വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Wednesday, January 11, 2012

മൂല്യം ഇടിയുന്ന ഇന്ത്യന്‍ രൂപ

മൂല്യം ഇടിയുന്ന ഇന്ത്യന്‍ രൂപ
പ്രൊ.കെ.എൻ.ഗംഗാധരൻ
ദേശാഭിമാനി
Posted on: 11-Jan-2012 12:24 AM

കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ഒരു ഡോളറിന് 44.46 രൂപ കൊടുത്താല്‍ മതിയായിരുന്നു. ഈ വര്‍ഷം ജനുവരി രണ്ടിന് 53.30 രൂപ കൊടുത്താലേ ഒരു ഡോളര്‍ പകരം കിട്ടൂ. രൂപയുടെ വാങ്ങല്‍ശേഷി അഥവാ കൈമാറ്റമൂല്യം ഇടിഞ്ഞു എന്നാണ് ഇതിനര്‍ഥം. വാസ്തവത്തില്‍ കുറച്ചുമാസങ്ങളായി ഡോളറും (പൗണ്ടും യെന്നും മാര്‍ക്കും ഫ്രാങ്കും) രൂപയും തമ്മിലെ വിനിമയനിരക്ക് ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. മുഖ്യമായും രണ്ട് കാരണങ്ങള്‍ ഇതിനുണ്ട്. ഒന്ന്, ആഗോള സാമ്പത്തിക പ്രതിസന്ധി. രണ്ട്, കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്ന സാമ്പത്തിക നയം. ആദ്യത്തേത് പരിഹരിക്കാന്‍ ഇന്ത്യക്കാവില്ല. പക്ഷേ, രണ്ടാമത്തേത് തിരുത്താനാകും. അതുവഴി രൂപയുടെ വിനിമയ നിരക്കിലെ ചാഞ്ചാട്ടം നിയന്ത്രിക്കാനും. പക്ഷേ, അതിനായി സാമ്പത്തിക നയം തിരുത്തണമെന്നുമാത്രം. മുമ്പ് നിശ്ചിത നിരക്കിലായിരുന്നു ഡോളറും (മറ്റ് വിദേശ കറന്‍സികളും) രൂപയും തമ്മിലെ കൈമാറ്റം. എന്നാല്‍ ഇപ്പോള്‍ വ്യാപാരാവശ്യത്തിന് ഉപയോഗിക്കുന്ന കറന്‍സികളുടെ വിനിമയനിരക്ക് നിര്‍ണയിക്കുന്നത് കറന്‍സികളുടെ ലഭ്യതയും ആവശ്യവും പരിഗണിച്ചാണ്. അമേരിക്കയിലേക്ക് സാധനങ്ങളും സേവനങ്ങളും കയറ്റുമതി നടത്തുമ്പോള്‍ പകരം ഡോളര്‍ കിട്ടും. അമേരിക്കയില്‍നിന്ന് ഇറക്കുമതിചെയ്യുമ്പോള്‍ ഡോളര്‍ കൊടുക്കണം. എത്ര ഡോളര്‍ കൊടുക്കണം എന്നത് ഡോളറും രൂപയും തമ്മിലെ വിനിമയ നിരക്കിനെ ആശ്രയിച്ചിരിക്കും. കൂടുതല്‍ ഇറക്കുമതി നടത്തുമ്പോള്‍ കൂടുതല്‍ ഡോളര്‍ കൊടുക്കേണ്ടിവരുമെന്ന് വ്യക്തമാണല്ലോ. ഇന്ത്യയുടെ ഇറക്കുമതി കയറ്റുമതിയേക്കാള്‍ വളരെ കൂടുതലാണ്. കൂടുതല്‍ ഡോളര്‍ ആവശ്യമാകുന്നു എന്നര്‍ഥം. 2010 ഏപ്രില്‍ -2011 ഡിസംബര്‍ കാലത്ത് കയറ്റുമതിയില്‍നിന്ന് ലഭിച്ചത് 192.7 ശതകോടി ഡോളറാണ്. ഇറക്കുമതിക്ക് നല്‍കേണ്ടി വന്നത് 309.5 ശതകോടി ഡോളറും. 