വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Saturday, February 11, 2012

ചെങ്കടല്‍

ചെങ്കടല്‍

കെ ശ്രീകണ്ഠന്‍

ദേശാഭിമാനി

Posted on: 11-Feb-2012 12:48 PM


തിരു: കാലത്തിന്റെ ഉണര്‍ത്തുപാട്ടുമായി ചുവടുവച്ച മഹാപ്രവാഹം അനന്തപുരിയെ ചെങ്കടലാക്കി. ചുവന്നു തുടുത്ത നഗരവീഥികള്‍ രക്തനക്ഷത്ര ശോഭയില്‍ ജ്വലിച്ചു. തൊഴിലാളിവര്‍ഗ്ഗത്തിന്റെ അജയ്യത വിളംബരം ചെയ്ത് ജനസാഗരം ഇരമ്പിയാര്‍ത്തു. സിപിഐ എം സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന റാലി തലസ്ഥാന നഗരിയില്‍ ജനമുന്നേറ്റത്തിന്റെ പുതിയ ചരിത്രമെഴുതി. വിപ്ലവപ്രസ്ഥാനത്തിന്റെ കരുത്തും ഐക്യവും വിളിച്ചോതിയ ജനലക്ഷങ്ങളുടെ റാലിയും ചുവപ്പ്സേനാ മാര്‍ച്ചും നഗരവീഥികളെ ത്രസിപ്പിക്കുകയായിരുന്നു. നിശ്ചയദാര്‍ഢ്യത്തോടെ ചുവടുവച്ച ചെമ്പടയും ചെങ്കൊടികളുമായി സമര്‍പ്പിത മനസ്സോടെ ഒഴുകി നീങ്ങിയ ജനലക്ഷങ്ങളും ഒത്തുചേര്‍ന്നപ്പോള്‍ തിരുവനന്തപുരത്ത് ആദ്യമായി വേദിയൊരുങ്ങിയ സംസ്ഥാന സമ്മേളനത്തിന്റെ സമാപനം അവിസ്മരണീയമായി. നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ സംഗമിച്ചശേഷമാണ് പൊതുസമ്മേളന നഗരിയായ സ. ഇ ബാലാനന്ദന്‍ നഗറി(ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം)ലേക്ക് ചുവപ്പ് സേനയും പ്രകടനവും നീങ്ങിയത്.

കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഐ എം എന്ന് വിളിച്ചോതിയ മഹാസംഗമത്തിനാണ് തലസ്ഥാനം സാക്ഷിയായത്. ചരിത്രത്തിന്റെ കുളമ്പടി മുഴങ്ങിയ നഗരവീഥികള്‍ അക്ഷരാര്‍ഥത്തില്‍ ചെങ്കടലായി. സമാപന പൊതുസമ്മേളനം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു. ആവേശത്തേരിലേറി ഒഴുകി നീങ്ങിയ ജനക്കൂട്ടത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ നഗരം വീര്‍പ്പുമുട്ടി. മാഞ്ഞാലിക്കുളം ഗ്രൗണ്ടില്‍നിന്നും വെള്ളയമ്പലം മാനവീയം വീഥിയില്‍നിന്നുമാണ് ചുവപ്പ്സേന മാര്‍ച്ച് തുടങ്ങിയത്. അഞ്ചു കേന്ദ്രങ്ങളില്‍നിന്ന് ആരംഭിച്ച പൊതുപ്രകടനം കിലോമീറ്ററുകള്‍ താണ്ടിയാണ് പൊതുസമ്മേളന നഗരിയിലെത്തിയത്. രക്തസാക്ഷികളുടെ വീരസ്മരണ തുടിച്ചുനിന്ന നഗരവീഥികളിലൂടെ ആയിരക്കണക്കിന് ചുവപ്പുസേനാംഗങ്ങള്‍ മാര്‍ച്ചുചെയ്തു. മാര്‍ച്ച് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പ്രതിനിധി സമ്മേളന നഗരിയായ എ കെ ജി ഹാളില്‍നിന്ന് പാര്‍ടി നേതാക്കളും പ്രതിനിധികളും സ്റ്റേഡിയത്തിലേക്ക് പ്രകടനമായി എത്തി. ചുവപ്പ്സേന സ്റ്റേഡിയത്തില്‍ അണിനിരന്നതോടെ പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും തുറന്ന ജീപ്പില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ജില്ലാ വളന്റിയര്‍ ക്യാപ്റ്റന്‍ കെ എസ് സുനില്‍കുമാര്‍ ഇരുവരെയും അനുഗമിച്ചു. വെള്ളിയാഴ്ച ഉച്ചമുതല്‍ തുടങ്ങിയ മഴയെ തെല്ലും കൂസാതെയാണ് ചുവപ്പ് വളന്റിയര്‍മാര്‍ മാര്‍ച്ച് ചെയ്ത് എത്തിയത്. അതിന് മുമ്പുതന്നെ സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ ജനങ്ങള്‍ നിറഞ്ഞിരുന്നു. പ്രശസ്ത ഗായകന്‍ ആമച്ചല്‍ രവിയുടെ നേതൃത്വത്തിലുള്ള സംഘം വിപ്ലവഗാനങ്ങള്‍ പാടി ജനാവലിയെ സ്വാഗതംചെയ്തു. സര്‍വകലാശാല പ്രതിഭകളുടെ നാടന്‍ വൃന്ദവാദ്യം ഇമ്പമേകി. പൊതുസമ്മേളനം ആരംഭിച്ചപ്പോഴും നഗരത്തിന്റെ വിവിധ കോണുകളില്‍നിന്ന് ആരംഭിച്ച ജനപ്രവാഹം നിലച്ചിരുന്നില്ല. സ്റ്റേഡിയം ലക്ഷ്യമാക്കി നീങ്ങിയ ജനങ്ങളിലേറെ പേര്‍ക്കും അകത്ത് പ്രവേശിക്കാനായില്ല.

പൊതുസമ്മേളനം പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്തു. പിണറായി വിജയന്‍ അധ്യക്ഷനായി. പിബി അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, വൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണന്‍ , കേന്ദ്ര കമ്മിറ്റി അംഗം വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍കൂടിയായ തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു. ജില്ലയില്‍നിന്നുള്ള പ്രവര്‍ത്തകരും വളന്റിയര്‍മാരുമാണ് പ്രകടനത്തിലും മാര്‍ച്ചിലും അണിനിരന്നത്. ഒരു ലക്ഷം സ്ത്രീകള്‍ ഉള്‍പ്പെടെ രണ്ടു ലക്ഷം പേരാണ് പ്രകടനത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചതെങ്കിലും മൂന്നുലക്ഷത്തോളം പേര്‍ പങ്കെടുത്തു. കേരളീയവേഷം ധരിച്ച് നീങ്ങിയ സ്ത്രീകളും നാടന്‍ കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും റാലിക്ക് ശോഭ പകര്‍ന്നു. തലസ്ഥാന നഗരിയുടെ പഴമയും പെരുമയും വിളിച്ചോതുന്ന കിഴക്കേകോട്ടയുടെ ചാരുതയോടെ പുനരാവിഷ്കരിച്ച പൊതുസമ്മേളന വേദി ദൃശ്യവിസ്മയം പകര്‍ന്നു. പൊതുസമ്മേളനത്തിനുശേഷം കലാഭവന്‍ മണിയും സംഘവും മെഗാഷോ 'മണികിലുക്കം' അവതരിപ്പിച്ചു.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്