വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Saturday, February 11, 2012

നവലിബറല്‍ മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനും ബദല്‍

നവലിബറല്‍ മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനും ബദല്‍

പ്രകാശ് കാരാട്ട്

ദേശാഭിമാനി, Posted on: 08-Feb-2012 12:22 PM

സോവിയറ്റ് യൂണിയന്റെ പതനത്തില്‍ മുതലാളിത്തത്തിനുണ്ടായ വിജയാഹ്ലാദം രണ്ടു പതിറ്റാണ്ട് കഴിഞ്ഞപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നു. 21ാം നൂറ്റാണ്ടിലെ സുദീര്‍ഘ സാമ്പത്തിക പ്രതിസന്ധിയോടെ മുതലാളിത്തത്തിന്റെ ഭാവിയിലും അത് അഭിമുഖീകരിക്കുന്ന അനിശ്ചിതത്വത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്നത്. ഫിനാന്‍ഷ്യല്‍ ടൈംസില്‍ ഒരു ബാങ്കര്‍ എഴുതിയപോലെ, 'മുതലാളിത്തത്തിന് ശരിക്കുമൊരു മാര്‍ക്സിസ്റ്റ് പ്രതിസന്ധി ;തന്നെയാണ് നേരിടേണ്ടി വന്നിരിക്കുന്നത്' എന്ന് അംഗീകരിക്കപ്പെടുകയാണ്.

19ാം നൂറ്റാണ്ടിലെ തത്വശാസ്ത്രമാണ് മാര്‍ക്സിസമെന്ന് പുച്ഛിക്കുകയും അത് കാലഹരണപ്പെട്ടുകഴിഞ്ഞെന്ന് 20ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പ്രഖ്യാപിക്കുകയുംചെയ്തതാണ് മുതലാളിത്തത്തിന്റെ അപ്പോസ്തലന്‍മാര്‍ . എന്നാല്‍ , സമകാലിക മുതലാളിത്തത്തെ ബാധിച്ചിട്ടുള്ള പ്രതിസന്ധി വിശകലനംചെയ്യുന്നതിന് പര്യാപ്തമായ ഒരേയൊരു ശാസ്ത്രീയ സിദ്ധാന്തം മാര്‍ക്സിസമാണെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു. മുതലാളിത്തത്തെ അതിലംഘിച്ച് മുന്നേറുന്നതിനും വര്‍ഗചൂഷണത്തില്‍നിന്നും സാമൂഹികമായ അടിച്ചമര്‍ത്തലില്‍നിന്നും വിമുക്തമായ പുതിയ സമൂഹം കെട്ടിപ്പടുക്കുന്നതിനും എങ്ങനെ കഴിയും എന്നതിനെ സംബന്ധിച്ച വഴികാട്ടിയായി മാര്‍ക്സിസം നിലകൊള്ളുന്നു.

സിദ്ധാന്തവും പ്രയോഗവും എന്ന നിലയില്‍ മാര്‍ക്സിസം നിരന്തരം പരിണാമത്തിന് വിധേയമാക്കേണ്ടതുണ്ട്. പ്രയോഗത്തില്‍ കൊണ്ടുവന്നിട്ടുള്ള സിദ്ധാന്തത്തിന്റെ അനുഭവങ്ങള്‍ വിലയിരുത്തേണ്ടതുണ്ട്; ആ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സിദ്ധാന്തത്തെ കാലോചിതമാക്കുകയും പരിഷ്കരിക്കുകയും ചെയ്യേണ്ടതുണ്ട്. വികസിച്ചുകൊണ്ടേയിരിക്കുന്ന ഒരു സിദ്ധാന്തം എന്ന നിലയിലാണ് മാര്‍ക്സിസത്തെ കാണേണ്ടത്. ക്രമമായി അവതരിപ്പിക്കുകയും വ്യാഖ്യാനിക്കുകയും മാത്രംചെയ്യുന്ന ജഡമായ വിജ്ഞാനസംഹിതയല്ല മാര്‍ക്സിസം. 20ാം നൂറ്റാണ്ടിലെ സോവിയറ്റ് ശൈലിയിലുള്ള മാര്‍ക്സിസത്തിന്റെ പൈതൃകം പരിഗണിക്കുമ്പോള്‍ , ഇക്കാര്യം ഊന്നിപ്പറയേണ്ടതുണ്ട്. മാര്‍ക്സ്, എംഗല്‍സ്, ലെനിന്‍ തുടങ്ങിയവരുടെ ക്ലാസിക്കല്‍ ഗ്രന്ഥങ്ങളുടെ സംഹിതയായിട്ടാണ് മാര്‍ക്സിസം വീക്ഷിക്കപ്പെട്ടത്. ഈ ക്ലാസിക്കുകളെ അടിസ്ഥാനപ്പെടുത്തി വിവിധ വിജ്ഞാനശാഖകളിലെ സംഭവവികാസങ്ങള്‍ വിശകലനം ചെയ്യപ്പെട്ടു; നിശ്ചിതമായ ഒരു ചട്ടക്കൂടില്‍ അവയെ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമം നടന്നു. ഇത് സിദ്ധാന്തത്തെ കല്ലുപോലെയാക്കിത്തീര്‍ത്തു. വരട്ടുതത്വവാദങ്ങളില്‍ അഥവാ നിശ്ചേഷ്ടാവസ്ഥയിലാണ് അത് കൊണ്ടുചെന്നെത്തിച്ചത്.

21ാം നൂറ്റാണ്ടിലെ മാര്‍ക്സിസത്തിന് സൈദ്ധാന്തികമായ ഈ ഇടുങ്ങിയ ചട്ടക്കൂട്ടില്‍നിന്ന് പുറത്തുകടക്കേണ്ടതുണ്ട്. മാര്‍ക്സിസത്തെ ജീവത്തായ ഒരു സിദ്ധാന്തവും പ്രയോഗത്തിനുള്ള കൃത്യമായ വഴികാട്ടിയുമാക്കുന്നതിന് അത് അത്യാവശ്യമാണ്.

ആഗോള മുതലാളിത്ത വ്യവസ്ഥയുടെ അവിഭാജ്യഘടകമെന്ന നിലയിലുള്ള സാമ്രാജ്യത്വത്തിന്റെ അസ്തിത്വത്തെ സമകാലിക ലോകത്തെ സംബന്ധിച്ച മാര്‍ക്സിസ്റ്റ് സൈദ്ധാന്തിക വിശകലനം സ്ഥിരീകരിക്കുന്നുണ്ട്. ആഗോളവല്‍ക്കരണത്തിന്റെ യുഗത്തില്‍ ദേശരാഷ്ട്രങ്ങള്‍ അപ്രസക്തമായിത്തീര്‍ന്നിരിക്കുന്നുവെന്നും ദരിദ്രരാഷ്ട്രങ്ങളെ സമ്പന്നരാഷ്ട്രങ്ങള്‍ കോളനികളാക്കുന്നതിന്റെയും ചൂഷണം ചെയ്യുന്നതിന്റെയും അടിസ്ഥാനത്തിലുള്ള സാമ്രാജ്യത്വം എന്ന സങ്കല്‍പ്പനത്തിനപ്പുറത്തേക്ക് നാം നീങ്ങേണ്ടത് ആവശ്യമാണെന്നും വാദിക്കുന്നവരുണ്ട്. ലോകമുതലാളിത്തത്തെ ഇന്ന് ചലിപ്പിച്ചുകൊണ്ടിരിക്കുന്ന മുഖ്യവര്‍ഗശക്തികളെ കണ്ടെത്തുന്നതില്‍ ആ വാദം പരാജയപ്പെടുന്നു. സാമ്രാജ്യത്വത്തിന്റെ രൂപത്തിലും സ്വഭാവത്തിലുമുണ്ടായിട്ടുള്ള മാറ്റങ്ങളെ കണക്കിലെടുക്കുന്നില്ല എന്നതും അതിന്റെ അന്തഃസത്തയും ഉള്ളടക്കവും അപ്രത്യക്ഷമായിത്തീര്‍ന്നതായി തെറ്റിദ്ധരിക്കുന്നതും ഈ വാദത്തിലടങ്ങിയിട്ടുള്ള പ്രശ്നമാണ്.