116.8 ശതകോടി ഡോളറിന്റെ കമ്മി. മുന്‍വര്‍ഷം ഇതേകാലത്തെ വ്യാപാരകമ്മി 93 ശതകോടി ഡോളറായിരുന്നു. ഭീമമായ വ്യാപാരകമ്മിയാണ് ഇന്ത്യ നേരിടുന്നത്. ഇന്ത്യയുടെ കയറ്റുമതി വരുമാനം ഉയരുന്നില്ല, താഴുകയാണ്. ഉല്‍പ്പന്നങ്ങളും സേവനങ്ങളും മുഖ്യമായും വാങ്ങുന്നത് അമേരിക്കയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമാണ്. ഈ രാജ്യങ്ങളാകട്ടെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ ആഴക്കടലിലാണ്. തൊഴിലും ഉല്‍പ്പാദനവും വര്‍ധിപ്പിച്ച് പരമാവധി ചരക്കുകള്‍ വില്‍ക്കാനും കടം നിയന്ത്രിക്കാനുമാണ് അവ പാടുപെടുന്നത്; ഇന്ത്യയില്‍നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങാനല്ല. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ കയറ്റുമതിയാണ് നവംബറില്‍ നടന്നത്. ഡോളറിനുള്ള ആവശ്യം നേരിടാന്‍ വേണ്ടത്ര വിദേശവിനിമയ ശേഖരം (വിദേശ കറന്‍സികളും സ്വര്‍ണവും എസ്ഡിആറും ചേര്‍ന്നത്) റിസര്‍വ് ബാങ്കിന്റെ കൈവശമില്ല എന്നത് സ്ഥിതി ഗുരുതരമാക്കിയിരിക്കുന്നു. വിദേശ മൂലധനനിക്ഷേപമാണ് ഡോളര്‍ ലഭ്യമാകുന്ന മറ്റൊരു മാര്‍ഗം. വിദേശരാജ്യങ്ങളുടെ ഉല്‍പ്പാദനമേഖലയില്‍ കാര്യമായ തോതില്‍ മൂലധനനിക്ഷേപം നടത്താന്‍ കഴിയുന്ന നിലയിലല്ല അമേരിക്കയും ഇതര മുതലാളിത്ത രാജ്യങ്ങളും. മാത്രമല്ല ധനമൂലധനം നിക്ഷേപിച്ച് അധികലാഭം നേടുന്നതിലാണ് അവര്‍ക്ക് താല്‍പ്പര്യം. അതുകൊണ്ട് വിദേശമൂലധനത്തിന്റെ ഗണ്യമായ പങ്ക് ഒഴുകിയെത്തുന്നത് ഓഹരിക്കമ്പോളത്തിലേക്കാണ്. ധനമൂലധനത്തിന് ഒരു പ്രത്യേകതയുണ്ട്. ലാഭവും സുരക്ഷിതത്വവും ഉറപ്പുള്ളിടത്തേക്ക് ഒഴുകിയെത്തും. ഇത് രണ്ടും കുറയുമ്പോള്‍ അവ വിപണിയിലേക്ക് തിരിച്ചൊഴുകും. 2010 ഏപ്രില്‍ -ഡിസംബര്‍ കാലത്ത് ഇന്ത്യന്‍ ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിക്കപ്പെട്ടത് 1,79,674.6 കോടി രൂപയുടെ നിക്ഷേപമായിരുന്നു. അത്രയും രൂപയ്ക്കു തുല്യമായ ഡോളര്‍ എന്നര്‍ഥം. 