വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Saturday, February 11, 2012

ആശയ, സാമൂഹ്യ തലത്തില്‍ കൂടുതല്‍ ഇടപെടും: പിണറായി

ആശയ, സാമൂഹ്യ തലത്തില്‍ കൂടുതല്‍ ഇടപെടും: പിണറായി

ദേശാഭിമാനി, Posted on: 11-Feb-2012 01:04 PM

തിരു: കേരളത്തില്‍ പാര്‍ട്ടിക്ക് ബഹുജന പിന്തുണ വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ കര്‍മ്മപരിപാടികള്‍ ആവിഷ്കരിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തിരുവനന്തപുരം കേസരിയില്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ പറഞ്ഞു. ബ്രാഞ്ചുതലം മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തും.

പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും ആശയക്കുഴപ്പത്തിലാക്കുന്ന പ്രചാരണങ്ങളെ നേരിടാന്‍ ലോക്കല്‍തലം മുതല്‍ അനുഭാവിയോഗങ്ങള്‍ തുടര്‍ച്ചയായി വിളിച്ച് റിപ്പോര്‍ട്ടിങ്ങ് നടത്തും. ഏരിയാതലത്തില്‍ പാര്‍ട്ടി താല്‍പര്യമുള്ളവരുടെ യോഗങ്ങള്‍ ഏരിയാതലത്തില്‍ വിളിച്ചുചേര്‍ക്കും. പ്രൊഫഷണല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മകള്‍ സംഘടിപ്പിച്ച് അവരുടെ ആശങ്കകളും പ്രശ്നങ്ങളും ചര്‍ച്ച ചെയ്യും. പുതിയ ആളുകളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നതിന് അജന്‍ഡ നിശ്ചയിച്ച് പ്രവര്‍ത്തിക്കും. പാര്‍ട്ടി അംഗങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനുപുറമെ ബഹുജന വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും.

ഗ്രാമങ്ങള്‍ തോറും ചര്‍ച്ചകളും പരിപാടികളും നടത്തും. വായനശാലകളുടെയും മറ്റും പ്രവര്‍ത്തനത്തില്‍ സജീവമായി ഇടപെടും. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുടച്ചു നീക്കുന്നതിനായി പ്രവര്‍ത്തിക്കും. മദ്യാസക്തിക്കെതിരെയുള്ള പേരാട്ടം ശക്തിശപ്പടുത്തും. സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ഏറ്റെടുക്കും.

മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കും. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ രാഷ്ട്രീയമുള്ളവരാണ് പാര്‍ട്ടിയെ എതിര്‍ക്കുന്നത്. കേരളത്തില്‍ ചില മതമേലധ്യക്ഷന്‍മാര്‍ പാര്‍ട്ടിയെ എതിര്‍ക്കുമ്പോള്‍ തന്നെ അവര്‍ മറ്റു സംസ്ഥാനങ്ങളിലെത്തുമ്പോള്‍ സിപിഐ എമ്മാണ് തങ്ങളെ സഹായിക്കുന്നതെന്ന കാര്യം സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോള്‍ കേരളത്തില്‍ തന്നെ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. കൂടുതല്‍ പേര്‍ മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നിന്നും പാര്‍ട്ടിയിലേക്ക് സജീവമായി വരുന്നുണ്ട്. മുസ്ലിം വിഭാഗത്തിലെ ദരിദ്രര്‍ പലവിധ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. അതെല്ലാം ഏറ്റെടുക്കുന്നതില്‍ പാര്‍ട്ടി ജാഗ്രത കാട്ടുമെന്നും പിണറായി പറഞ്ഞു.

വര്‍ഗ യുവജന സംഘടനകള്‍ ശക്തിപ്പെടുത്തും. മറുനാടന്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് തടയും. ആദിവാസി പട്ടികവിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളും ഏറ്റെടുക്കും. പിഡിപിയുമായി സഖ്യമോ ധാരണയോ ഉണ്ടായിരുന്നില്ല. അവര്‍ ഇടതുപക്ഷത്തിനു പിന്തുണ പ്രഖ്യാപിച്ചതില്‍ തെറ്റില്ല അവരുമായി വേദി പങ്കിട്ടത് ശരിയായില്ലെന്ന് പിന്നീട് പാര്‍ട്ടി വിലയിരുത്തി.

സമ്മേളനത്തിലെ കാര്യങ്ങള്‍ക്ക് പൊതുസമ്മേളനത്തില്‍ മറുപടി പറയാന്‍ മാത്രം സംഘടനാ കാര്യങ്ങള്‍ അറിയാത്തയാളല്ല വി എസ് എന്നും വ്യാഖ്യാനിച്ച് മാധ്യമങ്ങള്‍ അദ്ദേഹത്തെ കുഴപ്പത്തിലാക്കേണ്ടെന്നും തിരുവനന്തപുരത്ത് പൊതു സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നടത്തിയ ക്യാപ്പിറ്റല്‍ പണിഷ്മെന്റ് പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പിണറായി തുടര്‍ന്നു. സംസ്ഥാനകമ്മറ്റിയംഗമെന്ന നിലയില്‍ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ പരിമിതിയുള്ളതിനാലാണ് സരോജിനി ബാലാനന്ദനെ ഒഴിവാക്കിയത്. അവരെ പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധിയാക്കിയിട്ടുണ്ട്. സംസ്ഥാനകമ്മറ്റിക്ക് എന്നും അവരോട് ആദരവുണ്ട്. ഇത്രയും കാലം പ്രവര്‍ത്തിച്ച സംസ്ഥാനകമ്മറ്റിയില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നപ്പോഴുള്ള കേവല വികാരപ്രകടനം മാത്രമായി അവരുടെ പ്രതികരണത്തെ കണ്ടാല്‍ മതിയെന്നും പിണറായി പറഞ്ഞു.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്