പകർത്തിവയ്പുകൾ
ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.
മൂന്നാംശക്തിയുടെ പ്രസക്തി
മൂന്നാംശക്തിയുടെ പ്രസക്തി |
14 Mar, 2009 മാതൃഭൂമി ലേഖനം,
|
കേരളത്തില്‍ പോരടിക്കുന്ന യു.ഡി.എഫ്.-എല്‍.ഡി.എഫുകാര്‍ നാലരക്കൊല്ലം കേന്ദ്രഭരണത്തില്‍ യോജിച്ച് സജീവ സാന്നിധ്യമായിരുന്നിട്ടും കേരളത്തിനെന്തെങ്കിലും നേടിയെടുക്കാനായോ? മുന്നണി രാഷ്ട്രീയം സൃഷ്‌ടിച്ച പരിതാപകരമായ അവസ്ഥയില്‍ നിന്നുള്ള കേരളത്തിന്റെ മോചനമാണ് ബി.ജെ.പി. ആഗ്രഹിക്കുന്നത്.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
മുന്നണിരാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായിട്ടാണ് കേരളം കഴിഞ്ഞ നാലു ദശകങ്ങളായി അറിയപ്പെടുന്നത്. കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ. തുടങ്ങിയ ദേശീയ പാര്‍ട്ടികള്‍ പോലും 1967-നുശേഷം ഒറ്റയ്‌ക്കിവിടെ ജനവിധി തേടിയിട്ടില്ല. രാഷ്ട്രീയം യു.ഡി.എഫ്, എല്‍.ഡി.എഫ്. മുന്നണികളിലായി ധ്രുവീകരിക്കപ്പെട്ട അവസ്ഥയിലാണുള്ളത്. മുന്നണികള്‍ക്കു പുറത്ത് ജയിക്കാന്‍ വിധിക്കപ്പെട്ട മറ്റൊരു കക്ഷിയുണ്ടെന്ന തോന്നല്‍ പൊതുവില്‍ ജനമനസ്സുകളിലേക്ക് സന്നിവേശിക്കപ്പെട്ടിരുന്നില്ല. ദേശീയ രാഷ്ട്രീയം കോണ്‍ഗ്രസ്സും സഹയാത്രികരും എതിര് ബി.ജെ.പി.യും സഖ്യകക്ഷികളും എന്നായപ്പോഴും കേരളം അതില്‍നിന്ന് മാറിനി'ാന്‍ കാരണം ജയപരാജയത്തെക്കുറിച്ചുള്ള ഈ മുന്‍വിധിയാണ്. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രസ്‌തുത തെറ്റായ ധാരണ തിരുത്താന്‍ വളരെയധികം സഹായിച്ചിട്ടുണ്ട്. കേരളത്തെ രണ്ടുമുന്നണികളുടെ കുറ്റികളില്‍ക്കെട്ടി അതിനു ചുറ്റും കറങ്ങി കാലം കഴിക്കേണ്ട ഒന്നല്ലെന്ന തിരിച്ചറിവ് 14-ാം ലോക്‌സഭാ തിരഞ്ഞെടുപ്പു നല്‌കിയിട്ടുണ്ട്. മൂന്നാംശക്തിക്ക് കേരളത്തിലെ രണ്ടു ശക്തമായ മുന്നണികള്‍ക്കിടയില്‍ ചവിട്ടിനി'ാന്‍ ഇടമുണ്ടെന്ന് ലോക്‌സഭാ- പ്രാദേശിക തിരഞ്ഞെടുപ്പു ഫലങ്ങള്‍ കാട്ടിത്തന്നു. ബി.ജെ.പി.ക്ക് വോട്ടു ചെയ്‌താല്‍ ജയിക്കുമെന്നും ഫലവത്താകുമെന്നും 2004-05 ലുണ്ടായ ജനവിധികള്‍ വിളിച്ചോതുന്നു. എന്‍.ഡി.എ.