ദേശാഭിമാനി
തിരു: വര്‍ഗബോധത്തിന്റെ സംഘഗാഥ പാടി ചെമ്പടയുടെ മാര്‍ച്ച്. ചെങ്കൊടിയുടെയും ചെന്തോരണങ്ങളുടെയും വര്‍ണത്തില്‍ മുങ്ങിയ നഗരവീഥികളില്‍ കാക്കിയും ചുവപ്പുമണിഞ്ഞ കാല്‍ലക്ഷം വളന്റിയര്‍മാര്‍ , പിന്നില്‍ ജനലക്ഷങ്ങള്‍ ...അലകടലായി ഒഴുകി ആവേശം ചെങ്കടല്‍ സൃഷ്ടിച്ച മുഹൂര്‍ത്തത്തില്‍ തിരുവനന്തപുരം പ്രഖ്യാപിച്ചു- ഇത് ചുവപ്പിന്റെ തലസ്ഥാനം. രാജാക്കന്മാരുടെയും മാടമ്പിമാരുടെയും കുതിരപ്പട മാര്‍ച്ച് ചെയ്തിരുന്ന അനന്തപുരിയുടെ വീഥികളില്‍ വെള്ളിയാഴ്ച ജനകീയപട്ടാളം ബ്യൂഗിള്‍ മുഴക്കി. അച്ചടക്കത്തോടെ ചുവടുവച്ചു. ജനവിരുദ്ധശക്തികള്‍ക്കെതിരെ നീതിബോധത്തിന്റെ ചെങ്കൊടിയേന്തി സമരോത്സുകമായ പുതിയലോകത്തിന്റെ പിറവിക്കായി പൊരുതുന്നവര്‍ക്ക് മുന്നില്‍ പ്രതിരോധത്തിന്റെ ചെങ്കോട്ടതീര്‍ത്തു കാല്‍ലക്ഷം ചുവപ്പുവളന്റിയര്‍മാര്‍ .
ബഹുജനസ്വാധീനവും കരുത്തും വെല്ലുവിളിക്കാനാകാത്ത സംഘടനാശേഷിയുമുള്ള സിപിഐ എമ്മിന്റെ സമ്മേളനം ജനകീയ ഉത്സവമാണെന്ന് തെളിയിച്ചു ഈ സായാഹ്നം. അച്ചടക്കം താളമാക്കി പ്രത്യയശാസ്ത്രദാര്‍ഢ്യത്തില്‍ ചുവടുറപ്പിച്ച് ബാന്റ്വാദ്യത്തിന്റെ അകമ്പടിയില്‍ വളന്റിയര്‍മാര്‍ മുന്നേറി. യുവതികളും യുവാക്കളും അണിനിരന്ന ചുവപ്പിന്റെ മഹാപ്രവാഹത്തില്‍ അനന്തപുരി ചുവന്നപുരിയായി. മാര്‍ച്ചിന്റെ തുടക്കം വൈകിട്ട് മൂന്നിനായിരുന്നു. മൂന്നിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ചുവപ്പന്‍മുന്നേറ്റത്തിന്റെ കാഹളം മുഴങ്ങിയത്. അധ്വാനിക്കുന്നവന്റെ ലോകം അകലെയല്ല എന്ന് അലയടിച്ചാര്‍ത്തുവിളിച്ച ജനലക്ഷങ്ങള്‍ക്ക് മുന്നില്‍ ആത്മവിശ്വാസത്തിന്റെ കോട്ടതീര്‍ത്ത് ചുവപ്പുവളന്റിയര്‍മാര്‍ അണിനിരന്നു. ജനനിബിഡമായ വീഥികള്‍ അവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു. 18 ഏരിയകളില്‍നിന്ന് ഇരുപത്തയ്യായിരം വളന്റിയര്‍മാരാണ് മാര്‍ച്ച് ചെയ്തത്. ഇവരില്‍ അയ്യായിരം വനിതകള്‍ . മാസങ്ങളുടെ പരിശീലനത്തിലൂടെ സുശിക്ഷിതമായി പട്ടാളച്ചിട്ടയോടെ ചുവടുവയ്പ്. 