വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Monday, February 27, 2012

മാർക്സിസത്തിന്റെ ഇന്ത്യൻ പാത

മാർക്സിസത്തിന്റെ ഇന്ത്യൻ പാത

എം.പി.സുകുമാരൻ
മലയാള മനോരമ, ഫെബ്രുവരി 25:

ഇന്ത്യയുടെ ആത്മാവിനെ മാര്‍ക്സിയന്‍ ദര്‍ശനത്തിലൂടെ കണ്ടെത്താന്‍ ശ്രമിച്ച പ്രതിഭ കെ. ദാമോദരന്റെ ജന്മശതാബ്ദി ഇന്ന് (ഫെബ്രുവരി 25 )

ജീവിതവിശുദ്ധിയും ലളിതജീവിതവും കൂടപ്പിറപ്പായ രാഷ്ട്രീയക്കാരന്‍, പാട്ടബാക്കിയുടെ രചയിതാവ്, ഇന്ത്യയുടെ ആത്മാവിനെ മാര്‍ക്സിയന്‍ ദര്‍ശനത്തിലൂടെ കണ്ടെത്താന്‍ ശ്രമിച്ച പ്രതിഭ... ചരിത്രത്തില്‍ കെ. ദാമോദരനുള്ള വിശേഷണങ്ങള്‍ പലതാണ്. പക്ഷേ, അതൊന്നുമായിരുന്നില്ല ഉഷയ്ക്ക് അച്ഛന്‍. വെളുത്ത് അയഞ്ഞ ഷര്‍ട്ടിന്റെ വലിയ കീശകളില്‍ ഒന്നില്‍ നിറയെ പേനകളും മറ്റേതില്‍ സിഗരറ്റുകളും കുറിപ്പുകളുമായുള്ള വരവ്. പിന്നെ പുസ്തക കൂമ്പാരങ്ങള്‍ക്കിടയില്‍ ഇരുന്ന് തുരുതുരാ ഏഴുതുകയും മാറ്റിയെഴുതുകയും ചെയ്യുന്ന രൂപം.

'ഒരിക്കലും ദേഷ്യപ്പെടാത്ത, സൌമ്യനും ശാന്തനുമായ അച്ഛന്‍. ഒരു കാര്യത്തിലും മക്കളെ ശാസിച്ചില്ല, ശിക്ഷിച്ചിട്ടില്ല. പകരം ഒരോന്നിന്റെയും വരുംവരായ്കകള്‍ പറഞ്ഞുതന്നു. പുസ്തകമെഴുത്ത്, പ്രസംഗം, രാഷ്ടീയ പ്രവര്‍ത്തനം, ലഘുലേഖ തയാറാക്കല്‍, പഠനം - എപ്പോഴും തിരക്കായിരുന്നു അച്ഛനെന്ന് ഉഷ ഒാര്‍ക്കുന്നു. 'അച്ഛന്റെ രാഷ്ട്രീയത്തിലും ചിന്തയിലും ചര്‍ച്ചയിലും വീട്ടില്‍ അമ്മയായിരുന്നു സജീവ പങ്കാളി. മുക്കിനും മൂലയ്ക്കും അടുക്കളയില്‍ വരെ അച്ഛന്റെ പുസ്തകങ്ങളായിരുന്നു. സഹപ്രവര്‍ത്തകരും നേതാക്കളുമായി ചിലപ്പോള്‍ വീടുനിറയെ ആളുകളുണ്ടാവും.

പാലക്കാട്ടെ വസതിയില്‍ ഉഷയ്ക്കും ഭര്‍ത്താവ് കൃഷ്ണദാസിനുമൊപ്പമാണു പത്മം ദാമോദരന്‍ താമസിക്കുന്നത്. ഒാര്‍മകള്‍ക്ക് അടുക്കും ചിട്ടയും തെറ്റിയെങ്കിലും 'പാട്ടബാക്കിയെക്കുറിച്ചും 'ഇന്ത്യയുടെ ആത്മാവി'നെക്കുറിച്ചും പത്മം ആവര്‍ത്തിച്ചു പറയും. കെ. ദാമോദരന്റെ ഇന്ത്യന്‍ തോട്ട് എന്നതടക്കമുള്ള പല പുസ്തകങ്ങളും മലയാളത്തിലേക്കും മറിച്ചും തര്‍ജമ ചെയ്തതു ഭാര്യ പത്മമാണ്.
1912 ഫെബ്രുവരി 25നു ജനിച്ച ദാമോദരന്‍ ജന്മംകൊണ്ടു പൊന്നാനിക്കാരനാണെങ്കിലും കര്‍മംകൊണ്ടു കോഴിക്കോട്ടുകാരനാണ്.

വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ ഗാന്ധിജിയുടെ 'ഏക് ഹീ രാസ്ത' എന്നത് ഒറ്റവഴി എന്ന പേരില്‍ മലയാളത്തില്‍ പ്രചരിപ്പിച്ചതിനു രണ്ടുവര്‍ഷം ജയിലിലായി. ശിക്ഷകഴിഞ്ഞു പഠനം തുടരാന്‍ ശ്രമിച്ചെങ്കിലും സാമൂതിരി കോളജില്‍ പ്രവേശനം നിഷേധിച്ചു. നേരെ ബനാറസിലെ കാശി വിശ്വവിദ്യാലയത്തില്‍ ശാസ്ത്രി പരീക്ഷയ്ക്കു ചേര്‍ന്നു. സീനിയര്‍ വിദ്യാര്‍ഥിയായ ഒാങ്കാര്‍നാഥ ശാസ്ത്രിയിലൂടെയാണു കമ്യൂണിസത്തെക്കുറിച്ചു വിസ്തരിച്ചു കേട്ടത്. ധനശാസ്ത്രത്തിലും രാഷ്ട്രീയ മീമാംസയിലും ഉപരിപഠനം പൂര്‍ത്തിയാക്കിയായിരുന്നു മടക്കം. നാട്ടിnലെത്തി കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ഏറ്റവും പ്രായംകുറഞ്ഞ എഐസിസി അംഗമായി. ഇഎംഎസിനെ പോലെ കെപിസിസി സെക്രട്ടറിയായി പ്രവര്‍ത്തിച്ചശേഷമാണു കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എത്തിയത്. പ്രമുഖ സ്വാതന്ത്യ്രസമര പോരാളി മുഹമ്മദ് അബ്ദുല്‍ റഹിമാന്‍ സാഹിബിന്റെ സന്തതസഹചാരിയായിരുന്നു.

കെപിസിസി ആസ്ഥാനം കോഴിക്കോട്ട് ആയിരുന്നപ്പോള്‍ പാര്‍ട്ടിയിലെ ഇടതന്മാരെ നയിക്കാന്‍ മുന്നില്‍ നിന്നു. അബ്ദുറഹിമാന്‍ സാഹിബ് കെപിസിസി പ്രസിഡന്റായിരിക്കേ ഇഎംഎസ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. പകരംവന്നതു ദാമോദരനായിരുന്നു. പൂണെ എഐസിസി സമ്മേളനത്തില്‍ ഇടതുചേരിക്കായി അദ്ദേഹം അവതരിപ്പിച്ച യുദ്ധവിരുദ്ധ പ്രമേയം കോളിളക്കം സൃഷ്ടിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിലെത്തിയശേഷം 1938ല്‍ തിരുവനന്തപുരത്തു രാജ്യഭരണത്തിനെതിരെ നടത്തിയ പ്രസംഗവും അറസ്റ്റില്‍ കലാശിച്ചു.

പിന്നീടു തിരുവിതാംകൂറിലെ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രക്ഷോഭത്തില്‍ പങ്കെടുത്ത് അറസ്റ്റിലായി. ജയില്‍ വിമുക്തനായശേഷം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോഴിക്കോട് താലൂക്ക് സെക്രട്ടറിയായി. പിന്നീടു മലബാറിന്റെ സെക്രട്ടറി സ്ഥാനത്തെത്തി. നവയുഗത്തിന്റെ പത്രാധിപരായി തൃശൂര്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യ പ്രവര്‍ത്തനം. 1940-52 കാലത്തു 10 വര്‍ഷമാണു ജയിലില്‍ കഴിഞ്ഞത്. ഇഎംഎസുമായി ചേര്‍ന്നു തയാറാക്കിയ ഒരെണ്ണമടക്കം നാല്‍പതോളം പുസ്തകങ്ങള്‍ എഴുതിയതില്‍ പാട്ടബാക്കിയും രക്തപാനവും നാടകമാണ്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ മലയാളത്തിലേക്കു തര്‍ജമ ചെയ്തു. കണ്ണൂനീര്‍ എന്ന ചെറുകഥാസമാഹാരവുമുണ്ട്. പൊന്നാനിയിലെ കര്‍ഷകവേദിയിലാണു പാട്ടബാക്കി ആദ്യം അവതരിപ്പിച്ചത്. എകെജി, ഇ.പി. ഗോപാലന്‍, പ്രേമ്ജി എന്നിവരായിരുന്നു അഭിനേതാക്കള്‍.

ദാമോദരന്റെ 'എനിക്ക് ഈശ്വരനില്ല, യേശുക്രിസ്തു മോസ്കോവില്‍ എന്നീ ലഘുലേഖകളും രാഷ്ട്രീയ വിവാദമായി. ഏതാണ്ട് ഇതേ കാലത്താണു സാഹിത്യവിഷയത്തില്‍ ജോസഫ് മുണ്ടശേരിയും പ്രത്യയശാസ്ത്രത്തില്‍ ഇഎംഎസുമായി ഏറ്റുമുട്ടിയത്. എംപി ആയ ശേഷമാണു ജെഎന്‍യു ബന്ധം ആരംഭിച്ചത്. 1956ല്‍ പാലക്കാട്ടു നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പി.സി. ജോഷി, സി. രാജേശ്വര റാവു, ഭവാനി സെന്‍ എന്നിവരുമൊന്നിച്ചു ദേശീയ മുന്നണിക്കുള്ള നീക്കം സംഘടനയിലെ വിമതനാക്കി. എകെജി, ദാമോദരനെതിരെ നടപടി ആവശ്യപ്പെട്ടതു വലിയ സംഭവമായിരുന്നു.

റഷ്യന്‍ വിപ്ളവത്തിനും രണ്ടു പതിറ്റാണ്ട് മുന്‍പു ശൂദ്രരുടെ ഭരണം വരുമെന്നു പ്രഖ്യാപിക്കുകയും സമതാവാദം പ്രചരിപ്പിക്കുകയും ചെയ്ത സ്വാമി വിവേകാനന്ദനെ കണ്ടുപഠിക്കാനുള്ള ആഹ്വാനം പാര്‍ട്ടിക്കു സഹിക്കാവുന്നതിലധികമായി. പിളര്‍പ്പിനുശേഷം മരണംവരെ സിപിഐക്കാരനായിരുന്നെങ്കിലും അവസാന കാലം സംഘടനയുമായി മാനസികമായി അകന്നു.

തളരാത്ത പോരാട്ടവീര്യവുമായി

തളരാത്ത പോരാട്ടവീര്യവുമായി

സി അജിത്
ദേശാഭിമാനി, Posted on: 26-Feb-2012 11:34 PM

ഗുജറാത്ത് മുന്‍ പൊലീസ് മേധാവി ആര്‍ ബി ശ്രീകുമാര്‍ , ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ട്, പൗരാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാഡ്, നര്‍ത്തകിയും സാമൂഹ്യപ്രവര്‍ത്തകയുമായ മല്ലിക സാരാഭായ്... രാജ്യം കണ്ട ഏറ്റവും പൈശാചികമായ വംശഹത്യക്ക് നേതൃത്വം കൊടുത്ത നരേന്ദ്രമോഡിയെയും സംഘപരിവാറിനെയും തുറന്നുകാട്ടാന്‍ ധീരമായി പോരാടിയവര്‍ . ന്യൂനപക്ഷങ്ങളെ കൂട്ടത്തോടെ ഉന്മൂലനംചെയ്യാനുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരാനുള്ള പ്രയത്നത്തിനിടെ ഇവര്‍ക്ക് ഏറ്റുവാങ്ങേണ്ടിവന്നത് തുടര്‍ച്ചയായ പീഡനങ്ങള്‍ . മോഡി സര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ വകവയ്ക്കാതെ ഇവര്‍ പോരാട്ടം തുടരുകയാണ്. തിരുവനന്തപുരം സ്വദേശിയായ ആര്‍ ബി ശ്രീകുമാര്‍ 1972ലാണ് ഗുജറാത്ത് പൊലീസില്‍ ചേരുന്നത്. 2002ല്‍ ഗുജറാത്ത് വംശഹത്യ നടക്കുമ്പോള്‍ എഡിജിപിയായിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവന്‍കൂടിയായിരുന്ന ഇദ്ദേഹത്തിന്റെ പിന്നീടുള്ള വെളിപ്പെടുത്തലുകളാണ് വംശഹത്യയുടെ കാലത്ത് മോഡി പൊലീസിനെ എത്രമാത്രം നിഷ്ക്രിയമാക്കിയെന്ന് പുറംലോകത്തെ അറിയിച്ചത്. 2004ല്‍ നാനാവതി കമീഷന്‍മുമ്പാകെ ശ്രീകുമാര്‍ നല്‍കിയ മൊഴി മോഡിസര്‍ക്കാരിനെ പിടിച്ചുകുലുക്കി. ഇതിന്റെ പ്രതികാരം മോഡിസര്‍ക്കാര്‍ തീര്‍ത്തത് ശ്രീകുമാറിന് അര്‍ഹമായ സ്ഥാനക്കയറ്റം റദ്ദാക്കിയാണ്. 1987ല്‍ കച്ച് എസ്പി ആയിരുന്ന കാലത്തെ ഒരു സംഭവം കുത്തിപ്പൊക്കി കള്ളക്കേസ് ചമച്ചാണ് സ്ഥാനക്കയറ്റം തടഞ്ഞത്. പിന്നീട് സെന്‍ട്രല്‍ അഡ്മിനിസ്ട്രേഷന്‍ ട്രിബ്യൂണ്‍ ശ്രീകുമാറിനെ കുറ്റവിമുക്തനാക്കി. 2007ലാണ് ശ്രീകുമാര്‍ സര്‍വീസില്‍നിന്ന് വിരമിച്ചത്. പിന്നീട് നീണ്ട നിയമയുദ്ധത്തിനുശേഷം 2008ല്‍ മുന്‍കാല പ്രാബല്യത്തോടെ ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചു. മോഡിസര്‍ക്കാരിന്റെ നെറികേടുകള്‍ക്കെതിരെ ഇപ്പോഴും പോരാട്ടം തുടരുകയാണ് ഇദ്ദേഹം. ഗുജറാത്ത് വംശഹത്യക്ക് മുഖ്യമന്ത്രി നരേന്ദ്രമോഡി നിര്‍ദേശം നല്‍കിയെന്ന് വെളിപ്പെടുത്തിയതിനാണ് ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് സര്‍വീസില്‍നിന്ന് സസ്പെന്‍ഷനും പിന്നീട് ജയില്‍വാസവും നല്‍കിയത്. ഒരു കോണ്‍സ്റ്റബിളിനെ ഭീഷണിപ്പെടുത്തിയെന്ന കാരണം പറഞ്ഞായിരുന്നു ഭട്ടിനെ ഗുജറാത്ത് പൊലീസ് അറസ്റ്റ്ചെയ്തത്. മുംബൈയില്‍ ജനിച്ച് ഗുജറാത്തില്‍ പഠിച്ച് അവിടത്തെ കേഡറില്‍ ഐപിഎസുകാരനായ ഭട്ട് വംശഹത്യ നടക്കുമ്പോള്‍ ഇന്റലിജന്‍സ് ഡെപ്യൂട്ടി കമീഷണറായിരുന്നു. മോഡിക്കെതിരായ ശക്തമായ തെളിവുകള്‍ കൈവശമുണ്ടായിരുന്ന ഭട്ട് ഇവ സുപ്രീംകോടതി മുമ്പാകെ വെളിപ്പെടുത്തി. വംശഹത്യ നടക്കുന്ന സമയത്ത് പ്രതികാരത്തിന് ഇറങ്ങിയ സംഘപരിവാറുകാരെ തടയരുതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മോഡി നിര്‍ദേശിച്ചിരുന്നുവെന്ന് അന്നത്തെ യോഗത്തില്‍ പങ്കെടുത്ത സഞ്ജീവ് ഭട്ട് സുപ്രീംകോടതിയെ അറിയിച്ചു. വംര്‍ഗീയ സംഘര്‍ഷത്തിനു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയുള്ള തന്റെ ഫാക്സ് സന്ദേശവും മോഡി അവഗണിച്ചതായി ഭട്ട് മൊഴി നല്‍കി. ഇതോടെ പ്രതിക്കൂട്ടിലായ മോഡി, ഭട്ടിനോട് പ്രതികാരം ചെയ്യുകയായിരുന്നു. സത്യവാങ്മൂലം നല്‍കി രണ്ടാം ദിവസം ഭട്ടിനെ പൊലീസ് അറസ്റ്റ്ചെയ്തു. പിന്നീട് 18 ദിവസം തടവറയില്‍ കഴിയേണ്ടിവന്നു. ജയിലിന്റെ പൊലീസിന്റെ കടുത്ത പീഡനങ്ങള്‍ക്ക് ഇരയായി. വ്യാജകേസുകള്‍ ചമച്ചും മറ്റും മോഡി സര്‍ക്കാര്‍ ഇപ്പോഴും ഭട്ടിനെതിരെ പ്രതികാര നടപടി തുടരുകയാണ്. ഗുജറാത്ത് വംശഹത്യയിലെ ഇരകളായവര്‍ക്ക് ധൈര്യവും ഊര്‍ജവും പകരുകയായിരുന്നു പൗരാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാഡ്. എല്ലാം നഷ്ടപ്പെട്ട് ചകിതരായി കഴിയുകയായിരുന്നവരെ സാധാരണജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയും നിയമനടപടിയായി മുന്നോട്ടുപോകാന്‍ കരുത്തുനല്‍കുകയും ചെയ്തത് ടീസ്റ്റയാണ്. വംശഹത്യയുടെ ഭാഗമായിരുന്ന ബെസ്റ്റ് ബേക്കറി കേസിലെ മുഖ്യസാക്ഷി സഹീറ ഷെയ്ഖ് മൊഴിനല്‍കിയത് ടീസ്റ്റയുടെ ഇടപെടലിനെത്തുടര്‍ന്നാണ്. പക്ഷേ, പിന്നീട് ഇവര്‍ മൊഴിമാറ്റി. ഇതിനു പിന്നില്‍ മോഡി സര്‍ക്കാരിന്റെ ഇടപെടലാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. മോഡിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഇടപെടലുകള്‍ നടത്തിയ തീസ്തയ്ക്ക് ഗുജറാത്തില്‍ കായികപരായ ആക്രമണങ്ങള്‍ പലതവണ നേരിടേണ്ടിവന്നു. ഗുജറാത്ത് സര്‍ക്കാര്‍ നിരവധി കള്ളക്കേസുകള്‍ ഇവര്‍ക്കെതിരെ ചുമത്തി. ഗുജറാത്തില്‍ വംശഹത്യക്ക് ഇരയായവരുടെ മറവുചെയ്ത ശരീരങ്ങള്‍ നിയമവിരുദ്ധമായി പുറത്തെടുത്തെന്ന് ആരോപിച്ച് ഇവര്‍ക്കെതിരെ എടുത്ത കേസ് വ്യാജമാണെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടു. വംശഹത്യാ കേസുകളുമായി ശക്തമായി മുന്നോട്ടുപോയ ടീസ്തയെ വേട്ടയാടാന്‍ സര്‍ക്കാര്‍ കെട്ടിച്ചമച്ച കേസാണിതെന്ന് ജസ്റ്റിസുമാരായ അഫ്താബ് അലം, രഞ്ജന പ്രകാശ് ദേശായി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. വംശഹത്യയുമായി ബന്ധപ്പെട്ട് ടീസ്തയ്ക്കെതിരെ ഗുജറാത്തില്‍ മറ്റു നിരവധി കേസ് നിലവിലുണ്ട്. ഗുജറാത്ത് വംശഹത്യയില്‍ ഇരയായവരെ സംഘടിപ്പിക്കുന്നതിലും മോഡി സര്‍ക്കാരിനെതിരെ പ്രചാരണം നടത്തുന്നതിലും മുന്‍നിരയില്‍ പ്രവര്‍ത്തിച്ചയാളാണ് മല്ലിക സാരാഭായി. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ സദ്ഭാവനാ ഉപവാസത്തിനെതിരെ ഇവര്‍ മാര്‍ച്ച് നടത്തിയ ഇവരെ പൊലീസ് അറസ്റ്റു ചെയ്തു. 2002ലെ ഗുജറാത്ത് വംശഹത്യയ്ക്കിടെ 90 പേര്‍ കൊല്ലപ്പെട്ട നരോദ പാട്യയില്‍നിന്നുള്ള 25 പേരെയും കൂട്ടിയാണ് മല്ലിക പ്രകടനം നടത്തിയത്. അര്‍ഹമായ നഷ്ടപരിഹാരം ഇവര്‍ക്ക് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. വംശഹത്യയ്ക്കുശേഷം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരാജയപ്പെടുത്താന്‍ മോഡി തന്റെ അഭിഭാഷകര്‍ക്ക് കൈക്കൂലി വാഗ്ദാനംചെയ്തുവെന്ന് മല്ലിക വെളിപ്പെടുത്തിയത് ഏറെ കോളിളക്കം സൃഷ്ടിച്ചു.

