വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Thursday, February 16, 2012

ചരിത്രംകുറിച്ച സംസ്ഥാന സമ്മേളനം

ചരിത്രംകുറിച്ച സംസ്ഥാന സമ്മേളനം

പിണറായി വിജയന്‍

(ദേശാഭിമാനിയില്‍ നിന്ന്)

സിപിഐ എമ്മിന്റെ 20ാം പാര്‍ടികോണ്‍ഗ്രസിന്റെ ഭാഗമായുള്ള സംസ്ഥാന സമ്മേളനം 2012 ഫെബ്രുവരി ഏഴുമുതല്‍ 10 വരെ തിരുവനന്തപുരത്ത് നടന്നു. നടത്തിപ്പിലും ബഹുജനപങ്കാളിത്തത്തിലും വൈവിധ്യമാര്‍ന്ന പരിപാടികളാലും കേരളത്തെ മുന്നോട്ടുനയിക്കുന്നതിനുള്ള ഭാവിപരിപാടികള്‍ ആസൂത്രണംചെയ്തും സമ്മേളനം ഏറെ ശ്രദ്ധേയമായി. ഏപ്രിലില്‍ കോഴിക്കോട്ട് നടക്കുന്ന പാര്‍ടികോണ്‍ഗ്രസില്‍ പ്രത്യയശാസ്ത്രപ്രമേയം ചര്‍ച്ചചെയ്യുന്നുവെന്ന പ്രാധാന്യംകൂടി സമ്മേളനം ചേര്‍ന്ന സാഹചര്യത്തിനുണ്ട്.

സാര്‍വദേശീയരംഗത്ത് തൊഴിലാളിവര്‍ഗത്തിന്റെ സമരങ്ങള്‍ ഉയരുകയാണ്. ലാറ്റിനമേരിക്കപോലുള്ള ഇടങ്ങളില്‍ ആഗോളവല്‍ക്കരണത്തിനെതിരെ ബദല്‍കാഴ്ചപ്പാടുകളും ശക്തിപ്രാപിക്കുന്നു. ദേശീയതലത്തില്‍ ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരെ ഇന്ത്യന്‍ തൊഴിലാളിവര്‍ഗം പൊതുപണിമുടക്കിന് തയ്യാറെടുക്കുന്നു. കേരളത്തിലാകട്ടെ യുഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ സര്‍വവ്യാപിയായ പ്രതിഷേധം രൂപപ്പെട്ടുവരികയാണ്. ഈ സാഹചര്യത്തില്‍ സിപിഐ എമ്മിനെ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാണുന്നു എന്നാണ് ഈ സമ്മേളനവുമായി ബന്ധപ്പെട്ട ഓരോ പരിപാടിയും തെളിയിച്ചത്. സ്വാഗതസംഘത്തിന്റെ രൂപീകരണംതൊട്ടുണ്ടായ ബഹുജനപങ്കാളിത്തം തുടര്‍ന്നുള്ള ഓരോ പരിപാടിയിലും കൂടുതല്‍ ശക്തിപ്പെട്ടു. സമ്മേളന നഗരിയില്‍ ഉയര്‍ത്തുന്നതിനുള്ള പതാകജാഥ സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരെ പോരടിച്ച രക്തസാക്ഷികളുടെ അനശ്വരസ്മരണ തുടിച്ചുനില്‍ക്കുന്ന കയ്യൂരില്‍ , ജനുവരി 30ന് കോടിയേരി ബാലകൃഷ്ണനാണ് ഉദ്ഘാടനംചെയ്തത്. വഴിനീളെ ആയിരങ്ങളുടെ ആവേശോജ്വല സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് നീങ്ങിയ ജാഥയുടെ ലീഡര്‍ ഇ പി ജയരാജനായിരുന്നു. വഴിനീളെ ഈ ജാഥയെ അഭിവാദ്യംചെയ്യുന്നതിനും പങ്കാളികളാകുന്നതിനും തയ്യാറായിനില്‍ക്കുന്ന പതിനായിരങ്ങളെ കാണാമായിരുന്നു. രണസ്മരണകള്‍ നിറഞ്ഞുനില്‍ക്കുന്ന മലബാറിലെയും മധ്യകേരളത്തിലെയും നിരവധി സമരകേന്ദ്രം പിന്നിട്ട് ഫെബ്രുവരി ആറിന് ജാഥ തിരുവനന്തപുരത്തെത്തി.

