വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Tuesday, March 24, 2009

മതനിരപേക്ഷതയ്‌ക്ക്‌ പോറലേല്‍ക്കരുത്‌

മാത്ര്‌ഭൂമി മുഖപ്രസംഗം

ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ പ്രസംഗിക്കവെ, ബി.ജെ.പി. നേതാവ്‌ വരുണ്‍ഗാന്ധി മുസ്‌ലിങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍, രാജ്യത്തിന്റെ മതനിരപേക്ഷസ്വഭാവം കാത്തുസൂക്ഷിക്കണമെന്നാഗ്രഹിക്കുന്നവരെയെല്ലാം ഞെട്ടിച്ചു. ആ പ്രസംഗത്തിന്റെ വീഡിയോ സി.ഡി. പരിശോധിച്ച തിരഞ്ഞെടുപ്പുകമ്മീഷന്‍ വരുണ്‍ഗാന്ധി കുറ്റക്കാരനാണെന്നു കണ്ടെത്തിയിരിക്കുന്നു. അദ്ദേഹം വളരെ മോശമായ ഭാഷയില്‍ തികച്ചും അപലപനീയമായ കാര്യങ്ങളാണ്‌ പറഞ്ഞിരിക്കുന്നതെന്ന്‌ കമ്മീഷന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.
വരുണിനെ സ്ഥാനാര്‍ഥിയാക്കരുതെന്ന്‌ കമ്മീഷന്‍ ബി.ജെ.പി.ക്ക്‌ നിര്‍ദേശം നല്‍കി. കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയാലേ ഒരാളെ അയോഗ്യനാക്കാന്‍ അധികാരമുള്ളു എന്നതിനാല്‍ ഇക്കാര്യത്തില്‍ തങ്ങളുടെ നിയമപരമായ പരിമിതിയെക്കുറിച്ച്‌ കമ്മീഷന്‍ ഉത്തരവില്‍ സമ്മതിച്ചിട്ടുണ്ട്‌.

പക്ഷപാതപരമെന്നാരോപിച്ച്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നിര്‍ദേശം ബി.ജെ.പി. നിരാകരിച്ചതായാണ്‌ റിപ്പോര്‍ട്ടുകള്‍. വരുണ്‍ഗാന്ധിയുടെ പ്രസംഗം രാജ്യമെങ്ങും കടുത്ത പ്രതിഷേധത്തിനിടയാക്കി. ബി.ജെ.പിയിലുള്ള ചിലര്‍തന്നെ പ്രസംഗത്തിലെ പരാമര്‍ശങ്ങളോട്‌ എതിര്‍പ്പ്‌ പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ രാഷ്ട്രീയധാര്‍മികത പരിഗണിച്ച്‌ കമ്മീഷന്റെ നിര്‍ദേശം മാനിക്കാന്‍ ബി.ജെ.പി. തയ്യാറാകണം. പിലിഭിത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായ വരുണ്‍ പ്രചാരണത്തിനിടെ നടത്തിയ പരാമര്‍ശങ്ങള്‍ ജനാധിപത്യഭാരതത്തിലെ ഒരു രാഷ്ട്രീയനേതാവില്‍നിന്ന്‌ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തവയാണ്‌. അദ്ദേഹത്തിന്റെ ചില വിമര്‍ശന ങ്ങള്‍ കടുത്ത അസഹിഷ്‌ണുതയുടെയും വര്‍ഗീയവൈരത്തിന്റെയും വിഷം വമിക്കുന്നവയായിരുന്നു. ജനങ്ങളില്‍ പകയും വര്‍ഗീയവികാരവും വളര്‍ത്തി രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ വേണ്ടിയാണ്‌ വരുണ്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയതെന്ന്‌ പറയേണ്ടതില്ല.