"അവിടെ ഭയമാണ് ഭരിക്കുന്നത് "


"അവിടെ ഭയമാണ് ഭരിക്കുന്നത് "

എന്‍ എസ് സജിത്
ദേശാഭിമാനി, Posted on: 26-Feb-2012 11:34 PM

ആ രണ്ടു യാത്രകള്‍ തമ്മിലുള്ള അകലം കേവലം ഒരു വര്‍ഷം പോലുമില്ലായിരുന്നു. ആദ്യയാത്രയുടെ ഓര്‍മകള്‍ അത്രയേറെ ഭയപ്പെടുത്തുന്നതായതുകൊണ്ടുതന്നെ രണ്ടാംയാത്രയില്‍ ഭീതിയുടെ തീവ്രത അല്‍പ്പമെങ്കിലും കുറയുമെന്ന പ്രതീക്ഷ തെറ്റി. 2002 മാര്‍ച്ചില്‍ കണ്ടത് വാള്‍മുനയില്‍ നിന്നുയരുന്ന ആക്രോശങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള അഹമ്മദാബാദുകാരുടെ വെമ്പലായിരുന്നു. വംശഹത്യയുടെ തിരത്തള്ളലുകള്‍ക്കുശേഷം ഭയത്തിന് അല്‍പ്പം ശമനമുണ്ടാവുമെന്ന അവരുടെ മോഹം പൂര്‍ണമായും അസ്ഥാനത്തായിരുന്നവെന്ന് പിറ്റേവര്‍ഷം തെരഞ്ഞെടുപ്പ് കാലത്ത് ബോധ്യമായി. ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസിന്റെ ബോഗികള്‍ക്ക് തീപിടിച്ചുണ്ടായ ദുരന്തം മറയാക്കി മുസ്ലിങ്ങള്‍ക്കെതിരെ നടത്തിയ അതിക്രമം നാലുദിവസംകൊണ്ട് അടിച്ചമര്‍ത്തിയെന്നായിരുന്നു മോഡിയുടെ അവകാശവാദം. മാര്‍ച്ച് ആദ്യപകുതിയില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത്തും സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദനുമടക്കമുള്ള ഇടതുപക്ഷനേതാക്കള്‍ക്കൊപ്പം അഹമ്മദാബാദിലെത്തിയ മാധ്യമസംഘത്തിന് മോഡിയുടെ വാദം തെറ്റാണെന്ന് മനസിലാക്കാന്‍ ഏറെ സമയമൊന്നും വേണ്ടിവന്നില്ല. സര്‍ദാര്‍ പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് നഗരത്തിലേക്കുള്ള യാത്ര മാത്രംമതി. എങ്ങും വിഹ്വലമായ മുഖങ്ങള്‍ . വിഭജനകാലത്തെ പലായനത്തെക്കുറിച്ചുള്ള കഥകളെ ഓര്‍മിപ്പിക്കുന്ന ദൃശ്യങ്ങള്‍ . ഡല്‍ഹിയില്‍നിന്നുള്ള നേതാക്കളുടെ സംഘത്തിന് വിശ്രമമൊരുക്കിയ നഗരപ്രാന്തത്തിലെ സര്‍ക്കീട്ട് ഹൗസിനുമുന്നിലെ കാഴ്ചയായിരുന്നു അതിഭയാനകം. സംഘപരിവാറുകാര്‍ കൊന്ന പന്ത്രണ്ടുപേരുടെ ജഡം കൂട്ടത്തോടെ കത്തിച്ചതിന്റെ ദുര്‍ഗന്ധം അവിടെ തങ്ങിനില്‍ക്കുന്നുണ്ടായിരുന്നു. മയ്യത്തു നമസ്കാരത്തിനുപോലും ഉറ്റവര്‍ക്ക് ഇടകൊടുക്കാതെയുള്ള സംസ്കാരം. ഇടതു നേതാക്കളെ കാണാന്‍ തിങ്ങിക്കൂടിയ ഇരകളെ പുലഭ്യം പറഞ്ഞ് ഓടിക്കുന്ന പൊലീസ്. ബെനിറ്റോ മുസോളിനിയുടെ ഇറ്റലിയെക്കുറിച്ച് "അവിടെ ഭയമാണ് ഭരിക്കുന്നതെ"ന്ന് ബെര്‍തോള്‍ട് ബ്രെഹ്ത് പറഞ്ഞതുപോലെയാണ് ഗുജറാത്തും. ക്രമസമാധാന പ്രശ്നമുള്ളതിനാല്‍ നേതാക്കള്‍ സര്‍ക്കീട്ട് ഹൗസിലേക്ക് പ്രവേശിക്കരുതെന്ന് പൊടുന്നനെ പൊലീസ് ഓഫീസറുടെ കല്‍പ്പന. ശല്യക്കാരായ ഇടതുനേതാക്കളോട് ജനങ്ങള്‍ വല്ലതും പറഞ്ഞുകൊടുത്താലോ എന്ന ആശങ്കയില്‍നിന്നുള്ള വിരട്ടല്‍ . ആള്‍ക്കൂട്ടത്തില്‍ പെട്ടെന്ന് വെടിപൊട്ടുംപോലെ ഉച്ചത്തിലൊരു ശബ്ദം. കുപ്പായക്കൈ തെറുത്തു കയറ്റി ഓഫീസറുടെ നേര്‍ക്ക് ഇരച്ചു കയറുന്നത് എ ബി ബര്‍ദന്‍ . എഴുപതു കഴിഞ്ഞ അദ്ദേഹം പെട്ടെന്ന് രോഷാകുലനായ യുവാവായി. സര്‍ക്കീട്ട് ഹൗസിന്റെ വാതിലുകള്‍ താനേ തുറന്നു. നേതാക്കള്‍ മുസ്ലിം സംഘടനകളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. അവര്‍ ദുരനുഭവങ്ങള്‍ വിവരിച്ചു. സുര്‍ജിതും ബര്‍ദനുമൊക്കെ വന്ന് സംസാരിച്ചതോടെ ഇരകള്‍ക്ക് ആത്മവിശ്വാസം കൈവന്നപോലെ. നിരവധി കൃസ്ത്യന്‍ നേതാക്കളും അന്ന് സര്‍ക്കീട്ട് ഹൗസിലെത്തി നേതാക്കളെ കണ്ടു. ഗുജറാത്താണ് ഇനി ഇടതുപക്ഷത്തിന്റെ പ്രഥമ അജന്‍ഡയെന്ന് അവിടെവച്ച് സുര്‍ജിത്തിന്റെ പ്രഖ്യാപനം. നരോദ പാട്യ അടക്കമുള്ള ക്യാമ്പുകള്‍ , കോണ്‍ഗ്രസ് നേതാവും മുന്‍ ലോക്സഭാംഗവുമായ ഇഹ്സാന്‍ ജാഫ്രിയെ കൊലപ്പെടുത്തിയ ഗുല്‍ബര്‍ഗ അപ്പാര്‍ട്മെന്റ്. പഴയ നഗരത്തില്‍ കത്തിച്ചാമ്പലായ കടകള്‍ . സൂഫിവര്യന്മാരുടെ അസംഖ്യം ദര്‍ഗകള്‍ , ഗ്യാസ് സിലിണ്ടര്‍ നിറച്ച വാഹനങ്ങള്‍ തീകൊളുത്തി ഉരുട്ടിവിട്ട് തകര്‍ത്ത എത്രയോ പള്ളികള്‍ . എല്ലായിടത്തും മനുഷ്യര്‍ക്ക് ഒരേ മുഖം. ഇനിയൊരിക്കലും ഇങ്ങനെയൊരു കാഴ്ച കാണാന്‍ ഇടയാവരുതെന്ന് കൊതിച്ച നിമിഷങ്ങള്‍ . മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ ഉറുദു കലര്‍ന്ന ഗുജറാത്തിയില്‍ പറയുന്നതിന്റെ അര്‍ഥം മനസിലായില്ലെങ്കിലും അവരുടെ വാക്കുകളിലെ വികാരം നമ്മിലേക്ക് പ്രസരിക്കും. കുട്ടികളെ സാന്ത്വനിപ്പിച്ച നേതാക്കളുടെ വെള്ളക്കുപ്പായങ്ങള്‍ കണ്ണീരിലും ചേറിലും മുങ്ങി. നേതാക്കള്‍ തങ്ങളെ അനുഗമിച്ച ചുരുക്കം ഉദ്യോഗസ്ഥരെക്കൂടാതെ അറിയാവുന്ന സിവില്‍ സര്‍വീസ്, റവന്യു ഉദ്യോഗസ്ഥരെയും പൊലീസുദ്യോഗസ്ഥരെയുംഫോണില്‍ വിളിച്ച് കര്‍ശനമായ നിര്‍ദേശങ്ങള്‍ നല്‍കി. ക്യാമ്പുകളില്‍ അവശ്യസാധനങ്ങള്‍ എത്തിക്കാനും വൈദ്യുതിയും വെള്ളവുമെത്തിക്കാനും നഷ്ടപരിഹാരം കൃത്യമായി വിതരണം ചെയ്യാനും മറ്റും. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു രണ്ടാമത്തെ യാത്ര. അപരിചിതരെ ശത്രുക്കളെപ്പോലെ നോക്കുന്ന നാട്ടുകാര്‍ . വഡോദര ബെസ്റ്റ് ബേക്കറിയായിരുന്നു ലക്ഷ്യം. സാഹിറ ഷെയ്ക്കിന്റെ ബന്ധുക്കളെ ചുട്ടുകൊന്ന സ്ഥലം. വഡോദര നഗരത്തിന്റെ പരിസരത്തെവിടെയോ ആണത്. ഇരുനിലക്കെട്ടിടത്തിന്റെ ഒന്നാംനിലയിലാണ് ബേക്കറി. താഴെയുള്ള വീടുകളില്‍ സാഹിറയുടെ ബന്ധുക്കള്‍ . കേസിലെ ഏക സാക്ഷി സാഹിറയുടെ വാക്കുകള്‍ക്ക് വിലയുള്ള കാലം. കേസ് നടത്തുന്ന മനുഷ്യാവകാശപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാഡിനൊപ്പം അന്നവള്‍ മുംബൈയില്‍ . ബന്ധുക്കളോട് സാഹിറയെക്കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി അമ്പരിപ്പിക്കുന്നതായിരുന്നു. അവള്‍ , തേവടിശ്ശി, ഗുജറാത്തിന്റെ അഭിമാനം കളഞ്ഞു കുളിച്ചവള്‍ . അഞ്ചുകോടി ഗുജറാത്തികളെ നാണംകെടുത്തിയവള്‍ . അങ്ങനെ നീണ്ടു പ്രതികരണങ്ങള്‍ . ആരൊക്കെയോ പറഞ്ഞു കൊടുത്തത് കാണാപ്പാഠം പഠിച്ചതുപോലെ. സാഹിറയും കേസില്‍ കൂറുമാറുമെന്ന് അവിടെ വച്ചുതന്നെ മനസിലായി. തിരിഞ്ഞുനോക്കിയപ്പോള്‍ കാവിവേഷക്കാര്‍ , കൊമ്പന്‍ മീശക്കാര്‍ . ബെസ്റ്റ് ബേക്കറി പരിസരത്ത് ആരെല്ലാം വരുന്നു എന്നറിയാന്‍ നിയോഗിക്കപ്പെട്ടവര്‍ . അഹമ്മദാബാദില്‍ ഇരകളാക്കപ്പെട്ട മുസ്ലിങ്ങളുടെ വീടുകള്‍ വന്‍കിട ഭൂമാഫിയ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതും അന്ന് കണ്ടു. ഇവിടെനിന്നാല്‍ പ്രശ്നമാണെന്നും കിട്ടുന്ന വിലയ്ക്ക് വിറ്റ് ഗ്രാമങ്ങളിലേക്ക് പോകാന്‍ സ്നേഹപൂര്‍വം നിര്‍ബന്ധിച്ചാണ് കൈയേറ്റം. ഗോധ്ര സ്റ്റേഷനില്‍ ട്രെയിനില്‍ തീപിടിത്തത്തിന് ഇടയാക്കിയ രാസവസ്തു ഗുജറാത്തില്‍ വംശഹത്യക്ക് വേണ്ടി പലയിടത്തും ഉപയോഗിച്ചിരുന്നുവെന്ന് സൂചനയുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് സത്യമാണെന്നും അന്ന് മനസിലായി. അത് പറഞ്ഞുതന്നത് മുല്ലാജി. കണ്ടാല്‍ അസ്സല്‍ ഗുജറാത്തി മുസ്ലിം. നീളന്‍ പഠാനിക്കുപ്പായം. നെഞ്ചോളമെത്തുന്ന താടി. പറഞ്ഞു തുടങ്ങിയപ്പോള്‍ ഐക്കരിപ്പടിക്കാരന്‍ . മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്തുള്ളയാള്‍ . ടി വി ചന്ദ്രന്റെ ഡാനി സിനിമയിലെ ഡാനിയെപ്പോലെ ജീവിതത്തിലെ എല്ലാ സംഭവങ്ങളെയും ചരിത്രസംഭവങ്ങളുമായി കൂട്ടിയിണക്കുന്ന മനുഷ്യന്‍ . അഹമ്മദാബാദ്-ഗാന്ധിനഗര്‍ അതിര്‍ത്തിയിലെ അറിയപ്പെടുന്ന കോണ്‍ഗ്രസുകാരന്‍ . അയാളുടെ ഹോട്ടല്‍ വംശഹത്യക്കാലത്ത് ഭാഗികമായി കത്തിച്ചതാണ്. ഒരു മഞ്ഞ ദ്രാവകം ചുമരില്‍ തേച്ചായിരുന്നത്രെ തീകൊളുത്തിയത്. അതീവ ജ്വലനശേഷിയുള്ള ഇതേ വസ്തു ഗോധ്രയിലെ കത്തിയ തീവണ്ടി ബോഗിയില്‍ കണ്ടെത്തിയെന്നായിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസുകാരെ സംഘടിപ്പിക്കുന്ന തിരക്കിലായിരുന്നു മുല്ലാജി. മുല്ലാജിക്ക് വോട്ടെവിടെയാണെന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട് മറുപടിയില്‍ ഞങ്ങള്‍ അന്തിച്ചുനിന്നു: എനിക്ക് വോട്ടോ. കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്തുപോലും ഈ മാപ്പിളയ്ക്ക് വോട്ടില്ല. എന്നിട്ടാണോ ഇപ്പോള്‍ മോഡി ഭരിക്കുമ്പോള്‍ ?"