മൂലധന കേന്ദ്രീകരണത്തിന്റെയും വികസിത മുതലാളിത്ത രാജ്യങ്ങളിലെ ബാങ്കിങ് മൂലധനവും വ്യവസായ മൂലധനവും തമ്മിലുള്ള ലയനത്തിന്റെയും ഫലമായി ഉയര്‍ന്നുവന്ന കുത്തകകളെയും അതിന്റെ ഭാഗമായുണ്ടായ ധനമൂലധനത്തിന്റെ ഉയര്‍ച്ചയെയും അടിസ്ഥാനപ്പെടുത്തിയാണ് 20ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ സാമ്രാജ്യത്വത്തെക്കുറിച്ച് ലെനിന്‍ വിശകലനം നടത്തിയത്. ധനമൂലധനത്തിന്റെ ഈ ദേശീയ കൂടിച്ചേരല്‍ അവയിലെ രാഷ്ട്രങ്ങളുടെ സഹായത്തോടെ സാമ്രാജ്യത്വത്തില്‍ ചെന്നെത്തി. ദരിദ്രരാജ്യങ്ങളുടെ വിഭവങ്ങളെയും വിപണികളെയും നിയന്ത്രിച്ചുകൊണ്ടാണ് ഇത് സാധ്യമായത്. തങ്ങളുടെ സ്വാധീനമേഖലകളെ വിഭജിക്കുന്നതിനെയും പുനര്‍വിഭജിക്കുന്നതിനെയും സംബന്ധിച്ച് ദേശരാഷ്ട്രങ്ങള്‍ പരസ്പരവും സാമ്രാജ്യത്വ രാജ്യങ്ങള്‍ തമ്മിലും ഉള്ള മത്സരങ്ങളിലേക്കാണത് നയിച്ചത്. ലോകമഹായുദ്ധങ്ങള്‍ക്കുവരെ അത് കാരണമായിത്തീര്‍ന്നു.

ലെനിന്റെ കാലശേഷം എങ്ങനെയാണ് കാര്യങ്ങള്‍ മാറിയത് എന്നത്, അന്താരാഷ്ട്ര ധനമൂലധനത്തിന്റെ വളര്‍ച്ചയില്‍നിന്ന് ദൃശ്യമാണ്. വികസിത മുതലാളിത്ത രാജ്യങ്ങളില്‍നിന്ന് രൂപംകൊണ്ട ധനമൂലധനത്തിന് ഇന്ന് ദേശീയരൂപം ഒട്ടുമില്ല. രാജ്യാന്തര ബാങ്കുകള്‍ക്കും ധനകാര്യ കോര്‍പറേഷനുകള്‍ക്കും ഇന്ന് ആഗോള പ്രവര്‍ത്തനമേഖലയാണുള്ളത്. വളരെവേഗത്തില്‍ ഊഹക്കച്ചവടപരമായ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനുവേണ്ടി അവ, അളവറ്റ മൂലധനം രാജ്യങ്ങള്‍ക്കപ്പുറത്തുള്ള വിപണികളിലേക്ക് ദൈനംദിനം ഒഴുക്കിക്കൊണ്ടിരിക്കുന്നു. അന്താരാഷ്ട്ര ധനമൂലധനത്തിന് ഇന്ന് ആഗോളതലത്തില്‍ത്തന്നെ ചലനക്ഷമതയുണ്ട്; ചലിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. ഏതെങ്കിലും ചില പ്രത്യേക വ്യവസായങ്ങളില്‍മാത്രമായി അത് തളയ്ക്കപ്പെട്ടു കിടക്കുകയല്ല; ലോകവിപണിയെ ശത്രുതാപരമായ ബ്ലോക്കുകളായി തിരിക്കുക എന്ന താല്‍പ്പര്യവും അതിനില്ല. ആഗോളതലത്തില്‍ ഉദ്ഗ്രഥിതമായ ഒരു വിപണിയുണ്ടാകണമെന്നും ആ വിപണിയില്‍ തങ്ങള്‍ക്ക് അനിയന്ത്രിതമായ ചലനസ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്നുമെന്നാണ് ഇന്ന് ധനമൂലധനംആവശ്യപ്പെടുന്നത്. പുത്തന്‍ ഉദാരവല്‍ക്കരണആഗോളവല്‍ക്കരണ പ്രക്രിയയെ നയിക്കുന്ന ശക്തി അതാണ്.

സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ക്കിടയിലുള്ള ശത്രുത അന്താരാഷ്ട്ര ധനമൂലധനത്തിന്റെ മേധാവിത്വത്തിനുമുന്നില്‍ പത്തി മടക്കിയിരിക്കുന്നു. എന്നാല്‍ , സാമ്രാജ്യത്വം അപ്രത്യക്ഷമായിക്കഴിഞ്ഞു എന്നല്ല ഇതിനര്‍ഥം. മറിച്ച്, അന്താരാഷ്ട്ര ധനമൂലധനത്തിന്റെ കല്‍പ്പനകള്‍ക്ക് അനുസരിച്ച് സാമ്രാജ്യത്വം വിഷമയമായ ഒരു രൂപം ആര്‍ജിച്ചിരിക്കുന്നുവെന്ന് പറയാം. അമേരിക്കയുടെ നേതൃത്വത്തിന്‍ കീഴില്‍ പ്രധാന സാമ്രാജ്യത്വശക്തികളെല്ലാം ചേര്‍ന്ന് ഒരു ബ്ലോക്ക് ഉണ്ടാക്കിയിരിക്കുകയാണ്. പുത്തന്‍ ഉദാരവല്‍ക്കരണത്തിനും ആഗോളവല്‍ക്കരണത്തിനും അന്താരാഷ്ട്ര ധനമൂലധനത്തിന്റെ മേധാവിത്വത്തിനും നേര്‍ക്ക് എന്തെങ്കിലും വെല്ലുവിളി ഉയര്‍ന്നുവരികയാണെങ്കില്‍ ആ വെല്ലുവിളിയെ ഇല്ലാതാക്കുമെന്ന് അമേരിക്ക ഉറപ്പുനല്‍കുന്നു. ഇക്കാര്യത്തില്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെയും അതിന്റെ സമ്പദ്വ്യവസ്ഥയുടെയും പങ്ക് വളരെ നിര്‍ണായകമാണ്.

