വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Saturday, February 11, 2012

സമരമുഖങ്ങളിലെ അനുഭവക്കരുത്തുമായ്

സമരമുഖങ്ങളിലെ അനുഭവക്കരുത്തുമായ്

ദേശാഭിമാനി
ദിലീപ് മലയാലപ്പുഴ
Posted on: 11-Feb-2012 12:52 AM

തിരു: നാടിന്റെ മോചനത്തിനും കൊടിയ ചൂഷണങ്ങള്‍ക്കുമെതിരെ അധസ്ഥിതരെയും തൊഴിലാളികളെയും സംഘടിപ്പിച്ചതിന് തുറുങ്കിലടയ്ക്കപ്പെട്ട 343 പേര്‍ സിപിഐ എമ്മിന്റെ സംസ്ഥാന സമ്മേളന പ്രതിനിധികള്‍ . ദുരിതമനുഭവിക്കുന്ന ജനങ്ങളെ സംഘബോധത്തിന്റെ നട്ടെല്ലു നല്‍കി പോരാട്ടത്തിനിറക്കിയതിന് പൊലീസിന്റെയും ഗുണ്ടകളുടെയും കൊടിയ മര്‍ദ്ദനങ്ങള്‍ക്കിരയായത് 366 പേര്‍ . 556 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ഇവരില്‍53 പേര്‍ സ്ത്രീകളാണ്. പതിനൊന്നു പേര്‍ നിരീക്ഷകരായും പങ്കെടുത്തു. ഏറ്റവും കൂടുതല്‍ പ്രതിനിധികള്‍ കണ്ണൂര്‍ ജില്ലയില്‍നിന്നായിരുന്നു. ഒമ്പത് സ്ത്രീകളടക്കം 54 പേര്‍ . പത്തു സ്ത്രീകളടക്കം 76 സംസ്ഥാന കമ്മിറ്റിയംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുത്തു. ജനകീയ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിനും സാമൂഹ്യമുന്നേറ്റത്തിന് നേതൃത്വം നല്‍കിയതിനും പൊലീസ്-ഗുണ്ടാ ആക്രമണവും ജയില്‍വാസവും അനുഭവിക്കേണ്ടി വന്ന നിരവധി പേര്‍ പ്രതിനിധികളായിരുന്നു.

സംസ്ഥാന കമ്മിറ്റിയിലെ 67 പേരടക്കം 343 പ്രതിനിധികള്‍ ജയില്‍വാസം അനുഭവിച്ചവരാണ്. ഏറ്റവും കൂടുതല്‍ കാലം ജയില്‍വാസം അനുഭവിച്ചത് പാര്‍ടി കേന്ദ്രകമ്മിറ്റിയംഗം വി എസ് അച്യുതാനന്ദനും സംസ്ഥാന കമ്മിറ്റിയംഗം എംഎം ലോറന്‍സുമാണ്. അഞ്ചുവര്‍ഷവും പത്തു മാസവും എം എംലോറന്‍സും അഞ്ചു വര്‍ഷവും ആറു മാസവും വി എസും ജയില്‍ ശിക്ഷ അനുഭവിച്ചു. പി ഗോവിന്ദപ്പിള്ള അഞ്ചുവര്‍ഷവും, പി കെ ചന്ദ്രാനന്ദന്‍ , കെ പി സഹദേവന്‍ , എ കെ നാരായണന്‍ എന്നിവര്‍ രണ്ടു വര്‍ഷത്തിലധികവും ജയില്‍ശിക്ഷ അനുഭവിച്ചവരാണ്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ , കേന്ദ്രകമ്മിറ്റിയംഗം പി കെ ഗുരുദാസന്‍ , സംസ്ഥാന കമ്മിറ്റിയംഗം കെ എന്‍ രവീന്ദ്രനാഥ് തുടങ്ങിയവര്‍ ഒന്നര വര്‍ഷത്തിലധികവും ജയില്‍വാസം അനുഭവിച്ചു.

ഏറ്റവും കൂടുതല്‍ ഒളിവുജീവിതം അനുഭവിച്ചിട്ടുള്ളത് പി കെ ചന്ദ്രാനന്ദനാണ്. പന്ത്രണ്ടര വര്‍ഷം. പൊലീസ്- ഗുണ്ടാ അക്രമങ്ങള്‍ക്ക് ഇരയായ 366 പേര്‍ സമ്മേളന പ്രതിനിധികളായിരുന്നു. ഗുണ്ടാ ആക്രമണത്തിന് ഇരയായ കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ , ആര്‍എസ്എസ് അക്രമണത്തിന് ഇരയായ സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍ എന്നിവര്‍ക്ക് ജീവന്‍ തിരിച്ചുകിട്ടിയത് തലനാരിഴയ്ക്കാണ്. പ്രതിനിധികളില്‍ 24നും 55നും ഇടയില്‍ പ്രായമുള്ളവര്‍ 266 പേരുണ്ട്(48 ശതമാനം). അമ്പത്താറിന് മുകളില്‍ പ്രായമുള്ളവര്‍ 289 പേര്‍(52 ശതമാനം). എണ്‍പത്തൊമ്പത് വയസ്സുള്ള പാര്‍ടി കേന്ദ്രകമ്മിറ്റിയംഗം വി എസ് അച്യുതാനന്ദനാണ് ഏറ്റവും പ്രായം കൂടിയ പ്രതിനിധി. തൊട്ടടുത്ത് 88 വയസ്സുള്ള പി കെ ചന്ദ്രാനന്ദന്‍ . ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി 24 വയസ്സുള്ള കെ റഫീക്കാ(വയനാട്)ണ്. ടി വി അനിത(എറണാകുളം), റജീന(മലപ്പുറം) എന്നിവരാണ ്പ്രായം കുറഞ്ഞ വനിതാപ്രതിനിധികള്‍ .