നീതി ഇനിയുമകലെ

നീതി ഇനിയുമകലെ

എം പ്രശാന്ത്
ദേശാഭിമാനി, Posted on: 26-Feb-2012 11:35 PM

ഗുജറാത്തില്‍ സംഘപരിവാര്‍ ആസൂത്രണംചെയ്ത ന്യൂനപക്ഷ വംശഹത്യ അരങ്ങേറി പത്തുവര്‍ഷം പിന്നിടുമ്പോഴും യഥാര്‍ഥ കൊലയാളികള്‍ നിയമത്തിന് പുറത്തുതന്നെ. മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പൂര്‍ണമായ അറിവോടെയും പിന്തുണയോടെയുമാണ് വംശഹത്യ അരങ്ങേറിയതെന്നതിന് അന്നത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം തെളിവുകളുമായി മുന്നോട്ടുവന്നിട്ടും നിയമനടപടികള്‍ ഇഴയുകയാണ്. സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം ഏറെ പ്രതീക്ഷകളുണര്‍ത്തിയെങ്കിലും രണ്ടാഴ്ചമുമ്പ് അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട് കോടതി മുമ്പാകെ അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും മോഡിയെ സംരക്ഷിക്കുന്നവിധത്തിലെന്നാണ് സൂചനകള്‍ . ഇത് ശരിയെങ്കില്‍ രാജ്യം കണ്ട ഏറ്റവും വലിയ നരനായാട്ടിന്റെ മുഖ്യആസൂത്രകന്‍ ഒരിക്കല്‍ക്കൂടി നിയമത്തിന്റെ കരങ്ങളില്‍നിന്ന് വഴുതിമാറും. 2002 ഫെബ്രുവരി 27-28 തീയതികളിലാണ് ഗുജറാത്തിലെ പല നഗരങ്ങളിലും ന്യൂനപക്ഷങ്ങള്‍ കൂട്ടത്തോടെ ആക്രമിക്കപ്പെട്ടത്. ഗുല്‍ബര്‍ഗ സൊസൈറ്റി, നരോദപാട്യ, ബെസ്റ്റ്ബേക്കറി തുടങ്ങി മനസ്സാക്ഷിയെ നടുക്കുന്ന കൂട്ടക്കൊലകളുടെ കാര്യത്തില്‍പ്പോലും തീര്‍ത്തും ദുര്‍ബലമായിരുന്നു സംസ്ഥാന പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഒരു കേസില്‍പ്പോലും പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകളോ തെളിവോ ഉണ്ടായില്ല. ഇരകള്‍ നല്‍കിയ മൊഴികളില്‍ കൃത്രിമം നടത്തി. ഇതോടൊപ്പം അധികാരത്തിന്റെയും പണത്തിന്റെയും പിന്‍ബലത്തില്‍ പല കേസുകളില്‍ സാക്ഷികളെ കൂറുമാറ്റുന്നതിലും സംഘപരിവാര്‍ വിജയിച്ചു. കേസെടുക്കലും വിചാരണയുമെല്ലാം പ്രതികളെ സഹായിക്കുന്നവിധത്തിലായിരുന്നു. ആയിരക്കണക്കിന് കേസുകള്‍ തെളിവില്ലാതെ അവസാനിപ്പിച്ചു. വംശഹത്യക്ക് നേതൃത്വം നല്‍കിയവരാരും നിയമത്തിനുമുന്നില്‍ എത്തില്ലെന്ന പ്രതീതി ഒരു ഘട്ടത്തില്‍ ശക്തമായിരുന്നു. ഇതോടൊപ്പം തുടര്‍ച്ചയായ രണ്ട് തെരഞ്ഞെടുപ്പില്‍ മോഡിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരത്തില്‍ എത്തുകകൂടി ചെയ്തതോടെ പ്രതിരോധശ്രമങ്ങള്‍ കൂടുതല്‍ ദുര്‍ബലമായി. പ്രതികൂല സാഹചര്യങ്ങളിലും ഏതാനും വ്യക്തികള്‍ നടത്തിയ ധീരമായ ശ്രമഫലങ്ങളാണ് ഇപ്പോഴും വംശഹത്യാകേസുകളെ നീതിപീഠങ്ങള്‍ മുമ്പാകെ നിലനിര്‍ത്തുന്നത്. ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊലയില്‍ ഇരയായ മുന്‍ കോണ്‍ഗ്രസ് എംപി എഹ്സാന്‍ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി, തീസ്ത സെത്തല്‍വാദ്, ജാവേദ് അക്തറും സെഡ്രിക്ക് പ്രകാശും മറ്റും ഉള്‍പ്പെട്ട സിറ്റിസണ്‍സ് ഫോര്‍ പീസ് എന്നീ വ്യക്തികളും സംഘടനകളുമാണ് ഇപ്പോഴും നിയമപോരാട്ടം തുടരുന്നത്. കാമിനി ജെയ്സ്വാള്‍പോലുള്ള അഭിഭാഷകരുടെ ആത്മാര്‍ഥമായ സമീപനവും കുറ്റക്കാര്‍ എപ്പോഴെങ്കിലും ശിക്ഷിക്കപ്പെടുമെന്ന പ്രതീക്ഷ നിലനിര്‍ത്തുന്നു. മോഡിക്കും സംഘപരിവാറിനും പലപ്പോഴും തിരിച്ചടിയായത് രാജ്യത്തെ പരമോന്നത കോടതി നടത്തിയ ഇടപെടലുകളാണ്. ജസ്റ്റിസ് അരിജിത് പസായത്, ജസ്റ്റിസ് എ കെ ഗാംഗുലി, ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയ എന്നിവര്‍ നേതൃത്വം നല്‍കിയ ബെഞ്ചുകള്‍ പലപ്പോഴും നിശിതമായ ഭാഷയില്‍തന്നെ മുഖ്യമന്ത്രി മോഡിയെയും ഗുജറാത്ത് സര്‍ക്കാരിനെയും വിമര്‍ശിച്ചു. അധികാരത്തിന്റെ പിന്‍ബലത്തില്‍ കേസുകള്‍ ഒന്നൊന്നായി അട്ടിമറിക്കുന്നതില്‍ രോഷംകൊണ്ട് "ഒന്നുകില്‍ രാഷ്ട്രീയനീതി പാലിക്കുക, അല്ലെങ്കില്‍ രാജിവച്ച് പുറത്തുപോവുക" എന്ന ജസ്റ്റിസ് വി എന്‍ ഘരെയുടെ പരാമര്‍ശം നരേന്ദ്രമോഡിക്കുമേല്‍ അശനിപാതംപോലെയാണ് പതിച്ചത്. ബെസ്റ്റ്ബേക്കറി, നരോദപാട്യ തുടങ്ങിയ പ്രദേശങ്ങളില്‍ ഒട്ടേറെ നിരപരാധികളെ ക്രൂരമായി ഉന്മൂലനംചെയ്ത കൂട്ടക്കൊല കേസുകളുടെ വിചാരണ ഗുജറാത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ ഉത്തരവിട്ടത് സുപ്രീംകോടതിയാണ്. സാക്ഷികള്‍ കൂറുമാറിയതിനെതുടര്‍ന്ന് ബെസ്റ്റ്ബേക്കറി കേസിലെ ഒമ്പത് പ്രതികളെയും കീഴ്കോടതി വെറുതെ വിട്ടിരുന്നു. തീസ്തയുടെയും മറ്റും സഹായത്തോടെ സഹീറ ഷെയ്ക്ക് എന്ന സാക്ഷി സുപ്രീംകോടതിയെ സമീപിക്കുകയും കേസിന്റെ വിചാരണ മഹാരാഷ്ട്രയിലേക്ക് മാറ്റാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. കേസ് സിബിഐ ഏറ്റെടുക്കാനും കോടതി നിര്‍ദേശിച്ചു. 2008 ജനുവരിയില്‍ ഈ കേസിലെ ഒമ്പത് പ്രതികളെ വിചാരണക്കോടതി ജീവപര്യന്തം ശിക്ഷിച്ചു. വിവാദമായ ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലും സമാനമായ വിധത്തില്‍ സുപ്രീംകോടതി ഇടപെട്ട് വിചാരണ മഹാരാഷ്ട്രയിലേക്ക് മാറ്റി. ഈ കേസില്‍ 11 പ്രതികള്‍ക്ക് ജീവപര്യന്തം ലഭിച്ചു. തെളിവില്ലെന്ന കാരണത്താല്‍ ഗുജറാത്ത് സര്‍ക്കാര്‍ അവസാനിപ്പിച്ച രണ്ടായിരത്തോളം കേസ് സുപ്രീംകോടതി ഇടപെട്ട് പുനരാരംഭിച്ചു. ഗുല്‍ബര്‍ഗ സൊസൈറ്റിയടക്കം ഒമ്പത് പ്രധാന കൂട്ടക്കൊലപാതക കേസുകള്‍ മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന് വിട്ടു. ചില കേസുകള്‍ സിബിഐയെ ഏല്‍പ്പിച്ചു. 2002 മുതല്‍ 2006 വരെ ഗുജറാത്തില്‍ അരങ്ങേറിയ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അന്വേഷിക്കുന്നതിന് സുപ്രീംകോടതി പ്രത്യേക സംവിധാനമൊരുക്കി. ഗുല്‍ബര്‍ഗ സൊസൈറ്റി കേസില്‍ സാക്കിയ ജാഫ്രി സമര്‍പ്പിച്ച പരാതിയാണ് ഏറ്റവും സജീവശ്രദ്ധയാകര്‍ഷിച്ച വംശഹത്യാ കേസുകളിലൊന്ന്. സാക്കിയയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ചോദ്യംചെയ്തു. സഞ്ജീവ് ഭട്ട് എന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ മോഡിക്കെതിരെ എസ്ഐടിക്ക് മൊഴി നല്‍കി. ഇതൊക്കെയാണെങ്കിലും എസ്ഐടിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും നിരവധി പരാതി ഉയര്‍ന്നു. തുടര്‍ന്ന് സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രനെ അമിക്കസ്ക്യൂറിയായി നിയമിക്കുകയും എസ്ഐടി പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. രാജു രാമചന്ദ്രനും എസ്ഐടിയും സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മോഡിക്കെതിരെ തെളിവുണ്ടെന്ന് വ്യക്തമാക്കുന്നതാണ് രാജു രാമചന്ദ്രന്റെ റിപ്പോര്‍ട്ട്. ഫെബ്രുവരി 27ന് വൈകിട്ട് സ്വന്തം ബംഗ്ലാവില്‍ മോഡി മുതിര്‍ന്ന സര്‍ക്കാര്‍ - പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും ഹിന്ദുക്കളുടെ രോഷപ്രകടനത്തെ അടിച്ചമര്‍ത്തേണ്ടതില്ലെന്ന് നിര്‍ദേശിക്കുകയും ചെയ്തുവെന്ന് സഞ്ജീവ് ഭട്ടിന്റെയും മറ്റും മൊഴിയെ അടിസ്ഥാനമാക്കി രാജു രാമചന്ദ്രന്റെ റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. എന്നാല്‍ , എസ്ഐടി റിപ്പോര്‍ട്ട് വ്യത്യസ്തമാണ്. സഞ്ജീവ് ഭട്ടിന്റെ മൊഴി തെളിവായി എടുക്കാന്‍ എസ്ഐടി തയ്യാറായിട്ടില്ല. മോഡി ബോധപൂര്‍വം ന്യൂനപക്ഷവേട്ടയ്ക്ക് നേതൃത്വം നല്‍കിയെന്ന് കരുതാനാകില്ലെന്നാണ് എസ്ഐടി റിപ്പോര്‍ട്ട്. രണ്ടു റിപ്പോര്‍ട്ടും ഇപ്പോള്‍ അഹമ്മദാബാദ് മജിസ്ട്രേട്ട് കോടതിയുടെ മുമ്പാകെയാണ്. കോടതി എന്തു നിലപാട് സ്വീകരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട പ്രധാന കേസിന്റെ ഭാവി. എസ്ഐടി നിലപാടിനെതിരെ മുന്‍ ഗുജറാത്ത് ഡിജിപി ആര്‍ ശ്രീകുമാറും മറ്റും ശക്തമായി രംഗത്തുവന്നിട്ടുണ്ട്. തന്റെ മൊഴിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും എസ്ഐടി അതിന് തയ്യാറായില്ലെന്നും അവര്‍ മോഡിയെ സഹായിക്കുകയാണെന്നും ശ്രീകുമാര്‍ കുറ്റപ്പെടുത്തുന്നു.

ഗുജറാത്ത്: പത്ത് വര്‍ഷങ്ങള്‍ക്കുശേഷം

ഗുജറാത്ത്: പത്ത് വര്‍ഷങ്ങള്‍ക്കുശേഷം

കെ രാജേന്ദ്രന്‍ ,
ദേശാഭിമാനി Posted on: 26-Feb-2012 10:51 PM

2002ലെ ഗുജറാത്ത് വംശഹത്യാസമയത്ത് തികച്ചും ശാന്തമായിരുന്ന ഒരു പ്രദേശമുണ്ട്. മഹാത്മാഗാന്ധിയുടെ ജന്മനാടായ പോര്‍ബന്തര്‍ . ഗാന്ധിയുടെ നാടിനെ അടുത്തറിയുന്നതിനായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പോര്‍ബന്തറിലെത്തിയ ലേഖകന്‍ പക്ഷേ കണ്ടത് വ്യത്യസ്തമായ കാഴ്ചകളാണ്. ഹോട്ടലിലെ റിസപ്ഷനിസ്റ്റ് നീട്ടിയ ലഡ്ജറിലെ കോളങ്ങള്‍ കണ്ട് ഞെട്ടി. പേര്, വയസ്സ്, എവിടെനിന്ന് വന്നു? എന്തിന് വന്നു? തുടങ്ങിയ തലക്കെട്ടോടെയുള്ള കോളങ്ങളുടെ കൂട്ടത്തില്‍ ഒന്നുകൂടി. "നിങ്ങളുടെ മതം എന്ത്?" ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ ജീവനാഡിയായിരുന്നു അഹമ്മദാബാദിലെ സബര്‍മതി ആശ്രമം. രാഷ്ട്രീയത്തോടൊപ്പം വിജ്ഞാനത്തിന്റെയും കേന്ദ്രമായിരുന്നു ആശ്രമം. സബര്‍മതി ആശ്രമത്തിലെ വായനശാലയിലേക്ക് പോകാം. ആഗതന്‍ ആദ്യം കാണുന്നവിധത്തില്‍ കണ്ണായസ്ഥാനത്ത് വച്ചിരിക്കുന്ന പുസ്തകങ്ങള്‍ എല്ലാം വംശവെറി പ്രചരിപ്പിക്കുന്ന സംഘപരിവാര്‍ ജിഹ്വകളാണ്. ഗാന്ധിയുടെ നാട്ടിലെ മാനവികതയ്ക്ക് 2002ലെ വംശഹത്യ ഉണ്ടാക്കിയ മാറ്റങ്ങള്‍ ഇങ്ങനെയെല്ലാമാണ്. ഗോധ്ര തീവയ്പ് നടന്ന ദിവസം രാത്രിയിലാണ് നരേന്ദ്രമോഡിയുടെ സാന്നിധ്യത്തില്‍ വംശഹത്യ ആസൂത്രണംചെയ്യുന്നത്. വംശഹത്യാ കേസുകളിലെ പ്രതികള്‍ ഒരിക്കലും കുടുങ്ങാതിരിക്കാനുള്ള ആസൂത്രണവും അന്നുതന്നെ തുടങ്ങി. പതിറ്റാണ്ട് കഴിഞ്ഞിട്ടും കാലപക്കേസുകള്‍ എങ്ങും എത്തിയിട്ടില്ല. സുപ്രീംകോടതിയുടെ കര്‍ശനമായ മേല്‍നോട്ടമുണ്ട്. അതുകൊണ്ടുതന്നെ ഒന്നും എളുപ്പത്തില്‍ തേച്ചുമാച്ചുകളയാനാകുന്നില്ല. വംശഹത്യയുമായി ബന്ധപ്പെട്ട നരോദപാട്ടിയ, ഗുല്‍ബര്‍ഗ് സൊസൈറ്റി, ഔദ്, ഔദ് (2), നരോദഗാം, സദാര്‍പുര കേസുകളില്‍ അവസാനത്തേതില്‍മാത്രമാണ് വിധി പ്രസ്താവിച്ചത്. 2011 നവംബര്‍ ഒമ്പതിന് കോടതി 31 പേരെ ശിക്ഷിച്ചു. പക്ഷേ, പ്രധാന ആസൂത്രകരും സംഘപരിവാര്‍ നേതാക്കളുമെല്ലാം രക്ഷപ്പെട്ടു. ശിക്ഷിക്കപ്പെട്ടവര്‍ ജാമ്യത്തിലിറങ്ങി. ഇനി പതിറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന അപ്പീല്‍പോരാട്ടങ്ങള്‍ക്കൊടുവില്‍ ആരെങ്കിലും ശാശ്വതമായി ശിക്ഷിക്കപ്പെടുമെന്ന പ്രതീക്ഷ ഇരകള്‍ക്കില്ല. മറ്റു കേസുകളിലെയെല്ലാം പ്രധാനപ്രതികള്‍ സംസ്ഥാനത്ത് സൈ്വരവിഹാരം നടത്തുന്നു. നരേന്ദ്രമോഡി അടുത്തിടെ ഗുജറാത്ത് പൊലീസില്‍ കരാര്‍ നിയമനങ്ങള്‍ നടത്തിയിരുന്നു. തൊഴില്‍ ലഭിച്ചവരില്‍ ബഹുഭൂരിഭാഗവും വംശഹത്യയില്‍ സജീവ പങ്കാളികളായിരുന്ന സംഘപരിവാറുകാരായിരുന്നു. ഹിന്ദുത്വയുടെ പരീക്ഷണശാലയിലെ ഉപകാരസ്മരണകള്‍ ഇങ്ങനെയെല്ലാമാണ്. ഒരു സര്‍ക്കാര്‍ എങ്ങനെയായിരിക്കരുതെന്നതിന്റെ പ്രതീകമാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ . ഗുജറാത്തിലെ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ സ്ഥിതിയും ഇങ്ങനെതന്നെ. വംശഹത്യക്കുശേഷം ഒരിക്കല്‍പ്പോലും കോണ്‍ഗ്രസിന് സംസ്ഥാനത്ത് തല ഉയര്‍ത്താനായിട്ടില്ല. മോഡിയെ നേരിടാനായി കറകളഞ്ഞ സംഘപരിവാറുകാരന്‍ ശങ്കര്‍സിങ് വഗേലെയെ ഗുജറാത്ത് പിസിസിയുടെ അധ്യക്ഷനാക്കിയതും ഗുജറാത്ത് രാഷ്ട്രീയത്തില്‍നിന്ന് അഹമ്മദ്പട്ടേലിനെ പൂര്‍ണമായും അകറ്റിനിര്‍ത്തിയതുമെല്ലാം കോണ്‍ഗ്രസിന് എന്ത് നേട്ടമുണ്ടാക്കി? ഹിന്ദു വര്‍ഗീയതക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന ബിജെപി ഇതര പാര്‍ടികള്‍ക്ക് മാത്രമേ ശക്തമായ പ്രതിപക്ഷമാകാനാവൂ. പലതവണ തെളിയിക്കപ്പെട്ട യാഥാര്‍ഥ്യം കോണ്‍ഗ്രസ് ഗുജറാത്തില്‍ വിസ്മരിച്ചു. ഇടതുപക്ഷവും ടീസ്റ്റ സെതള്‍വാദിന്റെ നേതൃത്വത്തിലുള്ള പൗരാവകാശ പ്രവര്‍ത്തകരും ആര്‍ ബി ശ്രീകുമാര്‍ , സഞ്ജീവ് ഭട്ട് തുടങ്ങിയ ധീരരായ പൊലീസ് ഉദ്യോഗസ്ഥരും രാജുരാമചന്ദ്രനെപ്പോലുള്ള അഭിഭാഷകരുമെല്ലാമാണ് ഗുജറാത്തിലെ യഥാര്‍ഥ പ്രതിപക്ഷം. ഇവരെയെല്ലാം ഇല്ലായ്മചെയ്യാനുള്ള ആസൂത്രിത ശ്രമങ്ങളാണ് ഇപ്പോഴും ഗുജറാത്തില്‍ നടക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡി ഭാവ്നഗര്‍ മണ്ഡലത്തില്‍ മൂന്നുദിവസം തങ്ങി. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും പ്രസംഗിച്ചു. സ്വന്തം മണ്ഡലത്തില്‍ കാണിക്കുന്നതിനേക്കാള്‍ താല്‍പ്പര്യം മോഡി എന്തിന് ഭാവ്നഗറില്‍ കാണിക്കുന്നു? മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മോഡി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: "ഒരിക്കലും ഒരു കമ്യൂണിസ്റ്റുകാരന്‍ ഗുജറാത്ത് നിയമസഭയിലെത്തരുത്. ഇത്തവണ അരുണ്‍മേത്ത ജയിച്ചാല്‍ ഗുജറാത്തിന്റെ ചരിത്രത്തില്‍ കറുത്ത അധ്യായമാകും". സിപിഐ എം സംസ്ഥാനസെക്രട്ടറി അരുണ്‍മേത്തയായിരുന്നു ഭാവ്നഗറിലെ സിപിഐ എം സ്ഥാനാര്‍ഥി. ചിലയിടങ്ങളിലെ പ്രസംഗങ്ങള്‍ ഒഴിവാക്കി എല്‍ കെ അദ്വാനി ഭാവ്നഗറില്‍ പ്രചാരണത്തിനെത്തി. ഗുജറാത്തിലെ കോര്‍പറേറ്റുകള്‍ കോടികള്‍ ഒഴുക്കിയപ്പോള്‍ വംശഹത്യാസമയത്ത് ആദ്യത്തെ ദുരിതാശ്വാസക്യാമ്പിന് നേതൃത്വംനല്‍കിയ അരുണ്‍മേത്ത പരാജയപ്പെട്ടു. ഒറ്റയാന്‍പട്ടാളമായിരുന്ന ആര്‍ ബി ശ്രീകുമാറിന് അപ്രഖ്യാപിത ഊരുവിലക്കായിരുന്നു. സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ ശ്രീകുമാറിനു വേണ്ടി ഹാജരാകാന്‍ ഹൈക്കോടതിയിലെ അഭിഭാഷകര്‍ ആരും തയ്യാറായില്ല. അവസാനം മുംബൈ ഹൈക്കോടതിയില്‍നിന്ന് അഭിഭാഷകനെ ഇറക്കുമതിചെയ്യേണ്ടിവന്നു. ടീസ്റ്റസെതള്‍വാദിനെയും സഞ്ജീവ്ഭട്ടിനെയും കള്ളക്കേസുകളില്‍ കുടുക്കി. ഇരുവരെയും ജയിലിടയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കാതെപോയത് സുപ്രീംകോടതിയുടെ അവസരോചിതമായ ഇടപെടലുകളെത്തുടര്‍ന്നാണ്. ജസ്റ്റിസ് നാനാവതി കമീഷനും സുപ്രീംകോടതി നിയോഗിച്ച ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘവും മോഡിയെ വെള്ളപൂശാന്‍ ശ്രമിക്കുന്നു. പക്ഷേ, പാപക്കറ തേച്ചുമാച്ചുകളയാനാകുന്നില്ല. അഴിക്കാന്‍ ശ്രമിക്കുന്തോറും മോഡിക്കുമേല്‍ കുരുക്ക് മുറുകുകയാണ്. ഭീകര സംഘടനകളുടെ ഒന്നാംനമ്പര്‍ ശത്രു നരേന്ദ്രമോഡിയാണെന്ന് സ്ഥാപിക്കുന്നതിനായിരുന്നു വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തി സൊറാബുദീന്‍ ഷെയ്ക്കിനെയും പ്രാണേഷ്കുമാറിനെയുമെല്ലാം കൊലപ്പെടുത്തിയത്. പ്രാണേഷ്കുമാറിന്റെ കേരളബന്ധംവരെ അക്കാലത്ത് സംഘപരിവാര്‍ ചര്‍ച്ചാവിഷയമാക്കി. സൊറാബുദീന്‍ ഷെയ്ക്കും പ്രാണേഷ്കുമാറും നിരപരാധികളാണെന്ന് കാലം സാക്ഷ്യപ്പെടുത്തി. നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ഹിന്ദുത്വ പരീക്ഷണശാലയില്‍ നടന്ന ഗവേഷണങ്ങളുടെ ഉപോല്‍പ്പന്നമാണ് കാവി ഭീകരത. സംഝോതാ എക്സ്പ്രസ്, മലെഗാവ്, അജ്മീര്‍ , മെക്കാമസ്ജിദ് സ്ഫോടനങ്ങള്‍ക്ക് പിറകില്‍ സംഘപരിവാര്‍ ഭീകരരാണെന്ന് തെളിഞ്ഞു. മൗലാന മസൂദ് അസ്ഹറിനോടൊപ്പം ശരാശരി ഭാരതീയന്‍ ഇന്ന് പ്രജ്ഞാസിങ് ടാക്കൂറിനെയും കാണുന്നു. "എല്ലാ മുസ്ലിങ്ങളും ഭീകരരല്ല, എന്നാല്‍ , എന്തുകൊണ്ടാണ് മുസ്ലിങ്ങള്‍മാത്രം ഭീകരരാവുന്നത്?" എന്ന് ചോദിച്ചിരുന്ന എല്‍ കെ അദ്വാനിക്ക് ഹിന്ദുത്വ ഭീകരതയ്ക്കുമുന്നില്‍ ഉത്തരംമുട്ടി. "ഭീകരവാദത്തിന് മതം ഇല്ല" എന്ന് ഗത്യന്തരമില്ലാതെ അദ്വാനി തിരുത്തി. നരേന്ദ്രമോഡിക്കുമേല്‍ വംശഹത്യയുടെ കുരുക്ക് മുറുകിയിരുന്ന ഓരോ ഘട്ടത്തിലും രക്ഷകരായെത്തിയത് കോര്‍പറേറ്റുകളും കോര്‍പറേറ്റുകളാല്‍ നിയന്ത്രിക്കപ്പെടുന്ന മാധ്യമങ്ങളുമാണ്. ഇരുവര്‍ക്കും മോഡി വികസനനായകനാണ്. സ്വത്തിനുവേണ്ടി തമ്മിലടിച്ചിരുന്ന അംബാനി സഹോദരന്മാര്‍ ഒരിക്കല്‍ ഒരുമിച്ച് പറഞ്ഞു; "മോഡിയായിരിക്കണം അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രി." ഇന്ത്യയിലെ വ്യവസായ പ്രമുഖര്‍ക്കെല്ലാം വിഷയത്തില്‍ ഏകാഭിപ്രായമാണ്. കാരണം കുത്തകകളുടെ താല്‍പ്പര്യങ്ങള്‍ അവരുടെപോലും പ്രതീക്ഷകള്‍ക്കപ്പുറത്ത് നിറവേറ്റുന്ന മുഖ്യമന്ത്രിയാണ് നരേന്ദ്രമോഡി. തുച്ഛമായ തുകയ്ക്ക് ഭൂമി ലഭിക്കുന്നു. വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഏറെക്കുറെ സൗജന്യനിരക്കില്‍ വെള്ളവും വൈദ്യുതിയും കിട്ടുന്നു. ദീര്‍ഘകാലം നികുതി നല്‍കേണ്ട. സര്‍ക്കാരിന് കൊടുക്കേണ്ടത് നക്കാപ്പിച്ചകാശ്. മുക്കിലും മൂലയിലും പ്രത്യേക സാമ്പത്തികമേഖലകള്‍ . ഇതുകൊണ്ടെല്ലാം പാവപ്പെട്ടവര്‍ക്ക് എന്തുനേട്ടം? ഇന്നും ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ മിനിമം വേതനമുള്ള സംസ്ഥാനമാണ് ഗുജറാത്ത്. മാനുഷിക വികസനത്തിലും സംസ്ഥാനം ഏറെ പിറകിലാണ്. ലോകത്ത് ഏറ്റവുമധികം പോഷകാഹാരക്കുറവുള്ള കുട്ടികള്‍ ജീവിക്കുന്ന രാജ്യം ഇന്ത്യയാണ്. സംസ്ഥാനം ഗുജറാത്തും. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും സ്ഥാനലബ്ധിക്കുള്ള മൂലകാരണം ആഗോളവല്‍ക്കരണ നയങ്ങള്‍തന്നെ. കൃഷിയുടെ കാര്യമെടുക്കാം. കാര്‍ഷികോല്‍പ്പാദനം വന്‍തോതില്‍ വര്‍ധിച്ചെന്നതാണ് നരേന്ദ്രമോഡിയുടെ അവകാശവാദം. കര്‍ഷകന് എന്തുലഭിച്ചു? പോയവര്‍ഷത്തില്‍ ഒരുചാക്ക് (20 കിലോ) സവാളയ്ക്ക് കര്‍ഷകന് ലഭിച്ചിരുന്നത് 500 മുതല്‍ 600 രൂപവരെയായിരുന്നു. ഇത്തവണ ഉല്‍പ്പാദനം വന്‍തോതില്‍ വര്‍ധിച്ചു. പക്ഷേ, വില പത്തിലൊന്നായി കുറഞ്ഞു. രാജ്ഘോട്ട് ഉള്ളിമാര്‍ക്കറ്റില്‍ കഴിഞ്ഞമാസം ഒരുചാക്ക് ഉള്ളിക്ക് കര്‍ഷകന് ലഭിച്ചത് 50 രൂപ മുതല്‍ 60 വരെയാണ്. കര്‍ഷകര്‍ കൂട്ടത്തോടെ ഉള്ളിച്ചാക്കുകള്‍ റോഡിലെറിഞ്ഞ് ഇപ്പോള്‍ പ്രതിഷേധിക്കുകയാണ്. നരേന്ദ്രമോഡിയിപ്പോള്‍ തികഞ്ഞ മതേതരവാദിയാകാനുള്ള ശ്രമത്തിലാണ്. ഗാന്ധിയന്‍ രീതിയിലുള്ള ഉപവാസങ്ങളും സര്‍വമത പ്രാര്‍ഥനകളും സംഘടിപ്പിക്കുന്നു. വംശവെറിപൂണ്ട മുസ്ലിംവിദ്വേഷ പ്രസംഗങ്ങള്‍ ഇല്ല. സാഹോദര്യത്തിന്റെ മുഴുവന്‍പേജ് സന്ദേശ പരസ്യങ്ങള്‍ നല്‍കുന്നു. ലക്ഷ്യം പ്രധാനമന്ത്രിക്കസേരയാണ്. മതേതരവാദിയെന്ന പ്രതിച്ഛായയില്ലാതെ ഇന്ത്യയില്‍ ഉന്നതസ്ഥാനങ്ങള്‍ അപ്രാപ്യമാണെന്ന യാഥാര്‍ഥ്യം വളരെ വൈകിയാണെങ്കിലും മോഡി തിരിച്ചറിയുന്നു. ബി വാജ്പേയിയും എല്‍ കെ അദ്വാനിയും തിരിച്ചറിഞ്ഞതുപോലെ.