യുടെ ലേബലില്‍ 2004-ല്‍ മൂവാറ്റുപുഴ സീറ്റില്‍ പി.സി. തോമസ് ജയിച്ചത് ഇരുമുന്നണികളെയും ചെറുത്തു തോല്‌പിച്ചുകൊണ്ടായിരുന്നു. മലയാളി മുസ്‌ലിങ്ങള്‍ മാത്രമുള്ള ലക്ഷദ്വീപിലും അരനൂറ്റാണ്ടുകാലത്തെ കോണ്‍ഗ്രസ് കുത്തക അവസാനിപ്പിച്ചുകൊണ്ട് എന്‍.ഡി.എ. ജയിച്ചിരുന്നു. ഈ രണ്ടിടങ്ങളിലും വാജ്‌പേയിയും കൂട്ടരും വര്‍ഗീയ ന്യൂനപക്ഷ വിരുദ്ധ ഫാസിസ്റ്റുകളാണെന്നുള്ള ശക്തമായ പ്രചാരണത്തെ അതിജീവിച്ചാണ് ദേശീയ ജനാധിപത്യ സഖ്യം വിജയിച്ചത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഒരു വിസ്‌മയമായിരുന്നു 14-ാം ലോക്‌സഭാതിരഞ്ഞെടുപ്പുഫലം. ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ് മത്സരിച്ച എല്ലാ സീറ്റിലും പരാജയപ്പെട്ടുവെന്നതായിരുന്നു ഒരത്ഭുതം. മറ്റൊന്ന് ശക്തമായ ഇടത്-വലതു മുന്നണികളെ പിന്തള്ളി ബി.ജെ.പി. നേതൃത്വം കൊടുക്കുന്ന എന്‍.ഡി.എ. അഞ്ചു നിയമസഭാസീറ്റുകളില്‍ ഒന്നാംസ്ഥാനം നേടുകയും മറ്റു അഞ്ചുസീറ്റുകളില്‍ ഏതെങ്കിലുമൊരു മുന്നണിയെ തള്ളിമാറ്റി രണ്ടാംസ്ഥാനത്ത് എത്തുകയും ചെയ്‌തു. ആകെ പോള്‍ ചെയ്‌ത വോട്ടിന്റെ 12.8 ശതമാനം മൂന്നാംശക്തി കരസ്ഥമാക്കി. ഇടതുപക്ഷം 18 സീറ്റുകള്‍ നേടിയെങ്കിലും 70 നിയമസഭാമണ്ഡലങ്ങളിലായി അവര്‍ക്ക് 2001-നേക്കാള്‍ 3,05,663 വോട്ടു കുറയുകയാണ് ഉണ്ടായത്. ബാക്കി 70-ല്‍ അവര്‍ക്ക് വോട്ട് കൂടുകയും ചെയ്‌തു. ബി.ജെ.പി.ക്ക് 5,78,240 വോട്ടാണ് 2004-ല്‍ കൂടുതലായി കിട്ടിയത്. ഐക്യജനാധിപത്യമുന്നണിക്ക് 14 ലക്ഷം വോട്ടിന്റെ കുറവുണ്ടായി. ചുരുക്കിപ്പറഞ്ഞാല്‍ പ്രബലമായ രണ്ടു മുന്നണികളില്‍നിന്നു മാറ്റി മൂന്നാം കക്ഷിക്ക് വോട്ടു ചെയ്‌താല്‍ ഫലമുണ്ടാകുമെന്നും വോട്ട് പാഴാകില്ലെന്നുമുള്ള പാഠമാണ് തിരഞ്ഞെടുപ്പു നല്‌കിയത്. 2005 സപ്‌തംബറില്‍ നടന്ന പഞ്ചായത്ത്-നഗരസഭാ തിരഞ്ഞെടുപ്പ് കൂടുതല്‍ തിളക്കമാര്‍ന്ന വിജയം ബി.ജെ.പി.ക്ക് നല്‌കി. ജനവിധിയിലൂടെ എട്ടു ജില്ലകളിലായി നാലു നഗരസഭകള്‍ ഉള്‍പ്പെടെ 26 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ മുന്നണിരാഷ്ട്രീയക്കാരെ പിന്നിലാക്കി ബി.ജെ.പി. ഒന്നാമത്തെ കക്ഷിയോ മുഖ്യ പ്രതിപക്ഷസ്ഥാനമോ നേടുകയുണ്ടായി. 