എണ്‍പതിനു മുകളില്‍ പ്രായമുള്ള പ്രതിനിധികള്‍ : പി ഗോവിന്ദപ്പിള്ള, വി ആര്‍ ഭാസ്കരന്‍ , എം കേളപ്പന്‍ , എം എം ലോറന്‍സ്, പാലോളി മുഹമ്മദ്കുട്ടി, എസ് എസ് പോറ്റി, എ പത്മനാഭന്‍ . പ്രതിനിധികളില്‍ 160 പേര്‍ തൊഴിലാളിവര്‍ഗത്തില്‍ ജനിച്ചരാരാണ്. കര്‍ഷകത്തൊഴിലാളി-46 ദരിദ്രകര്‍ഷകര്‍ -92, ഇടത്തരം കൃഷിക്കാര്‍ -128, ധനിക കൃഷിക്കാര്‍ -അഞ്ച്, ഇടത്തരംവിഭാഗം-124 ഭൂപ്രഭു- 1. പ്രതിനിധികളില്‍ 457 പേരും മുഴുവന്‍സമയ പാര്‍ടി പ്രവര്‍ത്തകരാണ്. വി എസ് അച്യുതാനന്ദന്‍ , പി കെ ചന്ദ്രാനന്ദന്‍ , എം എം ലോറന്‍സ്, പി ഗോവിന്ദപ്പിള്ള എന്നിവര്‍ സ്വാതന്ത്ര്യത്തിന് മുമ്പ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ചേര്‍ന്നവരാണ്. 1947-63 കാലത്ത് പാര്‍ടിയില്‍ ചേര്‍ന്ന 45 പേരും 64-76 കാലത്ത് ചേര്‍ന്ന 200 പേരും സമ്മേളനത്തില്‍ പങ്കെടുത്തു. 309 പേര്‍ 77 നുശേഷം പാര്‍ടി അംഗത്വത്തില്‍ വന്നവരാണ്. പ്രതിനിധികളിലെ 364 പേര്‍ വിദ്യാര്‍ഥി-യുവജനപ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തന കരുത്തുമായി പാര്‍ടിയിലെത്തിയവരാണ്. കര്‍ഷക-കര്‍ഷകത്തൊഴിലാളി, ട്രേഡ് യൂണിയന്‍ രംഗത്തുനിന്ന് 133 പേരും മഹിളാ രംഗത്തുനിന്ന് 31 ഉം സാംസ്കാരികരംഗത്തുനിന്ന്അഞ്ചും പേരും പാര്‍ടി അംഗത്വത്തിലെത്തി. പ്രതിനിധികളില്‍ 102 പേര്‍ പാര്‍ടി സംഘടനയിലും 151 പേര്‍ ട്രേഡ്യൂണിയനിലും 76 പേര്‍ കര്‍ഷകസംഘത്തിലും 61 പേര്‍ കര്‍ഷകത്തൊഴിലാളി പ്രസ്ഥാനത്തിലും 33 പേര്‍ വിദ്യാര്‍ഥി-യുവജന പ്രസ്ഥാനത്തിലും 38 പേര്‍ മഹിളാരംഗത്തും 18 പേര്‍ സാംസ്കാരിക രംഗത്തും പ്രവര്‍ത്തിക്കുന്നു. പ്രതിനിധികളില്‍ 451 പേര്‍ നിലവില്‍ പൊലീസ് കേസുള്ളവരാണ്. ഏറ്റവും കൂടുതല്‍ കേസുള്ളത് തിരുവനന്തപുരത്തുനിന്നുള്ള എസ് പി ദീപക്കിനാണ്; 36 കേസ്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ്, മുഹമ്മദ് റിയാസ് (കോഴിക്കോട്) എന്നിവര്‍ക്കെതിരെ 26 കേസുണ്ട്. പ്രതിനിധികളില്‍ 246 പേര്‍ ബിരുദ, ബിരുദാനന്തര ബിരുദധാരികളും 122 പേര്‍ ഇന്റര്‍മീഡിയറ്റ്, ഹയര്‍സെക്കന്‍ഡറി, ഡിപ്ലോമക്കാരും 164 പേര്‍ പത്താം ക്ലാസ് വിജയിച്ചവരും 24 പേര്‍ അഞ്ചാം ക്ലാസ് വരെ വിദ്യാഭ്യാസ യോഗ്യതയുള്ളവരുമാണ്. ഏഴ് എംപിമാരും 37 എംഎല്‍എമാരും ത്രിതല പഞ്ചായത്ത് ഭരണസമതിയംഗങ്ങളായ 55 പേരും സഹകരണഭരണസമിതി, കോര്‍പറേഷന്‍ , ബോര്‍ഡ് അംഗങ്ങളായ 135 പേരും സമ്മേളന പ്രതിനിധികളായി. കണ്‍വീനര്‍ ജി സുധാകരനാണ് ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. എം രാജഗോപാല്‍ (കാസര്‍കോട്), യു പി ജോസഫ്, കെ പി മേരി, പി കൃഷ്ണപ്രസാദ് എന്നിരായിരുന്നു കമ്മിറ്റിയംഗങ്ങള്‍ .

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്