ദേശാഭിമാനി
തിരു: മാര്‍ക്സിസം അജയ്യമെന്നു പ്രഖ്യാപിച്ച് അനന്തപുരിയില്‍ തൊഴിലാളിവര്‍ഗത്തിന്റെ മഹാപ്രവാഹം. സംഘശക്തിയുടെ ഉണര്‍ത്തുപാട്ടുമായി ചുവടുവച്ച സമരഭടന്മാര്‍ തലസ്ഥാന നഗരിക്ക് പകര്‍ന്നത് വിപ്ലവചൈതന്യം. സമരകേരളത്തിന്റെ മുന്നണിപ്പോരാളികളുടെ പ്രകടനം രാഷ്ട്രീയകേരളത്തിന്റെ കുതിപ്പിനുള്ള ആവേശവും ഇന്ധനവും പകരുന്നതായിരുന്നു. കൈക്കുഞ്ഞുങ്ങളുമായി അമ്മമാര്‍ , അവശത മറന്നെത്തിയ തലമുതിര്‍ന്നവര്‍ , പാറിപ്പറക്കുന്ന ബലൂണുമായി കുട്ടികള്‍ , ആബാലവൃദ്ധം ഒഴുകിയെത്തിയപ്പോള്‍ സമ്മേളന നഗര്‍ വീര്‍പ്പുമുട്ടി. മഴയെയും കൂസാതെ ജില്ലയാകെ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലേക്ക് അലയടിച്ചെത്തി. തങ്ങള്‍ നെഞ്ചേറ്റിയ പ്രസ്ഥാനത്തിന്റെ സംസ്ഥാന സമ്മേളനത്തിനായി അഞ്ചുമാസമായി നാട്ടിടങ്ങളിലും നഗരങ്ങളിലും കൈമെയ് മറന്ന് അധ്വാനിച്ചവര്‍ വെള്ളിയാഴ്ച കുടുംബസമേതം അനന്തപുരിയിലേക്ക് ഒഴുകിയെത്തി.
എല്ലാ കണ്ണുകളും എല്ലാ കാതുകളും എല്ലാ ചുവടുകളും സ. ഇ ബാലാനന്ദന്‍ നഗറിലേക്കായിരുന്നു. കീഴടക്കാനാകാത്ത കരുത്തുമായി നാടിന്റെ സിരാപടലങ്ങളില്‍ ചുവപ്പിന്റെ അവസാനിക്കാത്ത ജനപ്രവാഹം. അസാധാരണമായിരുന്നു ആ പ്രവാഹം. അഭൂതപൂര്‍വമായ ആവേശത്തില്‍ അണപൊട്ടിയ നദിപോലെ ജനസഞ്ചയത്തിന്റെ കുത്തൊഴുക്ക്. കേരളം ഹൃദയത്തിലേറ്റുന്ന പ്രസ്ഥാനവും ചോരച്ചെങ്കൊടിയും അജയ്യമാണെന്ന് ജനലക്ഷങ്ങള്‍ പ്രഖ്യാപിച്ചു. സംഘബോധത്തിന്റെയും അച്ചടക്കത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും ഗാഥയുമായി ചെമ്പടയും, രക്തപതാകയും വിപ്ലവഗാനങ്ങളും ബ്യൂഗിള്‍നാദവും വാദ്യമേളങ്ങളും ഇരമ്പിയാര്‍ക്കുന്ന മുദ്രാവാക്യങ്ങളും ആവേശമായി കത്തിപ്പടര്‍ന്നു. അനന്തപുരിക്ക് അരുണശോഭയേകി ചെമ്പടയുടെ മാര്‍ച്ചോടെയാണ് മഹാപ്രവാഹത്തിന് തുടക്കമായത്. ആയുര്‍വേദ കോളേജ് ജങ്ഷന്‍ , വെള്ളയമ്പലം മാനവീയം വീഥി എന്നിവിടങ്ങളില്‍നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. മഴ തടസ്സവുമായി എത്തിയെങ്കിലും ആവേശത്തെ തകര്‍ക്കാനായില്ല. വൈകിട്ട് മൂന്നോടെ സ്റ്റേഡിയത്തിന്റെ ഗ്യാലറികള്‍ നിറഞ്ഞു. അപ്പോഴും റാലി ആരംഭിച്ചിരുന്നില്ല. മൂന്നരയോടെ മാര്‍ച്ചുകള്‍ ആരംഭിച്ചു. രണ്ടുമണിക്കൂര്‍കൊണ്ടാണ് മാര്‍ച്ച് പൂര്‍ത്തിയായത്. 3.45ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ സമ്മേളന പ്രതിനിധികളുടെ പ്രകടനം എ കെ ജി ഹാളില്‍നിന്ന് സ്റ്റേഡിയത്തിലെത്തി.
സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ , കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവന്‍ , ഇ പി ജയരാജന്‍ , എം എ ബേബി, പി കെ ഗുരുദാസന്‍ , പാലോളി മുഹമ്മദുകുട്ടി, പി കരുണാകരന്‍ , പി കെ ശ്രീമതി, എം സി ജോസഫൈന്‍ , വൈക്കം വിശ്വന്‍ , ടി എം തോമസ് ഐസക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമ്മേളനവേദിയിലേക്കെത്തിയ ദേശീയനേതാക്കളെ കരഘോഷത്തോടെയാണ് ആയിരങ്ങള്‍ വരവേറ്റത്. ചാക്ക, സംഗീത കോളേജ് ജങ്ഷന്‍ , വെള്ളയമ്പലം, ഓവര്‍ബ്രിഡ്ജ്, കുറവന്‍കോണം എന്നിവിടങ്ങളില്‍നിന്നുള്ള പ്രകടനങ്ങളുടെ മുന്‍നിരയും സ്റ്റേഡിയത്തിലെത്തി. അകത്തേക്ക് കടക്കാന്‍ കഴിയാതെ സ്റ്റേഡിയത്തിനുചുറ്റുമുള്ള റോഡുകളില്‍ നിലയുറപ്പിച്ചാണ് പതിനായിരങ്ങള്‍ നേതാക്കളുടെ പ്രസംഗം കേട്ടത്. പൊതുസമ്മേളനം അവസാനിക്കുമ്പോഴും ജനപ്രവാഹം തുടര്‍ന്നു. കേരളീയവേഷം ധരിച്ചെത്തിയ പതിനായിരക്കണക്കിന് വനിതകള്‍ പ്രകടനത്തിന്റെ പ്രത്യേകതയായി. ചെങ്കൊടികളും പ്ലക്കാര്‍ഡുകളും വീഥികളിലും സ്റ്റേഡിയത്തിലും ചുവപ്പിന്റെ മാസ്മരികലോകം സൃഷ്ടിച്ചു. പഞ്ചവാദ്യവും ചെണ്ടമേളവും തെയ്യവും തിറയും നിശ്ചലദൃശ്യങ്ങളും കാഴ്ചയുടെ വസന്തമൊരുക്കി. നിരത്തിലെല്ലാം ആവേശഭരിതരായി നീങ്ങുന്ന നേതാക്കളും പ്രവര്‍ത്തകരും. എങ്ങും മുഴങ്ങിയത് ഇങ്ക്വിലാബ് സിന്ദാബാദ്. തലസ്ഥാനത്തിന്റെ മണ്ണും മനസ്സും മാനവും ചുവപ്പില്‍ പൂത്തുനിന്നു.
No comments:
Post a Comment