മോഡിഭീതിയില്‍ ഒരു ജനത

മോഡിഭീതിയില്‍ ഒരു ജനത

തയ്യാറാക്കിയത്: മില്‍ജിത് രവീന്ദ്രന്‍
ദേശാഭിമാനി, Posted on: 26-Feb-2012 10:54 PM

ഗുജറാത്ത് കൂട്ടക്കുരുതിയുടെ നടുക്കുന്ന ഓര്‍മകള്‍ക്ക് പത്ത് വയസ്സാകുമ്പോഴും ഭീതിയില്‍നിന്ന് ആ ജനത മോചിതരായിട്ടില്ല. 2002ലെ വംശഹത്യയിലൂടെ കുപ്രസിദ്ധി നേടിയ നരേന്ദ്ര മോഡിഭരണം അവിശ്വസനീയമായ ക്രൂരതയുടെയും ഉപജാപത്തിന്റെയും വിളനിലമായി ഇന്നും തുടരുന്നു. "ഇന്ന് ഗുജറാത്ത് പുറമെ ശാന്തമാണ്; ഉള്ളില്‍ അഗ്നിപര്‍വതം പുകയുന്നുണ്ടെങ്കിലും" പറയുന്നത് ഗുജറാത്തിലെ മുന്‍ ഡിജിപി മലയാളിയായ ആര്‍ ബി ശ്രീകുമാര്‍ . കൂട്ടക്കൊലയ്ക്കു പിന്നിലെ മോഡിയുടെ കരങ്ങളെക്കുറിച്ച് ആദ്യം വെളിപ്പെടുത്തുകയും വംശഹത്യയുടെ ഇരകള്‍ക്കായി ഇപ്പോഴും പോരാട്ടം തുടരുകയും ചെയ്യുന്ന അദ്ദേഹം കലാപത്തിന് 10 വര്‍ഷം പിന്നിടുന്ന വേളയില്‍ ദേശാഭിമാനിയോട് സംസാരിക്കുന്നു.

ഇന്ന് ഗുജറാത്തിലെ സ്ഥിതി? ഇരകളുടെ അവസ്ഥ? 10 വര്‍ഷം കഴിയുമ്പോള്‍ ജനങ്ങളില്‍ സുരക്ഷിത ബോധമുണ്ടോ?

ഗുജറാത്ത് പുറമെ നിന്നുനോക്കുമ്പോള്‍ ശാന്തമാണ്. ഈ ശാന്തതയ്ക്ക് പിന്നില്‍ പുകയുന്ന അഗ്നിപര്‍വതമുണ്ട്. ജീവനില്‍ കൊതിയുള്ളതുകൊണ്ടുമാത്രമാണ് ഈ ശാന്തത. രണ്ടാംകിട പൗരന്മാരാണ് തങ്ങളെന്ന് മുസ്ലിങ്ങള്‍ മാനസികമായി അംഗീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. അവര്‍ക്ക് എതിര്‍ക്കാനോ സംഘടിക്കാനോ ശേഷിയില്ല. ഗുജറാത്തിലെ ഹിന്ദുവര്‍ഗീയ വാദികള്‍ ആഗ്രഹിച്ചതും ഇതാണ്. മുസ്ലിങ്ങള്‍ക്ക് ജീവഭയം ഇല്ലാതെ കഴിയാം- പക്ഷേ, രണ്ടാംകിട പൗരന്മാരാണ് തങ്ങളെന്ന് അവര്‍ അംഗീകരിക്കണം. അത് പുറമേക്ക് അംഗീകരിക്കാന്‍ മുസ്ലിങ്ങള്‍ തയ്യാറായി എന്നതാണ് ഇപ്പോഴത്തെ പ്രത്യേകത. ഹിന്ദുവര്‍ഗീയ വാദികളുടെ വല്യേട്ടന്‍ നയം അവര്‍ അംഗീകരിച്ചുകഴിഞ്ഞു. കലാപത്തിന്റെ ഇരകള്‍ക്ക് ഇന്നും നീതി ലഭിച്ചിട്ടില്ല. മുസ്ലിങ്ങള്‍ക്ക് "മോഡി ഭീതിരോഗം" ബാധിച്ചു കഴിഞ്ഞു.

ഒരു വിഭാഗത്തിന് എത്രനാള്‍ ഇങ്ങനെ രണ്ടാംകിട പൗരന്മാര്‍ എന്ന വാദം അംഗീകരിച്ച് ജീവിക്കാന്‍ കഴിയും?

തങ്ങള്‍ രണ്ടാംകിട പൗരന്മാരാണെന്ന് മുസ്ലിങ്ങള്‍ പൊതുവെ അംഗീകരിക്കാന്‍ തയ്യാറാകുന്നത് ജീവഭയം ഒന്നുകൊണ്ട് മാത്രമാണ്. ഇങ്ങനെ പോയാല്‍ ഭാവിയില്‍ തീവ്രവാദ റിക്രൂട്ടിങ് സെന്ററായി ഗുജറാത്ത് മാറും എന്നതില്‍ സംശയമില്ല. എന്നിരുന്നാലും ഭൂരിപക്ഷ വര്‍ഗീയതയുടെ അത്രത്തോളം വരില്ല. ഇന്ത്യയില്‍ ആദ്യം തുടച്ചു നീക്കേണ്ടത് ഹിന്ദു വര്‍ഗീയവാദമാണ്. ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളിലെ തീവ്രവാദമാണ് രാജ്യത്തിന് ഏറെ ആപത്ത്. രാജ്യംതന്നെ ശിഥിലമാകാന്‍ ഭൂരിപക്ഷ വര്‍ഗീയത കാരണമാകും.

നരേന്ദ്ര മോഡിക്കെതിരായി പ്രതിഷേധസ്വരങ്ങള്‍ ഉയരുന്നത് കാണുന്നുണ്ടല്ലോ?

വളരെ ചെറിയ പ്രതിഷേധമാണ് ഗുജറാത്തില്‍ കാണാന്‍ കഴിയുന്നത്. മല്ലികാ സാരാഭായ് അടക്കമുള്ളവരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ വളരെ ചെറിയ ശതമാനം ആള്‍ക്കാര്‍ മാത്രമാണ് പങ്കെടുക്കുന്നത്. പണ്ട് കേരളത്തില്‍ ഉണ്ടായിരുന്നു പുലപ്പേടി, മണ്ണാപ്പേടി തുടങ്ങിയ അനാചാരങ്ങള്‍ക്ക് തുല്യമാണ് ഇന്ന് ഇവിടത്തെ മുസ്ലിങ്ങളുടെ അവസ്ഥ. അതിനും കാരണമുണ്ട്. അത്രത്തോളം വിദ്വേഷവും ഭീകരതയുമാണ് ഹിന്ദുവര്‍ഗീയ വാദികളുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നടന്നത്. മുസ്ലിങ്ങളെ കലാപകാരികള്‍ ചുട്ടുകൊല്ലുകയായിരുന്നു എന്നത് കാണണം. വെറുപ്പിന്റെ അംശം അത്രത്തോളം വലുതായിരുന്നു. ഈ കൊടുംക്രൂരത ഉണ്ടായിട്ടും രാജ്യത്തെ മുസ്ലിം സംഘടനകളുടെ നേതൃത്വംപോലും വേണ്ട രീതിയില്‍ അവരെ സഹായിക്കാനോ അംഗീകരിക്കാനോ മുന്നോട്ടുവന്നിട്ടില്ല എന്നതാണ് സത്യം.

സുപ്രീംകോടതിയുടെ നിരന്തര ഇടപെടല്‍മൂലമാണെങ്കിലും വംശഹത്യയില്‍ മോഡിയുടെ പങ്ക് കൂടുതല്‍ വെളിച്ചത്താവുകയും നിയമനടപടി നേരിടേണ്ട അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. കൂട്ടക്കുരുതിയില്‍ മോഡിയുടെ വലംകൈയായി പ്രവര്‍ത്തിച്ച വിശ്വസ്തന്‍ അമിത് ഷാ ജയിലിലായി. വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍ ഒന്നൊന്നായി പുറത്തുവരുന്നു. ഈ കേസുകളുടെയും അന്വേഷണങ്ങളുടെയും ഭാവി?

മോഡി അധികാരത്തില്‍ ഇരിക്കുന്നിടത്തോളം ഈ അന്വേഷണങ്ങള്‍ പ്രഹസനമാകും എന്നതില്‍ സംശയമില്ല. കേസന്വേഷിക്കുന്നവരെ മോഡി വാടകയ്ക്ക് എടുക്കുന്നു. പ്രത്യേക അന്വേഷക സംഘംപോലും മോഡിയുടെ ബി ടീമാണ്. 2000 കലാപക്കേസുകള്‍ പുനരന്വേഷിക്കാന്‍ തീരുമാനിച്ചു. ഈ രണ്ടായിരം കേസുകളും തെളിവില്ല എന്ന കാരണത്താല്‍ തള്ളുകയായിരുന്നു. അന്വേഷകസംഘത്തിന്റെ തലവനായി മുസ്ലിം വിഭാഗത്തിലുള്ളവരെ നിയമിച്ച് പുറംലോകത്തിനുമുന്നില്‍ വിശ്വസം ജനിപ്പിക്കുകയും അവരെ വാടകയ്ക്ക് എടുത്ത് അന്വേഷണം പ്രഹസനമാക്കുകയും ചെയ്യുക എന്നതാണ് മോഡിയുടെ രീതി. എന്നാലും വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍ ഒന്നൊന്നായി പുറത്തുവരുന്നുണ്ട്. വംശഹത്യയില്‍ നരേന്ദ്രമോഡിക്ക് പങ്കുണ്ടെന്ന് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടുവന്നു. ഇതെല്ലാം സ്വാഗതാര്‍ഹമാണ്. പുറം ലോകമറിയാതെ മൂടിവച്ച ഓരോ കേസുകളും പുറത്തുകൊണ്ടുവരേണ്ടതുണ്ട്. ഞങ്ങളടക്കമുള്ളവര്‍ സ്വന്തം ചെലവിലും മറ്റുമാണ് ഇപ്പോഴും കേസിന്റെ പിന്നാലെ നടക്കുന്നത്, ഇരകള്‍ക്ക് നീതി ലഭിക്കാന്‍ . സത്യത്തില്‍ ഗുജറാത്തിലെ ഓരോ കലാപക്കേസും വംശഹത്യക്കേസുകളും പുനരന്വേഷിക്കേണ്ടതുണ്ട്. കേസുകളുടെ നടത്തിപ്പ് ഗുജറാത്ത് കലാപത്തെ അപലപിക്കുന്ന ഓരോ വ്യക്തികളും സംഘടനകളും സ്പോണ്‍സര്‍ ചെയ്യാന്‍ തയ്യാറാകണം. വാക്കുകൊണ്ട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കലല്ല പ്രധാനം. ഓരോ കേസിന്റെ നടത്തിപ്പും സ്പോണ്‍സര്‍ ചെയ്യാന്‍ ആളുകള്‍ മുന്നോട്ടുവരേണ്ടിയിരിക്കുന്നു.

ഗുജറാത്തിലെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് ഇത്തരം കാര്യങ്ങളില്‍ എടുക്കുന്ന നിലപാടുകള്‍ ആശാവഹമാണോ?

സത്യത്തില്‍ അധികാര രാഷ്ട്രീയം ലക്ഷ്യംവച്ച് ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളെ കോണ്‍ഗ്രസ് പിണക്കാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ മുസ്ലിങ്ങള്‍ക്കുവേണ്ടി സംസാരിക്കാനോ ഇരകളുടെ ഭാഗത്ത് നില്‍ക്കാനോ അവര്‍ക്ക് കഴിയുന്നില്ല.

മോഡിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ വന്‍വികസനമാണ് നടക്കുന്നത് എന്നത് കോണ്‍ഗ്രസു പോലും രഹസ്യമായി സമ്മതിക്കുന്ന വസ്തുതയാണല്ലോ. "ഗുജറാത്ത് വികസന മോഡല്‍" എന്താണ്?

