നീതി ഇനിയുമകലെ
എം പ്രശാന്ത്
ദേശാഭിമാനി, Posted on: 26-Feb-2012 11:35 PM
ഗുജറാത്തില്‍ സംഘപരിവാര്‍ ആസൂത്രണംചെയ്ത ന്യൂനപക്ഷ വംശഹത്യ അരങ്ങേറി പത്തുവര്‍ഷം പിന്നിടുമ്പോഴും യഥാര്‍ഥ കൊലയാളികള്‍ നിയമത്തിന് പുറത്തുതന്നെ. മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പൂര്‍ണമായ അറിവോടെയും പിന്തുണയോടെയുമാണ് വംശഹത്യ അരങ്ങേറിയതെന്നതിന് അന്നത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം തെളിവുകളുമായി മുന്നോട്ടുവന്നിട്ടും നിയമനടപടികള്‍ ഇഴയുകയാണ്. സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം ഏറെ പ്രതീക്ഷകളുണര്‍ത്തിയെങ്കിലും രണ്ടാഴ്ചമുമ്പ് അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട് കോടതി മുമ്പാകെ അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും മോഡിയെ സംരക്ഷിക്കുന്നവിധത്തിലെന്നാണ് സൂചനകള്‍ . ഇത് ശരിയെങ്കില്‍ രാജ്യം കണ്ട ഏറ്റവും വലിയ നരനായാട്ടിന്റെ മുഖ്യആസൂത്രകന്‍ ഒരിക്കല്‍ക്കൂടി നിയമത്തിന്റെ കരങ്ങളില്‍നിന്ന് വഴുതിമാറും. 2002 ഫെബ്രുവരി 27-28 തീയതികളിലാണ് ഗുജറാത്തിലെ പല നഗരങ്ങളിലും ന്യൂനപക്ഷങ്ങള്‍ കൂട്ടത്തോടെ ആക്രമിക്കപ്പെട്ടത്. ഗുല്‍ബര്‍ഗ സൊസൈറ്റി, നരോദപാട്യ, ബെസ്റ്റ്ബേക്കറി തുടങ്ങി മനസ്സാക്ഷിയെ നടുക്കുന്ന കൂട്ടക്കൊലകളുടെ കാര്യത്തില്‍പ്പോലും തീര്‍ത്തും ദുര്‍ബലമായിരുന്നു സംസ്ഥാന പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഒരു കേസില്‍പ്പോലും പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകളോ തെളിവോ ഉണ്ടായില്ല. ഇരകള്‍ നല്‍കിയ മൊഴികളില്‍ കൃത്രിമം നടത്തി. ഇതോടൊപ്പം അധികാരത്തിന്റെയും പണത്തിന്റെയും പിന്‍ബലത്തില്‍ പല കേസുകളില്‍ സാക്ഷികളെ കൂറുമാറ്റുന്നതിലും സംഘപരിവാര്‍ വിജയിച്ചു. കേസെടുക്കലും വിചാരണയുമെല്ലാം പ്രതികളെ സഹായിക്കുന്നവിധത്തിലായിരുന്നു. ആയിരക്കണക്കിന് കേസുകള്‍ തെളിവില്ലാതെ അവസാനിപ്പിച്ചു. വംശഹത്യക്ക് നേതൃത്വം നല്‍കിയവരാരും നിയമത്തിനുമുന്നില്‍ എത്തില്ലെന്ന പ്രതീതി ഒരു ഘട്ടത്തില്‍ ശക്തമായിരുന്നു. ഇതോടൊപ്പം തുടര്‍ച്ചയായ രണ്ട് തെരഞ്ഞെടുപ്പില്‍ മോഡിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരത്തില്‍ എത്തുകകൂടി ചെയ്തതോടെ പ്രതിരോധശ്രമങ്ങള്‍ കൂടുതല്‍ ദുര്‍ബലമായി. പ്രതികൂല സാഹചര്യങ്ങളിലും ഏതാനും വ്യക്തികള്‍ നടത്തിയ ധീരമായ ശ്രമഫലങ്ങളാണ് ഇപ്പോഴും വംശഹത്യാകേസുകളെ നീതിപീഠങ്ങള്‍ മുമ്പാകെ നിലനിര്‍ത്തുന്നത്. ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊലയില്‍ ഇരയായ മുന്‍ കോണ്‍ഗ്രസ് എംപി എഹ്സാന്‍ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി, തീസ്ത സെത്തല്‍വാദ്, ജാവേദ് അക്തറും സെഡ്രിക്ക് പ്രകാശും മറ്റും ഉള്‍പ്പെട്ട സിറ്റിസണ്‍സ് ഫോര്‍ പീസ് എന്നീ വ്യക്തികളും സംഘടനകളുമാണ് ഇപ്പോഴും നിയമപോരാട്ടം തുടരുന്നത്. കാമിനി ജെയ്സ്വാള്‍പോലുള്ള അഭിഭാഷകരുടെ ആത്മാര്‍ഥമായ സമീപനവും കുറ്റക്കാര്‍ എപ്പോഴെങ്കിലും ശിക്ഷിക്കപ്പെടുമെന്ന പ്രതീക്ഷ നിലനിര്‍ത്തുന്നു. മോഡിക്കും സംഘപരിവാറിനും പലപ്പോഴും തിരിച്ചടിയായത് രാജ്യത്തെ പരമോന്നത കോടതി നടത്തിയ ഇടപെടലുകളാണ്. ജസ്റ്റിസ് അരിജിത് പസായത്, ജസ്റ്റിസ് എ കെ ഗാംഗുലി, ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയ എന്നിവര്‍ നേതൃത്വം നല്‍കിയ ബെഞ്ചുകള്‍ പലപ്പോഴും നിശിതമായ ഭാഷയില്‍തന്നെ മുഖ്യമന്ത്രി മോഡിയെയും ഗുജറാത്ത് സര്‍ക്കാരിനെയും വിമര്‍ശിച്ചു. അധികാരത്തിന്റെ പിന്‍ബലത്തില്‍ കേസുകള്‍ ഒന്നൊന്നായി അട്ടിമറിക്കുന്നതില്‍ രോഷംകൊണ്ട് "ഒന്നുകില്‍ രാഷ്ട്രീയനീതി പാലിക്കുക, അല്ലെങ്കില്‍ രാജിവച്ച് പുറത്തുപോവുക" എന്ന ജസ്റ്റിസ് വി എന്‍ ഘരെയുടെ പരാമര്‍ശം നരേന്ദ്രമോഡിക്കുമേല്‍ അശനിപാതംപോലെയാണ് പതിച്ചത്. ബെസ്റ്റ്ബേക്കറി, നരോദപാട്യ തുടങ്ങിയ പ്രദേശങ്ങളില്‍ ഒട്ടേറെ നിരപരാധികളെ ക്രൂരമായി ഉന്മൂലനംചെയ്ത കൂട്ടക്കൊല കേസുകളുടെ വിചാരണ ഗുജറാത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ ഉത്തരവിട്ടത് സുപ്രീംകോടതിയാണ്. സാക്ഷികള്‍ കൂറുമാറിയതിനെതുടര്‍ന്ന് ബെസ്റ്റ്ബേക്കറി കേസിലെ ഒമ്പത് പ്രതികളെയും കീഴ്കോടതി വെറുതെ വിട്ടിരുന്നു. തീസ്തയുടെയും മറ്റും സഹായത്തോടെ സഹീറ ഷെയ്ക്ക് എന്ന സാക്ഷി സുപ്രീംകോടതിയെ സമീപിക്കുകയും കേസിന്റെ വിചാരണ മഹാരാഷ്ട്രയിലേക്ക് മാറ്റാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. കേസ് സിബിഐ ഏറ്റെടുക്കാനും കോടതി നിര്‍ദേശിച്ചു. 2008 ജനുവരിയില്‍ ഈ കേസിലെ ഒമ്പത് പ്രതികളെ വിചാരണക്കോടതി ജീവപര്യന്തം ശിക്ഷിച്ചു. വിവാദമായ ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലും സമാനമായ വിധത്തില്‍ സുപ്രീംകോടതി ഇടപെട്ട് വിചാരണ മഹാരാഷ്ട്രയിലേക്ക് മാറ്റി. ഈ കേസില്‍ 11 പ്രതികള്‍ക്ക് ജീവപര്യന്തം ലഭിച്ചു. തെളിവില്ലെന്ന കാരണത്താല്‍ ഗുജറാത്ത് സര്‍ക്കാര്‍ അവസാനിപ്പിച്ച രണ്ടായിരത്തോളം കേസ് സുപ്രീംകോടതി ഇടപെട്ട് പുനരാരംഭിച്ചു. ഗുല്‍ബര്‍ഗ സൊസൈറ്റിയടക്കം ഒമ്പത് പ്രധാന കൂട്ടക്കൊലപാതക കേസുകള്‍ മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന് വിട്ടു. ചില കേസുകള്‍ സിബിഐയെ ഏല്‍പ്പിച്ചു. 