ദിവാന്‍ഭരണത്തിനും കൊടിയ ചൂഷണത്തിനുമെതിരെ ധീരപോരാളികള്‍ ജീവരക്തം നല്‍കിയ വയലാറില്‍നിന്നാണ് കൊടിമരം കൊണ്ടുവന്നത്. എം എ ബേബിയുടെ നേതൃത്വത്തിലുള്ള ജാഥ പുന്നപ്ര വയലാര്‍ സമരസേനാനികൂടിയായ വി എസ് അച്യുതാനന്ദനാണ് ഉദ്ഘാടനംചെയ്തത്. ആലപ്പുഴയുടെ ചുവന്നമണ്ണില്‍നിന്ന് പ്രയാണം ആരംഭിച്ച ജാഥയ്ക്ക് വഴിനീളെ പതിനായിരങ്ങള്‍ ആവേശോജ്വല സ്വീകരണം നല്‍കി. ഫെബ്രുവരി ആറിന് തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നു. തിരുവനന്തപുരത്ത് കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കുന്നതിന് അമൂല്യസംഭാവനകള്‍ നല്‍കിയ കാട്ടായിക്കോണം വി ശ്രീധറിന്റെ സ്മൃതിമണ്ഡപത്തില്‍നിന്നാണ് ദീപശിഖാപ്രയാണം ആരംഭിച്ചത്. ആനത്തലവട്ടം ആനന്ദനാണ് ജാഥ ഉദ്ഘാടനംചെയ്തത്. വിവിധ രക്തസാക്ഷികുടീരങ്ങളില്‍നിന്ന് അനുബന്ധ ദീപശിഖാജാഥകളും ആറിന് സമ്മേളന നഗരിയില്‍ കൂടിച്ചേര്‍ന്നു. തിരുവനന്തപുരത്തെ ജനത സമ്മേളനത്തെ ഹൃദയത്തിലേറ്റുവാങ്ങിയതിന് തെളിവായിരുന്നു ജാഥകളെ സ്വീകരിക്കുന്നതിന് കൂടിയ വമ്പിച്ച ജനാവലി. സ്വാഗതസംഘത്തിന്റെ ചെയര്‍മാനായ എം വിജയകുമാര്‍ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി.

സമ്മേളനത്തിന്റെ അനുബന്ധപരിപാടികള്‍ വന്‍ ജനാവലിയെ ആകര്‍ഷിച്ചുകൊണ്ട് സമ്മേളനം തുടങ്ങുന്നതിന് മുമ്പേ നടക്കുന്നുണ്ടായിരുന്നു. 'മാര്‍ക്സാണ് ശരി' എന്ന പേരിലുള്ള ചരിത്ര വര്‍ത്തമാനകാല പ്രദര്‍ശനം ലക്ഷക്കണക്കിനുപേരെ ആകര്‍ഷിച്ചു. ചരിത്രത്തില്‍ രക്തസാക്ഷികളായ യേശുക്രിസ്തുമുതല്‍ ചെ ഗുവേരവരെയുള്ളവരുടെ ഓര്‍മകള്‍ മുന്നോട്ടുവച്ച ഈ പ്രദര്‍ശനം വ്യത്യസ്ത അനുഭവം നല്‍കുന്നതും ചരിത്രത്തിന്റെ ദിശയെ വ്യക്തമാക്കുന്നതുമായി. കമ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ന്നുവന്ന വഴികള്‍ , ജനകീയ ചെറുത്തുനില്‍പ്പിന്റെ നിരവധി മുഹൂര്‍ത്തം വ്യക്തമാക്കുന്ന സംഭവങ്ങള്‍ , കേരളീയ സമൂഹം വളര്‍ന്ന് വികാസം പ്രാപിക്കുന്നതിനിടയാക്കിയ സാമൂഹ്യചലനങ്ങള്‍ , പൊരുതുന്ന വംഗനാടിന്റെ ചിത്രം, ഫോട്ടോപ്രദര്‍ശനം തുടങ്ങിയവയാല്‍ സമ്പന്നമായ ബഹുജനവിദ്യാഭ്യാസ പരിപാടിയായി പ്രദര്‍ശനം മാറി. നാടന്‍കലാരൂപങ്ങള്‍ അടക്കമുള്ളവയെ പുതിയ തലമുറയ്ക്ക് അനുഭവവേദ്യമാക്കാനും ജനകീയ കലാസംസ്കാരത്തിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതിനും ഉതകുംവിധം അനുബന്ധപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. സിനിമയെ ജനകീയ രാഷ്ട്രീയത്തിന്റെ മുന്നേറ്റത്തിന് ഉപയോഗപ്പെടുത്തിയതിന്റെ സാക്ഷ്യപത്രങ്ങളായ ചലച്ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു. ഇ എം എസും എ കെ ജിയും ഭഗത്സിങ്ങും ചെ ഗുവേരയുമെല്ലാം ഉള്‍പ്പെടുന്ന രാഷ്ട്രീയനായകരുടെ ജീവിതപാതകള്‍ ചിത്രീകരിക്കുന്നതും ചൈനയിലെയും ലാറ്റിനമേരിക്കയിലെയും വിമോചനമൂല്യങ്ങള്‍ അവതരിപ്പിക്കുന്നതുമായ ചിത്രങ്ങള്‍ ജനങ്ങള്‍ അത്യാവേശത്തോടെയാണ് സ്വീകരിച്ചത്. എഴുപത്തഞ്ചില്‍പ്പരം മലയാള പ്രസാധകരുടെയും അമ്പതില്‍പ്പരം ഇംഗ്ലീഷ് പ്രസാധകരുടെയും പുസ്തകങ്ങള്‍ നിരത്തിയ പുസ്തകമേള വിജ്ഞാനകുതുകികള്‍ക്ക് വിരുന്നേകി. കുട്ടനാടിന്റെയും മലബാറിന്റെയും ആദിവാസികളുടെയുമെല്ലാം ഭക്ഷ്യരീതികളെ അറിയുന്നതിനും അനുഭവിക്കുന്നതിനും അവസരമൊരുക്കുന്നതായിരുന്നു നാടന്‍ഭക്ഷ്യമേള.