വര്‍ഗീയത ആളിക്കത്തിക്കുന്നതരത്തില്‍ പ്രചാരണയോഗത്തില്‍ പ്രസംഗിച്ച വരുണിനെതിരെ തിരഞ്ഞെടുപ്പുകമ്മീഷന്റെ ഉത്തരവനുസരിച്ച്‌ പിലിഭിത്ത്‌ ജില്ലാ ഭരണകൂടം കേസെടുത്തിരുന്നു. ആ പ്രസംഗത്തെ ഗൗരവമായിത്തന്നെയാണ്‌ കമ്മീഷന്‍ കണ്ടത്‌. തന്റെ പ്രസംഗം ചിത്രീകരിച്ച സി.ഡി.യില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നായിരുന്നു വരുണ്‍ഗാന്ധിയുടെ വാദം. വിവിധ മതക്കാര്‍ സ്‌നേഹത്തോടെയും വിശ്വാസത്തോടെയും കഴിയുന്ന രാജ്യമാണ്‌ ഇന്ത്യ. ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികള്‍ ഉണ്ടായപ്പോഴൊക്കെ അവയെ തരണംചെയ്യാന്‍ രാജ്യത്തിനു കഴിഞ്ഞത്‌ ജനങ്ങളുടെ ഐക്യംകൊണ്ടാണ്‌. അത്‌ തകരാനിടയാക്കുംവിധം പ്രചാരണം നടത്തുന്നവര്‍ ജനാധിപത്യത്തിനു മാത്രമല്ല, ഇന്ത്യയുടെ സംസ്‌കാരത്തിനും അപമാനമായിരിക്കും. നമ്മുടെ സ്വാതന്ത്ര്യവും ജനാധിപത്യവ്യവസ്ഥിതിയും സാര്‍ഥകമാകണമെങ്കില്‍ രാജ്യത്തിന്റെ മതനിരപേക്ഷതയ്‌ക്ക്‌ നേരിയ പോറല്‍പോലും ഏല്‍ക്കരുത്‌. സാമുദായിക ഐക്യം തകര്‍ന്നാല്‍ ഒരു സമുദായത്തിനോ പ്രദേശത്തിനോ മാത്രമല്ല എല്ലാവര്‍ക്കും അതിന്റെ ദുഷ്‌ഫലം അനുഭവിക്കേണ്ടിവരും.

രാഷ്ട്രീയമൂല്യങ്ങളും ആദര്‍ശങ്ങളും ജനങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങളും മറന്ന്‌, തിരഞ്ഞെടുപ്പിനെ ഭിന്ന ജനവിഭാഗങ്ങള്‍ തമ്മിലുള്ള പോരാട്ടമാക്കാനുള്ള ശ്രമം ആരുടെഭാഗത്തുനിന്നുണ്ടായാലും തടഞ്ഞേ മതിയാകൂ. ജാതി, മതപരിഗണനകള്‍ കൂടാതെ ജനങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കേണ്ടവരാണ്‌ രാഷ്ട്രീയനേതാക്കള്‍. രാഷ്ട്രീയത്തെയും മതത്തെയും രണ്ടായിക്കാണാന്‍ കഴിയുംവിധം ജനങ്ങളെ പ്രബുദ്ധരാക്കേണ്ട ചുമതലയും അവര്‍ക്കുണ്ട്‌.

ജനക്ഷേമം ലാക്കാക്കിയുള്ള നയങ്ങളും പരിപാടികളും അവതരിപ്പിച്ചാണ്‌ രാഷ്ട്രീയകക്ഷികളും മുന്നണികളും ജനപിന്തുണ തേടുന്നതില്‍ മത്സരിക്കേണ്ടത്‌. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും സമുന്നതമൂല്യങ്ങളില്‍ അധിഷ്‌ഠിതമായിരിക്കണം ഓരോ പ്രചാരണപരിപാടിയും. വരുണ്‍ഗാന്ധിസംഭവം സംബന്ധിച്ചുള്ള തിരഞ്ഞെടുപ്പു കമ്മീഷന്റെ റിപ്പോര്‍ട്ട്‌ രാഷ്ട്രീയകക്ഷികളെയും നേതാക്കളെയും ഓര്‍മിപ്പിക്കുന്നതും മറ്റൊന്നല്ല.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്