അവസാനത്തേത് അനുഗ്രഹപ്രഭാഷണം
സ്വന്തം ലേഖകന്‍
ദേശാഭിമാനി, Posted on: 24-Jan-2012 11:57 പം
കേരളം കണ്ട എക്കാലത്തെയും മികച്ച പ്രഭാഷകന്റെ ഒടുവിലത്തെ പ്രസംഗം ചരിത്രമുറങ്ങുന്ന തൃശൂര്‍ തേക്കിന്‍കാട് മെതാനിയില്‍ . ഡിസംബര്‍ ആറിനു വൈകിട്ട് വടക്കുന്നാഥ ക്ഷേത്രത്തിനുസമീപം സജ്ജമാക്കിയ വേദിയിലായിരുന്നു അഴീക്കോട് അവസാനമായി പ്രസംഗിച്ചത്. സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഭഗവദ്ഗീത പ്രഭാഷണയജ്ഞത്തിന്റെ സമാപനസമ്മേളനത്തില്‍ അനുഗ്രഹപ്രഭാഷകനായിരുന്നു അഴീക്കോട്. പതിനായിരക്കണക്കിന് പ്രഭാഷണം നടത്തി മലയാളിയുടെ ചിന്തയില്‍ തീ കോരിയിട്ട ആചാര്യന്റെ ഒടുവിലത്തെ വാക്കുകള്‍ ഗീതയുടെ മഹത്വത്തെ കുറിച്ചായിരുന്നു. "ഗീതയെ അറിയുക എന്നത് ഒരോ വ്യക്തിയുടെയും ധര്‍മവും രാജ്യത്തോടുള്ള കടപ്പാടുമാണ്. ഗീതാജ്ഞാനയജ്ഞങ്ങള്‍ നമ്മുടെ സംസ്കാരത്തെ ശക്തിപ്പെടുത്തുന്നതാണ്. ഗീതയുടെ സന്ദേശത്തിന് ആഗോളപ്രസക്തിയുണ്ട്. അതിന്റെ മഹത്വം ഐക്യരാഷ്ട്രസഭയില്‍ വരെ എത്തണം" എന്നതായിരുന്നു മൂന്ന് മിനിറ്റുമാത്രം നീണ്ട പ്രസംഗത്തിന്റെ ഉള്ളടക്കം. കടുത്ത ക്ഷീണവും പനിയും ഉണ്ടായിരുന്ന അദ്ദേഹം തീരെ സുഖമില്ലെന്ന് പറഞ്ഞായിരുന്നു പ്രഭാഷണം തുടങ്ങിയത്. ഗീതാജ്ഞാനയജ്ഞമായതുകൊണ്ടു മാത്രമാണ് എത്തിയതെന്നും പറഞ്ഞു. പതിനെട്ടാം വയസ്സില്‍ തുടങ്ങി എണ്‍പത്തിയാറിലും ശക്തമായി തുടര്‍ന്ന പ്രസംഗപരമ്പരയുടെ അപ്രതീക്ഷിതമായ അന്ത്യമായി ആ വേദി മാറുമെന്ന് അന്നാരും കരുതിയില്ല. ആ രാത്രി എരവിമംഗലത്തെ വീട്ടിലെത്തി പതിവിലും നേരത്തെ ഉറങ്ങാന്‍ കിടന്ന അഴീക്കോട് രാവിലെ എഴുന്നേറ്റപ്പോഴാണ് കുഴഞ്ഞുവീണത്. ഉടനെ ആശുപത്രിയിലെത്തിച്ചു. പ്രഭാഷണങ്ങളില്‍ കൂടുതലും അദ്ദേഹം തൃശൂരില്‍ താമസക്കാരനായതിനുശേഷമായിരുന്നു. തൊണ്ണൂറുകളുടെ മധ്യത്തില്‍ അഴീക്കോട് തുടങ്ങിയ ഗാന്ധി സ്മാരക പ്രഭാഷണങ്ങള്‍ സാമൂഹ്യജീവിതത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. 