2011 ഡിസംബർ 31 ന് ദേശാഭിമനി ദിനപത്രത്തിൽ വന്ന ലേഖനങ്ങൾ
തിഹാറിലേക്ക് ഇനി ആരൊക്കെ?
എം പ്രശാന്ത്
2011നെ അഴിമതിയുടെ വര്‍ഷമെന്ന് വിശേഷിപ്പിക്കാം. ഒരു കേന്ദ്രമന്ത്രിയും രണ്ട് പ്രമുഖ എംപിയും അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലിലായ വര്‍ഷം. അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് രണ്ട് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടപ്പെട്ടു. ഒരു മുന്‍ കേന്ദ്രമന്ത്രിയെ അഴിമതിക്കേസില്‍ കോടതി ശിക്ഷിച്ചു. അതിലൊരാള്‍ ജയിലിലും പോയി. കേന്ദ്ര ഭരണത്തിലെ പ്രമുഖരും ഉദ്യോഗസ്ഥരും കോര്‍പറേറ്റ് ലോബിയും ചേര്‍ന്നുള്ള കൂട്ടുകെട്ട് രാജ്യത്തെ ഒന്നാകെ വില്‍ക്കുന്ന വിധമാണ് കാര്യങ്ങള്‍ നീക്കിയത്. കേന്ദ്ര ഖജനാവിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തിയ 2ജി സ്പെക്ട്രം അഴിമതി തന്നെയാണ് 2011ലും നിറഞ്ഞുനിന്നത്. ഇടതുപക്ഷപാര്‍ടികളും മറ്റ് പ്രതിപക്ഷപാര്‍ടികളും സ്പെക്ട്രം അഴിമതി പാര്‍ലമെന്റിലും മറ്റും സജീവ ചര്‍ച്ചയാക്കിയതോടെ യുപിഎ സര്‍ക്കാര്‍ പലവട്ടം ആടിയുലഞ്ഞു. ഡിഎംകെ നേതാവ് എ രാജയ്ക്ക് ടെലികോം മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നു. രാജ, കനിമൊഴി തുടങ്ങിയവരെ സംരക്ഷിക്കുന്നതിന് കേന്ദ്രം പരമാവധി ശ്രമിച്ചെങ്കിലും സുപ്രീംകോടതി ശക്തമായി രംഗത്തുവന്നതോടെ സിബിഐ നടപടിയെടുക്കാന്‍ നിര്‍ബന്ധിതമായി. ആദ്യം രാജയും പിന്നീട് കനിമൊഴിയും തീഹാര്‍ ജയിലിലായി. ഇതോടൊപ്പം മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ് ബെഹുവടക്കമുള്ള ഉദ്യോഗസ്ഥ പ്രമുഖരും കോര്‍പറേറ്റ് തലവന്മാരും തിഹാറിലെ അന്തേവാസികളായി. മാസങ്ങളോളം ജയിലില്‍ കഴിഞ്ഞ ശേഷം കനിമൊഴിയും മറ്റ് പ്രതികളും ജാമ്യത്തില്‍ പുറത്തുവന്നെങ്കിലും രാജയും ബെഹുവുമൊക്കെ ഇപ്പോഴും തിഹാറില്‍ തന്നെയാണ്. ആഭ്യന്തരമന്ത്രി പി ചിദംബരത്തിന് സ്പെക്ട്രം ഇടപാടിലുണ്ടായിരുന്ന പങ്ക് മറനീക്കി പുറത്തുവന്നെങ്കിലും സര്‍ക്കാര്‍ സംരക്ഷണവലയം തീര്‍ത്തിരിക്കയാണ്. എന്നാല്‍ , സുപ്രീംകോടതിയും കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയും എങ്ങനെ നീങ്ങുമെന്നതിനെ ആശ്രയിച്ചിരിക്കും ചിദംബരത്തിന്റെ ഭാവി. അതുകൊണ്ട് തന്നെ സ്പെക്ട്രം അഴിമതി 2012ലും പ്രമുഖ വിഷയമായി നിറഞ്ഞുനില്‍ക്കും. കോമണ്‍വെല്‍ത്ത് അഴിമതിയാണ് 2011ല്‍ രാജ്യത്തെ ഞെട്ടിച്ച് പുറത്തുവന്ന മറ്റൊരു വന്‍ക്രമക്കേട്. രാജ്യത്തിന് അഭിമാനമായി മാറേണ്ടിയിരുന്ന