ങള്‍ക്കുണ്ടായിരുന്നു. പാക് സര്‍ക്കാര്‍ നടിക്കുന്നത് എന്തുതന്നെയായാലും അവര്‍ മെല്ലെപ്പോക്കാണ് ഇക്കാര്യത്തില്‍ കൈക്കൊള്ളുന്നതെന്നതാണ് സത്യം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നു തന്നെയാണ് പാകിസ്‌താനിലെ ജനങ്ങളും രാഷ്ട്രീയ നേതാക്കളും ആഗ്രഹിക്കുന്നത്.
മുംബൈ സംഭവത്തെ പാക് ജനത പൂര്‍ണമനസ്സോടെ അപലപിച്ചതാണ്. പുതിയൊരു അധ്യായം തുറക്കാനാണ് അവര്‍ക്ക് ആഗ്രഹം. പാക് മണ്ണ് ഭീകരരുടെ താവളമാവുന്നതില്‍ അവര്‍ക്ക് ആധിയുണ്ട്. തങ്ങളും ഭീകരരുടെ ഇരകളാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. സ്വന്തം സര്‍ക്കാറിനെ പ്രതിരോധിക്കാനല്ല അവരിത് പറയുന്നത്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിന് ഇന്ത്യയുടെ കൂട്ടുവേണമെന്ന ആഗ്രഹത്താലാണ്.
ഇന്ത്യ - പാക് ബന്ധത്തിന്റെ ഇപ്പോഴത്തെ അവസ്ഥ അങ്ങേയറ്റം മോശമാണ്. ഇന്ത്യയുമായി സമാധാനത്തില്‍ വര്‍ത്തിക്കാനാണ് പാക് ജനതയ്‌ക്കു മോഹം. ഇന്ത്യയല്ല, അമേരിക്കയാണ് തങ്ങളുടെ ശത്രുവെന്ന് അവര്‍ പരസ്യമായി പറയുന്നു. ഇന്ത്യയുമായി സൗഹാര്‍ദത്തിലാവുകയല്ലാതെ തങ്ങള്‍ക്കു മറ്റു വഴിയില്ലെന്ന തിരിച്ചറിവിലാണ് അവര്‍. എന്നാല്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ പ്രതികരണം ആശാവഹമല്ലെന്ന വികാരം പ്രബലമാണ്.
ജനങ്ങളുടെ തലത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുണ്ടായ സമ്പര്‍ക്കം അത്ഭുതങ്ങള്‍ സൃഷ്‌ടിച്ചതാണ്. അസ്വാസ്ഥ്യങ്ങള്‍ ഉരുകിയൊലിക്കുകയായിരുന്നു. പക്ഷേ, മുംബൈ ആക്രമണത്തോടെ ഇതെല്ലാം വൃഥാവിലായി.
ഞങ്ങളുടെ സംഘവുമായി കൂടിക്കാഴ്‌ച നടത്തിയ പാക് നേതാക്കളെല്ലാം പറഞ്ഞത് മുംബൈ സംഭവം അവരില്‍ അസ്വാസ്ഥ്യമുണ്ടാക്കിയെന്നും അതിനെ ശക്തിയുക്തം അപലപിക്കുന്നുവെന്നുമാണ്. പരസ്‌പര വിനിമയങ്ങളിലൂടെ മാത്രമേ അനുകൂല അന്തരീക്ഷം സൃഷ്‌ടിക്കാനാവൂ.
ക്രിക്കറ്റ് താരങ്ങളടക്കം ആരും പാകിസ്‌താനില്‍ പോവേണ്ടന്ന ഇന്ത്യന്‍ സര്‍ക്കാറിന്റെ നിര്‍ദേശം യഥാര്‍ഥത്തില്‍ നയതന്ത്രപരമായിരുന്നില്ല.
