വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Tuesday, January 3, 2012

മരണമില്ലാത്ത ജീവിതം (മാര്‍ക്സിസം സംബന്ധിച്ച് )

മരണമില്ലാത്ത ജീവിതം

കെ ഇ എന്‍

ദേശാഭിമാനി വാരിക 2012 ജനുവരി 8 ലക്കം

ഒരമ്പത് കൊല്ലംമുമ്പ്, ചിലരെങ്കിലും കാല്‍പ്പനികമായ അര്‍ഥത്തില്‍ 'ഗംഭീരം' എന്ന് മുദ്രകുത്തുന്ന പഴയ കേരളത്തില്‍ ഇന്നത്തെപോലെ സാമാന്യാര്‍ഥത്തില്‍ , 'മനുഷ്യരക്തം' പോലും വ്യാപകമായിരുന്നില്ല. രോഗബാധിതരായവര്‍പോലും, കഴിയുന്നതും സ്വന്തം മതത്തില്‍പ്പെടുന്നവരുടെ രക്തംതന്നെ കിട്ടാല്‍ പരസ്യമായിത്തന്നെ ശ്രമിക്കുമായിരുന്നു! ഇത്തരമൊരവസ്ഥ മറികടക്കാന്‍വേണ്ടി പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങള്‍ അന്ന് നടത്തിയ ഇടപെടലുകളില്‍ ഉയര്‍ന്ന ഒരു പ്രധാന മുദ്രാവാക്യം, അന്നത്തെ കേരളീയാവസ്ഥയെയും അതിനെതിരെയുയര്‍ന്ന അന്നത്തെ പ്രതിഷേധത്തെയും ഒരേ സമയം വിശദമാക്കാന്‍ പര്യാപ്തമാണ്. 'ഞങ്ങളിലില്ല ഹൈന്ദവരക്തം, ഞങ്ങളിലില്ല മുസ്ലീം രക്തം, ഞങ്ങളിലില്ല ക്രൈസ്തവരക്തം, ഞങ്ങളിലുള്ളത് മാനവരക്തം' എന്ന് ഞങ്ങളന്ന് തൊണ്ടപൊട്ടുമാറ് ഉച്ചത്തില്‍ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ചത്, രക്തം വ്യത്യസ്ത ഗ്രൂപ്പുകളായിട്ടാണ് വിഭജിക്കപ്പെട്ടിരിക്കുന്നതെന്ന് അറിയാഞ്ഞിട്ടായിരുന്നില്ല. മറിച്ച് അതുപോലും ഉള്‍ക്കൊള്ളാനാവാത്തവിധം നമ്മുടെ സമൂഹം സങ്കുചിതമായതുകൊണ്ടായിരുന്നു. എന്നാലിന്ന് മലയാളികള്‍ പൊതുവായി 'രക്തവിശുദ്ധി'യെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ രോഗബാധിതമാവുന്ന സമയത്തെങ്കിലും കൈയൊഴിച്ചിരിക്കുന്നു.

സങ്കുചിത മതകാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്നവര്‍പോലും രോഗബാധിതമാകുമ്പോഴെങ്കിലും മതേതരവാദികളായി മാറിക്കൊണ്ടിരിക്കുന്നു. ജനാധിപത്യ യുവജനസംഘടനകളുടെ നേതൃത്വത്തില്‍ വ്യാപകമായി 'രക്തദാന സേനകള്‍' നിലവില്‍ വന്നുകഴിഞ്ഞിരിക്കുന്നു. 'ഞങ്ങളിലുള്ളത് ഇസ്ലാം രക്തം, ഞങ്ങളിലുള്ളത് ഹിന്ദുരക്തം, ഞങ്ങളിലുള്ളത് ക്രൈസ്തവരക്തം' എന്ന പഴയ കാഴ്ചപ്പാടിന്റെ 'ഫോസിലുകള്‍'പോലും പൊതുജീവിതത്തില്‍നിന്നെങ്കിലും അപ്രത്യക്ഷമായിരിക്കുന്നു. എന്നാലിന്നും രക്തദാനത്തെ അപേക്ഷിച്ച് എത്രയോ എളുപ്പമായ 'നേത്രദാന'ത്തിന് ഇന്നും മലയാളികള്‍ക്കിടയില്‍ വേണ്ടത്ര സ്വാധീനം നേടാന്‍ കഴിഞ്ഞിട്ടില്ല. രക്തം കൊടുക്കുമ്പോള്‍ ഉണ്ടാകുന്ന ചെറിയ വേദനപോലും, മരണാനന്തരം കണ്ണ് കൊടുക്കുമ്പോള്‍ ഉണ്ടാകില്ലെന്ന് തിരിച്ചറിയാന്‍ പലര്‍ക്കും 'എന്തുകൊണ്ടോ' കഴിയുന്നില്ല. ഇത്തരമൊരു പശ്ചാത്തലത്തില്‍നിന്ന് നോക്കുമ്പോഴാണ് ഇന്ത്യയിലെതന്നെ ആദ്യത്തെ സമ്പൂര്‍ണ നേത്രദാനഗ്രാമമായി മാറിയ കോഴിക്കോട് ജില്ലയിലെ 'ചെറുകുളത്തൂര്‍' ജനാധിപത്യത്തിന്റെ പ്രചോദനകേന്ദ്രങ്ങളിലൊന്നായി മാറുന്നത്. ഇന്നലെവരെ സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് പറയാന്‍ കഴിഞ്ഞിരുന്നത്, മരണംവരെ ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നായിരുന്നു. എന്നാലിന്ന്, മരണാനന്തരവും കാഴ്ചകളുടെ ലോകത്തിലെങ്കിലും എന്നും നിങ്ങളോടൊപ്പമുണ്ടാകുമെന്ന് പറയാന്‍ ഓരോ ചെറുകൂളത്തൂര്‍കാരനും കഴിഞ്ഞിരിക്കുന്നു. എത്രമേല്‍ പരസ്പരം ഇടഞ്ഞാലും, 'നിന്റെ കണ്ണടിച്ച് പൊട്ടിക്കു'മെന്ന് സമ്പൂര്‍ണ നേത്രദാനഗ്രാമമായി മാറിയ ചെറുകുളത്തൂരുകാരോട് പറയാന്‍ , ഒരു ജനാധിപത്യവാദിക്കും കഴിയില്ല. കാരണം ആ കണ്ണുകള്‍ ഇനിമുതല്‍ മനുഷ്യരാശിയുടെ പൊതുസ്വത്താണ്.