ഒരു കാലത്ത് പുരോഗമനപ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുകയും ജനകീയ വിദ്യാഭ്യാസത്തിന്റെ പ്രധാന ചാലകശക്തിയായി പ്രവര്‍ത്തിക്കുകയും ചെയ്ത കലാരൂപങ്ങള്‍ക്കും അര്‍ഹമായ പ്രാധാന്യം അനുബന്ധപരിപാടികളില്‍ നല്‍കി. കഥാപ്രസംഗത്തിനും നാടകത്തിനുമെല്ലാം വര്‍ത്തമാനകാലത്തും ജനങ്ങളുടെ ഹൃദയം കവരുന്നതിനുള്ള ശേഷിയുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു തടിച്ചുകൂടിയ ജനസഞ്ചയം. 'കാട്ടുകടന്നലും' 'രമണനും' 'ആയിഷ'യും 'കയ്യൂരിന്റെ ചുവപ്പു'മെല്ലാം ശ്വാസംപിടിച്ചാണ് ജനത കേട്ടത്. 'പാട്ടബാക്കി', 'ജ്ജ് നല്ല മനിസനാകാന്‍ നോക്ക്', 'അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്', കല്ലറ പാങ്ങോട് സമരത്തിന്റെ നാടകാവിഷ്കാരമായ 'അഗ്നിനക്ഷത്രങ്ങളുടെ നാട്' തുടങ്ങിയ നാടകങ്ങളെ തിരുവനന്തപുരത്തെ ജനത അക്ഷരാര്‍ഥത്തില്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങി. സാമൂഹ്യപുരോഗതിയെ അടിസ്ഥാനമാക്കിയ കലാപ്രവര്‍ത്തനത്തെ സ്മരിപ്പിക്കുന്നതിനും ആധുനികകാലത്ത് സാമൂഹ്യമുന്നേറ്റത്തിന് കലയെ പ്രയോജനപ്പെടുത്തുന്നതിനും വഴികാട്ടിയായി മാറുന്നതരത്തിലാണ് ഈ പരിപാടികള്‍ ആസൂത്രണംചെയ്തത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തമായ കലാപരിപാടികള്‍ സംഘടിപ്പിച്ചു. കാലികപ്രാധാന്യമുള്ള നിരവധി വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകള്‍ , വിവിധ മേഖലകളില്‍ ഉയര്‍ന്നുവരുന്ന ചെറുത്തുനില്‍പ്പുകളെയും മാര്‍ക്സിസത്തിന്റെ സമകാലീന പ്രാധാന്യത്തെയും വിളിച്ചോതുന്നതായിരുന്നു. പ്രാദേശിക സെമിനാറുകള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ജനകീയ രാഷ്ട്രീയത്തിന്റെ പാഠങ്ങള്‍ പകര്‍ന്നുനല്‍കുന്ന ഉന്നതമായ ബഹുജന രാഷ്ട്രീയവിദ്യാഭ്യാസത്തിന്റെ മാതൃകയായി. നഗരത്തിലെ ഓരോ മൂലയും, ജീവിതകാലം മുഴുവന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സംഭാവനചെയ്ത ഉജ്വലരായ പോരാളികളുടെ നാമധേയത്തില്‍ രൂപപ്പെടുത്തിയിരുന്നു. തെരുവോര ചിത്രപ്രദര്‍ശനത്തിനുമുന്നില്‍ സാകൂതം നോക്കിനില്‍ക്കുന്ന ബഹുജനങ്ങളുടെ നീണ്ടനിരയും ജനകീയ പ്രതിരോധത്തിനുള്ള അതിന്റെ സാധ്യതകളെ ഓര്‍മിപ്പിച്ചു. ഒരു ജനതയുടെ ആവിഷ്കാരത്തിന്റെ രൂപങ്ങള്‍ എന്നനിലയില്‍ നമ്മുടെ സംസ്കാരത്തില്‍ നൃത്തനൃത്യങ്ങള്‍ക്കും സുപ്രധാന സ്ഥാനമുണ്ട്. അത്തരം രൂപങ്ങളെയും ആവിഷ്കാരങ്ങളെയും പരിചയപ്പെടുത്തുന്നതിനും കവിതകളെ ആസ്പദമാക്കിയുള്ള പരിപാടികള്‍ അവതരിപ്പിക്കുന്നതിനും പ്രചാരണത്തിന്റെ ഭാഗമായി ശ്രദ്ധിച്ചിരുന്നു. കുട്ടികളുടെ തായമ്പകയും സര്‍വകലാശാല പ്രതിഭകളുടെ കലാപരിപാടികളും ഭാവിതലമുറയുടെ സര്‍ഗാത്മകതയുടെ സൂചനയായി ഉയര്‍ന്നുനിന്നു.

