ദേശാഭിമാനി
തിരു: പിണറായി വിജയന്‍ അഞ്ചാം തവണയും സംസ്ഥാനത്തെ സിപിഐ എമ്മിന്റെ അമരക്കാരനായി. പാര്‍ടിയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ നേതാവിനെ വ്യക്തിഹത്യ നടത്തി പ്രസ്ഥാനത്തെ തളര്‍ത്താമെന്നു മോഹിച്ച ശത്രുക്കളെ നിരാശരാക്കുന്ന ചരിത്രനിയോഗം. കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേരളഘടകം പിറവിയെടുത്ത പിണറായി ഗ്രാമത്തിലെ തൊഴിലാളി കുടുംബത്തില്‍ ജനിച്ച് വിദ്യാര്‍ഥി- യുവജനപ്രസ്ഥാനങ്ങളുടെ നേതാവായി ഉയര്‍ന്ന അക്ഷോഭ്യനായ ഈ വിപ്ലവകാരി സിപിഐ എമ്മിനെ കെട്ടുറപ്പോടെ നയിക്കാനും കൂടുതല്‍ ഉയരങ്ങളിലെത്തിക്കാനും കഴിഞ്ഞ അഭിമാനവുമായാണ് വീണ്ടും ചുമതലയേല്‍ക്കുന്നത്. ഒരുഭാഗത്ത് സംഘടിതാക്രമണവുമായി മാധ്യമങ്ങള്‍ . മറുവശത്ത് വര്‍ഗീയ-സാമുദായിക ശക്തികള്‍ . അപവാദങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് ഒറ്റുകാര്‍ . പാര്‍ടി രണ്ടാകുമെന്ന് ശത്രുക്കള്‍ ദിവാസ്വപ്നം കണ്ട മലപ്പുറം സമ്മേളനവും പാര്‍ടി പൊട്ടിത്തെറിയിലേക്കെന്ന വന്‍പ്രചാരവേലയുടെ പശ്ചാത്തലത്തില്‍ നടന്ന കോട്ടയം സമ്മേളനവും ഏകകണ്ഠമായി സെക്രട്ടറിയായി തെരഞ്ഞെടുത്ത പിണറായിക്കുനേരെ സാമാന്യമര്യാദയുടെ എല്ലാ അതിരുകളും വിട്ട ആക്ഷേപശരവര്‍ഷം കഴിഞ്ഞ നാലുവര്‍ഷവും തുടര്‍ന്നു. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ മത്സരിച്ചു. അവര്‍ക്ക് വിഭവങ്ങളെത്തിച്ച് ഒറ്റുകാര്‍ തിരശ്ശീലയ്ക്കു പിന്നില്‍ ഒളിഞ്ഞുനിന്നു. പിന്തിരിപ്പന്‍ ശക്തികള്‍ ആക്രമണങ്ങള്‍ക്ക് ഒത്താശയുമൊരുക്കി. കള്ളക്കേസില്‍ കുടുക്കി അപമാനിച്ചു. സിബിഐ പോലുള്ള അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തി. ഇത്രയും ക്രൂരമായ വേട്ടയാടല്‍ അഭിമുഖീകരിക്കേണ്ടി വന്ന മറ്റൊരു ജനനേതാവുണ്ടാകില്ല. കുടുംബാംഗങ്ങളെപ്പോലും അപവാദങ്ങളിലേക്ക് വലിച്ചിഴച്ചപ്പോഴും എല്ലാം നേരിട്ട് പാര്‍ടിയെ നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുനയിച്ചു. വിഭാഗീയത അവസാനിപ്പിച്ച് പാര്‍ടിയെ കൂടുതല്‍ കരുത്തുറ്റതാക്കി. ബഹുജനപിന്തുണയും സ്വീകാര്യതയും വര്‍ധിപ്പിക്കുകയും ചെയ്തു.സംസ്ഥാനത്തിന്റെ വികസനചരിത്രത്തില്‍ സുവര്‍ണകാലമായി വിശേഷിപ്പിക്കപ്പെടുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ക്കു പിന്നില്‍ അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കൈവരിച്ച മുന്നേറ്റത്തിനു പിന്നിലും പിണറായിയുടെ നിരന്തരമായ ഇടപെടലുണ്ട്. പിന്നോക്കവിഭാഗങ്ങളിലും മതന്യൂനപക്ഷങ്ങളിലും പാര്‍ടിയുടെ സ്വാധീനവും സ്വീകാര്യതയും വര്‍ധിപ്പിക്കാനും പിണറായിക്ക് കഴിഞ്ഞു.