156 വനിതാ പ്ലറ്റൂണുകളടക്കം 500 പ്ലറ്റൂണുകളിലായി കാല്‍ലക്ഷം പേര്‍ . കാക്കി പാന്റ്സും ചുവപ്പ് ഷര്‍ട്ടും കാക്കി തൊപ്പിയും ബ്രൗണ്‍ ക്യാന്‍വാസും അണിഞ്ഞ് പുരുഷന്മാരും വെള്ള പാന്റ്സും ചുവപ്പ് ചുരിദാറും വെള്ള ഷാളും മെറൂണ്‍ തൊപ്പിയും വെള്ള ക്യാന്‍വാസുമണിഞ്ഞ് വനിതകളും. പടപ്പാട്ടുകളും ബാന്റ്വാദ്യവും ത്രസിപ്പിച്ച അന്തരീക്ഷത്തിലാണ് ഇരമ്പിയാര്‍ത്ത് ചെമ്പട നീങ്ങിയത്. ആയുര്‍വേദകോളേജ് ജങ്ഷന്‍ , വെള്ളയമ്പലം എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചായിരുന്നു മാര്‍ച്ച്. ചാല, വഞ്ചിയൂര്‍ , വിളപ്പില്‍ , നേമം, കോവളം, നെയ്യാറ്റിന്‍കര, പാറശാല, കാട്ടാക്കട, വെള്ളറട ഏരിയകളിലെ സേന ആയുര്‍വേദകോളേജ് ജങ്ഷനില്‍നിന്ന് മാര്‍ച്ച് ചെയ്ത് പൊതുസമ്മേളന നഗരിയായ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലേക്ക് നീങ്ങി. മാഞ്ഞാലിക്കുളം മൈതാനത്ത് കേന്ദ്രീകരിച്ച വളന്റിയര്‍മാര്‍ ബാബാ ടൂറിസ്റ്റ് ഹോമിന് മുന്നിലൂടെ ആയുര്‍വേദ കോളേജിലെത്തി മെയിന്‍ റോഡ് വഴി ഇ എം എസ് പാര്‍ക്കിനടുത്തുള്ള കവാടം വഴി ആദ്യപാതി സ്റ്റേഡിയത്തില്‍ പ്രവേശിച്ചതോടെ പൊതുസമ്മേളനനഗരി ചുവന്നപുഴയായി. പേരൂര്‍ക്കട, പാളയം, കഴക്കൂട്ടം, ആറ്റിങ്ങല്‍ , വര്‍ക്കല, കിളിമാനൂര്‍ , വെഞ്ഞാറമൂട്, വിതുര, നെടുമങ്ങാട് എന്നിവിടങ്ങളില്‍നിന്നുള്ള സേനാ മാര്‍ച്ച് വെള്ളയമ്പലത്തുനിന്നാണ് തുടങ്ങിയത്. മാനവീയം വീഥിയില്‍ കേന്ദ്രീകരിച്ച് മ്യൂസിയം, രാമരായര്‍ വിളക്ക്, യുദ്ധസ്മാരകപാര്‍ക്ക് ചുറ്റി ഇ എം എസ് പാര്‍ക്കിന് സമീപമുള്ള കവാടം വഴി സമ്മേളന നഗരിയില്‍ ചെമ്പട പൂര്‍ണമായി എത്തിയതോടെ സ്റ്റേഡിയം ചുവന്ന സാഗരമായി. മൂന്ന് മണിക്ക് ആരംഭിച്ച വളന്റിയര്‍ മാര്‍ച്ചിന്റെ ആദ്യ പ്ലറ്റൂണ്‍ സ്റ്റേഡിയത്തിലെത്തിയത് നാലേകാലിന്. അവസാനമായി വിതുര ഏരിയയിലെ വളന്റിയര്‍മാരെത്തുമ്പോള്‍ രണ്ട്മണിക്കൂര്‍ കഴിഞ്ഞിരുന്നു. അസ്തമനസൂര്യന്റെ വര്‍ണരാജിക്ക് പ്രഭചൊരിഞ്ഞ് ബാലാനന്ദന്‍ നഗറില്‍ ചുവപ്പിന്റെ പൊന്‍തിളക്കം. പരേഡ് നിരീക്ഷിച്ച് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. തുറന്ന ജീപ്പില്‍ നീങ്ങിയ നേതാക്കളെ ജില്ലാ വളന്റിയര്‍ ക്യാപ്റ്റന്‍ കെ എസ് സുനില്‍കുമാര്‍ അനുഗമിച്ചു.
No comments:
Post a Comment