കായികമാമാങ്കം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുരേഷ് കല്‍മാഡിയടക്കമുള്ള അഴിമതി വീരന്മാരുടെ കൊള്ളയടിയിലൂടെ നാണക്കേടായി മാറി. ഗെയിംസ് തുടങ്ങുന്നതിന് മുമ്പുതന്നെ അഴിമതിസൂചനകള്‍ വെളിപ്പെട്ടു. പ്രതിപക്ഷപാര്‍ടികള്‍ പാര്‍ലമെന്റില്‍ വിഷയം ശക്തമായി ഉന്നയിച്ചതോടെ സര്‍ക്കാരിന് അന്വേഷണത്തിന് ഉത്തരവിടേണ്ടി വന്നു. ഇതോടെ സുരേഷ് കല്‍മാഡിയടക്കമുള്ളവര്‍ തിഹാര്‍ ജയിയിലിലായി. കോടികളുടെ നഷ്ടമാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് രാജ്യത്തിന് വരുത്തിവച്ചത്. അഴിമതിയില്‍ കുടുങ്ങി രണ്ട് സംസ്ഥാന മുഖ്യമന്ത്രിമാര്‍ പുറത്തുപോയി. മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനും കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയും. ആദര്‍ശ് ഫ്ളാറ്റ് ഇടപാടാണ് ചവാന്റെ കസേര തെറിപ്പിച്ചത്. ഭൂമി ഇടപാട് ഉള്‍പ്പെടെയുള്ള അഴിമതി പരമ്പരകളില്‍ പ്രതിയായതാണ് യെദ്യൂരപ്പയുടെ രാജിക്ക് വഴിയൊരുക്കിയത്. എസ് എം കൃഷ്ണ, വിലാസ്റാവു ദേശ്മുഖ് തുടങ്ങി കേന്ദ്രമന്ത്രിമാരുടെ വലിയൊരു നിര തന്നെ ആരോപണങ്ങളുടെ നിഴലിലാണ്. 2012ലും പല വമ്പന്മാരും പുറത്തേക്ക് പോകുമെന്ന് വ്യക്തം. മുന്‍കേന്ദ്രമന്ത്രി സുഖ്റാമിനെ അഴിമതിക്കേസില്‍ കോടതി ശിക്ഷിച്ചതിനും 2011 സാക്ഷിയായി.
*********************************************************************************************************************************************************
വീണ്ടും ആ കറുത്ത നാളുകള്‍
വി ജയിന്‍
പശ്ചിമബംഗാളിനെ സംബന്ധിച്ച് അടിമുടി മാറ്റങ്ങള്‍ സംഭവിച്ച വര്‍ഷമാണ് കടന്നുപോയത്. ഇക്കാലയളവില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും വലിയ രാഷ്ട്രീയ, സാമൂഹ്യ മാറ്റങ്ങള്‍ക്ക് വിധേയമായ സംസ്ഥാനമാണ് പശ്ചിമബംഗാള്‍ . വര്‍ഷങ്ങളായി നിലനിന്ന ശാന്തമായ ജനജീവിതവും സജീവമായ സമ്പദ്വ്യവസ്ഥയും മൂല്യങ്ങളും അട്ടിമറിക്കപ്പെട്ടു. അക്രമത്തിന്റെയും അരാജകത്വത്തിന്റെയും പഴയ നാളുകള്‍ ബംഗാളിലേക്ക് തിരിച്ചുവരുന്നുവോ എന്ന സംശയം അനുദിനം ശക്തിപ്പെടുകയാണ്. മുപ്പത്തിനാലു വര്‍ഷത്തെ ഇടതുമുന്നണി ഭരണം അവസാനിപ്പിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും സഖ്യമന്ത്രിസഭ രൂപീകരിച്ചത്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പു മുതല്‍തന്നെ ഇടതുപക്ഷത്തിനെതിരെ ശക്തമായ ആക്രമണം പ്രതിലോമ രാഷ്ട്രീയശക്തികളും അവരുടെ പ്രചാരകരായ മാധ്യമങ്ങളും ആരംഭിച്ചിരുന്നു. 