ചെങ്കടലില്‍ തിരയിളക്കി മണികിലുക്കം
ദേശാഭിമാനി
ദേശാഭിമാനി
Posted on: 11-Feb-2012 10:52 AM
തിരു: ചെങ്കടല്‍ത്തിരകളായി ആര്‍ത്തലച്ചെത്തിയ ജനലക്ഷങ്ങളുടെ മുന്നിലേക്ക് നാടന്‍പാട്ടിന്റെ വലയെറിഞ്ഞ് കലാഭവന്‍ മണി. താളത്തില്‍ ചുവടുവച്ചെത്തിയ ചെമ്പടയ്ക്കു മുന്നില്‍ പാട്ടിന്റെ ചടുലതാളമായി മണിയും സംഘവും ആവേശം വാനോളമുയര്‍ത്തി. മണ്ണിന്റെ മണമുള്ള അടിയാളന്റെ പാട്ടുകള്‍ക്കൊപ്പം ചിരിയുടെ മാലപ്പടക്കവുമായി മണി അണികളുടെ മണിമുത്തായി. നാടന്‍പാട്ടിന്റെ അകമ്പടിയില്‍ നൃത്തം ചവുട്ടിയ മണിക്കൊപ്പം കാണികളും ചേര്‍ന്നു. ബലികുടീരങ്ങളെ എന്ന വിപ്ലവഗാനം ആലപിച്ചാണ് മണികിലുക്കത്തിനു തുടക്കമായത്. പാട്ടിനൊടുവില്‍ ചുവന്ന ഷര്‍ട്ടിട്ട് ചെങ്കൊടിയേന്തി മണി വേദിയിലെത്തിയപ്പോള്‍ സ്റ്റേഡിയത്തില്‍ നിലയ്ക്കാത്ത കരഘോഷം. ലാല്‍സലാം സഖാക്കളെ എന്നുപറഞ്ഞ് പ്രവര്‍ത്തകരെ അഭിവാദ്യംചെയ്ത മണി സ്റ്റേഡിയത്തിലെ ചുവപ്പുസേനയെ കണ്ടപ്പോള്‍ ഒരുവേള ചാലക്കുടിയിലെ ചെങ്കൊടിയേന്തിയ പഴയ ഓട്ടോഡ്രൈവറായി മാറി. "ഈ വേദിയില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ വല്ലാതെ സന്തോഷിക്കുന്നു. ചെറുപ്പത്തില്‍ ഈ കൊടി പിടിച്ചതിന്റെ ആവേശം നിങ്ങളെ കാണുമ്പോള്‍ ആര്‍ത്തലച്ചെത്തുകയാണ്. എല്ലാ സഖാക്കള്‍ക്കും ചാലക്കുടിയിലെ പഴയ ഓട്ടോഡ്രൈവറുടെ രക്തത്തിന്റെ നിറമുള്ള അഭിവാദ്യങ്ങള്‍". നാടന്‍പാട്ട് കലാകാരനായ വിജയന്‍മാസ്റ്ററുടെ നാടന്‍പാട്ടിന്റെ ശൈലിയിലുള്ള ഗാനവും ശ്രദ്ധേയമായി. വേദിയിലെത്തിയ മണി ഞാന്‍ ഏതു പാട്ട് പാടണമെന്ന് ചോദിച്ചപ്പോഴേ സ്റ്റേഡിയത്തില്‍ നിന്ന് മറുപടി ഉച്ചത്തിലെത്തി, ഓടപ്പഴം. പിന്നെ കൂടപ്പുഴയിലെ പെണ്ണിനെക്കുറിച്ചുള്ള ഓടപ്പഴം പോലൊരു പെണ്ണിന് എന്ന മണിയുടെ മാസ്റ്റര്‍പീസ് ഗാനം. പാട്ടിന്റെ ലഹരിയില്‍ മണി സ്റ്റേഡിയത്തിലേക്ക് കൈനീട്ടിയപ്പോള്‍ മണിക്ക് കൈകൊടുക്കാന്‍ സ്റ്റേഡിയത്തില്‍നിന്ന് ആയിരം കൈകള്‍ നീണ്ടു. മണിയുടെ താളത്തിലുള്ള പാട്ടും അതിനിടയിലെ നര്‍മവും സ്റ്റേഡിയത്തിലെ നിറഞ്ഞ സദസ്സ് ഹൃദയത്തിലേറ്റുവാങ്ങി. കലാഭവന്‍ ജിമ്മി, മനാഫ് അലി, മനോജ്, അന്‍വര്‍ , ഡെന്‍സി, വര്‍ഷ തുടങ്ങിയ ഗായകര്‍ക്കൊപ്പം ടെലിവിഷന്‍ , മിമിക്രി താരങ്ങളും അരങ്ങ് കൊഴുപ്പിക്കാന്‍ മണിയോടൊപ്പമെത്തിയിരുന്നു. അമല്‍ നീരദിന്റെ പുതിയ ചിത്രം ബാച്ചിലര്‍ പാര്‍ടിയുടെ മൂന്നാറിലെ സെറ്റില്‍ നിന്നാണ് മണി സമ്മേളനനഗരിയിലേക്ക് പറന്നെത്തിയത്.
No comments:
Post a Comment