വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Saturday, February 11, 2012

റാലിയുടെ മുന്‍നിരയില്‍ നല്ലപെരുമാളിന്റെ ബാനര്‍

റാലിയുടെ മുന്‍നിരയില്‍ നല്ലപെരുമാളിന്റെ ബാനര്‍

ദേശാഭിമാനി
Posted on: 11-Feb-2012 11:18 AM
തിരു: മൂന്നു ബാനറുകളിലായിരുന്നു രാഷ്ട്രീയകേരളത്തിന്റെ കണ്ണുകള്‍ വെള്ളിയാഴ്ച വൈകിട്ട് ആദ്യം ഉടക്കിയത്. സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ അണിനിരന്ന പടുകൂറ്റന്‍റാലിയുടെ മുന്നില്‍ കണ്ട മനോഹരമായ ബാനറുകള്‍ . ഇവയ്ക്ക് ബ്രഷ് ചലിപ്പിച്ചത് നല്ലപെരുമാള്‍ . മേലത്തുമേലെയിലെ സിപിഐ എമ്മിന്റെ കലാകാരനായ ബ്രാഞ്ച് സെക്രട്ടറി. വെള്ളിയാഴ്ച പുലര്‍ച്ചെ തുടങ്ങിയിരുന്നു ബാനറുകളുടെ അവസാന മിനുക്കുപണി. ചുവപ്പ് കൊടികള്‍ കാറ്റിലാടുന്ന നാട്ടിടവഴിയിലെ മതിലില്‍ തൂക്കിയ ബാനറിന് നിറം ചാലിക്കുമ്പോള്‍ പെരുമാളിന്റെ മുഖത്ത് പിരിമുറുക്കം കണ്ടു. എല്ലാ കവലകള്‍ക്കും എല്ലാ ഗ്രാമവഴികള്‍ക്കും ചുവപ്പുനിറമായിരുന്നു വെള്ളിയാഴ്ച. സിപിഐ എം സംസ്ഥാന സമ്മേളനത്തിന് സമാപനംകുറിച്ച് നടക്കുന്ന പടുകൂറ്റന്‍റാലിയുടെ കണ്ണിയാകാന്‍ ജില്ലയിലെ ഗ്രാമങ്ങളും ചെറുപട്ടണങ്ങളും നേരത്തെ ഉണര്‍ന്നു. ചെങ്കൊടികള്‍ മുമ്പേ സജ്ജീകരിച്ചുവച്ചിരുന്നു. എങ്ങും കമാനങ്ങളും തോരണങ്ങളും. കാറ്റില്‍ ഇളകിപ്പറക്കുന്ന ചെങ്കൊടികള്‍ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലേക്ക് വഴികാണിച്ചു. എല്ലാ വഴികളും എല്ലാ കണ്ണുകളും അവിടേക്ക് നീണ്ടു. കൊത്തിയെടുത്ത അരിവാള്‍ ചുറ്റികയുടെ മാതൃക വാഹനത്തില്‍ പ്രതിഷ്ഠിക്കുന്ന തിരക്കിലായിരുന്നു കവടിയാര്‍ പൈപ്പുലൈനിനടുത്ത് ആര്‍ട്ടിസ്റ്റ് ഷിബുവും സംഘവും. ഓട്ടോറിക്ഷാ സ്റ്റാന്‍ഡുകളിലും തൊഴിലാളികേന്ദ്രങ്ങളിലും ചുവപ്പുകാഴ്ചകള്‍മാത്രം. ചെങ്കൊടികള്‍ ഉയര്‍ന്നുപാറാത്ത പൂര്‍വഗാമികളുടെ വിപ്ലവസ്മരണ തുടിക്കാത്ത ഒറ്റഗ്രാമവും ജില്ലയില്‍ ഇല്ലായിരുന്നു. തിരുവനന്തപുരത്തെത്തിയ മറ്റു ജില്ലക്കാര്‍ ഉത്സവപ്രതീതിയില്‍ പങ്കുചേരാന്‍ മത്സരിച്ചു. ചുവപ്പും വെള്ളയും തൊപ്പികളുള്ള ശിരസ്സുകള്‍ തോരണങ്ങളാല്‍ പന്തലിട്ട വഴികളില്‍ രാവിലെതന്നെ തിങ്ങിനിറഞ്ഞു.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്