2009 മെയ് മുതല്‍ 2011 മെയ് വരെ നാനൂറോളം ഇടതുമുന്നണി പ്രവര്‍ത്തകരെയാണ് തൃണമൂല്‍ കോണ്‍ഗ്രസുകാരും മാവോയിസ്റ്റുകളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. 2011ലെ ആദ്യ അഞ്ച് മാസങ്ങളില്‍ നിരവധി ആക്രമണങ്ങളെ സിപിഐ എം പ്രവര്‍ത്തകര്‍ക്കും മറ്റ് ഇടതു പാര്‍ടി പ്രവര്‍ത്തകര്‍ക്കും നേരിടേണ്ടിവന്നു. സംസ്ഥാനഭരണം മാറുന്നുവെന്ന സൂചന ലഭിച്ചതോടെ സംസ്ഥാനത്താകെ സിപിഐ എം ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ശക്തമായ ആക്രമണം ആരംഭിച്ചു. അത് ഇപ്പോഴും തുടരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിഞ്ഞ 2011 മെയ് 13 മുതല്‍ ഡിസംബര്‍ ഒന്നുവരെ 48 ഇടതുമുന്നണി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. മമത ബാനര്‍ജി അധികാരത്തിലെത്തിയതോടെ സിപിഐ എമ്മിനും ഇടതുപക്ഷത്തിനുമെതിരെ ആക്രമണം നടത്തുന്നവര്‍ക്ക് എല്ലാവിധ സംരക്ഷണവും ലഭിക്കുന്നു. ഇടതുമുന്നണി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നുവെന്നതു മാത്രമല്ല രാഷ്ട്രീയമാറ്റത്തിന്റെ ഫലം. പശ്ചിമബംഗാള്‍ ഇതുവരെ അനുഭവിച്ചിരുന്ന സുരക്ഷ, ശാന്തി, ക്ഷേമസംവിധാനങ്ങള്‍ എല്ലാം തകരുകയാണ്. ഭരണത്തിന്റെ തണലില്‍ പുതിയൊരു ചൂഷകസംഘം വളര്‍ന്നുവരുന്നു. അധോലോകസംഘങ്ങളെയെല്ലാം കൂട്ടിച്ചേര്‍ത്താണ് തൃണമൂല്‍ കോണ്‍ഗ്രസ് വളര്‍ന്നുവന്നത്. അധികാരം കിട്ടിയപ്പോള്‍ ഈ സാമൂഹ്യവിരുദ്ധസംഘങ്ങള്‍ അവരുടെ താല്‍പ്പര്യങ്ങള്‍ക്കായി ജനജീവിതം പന്താടുകയാണ്. ഭൂപരിഷ്കരണത്തിലൂടെ കര്‍ഷകര്‍ക്ക് ലഭിച്ച ഭൂമി ബലമായി പിടിച്ചെടുക്കുക, തൊഴില്‍ ചെയ്യുന്നവരില്‍നിന്ന് പ്രതിമാസം പിഴ ഈടാക്കുക, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നവരില്‍നിന്ന് വന്‍ തുക കോഴ വാങ്ങുക, സൈക്കിള്‍റിക്ഷക്കാരില്‍ നിന്നുപോലും ചട്ടമ്പിഫീസ് പിരിക്കുക തുടങ്ങി ബംഗാളില്‍ കേട്ടുകേള്‍വിയില്ലാതിരുന്ന സാമൂഹ്യവിപത്തുകളാണ് തൃണമൂല്‍ ഭരണത്തില്‍ നടമാടുന്നത്. കാര്‍ഷികമേഖലയില്‍ ഏറ്റവും തിളങ്ങിനിന്ന ബംഗാളില്‍ ഇപ്പോള്‍ കര്‍ഷക ആത്മഹത്യകള്‍ നിത്യസംഭവമായി. സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവിലയ്ക്ക് നെല്ല് സംഭരിക്കാതെ ഇടനിലക്കാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങി കൊള്ളലാഭമെടുക്കാന്‍ അവസരമൊരുക്കുന്നു. കഴിഞ്ഞ വര്‍ഷം ക്വിന്റലിന് 1400 രൂപ വരെ വില കിട്ടിയിരുന്ന നെല്ല് അറുനൂറും എഴുനൂറും രൂപയ്ക്ക് വിറ്റഴിക്കേണ്ട കര്‍ഷകന്റെ മാനസികാവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. മമതാ ഭരണത്തില്‍ ഇതുവരെ 17 കര്‍ഷകര്‍ ആത്മഹത്യചെയ്തു. പശ്ചിമബംഗാളിലെ ജനജീവിതത്തിന്റെ ഏതെങ്കിലും മേഖലയില്‍ സ്വാഗതാര്‍ഹമായ പരിവര്‍ത്തനം സൃഷ്ടിക്കാന്‍ പുതിയ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നത് മമതയുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും സമ്മതിക്കുന്നു. നിയമവാഴ്ചയുടെയും ഭരണസംവിധാനത്തിന്റെയും പരാജയം വിളിച്ചറിയിക്കുന്ന സംഭവങ്ങളും നടന്നു. കൊല്‍ക്കത്ത എഎംആര്‍ഐ ആശുപത്രിയില്‍ തീപിടിത്തത്തിനിടയാക്കിയ സംഭവത്തില്‍ സര്‍ക്കാരിന്റെ വീഴ്ചകള്‍ ഇതിനകം പുറത്തുവന്നുകഴിഞ്ഞു. തീപിടിത്തത്തില്‍ 93 പേര്‍ മരിച്ചു. ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയിലെ മാഗ്രാഹട്ടില്‍ വിഷമദ്യം കഴിച്ച് അവശരായവര്‍ക്ക് യഥാസമയം ചികിത്സ നല്‍കാത്തതുമൂലം 173 പേരാണ് മരിച്ചത്. ജനങ്ങള്‍ക്ക് ആശ്വാസമേകുന്ന ഏതെങ്കിലുമൊരു നടപടി പുതിയ സര്‍ക്കാരില്‍നിന്നുണ്ടായില്ല. വിലക്കയറ്റത്തില്‍ നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തിയില്ല. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ വ്യവസായവല്‍ക്കരണത്തിന് അനുകൂലമായ നിലപാടെടുത്തില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയുണ്ടെന്ന ബോധം അപ്രത്യക്ഷമായി. ഗൂര്‍ഖാലാന്‍ഡ് ടെറിട്ടോറിയല്‍ അഡ്മിനിസ്ട്രേഷന്‍ ബില്‍ , സിംഗൂര്‍ ഭൂമി പുനരധിവാസ വികസന ബില്‍ എന്നിവ മമത സര്‍ക്കാര്‍ പാസാക്കി. പക്ഷേ, രണ്ടും പ്രാവര്‍ത്തികമാക്കാനായില്ല. ഗൂര്‍ഖാലാന്‍ഡ് ബില്ലില്‍ തുടര്‍നടപടികളുണ്ടായില്ല. സിംഗൂര്‍ ബില്ല് നടപ്പാക്കുന്നത് കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടു. മാവോയിസ്റ്റ് പ്രശ്നത്തിന് രാഷ്ട്രീയപരിഹാരം ഉണ്ടാക്കുമെന്നാണ് മമത അവകാശപ്പെട്ടത്. എന്നാല്‍ , ജംഗല്‍മഹലില്‍ സംഘര്‍ഷം വര്‍ധിക്കുകയും മാവോയിസ്റ്റ് നേതാവ് കിഷന്‍ജിയുടെ കൊലപാതകത്തില്‍ കലാശിക്കുകയുംചെയ്തു. മാവോയിസ്റ്റുകളും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ച വഴിമുട്ടി. വിദ്യാഭ്യാസമേഖലയിലെ ജനാധിപത്യസംവിധാനം അട്ടിമറിക്കാന്‍ ബില്ല് കൊണ്ടുവന്നു. പഞ്ചായത്തിരാജ് ഭരണസംവിധാനം അട്ടിമറിക്കപ്പെട്ടു. ഒരു ജനാധിപത്യ സംവിധാനത്തില്‍ വളര്‍ന്നുവികസിക്കേണ്ട ഗ്രാമീണ സമ്പദ്വ്യവസ്ഥ മമതയുടെ ഏകാധിപത്യത്തില്‍ സ്തംഭിച്ചുനില്‍ക്കുന്നു. ഇത് സംസ്ഥാനത്തിന്റെ കാര്‍ഷിക, വ്യാവസായിക മേഖലകളെ പിന്നോട്ടടിക്കുന്നത് സമീപഭാവിയില്‍ കാണേണ്ടിവരും. അശാന്തമായ എഴുപതുകള്‍ക്കുശേഷം പശ്ചിമബംഗാള്‍ കടന്നുപോകുന്ന ഏറ്റവും ഇരുണ്ട കാലഘട്ടമാണിത്. അതിന്റെ തുടക്കമാണ് 2011ല്‍ കണ്ടത്.