വികസനം ആര്‍ക്കുവേണ്ടി എന്നതാണ് പ്രധാനം. കോര്‍പറേറ്റുകളുടെയും കുത്തകകളുടെയും വികസനമാണ് ഗുജറാത്തില്‍ നടക്കുന്നത്. ഭൂരിപക്ഷം വരുന്ന ജനങ്ങളുടെയും നില പരിതാപകരമാണ്. അവരുടെ അവസ്ഥ നാള്‍ക്കുനാള്‍ മോശമാകുന്നു. മോഡിയുടെ വികസനത്തെ പ്രശംസിച്ച കേരളത്തിലെ എ പി അബ്ദുള്ളക്കുട്ടി എന്ന നേതാവ് രാജ്യത്തിന് തന്നെ അപമാനമാണ്. കോര്‍പറേറ്റുകളും ഭരണാധികാരികളും ചേര്‍ന്ന കൂട്ടുകെട്ട് കോടികളുടെ അഴിമതിയാണ് നടത്തുന്നത്. അടുത്തിടെ നടന്ന ഭൂമി ഇടപാടുകളില്‍ 1,20,000 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മോഡി ഭരണത്തിന്റെ ഗുണഫലം അനുഭവിക്കുന്ന വിരലിലെണ്ണാവുന്ന കുത്തകകളാണ് ഗുജറാത്ത് വികസന മോഡല്‍ എന്ന് പുറംലോകത്തെ അറിയിക്കുന്നതും ഭാവി പ്രധാനമന്ത്രിയായി അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടുന്നതും. അങ്ങനെ വന്നാല്‍ ഇന്ന് ഗുജറാത്തില്‍ നടക്കുന്ന കൊള്ളയടി രാജ്യം മുഴുവന്‍ നടത്താന്‍ കഴിയുമല്ലോ. എന്ത് വികസനം പറഞ്ഞാലും ഗുജറാത്തില്‍ നടന്ന വംശീയ കൂട്ടക്കുരുതിയ്ക്കും കുറ്റകൃത്യങ്ങള്‍ക്കും അത് ന്യായീകരണമാകില്ല എന്നതും ഓര്‍ക്കണം.

ചരിത്രസംഭവമാകട്ടെ ഫെബ്രുവരി 28,

ചരിത്രസംഭവമാകട്ടെ ഫെബ്രുവരി 28,

ദേശാഭിമാനി മുഖപ്രസംഗം
Posted on: 26-Feb-2012 10:55 PM

നൂറ്റിയിരുപത് രാജ്യങ്ങളിലെ തൊഴിലാളിസംഘടനകളുടെ കൂട്ടായ്മയായ വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സ് (ഡബ്ല്യുഎഫ്ടിയു) പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് അയച്ച കത്ത് ഇന്ത്യയിലെ തൊഴിലാളിമുന്നേറ്റത്തിനുള്ള ആഗോള പിന്തുണ തെളിയിക്കുന്നു. ഇന്ത്യയിലെ തൊഴിലാളികളുടെയും സാധാരണക്കാരുടെയും ജീവിതം ദുരിതപൂര്‍ണമാക്കുന്ന നയങ്ങള്‍ തിരുത്തണമെന്നാണ് ഡബ്ല്യുഎഫ്ടിയു ജനറല്‍ സെക്രട്ടറി ജോര്‍ജ് മവ്റിക്കോസ് അയച്ച കത്തിലെ മുഖ്യ ആവശ്യം. ഫെബ്രുവരി 28ന് ഇന്ത്യന്‍ തൊഴിലാളിവര്‍ഗം നടത്തുന്ന പണിമുടക്കിന് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ലഭിക്കുന്ന പിന്തുണ, സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലാളിമുന്നേറ്റമായി അത് മാറും എന്നതിന്റെ സൂചനയാണ്. എല്ലാ ദേശീയ ട്രേഡ് യൂണിയനുകളും പ്രധാന ഫെഡറേഷനുകളും സംയുക്തമായി ആഹ്വാനംചെയ്ത പണിമുടക്കിന് അതിലൊന്നുംപെടാത്ത ജനവിഭാഗങ്ങളും അസംഘടിത മേഖലയിലെ ദശലക്ഷക്കണക്കിന് തൊഴിലാളികളും പിന്തുണയുമായി രംഗത്തുവരുന്നു. ബാങ്കിങ്, ഇന്‍ഷുറന്‍സ്, ബിഎസ്എന്‍എല്‍ , പോസ്റ്റല്‍ ആന്‍ഡ് ടെലിഗ്രാഫ്, തുറമുഖം, കേന്ദ്ര-സംസ്ഥാനജീവനക്കാര്‍ എന്നിവരുടെ സംഘടനകളും പണിമുടക്കിന് ആഹ്വാനംചെയ്തിട്ടുണ്ട്. തൊഴിലാളികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ഐക്യത്തോടൊപ്പം നവ-ലിബറല്‍ നയങ്ങള്‍ക്കെതിരായ ജനങ്ങളുടെ രോഷപ്രകടനവുമാണ് അഭൂതപൂര്‍വമായ ഈ പിന്തുണയിലൂടെ പ്രകടമാകുന്നത്. 1991 മുതല്‍ ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരെ ആരംഭിച്ച പ്രക്ഷോഭങ്ങളുടെ ഉയര്‍ന്ന ഘട്ടമാണ് ഈ പണിമുടക്ക്. പണിമുടക്കിനാധാരമായി സംയുക്ത സമരസമിതി ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ രാജ്യത്തിന്റെയും ജനതയുടെയും നിലനില്‍പ്പിനുതന്നെയുള്ള ഉപാധികളാണ്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് മൂര്‍ത്ത നടപടികള്‍ , തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലും സംരക്ഷിക്കലും, അടിസ്ഥാന തൊഴില്‍നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കലും തൊഴില്‍ നിയമലംഘകര്‍ക്കെതിരെ കര്‍ശന ശിക്ഷയും, എല്ലാ അസംഘടിത മേഖലാ തൊഴിലാളികള്‍ക്കും സാമൂഹ്യസുരക്ഷയും ദേശീയ സാമൂഹ്യസുരക്ഷാനിധി രൂപീകരിക്കലും, കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപന ഓഹരി വില്‍പ്പന അവസാനിപ്പിക്കല്‍ , സ്ഥിര സ്വഭാവജോലികളില്‍ കരാര്‍വല്‍ക്കരണം ഒഴിവാക്കലും കരാര്‍ തൊഴിലാളികള്‍ക്ക് സ്ഥിരം തൊഴിലാളികള്‍ക്ക് തുല്യമായ സേവന-വേതന വ്യവസ്ഥ ഉറപ്പാക്കലും, പ്രതിമാസം 10,000 രൂപയില്‍ കുറയാത്ത മിനിമം വേതനം നിശ്ചയിച്ച് എല്ലാ പട്ടികയിലുംപെട്ടവര്‍ക്കും ബാധകമാക്കുംവിധം മിനിമം വേജസ് ആക്ട് ഭേദഗതി, ബോണസ്-പിഎഫ് അര്‍ഹതയ്ക്കും ലഭിക്കുന്ന തുകയ്ക്കുമുള്ള പരിധികള്‍ നീക്കംചെയ്യുകയും ഗ്രാറ്റുവിറ്റി തുക വര്‍ധിപ്പിക്കുകയും, എല്ലാപേര്‍ക്കും നിശ്ചിതതുക ഉറപ്പാക്കുന്ന പെന്‍ഷന്‍ , 45 ദിവസത്തിനകം നിര്‍ബന്ധമായും ട്രേഡ് യൂണിയന്‍ രജിസ്ട്രേഷന്‍ ; 87/98 ഐഎല്‍എ കണ്‍വന്‍ഷനുകള്‍ക്ക് അംഗീകാരം നല്‍കല്‍ എന്നിവയാണവ. പെട്ടെന്നൊരുദിവസം ട്രേഡ് യൂണിയന്‍ സംഘടനകള്‍ പണിമുടക്കിലേക്കെത്തുകയല്ല. ജയില്‍നിറയ്ക്കലടക്കം നിരന്തരമായി നടന്ന പ്രക്ഷോഭപരിപാടികളിലൂടെ ജീവല്‍പ്രശ്നങ്ങളിലേക്ക് ഭരണാധികാരികളുടെ ശ്രദ്ധക്ഷണിച്ചതിന്റെ തുടര്‍ച്ചയായുള്ള സമരരൂപമാണിത്. നവ ഉദാരവല്‍ക്കരണനയങ്ങള്‍ അധ്വാനിക്കുന്നവരെ കൊടുംദുരിതത്തിലേക്കും വന്‍കിട ബിസിനസുകാരെയും കോര്‍പറേറ്റുകളെയും സമൃദ്ധിയിലേക്കുമാണ് നയിക്കുന്നത്. ആഗോളധനപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കോര്‍പറേറ്റുകളെ സഹായിക്കാന്‍ അമേരിക്കയിലെന്നപോലെ ഇന്ത്യയിലും നടപ്പാക്കിയ ഉത്തേജക പാക്കേജിന് 1,86,000 കോടി രൂപയാണ് ചെലവഴിച്ചത്. 4 ലക്ഷം കോടി രൂപയുടെ നികുതി ഇളവുകള്‍ക്ക് പുറമെയാണിത്. എല്ലാറ്റിന്റെയും ഗുണം കോര്‍പറേറ്റുകള്‍ അനുഭവിച്ചപ്പോള്‍ തൊഴിലാളികള്‍ പറഞ്ഞയക്കപ്പെട്ടു. കയറ്റുമതി അധിഷ്ഠിതസ്ഥാപനങ്ങളില്‍ മാത്രം 50 ലക്ഷത്തിലധികം തൊഴിലാളികള്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. തൊഴിലാളികളെമാത്രം ബാധിക്കുന്ന പ്രശ്നങ്ങളല്ല സംയുക്ത സമരസമിതി ഉന്നയിക്കുന്നത്. അമേരിക്കന്‍ സമ്മര്‍ദങ്ങള്‍ക്ക് കൂടുതല്‍ കൂടുതല്‍ വഴങ്ങുകയും സാമ്രാജ്യത്വ ആഗോളവല്‍ക്കരണനയങ്ങള്‍ അതിവേഗം നടപ്പാക്കുകയും ചെയ്യുന്നതിലൂടെ രാജ്യത്തെ ജനകോടികളുടെ ജീവിതദുരിതം അതിന്റെ പാരമ്യത്തിലെത്തുകയാണ്. തൊഴില്‍ വളര്‍ച്ച കുറയുന്നു. വളര്‍ച്ച ശതകോടീശ്വരന്മാരുടെ എണ്ണത്തിലും കുത്തകകളുടെ ലാഭത്തിലുമാണ്. കര്‍ഷക ആത്മഹത്യകള്‍ അനുദിനം വര്‍ധിക്കുന്നു. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമെല്ലാം സര്‍ക്കാരിന്റെ തെറ്റായ നയത്തിന്റെ ഫലമായാണ് ജീവിതദുരിതത്തിന്റെ നിലയില്ലാക്കയങ്ങളിലെത്തുന്നത്. ഈ അവസ്ഥ മാറ്റിയേ തീരൂ എന്ന പ്രഖ്യാപനവുമായാണ് കോടിക്കണക്കിന് വരുന്ന ഇന്ത്യന്‍തൊഴിലാളികള്‍ പണിമുടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പണിമുടക്കായി അത് മാറും എന്ന് ഉറപ്പായിട്ടുണ്ട്. ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ നിര്‍ണായക അധ്യായമായി മാറുന്ന ഈ സമരവേലിയേറ്റത്തില്‍ രാജ്യത്തെയും മാനവികതയെയും സ്നേഹിക്കുന്നവരെല്ലാം അണിചേരേണ്ടതുണ്ട്. കോണ്‍ഗ്രസ് നേതൃത്വം എതിര്‍ത്തിട്ടും കേന്ദ്രമന്ത്രിതന്നെ പിന്മാറാനാവശ്യപ്പെട്ടിട്ടും അതൊന്നും വകവയ്ക്കാതെ എല്ലാ യൂണിയനുകളിലുംപെട്ട തൊഴിലാളികള്‍ പണിമുടക്കിന്റെ പ്രചാരണരംഗത്തുണ്ട്. ആഗോളവല്‍ക്കരണത്തെ വാരിപ്പുണരുന്ന ബൂര്‍ഷ്വാ രാഷ്ട്രീയത്തെ തൊഴിലാളിവര്‍ഗം നട്ടെല്ലുനിവര്‍ത്തി ചോദ്യംചെയ്യുകയാണിവിടെ. ഈ പണലിമുടക്കിന്റെ ശോഭ വര്‍ധിപ്പിക്കാനുള്ള ഉത്തരവാദിത്തം ഓരോ ഇന്ത്യക്കാരന്റേതുമാണെന്ന് മനസിലാക്കി, അതിനായി രംഗത്തിറങ്ങേണ്ടതുണ്ട്. അതിനായി അഭ്യര്‍ഥന പുറപ്പെടുവിച്ച് പണിമുടക്കിന് ഞങ്ങള്‍ ഉറച്ച പിന്തുണ രേഖപ്പെടുത്തുന്നു.

Wednesday, February 22, 2012

കത്തുന്ന മുടിവിവാദവും മതേതര പൊതുമണ്ഡലവും

മാധ്യമം ദിനപ്പത്രത്തിൽ നിന്ന്

കത്തുന്ന മുടിവിവാദവും മതേതര പൊതുമണ്ഡലവും

Published on Tue, 02/21/2012

മുജീബുര്‍റഹ്മാന്‍ കിനാലൂര്‍

തിരുകേശ വിവാദത്തില്‍ ഇടപെട്ട് 'കത്തിച്ചാല്‍ ഏതു മുടിയും കത്തു'മെന്ന സി.പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവനക്ക് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ കൊടുത്ത മറുപടി പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്. തിരുകേശ വിവാദത്തില്‍ അഭിപ്രായം പറയാന്‍ പിണറായി വിജയന് അവകാശമില്ലെന്ന് വ്യക്തമാക്കിയ മുസ്ലിയാര്‍, മതകാര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ ഇടപെട്ടാല്‍ അത് വര്‍ഗീയതക്ക് കാരണമാകുമെന്നും വ്യക്തമാക്കി. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നാദാപുരത്ത് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പിണറായി പറഞ്ഞത് ഇപ്രകാരമാണ്: 'മുടിയുടെ പേരിലും തര്‍ക്കമാണിപ്പോള്‍. മുടി കത്തിച്ചാല്‍ കത്തുന്നതാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇതിന്റെ പേരിലും വലിയ തര്‍ക്കം നടക്കുന്നു. മുടി കത്തുമെന്ന് ഒരു കൂട്ടര്‍. കത്തില്ലെന്നു മറ്റൊരു കൂട്ടരും. വിവാദങ്ങള്‍ ഈ തരത്തിലാണ് ഉയരുന്നത്. പരിമിതമായ യുക്തിബോധം പോലും തകര്‍ത്തെറിയുന്ന സ്ഥിതിയാണുള്ളത്. ഇത്തരം കാര്യങ്ങള്‍ കൂടുതലായി ചര്‍ച്ചചെയ്യപ്പടേണ്ടതുണ്ട്.'
സാമാന്യയുക്തിയെപ്പോലും ചോദ്യം ചെയ്യുന്നവിധം കേരളത്തെ യാഥാസ്ഥിതികത പിടിമുറുക്കുന്നു എന്ന സൂചനയാണ് ഈ വാക്കുകളിലുള്ളത്. കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ എന്ന നിലയിലും പുരോഗമനാശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ നായകന്‍ എന്ന നിലയിലും ഇത് പറയാന്‍ അദ്ദേഹത്തിന് അവകാശമുണ്ട്. പലപ്പോഴും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായി ചേര്‍ന്നുനില്‍ക്കുന്ന കാന്തപുരം വിഭാഗത്തെ പ്രകോപിപ്പിക്കും എന്നറിയാതെ ആവില്ല പിണറായിയുടെ പ്രസ്താവന. അതുകൊണ്ടുതന്നെ അതിന് പ്രാധാന്യം വര്‍ധിക്കുന്നു. മുസ്ലിംസമൂഹത്തിന്റെ പരിഷ്കരണത്തിന് നിരന്തരം വാദിക്കാറുള്ള രാഷ്ട്രീയനേതാക്കളും സെക്കുലര്‍ ബുദ്ധിജീവികളും ഇക്കാര്യത്തില്‍ ഇടപെടാന്‍ മടിക്കുന്ന ഒരു സാഹചര്യത്തില്‍ വിശേഷിച്ചും.
കാന്തപുരത്തിന്റെ പ്രസ്താവന, നമ്മുടെ മതേതര പൊതുമണ്ഡലത്തെക്കുറിച്ച് ചില ചോദ്യങ്ങള്‍കൂടി ഉന്നയിക്കുന്നുണ്ട്. മതവിഷയങ്ങളില്‍ മതേതര സമൂഹം ഇടപടേണ്ടതില്ല എന്നുപറയാന്‍ കഴിയുമോ? അത് പ്രായോഗികമാണോ? ഇന്ത്യയില്‍ മുസ്ലിംകളെ പൊതുവായി ബാധിക്കുന്ന വിഷയങ്ങള്‍പോലും പലതവണ മതേതര സമൂഹം ചര്‍ച്ചചെയ്തിട്ടുണ്ട്. ഇന്ത്യന്‍മുസ്ലിംകളുടെ ചരിത്രത്തില്‍ ഏറ്റവും പ്രമാദമായ ശരീഅത്ത് വിവാദം ഉദാഹരണം. 1978 ലെ ശാബാനു കേസുമായി ബന്ധപ്പെട്ട് ചൂടുപിടിച്ച ചര്‍ച്ച ഇന്ത്യയില്‍ പരക്കെ ഉണ്ടായി. മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവായ ഇ.എം.എസാണ് കേരളത്തില്‍ ആ ചര്‍ച്ചയെ സജീവമാക്കി നിര്‍ത്തിയത്. ആ ചര്‍ച്ച നമ്മുടെ മതസൗഹാര്‍ദം കളങ്കപ്പെടുത്തി എന്നുപറയാന്‍ കഴിയുമോ? കേരളത്തില്‍ മുസ്ലിംവിഭാഗങ്ങള്‍ക്കിടയില്‍ നടന്ന മതപരമായ വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ മതേതര കോടതിയില്‍ എത്തുകയും തീര്‍പ്പാകുകയും ചെയ്ത ഒട്ടേറെ അനുഭവങ്ങളുണ്ട്. മുജാഹിദ് വിഭാഗം യഥാര്‍ഥ മുസ്ലിംകളല്ല എന്നും അതിനാല്‍, മുസ്ലിംശ്മശാനം അവര്‍ക്ക് അനുവദിക്കുകയില്ല എന്നും വാദിച്ചുകൊണ്ടുള്ള പള്ളിവിലക്ക് കേസുകളില്‍ ഒടുവില്‍ തീര്‍പ്പുണ്ടാക്കിയത് മതേതര കോടതികള്‍ ആയിരുന്നു.
കാന്തപുരം ഒരു മതനേതാവ് മാത്രമല്ല ഇന്ന്. അദ്ദേഹം മതേതര പൊതുമണ്ഡലത്തില്‍ ഇടപെടാറുള്ള ഒരു മുസ്ലിം നേതാവാണ്. രാഷ്ട്രീയപ്രശ്നങ്ങളില്‍ അഭിപ്രായം പറയുകയും തെരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍ പ്രത്യക്ഷവും പരോക്ഷവുമായി ഇടപെടുകയും ചെയ്തുവരുന്നു. ഇപ്പോള്‍തന്നെ അദ്ദേഹം പ്രഖ്യാപിച്ച കേരളയാത്ര ഉന്നയിക്കുന്നത് എന്തെങ്കിലും മതവിഷയമോ സമുദായ വിഷയമോ അല്ല. 'മാനവികതയെ ഉണര്‍ത്തുന്നു' എന്നതാണ് അതിന്റെ സന്ദേശം. രാജ്യത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്നങ്ങളാണ് ഈ സന്ദേശത്തില്‍ ഉള്‍പ്പെടുന്നത്. മാത്രമല്ല, യാത്രയുമായി ബന്ധപ്പെട്ട് മതേതര പൊതുസമൂഹവുമായി അദ്ദേഹം സംവദിക്കുന്നുമുണ്ട്. രാഷ്ട്രീയക്കാര്‍ മതപ്രശ്നങ്ങളില്‍ അഭിപ്രായം പ്രകടിപ്പിച്ചുകൂടെങ്കില്‍ മതനേതാക്കള്‍ പൊതുപ്രശ്നത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചുകൂടല്ലോ!
ഒരു മതേതര പൊതുമണ്ഡലത്തില്‍ അഭിപ്രായപ്രകടനത്തിന് നോ എന്‍ട്രി ബോര്‍ഡ് സ്ഥാപിക്കുന്നത് കരണീയമല്ല. മതത്തിന്റെ പിന്‍ബലത്തില്‍ ചെയ്യുന്ന ഒരുകാര്യത്തിനും സാമൂഹിക വിമര്‍ശം അനുവദിക്കില്ലെന്ന നിലപാട് അപകടകരവും മതത്തിന്റെ വിശ്വാസ്യതക്ക് കളങ്കമേല്‍പിക്കുന്നതുമാണ്. തിരുമുടിവിവാദം അത്തരത്തില്‍ പെട്ടതാണ്. കാന്തപുരം വിഭാഗം സുന്നികള്‍ ഒഴികെ മുസ്ലിംകളിലെ മറ്റെല്ലാ വിഭാഗങ്ങളും 'തിരുമുടി'യില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രവാചകന്റെ ഭൗതികാവശിഷ്ടങ്ങള്‍ക്ക് അമാനുഷികസിദ്ധികളുണ്ടെന്നു വാദിക്കുന്ന മുസ്ലിംകള്‍ പോലും കാന്തപുരത്തിന്റെ കൈവശമുള്ള മുടി വ്യാജമാണെന്ന് സമര്‍ഥിക്കുന്നു. ഒറിജിനല്‍ ആണെങ്കില്‍ അത് പൊതുസമൂഹത്തില്‍ തെളിയിക്കാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു. ഈ സാഹചര്യത്തിലാണ് പിണറായിയുടെ പ്രസ്താവനയും വന്നത്.
മുടിപ്രശ്നത്തില്‍ മറ്റു മതസ്ഥര്‍ ഇടപെട്ടാല്‍ വര്‍ഗീയതയുണ്ടാകും എന്ന വാദം ബാലിശമാണ്. മതവിഷയങ്ങളില്‍ ആത്മവിശ്വാസമുണ്ടെങ്കില്‍ സംവാദത്തെ എന്തിന് ഭയക്കണം? ദൈവം ഒന്നാണോ, മൂന്നാണോ, പലതാണോ എന്നത് തര്‍ക്കമുള്ള കാര്യമാണ്. ദൈവംതന്നെ ഇല്ല എന്നു വാദിക്കുന്നവരും സമൂഹത്തിലുണ്ട്.അവരവരുടെ വിശ്വാസം ഓരോരുത്തര്‍ക്കും അനിഷേധ്യമാണ്. കാന്തപുരത്തിന്റെ വാദമനുസരിച്ച് മതാന്തര സംവാദം സാധിക്കുമോ? ബഹുദൈവ വിശ്വാസത്തെ വിമര്‍ശിക്കുന്നത് ഹിന്ദുക്കള്‍ക്കും ഏകദൈവ വിശ്വാസത്തെ വിമര്‍ശിക്കുന്നത് മുസ്ലിംകള്‍ക്കും ത്രിത്വവിശ്വാസത്തെ വിമര്‍ശിക്കുന്നത് ക്രിസ്ത്യാനികള്‍ക്കും നാസ്തികവാദത്തെ വിമര്‍ശിക്കുന്നത് നിരീശ്വര വിശ്വാസികള്‍ക്കും വ്രണപ്പെട്ടാല്‍ മതസംവാദംതന്നെ സാധ്യമല്ലാതെവരും. മാന്യവും ന്യായവുമായ സംവാദങ്ങള്‍കൊണ്ട് വിശ്വാസം വ്രണപ്പെടുന്ന പ്രശ്നമില്ല. അപ്പോള്‍ സംശയാസ്പദമായ ഒരു മുടിപ്രശ്നം മാത്രം പൊതുസമൂഹത്തില്‍ ചര്‍ച്ചചെയ്താല്‍ വിശ്വാസം വ്രണപ്പെടുന്നതെങ്ങനെ?
തിരുകേശ വിവാദം ഒരു മതവിവാദം മാത്രമല്ല. കേരളീയ സമൂഹത്തിന്റെ പ്രബുദ്ധതയുമായി ബന്ധപ്പെട്ട പ്രശ്നമാണിത്. പതിറ്റാണ്ടുകളിലൂടെ കേരള മുസ്ലിംകള്‍ മതപരമായും ഭൗതികമായും ആര്‍ജിച്ച പ്രബുദ്ധതയെയാണ് കാന്തപുരം ഇവിടെ നിക്ഷിപ്തതാല്‍പര്യങ്ങള്‍ക്കുവേണ്ടി വെല്ലുവിളിക്കുന്നത്. പ്രവാചകകാലം മുതല്‍ ഇസ്ലാമുമായി ബന്ധമുള്ള മണ്ണാണ് കേരളത്തിന്റേത്. പ്രവാചകന്റെ അനുയായികള്‍ കേരളത്തില്‍ വന്നിട്ടുണ്ടെന്ന് ചരിത്രം പറയുന്നു. മാത്രമല്ല, നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ പ്രവാചകന്റെ ജന്മദേശത്ത് ജീവിക്കുകയും വിശുദ്ധ മക്കയില്‍ അധ്യാപനം നടത്തുകയും ചെയ്ത സൈനുദ്ദീന്‍ മഖ്ദൂം അടക്കമുള്ള മഹാന്മാരായ പണ്ഡിതര്‍ മലബാറില്‍ കഴിഞ്ഞുപോയിട്ടുണ്ട്. അവരൊക്കെ പ്രവാചകന്റെ അധ്യാപനങ്ങളാണ് അദ്ദേഹത്തിന്റെ പൈതൃകമായി കണ്ടത്. അതാണ് കേരളത്തില്‍ പ്രചരിപ്പിച്ചത്. അതിനേക്കാള്‍ പുണ്യകരമായ പൈതൃകം ഒരു മുടിത്തുണ്ട് ആണെങ്കില്‍ അവര്‍ എന്നേ ഒരു മുടിപ്പള്ളി ഇവിടെ സ്ഥാപിക്കുമായിരുന്നു.
എന്നാല്‍, ചേരമാന്മാരുടെ കാലത്ത് നിര്‍മിക്കപ്പെട്ട പള്ളികളില്‍പോലും ഒരു തിരുകേശം സ്ഥാപിക്കപ്പെട്ടിട്ടില്ല. ഇപ്പോള്‍ അങ്ങനെ ഒരു ബുദ്ധി ഉദിച്ചതിന്റെ പിന്നില്‍ പ്രവാചകസ്നേഹമല്ല, അതിന്റെ വ്യാപാരസാധ്യതയിലുള്ള പ്രതീക്ഷ മാത്രമാണ്. അതുകൊണ്ടുതന്നെ മുഹമ്മദ്നബിയെ പോലെ മനുഷ്യസമൂഹത്തിന്റെ ഒരു വിമോചകനായകനെ കച്ചവടവത്കരിക്കുന്നതിനെതിരെ മുസ്ലിംകള്‍ക്കൊപ്പം മറ്റുള്ളവരും പ്രതികരിക്കുന്നതില്‍ ഒട്ടും അസാംഗത്യമില്ല.