രാഷ്ട്രീയമെന്നത് ജീവിതത്തിന്റെ സമസ്തമേഖലയെയും കൂട്ടിയോജിപ്പിക്കുന്നതും അതിന് അടിത്തറയായി മാറുകയും ചെയ്യുന്നതാണെന്ന ശാസ്ത്രീയസമീപനം ഉള്‍ക്കൊണ്ടാണ് അനുബന്ധപരിപാടികള്‍ സംഘടിപ്പിച്ചത്. വിപ്ലവം ജനങ്ങളുടെ ഉത്സവമായിത്തീരുമെന്ന കാര്യം മാര്‍ക്സിസ്റ്റ് ആചാര്യന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. ഒരു സമ്മേളനം എങ്ങനെ ജനങ്ങളുടെ ഉത്സവമായി തീരുന്നുവെന്നതിന്റെ അനുഭവമാണ് തിരുവനന്തപുരം സമ്മേളനം സമ്മാനിച്ചത്. സാധാരണ സമ്മേളനങ്ങളില്‍നിന്ന് വ്യത്യസ്തമായി ഈ തലത്തിലേക്ക് സമ്മേളനം വളര്‍ന്നപ്പോള്‍ പലര്‍ക്കും അത്ഭുതമാണ് തോന്നിയത്. അങ്ങനെയാണ് ഇത് മറ്റൊരു പ്രസ്ഥാനത്തിന് സംഘടിപ്പിക്കാനാകില്ലെന്ന നിഗമനത്തിലേക്ക് ചിലര്‍ എത്തിച്ചേര്‍ന്നത്. പ്രസ്ഥാനത്തിന്റെ കരുത്തും അതിന്റെ സര്‍ഗാത്മകതയും ഒന്നായിച്ചേരുമ്പോള്‍ ഉണ്ടാകുന്ന ഇത്തരം മുഹൂര്‍ത്തങ്ങളെ അഭിനന്ദിക്കുന്നതിനുപകരം വിവാദങ്ങളില്‍ മുക്കിക്കൊല്ലാന്‍ ചിലര്‍ക്ക് തോന്നിയത് അതുകൊണ്ടാണ്. തിരുവനന്തപുരത്തെ സിപിഐ എമ്മിന്റെ 29,962 പാര്‍ടി അംഗങ്ങളും ലക്ഷക്കണക്കിന് വരുന്ന അനുഭാവികളും പ്രത്യയശാസ്ത്രത്തിന്റെ തണലില്‍ ഒരേമനസ്സോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമായിരുന്നു ഈ മുന്നേറ്റം. ഏതു പാര്‍ടിയുടെ സമ്മേളനത്തിനും ഒരു മാര്‍ഗരേഖയായി മാറി എന്നതാണ് തിരുവനന്തപുരം സമ്മേളനത്തിന്റെ പ്രാധാന്യം. അതുകൊണ്ടുതന്നെ സമ്മേളനങ്ങളുടെ നടത്തിപ്പിന്റെ ചരിത്രത്തില്‍ ഇത് ഉന്നതസ്ഥാനം അലങ്കരിക്കുന്ന ഒന്നായി തീരുന്നു. (അവസാനിക്കുന്നില്ല)

