ഇസ്രയേലിന് അടിയറവ്
ദേശാഭിമാനി മുഖപ്രസംഗം
Posted on: 11-Jan-2012 12:21 AM
അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ സിയോണിസ്റ്റ് ഫാസിസം നടപ്പാക്കുന്ന അക്രമിരാഷ്ട്രമാണ് ഇസ്രയേല്‍ . ലോകമാകെ പ്രതിഷേധിച്ചിട്ടും ആ രാഷ്ട്രം പലസ്തീനികള്‍ക്കുനേരെ നിരന്തരം ആക്രമണം നടത്തുന്നു. ലോകമര്യാദകളും മാനവികതയും മറന്ന് മനുഷ്യക്കുരുതി നടത്തുന്ന ഇസ്രയേലിനെ അറപ്പോടെ അകറ്റിനിര്‍ത്തിയ പാരമ്പര്യമാണ് ഇന്ത്യയുടേത്. ഇന്ത്യ പിന്തുടര്‍ന്ന ചേരിചേരാനയത്തിന്റെ ഉള്ളടക്കം സാമ്രാജ്യവിരോധത്തിന്റേതാണ്. ജവാഹര്‍ലാല്‍ നെഹ്റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും കാലത്ത് ഉയര്‍ത്തിപ്പിടിച്ച ചേരിചേരാനയം ഇന്ത്യക്ക് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ സവിശേഷമായ സ്ഥാനം നല്‍കിയിരുന്നു. നെഹ്റുവിന്റെ കാലത്ത് ഇസ്രയേലുമായി നയതന്ത്രബന്ധം വിച്ഛേദിച്ചു. പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് അവരുടെ നയതന്ത്രപ്രതിനിധികളെ ക്ഷണിച്ചുകൊണ്ടുവരാനും നമ്മുടെ രാജ്യം തയ്യാറായിരുന്നു.
പി വി നരസിംഹറാവുവിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരാണ് 1991ല്‍ ഇസ്രയേലുമായി ഇന്ത്യയെ വീണ്ടും അടുപ്പിച്ചത്. പിന്നീട് എന്‍ഡിഎ ഭരണം വന്നപ്പോള്‍ ബന്ധം കടുത്തു. ഒരു പടികൂടി കടന്ന് മന്‍മോഹന്‍സര്‍ക്കാര്‍ ഇസ്രയേലിനെ ഇന്ത്യയുടെ ഏറ്റവും വലിയ പങ്കാളിരാഷ്ട്രമാക്കി മാറ്റുകയാണ്. സംയുക്ത സൈനികാഭ്യാസവും ഇസ്രയേലിനുവേണ്ടിയുള്ള ഉപഗ്രഹവിക്ഷേപണവും വമ്പന്‍ ആയുധക്കച്ചവടവുമായി ആ ബന്ധം പടര്‍ന്നുപന്തലിക്കുന്നു. ഇസ്രയേലിന്റെ മുഖ്യ ആയുധകയറ്റുമതി കമ്പോളമാണ് ഇന്ന് ഇന്ത്യ. ഇസ്രയേലിന് ഏറ്റവും വലിയ യുദ്ധോപകരണകയറ്റുമതിക്കുള്ള കരാര്‍ നല്‍കിയത് മന്‍മോഹന്‍സര്‍ക്കാരാണ്. അമേരിക്കയില്‍നിന്നും അതിന്റെ ശിങ്കിടിയായ ഇസ്രയേലില്‍നിന്നും മാത്രമാണ് ഇന്ത്യ ആയുധം വാങ്ങുന്നത്. ഇറാന്റെ പ്രകൃതിവാതക പൈപ്പുലൈന്‍ പദ്ധതി നിഷ്കരുണം ഉപേക്ഷിച്ച് വന്‍ ചെലവുവരുന്ന അമേരിക്കന്‍ ആണവകരാറിനെ അഭയംപ്രാപിച്ചതുപോലെയാണ്, ആയുധം വാങ്ങാനുള്ള ചെലവുകുറഞ്ഞ സാധ്യതകള്‍ ആരായാതെ ഇസ്രയേലിനെ ആശ്രയിക്കുന്നത്. അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയായി ഇന്ത്യയെ അധഃപതിപ്പിച്ചതിന്റെ തുടര്‍ച്ചയാണിത്. ഇന്ന് ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട ഇസ്രയേലിന്റെ പങ്കാളിയായി അമേരിക്കന്‍ സാമ്രാജ്യത്വം ഇന്ത്യയെ അക്ഷരാര്‍ഥത്തില്‍ അധഃപതിപ്പിച്ചിരിക്കുന്നു. ഇന്ത്യയുമായി നടത്തുന്ന ലാഭക്കച്ചവടങ്ങളിലൂടെ ലഭിക്കുന്ന പണമാണ് പലസ്തീനിലെ അമ്മമാരെയും കുഞ്ഞുങ്ങളെയും കൊന്നൊടുക്കാന്‍ ഇസ്രയേല്‍ ഉപയോഗിക്കുന്നത് എന്നതുപോലും യുപിഎ സര്‍ക്കാര്‍ മറന്നുപോകുന്നു. ഇന്ത്യ-ഇസ്രയേല്‍ നയതന്ത്രബന്ധം തുടങ്ങിയതിന്റെ 20-ാംവാര്‍ഷികത്തില്‍ വിദേശമന്ത്രി എസ് എം കൃഷ്ണയെ ഇസ്രയേലിലേക്ക് അയക്കാനാണ് യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചത്. ആ തീരുമാനംതന്നെ ഇന്ത്യ പലസ്തീന്‍വിരുദ്ധ ചേരിയില്‍ കൂടുതല്‍ സജീവമാകാന്‍ പോകുന്നതിന്റെ സൂചനയാണ്. കൃഷ്ണയുടെ ദ്വിദിന സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യന്‍ സ്ഥാനപതി നവ്തേജ് സര്‍ന നടത്തിയ പ്രഖ്യാപനം ഗൗരവമുള്ളതാണ്. ഇസ്രയേല്‍ ഇന്ത്യയുടെ "സുപ്രധാന പങ്കാളി"യായി മാറുകയാണെന്ന് സര്‍ന പറയുന്നു. കൂടുതല്‍ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കുമെന്നും നിലവിലുള്ള സഹകരണം ദൃഢമാക്കുമെന്നും സ്ഥാനപതി കൂട്ടിച്ചേര്‍ക്കുന്നു. പുതിയ വര്‍ഷത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന വിദേശ നയത്തിന്റെ സൂചനയാണ് ഇത് എന്നതില്‍ തര്‍ക്കമില്ല. ഒരുവശത്ത്, പശ്ചിമേഷ്യയുടെ സമാധാനത്തിനായി ഇന്ത്യ ജാഗ്രതപാലിക്കുമെന്ന് രാഷ്ട്രപതി ഉറപ്പുനല്‍കുമ്പോഴാണ്, പശ്ചിമേഷ്യന്‍ സമാധാനത്തിന്റെ ഏറ്റവും വലിയ വിപത്തായ ഇസ്രയേലിനെ ഗാഢം പുണരാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറാകുന്നത്. രാജ്യത്തിന്റെ വിദേശനയത്തെയും മാനവികതയിലൂന്നിയ നിലപാടുകളെയും സാമ്രാജ്യവിരുദ്ധപാരമ്പര്യത്തെയും പരിപൂര്‍ണമായി മലിനപ്പെടുത്തുന്ന മന്‍മോഹന്‍ഭരണം അമേരിക്കയുടെ ഇംഗിതമാണ് നടപ്പാക്കുന്നത്.
സ്വതന്ത്രരാഷ്ട്രമെന്ന പലസ്തീന്റെ ദീര്‍ഘകാലമായുള്ള ആവശ്യം ഇതുവരെ അംഗീകരിക്കാന്‍ ഇസ്രയേല്‍ തയ്യാറായിട്ടില്ല. പലസ്തീന്റെ അധീനതയിലുള്ള പ്രദേശങ്ങള്‍ കൂടുതല്‍ കൂടുതല്‍ കൈയേറുന്നു; ജനങ്ങളെ കൊന്നൊടുക്കുന്നു. ഇസ്രയേലിനെ മേഖലയിലെ സമാധാനം തകര്‍ക്കുന്ന രാജ്യമായാണ് അമേരിക്കയോടടുപ്പമുള്ള ചില യൂറോപ്യന്‍ രാഷ്ട്രങ്ങള്‍പോലും കണക്കാക്കുന്നത്. എന്നിട്ടും ഇന്ത്യ മറ്റൊരു വഴിക്കാണ്. പരസ്പരസഹകരണത്തിന്റെ അളവുകൂട്ടുന്ന വിഷയങ്ങളിലൊന്ന്, "ഭീകരതയ്ക്കെതിരായ യുദ്ധ"മാണെന്ന് സ്ഥാനപതി വ്യക്തമാക്കിയിട്ടുണ്ട്. പലസ്തീനില്‍ തങ്ങള്‍ നടത്തുന്നത് ഭീകരതയ്ക്കെതിരായ യുദ്ധമാണെന്ന് ഇസ്രയേല്‍ അവകാശപ്പെടുന്നു. ആ "യുദ്ധ"ത്തില്‍ ഇന്ത്യയും പങ്കാളിയാവുകയാണോ? മഹത്തായ ചേരിചേരാ നയത്തെ കുഴിച്ചുമൂടി അമേരിക്കയുടെയും ഇസ്രയേലിന്റെയും ചൊല്‍പ്പടിക്ക് നില്‍ക്കുന്ന വിധേയരാജ്യമായി ഇന്ത്യയെ മാറ്റുന്നതിന്റെ ചേതോവികാരമെന്തെന്ന് ജനങ്ങളോട് പറയാനുള്ള കുറഞ്ഞ ബാധ്യതയെങ്കിലും യുപിഎ നേതൃത്വത്തിനുണ്ട്. സര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസിനും സര്‍ക്കാരില്‍ പങ്കാളിയായി അധികാരം നുണയുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിനും ആ ബാധ്യതയുണ്ട്. പലസ്തീനികളുടെ കൂട്ടക്കുരുതിക്ക് ഇസ്രയേലിന് പിന്തുണ നല്‍കുകയാണ് യുപിഎ സര്‍ക്കാര്‍ എന്ന യാഥാര്‍ഥ്യം മൂടിവയ്ക്കാനാകില്ലതന്നെ. ഇസ്രയേലിന് അനുകൂലമായി ഇന്ത്യയെ അധഃപതിപ്പിക്കുമ്പോള്‍ യുപിഎ സര്‍ക്കാര്‍ , നമ്മുടെ രാജ്യത്തിന്റെ ആത്മാഭിമാനത്തിനുനേരെയാണ് ആക്രമണം നടത്തുന്നത്. ഈ ലജ്ജാശൂന്യമായ നടപടിക്കെതിരെ അതിശക്തമായ ജനകീയപ്രതിഷേധം വളര്‍ന്നുവരേണ്ടിയിരിക്കുന്നു.
No comments:
Post a Comment