ചെത്തുതൊഴിലാളിയായ മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും ഇളയമകനായി 1944 മാര്‍ച്ച് 21നാണ് പിണറായി വിജയന്‍ ജനിച്ചത്. സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് ഒരുവര്‍ഷം നെയ്ത്തുപണിയെടുത്തശേഷമാണ് പ്രീ യൂണിവേഴ്സിറ്റി കോഴ്സിനു ചേരുന്നത്. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെ അദ്ദേഹം നേതൃനിരയിലേക്കുയര്‍ന്നു. തലശേരി ബ്രണ്ണന്‍കോളേജില്‍ ബിരുദവിദ്യാര്‍ഥിയായിരിക്കെ കേരള സ്റ്റുഡന്റ് ഫെഡറേഷന്റെ (കെഎസ്എഫ്) കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1964 മുതല്‍ മുഴുവന്‍സമയ പ്രവര്‍ത്തകനായ പിണറായി നിരവധി വിദ്യാര്‍ഥി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. കെഎസ്എഫ് സംസ്ഥാന സെക്രട്ടറിയായിരിക്കെ തലശേരി കോടതിക്കു മുമ്പില്‍ പിണറായി ഉള്‍പ്പെടെയുള്ളവരെ പൊലീസ് അടിച്ച് കടലില്‍ ചാടിച്ചത് ഏറെ കോളിളക്കം സൃഷ്ടിച്ചു. കെഎസ്വൈഎഫ് സംസ്ഥാന വൈസ്പ്രസിഡന്റുമായിരുന്നു. 1971 അവസാനം തലശേരിയില്‍ വര്‍ഗീയലഹള നടന്നപ്പോള്‍ അവിടെയെത്തി ധീരമായി പ്രതിരോധപ്രവര്‍ത്തനം നടത്തി. തലശേരി ലഹളയെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് വിതയത്തില്‍ കമീഷന്‍ റിപ്പോര്‍ട്ട് ഇക്കാര്യം എടുത്തുപറഞ്ഞിരുന്നു. 1968ല്‍ മാവിലായിയില്‍ നടന്ന ജില്ലാ പ്ലീനത്തില്‍ സിപിഐ എം ജില്ലാ കമ്മിറ്റി അംഗമായി. 1972ല്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗമായി; 1978ല്‍ സംസ്ഥാന കമ്മിറ്റി അംഗവും. 1960കളുടെ ആദ്യംമുതലേ പലപ്പോഴായി പൊലീസ് മര്‍ദനം അനുഭവിക്കേണ്ടിവന്നു. എംഎല്‍എയായിരിക്കെ അടിയന്തരാവസ്ഥയില്‍ ക്രൂരമായ ലോക്കപ്പ് മര്‍ദനത്തിന് ഇരയായി. അടിയന്തരാവസ്ഥയില്‍ 18 മാസം കണ്ണൂര്‍ സെന്‍ട്രല്‍ജയിലില്‍ തടവുകാരനായിരുന്നു.
1986ല്‍ ചടയന്‍ ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായപ്പോള്‍ പിണറായി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1989ല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായതു മുതല്‍ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. 1998 സെപ്തംബറില്‍ പാര്‍ടി സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് പിണറായിയെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. വൈദ്യുതിമന്ത്രി സ്ഥാനം രാജിവച്ചാണ് പാര്‍ടി സെക്രട്ടറിയായി സ്ഥാനമേറ്റത്. 2002 ഫെബ്രുവരിയില്‍ കണ്ണൂരില്‍ ചേര്‍ന്ന 17-ാം സംസ്ഥാന സമ്മേളനം പിണറായിയെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 2005 ഫെബ്രുവരിയില്‍ മലപ്പുറം സംസ്ഥാനസമ്മേളനത്തില്‍ വീണ്ടും സെക്രട്ടറിയായി. മലപ്പുറം സമ്മേളനശേഷം പാര്‍ടിയിലെ വിഭാഗീയപ്രവണതകള്‍ക്കെതിരെ പിണറായി അതിശക്തമായ പോരാട്ടമാണ് നയിച്ചത്. ഒറ്റുകാരില്‍നിന്ന് പാര്‍ടിയെ സംരക്ഷിക്കാന്‍ കര്‍ശന നിലപാടെടുത്തു. കോട്ടയത്ത് 2008ല്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനം വീണ്ടും അദ്ദേഹത്തെ സാരഥ്യമേല്‍പ്പിച്ചു. 1970ല്‍ 26-ാം വയസ്സില്‍ നിയമസഭാംഗമായ പിണറായി പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലും മികവു പ്രകടിപ്പിച്ചു. 1970ലും 77ലും 91ലും കൂത്തുപറമ്പ് മണ്ഡലത്തെ പ്രതിനിധാനംചെയ്തു. 1996ല്‍ പയ്യന്നൂരില്‍ നിന്നാണ് ജയിച്ചത്. 1996ലെ എല്‍ഡിഎഫ് മന്ത്രിസഭയില്‍ വൈദ്യുതി- സഹകരണമന്ത്രിയായി. മികച്ച ഭരണാധികാരി എന്ന നിലയില്‍ ശ്രദ്ധേയനായ അദ്ദേഹം കേരളത്തെ വൈദ്യുതിമിച്ച സംസ്ഥാനമാക്കാന്‍ നടത്തിയ പ്രവര്‍ത്തനം പരക്കെ പ്രശംസിക്കപ്പട്ടു. തലശേരി സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ അധ്യാപിക ഒഞ്ചിയം കണ്ണൂക്കര സ്വദേശിനി ടി കമലയാണ് ഭാര്യ. വിവേക് കിരണ്‍ , വീണ എന്നിവര്‍ മക്കളും സുനീഷ്, ദീപ എന്നിവര്‍ മരുമക്കളുമാണ്.
No comments:
Post a Comment