സിദ്ധാന്തവും പ്രയോഗവും ഒന്നിക്കുമ്പോഴാണ് മാതൃകകള്‍ പിറക്കുന്നത്. മക്കള്‍ക്ക് കാഴ്ചനല്‍കുന്നതിന് ഒരമ്മ ബലിയര്‍പ്പിച്ചത് സ്വന്തം ജീവിതം. അന്ധരായ രണ്ട് ആണ്‍മക്കള്‍ക്ക് കണ്ണുകള്‍ ദാനം ചെയ്യുന്നതിന് സമ്മതപത്രമെഴുതിവച്ച് അമ്മ ആത്മഹത്യ ചെയ്യുകയായിരുന്നു. തമിഴ്നാട്ടിലാണ് സംഭവം. ചെന്നൈ വ്യാസര്‍വാടി കൊടുങ്കയ്യൂര്‍ സെന്‍ട്രല്‍ നഗര്‍ സ്വദേശി ശങ്കറിന്റെ ഭാര്യ തമിഴ്ശെല്‍വി(40) ആണ് മക്കള്‍ക്ക് വെളിച്ചമേകാന്‍ സ്വയം മരണത്തിന്റെ ഇരുട്ടില്‍ അഭയം തേടിയത്. തന്റെ കണ്ണുകള്‍ കാഴ്ചയില്ലാത്ത രണ്ടാണ്‍മക്കള്‍ക്ക് നല്‍കണമെന്ന് ആത്മഹത്യാകുറിപ്പ് എഴുതിയശേഷം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു....മരിച്ചാലും എന്നും നിങ്ങളോടൊപ്പം നിങ്ങളുടെ കണ്ണുകളായി ഉണ്ടാകുമെന്ന് അമ്മ എപ്പോഴും പറയുമായിരുന്നുവെന്ന് മകന്‍ കുമരന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് വെളിപ്പെടുത്തി.(പത്രവാര്‍ത്ത). കണ്ണുകള്‍ നല്‍കിയവരുടെ ബന്ധുക്കളും കിട്ടിയവരും കൂടിച്ചേര്‍ന്ന ഒരു കുടുംബസംഗമം കോഴിക്കോട്ടെ പ്രശസ്തമായ കണ്ണുരോഗാശുപത്രിയായ കോംട്രസ്റ്റില്‍ നടന്നു. നേത്രദാനം വഴി കണ്ണുലഭിച്ച വെള്ളിപറമ്പത്തുകാരനായ ബാബുരാജിനോട് കണ്ണുകള്‍ ലഭിച്ചപ്പോഴുള്ള അനുഭവം പറയാനാവശ്യപ്പെട്ടപ്പോള്‍ അയാള്‍ പൊട്ടിക്കരയുകയായിരുന്നുവത്രെ. എങ്ങനെ പറയുമതെന്ന് ചോദിച്ച് കണ്ണുകള്‍ കലങ്ങിയ ആ സന്ദര്‍ഭം 'നേത്രദാനത്തിന്റെ' കരുത്തും കാന്തിയുമാകുമായിരുന്നു. ആരുടെയൊക്കെയോ കണ്ണും ചോരയും വൃക്കയും ഹൃദയവും ഒരു മനുഷ്യനില്‍ സംഗമിക്കുമ്പോള്‍ , മരിച്ചു പോകുന്നവര്‍ 'ജീവിച്ചിരിക്കുന്നു' എന്ന് തിരിച്ചറിയുന്നതോടൊപ്പം, എന്തുകൊണ്ട് ജീവിതമരണങ്ങളെ സംബന്ധിച്ച പഴയ കാഴ്ചപ്പാടുകള്‍ എന്നിട്ടും മരിക്കുന്നില്ല എന്നും നാം ചോദിക്കണം.

മരണത്തോട് സംവദിച്ചപ്പോള്‍ , മുമ്പ് മതതത്വശാസ്ത്രങ്ങളുടെ മുമ്പില്‍ ഒരു പൂര്‍ണ മൃതദേഹമുണ്ടായിരുന്നു. മറ്റാരുടേതുമല്ലാത്ത സ്വന്തമായ ഒരു മൃതദേഹം! അതിനന്ന് സാധാരണഗതിയില്‍ ചെയ്യാന്‍ കഴിയുമായിരുന്നത് മണ്ണില്‍ സാവധാനം ലയിക്കുകയോ തീയില്‍ പെട്ടെന്ന് ദഹിക്കുകയോ മാത്രമായിരുന്നു. അതിനപ്പുറം ഒരാലോചന വികസിപ്പിക്കാന്‍ ആദ്യം ശ്രമിച്ചത് സാമാന്യബോധത്തിന്റെ നാട്ടുനടപ്പിനെ നിവര്‍ന്ന്നിന്ന് വെല്ലുവിളിക്കുന്നതിന് നേതൃത്വം കൊടുത്ത നവോത്ഥാന പ്രസ്ഥാനമാണ്. കേരളത്തില്‍ ശ്രീനാരായണ ഗുരു മൃതദേഹത്തെ ദഹിപ്പിക്കുന്നതാണോ മറവുചെയ്യുന്നതാണോ നല്ലതെന്ന ചോദ്യത്തെ നേരിട്ടത് ചക്കിലിട്ടാട്ടി വളമായെടുത്ത് കൃഷിക്കുപയോഗിക്കുന്നതല്ലേ നല്ലത് എന്ന ഒരെതിര്‍ ചോദ്യത്തിലൂടെയായിരുന്നു. 'അയ്യോ സ്വാമി അത് സങ്കടമാണ്' എന്ന് പ്രതികരിച്ച ശിഷ്യനോട് 'എന്താണ് നോവുമോ' എന്നത്രേ പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഗുരു ചോദിച്ചത്. എന്തായാലും മരിച്ചു. ഇനി ഓരോരുത്തരുടെയും മാനസികാവസ്ഥയ്ക്കനുസരിച്ച് ഉചിതമാംവിധം സംസ്കരിച്ചാല്‍ പോരേ എന്ന പ്രത്യക്ഷ പരിഹാസത്തിനൊപ്പം, മരണത്തെപ്പോലും ജനോപകാരപ്രദമാക്കാനാവുമോ എന്ന അത്ര പ്രകടമല്ലാത്ത ഒരന്വേഷണവും അതിലടങ്ങിയിരുന്നു. ആദ്യത്തേത് ശ്മശാനങ്ങളെപ്പോലും സംഘര്‍ഷകേന്ദ്രമാക്കുന്ന 'സാമാന്യബോധ'ത്തിന്നെതിരെയുള്ള പൊട്ടിത്തെറിയായിരുന്നെങ്കില്‍ , രണ്ടാമത്തേത് ശ്മശാനങ്ങളെപ്പോലും ജീവിതത്തിന്റെ ശക്തികേന്ദ്രമാക്കാനുള്ള ഒരബോധ ആവേശമായിരുന്നു. ആധിപത്യം വഹിക്കുന്ന പതിവുകള്‍ക്കെതിരെ പ്രസ്തുത പ്രയോഗം പങ്കുവച്ച രോഷവും പരിഹാസവും ശരിയായി തിരിച്ചറിയപ്പെട്ടപ്പോഴും, അതില്‍ സന്നിഹിതമായിരുന്ന 'സര്‍ഗാത്മകത' വേണ്ടവിധം തിരിച്ചറിയപ്പെട്ടില്ല. ഒരു പക്ഷേ മരണാനന്തര ജീവിതങ്ങളെ ദീപ്തമാക്കുന്ന ഒരു സ്വപ്നം പോലുമായി അന്നത് സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്നത് അന്ന് ശരീരാവയവങ്ങള്‍ കൈമാറ്റം ചെയ്യുന്ന ശാസ്ത്രീയ അറിവുകള്‍ ഉയര്‍ന്നു വരാത്തതുകൊണ്ടു മാത്രമല്ല, അത്തരം അറിവുകളുടെ അഭാവത്തില്‍പോലും, 'മതചിന്ത' ചിട്ടപ്പെടുത്തിയ പരലോകാതിര്‍ത്തിയെ മുറിച്ചുകടക്കും വിധമുള്ള സാഹസിക സ്വപ്നങ്ങള്‍ പിറക്കാത്തത് കൊണ്ട് കൂടിയായിരുന്നു.