കാന്തപുരം പിണറായിക്കുനേരെയും

മാധ്യമം പത്രത്തിൽ നിന്ന്

കാന്തപുരം പിണറായിക്കുനേരെയും


Published on Tue, 02/21/2012

ഒ. അബ്ദുല്ല

മുംബൈ മാര്‍ക്കറ്റില്‍നിന്ന് ഒപ്പിച്ചുകൊണ്ടുവന്നുവെന്ന് സുന്നി മുസ്ലിം കേരളത്തിന്റെ ഔദ്യോഗിക വിഭാഗമായ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയും അതിന്റെ സമുന്നതരായ നേതാക്കളും വിലയിരുത്തുകയും മുസ്ലിംകളിലെ പുരോഗമന ചിന്താഗതിക്കാരായ ഇരുവിഭാഗം മുജാഹിദുകളും ജമാഅത്തെ ഇസ്ലാമി അടക്കമുള്ളവരും ഏകകണ്ഠമായി നിരാകരിക്കുകയും ചെയ്യുന്ന, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ കൈവശമുള്ള, പ്രവാചകന്‍ മുഹമ്മദ് നബിയുടേത് എന്ന് പറയുന്ന തലമുടിയെക്കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തീര്‍ത്തും നിര്‍ദോഷമായ അഭിപ്രായ പ്രകടനത്തിന് മുതിര്‍ന്നത് മുസ്ലിയാരെ വെകിളിപിടിപ്പിച്ചിരിക്കുന്നു. മതത്തിലെ ആഭ്യന്തരകാര്യങ്ങളെക്കുറിച്ച് അന്യമതസ്ഥരും രാഷ്ട്രീയക്കാരും അഭിപ്രായപ്രകടനം നടത്തുന്നത് അനുവദിക്കാനാവില്ല എന്ന് കാന്തപുരം മുസ്ലിയാര്‍ പ്രതികരിച്ചതായാണ് മാധ്യമങ്ങള്‍ പറയുന്നത്. താടിയും തൊപ്പിയുംവെച്ച് പൗരോഹിത്യത്തിന്റെ കത്തിവേഷം അണിഞ്ഞിട്ടില്ലെങ്കിലും കാന്തപുരം മുസ്ലിയാര്‍ ഓതിയ ഏറക്കുറെ മുഴുവന്‍ കിതാബുകളും ഓതിപ്പഠിക്കുകയും ഇന്ത്യയിലെയും വിദേശത്തെയും സമുന്നത സ്ഥാപനങ്ങളില്‍വെച്ച് ഗുരുമുഖത്തുനിന്ന് വിദ്യ നേടുകയും ചെയ്തത് മാത്രമല്ല, മതത്തിന്റെ അനുഷ്ഠാനപരമായ കാര്യങ്ങളില്‍ സാധ്യമാവുന്നത്ര നിഷ്ഠ പാലിക്കാന്‍ അങ്ങേയറ്റം ശ്രമിക്കുകയും ചെയ്യുന്ന ഞങ്ങളെപ്പോലുള്ളവര്‍ ഈ വ്യാജ തിരുകേശത്തെയും കേശപ്രതിഷ്ഠക്കായി സവിശേഷമായി ഒരുക്കുന്ന മന്ദിരത്തെയും വിശകലനവിധേയമാക്കിയപ്പോള്‍ കഴുത്തിനുനേരെ കത്തിയോങ്ങിയവരാണ് ഇപ്പോള്‍ സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ സമുന്നത നായകനുനേരെ ചന്ദ്രഹാസമിളക്കുന്നത്. വ്യാജകേശത്തെ വിമര്‍ശിച്ചാല്‍ കൈകെട്ടി നോക്കിനില്‍ക്കില്ലെന്ന് കാന്തപുരം മുസ്ലിയാര്‍ പറയുമ്പോള്‍ പിണറായിയെയും അദ്ദേഹത്തിന്റെ പിന്നിലെ പ്രസ്ഥാനത്തെയും ഭീഷണിപ്പെടുത്താന്‍ മാത്രം അദ്ദേഹം വളര്‍ന്നിരിക്കുന്നുവെന്നാണല്ലോ അതിനര്‍ഥം. എങ്കില്‍ പിണറായിയുടേതിനേക്കാള്‍ ദുര്‍ബലരായ പാര്‍ട്ടികളും ഗ്രൂപ്പുകളും വ്യാജകേശത്തെ വിമര്‍ശിക്കാന്‍ ഒരുമ്പെട്ടാല്‍ 'ഫല്‍യതബവ്വഅ് മഖ്അദഹു മിനന്നാര്‍' അഥവാ അയാള്‍ നരകത്തില്‍ ഇടം കണ്ടെത്താന്‍ സമയമായി എന്നാണല്ലോ അര്‍ഥം.
ഒരര്‍ഥത്തില്‍ പിണറായിയുടെ കൈക്ക് കടന്ന് കടിച്ചിരിക്കുന്നത് അദ്ദേഹം പാല്‍ കൊടുത്ത് വളര്‍ത്തിയതുതന്നെയാണ്. കേരളത്തിലെ സുന്നി സംഘടനയായ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ എന്ന മതപണ്ഡിത സഭ പിളര്‍ന്നപ്പോള്‍ മുസ്ലിംലീഗ് സമസ്തയിലെ ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗിക ഗ്രൂപ്പിനെ മെയ്മേല്‍മറന്ന് സഹായിച്ചു. കാരണം, മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷനായ അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളെ തുടര്‍ന്ന് പാണക്കാട് തങ്ങള്‍ കുടുംബമായിരുന്നു ഔദ്യോഗിക വിഭാഗം സുന്നി ഗ്രൂപ്പിന്റെ അമരത്തും അരമനയിലും. മുസ്ലിംലീഗിന്റെ ഭരണപങ്കാളിത്തം, പള്ളികളും മദ്റസകളുമായി ബന്ധപ്പെട്ട് കത്തിക്കുത്തും കോടതികളില്‍ കേസും കുണ്ടാമണ്ടിയും സംഘടിപ്പിച്ച് നടക്കുന്ന സുന്നികളിലെ ഔദ്യോഗിക വിഭാഗത്തിന് കാവലും കരുത്തുമായി നിലകൊണ്ടപ്പോള്‍ സ്വാഭാവികമായും ഗതികെട്ട കാന്തപുരം എന്ന പീഡിതന്‍ ഇടതുപക്ഷത്തിന്റെ കഴുതക്കാലില്‍ കടന്നുപിടിച്ചു. മുസ്ലിം സമുദായത്തില്‍നിന്ന് അല്‍പം മാംസമുള്ള ഒരു കഷണം കൈയില്‍ കിട്ടിയപ്പോള്‍ സി.പി.എം സന്തോഷിച്ചത് സ്വാഭാവികം. 'തങ്ങളെ ഇങ്ങോട്ട് സഹായിച്ചവരെ ഞങ്ങള്‍ അങ്ങോട്ടും സഹായിക്കും' എന്ന ഫോര്‍മുല കാരന്തൂര്‍ മര്‍കസ് മജ്ലിസില്‍ ഉരുവംകൊള്ളുന്നത് ഈ സന്ദര്‍ഭത്തിലാണ്. ഇക്കാര്യത്തില്‍ ദൈവിക മാര്‍ഗദര്‍ശനം എന്താണെന്നതിനെക്കുറിച്ച് പരിചിന്തനം നടത്തുകപോലും ചെയ്തിട്ടില്ല എന്ന് വ്യക്തം. കറകളഞ്ഞ ഏകദൈവവിശ്വാസമാണ് ഇസ്ലാമിക പ്രത്യയശാസ്ത്രത്തിന്റെ ആധാരശില. അതിനോട് ചേര്‍ന്നുനില്‍ക്കുന്നതിനെ അതിന്റെ തൂക്കവും തോതുമനുസരിച്ച് പിന്താങ്ങുകയും അനുകൂലിക്കുകയും ചെയ്യുക എന്നതാണ് ഇസ്ലാമിന്റെ സമീപനം. പ്രത്യുപകാരം എന്ന ആശയം ഇതിന്റെ നാലയലത്തുപോലും പരിഗണന അര്‍ഹിക്കുന്നില്ല. താങ്കളെ അറേബ്യയുടെ സുല്‍ത്താനായി അവരോധിക്കാം, അറബി പെണ്‍കുട്ടികളില്‍ ഏറ്റവും സുന്ദരിയായ ഒന്നിനെ വിവാഹം ചെയ്തുതരാം എന്നൊക്കെ പറഞ്ഞ് ശത്രുപക്ഷം സമീപിച്ചപ്പോള്‍ അത്തരം ഓഫറുകളെല്ലാം പ്രവാചകന്‍ ഫയലില്‍പോലും സ്വീകരിക്കാതെ തള്ളിക്കളയുകയായിരുന്നു. എന്നല്ല, റോമാ-പേര്‍ഷ്യന്‍ സാമ്രാജ്യങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ദൈവത്തിലും ദൈവിക ഗ്രന്ഥങ്ങളിലും മൗലികമായി വിശ്വസിക്കുന്ന റോമക്കാരായ ക്രൈസ്തവപക്ഷത്തെ അനുകൂലിച്ച് വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായി. ഏകദൈവത്തെയും അവന്റെ ദിവ്യഗ്രന്ഥങ്ങളെയും അംഗീകരിക്കുന്നതിന്റെ തോതനുസരിച്ചാണ് ഒരിസ്ലാമിക സംഘടന അന്യരുമായി ബന്ധങ്ങളെ രൂപപ്പെടുത്തേണ്ടത് എന്നതിന് കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ല. തുടര്‍ന്ന് കാന്തപുരം പനപോലെ വളര്‍ന്നു. ആ വളര്‍ച്ചയില്‍ ഇപ്പോള്‍ മനുഷ്യന്റെ സാമാന്യ ബുദ്ധിയെപ്പോലും പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുക മാത്രമല്ല, ക്രമസമാധാനപ്രശ്നമാകുമാറ് ഭീഷണമായവിധം സമൂഹത്തെ ഭയപ്പെടുത്തുകയും ചെയ്യുകയാണ്.
മുഹമ്മദ് നബി കാന്തപുരം ഗ്രൂപ്പിന്റെയോ മറ്റേതെങ്കിലും വിഭാഗത്തിന്റെയോ കുത്തകയല്ല. അദ്ദേഹത്തിന്റെ അനുശാസനം അനുധാവനം ചെയ്യാനും ആ വിശ്വാസത്തില്‍ അസംബന്ധങ്ങള്‍ കടത്തിക്കൂട്ടിയാല്‍ അത് അസംബന്ധങ്ങളാണെന്ന് വിളിച്ചുപറയാനും ആര്‍ക്കും അവകാശമുണ്ട്. വ്യാജ കറന്‍സി കൈയില്‍പെട്ടാല്‍ അത് പൊലീസില്‍ ഏല്‍പിക്കാന്‍ മുസ്ലിമായിക്കൊള്ളണമെന്നില്ല; വ്യാജ ഡോക്ടറെ ഓടിച്ചുപിടിക്കാന്‍ ഐ.എം.എയുടെ സമ്മതം ആവശ്യമില്ല. വ്യാജ സിദ്ധന്മാരെ പിടികൂടാന്‍ എല്ലാവരും മതപണ്ഡിതരാകേണ്ടതില്ല. ബുദ്ധിക്കും യുക്തിക്കും നിരക്കാത്ത അസംബന്ധങ്ങള്‍, ബുദ്ധിക്കും യുക്തിക്കും അങ്ങേയറ്റം പരിഗണന നല്‍കുന്ന ഇസ്ലാമില്‍ കലര്‍ത്തുമ്പോള്‍ അത്തരം മുടിക്കെട്ടുകള്‍ എടുത്തുപുറത്തിടാന്‍ പിണറായി വിജയന്‍ വെല്ലൂരില്‍ പോയി കിതാബോതി എം.എഫ്.ബി പട്ടം അണിയേണ്ടതായിട്ടില്ല.
കാന്തപുരത്തിന്റെ കൈവശമുള്ള മുടി പ്രവാചകന്റേതാണെന്ന് തെളിയിക്കുന്നതില്‍ അദ്ദേഹം ഇതുവരെയും വിജയിച്ചിട്ടില്ല. 'ആലം ദുനിയാവില്‍'വെച്ചദ്ദേഹത്തിന് സാധിക്കുമെന്നും തോന്നുന്നില്ല. അതിരിക്കട്ടെ, മുടി ആരുടേതായാലും അത് കത്തുമെന്ന് പിണറായി വിജയന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്? മുഹമ്മദ് നബിക്ക് പ്രവാചകത്വം ലഭിച്ചതില്‍പിന്നെ അദ്ദേഹം താഇഫിലേക്ക് മതപ്രബോധനത്തിനായി പോയി. അവിടത്തെ ജനം പ്രവാചകനെ എറിഞ്ഞോടിച്ചു. ഏറുകൊണ്ട് അദ്ദേഹത്തിന്റെ നെറ്റിയില്‍നിന്ന് രക്തം വാര്‍ന്നൊഴുകി. ഈ ഏറ് തീപ്പന്തംകൊണ്ടായിരുന്നെങ്കില്‍ പ്രവാചകന് ഏല്‍ക്കുമായിരുന്നോ ഇല്ലേ? ഉഹ്ദ് യുദ്ധത്തില്‍വെച്ച് ശത്രുക്കളുടെ ആക്രമണത്തില്‍ പ്രവാചകന്റെ മുന്‍വരിയിലെ പല്ല് മുറിഞ്ഞു. അങ്കിയുടെ ഭാഗം തട്ടിയാണ് മുറിവ് സംഭവിച്ചത്. യുദ്ധത്തില്‍ പ്രവാചകന്‍ വധിക്കപ്പെട്ടു എന്നുവരെ കിംവദന്തി പരന്നു. അപ്പോള്‍ പ്രവാചകന് ഏറ് കൊള്ളും, ശക്തമായ ഏറുകൊണ്ടാല്‍ തിരുശരീരം വ്രണപ്പെടും, രക്തം ഒഴുകും, ദന്തഭ്രംശം സംഭവിക്കും -പക്ഷേ, തീവെച്ചാലോ തീപ്പന്തംകൊണ്ട് എറിഞ്ഞാലോ ഫലിക്കില്ല എന്ന് എവിടത്തെ ന്യായമാണ്?
പ്രവാചകരുടെ ശരീരം നരകാഗ്നിക്ക് (നാര്‍) നിഷിദ്ധമാണ് എന്നുപറഞ്ഞതിന്റെ അര്‍ഥം ഒരു പ്രവാചകനും നരകത്തില്‍ കിടക്കേണ്ടിവരില്ല എന്നുമാത്രമാണ്. അല്ലാതെ, ഇഹലോകത്തുവെച്ച് പെട്രോള്‍ ഒഴിച്ച് കത്തിച്ചാല്‍ പ്രവാചകന്റെ ഒരു രോമംപോലും കത്തുകയോ കരിയുകയോ ഇല്ല എന്ന അര്‍ഥത്തിലല്ല. വിശുദ്ധ ഖുര്‍ആനിലോ പ്രമാണയോഗ്യമായ ഹദീസുകളിലോ അത്തരം ഒരു പരാമര്‍ശവുമില്ല.