101 പ്രഭാഷണങ്ങള്‍ എന്നു ലക്ഷ്യമിട്ടുതുടങ്ങിയ പരമ്പര ആരാധകരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് 200ഉം 300ഉം പിന്നിട്ട് കണക്കില്ലാതായതും പ്രഭാഷണചരിത്രത്തിലെ തിളക്കമാര്‍ന്ന അധ്യായം. രാമായണപ്രഭാഷണങ്ങള്‍ നാടെങ്ങും നടക്കുന്ന സമയത്ത് കര്‍ക്കടകസന്ധ്യകളെ സാംസ്കാരിക സമ്പന്നമാക്കാന്‍ മാഷ് തുടങ്ങിയ രാമായണ പ്രഭാഷണ പരമ്പരകളും സാംസ്കാരികതലസ്ഥാനത്തിന് വേറിട്ട അനുഭവമായി. കേരളത്തിന്റെ സാമൂഹ്യജീവിതത്തിലും സാംസ്കാരികമേഖലയിലും വാമൊഴി കൊണ്ടും വരമൊഴി കൊണ്ടും ചരിത്രസ്രഷ്ടാവായി മാറിയ പ്രഭാഷണകലയുടെ ആചാര്യന്റെ ആദ്യ പ്രസംഗം കണ്ണൂരിലായിരുന്നു. കണ്ണൂര്‍ പട്ടണത്തിലെ ഒരു മാടപ്പീടികയില്‍ . സാഹിത്യതല്‍പ്പരരായ ഏതാനും സൃഹൃത്തുക്കള്‍ സംഘടിപ്പിച്ച യോഗത്തില്‍ "ആശാന്റെ വിഷാദാത്മകത്വം" എന്നതായിരുന്നു പ്രഭാഷണവിഷയം. അര മണിക്കൂറോളം നീണ്ട കന്നിപ്രസംഗം പക്ഷേ നന്നായില്ലെന്ന് മാഷ് വിലയിരുത്തി. മുഴുവന്‍ മനഃപാഠം പഠിച്ചുപോയതുകൊണ്ടാകാം പ്രസംഗത്തില്‍ അനിവാര്യമായ ഒഴുക്ക് ഉണ്ടായില്ല. അങ്ങനെ ആദ്യപ്രസംഗം അനുഭവപാഠമാക്കി കാണാപ്പാഠം പഠിച്ചു പ്രസംഗിക്കുന്ന ഏര്‍പ്പാട് തന്നെ മുളയിലേ ഉപേക്ഷിച്ചു. അതുകൊണ്ടുകൂടിയാണ് താന്‍ അറിയപ്പെടുന്ന പ്രഭാഷകനായതെന്ന് മാഷ് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസം തൃശൂരില്‍ അഴീക്കോട് ഫൗണ്ടേഷന്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച പ്രസംഗ പരിശീലന ശില്‍പ്പശാല ഉദ്ഘാടനപ്രസംഗത്തിലും അഴീക്കോട് ആദ്യപ്രസംഗം പാളിപ്പോയ അനുഭവം പങ്കുവച്ചു. പ്രസംഗവേദിയിലെ സിംഹഗര്‍ജനം നിലയ്ക്കുന്നത് പുതിയ തലമുറയ്ക്കും തീരാനഷ്ടം. പ്രസംഗിച്ചില്ലെങ്കില്‍ തന്റെ മരണത്തിനു സമാനമെന്ന് മുമ്പേപറഞ്ഞ അഴീക്കോട്, ഒരുപാട് പ്രസംഗങ്ങള്‍ ബാക്കിവച്ച് മരണത്തിന് കീഴടങ്ങുമ്പോള്‍ ഒരു യുഗം അവസാനിക്കുന്നു.
ദേശാഭിമാനി
ദേശാഭിമാനി
No comments:
Post a Comment