ജീവിതം വ്യത്യസ്ത 'പ്രത്യയശാസ്ത്രങ്ങളുടെ' സംഘര്‍ഷാത്മക വിനിമയവേദിയാകുമ്പോഴും, 'മരണം' മിക്കപ്പോഴും മതപ്രത്യയശാസ്ത്രങ്ങളുടെ സമ്പൂര്‍ണ നിയന്ത്രണത്തിന് കീഴ്പ്പെടുന്നതുകൊണ്ടാണ് മരണാനന്തരം വികസിക്കേണ്ട ജനാധിപത്യ അന്വേഷണങ്ങള്‍ അലസിപ്പോവുന്നത്. തെമ്മാടിക്കുഴിക്കും പള്ളി വിലക്കുകള്‍ക്കുമിടയില്‍ തറയില്‍ വീണ കുപ്പിഗ്ലാസ്സ് കണക്ക് അതെല്ലാം പൊട്ടിച്ചിതറുന്നത്. മരണവീട്ടിലെ 'വെളുത്ത മൗനങ്ങളില്‍നിന്ന്' പരലോകപക്ഷികള്‍ മാത്രം ചിറകടിച്ചു പറക്കുന്നത്. ജന്മത്തില്‍ ആഹ്ലാദമായും വളര്‍ച്ചയില്‍ അഭിനന്ദനമായും വീഴ്ചകളില്‍ വിമര്‍ശനമായും രോഗാവസ്ഥകളില്‍ സാന്ത്വനമായും സൗഹൃദങ്ങളില്‍ 'കളികളായും' കടന്നുവരുന്ന ഓരോ വ്യക്തിയുടെയും ജീവിതത്തിലെ നിത്യസാന്നിധ്യമായ 'സമൂഹം' മരണത്തിനുമുമ്പില്‍ ഇന്നലെവരെ എത്തിയത് വെറുമൊരു അനുശോചനവുമായിട്ടാണ്. എന്നാലിനിമുതലത് 'അനുശോചനങ്ങളോടൊപ്പം' 'അന്വേഷണവേദികള്‍' കൂടിയായി മാറേണ്ടിയിരിക്കുന്നു. 'എന്റെ അവസാനത്തെ ശ്വാസംവരെ നിങ്ങളോടൊപ്പം ഞാനുണ്ടാകുമെന്ന' പഴയ തീര്‍പ്പുകള്‍ , മരണാനന്തരവും ഞാന്‍ നിങ്ങളോടൊപ്പം പുതുരൂപങ്ങളില്‍ തുടരുമെന്ന പ്രതിജ്ഞകള്‍ക്ക് വഴി മാറേണ്ടിയിരിക്കുന്നു. മൃതദേഹങ്ങള്‍ക്ക്പോലും സാമൂഹ്യപ്രവര്‍ത്തനം തുടരാന്‍ കഴിയുന്ന പുതിയ പശ്ചാത്തലത്തെ ഉള്ളിന്റെയുള്ളില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളാണ് ആവേശപൂര്‍വം ആരംഭിക്കേണ്ടിയിരിക്കുന്നത്. 'കൊള്ളാന്‍ വല്ലതുമൊന്ന്, കൊടുക്കാനില്ലാതില്ലൊരു മുള്‍ച്ചെടിയും, ഉദയക്കതിരിനെമുത്തും മാനവ ഹൃദയപ്പൂന്തോപ്പില്‍' എന്ന വൈലോപ്പിള്ളിയുടെ കാവ്യയുക്തിക്കുമുമ്പില്‍ നിന്നാണ്, സംസ്കാരസംഘട്ടനമെന്ന ഹണ്ടിങ്ടന്റെ മനുഷ്യവിദ്വേഷത്തിന്റെ ക്രൂരയുക്തിയുടെ നടുവില്‍നിന്നല്ല മനുഷ്യര്‍ പുളകത്തിന്റെ പൂക്കള്‍ കണ്ടെടുക്കേണ്ടത്. ആന്തരികാവയവങ്ങള്‍ മാത്രമല്ല, പഴയ പല്ലും നഖവും തൊലിയുമടക്കം മരണശേഷം മറ്റുള്ളവര്‍ക്ക് ഉപയോഗപ്രദമാവുന്നതെന്തും എന്നില്‍ നിന്നെടുത്തോളൂ എന്ന വിനയപൂര്‍ണമായ അപേക്ഷ ചരിത്രത്തില്‍ സമര്‍പ്പിക്കപ്പെടും മുറയ്ക്കാണ് മനുഷ്യരാശിയുടെ ജീവിതം ചൈതന്യ നിര്‍ഭരമാകുന്നത്. അപ്പോഴാണ് 'അവനവനാത്മസുഖത്തിന്നാചരിക്കുന്നവ അപരന്റെ സൂഖത്തിനായ് മാറുന്നത്'. സാര്‍ത്രിന്റെ ഒരനുരാഗിയായ കഥാപാത്രം അത്രമേല്‍തന്നെ ഇഷ്ടമായ പ്രിയപ്പെട്ടവനോട് നിനക്കെന്റെ കുടലുകള്‍ ഇഷ്ടമാണോ എന്ന് ചോദിച്ചത് വായിച്ചതോര്‍മയിലുണ്ട്. കുട്ടികളെ ലാളിക്കുമ്പോഴും പ്രണയലീലകളിലേര്‍പ്പെടുമ്പോഴും കണ്ണും മൂക്കുമടങ്ങുന്ന ബാഹ്യശരീരഭാഗങ്ങള്‍ വര്‍ണിക്കപ്പെടുകയും കരള്‍ , ഹൃദയം തുടങ്ങിയ 'ആന്തരികാവയവങ്ങള്‍' സ്നേഹസൂചകമായ സംബോധനകളായി കടന്നുവരികയും ചെയ്യും. എന്നാലപ്പോഴും വൃക്കയും കുടലുമടക്കമുള്ള ഭാഗങ്ങള്‍ സ്നേഹലീലകളില്‍ വിളിച്ചുണര്‍ത്തപ്പെടുകയില്ല. അതിനെ ഒന്ന് പ്രകോപിപ്പിച്ചതാവണം അന്ന് സാര്‍ത്ര്. എന്നാലിന്ന് 'ഭാവനയുടെ ഭൂപടം' തന്നെ മാറ്റിവരയ്ക്കാനവസരമൊരുക്കും വിധം അറിവുകള്‍ പരിവര്‍ത്തന വിധേയമായിക്കഴിഞ്ഞിരിക്കുന്നു. രണ്ട് മസ്തിഷ്കമരണം സംഭവിച്ച സുകുമാരന്റെ ഹൃദയം അബ്രഹാമിന് നല്‍കിയപ്പോള്‍ സുകുമാരന്റെ മക്കളും ബന്ധുക്കളും പുതിയ കാലത്തിന്റെ മാര്‍ഗദര്‍ശികളായി മാറുകയായിരുന്നു. അതിലെ ഹൃദ്യമായ സമര്‍പ്പണം നമ്മെ വിനയാന്വിതരാക്കുമ്പോള്‍ , അതില്‍ സന്നിഹിതമായ ആഹ്വാനം നമ്മെ ആവേശഭരിതമാക്കുകയും ചെയ്യേണ്ടതുണ്ട്. 'സുകുമാരന്റെ ഹൃദയം നിലച്ചു. അബ്രഹാം മരിച്ചു'.