സമകാലിക മുതലാളിത്തത്തിന്റെ കീഴില്‍ വെളിപ്പെട്ടുകൊണ്ടിരിക്കുന്ന സംഭവങ്ങളില്‍ ഇക്കാര്യം ദൃശ്യമാണ്. വിവേകശൂന്യമായ വിധത്തിലുള്ള വായ്പകളിലൂടെയും ഊഹ ഇടപാടുകളിലൂടെയും ഉണ്ടാക്കപ്പെട്ട ധനആസ്തിവിലക്കയറ്റ കുമിളകളിലൂടെ കൊള്ള നടത്തിയതാണ് 200708 കാലത്ത് ആരംഭിച്ച ഇന്നത്തെ പ്രതിസന്ധിക്ക് കാരണം. പ്രതിസന്ധി തരണംചെയ്യുന്നതിനുള്ള മാര്‍ഗമെന്ന നിലയില്‍ സര്‍ക്കാരുകളുടെ ചെലവ് സംയുക്തമായി വര്‍ധിപ്പിക്കണമെന്ന് സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ മുന്‍കൈയെടുത്ത് നിര്‍ദേശിച്ചു. എന്നാല്‍ , നികുതിദായകരുടെ പണം ഉപയോഗിച്ച് വന്‍കിട ബാങ്കുകളെയും ധനകാര്യകമ്പനികളെയും രക്ഷപ്പെടുത്തിക്കഴിഞ്ഞ ഉടന്‍ സാമ്രാജ്യത്വശക്തികള്‍ (പ്രത്യേകിച്ചും അമേരിക്കയും ജര്‍മനിയും ഫ്രാന്‍സും ഇംഗ്ലണ്ടും) ആര്‍ഭാടങ്ങള്‍ ഒഴിവാക്കണമെന്നും ചെലവ് വെട്ടിച്ചുരുക്കണമെന്നും വാദിച്ചുതുടങ്ങി. സര്‍ക്കാരിന്റെ ചെലവിലാണ് അന്തര്‍ദേശീയ ഫിനാന്‍സ്, അതിന്റെ നഷ്ടങ്ങളില്‍നിന്ന് രക്ഷപ്പെട്ടത്. എന്നാല്‍ , ചെലവുചുരുക്കല്‍ നടപടികളിലൂടെ ലോകത്തെങ്ങുമുള്ള അധ്വാനിക്കുന്ന ജനങ്ങളുടെ തലയിലേക്ക് അത്തരം നീക്കുപോക്കുകളുടെ ഭാരംമാറ്റിവയ്ക്കുകയാണുണ്ടായത്. അന്താരാഷ്ട്ര ഫിനാന്‍സിന്റെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി സാമ്രാജ്യത്വ ദേശരാഷ്ട്രങ്ങള്‍ പൂര്‍ണ യോജിപ്പോടെ പ്രവര്‍ത്തിച്ചു. അല്ലെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല. നവലിബറല്‍ ആഗോളവല്‍ക്കരണത്തില്‍നിന്ന് അകന്നുള്ള ഒരു മാറ്റത്തിന്റെ സാധ്യതയെയും പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വന്‍കിട ധനശക്തികളുടെ അധികാരത്തെ തടയുന്നതിനെയും സാമ്രാജ്യത്വം പ്രതിരോധിക്കുകയായിരുന്നു.

അന്താരാഷ്ട്ര ഫിനാന്‍സിന്റെ പ്രേരണയാല്‍ ചലിച്ചുകൊണ്ടിരിക്കുന്ന സാമ്രാജ്യത്വവ്യവസ്ഥയുടെ ഒരു സുപ്രധാനവശം ഡോളറിന്റെ അധീശത്വമാണ്. അമേരിക്കയുടെ സാമ്രാജ്യത്വശക്തി കാരണം ലോകത്തെങ്ങുമുള്ള സാമ്പത്തിക ആസ്തികളും വിഭവങ്ങളും ഇപ്പോഴും ഡോളര്‍രൂപത്തിലാണ് മിക്കവരും കൈവശം വയ്ക്കുന്നത്. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും സമ്പത്ത് ഊറ്റിയെടുക്കാനും ആഗോളവല്‍ക്കരണ പ്രക്രിയയെ സ്ഥിരമാക്കി നിര്‍ത്താനും ഇതുമൂലം അമേരിക്കയ്ക്ക് കഴിയുന്നു.

ശീതയുദ്ധ കാലഘട്ടത്തിനുശേഷം നാറ്റോ വഹിച്ച പങ്ക് സാമ്രാജ്യത്വത്തിന്റെ സൈനികമേധാവിത്വ വാഞ്ഛയ്ക്കുള്ള നിദര്‍ശനമാണ്. ഭീകരതയ്ക്കെതിരായ യുദ്ധമെന്നും മനുഷ്യത്വപരമായ ഇടപെടലെന്നും കള്ളപ്പേരിട്ടുകൊണ്ടുള്ള നാറ്റോയുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പശ്ചിമേഷ്യയിലും വ്യാപിപ്പിച്ചിരിക്കുന്നു. പരമാധികാരം ഉയര്‍ത്തിപ്പിടിക്കുകയും പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളിലെ കൊള്ളക്കാരായ എണ്ണക്കമ്പനികളില്‍നിന്ന് ഈ മേഖലയിലെ എണ്ണസ്രോതസ്സുകളെ സംരക്ഷിക്കുകയുംചെയ്യുന്ന സര്‍ക്കാരുകളെ തകര്‍ക്കുക എന്നതാണ് അവരുടെ ഉദ്ദേശം. അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും ഏറ്റവുമൊടുവില്‍ ലിബിയയിലെയും യുദ്ധങ്ങള്‍ നടത്തിയത് ഈ ലക്ഷ്യത്തോടെയായിരുന്നു. ആഗോള മേധാവിത്വം നിലനിര്‍ത്തുക എന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ആവശ്യത്തില്‍നിന്നാണ് സൈനികതന്ത്രം രൂപം കൊള്ളുന്നത്.

അതിനാല്‍ , മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കുമ്പോള്‍ ജനാധിപത്യപരവും സമാധാനപരവും നീതിയുക്തവുമായ ഒരു ലോകക്രമം ഉണ്ടാക്കുന്നതിനുവേണ്ടി ശ്രമിക്കുന്ന എല്ലാറ്റിനും തടസ്സമായി എല്ലായ്പ്പോഴും നില്‍ക്കുന്നത് സാമ്രാജ്യത്വമാണ്. അന്താരാഷ്ട്ര ഫിനാന്‍സിന്റെ ഉത്തേജനത്താല്‍ ചലിച്ചുകൊണ്ടിരിക്കുന്ന സാമ്രാജ്യത്വത്തിനെതിരായ ചെറുത്തുനില്‍പ്പും സമരവുമാണ് 21ാം നൂറ്റാണ്ടിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ അന്തഃസത്ത. (അവസാനിക്കുന്നില്ല)

തൊഴിലാളി ഐക്യം കെട്ടിപ്പടുക്കുക

പ്രകാശ് കാരാട്ട്

Posted on: 09-Feb-2012 10:14 അം

മുതലാളിത്തത്തിന്റെ ആദ്യഘട്ടത്തില്‍ ഉണ്ടാക്കപ്പെട്ട ക്ഷേമരാഷ്ട്രത്തെ പ്രതിസന്ധി മൂര്‍ച്ഛിക്കുമ്പോള്‍ ധനമൂലധനം കടന്നാക്രമിക്കുകയും തകര്‍ത്തെറിയുകയും ചെയ്യുന്നു. സാമൂഹ്യക്ഷേമം കൈവരിക്കുന്നതിനായി ഇരുപതാം നൂറ്റാണ്ടില്‍ പതിറ്റാണ്ടുകളോളം നടത്തിയ സമരങ്ങളുടെ ഫലമായുണ്ടായ നേട്ടങ്ങളും അധ്വാനിക്കുന്ന ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കണമെങ്കില്‍ നവലിബറല്‍ യാഥാസ്ഥിതികത്വത്തെ പിറകോട്ടടിപ്പിക്കണം.

