മാധ്യമം ദിപ്പത്രത്തിന്റെ ഇന്നത്തെ എഡിറ്റോറിയൽ
എല്ലാം ഒരു മുടിയെച്ചൊല്ലി
മഹാനായ പ്രവാചകന്റേത് എന്ന് അവകാശപ്പെടുന്ന കേശത്തെച്ചൊല്ലി മലബാറില്‍ ഏതാനും മാസങ്ങളായി തുടരുന്ന വിവാദത്തില്‍ സി.പി.എം സെക്രട്ടറി പിണറായി വിജയന്‍കൂടി ബോധപൂര്‍വമോ അല്ലാതെയോ കക്ഷിചേര്‍ന്നതോടെ അത് പുതിയ മാനം കൈവരിച്ചിരിക്കുന്നു. സി.പി.എം 20ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട 'വാഗ്ഭടാനന്ദ ഗുരുവും കേരളീയ നവോത്ഥാനവും' എന്ന സെമിനാറില്‍ പ്രസംഗിക്കെ, മതമേധാവികള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതായി കുറ്റപ്പെടുത്തിയ പിണറായി അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചുവരുകയാണെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി. അക്കൂട്ടത്തില്‍ 'മുടി കത്തുമെന്നും ഇല്ലെന്നുമുള്ള തര്‍ക്കമാണിപ്പോള്‍ നടക്കുന്നത്; ഏത് മുടിയും കത്തുമെന്ന കാര്യത്തില്‍ സംശയമില്ല' എന്നൊരു പരാമര്‍ശം നടത്തിയതാണ് രൂക്ഷമായ പ്രതികരണം ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. തിരുകേശത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ പിണറായി വിജയന് അധികാരമില്ലെന്ന് പ്രതികരിച്ച അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമാ മേധാവി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍, രാഷ്ട്രീയക്കാര്‍ മതത്തിന്റെ കാര്യത്തില്‍ ഇടപെടേണ്ടെന്നും അത് വര്‍ഗീയതയും ഛിദ്രതയുമുണ്ടാക്കുമെന്നും മുന്നറിയിപ്പ് നല്‍കി. പ്രവാചകനെ അനുസരിക്കാനല്ലാതെ തന്റെ ശാരീരികമാലിന്യങ്ങള്‍ സൂക്ഷിക്കാനല്ല അദ്ദേഹം ആവശ്യപ്പെട്ടതെന്ന് മറുപടി നല്‍കിയ പിണറായി വിജയന്‍ ആരെങ്കിലും അത് സൂക്ഷിക്കുന്നതില്‍ തനിക്കെതിര്‍പ്പില്ലെന്നും വ്യക്തമാക്കി. വിവാദം മറ്റു സംഘടനകളും വ്യക്തികളും ഏറ്റുപിടിച്ചതോടെ കേശം ഇഷ്യൂ ഒരിക്കല്‍കൂടി രംഗം കൊഴുപ്പിക്കുകയാണ്.
രാജ്യത്താകെയും ഓരോ സമുദായത്തിലും വിഭാഗത്തിലും ചര്‍ച്ചക്കും സംവാദങ്ങള്‍ക്കും വിഷയീഭവിക്കേണ്ട ഒട്ടേറെ ജീവല്‍പ്രശ്നങ്ങള്‍ക്ക് നടുവിലാണിപ്പോള്‍ അത്യന്തം ബാലിശമായ കേശക്കാര്യം ആനക്കാര്യമായി ഉയര്‍ന്നിരിക്കുന്നത് എന്നത് കേരളീയ സമൂഹത്തിന്റെ ബോധമണ്ഡലത്തെതന്നെ പരിഹസിക്കുന്നതാണ്. മുസ്ലിം സമൂഹത്തെ മാത്രമായെടുത്താലും ലോകത്ത് 130 കോടിയോളം വരുന്ന ഈ സമുദായം സാമ്രാജ്യത്വത്തിന്റെയും സയണിസത്തിന്റെയും ഫാഷിസത്തിന്റെയും യോജിച്ച ആക്രമണങ്ങള്‍ക്കുമുന്നില്‍ പതറി, സംയോജിതവും ശക്തവുമായ പ്രതിരോധംപോലും സാധ്യമാവാതെ പകച്ചുനില്‍ക്കുന്നു. ഇന്ത്യയില്‍ മാത്രമെടുത്താല്‍ ദാരിദ്യ്രവും നിരക്ഷരതയും തൊഴിലില്ലായ്മയും രോഗങ്ങളും ഇത്ര അളവില്‍ വേട്ടയാടുന്ന സാംസ്കാരിക വിഭാഗങ്ങള്‍ വേറെയില്ലെന്നാണ് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി അതിന്റെ റിപ്പോര്‍ട്ടില്‍ അടയാളപ്പെടുത്തിയത്. ഏകശിലാമുഖമായ സാംസ്കാരികാധിനിവേശത്തിന്റെ വക്താക്കള്‍ രാജ്യത്തിലെ ഏറ്റവും വലിയ ഈ മതന്യൂനപക്ഷത്തിന്റെ ഭരണഘടനാദത്തമായ അവകാശങ്ങള്‍ക്കുനേരെ ഉയര്‍ത്തുന്ന നാനാവിധ വെല്ലുവിളികള്‍ പുറമെയും. ദേശക്കൂറ് നിരന്തരം ചോദ്യം ചെയ്യപ്പെട്ടും തീവ്രവാദ-ഭീകരതാമുദ്രകള്‍ ചാര്‍ത്തപ്പെട്ടും അരക്ഷിതബോധത്തില്‍ കഴിയേണ്ട അവസ്ഥയുമുണ്ട് മുസ്ലിം യുവാക്കള്‍ക്ക്. ഇതുപോലുള്ള മൗലികപ്രശ്നങ്ങള്‍ രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെയും മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ പരിഹരിക്കാന്‍ ഭിന്നതകള്‍ക്കതീതമായി ഒന്നിക്കേണ്ട സമുദായത്തിലെ നേതാക്കളും പണ്ഡിതരും ഇപ്പോഴും മൂഢവിശ്വാസാചാരങ്ങളില്‍ അവരെ തളച്ചിടാനും വിലയേറിയ സമയവും അധ്വാനവും സമ്പത്തും അതിനായി ദുര്‍വിനിയോഗം ചെയ്യാനുമാണ് മാത്സര്യബുദ്ധിയോടെ രംഗത്തിറങ്ങിയിരിക്കുന്നത് എന്ന തിക്ത യാഥാര്‍ഥ്യം വേദനാജനകവും ലജ്ജാകരവുമാണ്.
പരിശുദ്ധ പ്രവാചകന്റെ തലമുടി ആരെങ്കിലും സൂക്ഷിച്ചിരിക്കാം, ഇല്ലായിരിക്കാം. സൂക്ഷിച്ചവര്‍തന്നെ അത് തലമുറകള്‍ക്ക് കൈമാറിയിരിക്കാം, ഇല്ലായിരിക്കാം. എന്തായാലും പതിനാല് നൂറ്റാണ്ട് കാലത്ത് ഒരിക്കലെങ്കിലും എവിടെയെങ്കിലും അതിന്റെ പേരില്‍ ഇവ്വിധം ഒരു വിവാദവും വെല്ലുവിളിയും രംഗം കൊഴുപ്പിച്ചതായി കേട്ടുകേള്‍വിയില്ല. സാങ്കല്‍പികമോ യഥാര്‍ഥമോ ആയ പ്രവാചകകേശത്തിന്റെ സംഭരണത്തിനും പ്രദര്‍ശനത്തിനുമായി ആരാധനാലയം പണിത സംഭവവും ചരിത്രത്തിന് അപരിചിതമാണ്. നിര്‍ദിഷ്ട ആരാധനാലയത്തിന് 40 കോടി മുടക്കുന്നതാകട്ടെ, ലാളിത്യത്തിന്റെയും മിതവ്യയത്തിന്റെയും അനാര്‍ഭാടത്തിന്റെയും മുഖമുദ്രയായ മഹാപ്രവാചകനെ അപമാനിക്കുന്നതിന് തുല്യവും. സഹികെട്ട്, ഈ വൈരുധ്യവും അനൗചിത്യവും ആരെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ അവരുടെനേരെയായി വികാരാവേശിതരായ കുഞ്ഞാടുകളുടെ കടന്നാക്രമണം.
നമ്മുടേത് ജനാധിപത്യ സാമൂഹിക ക്രമമാണെന്ന് ഓര്‍മിപ്പിക്കേണ്ടതില്ല. ജനാധിപത്യത്തില്‍ ആര്‍ക്കും എന്തിനെക്കുറിച്ചും അഭിപ്രായം പറയാം. പ്രകോപനത്തിനും സമാധാനഭഞ്ജനത്തിനും വഴിവെക്കരുതെന്നേയുള്ളൂ. സമാധാനപൂര്‍ണമായ ആശയസംവാദമാണ് ജനാധിപത്യത്തില്‍ അംഗീകൃതരീതി. 1986ല്‍ മാര്‍ക്സിസ്റ്റ് താത്ത്വികനായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാട് മതത്തിന്റെ അവിഭാജ്യഘടകമായ ശരീഅത്തിനെ വിമര്‍ശവിധേയമാക്കി. മുസ്ലിം കേരളം ഒറ്റക്കെട്ടായി അതിനെ ആശയപരമായും സമാധാനപരമായും നേരിട്ടു. ഒടുവില്‍ താന്‍ ശരീഅത്ത് പഠിച്ചിട്ടില്ലെന്ന് സമ്മതിച്ച് നമ്പൂതിരിപ്പാടുതന്നെ വിവാദത്തിന് വിരാമമിടുകയും ചെയ്തു. ഇക്കാര്യത്തില്‍ ഇ.എം.എസോ മറ്റുള്ളവരോ അഭിപ്രായം പറയേണ്ടെന്നും അവര്‍ക്കതിന് അധികാരമില്ലെന്നും മാത്രം ആരും പറഞ്ഞില്ല. അനാവശ്യവും അപ്രസക്തവുമായ കേശക്കാര്യം സമൂഹമധ്യേ വലിച്ചിഴക്കുകയും വന്‍ വിവാദവിഷയമാക്കുകയും ചെയ്ത ശേഷം, അതേപ്പറ്റി സി.പി.എം സെക്രട്ടറി പിണറായി വിജയനോ മറ്റു രാഷ്ട്രീയക്കാരോ അഭിപ്രായം പറയരുതെന്ന് ശാഠ്യം പിടിച്ചിട്ടെന്തുകാര്യം? മുടി ആരുടേതായാലും കത്തുമെന്ന് പിണറായി പറഞ്ഞപ്പോള്‍ അങ്ങനെയല്ലെന്ന് തെളിയിക്കേണ്ടത് വാക്കിലൂടെയല്ല, പ്രവൃത്തിയിലൂടെയാണെന്ന് ഏതു മന്ദബുദ്ധിക്കും മനസ്സിലാവേണ്ടതാണ്. ഏതായാലും എല്ലാ മതങ്ങളും രോമ മതങ്ങളാണെന്ന് പറയാന്‍ വൈക്കം മുഹമ്മദ് ബഷീറിനെ പ്രേരിപ്പിച്ചത് ഇത്തരം ബാലിശങ്ങളായ വികാരപ്രകടനങ്ങളാവുമോ?
No comments:
Post a Comment