മാതൃഭൂമി മുഖപ്രസംഗം, മാര്‍ച്ച് 26, 2009 കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രകടനപത്രിക ഇപ്പോള്‍ രാജ്യഭരണം കൈയാളുന്ന പ്രമുഖ കക്ഷിയുടെ അടുത്ത ഘട്ടത്തിലേക്കുള്ള കര്‍മപദ്ധതി എന്ന നിലയ്‌ക്ക് സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ്. ഈ സാമ്പത്തികവര്‍ഷാവസാനത്തോടെ എട്ടുമുതല്‍ പത്തുശതമാനം വരെ സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ രാജ്യത്തെ പ്രാപ്‌തമാക്കുമെന്ന വാഗ്‌ദാനത്തോടെയാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എ. സര്‍ക്കാര്‍ അധികാരത്തിലേറിയത്. ആദ്യഘട്ടത്തില്‍ ആ ലക്ഷ്യം വേഗത്തില്‍ മറികടക്കുമെന്നു തോന്നിക്കുന്ന വന്‍ കുതിച്ചുകയറ്റമായിരുന്നെങ്കിലും കാലാവധി തീരാറാവുമ്പോഴേക്കും ലക്ഷ്യത്തിനകലെ കിതച്ചുനില്‍ക്കുന്ന കാഴ്‌ചയാണ് കാണുന്നത്. വളര്‍ച്ചനിരക്ക് ഏഴുശതമാനം പോലും എത്താനാകാതെ വിഷമിക്കുന്ന സ്ഥിതി. ഇതിന് ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ മേല്‍ പഴിചാരി തടിയൂരാനുള്ള ശ്രമം കുറേയൊക്കെ വിലപ്പോവുമെന്നു കരുതാം. എന്നാല്‍, ലോക സാമ്പത്തികരംഗത്ത് ദൃശ്യമായ പല വമ്പന്‍ തകര്‍ച്ചകളും ഉദാരീകരണ - ആഗോളീകരണ നയങ്ങളുടെ പിന്നാലെയുള്ള ഭ്രാന്തമായ പോക്ക് ആപത്‌കരമാണെന്ന ഗുണപാഠം സര്‍ക്കാറിന്റെ ധനകാര്യ - സാമ്പത്തിക മേലാളന്മാരെ പഠിപ്പിച്ചിട്ടുണ്ടെന്നതാണ് ഇതിന്റെ മറുവശം. സാമ്പത്തിക പരിഷ്‌കരണം കൂടുതല്‍ വിശാലമാക്കും എന്ന 2004ലെ വാഗ്‌ദാനത്തില്‍നിന്ന് നേരിയ ഒരു വ്യതിയാനം ഇത്തവണത്തെ പ്രകടനപത്രികയില്‍ കാണുന്നത് അതുകൊണ്ടായിരിക്കണം. സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും യു.പി.എ. സര്‍ക്കാറിന്റെ ആദ്യഘട്ടത്തിലുണ്ടായിരുന്ന വളര്‍ച്ചനിരക്കിനൊപ്പമെങ്കിലും എത്താനുമുള്ള നടപടികള്‍ക്ക് പ്രകടനപത്രികയില്‍ അടിയന്തര പ്രാധാന്യം കല്‌പിച്ചിരിക്കുന്നത് ഈ പാഠം നേരാംവണ്ണം ഉള്‍ക്കൊണ്ടുതന്നെയാവണം. 'മൂന്നു രൂപയ്‌ക്ക് അരി' തിരഞ്ഞെടുപ്പുകാലത്തെ സ്ഥിരം ജനപ്രിയ കുറുക്കുവഴിതന്നെയെങ്കിലും അത്രത്തോളം 'താഴോട്ടിറങ്ങാന്‍' മന്‍മോഹന്‍സിങ്ങ് - ചിദംബരം - അലുവാലിയ കൂട്ടുകെട്ട് തയ്യാറായതിലെ ശുഭസൂചന കാണാതിരുന്നുകൂടാ. കാരണം അതോടൊപ്പം പ്രഖ്യാപിച്ചിട്ടുള്ള, കാര്‍ഷികമേഖലയ്‌ക്ക് ഊന്നല്‍ കൊടുക്കാനുള്ള മറ്റനവധി പദ്ധതികള്‍തന്നെ. അടിയന്തര പ്രാധാന്യം കല്‌പിച്ചിട്ടുള്ള ഭക്ഷ്യസുരക്ഷാ പദ്ധതിയാണ് അതില്‍ മുഖ്യമായിട്ടുള്ളത്. ചെറുകിട - ഇടത്തരം കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശയ്‌ക്ക് വായ്‌പ ലഭ്യമാക്കാനും മത്സ്യബന്ധനം, പട്ടുനൂല്‍ കൃഷി, കന്നുകാലിവളര്‍ത്തല്‍ തുടങ്ങിയവയ്‌ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കാനുമുള്ള വാഗ്‌ദാനങ്ങള്‍ ഭക്ഷ്യ-കൃഷി രംഗത്തെ അവഗണിക്കുന്നതിന്റെ അപകടം തിരിച്ചറിഞ്ഞതിന്റെ ഫലമായിത്തന്നെയെന്നു കരുതാം. അടിസ്ഥാനവര്‍ഗത്തെ വിസ്‌മരിച്ചുകൊണ്ടുള്ള വന്‍കിട പദ്ധതികള്‍കൊണ്ട് വളര്‍ച്ച സമഗ്രമാകില്ലെന്ന വൈകിയുദിച്ച വിവേകത്തിന്റെ പ്രത്യക്ഷോദാഹരണമാണ് നെ'ുകാര്‍, മീന്‍പിടിത്തക്കാര്‍, ചെത്തുതൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍, നിര്‍മാണത്തൊഴിലാളികള്‍, ബീഡിതെറുപ്പുകാര്‍ തുടങ്ങിയവര്‍ക്കായി സാമൂഹിക സുരക്ഷാ പദ്ധതി നടപ്പാക്കുമെന്ന വാഗ്‌ദാനം. സ്‌ത്രീകള്‍ക്കും വലിയൊരു പങ്ക് നീക്കിവെക്കാന്‍ കാട്ടിയ സന്മനസ്സിനെ സ്വാഗതം ചെയ്യാതെവയ്യ. നിയമനിര്‍മാണ സഭകളില്‍ സ്‌ത്രീകള്‍ക്ക് മൂന്നിലൊന്നു സംവരണം എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. സര്‍ക്കാര്‍ജോലികളില്‍ മൂന്നിലൊരുഭാഗം സ്‌ത്രീകള്‍ക്കായി നീക്കിവെക്കുമെന്ന പ്രഖ്യാപനത്തിന് ആ ഗതി വരരുത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എ.യുടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണം ഇങ്ങനെ സ്‌ത്രീവിമോചനം, ഭക്ഷ്യസുരക്ഷ, അടിസ്ഥാനവര്‍ഗക്ഷേമം തുടങ്ങിയ കാര്യങ്ങളിലൊക്കെ എത്രമാത്രം ശ്രദ്ധ പതിപ്പിച്ചിട്ടുണ്ടെന്നുകൂടി ഈ ഘട്ടത്തിലൊന്നു തിരിഞ്ഞുനോക്കുന്നതു നന്നായിരിക്കും. അഭിമാനിക്കത്തക്കതായി ഏറെയൊന്നും കണ്ടെത്താനാവില്ലെന്നതാണ് വസ്‌തുത. കേന്ദ്രത്തില്‍ ഭരണം നടത്തിയ എല്ലാ കക്ഷികളുടെയും സ്ഥിതി ഇതില്‍നിന്ന് വിഭിന്നമല്ല. പ്രകടനപത്രികകള്‍ മുന്നോട്ടുവെക്കുന്ന മോഹനസുന്ദര വാഗ്‌ദാനങ്ങളില്‍ ചെറിയൊരംശമെങ്കിലും നടപ്പാക്കാനുള്ള ആത്മാര്‍ഥത ഭരണത്തിലേറിക്കഴിഞ്ഞാല്‍ ഒരു കക്ഷിയും പ്രകടിപ്പിക്കാറില്ല. ആ സ്ഥിതി മാറിയേ പറ്റൂ. വാഗ്‌ദാനങ്ങള്‍ അഞ്ചുവര്‍ഷത്തിനിടയ്‌ക്ക് സമയബന്ധിതമായി നടപ്പാക്കുമെന്ന ഒരു വ്യവസ്ഥ 2004 ലെ കോണ്‍ഗ്രസ്സിന്റെ പ്രകടന പത്രികയില്‍ ഉണ്ടായിരുന്നു. തൊഴിലുറപ്പു പദ്ധതിയുടെ കാര്യത്തിലും കാര്‍ഷിക കടാശ്വാസത്തിന്റെ കാര്യത്തിലും മറ്റും കുറേയൊക്കെ വാക്കുപാലിക്കാന്‍ യു.പി.എ. സര്‍ക്കാറിനു കഴിഞ്ഞിട്ടുണ്ടെന്ന വസ്‌തുത വിസ്‌മരിക്കാനാവില്ല. നടപ്പാവുന്ന വാഗ്‌ദാനങ്ങളുടെ നിരക്ക് കൂടുതല്‍ ഉയരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. |
പകർത്തിവയ്പുകൾ
ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.
Thursday, March 26, 2009
വീണ്ടുവിചാരത്തിന്റെ പ്രകടന പത്രിക
Subscribe to:
Post Comments (Atom)
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്
No comments:
Post a Comment