ഇത്തരമൊരു തലക്കെട്ട് 2003നു മുമ്പ് ഒരു മലയാളപത്രത്തിനും അച്ചടിക്കാന്‍ കഴിയുമായിരുന്നില്ല. 2003 മെയ് 13ന് വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ച തെങ്ങുകയറ്റ തൊഴിലാളിയായ സുകുമാരന്റെ ഹൃദയം അബ്രഹാമിലേക്ക് മാറ്റിവച്ചത് പ്രതിഫലംപോലും നല്‍കാതെയാണ്. മാനവികത പൂത്തുനിന്ന ഒരു ചരിത്ര മുഹൂര്‍ത്തത്തെയാണ് പ്രസ്തുത പത്രവാര്‍ത്ത പ്രതിനിധീകരിച്ചതെങ്കില്‍ , 2003 മെയ് 13ന് സുകുമാരന്റെ ശവദാഹം. 'പുലവീട്ടല്‍ കര്‍മങ്ങള്‍ അന്ന് ഒഴിവാക്കിയിരുന്നു.' ഹൃദയം നിലയ്ക്കാത്ത അവസ്ഥയില്‍ പുലകര്‍മങ്ങള്‍ പാടില്ലായെന്ന പുരോഹിത നിര്‍ദേശമനുസരിച്ചാണ് അന്നത് ചെയ്തത് എന്ന വിവരണം പ്രതിനിധീകരിക്കുന്നത് മാറിവന്ന വസ്തുനിഷ്ഠ അവസ്ഥയോട് പൊരുത്തപ്പെടാനാവാത്ത ഒരാത്മനിഷ്ഠ അവസ്ഥയുടെ അവികസിതാവസ്ഥയേയാണ്. സാങ്കേതികവിദ്യയുടെ വളര്‍ച്ചയും മനുഷ്യന്റെ ഭാവിയിലേക്ക് പ്രവേശിക്കാനുള്ള സന്നദ്ധതയുമാണ് 'ഭൂതകാലത്തിന്റെ ഭാരം' നിമിത്തം ഇവിടെ പ്രതിസന്ധി നേരിടുന്നത്. അവയവ വിനിമയ വേദിയായി മാറുന്ന പുതിയ ശരീരത്തിന് സാമ്പ്രദായികാര്‍ഥത്തിലുള്ള 'സമഗ്രത' അവകാശപ്പെടാനാവില്ല. പഴയ മരണാനന്തര അനുഷ്ഠാനങ്ങള്‍ക്ക് അതുകൊണ്ടുതന്നെ ആധുനികോത്തര മൃതദേഹങ്ങളെ പഴയതുപോലെ പരിചരിക്കാനാവില്ല. പുതിയ 'മതവിധികള്‍ കൊണ്ട്' അവയവദാനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ജനാധിപത്യ നിലപാടുകള്‍ ആദരവ് അര്‍ഹിക്കുന്നു. അതേസമയം സമ്പൂര്‍ണ മൃതദേഹങ്ങളെ സംബോധന ചെയ്ത മരണാനന്തര ചടങ്ങുകള്‍ മാറിവന്ന പുതിയ സാഹചര്യത്തില്‍ മൗലികമായ മാറ്റങ്ങള്‍ക്ക് സ്വയം വിധേയമാകാതെ ഇനിയും ആവര്‍ത്തിക്കുന്നത് ഉചിതമല്ല. ഒരര്‍ഥത്തില്‍ മൃതദേഹം സംബന്ധിച്ച് വാര്‍ത്താ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ ദൈവശാസ്ത്രങ്ങള്‍ക്കും മാനവിക സമീപനങ്ങള്‍ക്കും മുമ്പിലുയര്‍ത്തികഴിഞ്ഞ വെല്ലുവിളികള്‍ അത്ര ചെറുതല്ല. മൃതദേഹങ്ങള്‍ ഇന്ന് ആദരവ്/ അനാദരവ് എന്നതിനപ്പുറം ആഴത്തിലുള്ള അപഗ്രഥനമാണ് ആവശ്യപ്പെടുന്നത്. ബന്ധുക്കളുടെ പരമ്പരാഗതമായ ഇഷ്ടങ്ങളില്‍ വച്ചാവരുത്, മറിച്ച്, സ്വന്തം ശരീരത്തെക്കുറിച്ച് ഓരോ മനുഷ്യനും സ്വീകരിക്കുന്ന സമീപനങ്ങളില്‍ വച്ചാവണം നമ്മുടെ മൃതദേഹപരിചരണത്തെക്കുറിച്ചുള്ള തീരുമാനങ്ങള്‍ രൂപംകൊള്ളേണ്ടത്. സ്വന്തം ജീവിതകാലത്ത് മാത്രമല്ല, ജീവിതശേഷവും ഓരോ മനുഷ്യന്റെയും ഇഛാശക്തി സ്വന്തമായ ജീവിതം തുടരേണ്ടതുണ്ട്. മൂന്ന് 'മുള്‍വേലി/ പൂത്തിരിക്കുന്നു/ അതിര്‍ത്തിയെക്കുറിച്ചു/ നാം വെച്ച ഒച്ചകള്‍ക്കെല്ലാം/ മീതെയായി' (വീരാന്‍കുട്ടി). അപകടത്തില്‍ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട അരുണ്‍ജോര്‍ജ് ഇന്ന് അതിര്‍ത്തികള്‍ക്കപ്പുറം പൂത്തുനില്‍ക്കുന്നൊരു സ്നേഹ സാന്നിധ്യമാണ്. കണ്ണീര്‍കയത്തില്‍നിന്ന് പൊങ്ങിവന്ന കാരുണ്യത്തിന്റെ പ്രകാശമായി, ഇന്നാജീവിതം വളരുകയാണ്. ജീവിതത്തിന്റെ ശരീരത്തില്‍ 'മരണം' എഴുതുന്ന ആദ്യത്തേയും അവസാനത്തേയും കവിതയാണ് അവയവദാനം. ഇനിയൊരിക്കലും പരസ്പരം കണ്ടെത്താന്‍ കഴിയാത്തവരുടെ, അനുഭൂതിസാന്ദ്രമായ ഒത്തുചേരലാണത്. ഇന്നലെവരെ കാണാത്തവരും കേള്‍ക്കാത്തവരും തമ്മിലുള്ള അസാധാരണമായ ഒരാശ്ലേഷം സംഭവിക്കുകതന്നെയാണ്. അരുണ്‍ജോര്‍ജ് പകുത്ത്നല്‍കിയത് സ്വന്തം കണ്ണും കരളും വൃക്കകളും മാത്രമല്ല; എന്നുമെന്നും സ്പന്ദിക്കുന്ന ഉദാത്തമായൊരു മാനവിക കാഴ്ചപ്പാടാണ്. അവയവങ്ങളായി പിരിച്ചെഴുതാനാവാത്ത, ഒരു മഹാസമഗ്രതയുടെ സമര്‍പ്പണമാണ് അരുണിന്റെ അമ്മ ത്രേസ്യാമ്മ ഫ്രാന്‍സിസും അച്ഛന്‍ ജോര്‍ജും മനുഷ്യരാശിക്കുമുമ്പില്‍ നിര്‍വഹിച്ചിരിക്കുന്നത്. പറഞ്ഞറിയിക്കാനാവാത്തൊരു സ്നേഹനഷ്ടത്തിന്റെ സമുദ്രത്തില്‍നിന്നും അവര്‍ നിര്‍വചനങ്ങള്‍ക്കൊക്കെയുമപ്പുറമുള്ള മറ്റൊരു സ്നേഹതീരത്തിലേക്കാണ് സാഹസികമായി സഞ്ചരിച്ചെത്തിയിരിക്കുന്നത്. 