എല്ലാം ഒരു മുടിയെച്ചൊല്ലി

മാധ്യമം ദിപ്പത്രത്തിന്റെ ഇന്നത്തെ എഡിറ്റോറിയൽ

എല്ലാം ഒരു മുടിയെച്ചൊല്ലി


മഹാനായ പ്രവാചകന്റേത് എന്ന് അവകാശപ്പെടുന്ന കേശത്തെച്ചൊല്ലി മലബാറില്‍ ഏതാനും മാസങ്ങളായി തുടരുന്ന വിവാദത്തില്‍ സി.പി.എം സെക്രട്ടറി പിണറായി വിജയന്‍കൂടി ബോധപൂര്‍വമോ അല്ലാതെയോ കക്ഷിചേര്‍ന്നതോടെ അത് പുതിയ മാനം കൈവരിച്ചിരിക്കുന്നു. സി.പി.എം 20ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട 'വാഗ്ഭടാനന്ദ ഗുരുവും കേരളീയ നവോത്ഥാനവും' എന്ന സെമിനാറില്‍ പ്രസംഗിക്കെ, മതമേധാവികള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതായി കുറ്റപ്പെടുത്തിയ പിണറായി അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചുവരുകയാണെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി. അക്കൂട്ടത്തില്‍ 'മുടി കത്തുമെന്നും ഇല്ലെന്നുമുള്ള തര്‍ക്കമാണിപ്പോള്‍ നടക്കുന്നത്; ഏത് മുടിയും കത്തുമെന്ന കാര്യത്തില്‍ സംശയമില്ല' എന്നൊരു പരാമര്‍ശം നടത്തിയതാണ് രൂക്ഷമായ പ്രതികരണം ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. തിരുകേശത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ പിണറായി വിജയന് അധികാരമില്ലെന്ന് പ്രതികരിച്ച അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമാ മേധാവി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍, രാഷ്ട്രീയക്കാര്‍ മതത്തിന്റെ കാര്യത്തില്‍ ഇടപെടേണ്ടെന്നും അത് വര്‍ഗീയതയും ഛിദ്രതയുമുണ്ടാക്കുമെന്നും മുന്നറിയിപ്പ് നല്‍കി. പ്രവാചകനെ അനുസരിക്കാനല്ലാതെ തന്റെ ശാരീരികമാലിന്യങ്ങള്‍ സൂക്ഷിക്കാനല്ല അദ്ദേഹം ആവശ്യപ്പെട്ടതെന്ന് മറുപടി നല്‍കിയ പിണറായി വിജയന്‍ ആരെങ്കിലും അത് സൂക്ഷിക്കുന്നതില്‍ തനിക്കെതിര്‍പ്പില്ലെന്നും വ്യക്തമാക്കി. വിവാദം മറ്റു സംഘടനകളും വ്യക്തികളും ഏറ്റുപിടിച്ചതോടെ കേശം ഇഷ്യൂ ഒരിക്കല്‍കൂടി രംഗം കൊഴുപ്പിക്കുകയാണ്.
രാജ്യത്താകെയും ഓരോ സമുദായത്തിലും വിഭാഗത്തിലും ചര്‍ച്ചക്കും സംവാദങ്ങള്‍ക്കും വിഷയീഭവിക്കേണ്ട ഒട്ടേറെ ജീവല്‍പ്രശ്നങ്ങള്‍ക്ക് നടുവിലാണിപ്പോള്‍ അത്യന്തം ബാലിശമായ കേശക്കാര്യം ആനക്കാര്യമായി ഉയര്‍ന്നിരിക്കുന്നത് എന്നത് കേരളീയ സമൂഹത്തിന്റെ ബോധമണ്ഡലത്തെതന്നെ പരിഹസിക്കുന്നതാണ്. മുസ്ലിം സമൂഹത്തെ മാത്രമായെടുത്താലും ലോകത്ത് 130 കോടിയോളം വരുന്ന ഈ സമുദായം സാമ്രാജ്യത്വത്തിന്റെയും സയണിസത്തിന്റെയും ഫാഷിസത്തിന്റെയും യോജിച്ച ആക്രമണങ്ങള്‍ക്കുമുന്നില്‍ പതറി, സംയോജിതവും ശക്തവുമായ പ്രതിരോധംപോലും സാധ്യമാവാതെ പകച്ചുനില്‍ക്കുന്നു. ഇന്ത്യയില്‍ മാത്രമെടുത്താല്‍ ദാരിദ്യ്രവും നിരക്ഷരതയും തൊഴിലില്ലായ്മയും രോഗങ്ങളും ഇത്ര അളവില്‍ വേട്ടയാടുന്ന സാംസ്കാരിക വിഭാഗങ്ങള്‍ വേറെയില്ലെന്നാണ് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി അതിന്റെ റിപ്പോര്‍ട്ടില്‍ അടയാളപ്പെടുത്തിയത്. ഏകശിലാമുഖമായ സാംസ്കാരികാധിനിവേശത്തിന്റെ വക്താക്കള്‍ രാജ്യത്തിലെ ഏറ്റവും വലിയ ഈ മതന്യൂനപക്ഷത്തിന്റെ ഭരണഘടനാദത്തമായ അവകാശങ്ങള്‍ക്കുനേരെ ഉയര്‍ത്തുന്ന നാനാവിധ വെല്ലുവിളികള്‍ പുറമെയും. ദേശക്കൂറ് നിരന്തരം ചോദ്യം ചെയ്യപ്പെട്ടും തീവ്രവാദ-ഭീകരതാമുദ്രകള്‍ ചാര്‍ത്തപ്പെട്ടും അരക്ഷിതബോധത്തില്‍ കഴിയേണ്ട അവസ്ഥയുമുണ്ട് മുസ്ലിം യുവാക്കള്‍ക്ക്. ഇതുപോലുള്ള മൗലികപ്രശ്നങ്ങള്‍ രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെയും മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ പരിഹരിക്കാന്‍ ഭിന്നതകള്‍ക്കതീതമായി ഒന്നിക്കേണ്ട സമുദായത്തിലെ നേതാക്കളും പണ്ഡിതരും ഇപ്പോഴും മൂഢവിശ്വാസാചാരങ്ങളില്‍ അവരെ തളച്ചിടാനും വിലയേറിയ സമയവും അധ്വാനവും സമ്പത്തും അതിനായി ദുര്‍വിനിയോഗം ചെയ്യാനുമാണ് മാത്സര്യബുദ്ധിയോടെ രംഗത്തിറങ്ങിയിരിക്കുന്നത് എന്ന തിക്ത യാഥാര്‍ഥ്യം വേദനാജനകവും ലജ്ജാകരവുമാണ്.
പരിശുദ്ധ പ്രവാചകന്റെ തലമുടി ആരെങ്കിലും സൂക്ഷിച്ചിരിക്കാം, ഇല്ലായിരിക്കാം. സൂക്ഷിച്ചവര്‍തന്നെ അത് തലമുറകള്‍ക്ക് കൈമാറിയിരിക്കാം, ഇല്ലായിരിക്കാം. എന്തായാലും പതിനാല് നൂറ്റാണ്ട് കാലത്ത് ഒരിക്കലെങ്കിലും എവിടെയെങ്കിലും അതിന്റെ പേരില്‍ ഇവ്വിധം ഒരു വിവാദവും വെല്ലുവിളിയും രംഗം കൊഴുപ്പിച്ചതായി കേട്ടുകേള്‍വിയില്ല. സാങ്കല്‍പികമോ യഥാര്‍ഥമോ ആയ പ്രവാചകകേശത്തിന്റെ സംഭരണത്തിനും പ്രദര്‍ശനത്തിനുമായി ആരാധനാലയം പണിത സംഭവവും ചരിത്രത്തിന് അപരിചിതമാണ്. നിര്‍ദിഷ്ട ആരാധനാലയത്തിന് 40 കോടി മുടക്കുന്നതാകട്ടെ, ലാളിത്യത്തിന്റെയും മിതവ്യയത്തിന്റെയും അനാര്‍ഭാടത്തിന്റെയും മുഖമുദ്രയായ മഹാപ്രവാചകനെ അപമാനിക്കുന്നതിന് തുല്യവും. സഹികെട്ട്, ഈ വൈരുധ്യവും അനൗചിത്യവും ആരെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ അവരുടെനേരെയായി വികാരാവേശിതരായ കുഞ്ഞാടുകളുടെ കടന്നാക്രമണം.
നമ്മുടേത് ജനാധിപത്യ സാമൂഹിക ക്രമമാണെന്ന് ഓര്‍മിപ്പിക്കേണ്ടതില്ല. ജനാധിപത്യത്തില്‍ ആര്‍ക്കും എന്തിനെക്കുറിച്ചും അഭിപ്രായം പറയാം. പ്രകോപനത്തിനും സമാധാനഭഞ്ജനത്തിനും വഴിവെക്കരുതെന്നേയുള്ളൂ. സമാധാനപൂര്‍ണമായ ആശയസംവാദമാണ് ജനാധിപത്യത്തില്‍ അംഗീകൃതരീതി. 1986ല്‍ മാര്‍ക്സിസ്റ്റ് താത്ത്വികനായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാട് മതത്തിന്റെ അവിഭാജ്യഘടകമായ ശരീഅത്തിനെ വിമര്‍ശവിധേയമാക്കി. മുസ്ലിം കേരളം ഒറ്റക്കെട്ടായി അതിനെ ആശയപരമായും സമാധാനപരമായും നേരിട്ടു. ഒടുവില്‍ താന്‍ ശരീഅത്ത് പഠിച്ചിട്ടില്ലെന്ന് സമ്മതിച്ച് നമ്പൂതിരിപ്പാടുതന്നെ വിവാദത്തിന് വിരാമമിടുകയും ചെയ്തു. ഇക്കാര്യത്തില്‍ ഇ.എം.എസോ മറ്റുള്ളവരോ അഭിപ്രായം പറയേണ്ടെന്നും അവര്‍ക്കതിന് അധികാരമില്ലെന്നും മാത്രം ആരും പറഞ്ഞില്ല. അനാവശ്യവും അപ്രസക്തവുമായ കേശക്കാര്യം സമൂഹമധ്യേ വലിച്ചിഴക്കുകയും വന്‍ വിവാദവിഷയമാക്കുകയും ചെയ്ത ശേഷം, അതേപ്പറ്റി സി.പി.എം സെക്രട്ടറി പിണറായി വിജയനോ മറ്റു രാഷ്ട്രീയക്കാരോ അഭിപ്രായം പറയരുതെന്ന് ശാഠ്യം പിടിച്ചിട്ടെന്തുകാര്യം? മുടി ആരുടേതായാലും കത്തുമെന്ന് പിണറായി പറഞ്ഞപ്പോള്‍ അങ്ങനെയല്ലെന്ന് തെളിയിക്കേണ്ടത് വാക്കിലൂടെയല്ല, പ്രവൃത്തിയിലൂടെയാണെന്ന് ഏതു മന്ദബുദ്ധിക്കും മനസ്സിലാവേണ്ടതാണ്. ഏതായാലും എല്ലാ മതങ്ങളും രോമ മതങ്ങളാണെന്ന് പറയാന്‍ വൈക്കം മുഹമ്മദ് ബഷീറിനെ പ്രേരിപ്പിച്ചത് ഇത്തരം ബാലിശങ്ങളായ വികാരപ്രകടനങ്ങളാവുമോ?

Thursday, February 16, 2012

ഇത് ഞങ്ങളുടെ യേശു

ഇത് ഞങ്ങളുടെ യേശു

സെബാസ്റ്റ്യന്‍ പോള്‍

(ദേശാഭിമാനി വാരികയില്‍ നിന്ന്‍ )

കേരളത്തിലെ കത്തോലിക്കാ സഭ താലിബാനിസത്തിെന്‍റ പാതയിലേക്ക് നീങ്ങുന്നത് ഖേദകരമാണ്. യേശു കത്തോലിക്കര്‍ക്കുമാത്രം അവകാശപ്പെട്ടതെന്ന ശാഠ്യം ക്രൈസ്തവ വിരുദ്ധമാണെന്നു മാത്രമല്ല അപ്രായോഗികവുമാണ്. കണക്കെടുക്കാന്‍ കഴിയാത്തത്ര സഭാവിഭാഗങ്ങള്‍ ലോകമെങ്ങുമുള്ളപ്പോള്‍ കേരളത്തിലെ രണ്ടു റീത്തുകള്‍ക്കു മാത്രമായി യേശുവിനെക്കുറിച്ചുള്ള സ്മരണ പതിച്ചുനല്‍കാനാവില്ല. യേശുവിനെയും യേശുവിന്റെ പ്രബോധനങ്ങളെയും ഉള്‍ക്കൊണ്ട് ജീവിക്കുന്നവനാണ് ക്രിസ്ത്യാനി. ദൈവപുത്രനായ ക്രിസ്തുവിനൊപ്പം മനുഷ്യപുത്രനായ യേശുവും ചരിത്രത്തിെന്‍റ ഭാഗമാണ്. ആ ചരിത്രം മനുഷ്യകുലത്തിനു മുഴുവന്‍ അവകാശപ്പെട്ടതാണ്. ബേത്ലെഹെമില്‍ ജനിച്ച് പ്രബോധകനും പ്രക്ഷോഭകനുമായി യൂദയായില്‍ പ്രവര്‍ത്തിച്ച് പന്തിയോസ് പീലാത്തോസ് എന്ന റോമന്‍ ഗവര്‍ണറുടെ ഭരണകാലത്ത് കുരിശുമരണത്തിനു വിധിക്കപ്പെട്ട യേശുവിനെ ദൈവപുത്രനായി കാണുന്നതിന് വിശ്വാസികള്‍ക്ക് അവകാശമുള്ളതുപോലെ വിപ്ലവകാരിയായി കാണുന്നതിന് മറ്റുള്ളവര്‍ക്കും അവകാശമുണ്ട്.

അധ്വാനിക്കുന്നവരെയും ഭാരം ചുമക്കുന്നവരെയും സംഘടിപ്പിച്ച യേശുവിനെയാണ് റോമന്‍ സാമ്രാജ്യം ഭയന്നത്. സ്നേഹത്തിെന്‍റ സുവിശേഷവും സ്വര്‍ഗരാജ്യത്തെക്കുറിച്ചുള്ള വാഗ്ദാനവും സാമ്രാജ്യത്തെ ഭയപ്പെടുത്തേണ്ട കാര്യമില്ല. കുരിശുമരണം യഹൂദരുടെ ശിക്ഷാരീതിയല്ലായിരുന്നു. റോമന്‍ ശിക്ഷാനിയമം അനുസരിച്ച് മരണശിക്ഷ നടപ്പാക്കാനുള്ള ഉപകരണമായിരുന്നു കുരിശ്. യേശുവിന് ഒരു നൂറ്റാണ്ടുമുമ്പ് സ്പാര്‍ട്ടക്കസിനെയും അവര്‍ വധിച്ചത് കുരിശിലേറ്റിയായിരുന്നു. കാപുവ മുതല്‍ റോം വരെ പാതയോരത്ത് നാട്ടിയ കുരിശുകളില്‍ സ്പാര്‍ട്ടക്കസും അനുയായികളും അപമാനിതരായി തൂങ്ങിക്കിടന്നു. കലാപത്തിനു തുനിയുന്ന അടിമകള്‍ക്കുള്ള മുന്നറിയിപ്പായിരുന്നു അത്. അടിമകളുടെ വിയര്‍പ്പിലാണ് റോമാസാമ്രാജ്യത്തിെന്‍റ മഹിമ ഉയര്‍ന്നുനിന്നത്. ചെറിയ അസ്വസ്ഥതകള്‍പോലും സാമ്രാജ്യത്തെ ഭയപ്പെടുത്തി. റോമിെന്‍റ അധിനിവേശത്തിലായിരുന്നു യൂദയാ. അവിടെയും അധിനിവേശത്തിനെതിരെ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു തുടങ്ങിയ കാലത്താണ് യേശു ഒരു കൂട്ടം മുക്കുവരുമായി ആള്‍ക്കൂട്ടങ്ങളെ പ്രക്ഷുബ്ധമാക്കി മുന്നേറുന്ന കാഴ്ചയുണ്ടായത്. പൗരോഹിത്യത്തിനും വിപണിക്കുമെതിരെ കലഹിച്ച യേശു സമത്വസുന്ദരമായ നവലോകമാണ് അടിമകള്‍ക്കും അധിനിവേശിതര്‍ക്കും വാഗ്ദാനം ചെയ്തത്. വധിക്കപ്പെടുന്നതിന് ഇത്തരത്തില്‍ കാരണങ്ങള്‍ ഏറെയുണ്ടായിരുന്നു. ആ കാരണങ്ങള്‍ ഇന്നും പ്രസക്തമാണ്. അമേരിക്ക ഇസ്ലാമിനെതിരെ ഇന്ന് കാണിക്കുന്ന അസ്വസ്ഥത തന്നെയാണ് അടിമകളോടും യഹൂദരോടും അന്ന് റോം കാണിച്ചത്. യേശു എന്ന വിപ്ലവകാരിക്ക് അഭിവാദ്യം അര്‍പ്പിക്കുന്നതിനുള്ള അവകാശം ആര്‍ക്കും പരിമിതപ്പെടുത്താനാവില്ല.

