വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Wednesday, January 25, 2012

നിര്‍ഭയമായ മനസ്സ്; സമുന്നതമായ ശിരസ്സ്

നിര്‍ഭയമായ മനസ്സ്; സമുന്നതമായ ശിരസ്സ്
Posted on: 24-Jan-2012 11:52 PM
ദേശാഭിമാനി മുഖപ്രസംഗം

കേരളത്തിന്റെ സാമൂഹിക മനഃസാക്ഷിയുടെ ശബ്ദമായിരുന്നു ഡോ. സുകുമാര്‍ അഴീക്കോട്. സാമൂഹിക അനീതികള്‍ക്കും രാഷ്ട്രീയ ദുഷിപ്പുകള്‍ക്കും സാംസ്കാരികജീര്‍ണതകള്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെ മുന്നേറിയ പടയോട്ടമായിരുന്നു അദ്ദേഹത്തിന്റെ കര്‍മനിരതമായ ജീവിതം. നഷ്ടപ്പെട്ട, വിലപ്പെട്ട മൂല്യങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിച്ചും വര്‍ധിച്ചുവരുന്ന ഉച്ചനീചത്വങ്ങളെക്കുറിച്ച് നാടിനെ ജാഗ്രതപ്പെടുത്തിയും കേരളത്തിലങ്ങോളമിങ്ങോളം നിത്യേനയെന്നോണം മുഴങ്ങിക്കേട്ട ആ പ്രബുദ്ധതയുടെ സിംഹഗര്‍ജനം ഇനിയില്ല. എന്നാല്‍ , സമൂഹത്തിന്റെ മനസ്സില്‍ അതുണ്ടാക്കിയ പ്രതിധ്വനി ഇനിയുമെത്രയോ കാലം അടങ്ങാതെ മുഴങ്ങിക്കൊണ്ടേയിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പലവിധത്തിലുള്ള അന്ധകാരം നമ്മെ ചൂഴ്ന്നുകൊണ്ടിരിക്കുന്ന ചരിത്രഘട്ടത്തിലാണ്, ഡോ. സുകുമാര്‍ അഴീക്കോട് മൂല്യങ്ങളുടെ പുനഃസ്ഥാപനത്തിനുവേണ്ടിയുള്ള അണയാത്ത കൈത്തിരികള്‍ നമ്മുടെ സമൂഹത്തില്‍ കൊളുത്തിവച്ചത്.

സാമ്രാജ്യത്വവിരുദ്ധമായ രാഷ്ട്രീയ ഉള്ളടക്കത്തോടുകൂടിയ ദേശീയ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന്റെ പൈതൃകത്തില്‍നിന്നുള്ള ഊര്‍ജകണങ്ങളാണ് അദ്ദേഹത്തിന്റെ വാക്കിലും പ്രവൃത്തിയിലും പ്രതിഫലിച്ചത്. അതുകൊണ്ടുതന്നെ ദേശീയസ്വാതന്ത്ര്യത്തിന്റെ സ്വപ്നങ്ങള്‍ ശിഥിലമാകുന്ന ഒരുകാലത്ത് വ്യവസ്ഥിതിയുടെ അധികാരഗോപുരങ്ങളില്‍ അത് സാഗരഗര്‍ജനംപോലെ പ്രതിധ്വനിച്ചു. ഭരണാധികാരത്തിന്റെ ഇടനാഴികളില്‍ പടര്‍ന്ന ഭോഗലാലസതകളെ അത് ഞെട്ടിച്ചു. സ്വാര്‍ഥമോഹികളായ അധികാരിവൃന്ദം ആ വാക്കുകളുടെ ജ്വാലയെ അഗ്നിയെപ്പോലെ ഭയന്നുനിന്നു. വലിയ ഒരു തിരുത്തല്‍ശക്തിയായിരുന്നു അഴീക്കോട് മാഷ്. രാഷ്ട്രത്തിന്റെ ഭരണഘടന അതിന്റെ പ്രിയാംബിളിലൂടെതന്നെ പ്രഖ്യാപിച്ച സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസം എന്നീ അടിസ്ഥാനമൂല്യങ്ങളെ സങ്കുചിത രാഷ്ട്രീയദുഷ്ടലാക്കോടെ അപകടപ്പെടുത്തുന്ന ഭരണാധികാരത്തിന്റെ പുത്തന്‍കൂറ്റുകാരെ ആ വാക്കുകള്‍ വിറളിപിടിപ്പിച്ചിട്ടുണ്ട്. നാടിനെയും ജനതയെയും സംസ്കാരത്തെയും സ്നേഹിക്കുന്ന ത്യാഗധനരായ ദേശാഭിമാനികളെ അത് ഊര്‍ജ്വസ്വലമാംവിധം പ്രചോദിപ്പിച്ചിട്ടുണ്ട്. അകര്‍മണ്യതയിലേക്ക് വഴുതിവീഴുകയായിരുന്ന പുതുതലമുറയിലെ വലിയൊരു വിഭാഗത്തെ കര്‍മധീരതയിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. ഇരുളില്‍നിന്ന് വെളിച്ചത്തിലേക്കും സുഷുപ്തിയില്‍നിന്ന് ജാഗ്രതയിലേക്കും നാടിനെ നയിക്കാന്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ചുപോരുന്ന പുരോഗമനശക്തികള്‍ക്ക് ആവേശവും കരുത്തും പകര്‍ന്നുകൊടുത്തിട്ടുണ്ട്. ഗാന്ധിയനായിരുന്ന അഴീക്കോട് മാഷ് ജീവിതാന്ത്യംവരെ ഗാന്ധിയനായിത്തന്നെ തുടര്‍ന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലും സ്വാശ്രയത്തിലും മതനിരപേക്ഷതാസങ്കല്‍പ്പത്തിലും സോഷ്യലിസ്റ്റ് ആഭിമുഖ്യങ്ങളിലും തുടരെ വിട്ടുവീഴ്ചകള്‍ ചെയ്തുകൊണ്ട്, "ഗാന്ധിയന്‍" എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഭരണാധികാരികള്‍ സാമ്രാജ്യത്വവുമായി സന്ധിചെയ്യുന്നത് കണ്ട് ഹൃദയം പൊള്ളിയ അദ്ദേഹം, യഥാര്‍ഥ ഗാന്ധിയന്‍ മൂല്യങ്ങളും നിലപാടുകളും എന്തെന്ന് വ്യക്തമാക്കി നാട്ടിലുടനീളം പ്രഭാഷണപരമ്പരകള്‍ നടത്തി ജനങ്ങളെ ഉണര്‍ത്തി. ആ പ്രക്രിയക്കിടയില്‍ ഒരിക്കല്‍ അദ്ദേഹം പറഞ്ഞു: "കോണ്‍ഗ്രസുകാരനായി മരിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം; പക്ഷേ, എനിക്കുമുമ്പേതന്നെ കോണ്‍ഗ്രസ് മരിച്ചു." കോണ്‍ഗ്രസ് രാഷ്ട്രീയം എങ്ങനെ ജനവിരുദ്ധവും രാജ്യവിരുദ്ധവുമായി എന്നുള്ളതിന്റെ കൃത്യമായ വിലയിരുത്തല്‍ ആ പരാമര്‍ശത്തിലുണ്ട്. കോണ്‍ഗ്രസ് എങ്ങനെ അതിന്റെ സാമ്രാജ്യത്വവിരുദ്ധ ദേശീയപൈതൃകത്തില്‍നിന്ന് വിപരീതദിശയിലേക്ക് അകന്നുപോയി എന്നതിന്റെ കൃത്യമായ വിമര്‍ശവും അതിലുണ്ട്. അതിലടങ്ങിയിട്ടുള്ള മാറ്റം അദ്ദേഹത്തിന്റെ കര്‍മരംഗത്തും പ്രതിഫലിച്ചു. നാടിനും ജനതയ്ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കമ്യൂണിസ്റ്റുകാരില്‍നിന്നാണ് ഉണ്ടാകുന്നതെന്ന് തിരിച്ചറിഞ്ഞ അഴീക്കോട് മാഷ്, തന്റെ ആദ്യകാല