2002 മുതല്‍ 2006 വരെ ഗുജറാത്തില്‍ അരങ്ങേറിയ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അന്വേഷിക്കുന്നതിന് സുപ്രീംകോടതി പ്രത്യേക സംവിധാനമൊരുക്കി. ഗുല്‍ബര്‍ഗ സൊസൈറ്റി കേസില്‍ സാക്കിയ ജാഫ്രി സമര്‍പ്പിച്ച പരാതിയാണ് ഏറ്റവും സജീവശ്രദ്ധയാകര്‍ഷിച്ച വംശഹത്യാ കേസുകളിലൊന്ന്. സാക്കിയയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ചോദ്യംചെയ്തു. സഞ്ജീവ് ഭട്ട് എന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ മോഡിക്കെതിരെ എസ്ഐടിക്ക് മൊഴി നല്‍കി. ഇതൊക്കെയാണെങ്കിലും എസ്ഐടിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും നിരവധി പരാതി ഉയര്‍ന്നു. തുടര്‍ന്ന് സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രനെ അമിക്കസ്ക്യൂറിയായി നിയമിക്കുകയും എസ്ഐടി പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. രാജു രാമചന്ദ്രനും എസ്ഐടിയും സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മോഡിക്കെതിരെ തെളിവുണ്ടെന്ന് വ്യക്തമാക്കുന്നതാണ് രാജു രാമചന്ദ്രന്റെ റിപ്പോര്‍ട്ട്. ഫെബ്രുവരി 27ന് വൈകിട്ട് സ്വന്തം ബംഗ്ലാവില്‍ മോഡി മുതിര്‍ന്ന സര്‍ക്കാര്‍ - പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും ഹിന്ദുക്കളുടെ രോഷപ്രകടനത്തെ അടിച്ചമര്‍ത്തേണ്ടതില്ലെന്ന് നിര്‍ദേശിക്കുകയും ചെയ്തുവെന്ന് സഞ്ജീവ് ഭട്ടിന്റെയും മറ്റും മൊഴിയെ അടിസ്ഥാനമാക്കി രാജു രാമചന്ദ്രന്റെ റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. എന്നാല്‍ , എസ്ഐടി റിപ്പോര്‍ട്ട് വ്യത്യസ്തമാണ്. സഞ്ജീവ് ഭട്ടിന്റെ മൊഴി തെളിവായി എടുക്കാന്‍ എസ്ഐടി തയ്യാറായിട്ടില്ല. മോഡി ബോധപൂര്‍വം ന്യൂനപക്ഷവേട്ടയ്ക്ക് നേതൃത്വം നല്‍കിയെന്ന് കരുതാനാകില്ലെന്നാണ് എസ്ഐടി റിപ്പോര്‍ട്ട്. രണ്ടു റിപ്പോര്‍ട്ടും ഇപ്പോള്‍ അഹമ്മദാബാദ് മജിസ്ട്രേട്ട് കോടതിയുടെ മുമ്പാകെയാണ്. കോടതി എന്തു നിലപാട് സ്വീകരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട പ്രധാന കേസിന്റെ ഭാവി. എസ്ഐടി നിലപാടിനെതിരെ മുന്‍ ഗുജറാത്ത് ഡിജിപി ആര്‍ ശ്രീകുമാറും മറ്റും ശക്തമായി രംഗത്തുവന്നിട്ടുണ്ട്. തന്റെ മൊഴിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും എസ്ഐടി അതിന് തയ്യാറായില്ലെന്നും അവര്‍ മോഡിയെ സഹായിക്കുകയാണെന്നും ശ്രീകുമാര്‍ കുറ്റപ്പെടുത്തുന്നു.
No comments:
Post a Comment