പാര്‍ടിയുടെ കരുത്ത് വിളിച്ചോതിയ സമ്മേളനം

പിണറായി വിജയന്‍


കോട്ടയത്ത് കഴിഞ്ഞ സംസ്ഥാന സമ്മേളനം ചേരുമ്പോള്‍ പാര്‍ടി അംഗങ്ങളുടെ എണ്ണം 3,36,644 ആയിരുന്നു. ഈ സമ്മേളനഘട്ടമാകുമ്പോഴേക്കും അത് 3,70,818 ആയി വര്‍ധിച്ചു. 34,174 ന്റെ വര്‍ധനയുണ്ടായി. പാര്‍ടിയുടെ സംഘടനാപരമായ വളര്‍ച്ചയുടെ പ്രധാനപ്പെട്ട അളവുകോലാണ് പാര്‍ടി അംഗസംഖ്യ. കഴിഞ്ഞ സമ്മേളനത്തില്‍നിന്ന് ഈ സമ്മേളനത്തിലേക്ക് എത്തുമ്പോഴേക്കും നേടാനായ വളര്‍ച്ച ഗണ്യമാണ്. തിരുവനന്തപുരത്ത് സമ്മേളന നടപടികള്‍ ഫെബ്രുവരി ഏഴിന് വി എസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തിയതോടെയാണ് ആരംഭിച്ചത്. താല്‍ക്കാലിക അധ്യക്ഷനായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ രക്തസാക്ഷിപ്രമേയം അവതരിപ്പിച്ചു. എം എ ബേബിയാണ് അനുശോചനപ്രമേയം അവതരിപ്പിച്ചത്. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് കോട്ടയം സമ്മേളനത്തില്‍ മുന്നോട്ടുവച്ച കടമകളും 19ാം പാര്‍ടി കോണ്‍ഗ്രസ് എടുത്ത തീരുമാനങ്ങളും എത്രത്തോളം പ്രാവര്‍ത്തികമാക്കി എന്ന് വിലയിരുത്തുന്നതായിരുന്നു.