11 പ്രദേശങ്ങളില്‍ ബി.ജെ.പി. ഭരണത്തില്‍ വന്നു. 614 സീറ്റുകളില്‍ മൂന്നാംശക്തി ജയിച്ചു. 92 പ്രാദേശിക ഭരണകേന്ദ്രങ്ങളില്‍ ആര് ഭരിക്കണമെന്നു നിശ്ചയിക്കത്തക്ക നിര്‍ണായകശക്തിയായി മൂന്നാംചേരി വളര്‍ന്നു. ഏതാണ്ട് 1000-ത്തോളം സീറ്റുകളില്‍ ബി.ജെ.പി. രണ്ടാംസ്ഥാനത്തെത്തി. ചുരുക്കത്തില്‍ മുന്നണികള്‍ക്കിടയില്‍ ശക്തമായ സാന്നിധ്യമായി മൂന്നാംശക്തി വളരാന്‍ പ്രാദേശിക തിരഞ്ഞെടുപ്പ് ഇടയാക്കുകയായിരുന്നു. ഈ രണ്ടു തിരഞ്ഞെടുപ്പുകളിലും ബി.ജെ.പി. ഉണ്ടാക്കിയ നേട്ടം സി.പി.എം. കേന്ദ്ര നേതൃത്വത്തെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുശേഷം കൂടിയ സി.പി.എം. കേന്ദ്ര കമ്മിറ്റിയുടെ വിശകലനം ഇപ്രകാരമായിരുന്നു: ''ബി.ജെ.പി.യുടെ കേരളത്തിലെ വോട്ടുവര്‍ധന അപകടകരമായ മുന്നറിയിപ്പാണ്. ബി.ജെ.പി. ഇത്തവണ വോട്ടുചോര്‍ച്ച തടയുകയും പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കുകയും ചെയ്‌തിരിക്കുന്നു. കേരളത്തില്‍ ആര്‍.എസ്.എസ്, ബി.ജെ.പി. വിരുദ്ധ പോരാട്ടം കൂടുതല്‍ ശക്തിപ്പെടുത്തണം''. (ഹിന്ദു 15.8.2004.) ബി.ജെ.പി.ക്ക് വോട്ടു കൂടിയത് ഗൗരവമായി കാണുമെന്നും അതു പഠനവിഷയമാക്കി തടയിടുമെന്നും അഞ്ചു പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ ഇടതുപക്ഷ വോട്ടില്‍ ചോര്‍ച്ചയുണ്ടായത് അന്വേഷിക്കുമെന്നും സി.പി.എം. കേരള സംസ്ഥാന വിശകലനക്കുറിപ്പില്‍ പറഞ്ഞിരുന്നു. (മാതൃഭൂമി പേജ്-11, 4.7.2004.) സാധാരണ വോട്ടുചോര്‍ച്ചയുടെ പേരില്‍ അനാവശ്യ വിവാദത്തിനും അപവാദത്തിനും ഇരയാകുന്ന കേരള ബി.ജെ.പി. 2004-ല്‍ അത്തരം അശുഭവാര്‍ത്തകളില്‍നിന്നു മോചിതരായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ഇടതു-വലതു മുന്നണികള്‍ വോട്ടുചോര്‍ച്ചയുടെ പേരില്‍ പ്രതിക്കൂട്ടിലകപ്പെട്ടിരുന്നു. എല്‍.ഡി.എഫ്. പന്ന്യം രവീന്ദ്രന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്. അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്‌തു. യു.ഡി.എഫും വോട്ടുചോര്‍ച്ച അന്വേഷിക്കാനും തെളിവെടുപ്പു നടത്താനും നടപടികള്‍ സ്വീകരിച്ചിരുന്നു.