വികസിത മുതലാളിത്ത രാജ്യങ്ങളിലെ ജനങ്ങള്‍ക്കിടയിലെ രൂക്ഷമായ അസമത്വവും വര്‍ധിച്ചുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയും പാര്‍പ്പിടമില്ലാത്ത അവസ്ഥയും നവലിബറല്‍ നയങ്ങളുടെ ഫലമായി സംഭവിക്കുന്നതാണ്. ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രതിസന്ധിയും കോര്‍പറേറ്റുകളെയും ബാങ്കര്‍മാരെയും രക്ഷപ്പെടുത്തുന്നതിനുവേണ്ടി സര്‍ക്കാര്‍ സ്പോണ്‍സര്‍ചെയ്ത ബെയില്‍ ഔട്ട് പദ്ധതികളും നിലവിലുള്ള വ്യവസ്ഥയിലെ അന്യായവും അസമത്വവും ജനങ്ങളുടെ മുന്നില്‍ വളരെ വ്യക്തമായി മറനീക്കിക്കാണിച്ചിരിക്കുന്നു. കോര്‍പറേറ്റുകളുടെ അത്യാര്‍ത്തിക്കും ചെലവുചുരുക്കല്‍ നടപടികള്‍ക്കും എതിരായ പ്രതിഷേധങ്ങള്‍ യൂറോപ്പിലും അമേരിക്കയിലും പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു; ശക്തിപ്രാപിച്ചിരിക്കുന്നു. ശക്തമായ ഒരു രാഷ്ട്രീയ ബദലായി ഇത് മാറേണ്ടിയിരിക്കുന്നു. വളരെ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ അതിന് കഴിയും.

നവലിബറല്‍ കടന്നാക്രമണങ്ങളെ പിന്നോട്ടടിപ്പിക്കുന്നതിലും അന്താരാഷ്ട്ര ധനമൂലധനത്തിന്റെ ശക്തിയെ തകര്‍ക്കുന്നതിലും കേന്ദ്രീകരിച്ചുള്ള ഇടതുപക്ഷ ബദല്‍ പരിപാടി കെട്ടിപ്പടുക്കേണ്ടത് സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തെ പ്രതിരോധിക്കാന്‍ ആവശ്യമാണ്. സാമ്പത്തിക പരമാധികാരവും ജനകീയ പരമാധികാരവും പുനഃസ്ഥാപിക്കുന്നതിനും അതാവശ്യമാണ്. തൊഴിലവസരങ്ങളുണ്ടാക്കുകയും വരുമാന അസമത്വം കുറയ്ക്കുകയും ചെയ്യുന്ന വിധത്തില്‍ ഉല്‍പ്പാദനശക്തികളെ വളര്‍ത്തിക്കൊണ്ടുവരുന്നതിന് സ്റ്റേറ്റിന്റെ ഇടപെടല്‍ ഉണ്ടാകണമെന്ന് ഇടതുപക്ഷ ബദല്‍ പരിപാടി ആവശ്യപ്പെടണം. അന്താരാഷ്ട്ര ധനമൂലധനത്തിന്റെ ശക്തിയെ തടഞ്ഞുനിര്‍ത്താതെ, സാമ്പത്തിക നയങ്ങളില്‍ പുരോഗമനപരമായ മാറ്റങ്ങളൊന്നും കൊണ്ടുവരാന്‍ കഴിയില്ല. സാമ്പത്തികമേഖലയെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയേടത്തുതന്നെ നില്‍ക്കുകയാണ്. കൂറ്റന്‍ ബഹുരാഷ്ട്ര ബാങ്കുകളെ തകര്‍ക്കുകയും വന്‍കിട സാമ്പത്തിക ആസ്തികള്‍ സ്റ്റേറ്റ് ഏറ്റെടുക്കുകയും ചെയ്യണം എന്ന അജന്‍ഡ മുന്നോട്ടുകൊണ്ടുവരേണ്ടത് ആവശ്യമാണ്.

വികസ്വര രാജ്യങ്ങളിലെ ജനങ്ങളുടെ തലയിലേക്ക് പ്രതിസന്ധിയുടെ ഭാരം മാറ്റിവച്ചുകൊണ്ട് ഇപ്പോഴത്തെ പ്രതിസന്ധിയില്‍നിന്ന് കരകയറാനാണ് സാമ്രാജ്യത്വം ശ്രമിക്കുന്നത്. ഈ ശ്രമത്തില്‍ ഐഎംഎഫ്, ലോകബാങ്ക്, ഡബ്ല്യുടിഒ തുടങ്ങിയ അന്താരാഷ്ട്ര ഏജന്‍സികള്‍ സാമ്രാജ്യത്വത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. വികസ്വരരാജ്യങ്ങളിലെ ഫിനാന്‍ഷ്യല്‍ വ്യാപാര ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ സമരങ്ങളെ, പ്രത്യേകിച്ചും വ്യവസ്ഥകളോടുകൂടിയ ചെലവുചുരുക്കല്‍ നടപടികള്‍ക്കും അസന്തുലിതമായ സ്വതന്ത്രവ്യാപാര കരാറുകള്‍ക്കും എതിരായ സമരങ്ങളെ ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്.

ഓരോ രാജ്യത്തിലെയും സ്ഥിതിഗതികള്‍ക്കനുസരിച്ച് ഇടതുപക്ഷ ബദല്‍ പരിപാടിയും അതിനുവേണ്ടിയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും വളര്‍ത്തിയെടുക്കേണ്ടതുണ്ട്. അന്താരാഷ്ട്ര ധനമൂലധനം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് ആഗോളതലത്തിലാണെങ്കില്‍ത്തന്നെയും തങ്ങളുടെ നവലിബറല്‍ തീട്ടൂരങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനായി ഓരോ രാജ്യത്തെയും ഭരണകൂടത്തെ അത് പ്രയോജനപ്പെടുത്തുന്നു. അതുകൊണ്ട് ജനങ്ങളുടെ സാമ്പത്തിക പരമാധികാരവും ജനകീയപരമാധികാരവും പിടിച്ചെടുക്കുന്നതിനുള്ള സമരം ആ ദേശരാഷ്ട്രത്തിനുള്ളില്‍ത്തന്നെയുള്ള വര്‍ഗസമരമാണ്. ദേശരാഷ്ട്രങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഈ സമരങ്ങളെ സാമ്രാജ്യത്വ ആഗോളവല്‍ക്കരണം അപ്രസക്തമാക്കിത്തീര്‍ത്തിട്ടില്ല. വര്‍ഗസമരത്തിന്റെ ആഗോളരൂപങ്ങളും സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനങ്ങളും കാലക്രമേണ ശക്തി പ്രാപിക്കുമ്പോള്‍ത്തന്നെ, ദേശരാഷ്ട്രങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള വര്‍ഗസമരത്തെ കുറച്ചുകണ്ടുകൂടാ.