പക്ഷേ, ഇപ്പോള്‍ ശ്രീലങ്കന്‍ താരങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍ അതു നന്നായെന്നു തോന്നുന്നു. ഇന്ത്യന്‍ ടീമിനു പകരമായാണ് ശ്രീലങ്കന്‍ ക്രിക്കറ്റര്‍മാര്‍ പാക് പര്യടനത്തിനു സമ്മതിച്ചത്. കുറേക്കാലമായി രാജ്യത്ത് ഒരു അന്താരാഷ്ട്ര മത്സരവും നടക്കാത്തതില്‍ നിരാശപൂണ്ട പാകിസ്‌താനിലെ ക്രിക്കറ്റര്‍മാരെയും ക്രിക്കറ്റ് പ്രേമികളെയും ഓര്‍ത്തായിരുന്നു ശ്രീലങ്കയുടെ ആ തീരുമാനം. ഇനി ഏതെങ്കിലും രാജ്യത്തിന്റെ ക്രിക്കറ്റ് ടീം പാക് പര്യടനത്തിനു മുതിരുമോ എന്ന ചോദ്യമാണുയരുന്നത്.
പാകിസ്‌താനിലെ ആശങ്കാജനകമായ സുരക്ഷാ സാഹചര്യമാണ് അതിനേക്കാള്‍ ശ്രദ്ധ നേടിയിരിക്കുന്നത്. 2011ലെ ലോകകപ്പ് മത്സരത്തിന് ആതിഥ്യമരുളാന്‍ ഇനി പാകിസ്‌താന് പറ്റുന്ന കാര്യം സംശയമാണ്.
ഞങ്ങളുടെ സൗഹൃദസംഘത്തിന് ജമാഅത്തെ ഇസ്‌ലാമി ഒരുക്കിയ സ്വീകരണത്തെപ്പറ്റി പരാമര്‍ശിക്കാതിരിക്കാനാവില്ല. മുംബൈ സംഭവത്തിനുശേഷം ഒരു ഇന്ത്യന്‍ സംഘത്തിന് ആ സംഘടന നല്‍കുന്ന ആദ്യത്തെ സ്വീകരണമായിരുന്നു അത്. ഇന്ത്യയുമായി സൗഹൃദത്തിലാവാനും കശ്‌മീരടക്കമുള്ള എല്ലാ ഉഭയകക്ഷി പ്രശ്‌നങ്ങളും ശാശ്വതമായി പരിഹരിക്കാനും ആഗ്രഹിക്കുന്നതായി ജമാഅത്തെ ഇസ്‌ലാമി ഞങ്ങളോട് വ്യക്തമാക്കി.
പാകിസ്‌താനിലെ സാധാരണക്കാരന് ഇന്ത്യയോടുള്ള സ്‌നേഹത്തിന് കുറവൊന്നുമില്ല. ലാഹോറിലെ അചാസന്‍ കോളേജിനു മുന്നിലൂടെ പോയപ്പോള്‍ ഞാന്‍ ഒരു കാര്യം ഓര്‍ത്തു. ഈ പൂര്‍വവിദ്യാലയത്തിനു മുന്നില്‍ തന്റെ ചിതാഭസ്‌മം വിതറണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച ഇന്ത്യന്‍ മേജര്‍ ജനറലിനെക്കുറിച്ചായിരുന്നു ആ ചിന്ത. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം രേഖപ്പെടുത്തിയത് ഇപ്രകാരമായിരുന്നു: ''പാകിസ്‌താന്‍കാരോട് പറയൂ, ഞാന്‍ അവര്‍ക്കെതിരെ യുദ്ധങ്ങള്‍ ചെയ്‌തിട്ടുണ്ടെങ്കിലും എനിക്കവരോട് ഒരു പകയുമില്ലെന്ന്.''
ഒട്ടുമിക്ക ഇന്ത്യക്കാരുടെയും പാകിസ്‌താന്‍കാരുടെയും കാര്യമിങ്ങനെത്തന്നെയാണ്. അവര്‍ക്കിടയില്‍ ശാശ്വത വിരോധങ്ങളില്ല. ഒട്ടേറെ സമാനതകള്‍ പങ്കുവെക്കുമ്പോഴും ഇത്രയേറെ അകലം സൂക്ഷിക്കുന്ന രണ്ടു ജനതകള്‍ ലോകത്ത് വേറെയുണ്ടാ
വില്ല.
No comments:
Post a Comment