2011 ഏപ്രില്‍ -ഡിസംബര്‍ കാലത്ത് എത്തിയത് 39,839.2 കോടി രൂപയുടെ വിദേശ ഓഹരി മൂലധനംമാത്രം. ഓഹരി നിക്ഷേപം ഗണ്യമായി ഇടിഞ്ഞു. അതുമാത്രമല്ല സംഭവിച്ചത്; ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയ വിദേശ നിക്ഷേപസ്ഥാപനങ്ങള്‍ ഓഹരികള്‍ കൈയൊഴിഞ്ഞുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലെ കണക്ക് നോക്കാം: 2011 ഡിസംബറില്‍ കൈയൊഴിഞ്ഞത് 65,559 കോടി രൂപയുടെ ഓഹരികള്‍ . നിക്ഷേപിച്ചത് 62,296 കോടി രൂപയുടെ ഓഹരികളും. വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ വില്‍പ്പനയ്ക്കാണ് വിദേശനിക്ഷേപസ്ഥാപനങ്ങള്‍ ധൃതികാണിക്കുന്നത്. വിറ്റഴിക്കുമ്പോള്‍ രൂപ നല്‍കിയാല്‍ പോരാ; ഡോളര്‍ നല്‍കണം. ഡോളറിനുള്ള ആവശ്യമുയര്‍ത്തുന്ന മറ്റൊരു ഘടകമാണിത്. ധനമൂലധനത്തിന് ഇന്ത്യന്‍ വിപണി തുറന്നിടാതെ ഇരുന്നെങ്കില്‍ രൂപയുടെ മൂല്യത്തകര്‍ച്ച ഒരുപരിധിവരെ തടഞ്ഞുനിര്‍ത്താമായിരുന്നു. ഓഹരി മൂലധനത്തിന്റെ തിരിച്ചൊഴുക്കിന് പല കാരണങ്ങളുണ്ട്. രാഷ്ട്രീയരംഗത്തെ ഞെട്ടിക്കുന്ന അഴിമതികളും സര്‍ക്കാരിന്റെ മോശം പ്രതിച്ഛായയും ഒപ്പം സമ്പദ്വ്യവസ്ഥ നേരിടുന്ന പിന്നോട്ടടിയും വിദേശ നിക്ഷേപകര്‍ പിന്‍വലിയുന്നതിന് വഴിയൊരുക്കി. 2010-11ലെ കേന്ദ്ര സാമ്പത്തിക സര്‍വേ കണക്കാക്കിയത് രാജ്യം ഒമ്പത് ശതമാനം ദേശീയ വരുമാനം കണക്കാക്കുമെന്നാണ്. പിന്നീട് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഇടക്കാല സാമ്പത്തിക വിശകലന റിപ്പോര്‍ട്ടില്‍ 7.5 ശതമാനം വളര്‍ച്ചയേ നേടൂ എന്ന് സര്‍ക്കാര്‍ സമ്മതിച്ചു. റിസര്‍വ് ബാങ്കിന്റെ ഏറ്റവും അവസാനത്തെ റിപ്പോര്‍ട്ട് കണക്കാക്കുന്നത് 6.5 ശതമാനം വളര്‍ച്ചയാണ്. അതായത് ലക്ഷ്യമിട്ടതിനേക്കാള്‍ 2.5 ശതമാനം കുറവ്. രാജ്യം നേരിടുന്ന രൂക്ഷമായ വിലക്കയറ്റം തടയാന്‍ അവധിവ്യാപാരവും പൂഴ്ത്തിവയ്പും നിയന്ത്രിക്കാനോ പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്താനോ സര്‍ക്കാര്‍ തയ്യാറല്ല. പലിശനിരക്ക് ഉയര്‍ത്തുന്ന മാര്‍ഗമാണ് സ്വീകരിക്കുന്നത്. അതാകട്ടെ ഉദ്ദേശിച്ച ഫലം കൈവരിക്കുന്നില്ലെന്ന് മാത്രമല്ല ഉയര്‍ന്ന പലിശച്ചെലവ്, ഉല്‍പ്പാദനച്ചെലവ് വര്‍ധിപ്പിക്കുന്നതിനും ലാഭം ഇടിയുന്നതിനും വഴിയൊരുക്കുന്നു. മാത്രമല്ല ഉപഭോക്തൃ വായ്പ നിരുത്സാഹപ്പെടുത്തുകയും സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ആവശ്യം ഇടിക്കുകയുംചെയ്യുന്നു. രണ്ടും ചേര്‍ന്ന് മൊത്തം നിക്ഷേപത്തെ പിന്നോട്ടടിപ്പിക്കുന്നു. 