വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Saturday, February 11, 2012

സര്‍ക്കാരുകളുടെ അലസതയില്‍ പ്രതിഷേധിക്കുക: സിപിഐ എം

സര്‍ക്കാരുകളുടെ അലസതയില്‍ പ്രതിഷേധിക്കുക: സിപിഐ എം

ദേശാഭിമാനി
Posted on: 11-Feb-2012 12:52 AM
തിരു: മുല്ലപ്പെരിയാര്‍ അപകടമേഖലയിലെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അലസനയത്തില്‍ പ്രതിഷേധിക്കാന്‍ സിപിഐ എം സംസ്ഥാന സമ്മേളനം ആഹ്വാനം ചെയ്തു. ഈ മേഖലയിലെ ജനങ്ങള്‍ ഇപ്പോഴും കടുത്ത അപകടഭീഷണിയിലാണ്. 115 വര്‍ഷം പിന്നിട്ട അണക്കെട്ടിന്റെ അപകടനില നാലുജില്ലകളില്‍ ജീവിക്കുന്നവരുടെ ഉറക്കം കെടുത്തുന്നു. ഈ വിഷയം ഉന്നയിച്ച് മനുഷ്യമതില്‍ ഉള്‍പ്പെടെ കേരളീയസമൂഹം നടത്തുന്ന തുടര്‍ച്ചയായ സമരങ്ങളും ഇടപെടലും കണ്ടില്ലെന്നുനടിക്കുന്ന ജനാധിപത്യവിരുദ്ധനിലപാടാണ് കേന്ദ്രത്തിന്റേത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ശക്തമായ ഇടപെടല്‍മൂലം പ്രശ്നത്തില്‍ സുപ്രീംകോടതിയുടെ നിലപാട് മാറി. ജലനിരപ്പ് 136 അടിയില്‍ നിര്‍ത്താനായി. വിപത്തുകളെ കുറിച്ച് പഠിക്കാന്‍ ഡല്‍ഹി ഐഐടിയെയും ഭൂകമ്പപ്രശ്നങ്ങള്‍ പഠിക്കുന്നതിനായി റൂര്‍ക്കി ഐഐടിയെയും ചുമതലപ്പെടുത്തി. ഇന്ന് വീണ്ടും ആശങ്കാജനകമായ സാഹചര്യത്തില്‍ കേരളത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റ് അംഗങ്ങളുടെ സംഘം മുതല്‍ സര്‍വകക്ഷിസംഘംവരെ പ്രധാനമന്ത്രിയെ കണ്ടു. രണ്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ചചെയ്ത് പ്രശ്നത്തിന് പരിഹാരം കാണാമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയെങ്കിലും പാലിച്ചില്ല. മുല്ലപ്പെരിയാര്‍ അന്തര്‍നദീജലതര്‍ക്കമല്ല, കേരളത്തില്‍ ഉത്ഭവിച്ച് കേരളത്തില്‍കൂടി ഒഴുകി പെരിയാര്‍ നദിയായി അറബിക്കടലില്‍ ചേരുന്ന സംസ്ഥാന നദിയാണ്. അതില്‍പോലും ഇടപെട്ട് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ തയ്യാറാകാത്ത കേന്ദ്രസര്‍ക്കാരിന്റെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഇക്കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാരിന് നാടിന്റെ താല്‍പ്പര്യം സംരക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. യുഡിഎഫ് അധികാരത്തിലിരുന്നപ്പോഴെല്ലാം ഈ പ്രശ്നം അങ്ങേയറ്റം ലാഘവത്വത്തോടെയാണ് കൈകാര്യം ചെയ്തത്. ഈ സര്‍ക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ നടത്തിയ വാദം തമിഴ്നാടിനെ സഹായിക്കുന്നതായിരുന്നു. സുപ്രീംകോടതിയിലും ഗൗരവമായി കേസ് വാദിക്കുന്നതിന് സര്‍ക്കാര്‍ ശ്രമിച്ചില്ല. തമിഴ്നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും ഉറപ്പുവരുത്തണം. കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങള്‍ തമ്മിലുള്ള പ്രശ്നമാക്കി ഇതിനെ മാറ്റാന്‍ ചില തല്‍പ്പരകക്ഷികള്‍ ശ്രമിക്കുന്നുണ്ട്. അതിനെതിരെ ജാഗ്രത വേണം. രണ്ട് സംസ്ഥാനങ്ങളെ ബാധിക്കുന്ന പ്രശ്നം എന്ന നിലയില്‍ ഇതില്‍ കേന്ദ്രസര്‍ക്കാര്‍ പരിഹാരം കാണണം. ഇത് ഉറപ്പുവരുത്താന്‍ സെന്‍ട്രല്‍ വാട്ടര്‍ കമീഷന്‍ തന്നെ നേരത്തെ ശുപാര്‍ശ ചെയ്ത വിധം പുതിയ അണക്കെട്ട് നിര്‍മിക്കണം. നാലുജില്ലകളിലെ ജനങ്ങളുടെ ജീവന് ഒരു വിലയും കല്‍പ്പിക്കാത്ത കേന്ദ്രസംസ്ഥാനസര്‍ക്കാരുകളുടെ സമീപനം ജനാധിപത്യകേരളത്തോടുള്ള വെല്ലുവിളിയാണ്. ഈ ധിക്കാരത്തിനെതിരെ പ്രതിഷേധിക്കാന്‍ മുഴുവന്‍ ജനങ്ങളോടും സംസ്ഥാനസമ്മേളനം ആവശ്യപ്പെട്ടു.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്