മുതലാളിത്തത്തിനെതിരായ ഏതൊരു വിപ്ലവവെല്ലുവിളിയുടെയും കേന്ദ്രസ്ഥാനം തൊഴിലാളിവര്‍ഗത്തിനാണ്. തൊഴിലാളിവര്‍ഗത്തിന്റെ ശക്തിയും വലുപ്പവും ആഗോളതലത്തില്‍ വിപുലമായിത്തീര്‍ന്നിട്ടുണ്ട് പോസ്റ്റ് മാര്‍ക്സിസ്റ്റുകാര്‍ മറിച്ച് പറയുന്നുണ്ടെങ്കിലും. വികസിത മുതലാളിത്ത ലോകത്തിലെ അപവ്യവസായവല്‍ക്കരണവും അവിടങ്ങളിലെ വ്യവസായ പ്രവര്‍ത്തനങ്ങള്‍ വികസ്വര രാജ്യങ്ങളിലേക്ക് കടല്‍കടത്തികൊണ്ടുപോകുന്നതും കാരണം വികസിത മുതലാളിത്ത രാജ്യങ്ങളിലെ വ്യവസായ തൊഴിലാളികളുടെ എണ്ണം ചുരുക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ , വികസ്വര ലോകത്തിലും ലോകത്തെ മൊത്തം എടുക്കുമ്പോഴും തൊഴിലാളിവര്‍ഗത്തിന്റെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. മാത്രമല്ല, സേവനമേഖലകളില്‍ ജോലിചെയ്യുന്നവരും ചൂഷണംചെയ്യപ്പെടുന്ന തൊഴിലാളികള്‍തന്നെയാണ്. അയവേറിയ തൊഴില്‍ വിപണി എന്ന പേരില്‍ അറിയപ്പെടുന്ന തൊഴില്‍ചൂഷണത്തിന്റെയും തൊഴില്‍ രൂപങ്ങളുടെയും മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ലോകത്തെല്ലായിടത്തും സംഘടിതവും ഔപചാരികവുമായ തൊഴില്‍മേഖലയെ മാറ്റി, പകരം താല്‍ക്കാലികാടിസ്ഥാനത്തിലും (കാഷ്വല്‍) കരാര്‍ അടിസ്ഥാനത്തിലുമുള്ള തൊഴില്‍ വ്യവസ്ഥ സ്ഥാപിക്കുന്നതിനുള്ള പ്രവണത കൂടുതല്‍ ശക്തിപ്രാപിക്കുകയാണ്. തോന്നുംപടി നിയമിക്കുകയും പിരിച്ചുവിടുകയും ചെയ്യുന്ന (ഹയര്‍ ആന്‍ഡ് ഫയര്‍) വ്യവസ്ഥ സ്ഥാപനവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. അതോടൊപ്പംതന്നെ നവലിബറല്‍ വാഴ്ചയ്ക്കുകീഴിലെ സാമ്പത്തിക വളര്‍ച്ച അനൗപചാരിക സമ്പദ്വ്യവസ്ഥ ഊതിവീര്‍പ്പിക്കപ്പെടുന്നതിലേക്കാണ് നയിക്കുന്നത് (തൊഴിലിനെ രൂക്ഷമായ വിധത്തില്‍ ചൂഷണംചെയ്യലും സ്വയം ചൂഷണവും ആണ് അതിന്റെ സ്വഭാവം). രൂക്ഷമായ ചൂഷണത്തിന്റെ ഭാരം മുഴുവന്‍ പേറേണ്ടിവരുന്ന താല്‍ക്കാലിക ജീവനക്കാരെയും അനൗപചാരിക തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിനുള്ള ഒരു പുതിയ രൂപം ആവിഷ്കരിക്കുക എന്നതാണ് 21ാം നൂറ്റാണ്ടിലെ മാര്‍ക്സിസ്റ്റുകാരുടെ മുന്നിലുള്ള സുപ്രധാന വെല്ലുവിളി.

ഇന്ന് ലോകത്ത് സംഭവിക്കുന്ന ഏറ്റവും സങ്കീര്‍ണമായ പ്രക്രിയ ഒരു പക്ഷേ നാട്ടിന്‍പുറങ്ങളില്‍ , പ്രത്യേകിച്ചും വികസനമധികം ഉണ്ടായിട്ടില്ലാത്ത രാജ്യങ്ങളിലെ നാട്ടിന്‍പുറങ്ങളില്‍ (ലാറ്റിനമേരിക്ക, ആഫ്രിക്ക, ഏഷ്യ) സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. അന്താരാഷ്ട്ര മൂലധനവും ആഭ്യന്തര ബൂര്‍ഷ്വാസിയും ഭൂവുടമകളായ ഗ്രാമീണ വരേണ്യവര്‍ഗവും ചേര്‍ന്ന് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലമായി ഘടനാപരമായ നീക്കുപോക്കുകളും സുദൃഢീകരണവും&ൃറൂൗീ;എന്ന് അവകാശപ്പെടുന്ന നയങ്ങള്‍ മൂന്നാംലോകത്തുള്ള അധ്വാനിക്കുന്ന ജനതയുടെ തലയില്‍ നിരന്തരം കെട്ടിയേല്‍പ്പിക്കുകയാണ്. ഈ നയങ്ങള്‍ കാര്‍ഷിക പ്രതിസന്ധിയെ മൂര്‍ച്ഛിപ്പിക്കുകയും കര്‍ഷക ജനതയുടെ വരുമാനത്തെയും ഉപജീവനമാര്‍ഗങ്ങളെയും കൂടുതല്‍ വഷളാക്കുകയും അവരെ പാപ്പരാക്കുകയും ചെയ്യുന്നു. ഭൂമി, ഉപജീവനമാര്‍ഗം, വിഭവങ്ങളുടെ ലഭ്യത എന്നീ വിഷയങ്ങളെച്ചൊല്ലി ഗ്രാമീണമേഖലയിലെ അസ്വാസ്ഥ്യം ഇന്ന് വികസ്വര ലോകത്ത് ദൃശ്യമാകുന്ന വ്യാപകമായ പ്രതിഭാസമാണ്. കര്‍ഷകരും ഗ്രാമീണ തൊഴിലാളികളും നഗരപ്രദേശങ്ങളിലെ തൊഴിലാളിവര്‍ഗവും ചേര്‍ന്ന സഖ്യം കെട്ടിപ്പടുക്കുക എന്നത് ഈ സമൂഹങ്ങളില്‍ ഉയര്‍ന്നുവരുന്ന ഏറ്റവും പ്രധാന വെല്ലുവിളിയാണ്.