2007-08ല്‍ ദേശീയ വരുമാനത്തിന്റെ 34 ശതമാനമായിരുന്നു നിക്ഷേപനിരക്ക്. ഇപ്പോള്‍ അത് 28 ശതമാനമായി കുറഞ്ഞു. ഉയര്‍ന്ന പലിശച്ചെലവില്‍നിന്ന് രക്ഷനേടാന്‍ കോര്‍പറേറ്റ് മേഖല വന്‍തോതില്‍ വിദേശവായ്പകളെ ആശ്രയിക്കുന്നു. ഇതും ഡോളറിനുള്ള ആവശ്യം ഉയര്‍ത്തുന്നു. സാധനങ്ങള്‍ വില്‍ക്കാനും വാങ്ങാനുമാണ് കറന്‍സികള്‍ ഉപയോഗിക്കപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് കറന്‍സികള്‍ വ്യാപാര സാധനങ്ങള്‍ കൂടിയാണ്. കറന്‍സികള്‍ കൈവശം വയ്ക്കുകയും വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന സ്ഥാപനങ്ങളുണ്ട്. വിദേശവിനിമയ വിപണിയാണ് അവയുടെ പ്രവര്‍ത്തനരംഗം. ഉല്‍പ്പന്നങ്ങള്‍ക്ക് അവധി വ്യാപാരമുള്ളതുപോലെ കറന്‍സികള്‍ക്കും അവധിവ്യാപാരമുണ്ട്. നിശ്ചിത മാസങ്ങള്‍ക്ക് ശേഷം കൂടുതല്‍ രൂപ നല്‍കി ഡോളര്‍ വാങ്ങിക്കൊള്ളാമെന്ന് കരാറുണ്ടാക്കുമ്പോള്‍ സംഭവിക്കുന്നത് രൂപയുടെ മൂല്യത്തകര്‍ച്ചയാണ്. ചുരുക്കത്തില്‍ ആഗോള മൂലധനത്തിന്റെ സ്വതന്ത്രപ്രവേശം, രൂക്ഷമായ വിലക്കയറ്റം, ആഗോള സാമ്പത്തിക പ്രതിസന്ധി, അവധിവ്യാപാരം തുടങ്ങിയവയാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നത്. ഇറക്കുമതിച്ചെലവ് ദുര്‍വഹമായ രീതിയില്‍ വര്‍ധിക്കുമെന്നതാണ് രൂപയുടെ മൂല്യത്തകര്‍ച്ചയുടെ പ്രധാന പ്രത്യാഘാതം. 44.46 രൂപയ്ക്ക് കിട്ടിയിരുന്ന ഒരു ഡോളര്‍ കിട്ടാന്‍ 53.30 രൂപ നല്‍കണമെന്ന് പറഞ്ഞാല്‍ കാര്യം വ്യക്തമാകും. ഇത് ഇറക്കുമതി ചുരുക്കുമെന്ന് വാദിക്കാമെങ്കിലും ഇന്ത്യയുടെ പ്രധാന ഇറക്കുമതി വസ്തുക്കളൊന്നും പെട്ടെന്നോ വന്‍തോതിലോ ചുരുക്കാന്‍ കഴിയുന്നവയല്ല. മൊത്തം ഇറക്കുമതിയുടെ 33 ശതമാനം പെട്രോളിയം ഉല്‍പ്പന്നങ്ങളാണ്. ഭക്ഷ്യപദാര്‍ഥങ്ങള്‍ , രാസവസ്തുക്കള്‍ , രാസവളങ്ങള്‍ , യന്ത്രങ്ങള്‍ , ചരക്ക്-യാത്രാവാഹനങ്ങള്‍ , ഇലക്ട്രോണിക് ഉപകരണങ്ങള്‍ , സ്വര്‍ണവും വെള്ളിയും തുടങ്ങിയവയാണ് മറ്റ് പ്രധാന ഇറക്കുമതി വസ്തുക്കള്‍ . രൂപയുടെ മൂല്യത്തകര്‍ച്ച ഇവയുടെ വില ഉയരുന്നതിന് ഇടവരുത്തും. രൂപയുടെ മൂല്യത്തകര്‍ച്ച പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കില്ലേ എന്ന സംശയമുയരാം. എണ്ണക്കമ്പനികളുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തുന്ന ന്യായവാദവും ഇതുതന്നെയാണ്. രണ്ട് ചോദ്യങ്ങള്‍ ഇവിടെ പ്രസക്തമാകുന്നു. പെട്രോള്‍ , ഡീസല്‍ , മണ്ണെണ്ണ, പാചകവാതകം തുടങ്ങി ജനജീവിതത്തിന്റെ അവശ്യഘടകങ്ങളായി മാറിയ ഉല്‍പ്പന്നങ്ങളുടെ വിലനിര്‍ണയം, കേവല കച്ചവടവസ്തുക്കളുടെ വില നിശ്ചയിക്കുന്നതുപോലെ ആകാമോ എന്നതാണ് ഒന്നാമത്തെ ചോദ്യം. കാര്യമായ സബ്സിഡി നല്‍കി അവയുടെ വില താഴ്ത്തിനിര്‍ത്താന്‍ സര്‍ക്കാരിന് ബാധ്യതയില്ലേ എന്നതാണ് അനുബന്ധ ചോദ്യം-പ്രത്യേകിച്ചും പെട്രോളിന്റെയും മറ്റും വിലവര്‍ധന പൊതുവിലക്കയറ്റം രൂക്ഷമാക്കുന്ന പശ്ചാത്തലത്തില്‍ . കോര്‍പറേറ്റ് മേഖലയ്ക്ക് കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ നികുതി ഇളവുകളും ആനുകൂല്യങ്ങളുമായി 13,19,198 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ നല്‍കി എന്ന വസ്തുതയുടെകൂടി അടിസ്ഥാനത്തില്‍ വേണം സബ്സിഡിയുടെ സാധ്യതയെപ്പറ്റി ചര്‍ച്ചചെയ്യാന്‍ . രണ്ടാമതായി ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങുന്നത് പ്രതിദിന വില നിരക്കിലല്ല. നിശ്ചിത നിരക്കിന് മുന്‍കൂട്ടി കരാറുറപ്പിക്കുകയാണ് രീതി. ക്രൂഡ് ഓയില്‍ കയറ്റുമതിചെയ്യുന്ന രാജ്യം കരാര്‍ അനുസരിച്ചുള്ള വിലനിരക്കില്‍ എണ്ണ ലഭ്യമാക്കാന്‍ ബാധ്യസ്ഥമാണ്. രൂപയുടെ മൂല്യത്തകര്‍ച്ച പരിഗണിച്ച് കൂടുതല്‍ ഡോളര്‍ നല്‍കേണ്ടതില്ല എന്നര്‍ഥം. മാത്രമല്ല ക്രൂഡ് ഓയില്‍ വില സമീപകാലത്ത് വര്‍ധിച്ചതുമില്ല. രൂപയുടെ മൂല്യത്തകര്‍ച്ചയുടെ പ്രത്യാഘാതം ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കണമോ അതോ സര്‍ക്കാര്‍ തന്നെ വഹിക്കണമോ എന്നതാണ് അടിസ്ഥാനപ്രശ്നം. ആദ്യത്തെ മാര്‍ഗം സ്വീകരിക്കുമെന്ന് വ്യക്തമാക്കപ്പെട്ടു കഴിഞ്ഞു. പെട്രോള്‍ വിലവര്‍ധനയുടെ ദുരന്തകാലമാണ് ജനങ്ങളെ കാത്തിരിക്കുന്നത്.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്