സാര്‍വദേശീയരംഗത്തുണ്ടായ പോരാട്ടങ്ങളെയും ആഗോളവല്‍ക്കരണത്തിനെതിരായി ഉയര്‍ന്നുവന്ന ബദലുകളെയും ദേശീയതലത്തില്‍ ആഗോളവല്‍ക്കരണനയങ്ങളുണ്ടാക്കുന്ന പ്രതിസന്ധികളെയും അതിനെതിരായി രൂപപ്പെടേണ്ട പോരാട്ടങ്ങളെയും അഖിലേന്ത്യകേരള രാഷ്ട്രീയ സ്ഥിതിഗതികളെയും റിപ്പോര്‍ട്ടില്‍ വിശകലനം ചെയ്തു. പ്രവര്‍ത്തനപരിധി കൂടുതല്‍ വികസിക്കുന്നതിന്റെയും സംഘടനാപരമായ മുന്നേറ്റത്തിന്റെയും മറ്റൊരു അളവുകോലാണ് ഘടകങ്ങളുടെ വളര്‍ച്ച. കഴിഞ്ഞ സമ്മേളനകാലയളവിനെ അപേക്ഷിച്ച് 2,370 ബ്രാഞ്ചുകള്‍ വര്‍ധിച്ചു. ഇപ്പോള്‍ സംസ്ഥാനത്ത് 28,825 ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നു. 1978 ലോക്കല്‍ കമ്മിറ്റികളാണുള്ളത്. കഴിഞ്ഞ സമ്മേളനത്തെ അപേക്ഷിച്ച് 151 ലോക്കല്‍ കമ്മിറ്റികള്‍ പുതുതായി രൂപീകരിച്ചു. ഏരിയ കമ്മിറ്റികളുടെ എണ്ണം 202 ആയി ഉയര്‍ന്നു20 എണ്ണത്തിന്റെ വര്‍ധന. കോട്ടയം സമ്മേളനത്തിനുശേഷം പാര്‍ടിക്കകത്തെ ഐക്യത്തിനും കെട്ടുറപ്പിനും ഏറെ പുരോഗതിയുണ്ടായ കാര്യം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ചില മേഖലയില്‍ ദൗര്‍ബല്യങ്ങള്‍ നിലനില്‍ക്കുന്നു. ഈ ദൗര്‍ബല്യങ്ങള്‍ പൊതുവില്‍ പാര്‍ടിയുടെ മുന്നേറ്റത്തിനുണ്ടാക്കിയ തടസ്സങ്ങളെക്കുറിച്ചും അവ പരിഹരിക്കുന്നതിനുള്ള ഇടപെടലിന്റെ പ്രാധാന്യവും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചു. പാര്‍ടിയുടെ ബഹുജന അടിത്തറ വികസിക്കണമെങ്കില്‍ വര്‍ഗബഹുജനപ്രസ്ഥാനങ്ങള്‍ വളരേണ്ടതുണ്ട്. ഈ രംഗത്തും വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ വര്‍ഗബഹുജനസംഘടനയില്‍ 1,82,39,769 പേര്‍ അംഗമായിട്ടുണ്ട്. അതായത് കഴിഞ്ഞ സമ്മേളനകാലത്തെ അപേക്ഷിച്ച് 32,83,323 അംഗങ്ങളുടെ വര്‍ധന. പുതിയ മേഖലകളിലേക്ക് വര്‍ഗബഹുജനസംഘടനകളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനും കഴിഞ്ഞു. എന്‍ആര്‍ഇജി, സ്വാശ്രയമേഖലയിലെ അധ്യാപകര്‍ എന്നിവ ഉദാഹരണമാണ്. അംഗവൈകല്യമുള്ളവരുടെ മേഖലയിലും മുന്നേറ്റമുണ്ടാക്കി. പാര്‍ടിയും വര്‍ഗബഹുജനസംഘടനകളും റിപ്പോര്‍ട്ട് കാലയളവില്‍ നടത്തിയ പ്രക്ഷോഭസമരങ്ങള്‍ , പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലുമുണ്ടായ തിരിച്ചടി, നിയമസഭാ തെരഞ്ഞെടുപ്പിലെ നേട്ടത്തിനിടയാക്കിയ രാഷ്ട്രീയവും സംഘടനാപരവുമായ കാര്യങ്ങള്‍ ഇവയെല്ലാം റിപ്പോര്‍ട്ട് പരിശോധിച്ചു. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രവര്‍ത്തനങ്ങളും അതിന്റെ ഭാഗമായ പ്രക്ഷോഭസമരങ്ങളും വിശകലനത്തിന് വിധേയമായി. പാര്‍ടി പ്രസിദ്ധീകരണങ്ങളുടെ പ്രവര്‍ത്തനങ്ങളെയും അവലോകനംചെയ്തു. ശാസ്ത്രസാങ്കേതികമേഖലയെ, തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നതിന് മുതലാളിത്തശക്തികള്‍ ഉപയോഗിക്കുന്നുണ്ട്. അതിന്റെ ഭാഗമായി വികസിച്ചുവന്ന വിവരസാങ്കേതികരംഗം ഇന്ന് ആശയക്കൈമാറ്റത്തിന്റെ പ്രധാന മേഖലയാണ്. ഇവിടെ അരാഷ്ട്രീയവാദവും വലതുപക്ഷ ആശയഗതികളും വര്‍ഗീയതയും പ്രചരിപ്പിക്കപ്പെടുന്നു. കഴിഞ്ഞ കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഈ മേഖലയില്‍ ഇടതുപക്ഷസാന്നിധ്യം ഉറപ്പിക്കാന്‍ നടത്തിയ ഇടപെടല്‍ ഫലംചെയ്ത കാര്യവും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പാര്‍ടി വിദ്യാഭ്യാസരംഗത്ത് മുന്നേറ്റമുണ്ടാക്കാനായി. കേരളത്തിന്റെ വികസനപ്രശ്നത്തെ കൈകാര്യംചെയ്യുന്നതിന് അന്താരാഷ്ട്ര പഠന കോണ്‍ഗ്രസ് സംഘടിപ്പിച്ച് ആ മേഖലയില്‍ ബദല്‍ കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്നതിന് കഴിഞ്ഞു. കേരളത്തിന്റെ വികസനപ്രക്രിയയുടെ ശക്തിദൗര്‍ബല്യങ്ങള്‍ സ്ഥിതിവിവരക്കണക്കുകള്‍ നല്‍കി റിപ്പോര്‍ട്ടില്‍ വിലയിരുത്തി. സംസ്ഥാന ആഭ്യന്തര വരുമാന നിരക്ക് 199798/200809 കാലഘട്ടത്തില്‍ മുന്‍ദശാബ്ദത്തെ അപേക്ഷിച്ച് 6.7 ശതമാനത്തില്‍നിന്ന് 7.68 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ , ഈ സാമ്പത്തികവളര്‍ച്ച പ്രധാനമായുമുണ്ടായത് സേവന മേഖലയിലാണ്. ഉദാഹരണമായി 198788/199697 കാലഘട്ടത്തില്‍ 8.6 ശതമാനം വളര്‍ന്ന നിര്‍മാണ മേഖല 199798/200809 കാലയളവില്‍ 12.5 ശതമാനമാണ് വളര്‍ന്നത്. ഗതാഗതം, ബാങ്കിങ് മേഖലകളിലും രണ്ടക്കവളര്‍ച്ച കൈവരിച്ചു. സേവനമേഖലയിലുണ്ടായ ഈ വളര്‍ച്ചയ്ക്ക് പ്രധാന ഘടകമായത് വിദേശത്ത് നിന്നുള്ള വരുമാനമാണ്. ഗള്‍ഫ് മേഖലയിലെ തൊഴില്‍സാധ്യത കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ നമ്മുടെ സമ്പദ്ഘടനയില്‍ ഭാവിയില്‍ പ്രശ്നങ്ങളുണ്ടാകാനാണ് സാധ്യത. ഉല്‍പ്പാദനമേഖലകളുടെ വളര്‍ച്ചയും അതിന് പൂരകമായി സേവനമേഖലയിലുണ്ടാകുന്ന വളര്‍ച്ചയും മാത്രമേ സ്ഥായിയായി നില്‍ക്കുകയുള്ളൂവെന്ന് റിപ്പോര്‍ട്ട് ഓര്‍മിപ്പിച്ചു. നമ്മുടെ വികസനപ്രക്രിയയിലെ പ്രധാനപ്പെട്ട ദൗര്‍ബല്യം കാര്‍ഷികമേഖലയിലുണ്ടാകുന്ന മുരടിപ്പാണ്. 198788ല്‍ സംസ്ഥാന വരുമാനത്തില്‍ കാര്‍ഷികമേഖലയുടെ വിഹിതം 5.21 ശതമാനമായിരുന്നെങ്കില്‍ ഇന്ന് 1.53 ശതമാനമായി കുറഞ്ഞു. കാര്‍ഷികമേഖലയില്‍ ഉപജീവനം നടത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായി കുറവുണ്ടായിട്ടുമില്ല. വ്യവസായമേഖലയില്‍ തൊഴില്‍പ്രധാനമായ പരമ്പരാഗതമേഖലയിലും ഊര്‍ജപ്രധാനമായ രാസവ്യവസായത്തിലുമാണ് ഊന്നല്‍ കൊടുത്തത്. പരമ്പരാഗത വ്യവസായങ്ങളെ വളരെയേറെ തൊഴിലാളികള്‍ ഉപജീവനത്തിന് ആശ്രയിക്കുന്നതിനാല്‍ ആ മേഖല സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. എന്നാല്‍ , അവയ്ക്ക് പഴയ രീതിയില്‍ നിലനില്‍ക്കാനാകില്ലെന്ന കാര്യം ഉള്‍ക്കൊണ്ട് ഇടപെടേണ്ടതുണ്ട്. രാസവ്യവസായങ്ങളുടെ അടിസ്ഥാനത്തിലുള്ള വളര്‍ച്ച മുന്നോട്ടുകൊണ്ടുപോകുക പ്രയാസകരമാണ്. ഐടി പോലുള്ള വൈജ്ഞാനികാധിഷ്ഠിത വ്യവസായങ്ങള്‍ , ടൂറിസം പോലുള്ള സേവനപ്രധാന വ്യവസായങ്ങള്‍ , ലൈറ്റ് എന്‍ജിനിയറിങ് പോലുള്ള വൈവിധ്യാധിഷ്ഠിത വ്യവസായങ്ങള്‍ , കാര്‍ഷിക മൂല്യവര്‍ധിത വ്യവസായങ്ങള്‍ തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്‍കേണ്ടതുണ്ട്. നമ്മുടെ സാമ്പത്തികവളര്‍ച്ചയുടെ പ്രധാന ദൗര്‍ബല്യം വേണ്ടത്ര തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നില്ല എന്നതാണ്. വര്‍ഷത്തില്‍ കൂടുതല്‍ ദിവസം തൊഴിലില്ലാതിരുന്നവര്‍ കേരളത്തില്‍ 8.5 ശതമാനവും ഇന്ത്യയിലാകെ 2.2 ശതമാനവുമാണ്. അതേസമയം തൊഴില്‍ തേടി കേരളത്തിലേക്ക് ഒഴുകുന്ന അന്യസംസ്ഥാനക്കാരുടെ എണ്ണം പെരുകുകയാണ്. അഭ്യസ്തവിദ്യരായ പുതിയ തലമുറ കായികാധ്വാനം ആവശ്യമുള്ള പരമ്പരാഗത തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ വിസമ്മതിക്കുന്നു. തൊഴിലില്ലായ്മയുടെ മുഖ്യ ഇരയായി മാറുന്നത് സ്ത്രീകളാണ്. കേരളത്തില്‍ പുരുഷന്മാരുടെ തൊഴിലില്ലായ്മ 6.1 ശതമാനമാണ്. സ്ത്രീകളുടേതാകട്ടെ 25 ശതമാനവും. സ്ത്രീകള്‍ക്ക് ലഭിക്കുന്ന വേതനം താരതമ്യേന കുറവുമാണ്. സാമ്പത്തിക അസമത്വം വികസിക്കുകയാണ്. കേരളത്തില്‍ ഉയര്‍ന്ന വരുമാനം ലഭിക്കുന്ന 20 ശതമാനത്തോളം കുടുംബങ്ങളുടെ വരുമാനത്തില്‍ ഗണ്യമായ ഉയര്‍ച്ചയുണ്ടായി. എന്നാല്‍ , ഏറ്റവും താഴെയുള്ള 30 ശതമാനത്തിലേറെ വരുന്നവരുടെ യഥാര്‍ഥ വരുമാനം ഇടിഞ്ഞു. ഈ സവിശേഷതകളെ മനസ്സിലാക്കിക്കൊണ്ടുവേണം വികസന കാഴ്ചപ്പാടുകള്‍ രൂപീകരിക്കേണ്ടതെന്ന കാര്യം റിപ്പോര്‍ട്ട് വ്യക്തമാക്കി. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വര്‍ധിക്കുന്ന പ്രശ്നവും ജാതി സംഘടനകളും വര്‍ഗീയവാദികളും നിലയുറപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളും റിപ്പോര്‍ട്ട് എടുത്തുപറഞ്ഞു. ഇത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് തടസ്സമാണെന്ന് ഓര്‍മിക്കേണ്ടതുണ്ട്.

നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് താഴേത്തട്ടില്‍ തന്നെ പ്രതിരോധം രൂപപ്പെടുത്തണം. ഈ മേഖലയില്‍ പാര്‍ടിയും വര്‍ഗബഹുജനസംഘടനകളും നടത്തുന്ന ഇടപെടല്‍ കൂടുതല്‍ കരുത്താര്‍ജിക്കേണ്ടത് പ്രധാനമാണ്. ജനജീവിതത്തെ ബാധിക്കുന്ന സമസ്തമേഖലയിലെയും പ്രശ്നങ്ങളെ വിശകലനംചെയ്തും ആ സാഹചര്യത്തില്‍ സംഘടന ഏത് രൂപത്തിലാണ് കൂടുതല്‍ കരുത്താര്‍ജിക്കേണ്ടതെന്നുംവ്യക്തമാക്കിയുള്ള രേഖതന്നെയായി പ്രവര്‍ത്തനറിപ്പോര്‍ട്ട്. മുന്നേറ്റത്തിന് തടസ്സമായി നില്‍ക്കുന്ന ഘടകങ്ങള്‍ ഏത്, അവയെ തരണംചെയ്യേണ്ടതെങ്ങനെ എന്നും റിപ്പോര്‍ട്ട് പരിശോധിച്ചു. ഇതൊന്നും അറിയാതെ റിപ്പോര്‍ട്ട് ചോര്‍ന്നു എന്നുപറഞ്ഞ് ചില സ്ഥാപിതതാല്‍പ്പര്യക്കാര്‍ വരച്ച വൃത്തങ്ങളില്‍പ്പെട്ടുഴലുകയായിരുന്നു കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങള്‍ . ഭാവനാവിലാസങ്ങളില്‍ ഊന്നിനില്‍ക്കുന്ന ഇത്തരം കഥകള്‍ക്കൊന്നും പ്രസക്തിയില്ലെന്ന് പ്രതിനിധികള്‍ നടത്തിയ ചര്‍ച്ച വ്യക്തമാക്കുകയുണ്ടായി. സംഘടന ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍വച്ചും സമൂഹത്തിന്റെ പ്രശ്നങ്ങളെ വിശകലനം ചെയ്തുമുള്ള സമഗ്രസമീപനമാണ് ചര്‍ച്ചയിലുയര്‍ന്നത്. വിമര്‍ശനവും സ്വയംവിമര്‍ശനവും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിന് അനിവാര്യമാണ്. കേന്ദ്രീകൃത ജനാധിപത്യത്തിന് വിധേയമായി നടത്തുന്ന ഇത്തരം ഇടപെടലുകളാണ് പ്രസ്ഥാനത്തെ വളര്‍ച്ചയുടെ പാതയിലൂടെ നയിക്കുന്നത് എന്ന് വ്യക്തമാക്കുന്നതായിരുന്നു സമ്മേളനത്തിലെ ചര്‍ച്ച. (അവസാനിക്കുന്നില്ല)

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്