വര്‍ഗചൂഷണത്തിന്റെയും സാമൂഹ്യമായ അടിച്ചമര്‍ത്തലിന്റെയും മുഖ്യധാരാ വിശകലനവുമായി ലിംഗപ്രശ്നത്തെ സമന്വയിപ്പിക്കേണ്ടത് 21ാം നൂറ്റാണ്ടിലെ മാര്‍ക്സിസത്തിന്റെ സിദ്ധാന്തത്തിനും പ്രയോഗത്തിനും ആവശ്യമാണ്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ ഹാനികരമായിട്ടുള്ള അധമമായ തൊഴില്‍ വിഭജനപ്രശ്നം വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കാന്‍ ഏറ്റവും വികസിതമായ മുതലാളിത്ത രാജ്യങ്ങള്‍ക്കുപോലും കഴിയുന്നില്ല. നേരെമറിച്ച് നവലിബറല്‍ വാഴ്ചയ്ക്കു കീഴില്‍ സാമൂഹ്യമേഖലയില്‍ വരുത്തുന്ന ഉയര്‍ന്ന തോതിലുള്ള വെട്ടിക്കുറയ്ക്കലിന്റെ അര്‍ഥം, സമ്പദ്വ്യവസ്ഥയുടെ ഭഭാരം ഒട്ടുംതന്നെ ആനുപാതികമല്ലാത്ത വിധത്തില്‍ വഹിക്കാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരായിത്തീരുന്നു എന്നാണ്. അതേ അവസരത്തില്‍ത്തന്നെ, സ്ത്രീകളെക്കൊണ്ട് കുറഞ്ഞ കൂലിക്ക് ജോലി ചെയ്യിക്കുന്നതിലൂടെയുള്ള ചൂഷണം മിച്ചമൂല്യം ഊറ്റിയെടുക്കുന്നതിനുള്ള സുപ്രധാന സ്രോതസ്സായി വര്‍ത്തിക്കുന്നു.

തുല്യമല്ലാത്ത വേതനത്തിലൂടെ പ്രതിഫലിപ്പിക്കപ്പെടുന്ന സ്ത്രീകള്‍ക്കെതിരായ വിവേചനം, വിവേചനപരമായ തൊഴില്‍ സമ്പ്രദായങ്ങളും പ്രയോഗങ്ങളും, തൊഴില്‍ശക്തിയുടെ പുനരുല്‍പ്പാദനത്തിന്റെ അര്‍ഥശാസ്ത്രം എന്നിവയെല്ലാം കാണിക്കുന്നത് ഈ വിവേചനം മുതലാളിത്ത ഉല്‍പ്പാദനവ്യവസ്ഥയില്‍ വ്യവസ്ഥാപിതമായിത്തന്നെ അന്തര്‍ലീനമാണെന്നാണ്. ജോലിയുടെ അദൃശ്യവല്‍ക്കരണവും മൂല്യശോഷണവും പുരുഷാധിപത്യ ജീവിതരീതിയുടെ മേധാവിത്വവുമെല്ലാം നവലിബറല്‍ മുതലാളിത്തത്തിന്‍കീഴില്‍ സ്ത്രീകളുടെമേലുള്ള ചൂഷണത്തെ കൂടുതല്‍ പ്രബലമാക്കിത്തീര്‍ക്കുകയാണ്. പുരുഷാധിപത്യ ചൂഷണത്തില്‍നിന്നും വര്‍ഗാടിസ്ഥാനത്തിലുള്ള ചൂഷണത്തില്‍നിന്നും സ്ത്രീകളെ മോചിപ്പിക്കേണ്ടതിന്റെ പ്രാധാന്യം സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിനുള്ള ഇടതുപക്ഷ ബദല്‍ അംഗീകരിക്കണം.

പരിസ്ഥിതിയുടെയും പരിസരത്തിന്റെയും വിനാശമാണ് ലോകം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു പ്രശ്നം. മനുഷ്യനും പ്രകൃതിക്കും അത് ഭീഷണിയാണ്. മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തിന്റെയും പ്രയോഗത്തിന്റെയും അടിസ്ഥാനത്തില്‍ പറഞ്ഞാല്‍ നവലിബറല്‍ മുതലാളിത്തത്തിനെതിരായ സമരത്തിന്റെയും അതിനുപകരമുള്ള ബദല്‍ കെട്ടിപ്പടുക്കുന്നതിനുള്ള സമരത്തിന്റെയും ഒരു സുപ്രധാന ഘടകം പരിസരം സംബന്ധിച്ച പ്രശ്നങ്ങളെക്കുറിച്ചുള്ള ശരിയായ ധാരണയുണ്ടാക്കലും പരിസ്ഥിതിയും മനുഷ്യജീവനും സംരക്ഷിക്കുന്നതിനുള്ള സമരവും ആണ്. ആഗോളപരിസ്ഥിതിക്ക് നേര്‍ക്കുള്ള ഭീഷണിയുടെ പ്രാഥമികമായ കാരണം മുതലാളിത്തത്തിന്റെ പകല്‍ക്കൊള്ള സ്വഭാവമാണ്. വന്‍കിട കോര്‍പറേറ്റുകള്‍ പ്രകൃതിവിഭവങ്ങളെ കവര്‍ന്നെടുക്കുന്ന പ്രവണതയും പ്രകൃതിയെ നശിപ്പിക്കുന്ന പ്രവണതയും സാമ്രാജ്യത്വ ആഗോളവല്‍ക്കരണകാലത്ത് ഏറ്റവും ഉയര്‍ന്ന രൂപത്തിലെത്തിയിരിക്കുന്നു. ആഗോളതാപനവും കാലാവസ്ഥാമാറ്റവും മാനവരാശിക്ക് നേരെയുള്ള പൊതുഭീഷണിയാണെങ്കില്‍ക്കൂടി അതിന്റെ ഉത്തരവാദിത്തം കൂടുതലും സമ്പന്ന വ്യവസായവല്‍കൃത രാഷ്ട്രങ്ങള്‍ക്കാണ്. പരിസരത്തെ സംരക്ഷിക്കുന്നതിനും പാരിസ്ഥിതികമായ പ്രശ്നത്തെ കൈകാര്യംചെയ്യുന്നതില്‍ തുല്യത ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമുള്ള സമരം ഇടതുപക്ഷ ബദല്‍ പരിപാടിയില്‍ ഉണ്ടായിരിക്കണം. (അവസാനിക്കുന്നില്ല)

ഇന്ത്യയുടെ അനുഭവം

പ്രകാശ് കാരാട്ട്

Posted on: 11-Feb-2012 06:15 AM

1991ലാണ് ഇന്ത്യയില്‍ ഉദാരവല്‍ക്കരണനയങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ആദ്യകാലത്തെ കേന്ദ്രനിയന്ത്രിത നയങ്ങളില്‍നിന്ന് 1980കളില്‍ ക്രമേണ അകന്നുപോയതിനുശേഷം ഇന്ത്യയിലെ ഭരണവര്‍ഗങ്ങള്‍ (അതിലെ ഏറ്റവും പ്രമുഖമായ വിഭാഗം വന്‍കിട ബൂര്‍ഷ്വാസിയാണ്) നവ ലിബറല്‍ ചട്ടക്കൂടിനെ ഗാഢമായി പുണര്‍ന്നു. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) കൂടുതല്‍ ഉയര്‍ന്ന നിരക്കിലുള്ള വളര്‍ച്ചയോടൊപ്പംതന്നെ വര്‍ധിച്ച തോതിലുള്ള അസമത്വവും തൊഴിലാളികളുടെമേലുള്ള കൂടുതല്‍ രൂക്ഷമായ ചൂഷണവും നടക്കുകയാണ്. കര്‍ഷകജനതയെ ഞെക്കിപ്പിഴിയുന്നു; വലിയ തോതിലുള്ള കാര്‍ഷികത്തകര്‍ച്ചയുമുണ്ടാകുന്നു. വന്‍കിട കോര്‍പറേറ്റുകളും വിദേശമൂലധനവും ഇന്ത്യയിലെ പ്രകൃതിവിഭവങ്ങളും പൊതുആസ്തികളും കൊള്ളചെയ്യുമ്പോള്‍ ഇന്ത്യന്‍ ഭരണകൂടം അതിന് സഹായവും അവസരവും ഒരുക്കുകയാണ് ചെയ്യുന്നത്.