'മരണപ്പെട്ടാല്‍ അന്ത്യവിശ്രമസ്ഥാനം ഭൂമിയില്‍ അന്വേഷിക്കാതിരിക്കുക; അവ മനുഷ്യഹൃദയങ്ങളില്‍ കാണുക'(റൂമി). മരണം ഒരനിവാര്യതയാണെങ്കില്‍ , അവയവദാനവും അത്രതന്നെ ഒരനിവാര്യതയാണെന്ന് മനുഷ്യരായ മനുഷ്യര്‍ക്കൊക്കെയും ആത്മാഭിമാനത്തോടെ പറയാന്‍ കഴിയണം. മരണം ഒരു ജൈവയാഥാര്‍ഥ്യമാണെങ്കില്‍ ; അവയവദാനം സാംസ്കാരികമായ ഒരാവിഷ്കാരമാണ്. 'മരണം' നമ്മുടെ അനുവാദമില്ലാതെ കടന്നുവരും. എന്നാല്‍ , 'അവയവദാനം' നമ്മുടെ സമ്മതംകാത്ത്, ഉമ്മറവാതിലില്‍ നില്‍ക്കുകയാണ്! ഒരുകാര്യം അഭിനന്ദനാര്‍ഹമായി നമുക്കനുഭവപ്പെടുന്നുണ്ടെങ്കില്‍ , തീര്‍ച്ചയായും അക്കാര്യം സ്വയം നിര്‍വഹിക്കാന്‍ അഭിമാനത്തോടെ നമ്മളും സന്നദ്ധമാവണം. ഒരു ജനസമൂഹം ആധുനികരാവുന്നത് മുമ്പാരോ തയ്യാറാക്കിവച്ച 'പാരമ്പര്യ'ത്തെ നിഷ്ക്രിയമായി സ്വയം സ്വീകരിക്കുമ്പോഴല്ല; മറിച്ച് സ്വന്തം കാലത്തിന്റെ സാധ്യതകളെ സ്വാംശീകരിച്ചുകൊണ്ട് തങ്ങളെതന്നെ സ്വയം പുതുക്കി പണിയുമ്പോഴാണ്. 'പാരമ്പര്യത്തെ ഞാന്‍ പുതിയതാക്കി, പാരമ്പര്യം എന്നെ പക്ഷേ പഴഞ്ചനാക്കി' എന്ന് കെ ജി എസ് പാടിയ അവസ്ഥയില്‍നിന്ന് പുറത്ത്കടക്കണമെങ്കില്‍ , ഓരോ കാലവും സ്വന്തം 'പാരമ്പര്യങ്ങള്‍' സൃഷ്ടിക്കണം. ഭൂതത്തിന്റെ സാധ്യതകളെ സ്വന്തമാക്കുന്നതോടൊപ്പം വര്‍ത്തമാനത്തില്‍ പുതിയ സാധ്യതകള്‍ സൃഷ്ടിക്കുകയും ചെയ്യണം. അവയവദാനത്തെ പുതിയകാലത്തിന്റെ ജ്വലിക്കുന്നൊരു പാരമ്പര്യമായി ഭാവിക്കുമുമ്പില്‍ അഭിമാനപൂര്‍വം സമര്‍പ്പിക്കാന്‍ നമുക്ക് കഴിയണം. അയിത്തത്തിന്റെയും ആഭിജാത്യ സങ്കല്‍പങ്ങളുടെയും അന്ത്യമാണ് പുതിയ അവയവദാന പാരമ്പര്യം സാധ്യമാക്കിയിരിക്കുന്നത്. ജാതിക്കും മതത്തിനും രാഷ്ട്രാതിര്‍ത്തികള്‍ക്കും അപ്പുറംവച്ച്, മനുഷ്യരുടെ 'അകങ്ങള്‍' അടുക്കുകയാണ്, ആന്തരികാവയങ്ങള്‍ , കൂട് വിട്ട് കൂട് മാറുകയാണ്! 'എന്നെ തൊടല്ലേ' എന്ന് എത്ര ആഗ്രഹിച്ചാലും ആര്‍ക്കും പറയാന്‍ കഴിയാത്തവിധം നമ്മുടെ ശരീരത്തിന്റെ 'ഭൂമിശാസ്ത്രവും' സാമൂഹ്യശാസ്ത്രവും അടിസ്ഥാനപരമായി മാറുകയാണ്. പഴയത്പോലെ ഇനി നമുക്ക് ഒരു 'ക്ലാസിക്കല്‍ മൃതദേഹത്തെ'പോലും കണ്ടുകിട്ടുക പ്രയാസമാവും! ജീവിച്ചിരിക്കുമ്പോള്‍ , ആ ശരീരം ആര്‍ക്കൊക്കെയോ ചോരകൊടുത്തിരിക്കും, ആരില്‍നിന്നൊക്കെയോ ചോരവാങ്ങിയിരിക്കും, വൃക്കകൈമാറ്റം നടന്നിരിക്കും, കരളും പകുത്ത് കൊടുത്തിരിക്കും; 'പുറം' അങ്ങിനെതന്നെ നിന്നാലും അകത്ത് ഒരു 'കുലുക്കികുത്ത്' നടന്നിരിക്കും! ആന്തരികാവയവങ്ങളെല്ലാം ഇവ്വിധം വച്ചുമാറിയ ഒരു മനുഷ്യന്‍ മരിക്കുന്നതോടെ, ഒരു 'പോസ്റ്റ്മോഡേണ' മൃതദേഹം പിറന്നു കഴിഞ്ഞിരിക്കും. പഴയ 'ക്ലാസിക്കല്‍ മൃതദേഹത്തെ' സ്വന്തം വരുതിയില്‍നിര്‍ത്താന്‍ കഴിഞ്ഞ മരണാനന്തര ചടങ്ങുകള്‍ക്ക്; പോസ്റ്റ്മോഡേണ്‍ മൃതദേഹത്തിനുമുമ്പില്‍ സ്വയം വിയര്‍ക്കേണ്ടി വരും! മനുഷ്യര്‍ എത്രമേല്‍ മാറിയാലും, മനുഷ്യരിപ്പോഴും മാറിയിട്ടില്ലെന്ന് ചിലര്‍ വാദിച്ചുകൊണ്ടേയിരിക്കും! അത് 'പഴയ പരിമിതികളെ' ഇപ്പോഴും പൂര്‍ണമായി മറികടക്കാന്‍ കഴിയാത്ത ഏതൊരു പുതിയ കാലത്തിന്റെയും നിസ്സഹായതയുടെ തെളിവാണ്! എങ്കിലും മുമ്പത്തേക്കാള്‍ നാം എത്രമാത്രം മാറി എന്നറിയണമെങ്കില്‍ 'മുമ്പത്തെ' ജീര്‍ണസ്ഥിതി വീണ്ടും ഒരിക്കല്‍കൂടി ഒന്നോര്‍മിച്ചാല്‍ മതിയാകും. 'നരനു നരനശുദ്ധ വസ്തുപോലും/ധരയില്‍ നടപ്പതു തീണ്ടലാണുപോലും/നരകമിവിടമാണു ഹന്ത കഷ്ടം/ ഹരഹര ഇങ്ങിനെ വല്ലനാടുമുണ്ടോ?' എന്ന് ആശാനും 'ജാതി ഹാ! നരകത്തില്‍നിന്നു പൊന്തിയ ശബ്ദം/ പാര്‍തിന്നും പിശാചിന്റെ ഏട്ടിലെ രണ്ടക്ഷരം' എന്ന് വള്ളത്തോളും പാടിയത് ആ മനോഹര കാലത്തെക്കുറിച്ചാണ്! ആര്‍ക്കൊക്കെ എത്ര അസ്വാസ്ഥ്യകരമായാലും അവയവദാനത്തെക്കുറിച്ചുള്ളൊരാലോചനയില്‍ , ഭൂതകാലത്തെക്കുറിച്ചൊരു അനുസ്മരണം ഒരനിവാര്യതയാണ്. 'പഴയകഥകള്‍ പഠിക്കണം' എന്ന പേരില്‍ കക്കാട് എഴുതിയ ഒരു കവിതയിങ്ങനെ: 'സന്ധ്യയും പ്രഭാതവും ആരേയും കാത്തുനില്‍ക്കുന്നില്ല/ വരുമെന്ന് പറഞ്ഞവനേയും/ പോകുമെന്ന് പറഞ്ഞവനേയും/ കര്‍മം മടിച്ചുനിന്നാലും/ കാലം കാത്തുനില്‍ക്കില്ല' ക്ഷോഭിച്ചിട്ട് കാര്യമില്ല/ പഴയകഥകള്‍ കേള്‍ക്കണം,/ കേള്‍ക്കാതെ ഒന്നും മനസ്സിലാകില്ല/ ഇടവപ്പാതിക്കു പാടത്തിറങ്ങാത്തവന്‍/ കന്നിപ്പാടത്ത് കതിര്‍കൊയ്യുന്നില്ല/ മുത്തശ്ശി പറഞ്ഞതാണ്.' വൈദ്യവിദ്യാഭ്യാസത്തില്‍ റാങ്കുണ്ടായിരുന്ന ഡോക്ടര്‍ പല്‍പ്പുവിന് യോഗ്യതയില്ലാതിരുന്നത്കൊണ്ടല്ല, മറിച്ച് അവര്‍ണര്‍ ചികിത്സിച്ചാല്‍ ആമാശയം ചീത്തയാകുമെന്ന് സവര്‍ണ പ്രത്യയശാസ്ത്രം 'കണ്ടുപിടിച്ചതുകൊണ്ടാണ്' പൊന്നുതിരുമേനിമാരുടെ അന്നത്തെ ധര്‍മരാജ്യത്തില്‍നിന്ന് പല്‍പ്പുവിന് പുറത്തുപോകേണ്ടി വന്നത്. 1904ല്‍ പാലക്കാട് മുനിസിപ്പല്‍ ഹോസ്പിറ്റലില്‍ ഡോക്ടര്‍ കെ കൃഷ്ണന്‍ എന്ന ഈഴവനെ നിയമിച്ചതിനെതിരെ മുനിസിപ്പല്‍ കൗണ്‍സില്‍ പ്രതിഷേധിച്ചതിന്റെ പിന്നിലും ഇതേ പ്രത്യയശാസ്ത്രംതന്നെയാണ് പ്രവര്‍ത്തിച്ചത്! 'സ്വന്തം മക്കള്‍ വെള്ളത്തില്‍ മുങ്ങി ചത്തുപോയാലും പുലയന്റെ കൈകൊണ്ട് രക്ഷപ്പെടേണ്ട' എന്നു വാശിപിടിച്ച മാതാപിതാക്കളെക്കുറിച്ചത്രെ ഉള്ളൂര്‍ അന്ന് പാടിയത്! 'അയിത്തായിട്ട് ജീവിക്കുന്നതിനേക്കാള്‍ ഭേദം ശുദ്ധായിട്ട് മരിക്കുന്നതാണ് നല്ലതെന്ന' കാര്യത്തില്‍ കൊടുങ്ങല്ലൂര്‍ കോവിലകത്തെ പഴയ തമ്പുരാട്ടിമാരില്‍ ചിലര്‍ക്ക് സംശയമേ ഉണ്ടായിരുന്നില്ല! ഒരധ:സ്ഥിതകുട്ടിയെ വിദ്യാലയത്തില്‍ പ്രവേശിപ്പിച്ചു എന്ന് കേട്ടപ്പോഴാണത്രേ നാട്ടുപ്രമാണിയായ ഊന്നുപാറ നായര്‍ ബോധംകെട്ട് വീണുപോയത്! 'ഈച്ച പൂച്ച നായ നസ്രാണി എന്നിവര്‍ക്ക് അയിത്തമില്ല' എന്നുള്ളത് വലിയൊരു ആക്ഷേപമായിട്ടാണ് അന്ന് പരിഗണിച്ചിരുന്നത്. 'നാല്‍ക്കാലികളെക്കാളും താഴെയാണോ ഇക്കാണും മാനുഷസോദരന്മാര്‍' എന്ന് 'ജാതിക്കുമ്മി'യില്‍ പണ്ഡിറ്റ് കെ പി കറുപ്പന്‍ സങ്കടപ്പെട്ടത് ഇവ്വിധമുള്ള അയിത്തപിശാചിന്റെ അസ്സല്‍മുഖം കണ്ടപ്പോഴാണ്. 'അയിത്തമെന്നത് അടിമത്തത്തേക്കാള്‍ ബീഭത്സമാണ്' എന്ന് അംബേദ്ക്കറും; 'ശങ്കരാചാര്യര്‍ വലിയ ആളായിരുന്നിരിക്കാം, ജാതിയുടെ കാര്യത്തില്‍ പക്ഷേ ചെറിയ ആളായിരുന്നു' എന്ന് ശ്രീനാരായണഗുരുവും സാക്ഷ്യപ്പെടുത്താന്‍ നിര്‍ബന്ധിതമായത്, ജാതിപ്രത്യയശാസ്ത്രം തുറന്നുവിട്ട 'അയിത്തഭൂത'ത്തിന്റെ ഭീകരത ശരിക്കും തിരിച്ചറിഞ്ഞതുകൊണ്ടായിരിക്കണം. ശ്രീനാരായണഗുരുവിനുപോലും വൈക്കം ക്ഷേത്രത്തിനുപുറത്തുള്ള വഴിയെ സഞ്ചാരം നടത്താന്‍ സ്വാതന്ത്ര്യം ഇല്ലെന്നറിയുന്നത് എന്നെ വേദനിപ്പിക്കുന്നു എന്ന് കെ പി കേശവമേനോന്‍ എഴുതിയിട്ടുണ്ട്. നാഗമയ്യയുടെ 'മാന്വലില്‍' പറഞ്ഞിരിക്കുന്നത്, ഈഴവരുടെ കൂട്ടത്തില്‍ 'നാണു' എന്നൊരു യോഗ്യനുമുണ്ട് എന്നത്രെ! വൈദ്യന്മാര്‍ക്ക് ഭക്ഷണം നല്‍കുന്നതും അവരില്‍നിന്ന് ഭക്ഷണം സ്വീകരിക്കുന്നതിനും പഴയകാലത്ത് വിലക്കുണ്ടായിരുന്നുവെന്ന് കേള്‍ക്കുമ്പോള്‍ ഇന്നത് നമുക്ക് വിശ്വസിക്കാന്‍ കഴിയില്ല! എന്നാല്‍ മനു അവരുടെ ഭക്ഷണത്തില്‍ കണ്ടത് ചോരയും ചലവുമാണ്. വൈദ്യന്മാരെ മനു ഉള്‍പ്പെടുത്തിയതാവട്ടെ കള്ളന്മാര്‍ക്കും വേശ്യകള്‍ക്കുമൊപ്പവും! തമ്പുരാക്കന്മാരുടെ കൈ 'തൃക്കൈ' ആയിരുന്നപ്പോള്‍ അധ:സ്ഥിതന്റെ കൈ വെറും പഴങ്കൈ! അവരുറങ്ങുന്നത് പള്ളിക്കുറുപ്പ്, അധ:സ്ഥിതരുടേത് 'നിലംപൊത്തല്‍'! അവര്‍ മൂത്രമൊഴിക്കുന്നത് 'തിരുവെള്ളം വീഴ്ത്തല്‍!' മറ്റുള്ളവരുടേത് 'നാറ്റവെള്ളം വീത്തല്‍!?' അങ്ങിനെയാണെങ്കില്‍ , ആന്തരികാവയവങ്ങളുടെ കൈമാറ്റകാലത്ത്, 'തൃവൃക്കകളും', 'പീറവൃക്കകളും', തിരുകരളുകളും, വാട്ടകരളുകളും, തിരുകൊടലും, തീട്ടകൊടലും എന്നിങ്ങനെയുള്ള വേര്‍തിരിവുകളും മുമ്പായിരുന്നെങ്കില്‍ ഭാഷയില്‍ ഉണ്ടായിവരുമായിരുന്നു. നാല് ഇന്ന് നമുക്ക് ആരെന്തുപറഞ്ഞാലും, നമ്മള്‍ ശ്വസിക്കുന്ന വായു ഒന്ന്, കുടിക്കുന്ന വെള്ളമൊന്ന്, മുറിഞ്ഞാല്‍ ഒഴുകുന്ന ചോര ഒന്ന്, വേദനിച്ചാല്‍ നിലവിളിക്കുന്ന ഭാഷ ഒന്ന് എന്നൊക്കെപറയാന്‍ ഒരു മതാചാര്യന്റെയും സമ്മതം വേണ്ട. മതമേതായാലും, എത്ര പ്രാകൃതമായി ജീവിച്ചാലും, ഇത്തരം പരിഷ്കൃതാശയങ്ങള്‍ പറയാന്‍ ഇപ്പോള്‍ നമുക്കൊരു പ്രയാസവുമില്ല. എന്നാല്‍ ഇങ്ങിനെയൊരു 'നിരുപദ്രവചോദ്യം'പോലും മുമ്പ് സാധ്യമായിരുന്നില്ലെന്ന് മനസ്സിലാക്കാന്‍മാത്രം ഹിന്ദു നവോത്ഥാനനായകനായ ദയാനന്ദ സരസ്വതിയുടെ 'സത്യാര്‍ഥപ്രകാശ'ത്തില്‍ നിന്നുള്ള ഒരുഭാഗം എടുത്തുചേര്‍ക്കുന്നു. 'ചണ്ഡാളന്റെ ശരീരം ദുര്‍ഗന്ധപരമായ അണുക്കളെകൊണ്ട് നിറഞ്ഞിരിക്കുന്നു. ബ്രാഹ്മണാദി ജാതികളുടെ ശരീരം അങ്ങിനെയുള്ളതല്ല. അമ്മ, സ്വശ്രു, സഹോദരി, പുത്രി പുത്രഭാര്യ' എന്നിവരുടെയെല്ലാം ശരീരം ഏതുവിധത്തില്‍ ചര്‍മംകൊണ്ട് ഉണ്ടാക്കിയതാണോ അതേവിധത്തില്‍ ചര്‍മംകൊണ്ടുണ്ടാക്കിയതാണ് അവനവന്റെ ഭാര്യയുടെ ശരീരവും. അതുകൊണ്ട് നിങ്ങള്‍ ഭാര്യയോട് പെരുമാറുന്നതുപോലെ അമ്മ മുതലായവരോടും പെരുമാറുമോ? ഉത്തമമായ അന്നം കൈകൊണ്ട് എടുത്ത് വായകൊണ്ട് ഭക്ഷിക്കുന്നത്പോലെ ദുര്‍ഗന്ധമുള്ള പദാര്‍ഥങ്ങളെയും ഭക്ഷിക്കാന്‍ കഴിയുമെങ്കില്‍ മലാദിവസ്തുക്കളെയും നിങ്ങള്‍ ഭക്ഷിക്കുമോ? ജാതി ഏതായാലും നമ്മളൊന്നല്ലേ എന്ന ചോദ്യത്തിനുള്ള ഉത്തരമാണിതെന്ന് ഓര്‍ക്കണം! മുസ്ലീം നവോത്ഥാന നായകരില്‍ പ്രമുഖനായ 'മക്തി തങ്ങളുടെ' ജീവചരിത്രത്തില്‍ നിന്നുള്ള ഒരു ഭാഗം, ഗൗരവപൂര്‍ണമായ അന്വേഷണങ്ങള്‍ക്കിടയിലെ ഒരു തമാശക്കുവേണ്ടിമാത്രം ഇവിടെ ചേര്‍ക്കുന്നു. ആലുവായ്ക്കടുത്ത മാഞ്ഞാരിയില്‍ വച്ചു ക്രൈസ്തവപാതിരിമാരും മക്തി തങ്ങളുമായി തുറന്ന വിവാദം നടന്നു. 'ക്രിസ്തു മരിച്ചവരെ ജീവിപ്പിച്ചിരുന്നു. മുഹമ്മദ് മരിച്ചവരെ ജീവിപ്പിച്ചിട്ടുണ്ടോ? ക്രൈസ്തവ പാതിരി ചോദിച്ചു. മക്തി തങ്ങള്‍ സര്‍വസ്വവും ദൈവത്തില്‍ അര്‍പ്പിച്ചുകൊണ്ടിങ്ങനെ പറഞ്ഞു: 'നിങ്ങള്‍ ഒരു മണിക്കൂറിനിടയില്‍ ഒരു ശവം ഇവിടെ എത്തിച്ചാല്‍ ഞാന്‍ ജീവിപ്പിക്കും'. ക്രൈസ്തവര്‍ പല സംഘങ്ങളായി ഒരു മനുഷ്യശവം ലഭിക്കാന്‍ പലഭാഗങ്ങളിലേക്കും ഓടിനോക്കി. അവര്‍ക്കു ശവം ലഭിച്ചില്ല. അവര്‍ പരാജിതരായി. ഈ വാദം കുറച്ചു കടന്നതായിപ്പോയെന്നു തങ്ങളുടെ അഭ്യുദയകാംക്ഷികള്‍പോലും അഭിപ്രായപ്പെട്ടിരുന്നു. 'അല്ലാഹു അവന്റെ ദീനിനെ ഒരിക്കലും പരാജയപ്പെടുത്തുകയില്ല' എന്നത്രേ അതിന്ന് തങ്ങളവര്‍ക്ക് പ്രത്യുത്തരം നല്‍കിയത്. (മക്തി തങ്ങളുടെ ജീവചരിത്രംകെ കെ മുഹമ്മദ് അബ്ദുള്‍ കരീം). അങ്ങനെയൊക്കെയുളള ഒരു കാലത്തില്‍നിന്ന്; അവയവദാനം അടക്കം സാധ്യമായ ഇങ്ങനെയൊക്കെയുള്ള ഒരു കാലത്തെത്തുമ്പോള്‍ നമ്മളേറെ മാറിയിട്ടുണ്ട്. ഇനിയുമേറെ മാറേണ്ടതുണ്ട്! 