2005-ലെ പ്രാദേശിക തിരഞ്ഞെടുപ്പിലുണ്ടായ ബി.ജെ.പി. വിജയത്തില്‍ ആശങ്ക പ്രകടിപ്പിക്കാന്‍ സി.പി.എം. പൊളിറ്റ് ബ്യൂറോ യോഗംതന്നെ മുന്നോട്ടു വന്നിരുന്നു. ഇതുസംബന്ധിച്ച വാര്‍ത്ത ഇപ്രകാരമായിരുന്നു: ''സംസ്ഥാനത്തെ ബി.ജെ.പി.യുടെ വളര്‍ച്ചയില്‍ സി.പി.എം. പൊളിറ്റ് ബ്യൂറോ ആശങ്ക പ്രകടിപ്പിച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ചിലയിടങ്ങളില്‍ ബി.ജെ.പി. നേട്ടമുണ്ടാക്കിയ സാഹചര്യത്തില്‍ സി.പി.എം. ഘടകങ്ങള്‍ കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കണമെന്നും പൊളിറ്റ് ബ്യൂറോ ഓര്‍മപ്പെടുത്തി.'' (മാധ്യമം 26.10.2005.) ഇടതു-വലതു പാര്‍ട്ടികള്‍ ഫലങ്ങളെക്കുറിച്ച് ആശങ്കപ്പെട്ടപ്പോള്‍ ബി.ജെ.പി. ദേശീയ സമിതി നേട്ടത്തില്‍ സംതൃപ്‌തി രേഖപ്പെടുത്തുകയും കേരള ഘടകത്തെ അനുമോദിക്കുകയും ചെയ്‌തു. കേരളത്തില്‍ മൂന്നാംശക്തിയുടെ റോള്‍ കൈകാര്യം ചെയ്യുന്ന ബി.ജെ.പി.യുടെ ലോക്‌സഭാ മത്സരഫലങ്ങള്‍ ക്രമാനുഗതമായ വളര്‍ച്ചയാണ് വരച്ചുകാട്ടുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആകെ പോള്‍ ചെയ്‌ത വോട്ടില്‍ 1984-ല്‍ 1.76 ശതമാനവും 1989-ല്‍ 4.51 ശതമാനവും 1991-ല്‍ 4.61 ശതമാനവും 1996-ല്‍ 5.18 ശതമാനവും 1998-ല്‍ 7.78 ശതമാനവും 1999-ല്‍ 8.08 ശതമാനവും 2004-ല്‍ 12.8 ശതമാനവും ബി.ജെ.പി.ക്ക് ലഭിച്ചു. കേരളത്തില്‍ കോണ്‍ഗ്രസ്സും സി.പി.എമ്മും കഴിഞ്ഞാല്‍ ഏറ്റവും വലിയ ജനപിന്തുണയുള്ളത് ബി.ജെ.പി.ക്കാണെന്നും ഈ തിരഞ്ഞെടുപ്പുകള്‍ തെളിയിച്ചു. 2004-ലെ മൂന്നാം ശക്തിയുടെ മുന്നേറ്റം ഒരുപടികൂടി കടന്ന് ജനമനസ്സുകളില്‍ ഇടം നേടിയാല്‍ കേരളത്തില്‍ നിലവിലുള്ള മുന്നണി സമവാക്യങ്ങള്‍ മാറ്റിമറിക്കാനത് ഇടയാക്കും. ദേശീയ രാഷ്ട്രീയത്തിനനുസൃതമായി കേരളം പുനരാവിഷ്‌കരിക്കാനും ഇത് സഹായകമാണ്. കേരള ബി.ജെ.പി. നേതൃത്വം ചിന്തിക്കുന്നതും തന്ത്രങ്ങളാവിഷ്‌കരിക്കുന്നതും ഈ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ്. നിലവിലുള്ള മുന്നണികള്‍ കേരളത്തിന് ശാപവും ഭാരവുമായി മാറിയിരിക്കുന്നു എന്നതാണ് ബി.ജെ.പി.യുടെ അഭിപ്രായം. ആശയ പ്രതിബദ്ധതയാല്‍ കോര്‍ത്തിണക്കിയിട്ടുള്ള തത്ത്വാധിഷ്‌ഠിത സംരംഭങ്ങളല്ല മുന്നണികള്‍. സ്വന്തം ശക്തിയേയും സ്രോതസ്സുകളേയും ആശ്രയിച്ച് ജയിക്കാനാവില്ലെന്ന വെളിപാടിനാല്‍ തട്ടിക്കൂട്ടിയിട്ടുള്ള തന്ത്രാധിഷ്‌ഠിത കൂട്ടായ്‌മകള്‍ മാത്രമാണ് യു.ഡി.എഫ്., എല്‍.ഡി.എഫ്. സംവിധാനങ്ങള്‍. 1957ല്‍ അധികാരത്തില്‍ വന്ന ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെപ്പോലെ തങ്ങളുടെ ആദര്‍ശത്തിനനുസരിച്ചുള്ള കടുംപിടിത്തങ്ങള്‍ക്കൊന്നും ഇന്നത്തെ മുന്നണി ഭരണകൂടങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും തയ്യാറല്ല. അധികാരം നേടലും അതുവഴി കിട്ടുന്ന സൗകര്യങ്ങള്‍ അനുഭവിക്കുകയുമെന്ന അജന്‍ഡ വ്യാപിക്കാനാണ് മുന്നണി രാഷ്ട്രീയക്കാരിവിടെ ശ്രമിക്കുന്നത്. പ്രത്യയശാസ്‌ത്രത്തിലൂന്നിയ രാഷ്ട്രീയം ഉള്‍വലിയുന്ന കാഴ്‌ചയാണ് മുന്നണി രാഷ്ട്രീയത്തിലൂടെ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ഗ്രൂപ്പിസത്തിലും പടലപ്പിണക്കത്തിലും വര്‍ഗീയ പ്രീണനത്തിലും അഴിമതി ആരോപണങ്ങളിലും വികലവികസന സമീപനത്തിലും കേരളത്തിലെ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്.