പക്ഷേ, ഈ നവ ലിബറല്‍ നയങ്ങള്‍ക്ക് കടുത്ത എതിര്‍പ്പാണ് നേരിടേണ്ടിവരുന്നത്. ട്രേഡ് യൂണിയനുകളും ജനകീയപ്രസ്ഥാനങ്ങളും സംഘടിപ്പിക്കുന്ന ചെറുത്തുനില്‍പ്പ് കാരണം, ധനകാര്യമേഖലയെ പൂര്‍ണമായും ഉദാരവല്‍ക്കരിക്കുന്നതില്‍ സര്‍ക്കാര്‍ ഇതുവരെ വിജയിച്ചിട്ടില്ല. സാമ്പത്തികപ്രതിസന്ധിയുടെ ഏറ്റവും വിനാശകരമായ ആഘാതങ്ങളില്‍നിന്ന് ഇന്ത്യയെ ഇതുവരെ രക്ഷിച്ചുനിര്‍ത്തിയത് ഇതാണ്. പൊതുമേഖലയെ സംരക്ഷിക്കുന്നതിനുള്ള സമരം നടന്നുകൊണ്ടിരിക്കുകയാണ്. നഗ്നമായ സ്വകാര്യവല്‍ക്കരണത്തിലേക്ക് നീങ്ങുന്നതിനുപകരം പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ ക്രമേണ വില്‍ക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആഭ്യന്തര സാമ്പത്തികനയങ്ങളിലുള്ള വ്യതിയാനം ഇന്ത്യയുടെ വിദേശനയത്തില്‍ പ്രതിഫലിച്ചുകാണാം. അമേരിക്കയുമായി ഇന്ത്യ തന്ത്രപരമായ സഖ്യം ഉണ്ടാക്കുന്നതിലും സ്വതന്ത്രമായ വിദേശനയം സ്വീകരിക്കുന്നതില്‍നിന്ന് വ്യതിചലിച്ചുപോകുന്നതിലും ഇത് പ്രകടമായിക്കാണാം.

നവലിബറല്‍ നയങ്ങളെയും അമേരിക്കന്‍ അനുകൂല വിദേശനയത്തെയും എതിര്‍ക്കുന്ന കാര്യത്തില്‍ ഇടതുപക്ഷം മുന്‍നിരയില്‍ത്തന്നെയുണ്ട്. നവ ലിബറല്‍ നയങ്ങളെല്ലാം പൂര്‍ണമായ തോതില്‍ നടപ്പാക്കുന്നതില്‍നിന്നും അമേരിക്കയുടെ തന്ത്രപരമായ ഗൂഢതന്ത്രങ്ങള്‍ക്കുമുന്നില്‍ പൂര്‍ണമായും കീഴടങ്ങുന്നതില്‍നിന്നും കേന്ദ്രസര്‍ക്കാരിനെ ഇതുവരെ തടഞ്ഞുനിര്‍ത്തിയത് ഇടതുപക്ഷത്തിന്റെയും മറ്റ് ജനാധിപത്യശക്തികളുടെയും ഈ നിലപാടാണ്. അമേരിക്കന്‍ സാമ്രാജ്യത്വവുമായുള്ള ഇന്ത്യന്‍ ഭരണവര്‍ഗങ്ങളുടെ വര്‍ധമാനമായ കൂട്ടുപങ്കാളിത്തത്തെ ചെറുത്തുതോല്‍പ്പിക്കാതെ, നവലിബറല്‍ നയങ്ങള്‍ക്കെതിരായ സമരം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ല എന്നതാണ് നമ്മുടെ അനുഭവം. ഈ നയങ്ങളെ ചെറുക്കുന്നതില്‍ ഇടതുപക്ഷം വഹിച്ച പങ്കിന്റെ ഫലമായി ഇടതുപക്ഷശക്തികള്‍ക്കെതിരായി വിശേഷിച്ച് പശ്ചിമബംഗാളില്‍ , സംഘടിതമായ ആക്രമണമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 34 വര്‍ഷം തുടര്‍ച്ചയായി ഭരണത്തിലിരുന്ന പശ്ചിമബംഗാളിലെ ഇടതുപക്ഷമുന്നണി സര്‍ക്കാര്‍ 2011 മെയ് മാസത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഏറ്റവും ശക്തമായ അടിത്തറയാണ് പശ്ചിമബംഗാള്‍ എന്നതിനാല്‍ ആ സംസ്ഥാനത്തെ പരാജയം ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്.

ഇടതുപക്ഷ പ്രസ്ഥാനത്തിനെതിരായി അവിടെ അക്രമങ്ങളും അടിച്ചമര്‍ത്തലും നടക്കുകയാണ്. എങ്കിലും നവലിബറല്‍ നയങ്ങള്‍ക്കെതിരായ സമരങ്ങളും അധ്വാനിക്കുന്ന ജനങ്ങളുടെ പ്രക്ഷോഭങ്ങളും നയിച്ചുകൊണ്ട് നഷ്ടപ്പെട്ട സ്വാധീനം വീണ്ടെടുക്കുന്നതിന് ഇടതുപക്ഷത്തിന് കഴിയും. കേരളത്തിലാകട്ടെ, ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള സഖ്യം വളരെ നേരിയ വ്യത്യാസത്തിനാണ് പരാജയപ്പെട്ടത്. അഞ്ച് കൊല്ലം കൂടുമ്പോള്‍ സര്‍ക്കാര്‍ മാറിമാറിവരുന്ന ആവര്‍ത്തനചക്രത്തെ തകര്‍ക്കുന്നതില്‍ ഇടതുപക്ഷം ഏതാണ്ട് വിജയിക്കുകതന്നെ ചെയ്തു. സാമൂഹ്യക്ഷേമ പരിപാടികള്‍ നടപ്പാക്കുന്ന കാര്യത്തിലും പൊതുമേഖലാസ്ഥാപനങ്ങളെ പുനരുദ്ധരിക്കുന്ന കാര്യത്തിലും ഇടതുപക്ഷനേതൃത്വത്തിലുള്ള സര്‍ക്കാര്‍ കൈവരിച്ച നേട്ടത്തിന് ജനങ്ങള്‍ക്കിടയില്‍നിന്ന് വ്യാപക പിന്തുണ ലഭിക്കുകയുണ്ടായി. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭ്യമായ അധികാരങ്ങളുടെയും വിഭവങ്ങളുടെയും കാര്യത്തില്‍ കടുത്ത പരിമിതികളുണ്ടായിരുന്നിട്ടും പശ്ചിമബംഗാളിലും കേരളത്തിലും നിലവിലുണ്ടായിരുന്നതും ത്രിപുരയില്‍ ഇപ്പോഴും തുടരുന്നതുമായ ഇടതുപക്ഷനേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ ഭഭൂപരിഷ്കരണ നടപടികളിലൂടെ ഉണ്ടാക്കിയ നേട്ടങ്ങള്‍ ദൃഢീകരിക്കുന്നതിനും അധികാരവികേന്ദ്രീകരണം ഫലപ്രദമായി നടപ്പാക്കുന്നതിനും അധ്വാനിക്കുന്ന ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ശ്രമിച്ചു.