1940ല്‍ അമേരിക്കയില്‍ റെഡ്ക്രോസ് കറുത്തവരുടെയും വെളുത്തവരുടെയും രക്തം വേറെവേറെയാണത്രേ സംഭരിച്ചത്! ഇവിടെ ഹിന്ദുരക്തത്തിന്റെയും ഇസ്ലാം രക്തത്തിന്റെയും പേരിലാണ് യാഥാസ്ഥിതികര്‍ മുമ്പ് പരസ്പരം ഇടികൂടിയതെങ്കില്‍ അവിടെ കറുത്തരക്തവും വെളുത്തരക്തവുമാണ് പരസ്പരം ഏറ്റുമുട്ടിയത്! രക്തബാങ്ക് സമ്പ്രദായം രൂപപ്പെടുത്തിയ ചാള്‍സ് ഡ്യൂ എന്ന കറുത്ത വംശജനായ ഡോക്ടര്‍ ഈയൊരസംബന്ധ വേര്‍തിരിവ് അവസാനിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ , ആ വേര്‍തിരിവ് ഇല്ലാതാക്കാനല്ല, മറിച്ച് ആ വേര്‍തിരിവില്ലാതാക്കാന്‍ ശ്രമിച്ച അദ്ദേഹത്തെ ജോലിയില്‍നിന്ന് പിരിച്ചുവിടുകയാണ് സര്‍ക്കാര്‍ ചെയ്തത്! എന്നാലിത് ഒരു ചാള്‍സ്ഡ്യൂവിന്റെ മാത്രം അനുഭവമായിരുന്നില്ല. ശവപരിശോധന നിര്‍വഹിച്ച വെസാലിയസിനും പീഡനാനുഭവങ്ങള്‍ തന്നെയാണ് നേരിടേണ്ടി വന്നത്. അതിനേക്കാള്‍ അത്ഭുതകരമായിരുന്നു ബ്രിട്ടനിലെ കോമണ്‍സഭയുടെ ക്രാന്തദര്‍ശിത്വം. പ്ലേഗ് എന്ന മഹാരോഗത്തിന്റെ കാരണം അവര്‍ കണ്ടെത്തിയത് പ്രശസ്ത ചിന്തകനായ ഹോബ്സിന്റെ പുസ്തകത്തിലാണ്!

അന്നത്തെ ബ്രിട്ടീഷ് രാജാവായിരുന്ന ചാള്‍സ് അഞ്ചാമന്റെ കൃപകൊണ്ടാണ് അദ്ദേഹം അന്ന് ഒരുവിധം രക്ഷപ്പെട്ടത്. എന്നിട്ടും 'ആധുനിക വൈദ്യശാസ്ത്രം' ഇന്ന്കാണുംവിധം അവിടെ വളര്‍ന്നു. ഇന്നത് ഹൃദയമുള്‍പ്പെടെയുള്ള അവയവമാറ്റത്തില്‍ എത്തിനില്‍ക്കുന്നു. എന്നാല്‍ ഇന്ത്യയുടെ തദ്ദേശീയവൈദ്യങ്ങളില്‍ മുഖ്യമായ ആയുര്‍വേദത്തിന് അത്തരമൊരവസ്ഥയിലേക്ക് കുതിക്കാന്‍ എന്തുകൊണ്ടാണ് കഴിയാതെ പോയത്? നാഡിപിടിച്ച് മൃത്യുദേവതയുടെ ചുവടുവയ്പ്പുകള്‍ തിരിച്ചറിയുന്ന 'ആരോഗ്യനികേതനം' എന്ന നോവലിലെ ജീവന്‍മശായിയെപ്പോലുള്ള മഹാന്മാരായ നിരവധി ഭിഷഗ്വരന്‍മാര്‍ക്ക് ജന്മം നല്‍കാന്‍ ആയുര്‍വേദത്തിന് കഴിഞ്ഞു. അതേസമയം ശസ്ത്രക്രിയാരംഗത്ത് ആവിധമുള്ള വൈദ്യപ്രതിഭകളെ വികസിപ്പിച്ചെടുക്കാന്‍ അതിന് കഴിയാതെ പോവുകയും ചെയ്തു. അവയവകൈമാറ്റത്തിലേക്ക് വളരുംവിധം ആയുര്‍വേദത്തില്‍ വികസിച്ചുവരാന്‍ സാധ്യതയുണ്ടായിരുന്ന ശസ്ത്രക്രിയയെ 'കരിച്ചു കളഞ്ഞത്' സവര്‍ണ പ്രത്യയശാസ്ത്രമാണ്. ആയുര്‍വേദത്തിന്റെ ഇന്നത്തെ സാധ്യതക്ക് അത് കടപ്പെട്ടിരിക്കുന്നത്, സവര്‍ണ പ്രത്യയശാസ്ത്രത്തോട് നിരന്തരം എതിരിട്ട ബൗദ്ധ ഇടപെടലുകളോടാണ്. പ്രൊഫസര്‍ വി അരവിന്ദാക്ഷന്‍ ഇക്കാര്യത്തെക്കുറിച്ച് എഴുതിയതിങ്ങനെ:

'വിജ്ഞാന വികാസത്തെ തടസ്സപ്പെടുത്തിയ വലിയൊരു ബാധയായിരുന്നുവോ ഹേതുവിദ്യാ നിരോധനം? നമ്മുടെ ആയുര്‍വേദത്തെ മുരടിപ്പിച്ച പ്രതിബന്ധങ്ങളില്‍ ഒന്നാണത്. മറ്റൊന്ന് 'നിഷിദ്ധകര്‍മ'ത്തോടുള്ള വിരോധമായിരുന്നു. ശവംതൊടുന്നതുതന്നെ നിഷിദ്ധ കര്‍മമായിരുന്നു ബ്രാഹ്മണര്‍ക്ക്. അത് കൈകാര്യം ചെയ്യുന്നവരോ ചണ്ഡാളരായിരുന്നു. ശരീരഘടനയുടെ സൂക്ഷ്മാല്‍ സൂക്ഷ്മമായ വസ്തുതകള്‍ കണ്ടെത്താന്‍ ജീവനില്ലാത്ത ശരീരങ്ങള്‍ കീറിമുറിച്ച് പഠിക്കുകതന്നെ വേണം. അത് നിഷിദ്ധം തന്നെ. ശല്യതന്ത്രത്തിന്റെ ഗതിമുട്ടിപ്പോയത് ബ്രാഹ്മണമേധാവിത്വത്തിന്റെ ദുശ്ശാഠ്യംകൊണ്ടാണ്. രോഗകാരണം അന്വേഷിക്കുന്നതും നിഷിദ്ധം തന്നെ. അതുഹേതുവിദ്യയാണല്ലോ. അതില്‍ വ്യാപരിച്ചവരെ തരംതാഴ്ത്തി പുരോഹിതന്‍ . ഇതെല്ലാം ചേര്‍ന്നപ്പോള്‍ ആയുര്‍വേദം ശുഷ്കിച്ചുപോയി. എന്നിട്ടും വിസ്മയകരമായ നേട്ടങ്ങള്‍ വൈദ്യശാസ്ത്രത്തിലുണ്ടായല്ലോ എന്നാണെങ്കില്‍ , അതിനു നന്ദി പറയേണ്ടത് ബൗദ്ധരോടാണ്.'(സമന്വയവും സംഘര്‍ഷവും).ി

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്