കമ്യൂണിസ്റ്റ് വിരുദ്ധത പാടെ കുടഞ്ഞെറിഞ്ഞുകൊണ്ടും അതേസമയം, ഗാന്ധിയനായി തുടര്‍ന്നുകൊണ്ടും കമ്യൂണിസ്റ്റുകാരുമായി സഹകരിച്ചു. "മാറിയത് ഞാനല്ല കോണ്‍ഗ്രസാണ്" എന്ന ഒറ്റവാചകംകൊണ്ട് സ്വാഭാവികമായ ഈ പരിണതിയെ അഴീക്കോട് മാഷ് വിശദീകരിക്കുകയായിരുന്നു. കേരളം എന്നും ആ വാക്കുകള്‍ക്കുവേണ്ടി കാതോര്‍ത്തിരുന്നു. അഴീക്കോട് മാഷ് പറയുന്നതില്‍ ശരിയുണ്ടാകുമെന്ന് ജനങ്ങള്‍ക്കറിയാമായിരുന്നു. സ്വാര്‍ഥതാസ്പര്‍ശം അദ്ദേഹത്തിന്റെ നിലപാടുകളില്‍ അശേഷമുണ്ടാകില്ലെന്ന് ബോധ്യമുള്ളതുകൊണ്ടായിരുന്നു ഇത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സാമൂഹിക- രാഷ്ട്രീയ വിമര്‍ശങ്ങള്‍ക്കും നിലപാടുകള്‍ക്കും എന്നും കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ വിപുലമായ സ്വീകാര്യത ലഭിച്ചു. വര്‍ഗീയതയുടെ ഛിദ്രശക്തികള്‍ക്കെതിരെ മതനിരപേക്ഷതയുടെ പക്ഷത്ത് ഉറച്ചുനിന്നുകൊണ്ട് അദ്ദേഹം എന്നും രാഷ്ട്ര ഐക്യത്തിന്റെയും ജനതയുടെ ഒരുമയുടെയും സന്ദേശം പ്രചരിപ്പിച്ചു. അതില്‍ അസഹിഷ്ണുതപൂണ്ട വിധ്വംസകശക്തികളില്‍നിന്ന് വധഭീഷണിപോലും നേരിടേണ്ടി വന്നു. എന്നാല്‍ , സ്വന്തം നിലപാടുകളില്‍ ധൈര്യത്തിനും സ്ഥൈര്യത്തിനും ജീവനേക്കാള്‍ വിലകല്‍പ്പിച്ച അഴീക്കോട് മാഷ് ഒരിക്കലും തന്റെ വിശ്വാസപ്രമാണങ്ങളില്‍നിന്ന് എള്ളിട വ്യതിചലിച്ചില്ല; കൂടുതല്‍ ശക്തിയോടെ അതില്‍ ഉറച്ചുനിന്നു. കേരളം അദ്ദേഹത്തിന് പ്രതിരോധനിരയും തീര്‍ത്തു. അധികാരസ്ഥാനങ്ങള്‍ ഒരിക്കലും അദ്ദേഹത്തെ പ്രലോഭിപ്പിച്ചില്ല. വൈസ് ചാന്‍സലര്‍സ്ഥാനംതൊട്ട് കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റുസ്ഥാനംവരെ എത്രയോ അധികാരക്കസേരകള്‍ അദ്ദേഹം പൂര്‍ണമനസ്സോടെ ത്യജിച്ചു. സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം എഴുത്തുകാരന്റെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍വേണ്ടി തിരികെ ഏല്‍പ്പിച്ചു. വാഗ്ഭടാനന്ദന്റെ ശിഷ്യനായിരുന്ന അഴീക്കോട് മാഷ് വാക്കിന്റെ ഭടനായിരുന്നു ജീവിതത്തിലുടനീളം. ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയോ മതസ്ഥാപനത്തിന്റെയോ ഭാഗമായി നിന്നുകൊണ്ടല്ലാതെ ജനങ്ങളെ ഇത്രയേറെ തവണ അഭിസംബോധനചെയ്ത മറ്റൊരു പ്രാസംഗികന്‍ കേരളത്തിന്റെ ചരിത്രത്തിലില്ല. കനല്‍ച്ചീളുകള്‍പോലെ ചിതറിത്തെറിക്കുന്ന വാക്കുകള്‍കൊണ്ട് സ്ഥാപിതതാല്‍പ്പര്യങ്ങളുടെ ദന്തഗോപുരങ്ങള്‍ അദ്ദേഹം തകര്‍ത്തെറിഞ്ഞു. വാഗ്ധോരണികൊണ്ടും ആശയഗരിമകൊണ്ടും ശ്രദ്ധേയമായ പ്രൗഢോജ്വലങ്ങളായ പ്രഭാഷണങ്ങളായി അവ ചരിത്രത്തില്‍ സ്ഥാനംപിടിച്ചു. "മഹാത്മാവിന്റെ മാര്‍ഗം" എന്ന ഗ്രന്ഥവുമായാണ് അദ്ദേഹം പൊതുരംഗത്തേക്ക് വന്നത്. ഗാന്ധിയന്‍ചിന്തകളെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ സമഗ്രപഠനഗ്രന്ഥമായി അത് വിലയിരുത്തപ്പെടുന്നു. "ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു" എന്ന കൃതിയിലൂടെ ഖണ്ഡനവിമര്‍ശത്തിന്റെ ഗിരിശൃംഗങ്ങള്‍ അളന്നുകുറിച്ച അദ്ദേഹം ആ കൃതിയിലൂടെതന്നെ മലയാളസാഹിത്യത്തിലെ സമുന്നത നിരൂപകവ്യക്തിത്വമായി വിലയിരുത്തപ്പെട്ടു. മാരാരുടെയും മുണ്ടശ്ശേരിയുടെയും കേസരിയുടെയും പ്രതാപകാലത്ത് മറ്റൊരു നിരൂപകന് സ്വന്തം ഇടം സ്ഥാപിച്ചെടുക്കുക എളുപ്പമായിരുന്നില്ല. എന്നാല്‍ , മൗലികചിന്തയുടെ തെളിവെളിച്ചംകൊണ്ട് അഴീക്കോട് മാഷ് അത് നിഷ്പ്രയാസം സാധിച്ചു. സര്‍ഗാത്മകനിരൂപണത്തിന്റെ പുതുചക്രവാളങ്ങള്‍ കണ്ടെത്തിയ "ആശാന്റെ സീതാകാവ്യം" അടക്കം മലയാളത്തില്‍ മറക്കാനാകാത്ത എത്രയോ ഉല്‍കൃഷ്ഠ നിരൂപണകൃതികള്‍!

അഴീക്കോട് മാഷിന്റെ മാസ്റ്റര്‍പീസ് "തത്വമസി"തന്നെയാണ്. ഉപനിഷദ്സന്ദേശസാരം സാധാരണക്കാരന് ആസ്വാദ്യമാംവിധം ആ കൃതിയില്‍ അദ്ദേഹം പകര്‍ന്നുവച്ചു. ആദിശങ്കരന്‍മുതല്‍ മാക്സ് മുള്ളര്‍വരെയുള്ളവരുടെ ഭാഷ്യങ്ങള്‍ അദ്ദേഹം അപഗ്രഥനവിധേയമാക്കി. ഇന്ത്യന്‍ സാഹിത്യചരിത്രത്തില്‍ സമാനതയില്ലാത്ത കൃതിയായി "തത്വമസി" ഉയര്‍ന്നുനില്‍ക്കുന്നു. ദേശാഭിമാനിക്ക് അഴീക്കോടുമായുള്ള ആത്മബന്ധം നന്ദിപൂര്‍വം എടുത്തുപറയേണ്ടതുണ്ട്. മറ്റൊരു പത്രത്തിലും ഇത്ര നീണ്ടകാലം മാഷ് തുടര്‍ച്ചയായി പംക്തി കൈകാര്യം ചെയ്തിട്ടില്ല. എന്നും ദേശാഭിമാനിയോടും അത് പ്രതിനിധാനംചെയ്യുന്ന പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തോടും അദ്ദേഹം സ്നേഹവായ്പോടെ ഗാഢമായ ആത്മബന്ധം പുലര്‍ത്തി. ആ സ്മരണയ്ക്കുമുന്നില്‍ ദേശാഭിമാനി ആദരവോടെ സ്നേഹാഞ്ജലി അര്‍പ്പിക്കുന്നു.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്