മാര്‍ക്സ് നാസ്തികനായിരുന്നു. മനുഷ്യനെ അകാരണമായി വേദനിപ്പിക്കുന്ന ദൈവത്തിനെതിരെയുള്ള പ്രൊമീത്യന്‍ കലാപമായിരുന്നു മാര്‍ക്സിെന്‍റ നാസ്തികത്വം. നീഷെ, ഫ്രോയ്ഡ് എന്നിവര്‍ക്കൊപ്പം മതത്തെ അദ്ദേഹം സംശയത്തോടെ വീക്ഷിച്ചു. ശാസ്ത്രീയമായ ഭൗതികവാദത്തില്‍ അധിഷ്ഠിതമായ തത്വശാസ്ത്രമാണ് മര്‍ദിതര്‍ക്കും പീഡിതര്‍ക്കുംവേണ്ടി അദ്ദേഹം അവതരിപ്പിച്ചത്. തിന്മയ്ക്കു പകരം നന്മയെന്ന ആശയം യേശു മുന്നോട്ടുവച്ചു. തിന്മയെ, ആവശ്യമെങ്കില്‍ അക്രമം പ്രയോഗിച്ചും, ഉന്മൂലനം ചെയ്യണമെന്ന നിലപാടായിരുന്നു മാര്‍ക്സിന്റേത്. വാള്‍ ഉറയിലിടാനായിരുന്നു യേശുവിന്റെ നിര്‍ദേശം. വാളിെന്‍റ പ്രയോഗസാധ്യതയെക്കുറിച്ചാണ് മാര്‍ക്സ് ആലോചിച്ചത്. എന്നാല്‍ , വിപ്ലവത്തിെന്‍റ പാതയില്‍ നാസ്തിക്യം അവശ്യം വേണ്ടതായ ആയുധമായി മാര്‍ക്സ് കണ്ടിട്ടില്ല. ഇന്റര്‍നാഷണലിലെ അംഗത്വത്തിന് ദൈവനിഷേധം ഉപാധിയാക്കാന്‍ ശ്രമിച്ച റഷ്യന്‍ വിപ്ലവകാരി ബക്കുനിനെ മാര്‍ക്സ് തടയുകയാണുണ്ടായത്. മതങ്ങളോടുള്ള മനോഭാവമെന്തെന്ന ചോദ്യത്തിന് ഉത്തരം നല്‍കാതിരുന്ന എംഗല്‍സ് കത്തോലിക്കരെ പീഡിപ്പിക്കുന്ന ബിസ്മാര്‍ക്കിന്റെ നിയമങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു. മതത്തെ മാത്രമല്ല മതവിരുദ്ധതയേയും മാര്‍ക്സ് എതിര്‍ത്തു. ജനാധിപത്യക്രമത്തില്‍ അതിവേഗം സ്വീകാര്യമായിക്കൊണ്ടിരിക്കുന്ന മതനിരപേക്ഷതയോട് ഉള്‍ച്ചേര്‍ന്നു നില്‍ക്കുന്ന സമീപനമായിരുന്നു ഇക്കാര്യത്തില്‍ മാര്‍ക്സിന്റേത്. മതത്തെ വേദനയകറ്റുന്ന ലേപനമായി മാര്‍ക്സ് കണ്ടു. ചരിത്രപരമായ സന്ദര്‍ഭത്തില്‍നിന്ന് അനുചിതമായി ചുരണ്ടിയെടുത്ത കറുപ്പില്‍ മാര്‍ക്സിെന്‍റ ദര്‍ശനം അവ്യക്തമായി. വികലമാക്കപ്പെട്ട വിശകലനങ്ങളില്‍ കമ്യൂണിസം ദൈവനിഷേധമായി വ്യാഖ്യാനിക്കപ്പെട്ടു. അധ്വാനിക്കുന്നവര്‍ക്ക് യേശു വാഗ്ദാനം ചെയ്തത് സമാശ്വാസമാണ്. അധ്വാനിക്കുന്നവര്‍ക്ക് മാര്‍ക്സിെന്‍റ വാഗ്ദാനം വിമോചനമാണ്. സമാശ്വാസത്തിനപ്പുറമാണ് വിമോചനം.

ദൈവരാജ്യത്തെക്കുറിച്ചല്ല, മനുഷ്യന്‍ ജീവിക്കുന്ന ഈ ലോകത്തെക്കുറിച്ചാണ് മാര്‍ക്സ് ചിന്തിച്ചത്. രണ്ടും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകാം; പക്ഷേ ശത്രുത ഉണ്ടാകേണ്ടതില്ല. മതം മനുഷ്യന്റെ കറുപ്പാണെന്ന പ്രയോഗം മാര്‍ക്സിസത്തിനെതിരെയുള്ള പ്രചാരണത്തില്‍ മതവിശ്വാസികള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കറുപ്പിനെക്കുറിച്ചുള്ള ധാരണ മാറുന്നതനുസരിച്ച് ഈ പ്രസ്താവനയുടെ അര്‍ഥത്തിലും മാറ്റം വരുന്നു. തങ്ങളുടെ ദരിദ്രാവസ്ഥയ്ക്കും ദൈന്യതയ്ക്കും സാങ്കല്‍പികമായ സമാശ്വാസം കണ്ടെത്താനുള്ള മനുഷ്യവാസനയെയാണ് മാര്‍ക്സ് വിമര്‍ശിച്ചത്. ഓപിയം എന്നതിനു പകരം വാലിയം എന്ന പദമാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇത്ര ആക്ഷേപം ഉണ്ടാകില്ലായിരുന്നു. മാര്‍ക്സിെന്‍റ കാലത്ത് കറുപ്പ് നിഷിദ്ധമായിരുന്നില്ല. ധനികര്‍ക്കുമാത്രം പ്രാപ്യമായ വസ്തുവായിരുന്നു അത്. അതിനു ശേഷിയില്ലാത്ത ദരിദ്രര്‍ സമാശ്വാസത്തിനുവേണ്ടി മതത്തെ ആശ്ലേഷിച്ചു. ധ്യാനാലയങ്ങളിലും അനുഷ്ഠാനവേദികളിലും ഭക്തര്‍ അനുഭവിക്കുന്ന അവാച്യമായ നിര്‍വൃതിയെന്തോ അതാണ് മാര്‍ക്സിെന്‍റ ഭാഷയിലെ കറുപ്പ്. ദൈവവിശ്വാസമോ ദൈവനിഷേധമോ നാസ്തികനായ മാര്‍ക്സിെന്‍റ ദര്‍ശനത്തെ സ്വാധീനിച്ചില്ല. ദൈവത്തെ ധിക്കരിച്ചുകൊണ്ട് മനുഷ്യനെ സ്നേഹിച്ച പ്രൊമിത്യൂസിനെ ദാര്‍ശനികതലത്തില്‍ വിശുദ്ധനായി സ്വീകരിച്ച മാര്‍ക്സ് ദൈവനിഷേധത്തിെന്‍റ അടിസ്ഥാനത്തിലല്ല ശാസ്ത്രീയ സോഷ്യലിസം രൂപപ്പെടുത്തിയത്. ചരിത്രപരമായി മതവിരുദ്ധത ബോള്‍ഷെവിക് വിപ്ലവത്തിന്റെ അനുബന്ധമാണ്. കുരിശുയുദ്ധങ്ങളിലും ഹിറ്റ്ലറുടെ വിഷപ്പുരകളിലും മതത്തിെന്‍റ പേരില്‍ സംഭവിച്ചതിനേക്കാള്‍ എത്രയോ ലഘുവായിരുന്നു സോവിയറ്റ് യൂണിയനില്‍ ലെനിന്റെയും സ്റ്റാലിന്റെയും കാലത്ത് സംഭവിച്ചതായി പറയപ്പെടുന്ന അത്യാചാരങ്ങള്‍ .

അയര്‍ലണ്ടില്‍ കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും തമ്മിലുള്ള നിരന്തരയുദ്ധങ്ങളില്‍ ചൊരിഞ്ഞ അത്രയും ക്രൈസ്തവരക്തം സോവിയറ്റ് യൂണിയനില്‍ വീണിട്ടില്ല. മതനിരപേക്ഷ സമൂഹത്തില്‍ മതവിമുക്തമായി മാര്‍ക്സിസത്തിനു പ്രവര്‍ത്തിക്കാന്‍ കഴിയും. ഇതുതന്നെയാണ് ഭരണഘടനയുടെ അനുശാസന. വിശ്വാസികളുടെ വിശ്വാസത്തെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ മാര്‍ക്സിസ്റ്റ് പാര്‍ടി മതത്തെ ആക്രമിക്കുന്നില്ല. മതാധിഷ്ഠിതമായ രാഷ്ട്രീയപ്രസ്ഥാനങ്ങളാണ് ഇതര മതങ്ങള്‍ക്ക് ഇടം നല്‍കാത്തത്. പള്ളിയും പാര്‍ടിയും അപഭ്രംശങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്. പക്ഷേ ഇരുവരും പാവങ്ങള്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നത്. ധനികന് സ്വര്‍ഗരാജ്യം നിഷേധിക്കുന്ന യേശുവും പാവങ്ങളുടെ സ്വര്‍ഗരാജ്യം ഈ ഭൂമിയില്‍ സ്ഥാപിതമാക്കാന്‍ യത്നിക്കുന്ന മാര്‍ക്സും വിരുദ്ധചേരികളില്‍ നില്‍ക്കേണ്ടവരല്ല. മൂലധനത്തിന്റെ ആധിപത്യത്തിനും വിപണിയുടെ സംസ്കാരത്തിനും കീഴ്പ്പെടേണ്ടവരല്ല ക്രൈസ്തവരും കമ്യൂണിസ്റ്റുകാരും.

ദേവാലയത്തിലെ ക്രയവിക്രയക്കാര്‍ക്കും നാണയമാറ്റക്കാര്‍ക്കുമെതിരെ ചുഴറ്റപ്പെട്ട ചാട്ട ആത്മീയതയില്ലാത്ത ആധുനിക മുതലാളിത്തത്തിനെതിരെ വീശുന്നതിനുള്ള ബാധ്യത സഭയ്ക്കുണ്ട്. നശിപ്പിക്കപ്പെട്ട ബാബിലോണ്‍ പങ്കിലമായ വിപണിയുടെ പ്രതീകമാണ്. ക്രിസ്തുമതത്തിെന്‍റ ബൂര്‍ഷ്വാവല്‍ക്കരണത്തിനെതിരെ മാര്‍ക്സിസ്റ്റുകാരും മാര്‍ക്സിസത്തിെന്‍റ ബൂര്‍ഷ്വാവല്‍ക്കരണത്തിനെതിരെ ക്രൈസ്തവ വിശ്വാസികളും യോജിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. വിശ്വാസത്തെ മാറ്റിനിര്‍ത്തി വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ പാര്‍ടി തയാറാകുമ്പോള്‍ സാധ്യതകളെ പ്രയോജനപ്പെടുത്തുന്ന സമീപനമാണ് ക്രൈസ്തവസഭകള്‍ സ്വീകരിക്കേണ്ടത്. അന്നന്നു വേണ്ടതായ ആഹാരത്തിനുവേണ്ടി പ്രാര്‍ഥിക്കാനാണ് യേശു പഠിപ്പിച്ചത്. കൂട്ടായ പ്രാര്‍ഥന സ്വന്തം ആഹാരത്തിനുവേണ്ടി മാത്രമുള്ളതല്ല. അധ്വാനം മാത്രം കൈമുതലായ മനുഷ്യന് ആഹാരം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് മാര്‍ക്സ് നിര്‍ദേശിച്ചത്. അപരെന്‍റ ആഹാരം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന തിരിച്ചറിവാണ് ഇരുവരും നല്‍കുന്നത്. പ്രാര്‍ഥന പ്രവര്‍ത്തനത്തെ നിരാകരിക്കുന്നില്ല. വിശ്വാസിയുടെ പ്രാര്‍ഥനയില്‍ വിപ്ലവമുണ്ട്. വിപ്ലവകാരിയുടെ പ്രവര്‍ത്തനത്തില്‍ ആത്മീയതയുണ്ട്. വിശ്വാസിയുടെ പ്രാര്‍ഥനയും വിപ്ലവകാരിയുടെ ജീവിതവും അപരനുവേണ്ടിയുള്ളതാണ്. അതുകൊണ്ടാണ് മദര്‍ തെരേസയുടെ പ്രാര്‍ഥനയില്‍ വിപ്ലവകാരികള്‍ പങ്കുചേര്‍ന്നത്. അയല്‍ക്കാരനുവേണ്ടിയുള്ള സമര്‍പ്പണത്തില്‍ നിന്നാണ് രക്തസാക്ഷികള്‍ ഉണ്ടാകുന്നത്. ലോകം ആത്യന്തികമായി ജനാധിപത്യത്തിന്റെ പരിപൂര്‍ണതയിലേക്കാണ് നീങ്ങുന്നത്.

മൂലധനത്തിന്റെ ഉടമകളും പേഗനിസത്തിെന്‍റ തിരിച്ചുവരവിന് വഴിയൊരുക്കുന്ന മതതീവ്രതയും ചേര്‍ന്ന് ഹൈജാക് ചെയ്യുന്ന ജനാധിപത്യത്തിലല്ല ലോകത്തിെന്‍റ പ്രതീക്ഷ. വര്‍ഗസമരത്തിന്റെ ജയമുഹൂര്‍ത്തത്തില്‍ സ്ഥാപിതമാകുന്ന ജനാധിപത്യ സ്വര്‍ഗത്തില്‍ സമാഗമിക്കേണ്ടവരാണ് മതവിശ്വാസികളും മാര്‍ക്സിസ്റ്റുകാരും. ആ യാത്രയില്‍ ദൈവനാമത്തിെന്‍റ സ്ഥാനത്തും അസ്ഥാനത്തുമുള്ള ഉരുവിടല്‍ അപ്രസക്തമാണ്. സ്വര്‍ഗത്തെക്കൊണ്ടും ഭൂമിയെക്കൊണ്ടും ആണയിടരുതെന്ന് സുവിശേഷം പറയുന്നു. അങ്ങനെയെങ്കില്‍ ദൈവനാമത്തിലെ പ്രതിജ്ഞയ്ക്ക് എന്തര്‍ഥം? ദൈവനാമം ഉരുവിടുന്ന കപടനാട്യത്തെ വിശ്വാസമായി കാണുന്നത് അബദ്ധമാണ്. ദൈവനാമത്തില്‍ പ്രതിജ്ഞയെടുക്കുന്നില്ല എന്നതാണ് കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥികള്‍ക്കും ജനപ്രതിനിധികള്‍ക്കും എതിരെയുള്ള ആക്ഷേപം. 'നിങ്ങളുടെ വാക്ക് അതേ എന്നോ അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളത് ദുഷ്ടനില്‍നിന്നു വരുന്നു' എന്ന് ബൈബിള്‍ പറയുന്നു. സെക്കുലര്‍ വ്യവസ്ഥയില്‍ ഭരണഘടനാപരമായ ചുമതലകള്‍ നിര്‍വഹിക്കുന്നവര്‍ സ്വന്തം വാക്കിലാണ് വിശ്വാസം അര്‍പ്പിക്കേണ്ടത്. അതേ എന്നു പറയേണ്ടിടത്ത് അതേ എന്നും അല്ല എന്ന് പറയേണ്ടിടത്ത് അല്ല എന്നും പറയാന്‍ കഴിഞ്ഞാല്‍ പ്രത്യയശാസ്ത്രദുഃഖങ്ങള്‍ക്കും വിശ്വാസപരമായ പ്രതിസന്ധികള്‍ക്കും ശമനമുണ്ടാകും. വിശ്വാസം സ്വകാര്യതയാണ്. പൊതുമണ്ഡലത്തില്‍ വിശ്വാസത്തെ പ്രതിഷ്ഠിക്കുമ്പോഴാണ് സംഘര്‍ഷമുണ്ടാകുന്നത്.

എല്ലാ വിശ്വാസങ്ങള്‍ക്കും ഇടം നല്‍കാന്‍ മതനിരപേക്ഷമായ പൊതുസമൂഹം തയാറാണ്. അതുകൊണ്ടാണ് ദേശീയഗാനം ആലപിക്കാതിരിക്കാന്‍ യഹോവ സാക്ഷികള്‍ക്കും ശാബത്ത് കഴിഞ്ഞ് പരീക്ഷയെഴുതാന്‍ സെവന്‍ത് ഡേ അഡ്വെന്റിസ്റ്റുകള്‍ക്കും അനുവാദം നല്‍കുന്നത്. ഈ വിട്ടുവീഴ്ചകളെ നന്മയായി കാണാന്‍ വിശ്വാസികള്‍ക്ക് കഴിയണം. വിശ്വാസം മൗലികമാകുമ്പോള്‍ സമീപനം തീവ്രമാകുന്നു. ജനാധിപത്യത്തിന്റെ നിരാസമാണ് തീവ്രവാദം. മറ്റാര്‍ക്കും ഇടം നല്‍കാത്തവരാണ് തീവ്രവാദികള്‍ . ജനാധിപത്യപരമായ പരിസരത്തിന്റെ സൃഷ്ടിക്കുവേണ്ടിയാണ് മതനിരപേക്ഷമായ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ആ പ്രവര്‍ത്തനത്തെ മതവിരുദ്ധമായി വ്യാഖ്യാനിക്കുന്നതാണ് തെറ്റ്. ഭരണഘടനയുടെ കൃത്യമായ വായനയിലൂടെയാണ് മതസ്വാതന്ത്ര്യത്തിെന്‍റ അതിരുകള്‍ നിര്‍ണയിക്കപ്പെടേണ്ടത്. കോടതിയുടെ വിട്ടുവീഴ്ചകളെ ദുര്‍വ്യാഖ്യാനം ചെയ്തുണ്ടാക്കിയ അമിതസ്വാതന്ത്ര്യത്തിന്റെ ദുരുപയോഗമാണ് അന്തരീക്ഷത്തെ കലുഷമാക്കുന്നത്. ഗത്സേമനിയില്‍ യേശുവിന്റെ ആജ്ഞയനുസരിച്ച് പത്രോസ് വാള്‍ ഉറയിലിട്ടു. പത്രോസിെന്‍റ സിംഹാസനം ആ വാളിെന്‍റ ഉടമയാണ്. സാമ്രാജ്യത്വത്തിെന്‍റ സേവകനെതിരെ ഉയര്‍ന്ന വാളാണത്. അത് എക്കാലവും ഉറയില്‍ സൂക്ഷിക്കാനുള്ളതല്ല.

വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കുമെന്നറിയാത്തവരല്ല മാര്‍ക്സിസ്റ്റുകാര്‍ . അവരുടെ ജീവത്യാഗം അപരനുവേണ്ടിയുള്ളതാണ്. അപരനുവേണ്ടി ചിന്തപ്പെടുന്ന ചോരയില്‍ ഒരുമിക്കേണ്ടവരാണ് വിശ്വാസികളും വിപ്ലവകാരികളും. യേശു അനുഭവമാണ്. എല്ലാ വിപ്ലവകാരികളും പങ്കുവയ്ക്കപ്പെടേണ്ടതായ അനുഭവമാക്കി സ്വന്തം ജീവിതത്തെ മാറ്റിയവരാണ്. പ്രൊമിത്യൂസിന്റെ കരള്‍ പിളരുന്ന വേദന മാര്‍ക്സിന് നവദര്‍ശനത്തിെന്‍റ ചെങ്കതിര്‍ വീശുന്ന അനുഭവമായി. സ്പാര്‍ട്ടക്കസ് സോവിയറ്റ് യൂണിയന്റെ വിപ്ലവാഭിമുഖ്യത്തെ ത്രസിപ്പിച്ച അനുഭവമായി. കുരിശിലേറിയ യേശു മര്‍ദിതര്‍ക്കും പീഡിതര്‍ക്കും അനുഭവിക്കാനുള്ള സുവിശേഷമാണ്. വിപ്ലവത്തിന്റെ പാതയോരങ്ങളില്‍ ആ അനുഭവസാക്ഷ്യം കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ യേശുവിനെ അള്‍ത്താരയിലെ ബന്ധനത്തില്‍ മാത്രം കാണുന്നവര്‍ക്ക് ആശങ്കയുണ്ടാകും. അത് അവരുടെ യേശു. വിമോചകനും വിപ്ലവകാരിയുമായ യേശു മര്‍ദിതരുടെയും പീഡിതരുടെയും അനുഭവമാണ്; ചരിത്രം അവര്‍ക്കായി നല്‍കുന്ന സ്വത്താണ്. മനുഷ്യപുത്രനെ തങ്ങളുടെ സ്വന്തം സഖാവായി അവര്‍ സ്വീകരിക്കുമ്പോള്‍ ആര്‍ക്കാണ് ആ അനുഭവത്തെ നിഷേധിക്കാന്‍ കഴിയുക? ചരിത്രത്തിന് സഭയുടെ ഇംപ്രിമാത്തൂര്‍ ആവശ്യമില്ല.
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്