കേരളത്തില്‍ പോരടിക്കുന്ന യു.ഡി.എഫ്.-എല്‍.ഡി.എഫുകാര്‍ നാലരക്കൊല്ലം കേന്ദ്രഭരണത്തില്‍ യോജിച്ച് സജീവ സാന്നിധ്യമായിരുന്നിട്ടും കേരളത്തിനെന്തെങ്കിലും നേടിയെടുക്കാനായോ? പരിമിതമായി കിട്ടിയ കേന്ദ്രഫണ്ടുകള്‍ പോലും ഉപയോഗിക്കാതെ നഷ്‌ടപ്പെടുത്തിയ ചരിത്രമാണ് ഇരുമുന്നണി ഭരണങ്ങള്‍ക്കുമുള്ളത്. വികസനരംഗത്ത് കേരളത്തോളം അവഗണിക്കപ്പെട്ട മറ്റൊരു സംസ്ഥാനവും ഇന്ത്യയിലില്ല. വാജ്‌പേയി ഭരണത്തിനുമുമ്പ് റെയില്‍വേ വികസനത്തിന് നൂറുകോടി തികച്ചുകിട്ടിയ ഒരു ബജറ്റും ഉണ്ടായിട്ടില്ല. എന്നാല്‍, എന്‍.ഡി.എ. ഭരണത്തിന്‍കീഴില്‍ 455 കോടിവരെ വാര്‍ഷിക റെയില്‍വേ വികസനത്തിന് കിട്ടിയിട്ടുണ്ട്. യു.പി.എ. ഭരിച്ച അഞ്ചുകൊല്ലം കിട്ടിയ മുഴുവന്‍ തുകയും കൂട്ടിയാലും റെയില്‍വേ വികസനത്തിന് ഒട്ടാകെ 455 കോടി ചെലവഴിച്ചതായി കാണില്ല. യു.പി.എ.ക്ക് കീഴില്‍ പൊതുബജറ്റിലെ കേരളത്തോടുള്ള സമീപനവും ക്രൂരമായ അവഗണനയുടെയും അപമാനിക്കലിന്‍േറതുമാണ്.
മുന്നണി രാഷ്ട്രീയം സൃഷ്‌ടിച്ച പരിതാപകരമായ അവസ്ഥയില്‍ നിന്നുള്ള കേരളത്തിന്റെ മോചനമാണ് ബി.ജെ.പി. ആഗ്രഹിക്കുന്നത്. മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ധാര്‍മികവും നീതിബോധവും നിലനില്‍ക്കുന്ന സാമൂഹികമാറ്റമാണ് വേണ്ടത്. കാര്‍ഷികരംഗം മുതല്‍ കായികരംഗം വരെ സമസ്‌ത മേഖലകളിലും പരാജയത്തിലേക്കാണ്ടുപോകുന്ന കേരളത്തിന്റെ ദുരവസ്ഥയ്‌ക്ക് പരിഹാരമുണ്ടാക്കാന്‍ മുന്നണി രാഷ്ട്രീയത്തിന് ബദലായി മൂന്നാം ശക്തി വിജയിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനുള്ള അസുലഭ അവസരമായി 15-ാം പൊതു തിരഞ്ഞെടുപ്പിനെ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.
|
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്
No comments:
Post a Comment