മൗലികമായ മാറ്റങ്ങളുണ്ടാക്കുന്നതിന് പരിമിതിയുണ്ടെങ്കിലും തൊഴിലാളിവര്‍ഗത്തെയും കര്‍ഷകജനതയെയും മറ്റ് ജനകീയപ്രസ്ഥാനങ്ങളെയും സംഘടിപ്പിക്കുന്നതിനും അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്യുന്നതിനും സഹായിക്കുന്ന ഈ സര്‍ക്കാരുകള്‍ ദേശീയതലത്തില്‍ ഇടതുപക്ഷ ജനാധിപത്യ ബദല്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള ഊര്‍ജവും നല്‍കുന്നു. ഇന്ത്യയില്‍ ജാതി വ്യവസ്ഥയിലൂടെ സാമൂഹ്യമായ അടിച്ചമര്‍ത്തല്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ഇന്ത്യയുടെ സാമൂഹ്യ സാമ്പത്തികഘടനയുടെ പശ്ചാത്തലത്തില്‍ ജാതി, മതം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവിധ രൂപങ്ങളിലുള്ള സാമൂഹ്യ അടിച്ചമര്‍ത്തലിനോടൊപ്പംതന്നെ മുതലാളിത്തചൂഷണവും അര്‍ധഫ്യൂഡല്‍ ചൂഷണവും നിലനില്‍ക്കുന്നു. വര്‍ഗചൂഷണത്തിലൂടെ മിച്ചമൂല്യം കവര്‍ന്നെടുക്കുന്ന ഭരണവര്‍ഗം തങ്ങളുടെ അധീശത്വം നിലനിര്‍ത്തുന്നതിനായി വിവിധ തരത്തിലുള്ള സാമൂഹ്യമര്‍ദനങ്ങളെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ട് വര്‍ഗചൂഷണത്തിനും സാമൂഹ്യമായ അടിച്ചമര്‍ത്തലിനും എതിരായ സമരം ഒരേസമയം നടത്തേണ്ടതുണ്ട്. ഉദാരവല്‍ക്കരണത്തിന്റെ കടന്നാക്രമണത്തെ ചെറുക്കുന്നതിനായി എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളും ഇതാദ്യമായി കഴിഞ്ഞവര്‍ഷം ഒന്നിച്ചുചേര്‍ന്നു. അവയുടെ സംയുക്തപരിപാടിയും സംയുക്തപ്രക്ഷോഭങ്ങളും തൊഴിലാളിവര്‍ഗപ്രസ്ഥാനത്തെ ഒന്നിപ്പിച്ചു വിളക്കിച്ചേര്‍ത്തു. എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളും പങ്കെടുക്കുന്ന ഒരുദിവസത്തെ അഖിലേന്ത്യാ പണിമുടക്ക് 2012 ഫെബ്രുവരി 28ന് ;നടക്കുകയാണ്.

ഇന്ത്യയില്‍ സോഷ്യലിസത്തിലേക്കുള്ള പാതയൊരുക്കുന്നതിന്റെ പരിപാടിക്കുവേണ്ടി സിപിഐ എം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ജനകീയ ജനാധിപത്യത്തിന്റെ ഈ ഘട്ടത്തിലേക്കെത്താനായി തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ വര്‍ഗശക്തികളുടെ സഖ്യം കെട്ടിപ്പടുക്കേണ്ടതുണ്ട്. ഇതിന് ശക്തമായ തൊഴിലാളി കര്‍ഷക ഐക്യം കെട്ടിപ്പടുക്കുകയും വര്‍ഗചൂഷണത്തിന്റെയും സാമൂഹ്യമായ അടിച്ചമര്‍ത്തലിന്റെയും ദുരിതങ്ങള്‍ സഹിക്കുന്ന എല്ലാ ശക്തികളെയും അണിനിരത്തുകയും ചെയ്യേണ്ടതുണ്ട്. ഈ ലക്ഷ്യം നേടാന്‍ കഴിയുന്നതുവരെ, ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഇന്നത്തെ ബൂര്‍ഷ്വാ ഭൂപ്രഭുനയങ്ങള്‍ക്കുള്ള ഇടതുപക്ഷ ജനാധിപത്യ ബദല്‍ ഊട്ടിയുണ്ടാക്കുന്നതിനാണ് ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഇന്നത്തെ ആഗോള മുതലാളിത്ത പ്രതിസന്ധിക്ക് രണ്ട് പ്രധാന സവിശേഷതകളുണ്ട്. ഇടതുപക്ഷം രൂപപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന ബദലുകളില്‍ സ്വാധീനം ചെലുത്താന്‍ കഴിവുള്ളവയാണത്. ഒന്നാമത്, ഇപ്പോള്‍ അനുഭവപ്പെടുന്ന മാന്ദ്യം ദീര്‍ഘകാലം നില്‍ക്കാനുള്ള സാധ്യതയുണ്ട്. വികസിത മുതലാളിത്തരാജ്യങ്ങളിലെ സര്‍ക്കാരുകളൊന്നും ഇപ്പോള്‍ ധനപരമായ ഉത്തേജനത്തെക്കുറിച്ച് സംസാരിക്കുന്നില്ല. അതിനുപകരം ചെലവുചുരുക്കല്‍ നടപടികളിലൂടെ ജനങ്ങളുടെമേല്‍ നഗ്നമായ കടന്നാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. രണ്ടാമത്, പ്രതിസന്ധി വികസിത മുതലാളിത്തത്തിന്റെ കേന്ദ്രത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്; ചുറ്റുപാടുകളിലല്ല. വികസ്വര മുതലാളിത്തരാജ്യങ്ങളിലെ ജനങ്ങളെ ബാധിച്ചത്ര തന്നെ രൂക്ഷമായി പ്രതിസന്ധിയുടെ ആഘാതം വികസിത മുതലാളിത്ത രാജ്യങ്ങളിലെ ജനങ്ങളെയും ബാധിക്കുന്നുണ്ട്. വികസ്വരലോകത്തിലെ സമരങ്ങളോടും പ്രക്ഷോഭങ്ങളോടുമൊപ്പം വികസിത മുതലാളിത്തരാജ്യകേന്ദ്രങ്ങളിലെ സമരങ്ങള്‍ക്കും ചെറുത്തുനില്‍പ്പിനും ഇത് വഴി തുറക്കുന്നു. ഈ രണ്ട് സമരധാരകള്‍ക്കും പരസ്പരം ശക്തിപ്പെടുത്താന്‍ കഴിയും. ചുരുക്കിപ്പറഞ്ഞാല്‍ , ഫിനാന്‍സിന്റെ ചാലകശക്തിയാല്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നവ ലിബറല്‍ മുതലാളിത്തത്തിനെതിരായും അതിനെ രാഷ്ട്രീയാധികാരംകൊണ്ടും സൈനികശക്തികൊണ്ടും സ്ഥായിയായി നിലനിര്‍ത്തുന്ന സാമ്രാജ്യത്വവ്യവസ്ഥയ്ക്കെതിരായുള്ള സമരവും ഇടതുപക്ഷ ബദല്‍ മുന്നോട്ടുകൊണ്ടുപോകാന്‍ അത്യാവശ്യമാണ്. (അവസാനിച്ചു)

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്