പിണറായി സെക്രട്ടറി
(കെ എം മോഹന്‍ദാസ്, ദേശാഭിമാനി ദിനപ്പത്രം)
Posted on: 11-Feb-2012 06:01 AM
ഹര്‍കിഷന്‍സിങ് സുര്‍ജിത് നഗര്‍(തിരു): സിപിഐ എം സംസ്ഥാന സെക്രട്ടറിയായി പിണറായി വിജയനെ വീണ്ടും തെരഞ്ഞെടുത്തു. വ്യക്തിഹത്യ നടത്തി തളര്‍ത്താനാകുമെന്ന് വ്യാമോഹിച്ച മാധ്യമങ്ങള്‍ക്കും ജാതിമതവര്‍ഗീയ ശക്തികള്‍ക്കും ഒറ്റുകാര്‍ക്കും മുമ്പില്‍ നെഞ്ചുവിരിച്ചുനിന്ന്, നേരിയ പോറല്‍പോലുമേല്‍ക്കാന്‍ അനുവദിക്കാതെ പാര്‍ടിയെ നയിച്ച പിണറായി അഞ്ചാം തവണയാണ് സംസ്ഥാന സെക്രട്ടറിയായി നിയോഗിക്കപ്പെടുന്നത്. അപവാദങ്ങളുടെ കുത്തൊഴുക്കില്‍ പകച്ചുനില്‍ക്കാതെ, ആക്രമണത്തിന്റെ കുന്തമുനകള്‍ അക്ഷോഭ്യനായി നേരിട്ട് ചെങ്കൊടിയുടെ മാനം കാത്ത ജനനായകനെ തലസ്ഥാന നഗരത്തില്‍ ആദ്യമായി ചേര്‍ന്ന സംസ്ഥാന സമ്മേളനം ഏകകണ്ഠമായാണ് പാര്‍ടിയുടെ സാരഥ്യമേല്‍പ്പിച്ചത്.
സമസ്തമേഖലകളിലെയും ജനവിഭാഗങ്ങളുടെ പങ്കാളിത്തത്തിലൂടെ തലസ്ഥാന ജില്ല കണ്ട ഏറ്റവുംവലിയ ജനമുന്നേറ്റമായി മാറിയ സമ്മേളനം 85 അംഗ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തു. കോഴിക്കോട്ട് ചേരാനിരിക്കുന്ന പാര്‍ടികോണ്‍ഗ്രസിലേക്ക് 175 പ്രതിനിധികളെയും തെരഞ്ഞെടുത്തു. ടി കൃഷ്ണന്‍ ചെയര്‍മാനായി അഞ്ചംഗ കണ്‍ട്രോള്‍ കമീഷന്‍ രൂപീകരിച്ചു. എല്ലാ തെരഞ്ഞെടുപ്പും ഏകകണ്ഠമായിരുന്നെന്ന് സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 85 അംഗ സംസ്ഥാനകമ്മിറ്റിയില്‍ ഒരു സ്ഥാനം ഒഴിച്ചിട്ടിരിക്കയാണ്. 12 പേരെ പുതുതായി സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. പാര്‍ടി ജില്ലാ സെക്രട്ടറിമാരായ പി പി വാസുദേവന്‍(മലപ്പുറം), സി കെ രാജേന്ദ്രന്‍(പാലക്കാട്), എ സി മൊയ്തീന്‍(തൃശൂര്‍), സി ബി ചന്ദ്രബാബു(ആലപ്പുഴ), ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ്, ജെയിംസ് മാത്യു(കണ്ണൂര്‍), എ പ്രദീപ്കുമാര്‍ (കോഴിക്കോട്), ദേശാഭിമാനി കൊച്ചി യൂണിറ്റ് മാനേജര്‍ സി എന്‍ മോഹനന്‍ , എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി കെ ബിജു, എന്‍ജിഒ യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ പി മേരി(ഇടുക്കി), എന്‍ ആര്‍ ബാലന്‍(തൃശൂര്‍), കോലിയക്കോട് കൃഷ്ണന്‍നായര്‍(തിരുവനന്തപുരം) എന്നിവരാണ് പുതിയ അംഗങ്ങള്‍ . കെ കെ മാമക്കുട്ടി, സി ഒ പൗലോസ്, പി ആര്‍ രാജന്‍ , എം കേളപ്പന്‍ , സരോജിനി ബാലാനന്ദന്‍ , ഗോപി കോട്ടമുറിക്കല്‍ എന്നിവര്‍ പുതിയ കമ്മറ്റിയിലില്ല.
വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന പ്രതിനിധിസമ്മേളനത്തില്‍ പിണറായി വിജയന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പാനല്‍ അവതരിപ്പിച്ചു. ഏകകണ്ഠമായി പാനല്‍ അംഗീകരിച്ചു. തുടര്‍ന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയുടെ അധ്യക്ഷതയില്‍ സംസ്ഥാന കമ്മറ്റിയുടെ ആദ്യയോഗം ചേര്‍ന്നു. വി എസ് അച്യുതാനന്ദന്‍ സെകട്ടറിസ്ഥാനത്തേക്ക് പിണറായിയുടെ പേര് നിര്‍ദേശിച്ചു. ടി ശിവദാസമേനോന്‍ പിന്താങ്ങി. ക്രഡന്‍ഷ്യല്‍ കമ്മിറ്റി കണ്‍വീനര്‍ ജി സുധാകരന്‍ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പാര്‍ടി സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്‍ അന്തരിച്ചതിനെത്തുടര്‍ന്ന് 1998 സെപ്തംബറിലാണ് പിണറായി പാര്‍ടി സംസ്ഥാന സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. 2002 ഫെബ്രുവരിയില്‍ കണ്ണൂരില്‍ ചേര്‍ന്ന 17ാം സംസ്ഥാന സമ്മേളനം പിണറായിയെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 2005 ഫെബ്രുവരിയില്‍ മലപ്പുറം സമ്മേളനത്തിലും 2008 ഫെബ്രുവരിയില്‍ കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന സമ്മേളനത്തിലും സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ടിയിലെ വിഭാഗീയതയ്ക്ക് അന്ത്യംകുറിച്ച് പ്രസ്ഥാനത്തിന് കൂടുതല്‍ കരുത്തു പകരാന്‍ കഴിഞ്ഞ അഭിമാനവുമായാണ് തിരുവനന്തപുരം സമ്മേളനം ചേര്‍ന്നത്. സമ്മേളനത്തെക്കുറിച്ച് മാധ്യമങ്ങള്‍ അസംബന്ധങ്ങളാണ് പ്രചരിപ്പിച്ചതെന്ന് പിണറായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാലു വര്‍ഷത്തിനിടയില്‍ സംഘടനാരംഗത്തും പൊതുസ്വാധീനത്തിന്റെ കാര്യത്തിലും നല്ല നിലയില്‍ മുന്നോട്ടുപോകാനായതായി സമ്മേളനം വിലയിരുത്തിയതായും പിണറായി പറഞ്ഞു.
No comments:
Post a Comment