*********************************************************************************************************************************************************
അഴിമതിയില്‍ മുങ്ങിത്താണ്
പി വി മനോജ്കുമാര്‍
വേറിട്ട ഭരണമെന്ന മുദ്രാവാക്യവുമായി അധികാരത്തിലേറിയ ബിജെപി സര്‍ക്കാര്‍ ശതകോടികളുടെ അഴിമതിയില്‍പ്പെട്ട് തകരുന്നുവെന്നതാണ് കര്‍ണാടകത്തിലെ കഴിഞ്ഞ ഒരുവര്‍ഷം തെളിയിക്കുന്നത്. 16,085 കോടിയുടെ അനധികൃതഖനനവുമായി ബന്ധപ്പെട്ട് സംസ്ഥാന ബിജെപിയിലെ 'സര്‍വാധികാരി' ബി എസ് യെദ്യൂരപ്പയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്തുനിന്നും പടിയിറങ്ങേണ്ടിവന്നു. പിന്നാലെ കരുത്തരായ റെഡ്ഡി സഹോദരങ്ങള്‍ക്കും സമാനകേസില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നു. ബംഗളൂരു നഗരത്തിലെ ഭൂമി കുംഭകോണക്കേസുകളുമായി ബന്ധപ്പെട്ട് യെദ്യൂരപ്പ രണ്ടര മാസത്തോളം ജയിലിലുമായി. സംസ്ഥാനത്തിന്റെ ജൈവസമ്പത്ത് കൊള്ളയടിച്ച പണം വാരിയെറിഞ്ഞും ഓപ്പറേഷന്‍ കമല വഴിയും എംഎല്‍എമാരെ കൂറുമാറ്റി ഒപ്പം നിര്‍ത്തിയ ബിജെപി ഇപ്പോഴും പ്രതിസന്ധിയിലാണ്. അഴിമതിക്കേസുകളില്‍പ്പെട്ട് ആറ് മന്ത്രിമാര്‍ കോടതികള്‍ കയറിയിറങ്ങുന്നു. അധികാരം നിലനിര്‍ത്തലും സമ്പത്ത് വര്‍ധിപ്പിക്കലിനും മാത്രമായി ഭരണം വിനിയോഗിച്ചപ്പോള്‍ സംസ്ഥാനത്തിന്റെ സാമൂഹ്യ, അടിസ്ഥാന വികസനപ്രശ്നങ്ങള്‍ക്കൊന്നും പരിഹാരം കാണാന്‍ ബിജെപി സര്‍ക്കാരിന് കഴിഞ്ഞില്ല. റെയ്ച്ചൂരിലെ പട്ടിണിമരണവും കോലാര്‍ സ്വര്‍ണഖനി അടച്ചുപൂട്ടിയതിനെത്തുടര്‍ന്ന് മുപ്പതിനായിരത്തോളം കുടുംബങ്ങളുടെ പട്ടിണിയും കോലാറില്‍ തന്നെ അരങ്ങേറുന്ന പ്രാകൃതമായ തോട്ടിപ്പണിയും ഇതിന് ഉദാഹരണം. ലക്ഷക്കണക്കിന് ഏക്കര്‍ കൃഷിഭൂമി വന്‍കിട കുത്തക കമ്പനികള്‍ക്കായി ഏറ്റെടുക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെയുള്ള പ്രതിഷേധം ഇനിയും കെട്ടടങ്ങിയിട്ടില്ല. യെദ്യൂരപ്പയ്ക്കു പുറമെ വന്‍കിട വ്യവസായമന്ത്രി മുരുകേഷ് നിരാനി, ആഭ്യന്തരമന്ത്രി ആര്‍ അശോക്, വനംമന്ത്രി സി പി യോഗേശ്വര്‍ , ഭവനമന്ത്രി വി സോമണ്ണ, മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി എസ് എ രാമദാസ്, മുന്‍മന്ത്രി കൃഷ്ണയ്യഷെട്ടി എന്നിവരാണ് അഴിമതിക്കേസുകളില്‍ നിയമനടപടി നേരിടുന്നത്. ഇവര്‍ക്കുപുറമെ അഞ്ച് ബിജെപി എംഎല്‍എമാരും ഭൂമി കുംഭകോണക്കേസുകളില്‍ പ്രതികളായി. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും അഴിമതി അനസ്യൂതം തുടരുമ്പോഴും ഇതിനെതിരെ നടപടിയെടുക്കേണ്ട ലോകായുക്തയില്‍ നിയമനം നടത്താതെ മരവിപ്പിച്ച് ഇല്ലാതാക്കാനുള്ള നീക്കമാണ് ബിജെപി സര്‍ക്കാര്‍ നടത്തുന്നത്. ജൂലൈയില്‍ ലോകായുക്ത സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റവിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതോടെയാണ് യെദ്യൂരപ്പ രാജിവച്ചത്. ഒരാഴ്ചയിലേറെക്കാലം കേന്ദ്രനേതാക്കളെ മുള്‍മുനയില്‍ നിര്‍ത്തിയാണ് യെദ്യൂരപ്പ പടിയിറങ്ങിയത്. പിന്നാലെ വന്ന ഡി വി സദാനന്ദഗൗഡയ്ക്കാകട്ടെ യെദ്യൂരപ്പയുടെ പ്രതിപുരുഷനായി പ്രവര്‍ത്തിക്കാന്‍ മാത്രമേ കഴിയുന്നുള്ളൂ. ആന്ധ്രയിലെ ഒബല്ലാപുരം ഖനന അഴിമതിക്കേസില്‍ കരുത്തനായ ജനാര്‍ദനറെഡ്ഡി സിബിഐയുടെ പിടിയിലായി. 5,100 കോടിയുടെ അഴിമതിയില്‍ കുടുങ്ങി ജയിലിലാണ് റെഡ്ഡി. ആന്ധ്ര, കര്‍ണാടക അതിര്‍ത്തിയില്‍ വന്‍തോതില്‍ സര്‍ക്കാര്‍ഭൂമിയും കര്‍ഷകരുടെ ഭൂമിയും സ്വന്തമാക്കിയെന്ന പരാതിയില്‍ കേസ് നടക്കുന്നു. റെഡ്ഡി സഹോദരങ്ങളുടെ വിശ്വസ്തനായ ബി ശ്രീരാമലു ബിജെപിയില്‍നിന്ന് രാജിവച്ചതും തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ നാണംകെടുത്തിയതും പോയവര്‍ഷത്തെ കാഴ്ച. ജാമ്യത്തിലിറങ്ങിയശേഷം മുഖ്യമന്ത്രിപദം വീണ്ടെടുക്കാന്‍ യോഗവും പൂജയും നടത്തുന്ന യെദ്യൂരപ്പയുടെ വിമതനീക്കം കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാരിന്റെ അടിത്തറയിളക്കുമെന്ന് ഉറപ്പ്.
