വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Saturday, February 11, 2012

കരുത്താര്‍ജിച്ച് പുതിയ ഉയരങ്ങളിലേക്ക്

കരുത്താര്‍ജിച്ച് പുതിയ ഉയരങ്ങളിലേക്ക്

ദേശാഭിമാനി
കെ എം മോഹന്‍ദാസ്
Posted on: 10-Feb-2012 12:46 AM
തിരു: കോട്ടയം സമ്മേളനത്തിനു ശേഷമുള്ള നാല് വര്‍ഷത്തെ തീക്ഷ്ണമായ സമരാനുഭവങ്ങളുടെ കരുത്തുമായി അഭിമാനകരമായ വളര്‍ച്ചയുടെ പാതയില്‍ സിപിഐ എം മുന്നേറുന്നതിന്റെ പ്രഖ്യാപനമാണ് തലസ്ഥാനത്തുനിന്നുയരുന്നത്. രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ-സാംസ്കാരിക മണ്ഡലങ്ങളെ ബാധിക്കുന്ന എണ്ണമറ്റ വിഷയങ്ങള്‍ വിശദമായി ചര്‍ച്ചചെയ്ത് ഭാവിപരിപാടിക്ക് രൂപം നല്‍കുന്ന പാര്‍ടി സംസ്ഥാനസമ്മേളനം ബഹുജനപങ്കാളിത്തംകൊണ്ട് ചരിത്രമെഴുതിക്കഴിഞ്ഞു. സമ്മേളനത്തിന്റെ അനുബന്ധപരിപാടികള്‍ ആരംഭിച്ചതുമുതല്‍ വിവാദങ്ങളും കെട്ടുകഥകളുമായി രംഗത്തിറങ്ങിയവരെ നിരാശയുടെ പടുകുഴിയില്‍ തള്ളി ജനലക്ഷങ്ങള്‍ സമ്മേളനത്തെ നെഞ്ചേറ്റി. പാര്‍ടി സമ്മേളനത്തിനെതിരെ വ്യാജവാര്‍ത്തകളുടെ കുത്തൊഴുക്ക് ഇത്തവണയുമുണ്ടായി. എന്നാല്‍ ഒന്നും ഏശിയില്ല. സമ്മേളനമാരംഭിച്ച ദിവസം തന്നെ പ്രവര്‍ത്തനറിപ്പോര്‍ട്ട് ചോര്‍ന്നതായി അവകാശപ്പെട്ട് "വാര്‍ത്താവിസ്ഫോടനം" നടത്തിയ ചാനലുകള്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് മരവിപ്പിച്ചെന്ന പെരുംനുണയുമായാണ് വ്യാഴാഴ്ച പ്രത്യക്ഷപ്പെട്ടത്. സമ്മേളനം ഏകകണ്ഠമായി പ്രവര്‍ത്തനറിപ്പോര്‍ട്ട് അംഗീകരിച്ചത് മറച്ചുവെച്ച് മണിക്കൂറുകളോളം ഈ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു. കെട്ടുകഥകള്‍ ഒന്നൊന്നായി പൊളിഞ്ഞിട്ടും ഒട്ടും നാണമില്ലാതെ സിപിഐ എം വിരുദ്ധമാധ്യമങ്ങള്‍ നുണക്കോട്ടകെട്ടാന്‍ മത്സരിക്കുകയായിരുന്നു. നാലുവര്‍ഷത്തിനിടെ ബഹുജനസ്വാധീനവും സ്വീകാര്യതയും കെട്ടുറപ്പും സംഘടനാശേഷിയും കൂടുതല്‍ വര്‍ധിക്കുകയും ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പാര്‍ടിയോടുണ്ടായിരുന്ന അകല്‍ച്ച അവസാനിക്കുകയുംചെയ്ത പശ്ചാത്തലത്തിലാണ് തിരുവനന്തപുരം സമ്മേളനം. മുന്‍സമ്മേളനകാലങ്ങളില്‍ കെട്ടഴിച്ചുവിട്ട കള്ളക്കഥകള്‍ക്ക് ഇത്തവണ സാധ്യതയില്ലെന്നു കണ്ടവര്‍ മതവികാരം മുതലെടുക്കാനാണ് തുടക്കത്തില്‍ ശ്രമിച്ചത്. എന്നാല്‍ , സമ്മേളനത്തിന്റെ അനുബന്ധപരിപാടികളില്‍ കക്ഷിരാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകള്‍ അലിഞ്ഞില്ലാതായി. മതവികാരമുണര്‍ത്തി പാര്‍ടിയെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമിച്ചവര്‍ക്ക് മതമേലധ്യക്ഷര്‍തന്നെ മറുപടി നല്‍കി. യേശുവിന്റെ ചിത്രം ചരിത്രപ്രദര്‍ശനത്തില്‍ വച്ചതിനെച്ചൊല്ലി കോലാഹലമുയര്‍ത്തിയവരെ, യേശുവിനെ വിപ്ലവകാരിയായി വിശേഷിപ്പിച്ചതില്‍ അഭിമാനംകൊള്ളുകയാണ് വേണ്ടതെന്ന് വൈദികശ്രേഷ്ഠര്‍ ഓര്‍മപ്പെടുത്തി. സമ്മേളനത്തിന്റെ സര്‍വതലസ്പര്‍ശിയായ അംഗീകാരം സിപിഐ എം വിരുദ്ധശക്തികളെ പ്രകോപിപ്പിച്ചതിന്റെ സൂചനയാണ് മതസ്പര്‍ധ ഇളക്കിവിടാനുള്ള ഗൂഢനീക്കം. ചിത്രവധം ഏശാതായപ്പോള്‍ പുതിയ കഥകളായി. പ്രവര്‍ത്തനറിപ്പോര്‍ട്ട് ചോര്‍ന്നെന്ന കള്ളവുമായി ഒരു ചാനല്‍ സമ്മേളനത്തിന്റെ ആദ്യനാള്‍ രംഗത്തിറങ്ങി. സ്തോഭജനകമെന്നു ധ്വനിപ്പിച്ച വാര്‍ത്തയ്ക്കു പിന്നാലെ പ്രവര്‍ത്തനറിപ്പോര്‍ട്ടിനെക്കുറിച്ചുള്ള കഥകള്‍ മറ്റ് മാധ്യമങ്ങളും ഏറ്റുപിടിച്ചു. ഈ "ബ്രേക്കിങ്" വാര്‍ത്തയ്ക്ക് 24 മണിക്കൂര്‍പോലും ആയുസ്സുണ്ടായില്ല. പൊളിറ്റ് ബ്യൂറോയും കേന്ദ്ര-സംസ്ഥാന കമ്മിറ്റികളും അംഗീകരിച്ച് നേരത്തേ പ്രസിദ്ധീകരിച്ച പ്രമേയങ്ങളും രേഖകളുമാണ് പ്രവര്‍ത്തനറിപ്പോര്‍ട്ടായി ചിത്രീകരിച്ചത്. പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചതോടെ അവര്‍ പുതിയ വിവാദങ്ങളുടെ പണിപ്പുരയിലേക്ക് നീങ്ങി. സംസ്ഥാനം അഭിമുഖീകരിക്കുന്ന നിര്‍ണായകമായ ഒട്ടേറെ വിഷയം സമ്മേളനം ചര്‍ച്ചചെയ്തു. പുത്തന്‍പണക്കാര്‍ ഭൂപ്രഭുത്വത്തെ ഓര്‍മിപ്പിക്കുംവിധം സാമൂഹ്യഘടന നിയന്ത്രിക്കുന്നതും തൊഴില്‍രഹിതരുടെ എണ്ണം വര്‍ധിക്കുമ്പോഴും അന്യസംസ്ഥാന തൊഴിലാളികളുടെ കേന്ദ്രമായി കേരളം മാറുന്നതും അസംഘടിതമേഖലയിലെ ചൂഷണവും കോര്‍പറേറ്റുകള്‍ ഭൂമി കൈയടക്കുന്നതും മദ്യപാനവും മാഫിയാപ്രവര്‍ത്തനവും സ്ത്രീകള്‍ക്കെതിരായ അതിക്രമവും അന്ധവിശ്വാസവും അനാചാരവും സമൂഹത്തെ കീഴ്പ്പെടുത്തുന്ന അവസ്ഥയുമൊക്കെ ചര്‍ച്ചാവിഷയമായി. എന്നാല്‍ , മാധ്യമങ്ങള്‍ ഇതെല്ലാം തമസ്കരിച്ച് വ്യാജവാര്‍ത്താ നിര്‍മിതിയില്‍ മുഴുകി. വ്യാഴാഴ്ചത്തെ വാര്‍ത്താസമ്മേളനത്തിലും മാധ്യമപ്രതിനിധികള്‍ വ്യാജസൃഷ്ടികള്‍ക്ക് ആധികാരികത തേടി എത്തി. മാധ്യമങ്ങളില്‍ വന്നതൊന്നും സമ്മേളനത്തിലെ കാര്യങ്ങളല്ലെന്ന് വ്യക്തമാക്കിയ കോടിയേരി അവ മാധ്യമങ്ങളുടെ അഭിപ്രായമായി വേണമെങ്കില്‍ പരിഗണിക്കാമെന്ന് പരിഹസിക്കുകയുംചെയ്തു.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്