*********************************************************************************************************************************************************
സ്വപ്നസാക്ഷാല്‍ക്കാരം
ഏപ്രില്‍ രണ്ട്; കായികപ്രേമികളായ കോടിക്കണക്കിന് ഇന്ത്യക്കാരുടെ സ്വപ്നം സാക്ഷാത്കരിച്ച ദിവസം. ഇരുപത്തിയേഴുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മഹേന്ദ്രസിങ്ങ് ധോണിയും കൂട്ടരും ഇന്ത്യയെ ലോക ക്രിക്കറ്റിന്റെ പുതിയ കിരീടാവകാശിയാക്കി. പോയ വര്‍ഷം ഇന്ത്യന്‍ കായികലോകം നേടിയ വന്‍ നേട്ടമായിരുന്നു അത്. 1983 ല്‍ കപില്‍ദേവിന്റെ ചെകുത്താന്‍ പട ഉയര്‍ത്തിയ കിരീടം ഇന്ത്യയ്ക്ക് പിന്നീട് കിട്ടാക്കനിയായി. ചിലപ്പോള്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ടു. എന്നാല്‍ ഇന്ത്യ ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ മഹേന്ദ്രസിങ്ങ് ധോണിയുടെ നേതൃത്വത്തിലുള്ള ചുണക്കുട്ടികള്‍ കിരീടം കൈവിടാന്‍ ഒരുക്കമല്ലായിരുന്നു. അവര്‍ വെട്ടിപ്പിടിച്ച ലോകചാമ്പ്യന്‍ പട്ടം ഇന്ത്യന്‍ കായികവേദിക്ക് പുത്തന്‍ ഉണര്‍വാണ് നല്‍കിയത്. ആദ്യാവസാനം ആവേശം വിതറിയ ഫൈനലില്‍ എതിരാളിയായ ശ്രീലങ്ക ഉയര്‍ത്തിയ 274 റണ്‍സ് വിജയലക്ഷ്യം നാലുപന്ത് ശേഷിക്കേ ആറുവിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. കളിക്കളത്തിലും പുറത്തും ഒന്നായി നിന്ന ഇന്ത്യയ്ക്ക് കിട്ടിയ വിലമതിക്കാനാകാത്ത സമ്മാനമാണ് ഈ ലോകകപ്പ്. രണ്ടുപതിറ്റാണ്ടായി ഇന്ത്യന്‍ ക്രിക്കറ്റിനുവേണ്ടി ജീവിതം സമര്‍പ്പിച്ച ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് കിരീടം സമര്‍പ്പിക്കാന്‍ കഴിഞ്ഞു എന്നത് ധോണിയുടെയും സംഘത്തിന്റെയും നേട്ടമായി. ആദ്യമായി ഒരു മലയാളി, ശ്രീശാന്ത് ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടു എന്നത് മലയാളിക്കും അഭിമാനിക്കാവുന്ന ഒന്നായി.
************************************************************************************************************************************************
തനിനിറം പുറത്താകുന്നു
ഇന്ത്യക്ക് ഉത്തമമാതൃകയെന്ന് സംഘപരിവാര്‍ കൊട്ടിഘോഷിച്ച ഗുജറാത്ത് ഭരണത്തിന്റെയും ഭാവി പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയ നരേന്ദ്രമോഡിയുടെയും തനിനിറം കൂടുതല്‍ വെളിപ്പെട്ട വര്‍ഷം എന്ന നിലയിലും 2011 പ്രാധാന്യമര്‍ഹിക്കുന്നു. ഇസ്രത് ജഹാനും മലയാളിയായ ജാവേദ് ഷെയ്ഖ് എന്ന പ്രാണേഷ്കുമാര്‍ പിള്ളയും ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) റിപ്പോര്‍ട്ട് പുറത്തുവന്നതാണ് അതില്‍ ഒടുവിലത്തേത്. ഏറ്റുമുട്ടല്‍ നടന്നെന്ന് ഗുജറാത്ത് പൊലീസ് പറയുന്ന 2004 ജൂണ്‍ 15ന് മുമ്പേ നാലുപേരും കൊല്ലപ്പെട്ടിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതികളായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് ഗുജറാത്ത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടത്. വ്യാജ ഏറ്റുമുട്ടലില്‍ നാല് ചെറുപ്പക്കാരെയാണ് പൊലീസ് മേധാവികളായ ക്രിമിനലുകള്‍ വധിച്ചത്. പ്രാണേഷ്കുമാര്‍ മതപരിവര്‍ത്തനം നടത്തി ജാവേദ് ഷെയ്ഖ് എന്ന പേര് സ്വീകരിക്കുകയും മഹാരാഷ്ട്രയിലെ മുസ്ലിം പെണ്‍കുട്ടിയായ ഇസ്രത് ജഹാനുമായി പ്രണയത്തിലായി വിവാഹം കഴിക്കുകയുംചെയ്തു. ഇതാണ് വര്‍ഗീയവാദികളുടെ ശത്രുതയ്ക്കിടയാക്കിയതെന്നാണ് പറയുന്നത്. അംജത് അലി റാണ, സീഷാന്‍ ജോഹര്‍ എന്നീ രണ്ട് ചെറുപ്പക്കാരും ഇവരോടൊപ്പം കൊല്ലപ്പെട്ടു. ഈ നാലുപേരും ലഷ്കര്‍ ഇ തോയ്ബയില്‍പ്പെട്ട ഭീകരരാണെന്നും 2002ലെ വംശഹത്യക്ക് പകരംവീട്ടുകയെന്ന ലക്ഷ്യത്തോടെ നരേന്ദ്രമോഡിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയവരാണെന്നും പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണെന്നുമായിരുന്നു പൊലീസ് ഭാഷ്യം. എന്നാല്‍ വ്യാജ ഏറ്റുമുട്ടലില്‍ വിദഗ്ധനായ ഒരു പൊലീസ് ഓഫീസറുള്‍പ്പെടെയുള്ള പൊലീസുകാര്‍ ഈ കൊലക്കുറ്റത്തിന് ഉത്തരവാദികളാണെന്നാണ് ഹൈക്കോടതി കണ്ടെത്തിയത്. ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് ഒറ്റപ്പെട്ട സംഭവമല്ല. നരേന്ദ്രമോഡി അധികാരമേറ്റശേഷം ഗുജറാത്തില്‍ പത്തൊമ്പതോളം വ്യാജ ഏറ്റുമുട്ടല്‍ കേസാണുണ്ടായത്. സൊഹ്റാബുദീനെയും ഭാര്യ കൗസര്‍ബിയെയും കൊലപ്പെടുത്തിയതാണെന്ന വിവരം ഇതിനുമുമ്പ് പുറത്തുവന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡിന്റെ തലവനായിരുന്ന ഡി ജി വന്‍സാര, അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി കമീഷണറായിരുന്ന അഭയ് ചുദാസമ എന്നിവര്‍ ജയിലിലാണ്. മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ അറിവോടും അനുഗ്രഹത്തോടുംകൂടിയാണ് ഇത്തരം കൊലപാതകങ്ങള്‍ സംസ്ഥാനത്ത് നടമാടിയെന്നത് പകല്‍ പോലെ വ്യക്തമാകുന്നതിനും പോയ വര്‍ഷം സാക്ഷിയായി. ഗുജറാത്ത് വംശഹത്യയില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് നേരിട്ട് പങ്കുണ്ടെന്ന് മൊഴി നല്‍കിയതിന് ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് അറസ്റ്റിലായത് സെപ്തംബര്‍ 30നാണ്. സഹപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയെന്നും തെളിവുകള്‍ നശിപ്പിച്ചെന്നും ആരോപിച്ചാണ് കേസെടുത്തത്. എന്നാല്‍ , മോഡിക്കെതിരെ മൊഴി നല്‍കിയതിനാണ് അറസ്റ്റ് എന്ന് പകല്‍പോലെ വ്യക്തമായിരുന്നു. ഗോധ്ര സംഭവത്തിന് ശേഷം നടന്ന ഉന്നതതല യോഗത്തില്‍ മുസ്ലിങ്ങളെ ഉന്മൂലനംചെയ്യാന്‍ മോഡി നിര്‍ദേശിച്ചതായി സഞ്ജീവ് ഭട്ട് വെളിപ്പെടുത്തിയിരുന്നു. മുസ്ലിങ്ങള്‍ക്കെതിരെ ആക്രമണം നടത്തുന്ന സംഘപരിവാറുകാരെ തടയരുതെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മോഡി നിര്‍ദേശിച്ചിരുന്നെന്ന് സഞ്ജീവ് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഭട്ടിനെ അറസ്റ്റ് ചെയ്തതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്നു.
No comments:
Post a Comment